“അസമമായി കൂട്ടിയോജിപ്പിക്കപ്പെടരുത്”
അസാധാരണമായ ശക്തിയുള്ള രണ്ടു കാളകളെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. കനത്ത ഭാരം അനായാസം വലിക്കാൻ അവയെ പ്രാപ്തമാക്കുന്നത് ആ ശക്തിയാണ്. എന്നാൽ ഒരു കാളയെ മാറ്റി പകരം ഒരു കഴുതയെ നിർത്തിയെന്നു സങ്കൽപ്പിക്കുക. കഴുത കാളയെക്കാൾ ചെറുതും ദുർബലവുമായതുകൊണ്ട് അത് അസമമായ നുകത്തിനുകീഴിൽ തന്നെ ബന്ധിച്ചു നിർത്തുന്ന വണ്ടിവലിക്കോലിൽ തൊഴിച്ചു മറുക്കാനാണു സാധ്യത. അതുകൊണ്ട്, ഇസ്രായേലിനുള്ള ദൈവത്തിന്റെ ന്യായപ്രമാണം ഇങ്ങനെ പ്രസ്താവിച്ചതിനു നല്ല കാരണമുണ്ട്: “കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.”—ആവർത്തനപുസ്തകം 22:10.
മനുഷ്യരെ സംബന്ധിച്ച് പൗലോസ് അപ്പോസ്തലൻ സമാനമായ ഒരു സംഗതി എഴുതി. “അവിശ്വാസികളുമായി അസമമായി കൂട്ടിയോജിപ്പിക്കപ്പെടരുത്,” അവൻ പറഞ്ഞു. (2 കൊരിന്ത്യർ 6:14, NW) വിവാഹത്തിന് ഇണയെ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം വിശേഷാൽ ഓർക്കേണ്ടതാണ്. വിവാഹം സ്ഥിരമായൊരു സഹവർത്തിത്വമാണ്. കാരണം യേശു പറഞ്ഞത് “ദൈവം കൂട്ടിയോജിപ്പിച്ചതിനെ യാതൊരു മനുഷ്യനും വേർപിരിക്കരുത്” എന്നാണ്. (മത്തായി 19:6, NW) വിവാഹിത ഇണകൾക്ക് ഒരേ വിശ്വാസങ്ങളും തത്ത്വങ്ങളും ലക്ഷ്യങ്ങളുമില്ലെങ്കിൽ, അത് അനവധി ഹൃദയവൈഷമ്യങ്ങൾക്കിടയാക്കുന്നു. അതുകൊണ്ട്, ‘കർത്താവിൽ മാത്രമേ’ വിവാഹം ചെയ്യാവൂ എന്ന ബൈബിൾ ശാസനം പിൻപറ്റുന്നതു തികച്ചും ന്യായയുക്തമാണ്. (1 കൊരിന്ത്യർ 7:39) നിങ്ങളുടെ മതവിശ്വാസമില്ലാത്ത ഒരാളുമായി വിവാഹ ബന്ധത്തിൽ പ്രവേശിക്കുന്നതു കാളയെയും കഴുതയെയും കൂട്ടിയോജിപ്പിക്കുന്നതുകൊണ്ടുള്ള പ്രശ്നത്തെക്കാൾ വലിയ പ്രശ്നം വരുത്തിവെക്കും.
ഒരു ദമ്പതികൾ അസമമായി കൂട്ടിയോജിപ്പിക്കപ്പെടാനിടയാകുന്ന ഒരു ഘടകം മാത്രമാണു മതവിശ്വാസത്തിലെ വ്യത്യാസം. വിവാഹിതരാകാൻ ഉദ്ദേശിക്കുന്ന ഇണകൾ—ഒരേ വിശ്വാസത്തിലുള്ളവരാണെങ്കിൽപ്പോലും—ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് നന്നായിരിക്കും: ‘ഞങ്ങൾക്ക് ഒരേ ലക്ഷ്യങ്ങളാണോ ഉള്ളത്? ഞങ്ങൾ എവിടെ താമസിക്കും? ബജറ്റ് ആർ കൈകാര്യം ചെയ്യും? രണ്ടുപേരും ജോലിക്കു പോകുമോ? കുട്ടികളുടെ കാര്യമെങ്ങനെ? ബന്ധത്തെ നയിക്കുന്നതു ദയയും പരിഗണനയുമായിരിക്കുമോ?’
ഒരു നുകം സമമായിരിക്കുമോ അസമമായിരിക്കുമോ എന്ന് അത്തരം കാര്യങ്ങൾ ചർച്ചചെയ്യുന്ന വിധത്തിന് ഒരു പരിധിവരെ സൂചിപ്പിക്കാനാവും. പരിപൂർണ യോജിപ്പുള്ള രണ്ടു വ്യക്തികൾ ഇല്ലെന്നതു തീർച്ചതന്നെ. എന്നിരുന്നാലും, മൊത്തത്തിൽ, വിവാഹത്തിനുമുമ്പു കോർട്ടിങ്ങിലേർപ്പെടുന്ന ദമ്പതികൾക്ക് ഒരുമിച്ച് പ്രശ്നങ്ങളെ നേരിടാനാവുന്നെങ്കിൽ, അവർ തുറന്ന ആശയവിനിമയത്തിനു തയ്യാറാകുന്നെങ്കിൽ, അവർ അസമമായി കൂട്ടിയോജിപ്പിക്കപ്പെടാതിരിക്കാനുള്ള സാധ്യതയുണ്ട്.