വിശ്വാസവും ദൈവഭയവും നമ്മെ ധൈര്യശാലികളാക്കുന്നു
“നിന്റെ ദൈവമായ യഹോവ . . . നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക.”—യോശുവ 1:9.
1, 2. (എ) മാനുഷിക വീക്ഷണത്തിൽ, ഇസ്രായേല്യർ കനാന്യരെ പരാജയപ്പെടുത്താനുള്ള സാധ്യത എത്രമാത്രമായിരുന്നു? (ബി) യോശുവയ്ക്ക് യഹോവ എന്ത് ഉറപ്പു നൽകി?
ഇസ്രായേൽ ജനത പൊ.യു.മു. 1473-ൽ വാഗ്ദത്തദേശത്തു പ്രവേശിക്കാൻ തയ്യാറെടുക്കുകയായിരുന്നു. തൊട്ടുമുമ്പാകെയുള്ള വെല്ലുവിളികൾ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് മോശെ അവരോട് ഇങ്ങനെ പറഞ്ഞു: “നീ ഇന്നു യോർദ്ദാൻ കടന്നു നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയർന്ന മതിലുള്ള വലിയ പട്ടണങ്ങളെയും വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാൻ പോകുന്നു; . . . അനാക്യരുടെ മുമ്പാകെ നില്ക്കാകുന്നവൻ ആർ എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു.” (ആവർത്തനപുസ്തകം 9:1, 2) അതികായന്മാരായ അനാക്യർ കേൾവികേട്ട പോരാളികളായിരുന്നു എന്നതിനു സംശയമില്ല. കൂടാതെ, ചില കനാന്യ ജനതകൾക്ക് പടക്കുതിരകളും ചക്രങ്ങളിൽ അരിവാൾ ഘടിപ്പിച്ച രഥങ്ങളും ഉൾപ്പെടെയുള്ള സുസജ്ജമായ സൈന്യവും ഉണ്ടായിരുന്നു.—ന്യായാധിപന്മാർ 4:13.
2 എന്നാൽ ഇസ്രായേല്യരാകട്ടെ, ഏറെക്കാലം അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഒരു ജനതയായിരുന്നു. ഒടുവിൽ സ്വതന്ത്രരായ അവർ 40 വർഷം മരുഭൂമിയിൽ ചെലവഴിച്ചു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ കനാന്യരെ പരാജയപ്പെടുത്താൻ അവർക്ക് എന്തെങ്കിലും സാധ്യതയുള്ളതായി കാണപ്പെട്ടില്ല. എന്നാൽ അക്കാര്യത്തിൽ മോശെക്കു തെല്ലും സംശയമില്ലായിരുന്നു. യഹോവ ഇസ്രായേല്യരെ നയിക്കുന്നത് വിശ്വാസക്കണ്ണാൽ അവൻ ‘കണ്ടിരുന്നു.’ (എബ്രായർ 11:27) അവൻ ജനത്തോട് ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവ . . . നിനക്കു മുമ്പിൽ കടന്നുപോകുന്നു. . . . അവൻ അവരെ നശിപ്പിക്കയും നിന്റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും.” (ആവർത്തനപുസ്തകം 9:3; സങ്കീർത്തനം 33:16, 17) മോശെയുടെ മരണശേഷം തന്റെ പിന്തുണ ഉറപ്പുനൽകിക്കൊണ്ട്, യഹോവ യോശുവയോട് ഇങ്ങനെ പറഞ്ഞു: “നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാന്നക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ. നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്ക്കുകയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും.”—യോശുവ 1:2, 5.
3. വിശ്വാസവും ധൈര്യവും ഉള്ളവനായിരിക്കാൻ യോശുവയെ സഹായിച്ചത് എന്ത്?
3 യഹോവയുടെ പിന്തുണയും മാർഗനിർദേശവും ലഭിക്കാൻ യോശുവ ന്യായപ്രമാണം വായിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും അതു ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യേണ്ടിയിരുന്നു. യഹോവ അവനോടു പറഞ്ഞു: “എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.” (യോശുവ 1:8, 9) യഹോവയ്ക്കു ചെവികൊടുത്തതിനാൽ യോശുവ ഉറപ്പും ധൈര്യവുമുള്ളവനായി നിലകൊണ്ടു, അവൻ വിജയംവരിക്കുകയും ചെയ്തു. എന്നാൽ അവന്റെ സമകാലീനരിൽ അധികപങ്കും ദൈവത്തെ ശ്രദ്ധിച്ചില്ല. അവരുടെ ജീവിതം ഒരു പരാജയമായിരുന്നു, അവരെല്ലാം മരുഭൂമിയിൽ മരിച്ചുവീണു.
വിശ്വാസമില്ലാഞ്ഞതിനാൽ ധൈര്യം നഷ്ടപ്പെട്ട ജനം
4, 5. (എ) പത്ത് ഒറ്റുകാരുടെ മനോഭാവം യോശുവയുടെയും കാലേബിന്റേതിൽനിന്നും വ്യത്യസ്തമായിരുന്നത് എങ്ങനെ? (ബി) ജനം അവിശ്വാസം പ്രകടമാക്കിയപ്പോൾ യഹോവയുടെ പ്രതികരണം എന്തായിരുന്നു?
4 നാൽപ്പതു വർഷംമുമ്പ് ഇസ്രായേല്യർ കനാൻ ദേശത്തിനടുത്ത് എത്തിയപ്പോൾ ആ ദേശം ഒറ്റുനോക്കാൻ മോശെ 12 പുരുഷന്മാരെ അയയ്ക്കുകയുണ്ടായി. അതിൽ പത്തുപേർ ഭയന്നുവിറച്ചു തിരിച്ചെത്തി. അവർ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ; അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി.” അവർ പറഞ്ഞതുപോലെ “ജനം ഒക്കെയും,” അനാക്യരല്ലാത്തവരും, അതികായന്മാർ ആയിരുന്നോ? ആയിരുന്നില്ല. കൂടാതെ, അനാക്യർ ജലപ്രളയത്തിനുമുമ്പുണ്ടായിരുന്ന നെഫിലിമുകളുടെ വംശത്തിൽപ്പെട്ടവരായിരുന്നോ? തീർച്ചയായുമല്ല! എന്നിട്ടും, വളച്ചൊടിച്ച അത്തരം പ്രസ്താവനകൾ ജനത്തിനിടയിൽ ഭയം പടർന്നുപിടിക്കാൻ ഇടയാക്കി. അടിമവേല ചെയ്തിരുന്ന ഈജിപ്തിലേക്കു തിരിച്ചുപോകാൻപോലും അവർ വാഞ്ഛിച്ചു!—സംഖ്യാപുസ്തകം 13:31–14:4.
5 ഒറ്റുകാരിൽപ്പെട്ട യോശുവയ്ക്കും കാലേബിനും പക്ഷേ, വാഗ്ദത്തദേശത്തു പ്രവേശിക്കാൻ ആവേശമായിരുന്നു. “[കനാന്യർ] നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുത്,” അവർ പറഞ്ഞു. (സംഖ്യാപുസ്തകം 14:9) യോശുവയുടെയും കാലേബിന്റെയും ശുഭാപ്തിവിശ്വാസം അടിസ്ഥാനരഹിതമായിരുന്നോ? ഒരിക്കലുമല്ല! പ്രബലശക്തിയായിരുന്ന ഈജിപ്തിനും അവിടത്തെ ദൈവങ്ങൾക്കും യഹോവ പത്തു ബാധകളിലൂടെ തിരിച്ചടി നൽകിയ രംഗങ്ങൾ ശേഷംജനത്തോടൊപ്പം അവർ കണ്ടതാണ്. തുടർന്ന് ‘ഫറവോനെയും സൈന്യത്തെയും അവൻ ചെങ്കടലിൽ തള്ളിയിട്ടപ്പോഴും’ അവർ ദൃക്സാക്ഷികളായിരുന്നു. (സങ്കീർത്തനം 136:15) വ്യക്തമായും, ആ പത്ത് ഒറ്റുകാരും അവരുടെ വാക്കുകളാൽ സ്വാധീനിക്കപ്പെട്ടവരും പ്രകടിപ്പിച്ച ഭയത്തിനു യാതൊരു ന്യായീകരണവുമില്ലായിരുന്നു. “ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?,” വ്രണിത വികാരങ്ങളോടെ യഹോവ ചോദിക്കുകയുണ്ടായി.—സംഖ്യാപുസ്തകം 14:11.
6. ധൈര്യം വിശ്വാസത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ, ആധുനിക കാലത്ത് ഇതിന്റെ എന്തു തെളിവു കാണാൻ കഴിയും?
6 യഹോവ പ്രശ്നത്തിന്റെ മൂലകാരണം തുറന്നുകാട്ടി—വിശ്വാസത്തിന്റെ അഭാവമായിരുന്നു ജനത്തെ ഭയത്തിലാഴ്ത്തിയത്. തീർച്ചയായും വിശ്വാസവും ധൈര്യവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ക്രിസ്തീയ സഭയെയും അതിന്റെ ആത്മീയ പോരാട്ടത്തെയും കുറിച്ച് യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതിയത്: “ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.” (1 യോഹന്നാൻ 5:4) ഇന്നു യോശുവയുടെയും കാലേബിന്റെയും പോലുള്ള വിശ്വാസം പ്രകടമാക്കിക്കൊണ്ട് ആറു ദശലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ—അവരിൽ ചെറുപ്പക്കാരും പ്രായമായവരും ശക്തരും ബലഹീനരുമെല്ലാം ഉൾപ്പെടുന്നു—ലോകവ്യാപകമായി ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുന്നു. ശക്തരും ധീരരുമായ ഈ പോരാളികളുടെ വൻസൈന്യത്തെ നിശ്ശബ്ദമാക്കാൻ ഇന്നേവരെ ഒരു ശത്രുവിനും കഴിഞ്ഞിട്ടില്ല.—റോമർ 8:31.
‘പിന്മാറുന്നവർ’ ആകാതിരിക്കുക
7. ‘പിന്മാറുക’ എന്നതിന്റെ അർഥമെന്ത്?
7 “നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു,” പൗലൊസ് അപ്പൊസ്തലൻ എഴുതി. (എബ്രായർ 10:39) ഇതേ മനോഭാവം ഉള്ളതിനാലാണ് യഹോവയുടെ സാക്ഷികൾ ഇന്നു സധൈര്യം സുവാർത്ത പ്രസംഗിക്കുന്നത്. ‘പിന്മാറുക’ എന്ന പദംകൊണ്ട് പൗലൊസ് ഉദ്ദേശിച്ചത് താത്കാലികമായി ഭയത്തിനു കീഴ്പെട്ടുകൊണ്ടു പിന്മാറുന്നതിനെയല്ല, കാരണം ദൈവത്തിന്റെ വിശ്വസ്ത ദാസരിൽ പലർക്കും ചിലപ്പോഴൊക്കെ ഭയം തോന്നിയിട്ടുണ്ട്. (1 ശമൂവേൽ 21:12; 1 രാജാക്കന്മാർ 19:1-4) ഒരു ബൈബിൾ നിഘണ്ടു വിശദീകരിക്കുന്ന പ്രകാരം “പിൻവാങ്ങുക, പുറകോട്ടുപോകുക,” “സത്യം മുറുകെപ്പിടിക്കുന്നതിൽ ഉദാസീനത കാണിക്കുക” എന്നൊക്കെയാണ് അതിന്റെ അർഥം. “പായ്ക്കപ്പലിന്റെ പായ് താഴ്ത്തുമ്പോൾ അതിന്റെ വേഗം കുറയുന്നതുപോലെ” ദൈവസേവനത്തിൽ മാന്ദ്യമുള്ളവരായിത്തീരുന്നതിനെ കുറിക്കാനുള്ള ഒരു രൂപകാലങ്കാരമായിരിക്കാം അത് എന്നും ആ നിഘണ്ടു പറയുന്നു. നിശ്ചയമായും ശക്തമായ വിശ്വാസമുള്ളവർ, പീഡനമോ അനാരോഗ്യമോ പോലുള്ള ഏതു പ്രശ്നങ്ങളുണ്ടായാലും ദൈവസേവനത്തിൽ മന്ദീഭവിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കുകയില്ല. പകരം, യഹോവ തങ്ങൾക്കായി സദാ കരുതുന്നുവെന്നും തങ്ങളുടെ പരിമിതികൾ മനസ്സിലാക്കുന്നുവെന്നും തിരിച്ചറിഞ്ഞുകൊണ്ട് അവർ അവന്റെ സേവനത്തിൽ മുന്നേറുന്നു. (സങ്കീർത്തനം 55:22; 103:14) നിങ്ങൾക്ക് അത്തരം ശക്തമായ വിശ്വാസമുണ്ടോ?
8, 9. (എ) യഹോവ എങ്ങനെയാണ് ആദിമ ക്രിസ്ത്യാനികളുടെ വിശ്വാസം ബലിഷ്ഠമാക്കിയത്? (ബി) വിശ്വാസം ശക്തമാക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
8 വിശ്വാസം കുറവുള്ളതായി തോന്നിയ ഒരു സന്ദർഭത്തിൽ “ഞങ്ങൾക്കു വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ” എന്ന് അപ്പൊസ്തലന്മാർ യേശുവിനോട് അപേക്ഷിച്ചു. (ലൂക്കൊസ് 17:5) ആത്മാർഥമായ ആ അപേക്ഷയ്ക്ക് ഉത്തരം ലഭിച്ചു, പ്രത്യേകിച്ച് പൊ.യു. 33-ലെ പെന്തെക്കൊസ്തുനാളിൽ. വാഗ്ദത്തം ചെയ്യപ്പെട്ടിരുന്ന പരിശുദ്ധാത്മാവ് അന്നു ശിഷ്യന്മാരുടെമേൽ വരുകയും അവർക്ക് ദൈവത്തിന്റെ വചനവും ഉദ്ദേശ്യവും സംബന്ധിച്ച് ആഴമായ ഉൾക്കാഴ്ച പ്രദാനം ചെയ്യുകയും ചെയ്തു. (യോഹന്നാൻ 14:26; പ്രവൃത്തികൾ 2:1-4) അങ്ങനെ, ശക്തമാക്കപ്പെട്ട വിശ്വാസത്തോടെ എതിർപ്പിന്മധ്യേയും “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത ഘോഷിക്കപ്പെടാൻ ഇടയാക്കിയ ഒരു പ്രസംഗ പ്രവർത്തനത്തിന് അവർ തുടക്കംകുറിച്ചു.—കൊലൊസ്സ്യർ 1:23; പ്രവൃത്തികൾ 1:8; 28:22.
9 വിശ്വാസം ബലിഷ്ഠമാക്കാനും ശുശ്രൂഷയിൽ മുന്നേറാനും നാം തിരുവെഴുത്തുകൾ പഠിക്കുകയും അവയെക്കുറിച്ചു ധ്യാനിക്കുകയും പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും വേണം. യോശുവയും കാലേബും ആദിമ ക്രിസ്തീയ ശിഷ്യന്മാരും ചെയ്തതുപോലെ ദൈവിക സത്യം മനസ്സിലും ഹൃദയത്തിലും ഉൾനട്ടാൽ മാത്രമേ ശക്തമായ വിശ്വാസം ആർജിക്കാൻ നമുക്കു കഴിയൂ. ആ വിശ്വാസം ആത്മീയ പോരാട്ടത്തിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ ധൈര്യം പകരുകയും അങ്ങനെ വിജയംവരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.—റോമർ 10:17.
ദൈവമുണ്ടെന്ന വിശ്വാസം മാത്രം പോരാ
10. യഥാർഥ വിശ്വാസത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
10 കഴിഞ്ഞ കാലങ്ങളിലെ നിർമലതാപാലകരുടെ ജീവിതം ഒരു സത്യം വ്യക്തമാക്കുന്നു: ധൈര്യത്തിനും സഹിഷ്ണുതയ്ക്കും ഉപോദ്ബലകമായ വിശ്വാസത്തിൽ, കേവലം ദൈവമുണ്ടെന്നു വിശ്വസിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. (യാക്കോബ് 2:19) യഹോവയെ ഒരു വ്യക്തിയെന്ന നിലയിൽ നാം അടുത്തറിയുകയും പൂർണമായി അവനിൽ ആശ്രയിക്കുകയും ചെയ്യേണ്ടതുണ്ട്. (സങ്കീർത്തനം 78:5-8; സദൃശവാക്യങ്ങൾ 3:5, 6) ദൈവത്തിന്റെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചെവികൊടുക്കുന്നത് നമ്മുടെ നന്മയിൽ കലാശിക്കുമെന്നു നാം പൂർണഹൃദയത്തോടെ വിശ്വസിക്കുന്നുവെന്നാണ് അതിന്റെ അർഥം. (യെശയ്യാവു 48:17, 18) യഹോവ തന്റെ എല്ലാ വാഗ്ദാനങ്ങളും നിവർത്തിക്കുമെന്നും “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കു”മെന്നുമുള്ള പൂർണബോധ്യവും വിശ്വാസത്തിൽ ഉൾപ്പെട്ടിരിക്കുന്നു.—എബ്രായർ 11:1, 6; യെശയ്യാവു 55:11.
11. യോശുവയുടെയും കാലേബിന്റെയും വിശ്വാസത്തിനും ധൈര്യത്തിനും യഹോവ എങ്ങനെ പ്രതിഫലം നൽകി?
11 അത്തരം വിശ്വാസം, മുരടിച്ച ഒരു മരം പോലെയല്ല. നാം സത്യത്തിനു ചേർച്ചയിൽ ജീവിക്കുകയും അതിന്റെ പ്രയോജനങ്ങൾ രുചിച്ചറിയുകയും പ്രാർഥനകൾക്കുള്ള ഉത്തരം ലഭിക്കുന്നതായി കാണുകയും മറ്റു വിധങ്ങളിൽ യഹോവ നമ്മെ വഴിനടത്തുന്നതായി മനസ്സിലാക്കുകയും ചെയ്യവേ ആ വിശ്വാസം തഴച്ചുവളരുന്നു. (സങ്കീർത്തനം 34:8; 1 യോഹന്നാൻ 5:14, 15) ദൈവം എത്ര നല്ലവനാണെന്നു രുചിച്ചറിഞ്ഞതിലൂടെ യോശുവയുടെയും കാലേബിന്റെയും വിശ്വാസം തീർച്ചയായും ആഴമുള്ളതായിത്തീർന്നു. (യോശുവ 23:14) ഇക്കാര്യങ്ങൾ പരിചിന്തിക്കുക: ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെതന്നെ, മരുഭൂമിയിലൂടെയുള്ള 40 വർഷത്തെ പ്രയാണത്തെ അവരിരുവരും അതിജീവിച്ചു. (സംഖ്യാപുസ്തകം 14:27-30; 32:11, 12) കനാന്യർക്കെതിരെ ആറു വർഷം നീണ്ട പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കാനുള്ള പദവി ദൈവം അവർക്കു നൽകി. ഒടുവിൽ വാഗ്ദത്തദേശത്ത് അവർക്കു സ്വന്തമായി അവകാശം ലഭിക്കുകയും ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കുകയും ചെയ്തു. വിശ്വസ്തതയോടും ധൈര്യത്തോടും കൂടെ തന്നെ സേവിക്കുന്നവരെ യഹോവ എത്ര സമൃദ്ധമായി അനുഗ്രഹിക്കുന്നു!—യോശുവ 14:6, 9-14; 19:49, 50; 24:29.
12. യഹോവ തന്റെ “വാഗ്ദാനം മഹിമ”പ്പെടുത്തുന്നത് എങ്ങനെ?
12 യോശുവയോടും കാലേബിനോടും ദൈവം പ്രകടിപ്പിച്ച സ്നേഹദയ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.” (സങ്കീർത്തനം 138:2) യഹോവ തന്റെ നാമത്തോടു ബന്ധപ്പെടുത്തി ഒരു വാഗ്ദാനം ചെയ്യുമ്പോൾ, പ്രസ്തുത വാഗ്ദാനത്തിന്റെ നിവൃത്തി—നമ്മുടെ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടുന്നതിനാൽ—“മഹിമ”യുള്ളതായിത്തീരുന്നു. (എഫെസ്യർ 3:20) യഹോവയിൽ ‘ആനന്ദിക്കുന്നവരെ’ അവൻ ഒരിക്കൽപ്പോലും നിരാശപ്പെടുത്തുകയില്ല.—സങ്കീർത്തനം 37:3, 4, പി.ഒ.സി. ബൈബിൾ.
“ദൈവത്തെ പ്രസാദിപ്പിച്ച” ഒരു മനുഷ്യൻ
13, 14. ഹാനോക്കിന് വിശ്വാസവും ധൈര്യവും ആവശ്യമായിരുന്നത് എന്തുകൊണ്ട്?
13 മറ്റൊരു ക്രിസ്തീയപൂർവ സാക്ഷിയായ ഹാനോക്കിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുന്നതിലൂടെ വിശ്വാസത്തെയും ധൈര്യത്തെയും കുറിച്ച് നമുക്ക് ഏറെ കാര്യങ്ങൾ പഠിക്കാനാകും. തന്റെ വിശ്വാസവും ധൈര്യവും പരീക്ഷിക്കപ്പെടുമെന്ന് പ്രവാചകവൃത്തി ആരംഭിക്കുന്നതിനുമുമ്പുതന്നെ അവൻ അറിഞ്ഞിരുന്നിരിക്കണം. എങ്ങനെ? ദൈവത്തെ സേവിക്കുന്നവർക്കും പിശാചായ സാത്താനെ സേവിക്കുന്നവർക്കുമിടയിൽ ശത്രുത്വം ഉടലെടുക്കുമെന്ന് യഹോവ ഏദെൻ തോട്ടത്തിൽവെച്ചു പറഞ്ഞിരുന്ന കാര്യം അവന് അറിവുണ്ടായിരുന്നു. (ഉല്പത്തി 3:15) മനുഷ്യചരിത്രത്തിന്റെ ആരംഭദശയിൽത്തന്നെ, കയീൻ തന്റെ സഹോദരനായ ഹാബെലിനെ കൊലപ്പെടുത്തിയതോടെ ആ ശത്രുത പൊട്ടിപ്പുറപ്പെട്ടുവെന്നും ഹാനോക്ക് അറിഞ്ഞിരുന്നു. അവരുടെ പിതാവായ ആദാം ഹാനോക്കിന്റെ ജനനശേഷം ഏകദേശം 310 വർഷം ജീവിച്ചിരുന്നുവെന്ന് ഓർക്കുക.—ഉല്പത്തി 5:3-18.
14 എന്നിട്ടും ഹാനോക്ക് ധൈര്യപൂർവം “ദൈവത്തോടുകൂടെ നടക്കയും” ആളുകൾ യഹോവയ്ക്കെതിരെ പറഞ്ഞ “സകലനിഷ്ഠൂര” കാര്യങ്ങൾക്കും അവരെ കുറ്റംവിധിക്കുകയും ചെയ്തു. (ഉല്പത്തി 5:22; യൂദാ 14, 15) സത്യാരാധനയെപ്രതിയുള്ള ധീരമായ നിലപാടു നിമിത്തം അനേകരും ഹാനോക്കിന്റെ ശത്രുക്കളായിത്തീർന്നുവെന്നതിനു സംശയമില്ല, അത് അവന്റെ ജീവൻപോലും അപകടത്തിലാക്കി. എന്നാൽ വേദനാജനകമായ ഒരു മരണത്തിനു വിധേയനാകാൻ യഹോവ അവനെ വിട്ടുകൊടുത്തില്ല. ഹാനോക്ക് “ദൈവത്തെ പ്രസാദിപ്പിച്ചു” എന്ന് യഹോവതന്നെ അവനു വെളിപ്പെടുത്തുകയും തുടർന്ന് അവനെ മരണത്തിലേക്ക്—ഒരുപക്ഷേ ഒരു മയക്കത്തിലാക്കിയശേഷം—“എടുത്തു”കൊള്ളുകയും ചെയ്തു.—എബ്രായർ 11:5, 13; ഉല്പത്തി 5:24.
15. യഹോവയുടെ ഇന്നത്തെ ദാസർക്ക് ഹാനോക്ക് എന്തു നല്ല മാതൃക വെച്ചിരിക്കുന്നു?
15 ഹാനോക്ക് എടുക്കപ്പെട്ടതിനെക്കുറിച്ചു പറഞ്ഞശേഷം ഉടൻതന്നെ, “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല” എന്ന് ഓർമിപ്പിച്ചുകൊണ്ട് വിശ്വാസം എത്ര പ്രധാനമാണെന്ന് പൗലൊസ് വീണ്ടും ഊന്നിപ്പറഞ്ഞു. (എബ്രായർ 11:6) നിശ്ചയമായും, യഹോവയോടൊത്തു നടക്കാനും അഭക്തമായ ഒരു ലോകത്തിൽ ദൈവത്തിന്റെ ന്യായവിധി സന്ദേശം പ്രഖ്യാപിക്കാനും ഹാനോക്കിന്റെ വിശ്വാസം അവനെ ധൈര്യപ്പെടുത്തി. ഇക്കാര്യത്തിൽ ഹാനോക്ക് നമുക്ക് നല്ലൊരു മാതൃകയാണ്. സത്യാരാധനയെ എതിർക്കുന്നതും സകലവിധ ദോഷങ്ങൾ നിറഞ്ഞതുമായ ഈ ലോകത്തിൽ നമുക്കും സമാനമായ ഒരു വേല ചെയ്യാനുണ്ട്.—സങ്കീർത്തനം 92:7; മത്തായി 24:14; വെളിപ്പാടു 12:17.
ദൈവഭയം ധൈര്യം ഉളവാക്കുന്നു
16, 17. ആരായിരുന്നു ഓബദ്യാവ്, അവന്റെ സാഹചര്യം എന്തായിരുന്നു?
16 വിശ്വാസത്തിനുപുറമേ ദൈവത്തോടുള്ള ഭയാദരവും ധൈര്യം ഊട്ടിവളർത്തുന്നു. ഏലീയാ പ്രവാചകന്റെയും വടക്കേ ദേശമായ ഇസ്രായേലിലെ രാജാവായ ആഹാബിന്റെയും കാലത്തു ജീവിച്ചിരുന്ന ദൈവഭയമുണ്ടായിരുന്ന ഒരു മനുഷ്യന്റെ ശ്രദ്ധേയമായ ദൃഷ്ടാന്തം നമുക്കിപ്പോൾ പരിചിന്തിക്കാം. ആഹാബിന്റെ ഭരണകാലത്ത് ബാൽ ആരാധന ഇസ്രായേലിനെ മുമ്പെന്നത്തേതിലും ദുഷിപ്പിച്ചിരുന്നു. വാസ്തവത്തിൽ, ബാലിന്റെ 450 പ്രവാചകന്മാരും 400 അശേരാപ്രവാചകന്മാരും ആഹാബിന്റെ ഭാര്യയായ “ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചു”വന്നിരുന്നു.—1 രാജാക്കന്മാർ 16:30-33; 18:19.
17 യഹോവയുടെ കൊടിയ ശത്രുവായിരുന്ന ഈസേബെൽ ഇസ്രായേലിൽനിന്നു സത്യാരാധന തുടച്ചുനീക്കാൻ തുനിഞ്ഞിറങ്ങി. യഹോവയുടെ ചില പ്രവാചകന്മാരെ കൊന്നുകളഞ്ഞ അവൾ, ദൈവത്തിന്റെ നിർദേശ പ്രകാരം യോർദ്ദാൻ നദിക്കപ്പുറത്തേക്ക് ഓടി രക്ഷപ്പെട്ട ഏലീയാവിനെപ്പോലും വകവരുത്താൻ ശ്രമിച്ചു. (1 രാജാക്കന്മാർ 17:1-3; 18:13) അക്കാലത്ത് ഇസ്രായേലിൽ സത്യാരാധന ഉയർത്തിപ്പിടിക്കുന്നത് എത്ര ദുഷ്കരമായിരുന്നിരിക്കുമെന്ന് നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? രാജകൊട്ടാരത്തിൽ വേല ചെയ്യുന്ന ഒരാളുടെ കാര്യത്തിൽ അത് അതിലും പ്രയാസമായിരിക്കുമായിരുന്നില്ലേ? അത്തരമൊരു സാഹചര്യമായിരുന്നു, ആഹാബിന്റെ ഗൃഹവിചാരകനും ദൈവഭക്തനുമായിരുന്ന ഓബദ്യാവിന്റേത്.a—1 രാജാക്കന്മാർ 18:3.
18. യഹോവയുടെ ആരാധകനെന്ന നിലയിൽ ഓബദ്യാവിനെ വ്യത്യസ്തനാക്കിയത് എന്ത്?
18 നിസ്സംശയമായും ആരാധനയോടുള്ള ബന്ധത്തിൽ ഓബദ്യാവ് ജാഗ്രതയും വിവേകവും പ്രകടമാക്കിയിരുന്നു. എന്നാൽ അവൻ അതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. യഥാർഥത്തിൽ, ഓബദ്യാവ് “യഹോവയിങ്കൽ മഹാഭക്തനായിരുന്നു” എന്ന് 1 രാജാക്കന്മാർ 18:3 നമ്മോടു പറയുന്നു. നിശ്ചയമായും അവന് അസാധാരണമായ ദൈവഭയമുണ്ടായിരുന്നു! ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊലചെയ്തതിനു തൊട്ടുപിന്നാലെ അവൻ പ്രകടമാക്കിയ ശ്രദ്ധേയമായ ധൈര്യത്തിനു കാരണം ഈ ഭയമായിരുന്നു.
19. ഓബദ്യാവിന്റെ ഏതു പ്രവൃത്തി അവൻ ധൈര്യശാലിയാണെന്നു പ്രകടമാക്കി?
19 “ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു” എന്ന് നാം വായിക്കുന്നു. (1 രാജാക്കന്മാർ 18:4) നൂറുപേരെ രഹസ്യമായി തീറ്റിപ്പോറ്റുക എന്നത് അപകടംപിടിച്ച ഒരു പണിയാണെന്ന് നമുക്ക് അറിയാം. ആഹാബിനും ഈസേബെലിനും പിടികൊടുക്കാതിരിക്കുന്നതോടൊപ്പം, കൊട്ടാരത്തിൽ സ്ഥിരം വന്നുപൊയ്ക്കൊണ്ടിരുന്ന 850 വ്യാജപ്രവാചകന്മാരെയും അവൻ സൂക്ഷിക്കണമായിരുന്നു. തന്നെയുമല്ല രാജാവിന്റെയും രാജ്ഞിയുടെയും പ്രീതി പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തിൽ, ദേശത്തെ എല്ലാ ജനവിഭാഗങ്ങളിലുംപെട്ട വ്യാജാരാധകർ ഓബദ്യാവിന്റെ പ്രവൃത്തി വെളിച്ചത്തുകൊണ്ടുവരാനുള്ള ഏതൊരു അവസരവും പ്രയോജനപ്പെടുത്തുമായിരുന്നു. എന്നിട്ടും യഹോവയുടെ പ്രവാചകന്മാരെ സംരക്ഷിച്ചു പരിപാലിക്കാൻ ആ വിഗ്രഹാരാധികളുടെയെല്ലാം മൂക്കിനുതാഴെ ഓബദ്യാവ് സധൈര്യം പ്രവർത്തിച്ചു. ദൈവഭയം ഒരുവനെ എത്ര ധൈര്യമുള്ളവനാക്കുന്നു!
20. ഓബദ്യാവിന്റെ ദൈവഭയം അവനെ സഹായിച്ചത് എങ്ങനെ, അവന്റെ ദൃഷ്ടാന്തം നിങ്ങൾക്കു സഹായകമായിരിക്കുന്നത് എങ്ങനെ?
20 ദൈവഭയം നിമിത്തം ധൈര്യം പ്രകടമാക്കിയ ഓബദ്യാവിനെ ശത്രുക്കളിൽനിന്നെല്ലാം യഹോവ സംരക്ഷിച്ചതായി കാണപ്പെടുന്നു. “മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും” എന്ന് സദൃശവാക്യങ്ങൾ 29:25 പറയുന്നു. ഓബദ്യാവിന് അമാനുഷ പ്രാപ്തികളൊന്നും ഉണ്ടായിരുന്നില്ല. നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനായിരുന്ന അവന് ശത്രുക്കൾ തന്നെ പിടികൂടി കൊന്നുകളയുമോയെന്ന ഭയമുണ്ടായിരുന്നു. (1 രാജാക്കന്മാർ 18:7-9, 12) എന്നാൽ അവനു തോന്നിയിരിക്കാവുന്ന ഏതൊരു മാനുഷഭയത്തെയും തരണംചെയ്യാനുള്ള ധൈര്യം ദൈവഭയം അവനിൽ ഉളവാക്കി. ഓബദ്യാവ് നമുക്കെല്ലാവർക്കും നല്ല ഒരു മാതൃകയാണ്, പ്രത്യേകിച്ച് സ്വാതന്ത്ര്യമോ ജീവനോ പണയപ്പെടുത്തിക്കൊണ്ട് യഹോവയെ ആരാധിക്കുന്നവർക്ക്. (മത്തായി 24:9) “ഭക്തിയോടും ഭയത്തോടുംകൂടെ” യഹോവയെ സേവിക്കാൻ നമുക്കേവർക്കും ശ്രമിക്കാം.—എബ്രായർ 12:28.
21. അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും.
21 വിശ്വാസവും ദൈവഭയവും മാത്രമല്ല നമ്മെ ധൈര്യശാലികളാക്കുന്നത്; ഇക്കാര്യത്തിൽ അവയെക്കാൾ ശക്തമായ ഒരു പ്രചോദനമായിരിക്കാൻ സ്നേഹത്തിനു കഴിയും. “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്,” പൗലൊസ് എഴുതി. (2 തിമൊഥെയൊസ് 1:7) ദുർഘടമായ ഈ അന്ത്യനാളുകളിൽ യഹോവയെ സധൈര്യം സേവിക്കാൻ സ്നേഹം നമ്മെ സഹായിക്കുന്നത് എങ്ങനെയെന്ന് അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കുന്നതായിരിക്കും.—2 തിമൊഥെയൊസ് 3:1.
[അടിക്കുറിപ്പ്]
a ഇത് പ്രവാചകനായ ഓബദ്യാവ് അല്ല.
നിങ്ങൾക്ക് ഉത്തരം പറയാമോ?
• യോശുവയെയും കാലേബിനെയും ധൈര്യശാലികളാക്കിയത് എന്തായിരുന്നു?
• യഥാർഥ വിശ്വാസത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
• ദൈവത്തിന്റെ ന്യായവിധി സന്ദേശം പ്രഖ്യാപിക്കാൻ ഹാനോക്കിനു ഭയമില്ലാതിരുന്നത് എന്തുകൊണ്ട്?
• ദൈവഭയം ധൈര്യം ഊട്ടിവളർത്തുന്നത് എങ്ങനെ?
[16, 17 പേജുകളിലെ ചിത്രം]
“ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക” എന്ന് യഹോവ യോശുവയോടു പറഞ്ഞു
[18-ാം പേജിലെ ചിത്രം]
ഓബദ്യാവ് ദൈവത്തിന്റെ പ്രവാചകന്മാരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു
[19-ാം പേജിലെ ചിത്രം]
ഹാനോക്ക് സധൈര്യം ദൈവത്തിൽനിന്നുള്ള ന്യായവിധിസന്ദേശം പ്രസംഗിച്ചു