നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക:
• ലേവ്യരോട്, “ഞാൻ തന്നേ നിന്റെ ഓഹരി” എന്നു പറഞ്ഞപ്പോൾ ദൈവം എന്താണ് അർഥമാക്കിയത്?
ഇസ്രായേലിലെ മറ്റെല്ലാ ഗോത്രങ്ങൾക്കും ദേശത്തിന്റെ ഓഹരി ലഭിച്ചെങ്കിലും ലേവ്യരുടെ “ഓഹരി” യഹോവയായിരുന്നു. (സംഖ്യാ. 18:20) അവർക്ക് ദേശത്തിന്റെ ഓഹരി ലഭിച്ചില്ലെങ്കിലും വിശേഷപ്പെട്ട ഒരു സേവനപദവി ലഭിച്ചു. കൂടാതെ, അവരുടെ അടിസ്ഥാന ഭൗതിക ആവശ്യങ്ങളും യഹോവ നടത്തിക്കൊടുത്തു. രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാനുള്ള പദവി ലഭിച്ചിരിക്കുന്നവർക്ക് ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ ദൈവം നടത്തിത്തരും എന്ന കാര്യത്തിൽ ഉറപ്പുള്ളവരായിരിക്കാം.—9/15, പേജ് 7-8, 13.
• ഏതെങ്കിലുമൊരു വിനോദം പ്രയോജനപ്രദമാണോയെന്ന് തിട്ടപ്പെടുത്താൻ ഒരു ക്രിസ്ത്യാനിയെ എന്തു സഹായിക്കും?
ഒരു വിനോദം പ്രയോജനപ്രദമാണോയെന്നും ദൈവത്തെ പ്രസാദിപ്പിക്കുന്നതാണോയെന്നും തിട്ടപ്പെടുത്താൻ പിൻവരുന്ന ചോദ്യങ്ങൾ സഹായിക്കും: എന്താണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്? എപ്പോഴാണ് ഞാൻ അതിൽ ഏർപ്പെടാൻ പോകുന്നത്? അതിൽ ഏർപ്പെടുമ്പോൾ ആരുമായാണ് ഞാൻ സഹവസിക്കുന്നത്?—10/15, പേജ് 9-12.
• അശ്ലീലം വീക്ഷിക്കുന്നത് ഒഴിവാക്കാൻ സദൃശവാക്യങ്ങൾ 7:6-23-ലെ വിവരണം നമ്മെ സഹായിക്കുന്നത് എങ്ങനെ?
ഒരു വേശ്യാസ്ത്രീ താമസിക്കുന്ന സ്ഥലമാണെന്ന് അറിഞ്ഞിട്ടും ആ തെരുവിലൂടെ നടക്കുന്ന യുവാവിനെക്കുറിച്ചുള്ളതാണ് പ്രസ്തുത വിവരണം. അവൾ അവനെ വശീകരിച്ചു. ഇന്ന് നാം അശ്ലീല ചിത്രങ്ങളും മറ്റുമുള്ള ഇന്റർനെറ്റ് സൈറ്റുകൾ ഒഴിവാക്കണം. അത്തരം രംഗങ്ങൾ ദൃഷ്ടിയിൽപ്പെടുന്നതിനു മുമ്പുതന്നെ ദൈവസഹായത്തിനായി പ്രാർഥിക്കേണ്ടതും പ്രധാനമാണ്.—11/15, പേജ് 9-10.