യഹോവയുടെ ജനം “അനീതി വിട്ടകന്നുകൊള്ളട്ടെ”
“യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും അനീതി വിട്ടകന്നുകൊള്ളട്ടെ.” —2 തിമൊ. 2:19.
1. നമ്മുടെ ആരാധനയിൽ എന്ത് ഒരു സവിശേഷസ്ഥാനം വഹിക്കുന്നു?
ഒരു പൊതുമന്ദിരത്തിലോ മ്യൂസിയത്തിലെ ഏതെങ്കിലും പുരാവസ്തുവിലോ യഹോവയുടെ നാമം ആലേഖനം ചെയ്തിരിക്കുന്നതായി നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, അത്യുത്സാഹത്തോടും ആവേശത്തോടും കൂടെയായിരിക്കും നിങ്ങൾ പ്രതികരിച്ചിട്ടുണ്ടാകുക. കാരണം നാം യഹോവയുടെ സാക്ഷികളാണ്! നമ്മുടെ ആരാധനയിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം ഒരു സവിശേഷസ്ഥാനം അലങ്കരിക്കുന്നു. ആഗോളതലത്തിൽ, നമ്മെപ്പോലെ ദൈവനാമത്തോട് ഇത്ര അടുത്തു പറ്റിനിൽക്കുന്ന മറ്റൊരു കൂട്ടം ഇന്നില്ല. എങ്കിലും ദൈവനാമം വഹിക്കാനുള്ള പദവി ഉത്തരവാദിത്വങ്ങൾ കൈവരുത്തുന്നു എന്ന് നമുക്ക് അറിയാം.
2. ദൈവനാമം വഹിക്കാനുള്ള പദവി നമുക്ക് എന്ത് ഉത്തരവാദിത്വം കൈവരുത്തുന്നു?
2 ദിവ്യനാമം ഉപയോഗിക്കുന്നതുകൊണ്ടുമാത്രം നമുക്ക് യഹോവയുടെ അംഗീകാരം ഉണ്ടാകണമെന്നില്ല. മറിച്ച് അവന്റെ ധാർമികനിലവാരങ്ങൾക്ക് ചേർച്ചയിൽ നാം ജീവിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ “ദോഷം വിട്ടകന്നു”കൊള്ളാൻ ബൈബിൾ യഹോവയുടെ ജനത്തെ ഓർമിപ്പിക്കുന്നു. (സങ്കീ. 34:14) “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും അനീതി വിട്ടകന്നുകൊള്ളട്ടെ” എന്ന് എഴുതിയപ്പോൾ അപ്പൊസ്തലനായ പൗലോസ് ഇതേ തത്ത്വമാണ് പ്രദീപ്തമാക്കിയത്. (2 തിമൊഥെയൊസ് 2:19 വായിക്കുക.) യഹോവയുടെ സാക്ഷികൾ എന്നനിലയിൽ അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ നാം ലോകമെങ്ങും കേൾവികേട്ടവരാണ്. എന്നാൽ നാം അനീതി വിട്ടകലേണ്ടത് എങ്ങനെയാണ്?
ദോഷം വിട്ട് അകന്നു“മാറിക്കൊൾവിൻ”
3, 4. ഏതു തിരുവെഴുത്ത് കാലങ്ങളായി ബൈബിൾപണ്ഡിതന്മാരെ കുഴപ്പിച്ചിട്ടുണ്ട്, എന്തുകൊണ്ട്?
3 പൗലോസ്, 2 തിമൊഥെയൊസ് 2:19-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ തിരുവെഴുത്തുപശ്ചാത്തലം പരിചിന്തിക്കുക. ഈ വാക്യം, “ദൈവം ഉറപ്പിച്ച (“ദൈവത്തിന്റെ ഉറപ്പുള്ള,” NIBV) അടിസ്ഥാന”ത്തെക്കുറിച്ച് പറയുന്നു, തുടർന്ന് അതിൽ ആലേഖനം ചെയ്തിരിക്കുന്ന രണ്ടു പ്രഖ്യാപനങ്ങളെക്കുറിച്ചും അതു പരാമർശിക്കുന്നു. “യഹോവ തനിക്കുള്ളവരെ അറിയുന്നു” എന്ന ഒന്നാമത്തെ പ്രഖ്യാപനം, തെളിവനുസരിച്ച് സംഖ്യാപുസ്തകം 16:5-ൽനിന്ന് ഉദ്ധരിച്ചതാണ്. (മുൻലേഖനം കാണുക.) എന്നാൽ, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും അനീതി വിട്ടകന്നുകൊള്ളട്ടെ” എന്ന രണ്ടാമത്തെ പ്രഖ്യാപനം ബൈബിൾപണ്ഡിതന്മാരെ കാലങ്ങളായി കുഴപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട്?
4 പൗലോസ് മറ്റൊരു ഉറവിൽനിന്ന് ഉദ്ധരിക്കുകയായിരുന്നെന്ന് അവന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. എങ്കിലും പൗലോസിന്റെ ഉദ്ധരണിക്ക് ചേർച്ചയിലുള്ള ഏതെങ്കിലും വാക്യം എബ്രായ തിരുവെഴുത്തുകളിൽ ഉള്ളതായി തോന്നുന്നില്ല. അങ്ങനെയെങ്കിൽ, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും അനീതി വിട്ടകന്നുകൊള്ളട്ടെ” എന്ന പ്രസ്താവന നടത്തിയപ്പോൾ അപ്പൊസ്തലൻ എന്തിനെയാണ് പരോക്ഷമായി പരാമർശിച്ചത്? ഈ പ്രസ്താവനയ്ക്ക് തൊട്ടു മുമ്പ്, കോരഹിന്റെ മത്സരത്തെക്കുറിച്ചുള്ള വിവരണമടങ്ങിയ സംഖ്യാപുസ്തകം 16-ാം അധ്യായത്തിൽനിന്ന് പൗലോസ് ഉദ്ധരിക്കുകയുണ്ടായി. അങ്ങനെയെങ്കിൽ രണ്ടാമത്തെ പ്രഖ്യാപനവും സമാനമായി ആ മത്സരത്തോട് അനുബന്ധിച്ച് സംജാതമായ സംഭവങ്ങളുമായി ബന്ധപ്പെട്ടതായിരിക്കുമോ?
5-7. മോശയുടെ നാളിലെ ഏത് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 2 തിമൊഥെയൊസ് 2:19-ലെ പൗലോസിന്റെ വാക്കുകൾ മനസ്സിലാക്കേണ്ടത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
5 മോശയ്ക്കും അഹരോനും എതിരെയുള്ള മത്സരത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് എലീയാബിന്റെ പുത്രന്മാരായ ദാഥാനും അബീരാമും കോരഹിനൊപ്പം ചേർന്നു എന്ന് ബൈബിൾ പറയുന്നു. (സംഖ്യാ. 16:1-5) അവർ മോശയോട് പരസ്യമായ അനാദരവ് കാണിക്കുകയും അവന്റെ ദൈവദത്ത അധികാരത്തെ ധിക്കരിക്കുകയും ചെയ്തു. വിശ്വസ്തരായവരുടെ ആത്മീയാരോഗ്യത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ആ മത്സരികൾ യഹോവയുടെ ജനത്തിനിടയിൽ വാസം തുടർന്നു. തന്റെ വിശ്വസ്താരാധകരെയും മത്സരികളെയും വേർതിരിച്ചു കാണിക്കാനുള്ള ദിവസം വന്നെത്തിയപ്പോൾ യഹോവ വ്യക്തമായ ഒരു കല്പന നൽകി.
6 വിവരണം ഇങ്ങനെ വായിക്കുന്നു: “യഹോവ മോശെയോടു: കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു. മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു. അവൻ സഭയോടു: ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു. അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു (“ചുറ്റിലുംനിന്ന് ഉടൻതന്നെ,” NW) മാറിപ്പോയി.” (സംഖ്യാ. 16:23-27) തുടർന്ന്, മത്സരികളായ സകലരെയും യഹോവ സംഹരിച്ചു. അതേസമയം, മാറിപ്പോയിക്കൊണ്ട് അനീതി വിട്ടകന്ന വിശ്വസ്തരായ ആരാധകരെ അവൻ ജീവനോടെ പരിരക്ഷിച്ചു.
7 യഹോവ ഹൃദയങ്ങൾ വായിക്കുന്നു! തനിക്കുള്ളവരുടെ വിശ്വസ്തത അവൻ തിരിച്ചറിയുന്നുണ്ട്. എങ്കിലും അധർമികളിൽനിന്ന് തങ്ങളെത്തന്നെ വേർപെടുത്തിക്കൊണ്ട് അവന്റെ വിശ്വസ്തദാസർ സത്വരം നിർണായകനടപടി എടുക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും അനീതി വിട്ടകന്നുകൊള്ളട്ടെ” എന്ന് എഴുതിയപ്പോൾ പൗലോസ് സംഖ്യാപുസ്തകം 16:5, 23-27-ലെ വിവരണത്തെ ഉദ്ദേശിച്ചിരിക്കാനാണ് സാധ്യത. ഇത്തരം ഒരു നിഗമനം, “യഹോവ തനിക്കുള്ളവരെ അറിയുന്നു” എന്ന് പൗലോസ് തൊട്ടുമുകളിൽ പ്രസ്താവിച്ച വാക്കുകൾക്ക് യോജിപ്പിലാണുതാനും.—2 തിമൊ. 2:19.
“മൗഢ്യവും അർഥശൂന്യവുമായ തർക്കങ്ങൾ . . . ഒഴിഞ്ഞിരിക്കുക”
8. യഹോവയുടെ നാമം ഉപയോഗിക്കുന്നതോ ക്രിസ്തീയസഭയിൽ അംഗമായിരിക്കുന്നതോ മാത്രം മതിയാകുന്നില്ലാത്തത് എന്തുകൊണ്ട്?
8 മോശയുടെ നാളിലെ സംഭവങ്ങൾ പരാമർശിച്ചുകൊണ്ട്, യഹോവയുമായുള്ള സ്വന്തം അമൂല്യബന്ധം കാത്തുസൂക്ഷിക്കാൻ സത്വരം നിർണായകനടപടി എടുക്കേണ്ടതിന്റെ ആവശ്യകത പൗലോസ് തിമൊഥെയൊസിനെ ഓർമിപ്പിക്കുകയായിരുന്നു. ക്രിസ്തീയസഭയിൽ അംഗമായിരിക്കുന്നതു മാത്രം മതിയാകുമായിരുന്നില്ല. മോശയുടെ നാളിൽ, കേവലം യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചവരെയെല്ലാം അവൻ അംഗീകരിച്ചില്ല എന്നോർക്കുക. വിശ്വസ്താരാധകർ നിശ്ചയദാർഢ്യത്തോടെ അനീതി വിട്ടകലണം. തിമൊഥെയൊസിന് ഇത് എന്ത് അർഥമാക്കി? പൗലോസിന്റെ നിശ്ശ്വസ്തബുദ്ധിയുപദേശത്തിൽനിന്ന് യഹോവയുടെ ജനത്തിന് ഇന്ന് എന്തെല്ലാം പാഠങ്ങൾ ഉൾക്കൊള്ളാനാകും?
9. “മൗഢ്യവും അർഥശൂന്യവുമായ തർക്കങ്ങൾ” ആദിമക്രിസ്തീയസഭയെ എങ്ങനെ ബാധിച്ചു?
9 ക്രിസ്ത്യാനികൾ വിട്ടകലുകയും നിരാകരിക്കുകയും ചെയ്യേണ്ട അനീതിയുടെ വകഭേദങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവവചനം നിയതമായ ബുദ്ധിയുപദേശം നൽകുന്നുണ്ട്. ഉദാഹരണത്തിന്, 2 തിമൊഥെയൊസ് 2:19-ന് മുന്നുംപിന്നുമുള്ള ചില വാക്യങ്ങളിൽ “വാക്കുകളെച്ചൊല്ലി തർക്കിക്കരു”തെന്നും “വ്യർഥഭാഷണങ്ങൾ ഒഴിവാക്ക”ണമെന്നും പൗലോസ് തിമൊഥെയൊസിനോട് പറയുന്നതായി നാം കാണുന്നു. (2 തിമൊഥെയൊസ് 2: 14, 16, 23 വായിക്കുക.) സഭയിലുള്ള ചിലർ വിശ്വാസത്യാഗപരമായ പഠിപ്പിക്കലുകൾ ഉന്നമിപ്പിക്കുന്നുണ്ടായിരുന്നു. കൂടാതെ, മറ്റു ചിലർ വിവാദപരമായ ആശയങ്ങൾ അവതരിപ്പിച്ചിരുന്നതായും തോന്നുന്നു. അത്തരം ആശയഗതികളിൽ ചിലത് നേരിട്ട് തിരുവെഴുത്തുവിരുദ്ധം ആയിരുന്നില്ലെങ്കിൽപ്പോലും അവ ഭിന്നത ഉളവാക്കുമായിരുന്നു. വാക്കുകളെച്ചൊല്ലിയുള്ള കലഹങ്ങൾക്കും തർക്കവിതർക്കങ്ങൾക്കും അവ കളമൊരുക്കി. അങ്ങനെ ആത്മീയമായി അനാരോഗ്യകരമായ ഒരു അന്തരീക്ഷം അവിടെ സംജാതമായി. അതുകൊണ്ട് “മൗഢ്യവും അർഥശൂന്യവുമായ തർക്കങ്ങൾ” ഒഴിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത പൗലോസ് ഊന്നിപ്പറഞ്ഞു.
10. വിശ്വാസത്യാഗികളോടും അവരുടെ പ്രസ്താവനകളോടും നാം എങ്ങനെ പ്രതികരിക്കണം?
10 ഇന്ന് യഹോവയുടെ ജനം സഭയ്ക്കുള്ളിൽ വിശ്വാസത്യാഗം വിരളമായേ അഭിമുഖീകരിക്കുന്നുള്ളൂ. എങ്കിൽപ്പോലും തിരുവെഴുത്തുവിരുദ്ധമായ പഠിപ്പിക്കലുകൾ കാണുകയോ കേൾക്കുകയോ ചെയ്താൽ, അത് ആരിൽനിന്നായാലും എവിടെനിന്നായാലും നാം അവ തത്ക്ഷണം തള്ളിക്കളയണം. വിശ്വാസത്യാഗികളുമായി നേരിട്ടോ ഇന്റർനെറ്റിൽ അവരുടെ ബ്ലോഗുകളിൽ പ്രതികരിച്ചുകൊണ്ടോ മറ്റേതെങ്കിലും ആശയവിനിമയോപാധികൾ ഉപയോഗിച്ചുകൊണ്ടോ സംവാദങ്ങൾ നടത്തുന്നത് ജ്ഞാനമല്ല. സഹായിക്കാനുള്ള സദുദ്ദേശ്യത്തോടെയാണെങ്കിൽപ്പോലും അങ്ങനെയുള്ള സംഭാഷണങ്ങൾ നാം ഇപ്പോൾ പരിചിന്തിച്ച തിരുവെഴുത്തു നിർദേശങ്ങൾക്ക് വിരുദ്ധമായിരിക്കും. പകരം, യഹോവയുടെ ജനമെന്ന നിലയിൽ നാം വിശ്വാസത്യാഗികളെ പൂർണമായും ഒഴിവാക്കുന്നു. അതെ, നാം വിശ്വാസത്യാഗം വിട്ടകലുന്നു.
11. ‘മൗഢ്യമായ തർക്കങ്ങൾ’ ഉയർന്നുവരാൻ എന്ത് ഇടയാക്കിയേക്കാം, ക്രിസ്തീയമൂപ്പന്മാർക്ക് എങ്ങനെ ഒരു നല്ല മാതൃക വെക്കാനാകും?
11 വിശ്വാസത്യാഗം കൂടാതെ, സഭയുടെ സമാധാനം ഭഞ്ജിക്കാൻ സാധ്യതയുള്ള മറ്റു സംഗതികളുമുണ്ട്. ഉദാഹരണത്തിന്, വിനോദത്തെക്കുറിച്ച് വ്യക്തികൾക്കുള്ള പരസ്പരഭിന്നമായ അഭിപ്രായങ്ങൾ “മൗഢ്യവും അർഥശൂന്യവുമായ തർക്കങ്ങൾ”ക്ക് വഴിതെളിച്ചേക്കാം. എന്നതുകൊണ്ട്, യഹോവയുടെ ധാർമികനിലവാരങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള വിനോദങ്ങൾ ആരെങ്കിലും ഉന്നമിപ്പിക്കുന്നെങ്കിൽ, വിവാദം ഒഴിവാക്കണമല്ലോ എന്നുകരുതി മാത്രം അത്തരം പെരുമാറ്റരീതികൾ ക്രിസ്തീയമൂപ്പന്മാർ ഒരിക്കലും വെച്ചുപൊറുപ്പിക്കുകയില്ല. (സങ്കീ. 11:5, NW; എഫെ. 5:3-5) എങ്കിലും വ്യക്തിപരമായ കാഴ്ചപ്പാടുകൾ ഉന്നമിപ്പിക്കാതിരിക്കാൻ മൂപ്പന്മാർ ജാഗ്രതയുള്ളവരാണ്. ക്രിസ്തീയമേൽവിചാരകന്മാർക്ക് നൽകിയിരിക്കുന്ന പിൻവരുന്ന തിരുവെഴുത്തുദ്ബോധനത്തോട് അവർ വിശ്വസ്തമായി പറ്റിനിൽക്കുന്നു: ‘നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുവിൻ. ദൈവത്തിന് അവകാശപ്പെട്ടവരുടെമേൽ ആധിപത്യം നടത്തിക്കൊണ്ടല്ല, അജഗണത്തിനു മാതൃകകളായിക്കൊണ്ടുതന്നെ.’—1 പത്രോ. 5:2, 3; 2 കൊരിന്ത്യർ 1:24 വായിക്കുക.
12, 13. (എ) വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികളുടെ നിലപാട് എന്താണ്, അവരെ നയിക്കുന്ന ബൈബിൾതത്ത്വങ്ങൾ ഏവ? (ബി) 12-ാം ഖണ്ഡികയിൽ ചർച്ച ചെയ്ത തത്ത്വങ്ങൾ വ്യക്തിപരമായ മറ്റു പല സംഗതികളിലും ബാധകമാകുന്നത് എങ്ങനെ?
12 വിനോദത്തിന്റെ കാര്യത്തിൽ, നമ്മുടെ സംഘടന ഓരോ സിനിമയും വീഡിയോ ഗെയിമും പുസ്തകവും പാട്ടും പഠിച്ച് നിരൂപണങ്ങൾ തയ്യാറാക്കുകയും ഇന്നിന്നവ ഒഴിവാക്കണമെന്ന് അനുശാസനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നില്ല. എന്തുകൊണ്ടില്ല? കാരണം, “ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം ഉപയോഗത്താൽ (സ്വന്തം) വിവേചനാപ്രാപ്തിയെ” പരിശീലിപ്പിക്കാൻ ബൈബിൾ ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുന്നു. (എബ്രാ. 5:14) വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഒരു ക്രിസ്ത്യാനിക്ക് കണക്കിലെടുക്കാനാകുന്ന അടിസ്ഥാനതത്ത്വങ്ങൾ തിരുവെഴുത്തുകൾ നൽകുന്നുണ്ട്. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും “കർത്താവിനു പ്രസാദകരമായത് എന്തെന്ന് സദാ പരിശോധിച്ച് ഉറപ്പാ”ക്കിവേണം നാം മുന്നോട്ടു നീങ്ങാൻ. (എഫെ. 5:10) കുടുംബനാഥന്മാർക്ക് കുടുംബത്തിൽ ഒരളവോളം അധികാരമുണ്ട് എന്ന് ബൈബിൾ പഠിപ്പിക്കുന്നു. അതുകൊണ്ട്, ചിലതരം വിനോദങ്ങൾ കുടുംബവൃത്തത്തിനുള്ളിൽ വേണ്ടെന്നുവെക്കാൻ അവർക്ക് തീരുമാനിക്കാവുന്നതാണ്.a—1 കൊരി. 11:3; എഫെ. 6:1-4.
13 മേൽപ്പറഞ്ഞ ബൈബിൾതത്ത്വങ്ങൾ വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാത്രമല്ല ബാധകമാകുന്നത്. വസ്ത്രധാരണം, ചമയം, ആരോഗ്യപരിപാലനം, പോഷകാഹാരം എന്നിങ്ങനെ വ്യക്തിനിഷ്ഠമായ ചില സംഗതികളും വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കാം. അതുകൊണ്ടുതന്നെ, തിരുവെഴുത്തുതത്ത്വങ്ങളൊന്നും ലംഘിക്കപ്പെടുന്നില്ലെങ്കിൽ യഹോവയുടെ ജനം ഇത്തരം കാര്യങ്ങളെപ്രതിയുള്ള തർക്കങ്ങളിൽനിന്ന് ജ്ഞാനപൂർവം ഒഴിഞ്ഞുനിൽക്കുന്നു. കാരണം, “കർത്താവിന്റെ ദാസൻ കലഹിക്കുന്നവൻ ആയിരിക്കരുത്; പിന്നെയോ എല്ലാവരോടും ശാന്തതയോടെ (‘നയപൂർവം,’ NW 2013, അടിക്കുറിപ്പ്) ഇടപെടുന്നവ”നായിരിക്കണം.—2 തിമൊ. 2:24.
മോശമായ സഹവാസം ഒഴിവാക്കുക!
14. മോശമായ സഹവാസം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കാൻ പൗലോസ് എന്ത് ദൃഷ്ടാന്തം ഉപയോഗിച്ചു?
14 “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും” മറ്റ് ഏതു വിധത്തിൽ “അനീതി വിട്ടകന്നു”കൊള്ളാനാകും? അനീതി ശീലമാക്കിയിരിക്കുന്നവരോട് അടുത്ത സഹവാസം ഒഴിവാക്കികൊണ്ട്. “ദൈവത്തിന്റെ ഉറപ്പുള്ള അടിസ്ഥാന”ത്തെക്കുറിച്ചുള്ള ദൃഷ്ടാന്തത്തെത്തുടർന്ന് പൗലോസ് മറ്റൊരു ദൃഷ്ടാന്തം ഉപയോഗിച്ചു എന്നത് ശ്രദ്ധേയമാണ്. ‘ഒരു വലിയ വീടിനെ’ക്കുറിച്ച് അവൻ എഴുതി. ആ വീട്ടിൽ “പൊന്നുകൊണ്ടും വെള്ളികൊണ്ടും നിർമിച്ച പാത്രങ്ങൾ മാത്രമല്ല, മരംകൊണ്ടും മണ്ണുകൊണ്ടും നിർമിച്ചവയും” ഉണ്ട് എന്ന് അവൻ പറഞ്ഞു. അവയിൽ “ചിലത് മാന്യമായ കാര്യങ്ങൾക്കും മറ്റു ചിലത് ഹീനകാര്യങ്ങൾക്കും ഉപയോഗിക്കപ്പെടുന്നു.” (2 തിമൊ. 2:20, 21) തുടർന്ന്, “ഹീനകാര്യങ്ങൾക്കായുള്ള” പാത്രങ്ങളിൽനിന്ന് തങ്ങളെത്തന്നെ ‘അകറ്റിനിറുത്താൻ’ അഥവാ വേർപെടുത്താൻ അവൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു.
15, 16. ‘ഒരു വലിയ വീടിന്റെ’ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
15 എന്താണ് ഈ ദൃഷ്ടാന്തത്തിന്റെ അർഥം? ഇവിടെ പൗലോസ് ക്രിസ്തീയസഭയെ ‘ഒരു വലിയ വീടിനോടും’ സഭയിലെ അംഗങ്ങളെ ‘പാത്രങ്ങളോടും’ അഥവാ വീട്ടുസാമഗ്രികളോടും ഉപമിക്കുന്നു. ഒരു വീട്ടിൽ, ഹാനികരമായ പദാർഥങ്ങളാലോ വൃത്തിഹീനമായ ചുറ്റുപാടുകളാലോ ചില പാത്രങ്ങൾ മലിനമായേക്കാം. വീട്ടുകാരൻ അത്തരം വീട്ടുപകരണങ്ങളെ പാചകത്തിന് ഉപയോഗിക്കുന്നതുപോലുള്ള വൃത്തിയുള്ള പാത്രങ്ങളിൽനിന്ന് വേർതിരിച്ചു വെക്കും.
16 സമാനമായി, യഹോവയുടെ തത്ത്വങ്ങൾ നിരന്തരം തൃണവത്ഗണിക്കുന്ന ചില വ്യക്തികൾ ഇന്ന് ക്രിസ്തീയസഭയിൽ കണ്ടേക്കാം. ശുദ്ധമായ ജീവിതം നയിക്കാൻ ശ്രമിച്ചുകൊണ്ട് യഹോവയുടെ ജനം അത്തരം വ്യക്തികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുന്നു. (1 കൊരിന്ത്യർ 15:33 വായിക്കുക.) സഭയ്ക്ക് അകത്തുള്ള ചിലർതന്നെ ഇങ്ങനെയാണെങ്കിൽ സഭയ്ക്ക് പുറത്തുള്ളവരുമായി അടുത്തു സഹവസിക്കുന്നതിൽനിന്ന് നാം എത്രയധികം ‘അകന്നുമാറണം!’ വിശേഷിച്ചും അവരിൽ അനേകരും ‘ധനമോഹികളും മാതാപിതാക്കളെ അനുസരിക്കാത്തവരും അവിശ്വസ്തരും ഏഷണിക്കാരും നിഷ്ഠുരന്മാരും നന്മയെ ദ്വേഷിക്കുന്നവരും വഞ്ചകരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളെ പ്രിയപ്പെടുന്നവരും’ ആയിരിക്കുന്ന സ്ഥിതിക്ക്.—2 തിമൊ. 3:1-5.
തീരുമാനശേഷിയോടെ പ്രവർത്തിക്കുന്നത് യഹോവയുടെ അനുഗ്രഹം കൈവരുത്തുന്നു
17. വിശ്വസ്തരായ ഇസ്രായേല്യർ അനീതിക്കെതിരെ സ്വീകരിച്ച നടപടി എത്രത്തോളം സമഗ്രമായിരുന്നു?
17 “കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുററിലുംനിന്നു മാറിക്കൊൾവിൻ” എന്ന കല്പന ലഭിച്ചപ്പോൾ ഇസ്രായേല്യർ എത്രമാത്രം ശീഘ്രഗതിയിൽ പ്രവർത്തിച്ചു എന്ന് ബൈബിൾ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. അവർ “ചുറ്റിലുംനിന്ന് ഉടൻതന്നെ മാറിപ്പോയി” എന്ന് വിവരണം പറയുന്നു. (സംഖ്യാ. 16:24, 27, NW) എന്തു ചെയ്യണം എന്ന കാര്യത്തിൽ അവർ സന്ദേഹിച്ചുനിന്നില്ല; ചെയ്യേണ്ടതു ചെയ്യാൻ അമാന്തിച്ചുമില്ല. അവരുടെ അനുസരണം എത്ര പൂർണമായിരുന്നെന്നും തിരുവെഴുത്ത് എടുത്തു പറയുന്നു. അവർ “ചുറ്റിലുംനിന്നു മാറിപ്പോയി.” വിശ്വസ്തരായവർ ഒരു പരീക്ഷണത്തിനും മുതിർന്നില്ല. അവരുടെ അനുസരണം ഭാഗികമോ അർധഹൃദയത്തോടു കൂടിയതോ ആയിരുന്നില്ല. അനീതിക്ക് എതിരായി, യഹോവയ്ക്കു വേണ്ടി അവർ ഉറച്ച നിലപാട് സ്വീകരിച്ചു. ഈ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാനാകും?
18. “യൗവനമോഹങ്ങളെ വിട്ടോ”ടാൻ പൗലോസ് തിമൊഥെയൊസിനെ ബുദ്ധിയുപദേശിച്ചപ്പോൾ അവന്റെ വാക്കുകൾക്ക് പിന്നിലെ ചേതോവികാരം എന്തായിരുന്നു?
18 യഹോവയുമായുള്ള നമ്മുടെ സുഹൃദ്ബന്ധം അപകടഭീഷണി നേരിടുന്നെങ്കിൽ നാം ശീഘ്രഗതിയിൽ നിർണായകമായി പ്രവർത്തിക്കേണ്ട ആവശ്യമുണ്ട്. ഇതായിരുന്നു, “യൗവനമോഹങ്ങളെ വിട്ടോ”ടാൻ പൗലോസ് തിമൊഥെയൊസിനെ ബുദ്ധിയുപദേശിച്ചപ്പോൾ അവന്റെ വാക്കുകൾക്ക് പിന്നിലെ ചേതോവികാരം. (2 തിമൊ. 2:22) ആ സമയത്ത് മുതിർന്ന ഒരു വ്യക്തിയായിരുന്നു തിമൊഥെയൊസ്. സാധ്യതയനുസരിച്ച് അവന് 30-നു മേൽ പ്രായമുണ്ടായിരുന്നു. പക്ഷേ, മൂഢമായ ‘യൗവനമോഹങ്ങൾക്ക്’ പ്രായം ഒരു തടസ്സമല്ല. അത്തരം മോഹങ്ങൾ ഉള്ളിൽ ഉടലെടുക്കുമ്പോൾ തിമൊഥെയൊസ് അവ ‘വിട്ടോടണമായിരുന്നു.’ മറ്റു വാക്കുകളിൽ പറഞ്ഞാൽ, തിമൊഥെയൊസ് ‘അനീതി വിട്ടകലണമായിരുന്നു.’ “നിന്റെ കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക” എന്നു പറഞ്ഞപ്പോൾ യേശു നൽകിയതും സമാനമായ ഒരു സന്ദേശമാണ്. (മത്താ. 18:9) ഇന്ന്, ഈ ബുദ്ധിയുപദേശം ഹൃദയാ സ്വീകരിച്ചിട്ടുള്ള ക്രിസ്ത്യാനികൾ, ആത്മീയ അപകടങ്ങൾ നേരിടുമ്പോൾ സന്ദേഹമോ അമാന്തമോ കൂടാതെ തത്ക്ഷണം നടപടി കൈക്കൊള്ളുന്നു.
19. ആത്മീയ അപകടങ്ങളിൽനിന്ന് തങ്ങളെത്തന്നെ സംരക്ഷിക്കാൻ ചിലർ ഇന്ന് നിശ്ചയദാർഢ്യത്തോടെ സത്വരം പ്രവർത്തിച്ചിരിക്കുന്നത് എങ്ങനെ?
19 മുൻകാലത്ത് മദ്യാസക്തിയുടെ പിടിയിലായിരുന്ന ചിലർ സാക്ഷികളായതിനു ശേഷം മദ്യം പൂർണമായും വർജിക്കാൻ വ്യക്തിപരമായി തീരുമാനിച്ചിട്ടുണ്ട്. മറ്റു ചിലർ, ചില വിനോദങ്ങൾ—അവ തത്ത്വത്തിൽ തെറ്റല്ലെങ്കിൽപ്പോലും—അവരുടെ ചപലവികാരങ്ങളെ ഉണർത്താൻപോന്നതായി കണ്ടിരിക്കുന്നതിനാൽ ഉപേക്ഷിച്ചിട്ടുണ്ട്. (സങ്കീ. 101:3) ഉദാഹരണത്തിന് ഒരു സഹോദരൻ, സാക്ഷിയാകുന്നതിനു മുമ്പ്, താൻ സ്ഥിരം പങ്കെടുത്തിരുന്ന ഡാൻസ് പാർട്ടികളിലെ അസാന്മാർഗിക അന്തരീക്ഷം ആസ്വദിച്ചുപോന്നിരുന്നു. എന്നാൽ സത്യം പഠിച്ചശേഷം അദ്ദേഹം നൃത്തംതന്നെ പൂർണമായി ഉപേക്ഷിച്ചു. ഉറങ്ങിക്കിടക്കുന്ന അനുചിതമായ മോഹങ്ങളും ഗതകാലസ്മരണകളും വീണ്ടും ഉണരുമോ എന്നായിരുന്നു സഹോദരന്റെ ആശങ്ക. തന്നിമിത്തം, സഹവിശ്വാസികളുടെ കൂടിവരവുകളിൽപ്പോലും അദ്ദേഹം ഡാൻസ് ഒഴിവാക്കി. മദ്യം, നൃത്തം തുടങ്ങി അതിൽത്തന്നെ തെറ്റല്ലാത്ത സംഗതികളെ ക്രിസ്ത്യാനികൾ നിഷിദ്ധമായി കരുതേണ്ടതില്ല എന്നതു ശരിയാണ്. എന്നിരുന്നാലും പതിയിരിക്കുന്ന ആത്മീയ അപകടങ്ങളിൽനിന്ന് നമ്മെത്തന്നെ സംരക്ഷിക്കാൻ നാം നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണം; നമ്മുടെ നടപടികൾ സമഗ്രവും ശീഘ്രവും ആയിരിക്കണം.
20. ‘അനീതി വിട്ടകലുന്നത്’ എളുപ്പമല്ലായിരുന്നേക്കാമെങ്കിലും എന്ത് നമുക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്നു?
20 ദൈവനാമം വഹിക്കാനുള്ള പദവി അതോടൊപ്പം ഉത്തരവാദിത്വങ്ങൾ കൈവരുത്തുന്നു. നാം “അനീതി വിട്ടകന്നു”കൊള്ളുകയും ‘ദോഷം വിട്ടകലുകയും’ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. (സങ്കീ. 34:14) അങ്ങനെ ചെയ്യുന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ല എന്നതു ശരിയാണ്. എന്നിരുന്നാലും, യഹോവ “തനിക്കുള്ളവരെ”യും തന്റെ നീതിയുള്ള വഴികളോട് പറ്റിനിൽക്കുന്നവരെയും എക്കാലവും സ്നേഹിക്കും എന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്!—2 തിമൊ. 2:19; 2 ദിനവൃത്താന്തം 16:9എ വായിക്കുക.
a ചില സിനിമകൾ, പുസ്തകങ്ങൾ, സംഗീതം എന്നിവയ്ക്ക് സംഘടന വിലക്കേർപ്പെടുത്താറുണ്ടോ എന്നതിനെക്കുറിച്ച് jw.org-യിൽ നൽകിയിരിക്കുന്ന ലേഖനം കാണുക. (“Do You Ban Certain Movies, Books, or Songs?” under ABOUT US > FREQUENTLY ASKED QUESTIONS.)