ഇന്നത്തെ കാഹളനാദങ്ങൾ നിങ്ങൾ കേൾക്കുന്നുണ്ടോ?
ഈ “അവസാനകാലത്ത്” യഹോവ തന്റെ ജനത്തെ ആത്മീയമായി പരിപാലിക്കുകയും ശരിയായ വഴിയിലൂടെ നടത്തുകയും ചെയ്യുന്നെന്നു നമ്മൾ എല്ലാവരും വിശ്വസിക്കുന്നു. (2 തിമൊ. 3:1) പക്ഷേ, യഹോവയുടെ നിർദേശങ്ങൾ അനുസരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്. ഒരു അർഥത്തിൽ വിജനഭൂമിയിലായിരുന്ന ഇസ്രായേല്യരെപ്പോലെയാണ് നമ്മൾ എന്നു പറയാം. കാഹളനാദം കേൾക്കുമ്പോൾ അവർ അതനുസരിച്ച് പ്രവർത്തിക്കണമായിരുന്നു.
“സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയമഴിച്ച് പുറപ്പെടാനുള്ള അറിയിപ്പു നൽകാനും” അടിച്ചുപരത്തിയ വെള്ളികൊണ്ട് രണ്ടു കാഹളങ്ങൾ ഉണ്ടാക്കാൻ യഹോവ മോശയോടു പറഞ്ഞു. (സംഖ്യ 10:2) വ്യത്യസ്തസന്ദർഭങ്ങളിൽ ആളുകൾ എന്താണു ചെയ്യേണ്ടതെന്നു സൂചിപ്പിക്കാൻ പുരോഹിതന്മാർ കാഹളങ്ങൾ വ്യത്യസ്തതരത്തിൽ ഊതണമായിരുന്നു. (സംഖ്യ 10:3-8) ഇന്നു ദൈവജനത്തിനു വ്യത്യസ്തവിധങ്ങളിൽ നിർദേശം ലഭിക്കുന്നുണ്ട്. നമുക്ക് അതിൽ മൂന്നു വിധങ്ങൾ നോക്കാം. പുരാതനകാലത്തെ കാഹളനാദങ്ങളുമായി നമുക്ക് അവയെ താരതമ്യം ചെയ്യാം. ഏതൊക്കെയാണ് അവ? (1) വലിയ കൂടിവരവുകൾക്കായി ദൈവജനത്തെ ക്ഷണിക്കുന്നു, (2) നിയമിതപുരുഷന്മാർക്കു പരിശീലനം കിട്ടുന്നു, (3) എല്ലാ സഭകൾക്കുമുള്ള ദിവ്യാധിപത്യ ക്രമീകരണങ്ങൾ പരിഷ്കരിക്കുകയോ അവയ്ക്കു മാറ്റം വരുത്തുകയോ ചെയ്യുന്നു.
വലിയ കൂടിവരവുകൾക്കായി ക്ഷണിക്കുമ്പോൾ
“സമൂഹം മുഴുവൻ” വിശുദ്ധകൂടാരത്തിന്റെ കിഴക്കുവശത്തെ വാതിൽക്കൽ ഒരുമിച്ചുകൂടാൻ യഹോവ ആവശ്യപ്പെടുമ്പോൾ പുരോഹിതന്മാർ രണ്ടു കാഹളങ്ങളും ഊതുമായിരുന്നു. (സംഖ്യ 10:3) വിശുദ്ധകൂടാരത്തിനു ചുറ്റും നാലു വിഭാഗങ്ങളായി പാളയമടിച്ചിരിക്കുന്ന എല്ലാ ഗോത്രങ്ങളും ആ ശബ്ദം കേൾക്കുകയും വാതിൽക്കൽ കൂടിവരുകയും ചെയ്യും. അടുത്ത് പാളയമടിച്ചിട്ടുള്ളവർക്ക് അവിടെ എളുപ്പം എത്തിച്ചേരാൻ കഴിയുമായിരുന്നു. മറ്റുള്ളവർ താരതമ്യേന അകലെയായിരുന്നു. അവർക്ക് എത്തിച്ചേരുന്നതിനു കൂടുതൽ സമയവും ശ്രമവും വേണ്ടിവരുമായിരുന്നു. എങ്ങനെയായാലും എല്ലാവരും ഒരുമിച്ച് കൂടിവന്ന് തന്റെ നിർദേശങ്ങൾ കേൾക്കണമെന്ന് യഹോവ ആഗ്രഹിച്ചു.
ഇന്നു നമ്മൾ ഒരു വിശുദ്ധകൂടാരത്തിൽ കൂടിവരുന്നില്ല. എങ്കിലും ഇപ്പോഴും ദൈവജനത്തെ വ്യത്യസ്തകൂടിവരവുകൾക്കായി ക്ഷണിക്കുന്നുണ്ട്. ഇതിൽ മേഖലാകൺവെൻഷനുകളും മറ്റു പ്രത്യേക കൂടിവരവുകളും ഉൾപ്പെടുന്നു. അവിടെ നമുക്കു പ്രധാനപ്പെട്ട വിവരങ്ങളും നിർദേശങ്ങളും ഒക്കെ ലഭിക്കുന്നു. ലോകത്ത് എല്ലായിടത്തുമുള്ള യഹോവയുടെ ജനം ഒരേ പരിപാടിയാണ് ആസ്വദിക്കുന്നത്. അതുകൊണ്ട് കൂടിവരാനുള്ള ക്ഷണം സ്വീകരിക്കുന്ന എല്ലാവരും സന്തോഷമുള്ള വലിയൊരു കൂട്ടത്തിന്റെ ഭാഗമാണ്. ചിലർക്കു മറ്റുള്ളവരെക്കാൾ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടിവരാറുണ്ട്. എങ്കിലും ക്ഷണം സ്വീകരിച്ച് വരുന്നവർ തങ്ങൾ ചെയ്ത ശ്രമങ്ങൾക്കു പൂർണപ്രയോജനം കിട്ടിയെന്നു തറപ്പിച്ച് പറയും.
വലിയ കൂടിവരവുകൾ നടക്കുന്നിടത്ത് എത്തിപ്പെടാൻ കഴിയാത്തത്ര ദൂരെയുള്ള ഒറ്റപ്പെട്ട കൂട്ടങ്ങളുടെ കാര്യമോ? ആധുനിക സാങ്കേതികവിദ്യയുടെ സഹായമുള്ളതുകൊണ്ട് അങ്ങനെയുള്ളവർക്കും അതേ പരിപാടിതന്നെ ആസ്വദിക്കാൻ കഴിയുന്നു, ആ വലിയ കൂട്ടത്തിന്റെ ഭാഗമായതായി അനുഭവപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന്, നൈജർ എന്ന രാജ്യത്തെ, സഹാറ മരുഭൂമിയിലെ ഒരു ഖനനപ്രദേശമായ ആർലിറ്റിൽ നടന്ന ഒരു സംഭവം നോക്കാം. ഒരു ലോകാസ്ഥാനപ്രതിനിധിയുടെ സന്ദർശനസമയത്തെ ഒരു പരിപാടി ബെനിൻ ബ്രാഞ്ച് അവിടേക്കു പ്രക്ഷേപണം ചെയ്തു. സഹോദരങ്ങളും താത്പര്യക്കാരും ഉൾപ്പെടെ 21 പേർ കൂടിവന്നു. അവർ ദൂരെയായിരുന്നെങ്കിലും പരിപാടിക്കായി കൂടിവന്ന 44,131 പേരുടെ ഭാഗമാണു തങ്ങളെന്ന് അവർക്കു തോന്നി. ഒരു സഹോദരൻ ഇങ്ങനെ എഴുതി: “ഈ പരിപാടി പ്രക്ഷേപണം ചെയ്തതിനു ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെക്കുറിച്ച് നിങ്ങൾക്ക് എത്രത്തോളം ചിന്തയുണ്ടെന്ന് ഒരിക്കൽക്കൂടി ബോധ്യമായി.”
പരിശീലനത്തിനായി മൂപ്പന്മാരെ ക്ഷണിക്കുമ്പോൾ
ഇസ്രായേലിലെ പുരോഹിതന്മാർ ഒരു കാഹളം മാത്രമാണ് ഊതിയിരുന്നതെങ്കിൽ “സഹസ്രങ്ങൾക്ക് അധിപന്മാരായ തലവന്മാർ മാത്രം” സാന്നിധ്യകൂടാരത്തിന് അടുത്ത് കൂടിവരണമായിരുന്നു. (സംഖ്യ 10:4) അവിടെവെച്ച് മോശ അവർക്കു നിർദേശങ്ങളും പരിശീലനവും കൊടുത്തിരുന്നു. തങ്ങളുടെ ഗോത്രങ്ങളിലെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ അത് അവരെ സഹായിച്ചു. നിങ്ങൾ ആ തലവന്മാരിൽ ഒരാളായിരുന്നെങ്കിൽ ആ യോഗത്തിനു കൂടിവരാനും അതിൽനിന്ന് പൂർണപ്രയോജനം നേടാനും പരമാവധി ശ്രമിക്കില്ലായിരുന്നോ?
ഇന്നു സഭയിലെ മൂപ്പന്മാർ ‘തലവന്മാരല്ല.’ തങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻപറ്റത്തിനു മേൽ അവർ ആധിപത്യം നടത്തുന്നുമില്ല. (1 പത്രോ. 5:1-3) പക്ഷേ ഏറ്റവും നന്നായി ആട്ടിൻപറ്റത്തെ മേയിക്കാൻ അവർ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. അതുകൊണ്ട് അവരെ രാജ്യശുശ്രൂഷാസ്കൂൾ പോലെയുള്ള കൂടുതൽ പരിശീലനത്തിനു ക്ഷണിക്കുമ്പോൾ അവർ സന്തോഷത്തോടെ അതു സ്വീകരിക്കുന്നു. സഭാകാര്യങ്ങൾ എങ്ങനെ നന്നായി ചെയ്യാമെന്ന് ഈ പരിശീലനപരിപാടികളിൽനിന്ന് അവർ പഠിക്കുന്നു. ഈ പരിശീലനം മൂപ്പന്മാരുടെ മാത്രമല്ല, സഭയിലുള്ള എല്ലാവരുടെയും ആത്മീയത ശക്തിപ്പെടുത്താൻ സഹായിക്കും. നിങ്ങൾ ഇങ്ങനെയുള്ള സ്കൂളുകളിൽ പങ്കെടുത്തിട്ടില്ലെങ്കിലും പങ്കെടുത്തിട്ടുള്ളവർ സഭയ്ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളിൽനിന്ന് നിങ്ങൾക്കു പ്രയോജനം കിട്ടുന്നുണ്ടായിരിക്കും.
മാറ്റങ്ങളുടെ അറിയിപ്പു വരുമ്പോൾ
ചിലപ്പോൾ പുരോഹിതന്മാർ ശബ്ദവ്യതിയാനം വരുത്തി കാഹളം മുഴക്കിയിരുന്നു. പാളയം മുഴുവൻ മറ്റൊരിടത്തേക്കു മാറാൻ യഹോവ നിശ്ചയിക്കുമ്പോഴായിരുന്നു അത്. (സംഖ്യ 10:5, 6) പാളയം മുഴുവൻ സംഘടിതമായി നീങ്ങുന്നത് അത്ഭുതകരമായ ഒരു കാഴ്ചതന്നെയായിരുന്നു. പക്ഷേ ജനത്തിന് അത് അത്ര എളുപ്പമായിരുന്നില്ല, ഓരോരുത്തരുടെയും ഭാഗത്ത് നല്ല ശ്രമം വേണ്ടിവന്നു. ചിലർക്കു മറ്റൊരിടത്തേക്കു മാറാൻ ചിലപ്പോൾ മടി തോന്നിക്കാണും. എന്തുകൊണ്ട്?
പാളയം നീക്കാൻ കൂടെക്കൂടെ ആവശ്യപ്പെടുന്നെന്നോ അല്ലെങ്കിൽ തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് നീങ്ങാൻ ആവശ്യപ്പെടുന്നതെന്നോ ഒക്കെ ചിലർക്കു തോന്നിക്കാണും. ഒരു സ്ഥലത്ത് പാളയമടിച്ചാൽ “ചിലപ്പോൾ, മേഘം വൈകുന്നേരം മുതൽ രാവിലെ വരെ മാത്രം (അവിടെ) നിൽക്കും.” എന്നാൽ മറ്റു ചിലപ്പോൾ അതു “രണ്ടു ദിവസമോ ഒരു മാസമോ അതിലേറെ കാലമോ” നീളും. (സംഖ്യ 9:21, 22) ഇങ്ങനെ എത്ര സ്ഥലത്ത് ജനം മാറിമാറി പാളയമടിച്ചു? ഇസ്രായേല്യർ പാളയമടിച്ച 40 സ്ഥലങ്ങളെക്കുറിച്ച് സംഖ്യ 33-ാം അധ്യായം പറയുന്നുണ്ട്.
ചിലപ്പോൾ ഇസ്രായേല്യർ നല്ല തണലുള്ള സ്ഥലത്താണു പാളയമടിച്ചിരുന്നത്. ‘വലുതും ഭയാനകവും ആയ വിജനഭൂമിയിൽ’ അങ്ങനെയൊരു സ്ഥലത്തായിരിക്കുന്നത് അവർക്കു സന്തോഷമായിരുന്നു. (ആവ. 1:19) അവിടെനിന്ന് മാറിയാൽ അതുപോലെ തണലുള്ള സ്ഥലം കിട്ടാൻ സാധ്യതയില്ല എന്നു ചിലർ ചിന്തിച്ചുകാണുമോ?
ഇനി, ഊഴമനുസരിച്ചാണ് ഗോത്രങ്ങൾ നീങ്ങിയിരുന്നത്. തങ്ങളുടെ ഊഴം വരുന്നതുവരെ കാത്തിരിക്കുന്നതു ചില ഗോത്രങ്ങളിൽപ്പെട്ടവർക്കു ബുദ്ധിമുട്ടായി തോന്നിക്കാണും. ശബ്ദവ്യതിയാനം വരുത്തി കാഹളം മുഴക്കുന്നത് എല്ലാ ഗോത്രങ്ങളും കേൾക്കും. പക്ഷേ എല്ലാവർക്കും ഒരേ സമയത്ത് പുറപ്പെടാൻ കഴിയില്ലായിരുന്നു. ആദ്യത്തെ പ്രാവശ്യം ശബ്ദവ്യതിയാനം വരുത്തി കാഹളം മുഴക്കുമ്പോൾ കിഴക്ക് പാളയമടിച്ചിരുന്ന യഹൂദ, യിസ്സാഖാർ, സെബുലൂൻ എന്നീ ഗോത്രങ്ങൾ പുറപ്പെടും. (സംഖ്യ 2:3-7; 10:5, 6) അവർ പോയിക്കഴിയുമ്പോൾ തെക്ക് പാളയമടിച്ചിരുന്ന മൂന്നുഗോത്രവിഭാഗത്തിനു പോകാൻ സമയമായി എന്നു സൂചിപ്പിച്ചുകൊണ്ട് പുരോഹിതന്മാർ രണ്ടാമതും കാഹളം മുഴക്കും. പാളയം മുഴുവൻ പുറപ്പെടുന്നതുവരെ പുരോഹിതന്മാർ ഇങ്ങനെ ചെയ്തിരുന്നു.
സംഘടന വരുത്തുന്ന ചില മാറ്റങ്ങൾ ഉൾക്കൊള്ളാൻ ചിലപ്പോൾ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടാകും. അപ്രതീക്ഷിതമായ പലപല മാറ്റങ്ങൾ വന്നതു കണ്ടപ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ ഉത്കണ്ഠ തോന്നിക്കാണും. അല്ലെങ്കിൽ നേരത്തെയുണ്ടായിരുന്ന ചില രീതികൾ നിങ്ങൾക്ക് ഇഷ്ടമായിരുന്നു, അതു മാറാൻ നിങ്ങൾ ആഗ്രഹിച്ചിരുന്നുമില്ല. നമുക്കു ബുദ്ധിമുട്ടു തോന്നുന്നതിന്റെ കാരണം എന്തുതന്നെയായാലും, ആ മാറ്റവുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തേക്കാം. അതു നമ്മുടെ ക്ഷമയെ പരീക്ഷിക്കുകയും ചെയ്യും. പക്ഷേ നമ്മൾ ആ മാറ്റവുമായി പൊരുത്തപ്പെടുമ്പോൾ ആ മാറ്റം നല്ലതാണെന്നു നമുക്കു മനസ്സിലാകും. യഹോവ നമ്മളെ അനുഗ്രഹിക്കുകയും ചെയ്യും.
മോശയുടെ കാലത്ത് യഹോവ ലക്ഷക്കണക്കിനു പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വിജനഭൂമിയിലൂടെ വഴിനയിച്ചു. യഹോവയുടെ കരുതലും മാർഗനിർദേശവും ഇല്ലായിരുന്നെങ്കിൽ അവർ അതിജീവിക്കുമായിരുന്നില്ല. ഇന്ന് നമ്മൾ ആത്മീയമായി പിടിച്ചുനിൽക്കുന്നത് യഹോവ വഴി നയിക്കുന്നതുകൊണ്ടാണ്, വാസ്തവത്തിൽ നമ്മൾ തഴച്ചുവളരുകയാണ്. പുരാതനകാലത്തെ ഇസ്രായേല്യർ വ്യത്യസ്തതരത്തിലുള്ള കാഹളനാദങ്ങളോട് അനുകൂലമായി പ്രതികരിച്ചു. നമുക്കും അവരെപ്പോലെയായിരിക്കാൻ ഉറച്ച തീരുമാനമെടുക്കാം.