ശാസ്ത്രത്തിനു മുമ്പു ബൈബിൾ രോഗത്തോടു പൊരുതി
ഇന്നു ബൈബിളിനേക്കുറിച്ചു പറയുമ്പോഴൊക്കെ, അറിവില്ലാത്ത അനേകം ആളുകൾ തങ്ങളുടെ ശ്രദ്ധയർഹിക്കാത്തതായി അതിനെ സ്വതവെ തള്ളിക്കളയുന്നു. ആധുനിക മനുഷ്യൻ അടുത്ത കാലത്തു മാത്രം മനസ്സിലാക്കിയതോ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നതോ ആയ കാര്യങ്ങൾ അത് ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു പ്രസ്താവിച്ചു എന്നു കണ്ടുപിടിക്കുന്നതിനു തങ്ങളുടെ മനസ്സുകളെ തുറക്കാൻ അവർ വിസമ്മതിക്കുന്നു. ലോകസംഭവങ്ങൾ, ഗവൺമെൻറ്, ജ്യോതിശാസ്ത്രം, പരിസ്ഥിതി, പ്രകൃതിചരിത്രം, ശരീരശാസ്ത്രം, മനഃശാസ്ത്രം എന്നിവയുടെ കാര്യത്തിൽ ഇതു സത്യമാണ്. രോഗത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്.
ബൈബിൾ ജീവന്റെ ഒരു പുസ്തകമാണ്. മററു യാതൊരു പുസ്തകംകൊണ്ടും സാഹിത്യസമാഹാരംകൊണ്ടും ജീവന്റെ ഇത്രയധികം വശങ്ങളിൽ ഇത്ര വിപുലമായ പ്രയോജനമില്ല. നല്ല ആരോഗ്യവും ജീവനും ബന്ധപ്പെട്ടാണിരിക്കുന്നത്, അതിനാൽ ആരോഗ്യവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന അനേകം തത്ത്വങ്ങൾ ബൈബിളിലുണ്ടെന്നുള്ളത് അതിശയമായിരിക്കരുത്. കുഷ്ഠം, മൂലക്കുരു, മഹോദരം, ഉദരരോഗം എന്നിങ്ങനെയുള്ള അനേകം രോഗങ്ങളെക്കുറിച്ചു ബൈബിൾ പ്രതിപാദിക്കുന്നു.—ആവർത്തനം 24:8; 28:27; ലൂക്കൊസ് 14:2; 1 തിമൊഥെയോസ് 5:23.
ബൈബിൾ എഴുതപ്പെട്ടതു മുഖ്യമായും ശരീരരോഗങ്ങളെക്കുറിച്ചു നമ്മെ പ്രബോധിപ്പിക്കുന്നതിനായിരുന്നില്ല. എന്നിരുന്നാലും അതു നൽകുന്ന വിവരങ്ങൾ ശാസ്ത്രീയമായി കൃത്യവും പുനരവലോകനത്തിനു പ്രയോജനപ്രദവുമാണ്. പുരാതന സങ്കീർത്തനക്കാരനെ സംബന്ധിച്ചടത്തോളം മാനുഷ ശരീരം ഭയോദ്ദീപകമായിരുന്നു. അതു സംബന്ധിച്ച് അദ്ദേഹം ഇങ്ങനെയെഴുതി: “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.”—സങ്കീർത്തനം 139:13-16.
ഭ്രൂണം ഗർഭാശയത്തിന്റെ അന്ധകാരത്തിൽ മറയ്ക്കപ്പെട്ടിരിക്കയാണെങ്കിലും അതു രൂപം പ്രാപിക്കുന്നതും അതിലെ എല്ലുകൾ വളരുന്നതും യഹോവ കാണുന്നുണ്ട്. അവനെ സംബന്ധിച്ച്, “ഇരുട്ടും വെളിച്ചം പോലെ തന്നേ.” (വാക്യം 12) യഹോവയിൽ നിന്ന് ഒളിക്കലില്ല. വൈദ്യശാസ്ത്രപരമായി പറഞ്ഞാൽ, ഭ്രൂണം അമ്മയിൽ നിന്ന് ഒരു മറുപിള്ളയാൽ സംരക്ഷിക്കപ്പെടുന്നു, തൻമൂലും അന്യവസ്തു എന്നനിലയിൽ തള്ളപ്പെടുന്നതിൽനിന്ന് അത് ഒഴിഞ്ഞുപോകുന്നു. എന്നിരുന്നാലും, ഈ സങ്കീർത്തനം പ്രകടമാക്കുന്ന സത്യം വൈദ്യശാസ്ത്രപരമല്ല, മറിച്ച് ആത്മീയമാണ്; എങ്ങനെയെന്നാൽ, യഹോവ എല്ലാം കാണുന്നു, ഗർഭാശയത്തിലെ അന്ധകാരത്തിൽ പോലും.
ഗർഭംധരിക്കുന്ന നിമിഷം മുതൽ, അമ്മയുടെ ഗർഭാശയത്തിൽ ബീജസങ്കലനംനടന്ന അണ്ഡകോശത്തിലെ ജനിതകരേഖയിൽ ‘നമ്മുടെ ശരീരഭാഗങ്ങളെല്ലാം എഴുതപ്പെട്ടിരിക്കയാണ്.’ ‘അവ,’ ഓരോന്നും അതിന്റെ ശരിയായ ക്രമത്തിൽ, ‘നിർമ്മിക്കപ്പെടേണ്ടിയിരുന്ന നാളുകൾ സംബന്ധിച്ച’ സമയനിർണ്ണയവും ജീനുകളിൽ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്ന അനേകം ജൈവികഘടികാരങ്ങളാൽ തീരുമാനിക്കപ്പെടുന്നു.
ഈ ശാസ്ത്രീയ വിശദാംശങ്ങളൊന്നും സങ്കീർത്തനക്കാരനായ ദാവീദിന് അറിയില്ലായിരുന്നു, എന്നാൽ സങ്കീർത്തനം എഴുതാൻ അവനെ നിശ്വസ്തനാക്കിയ യഹോവക്ക് അറിയാമായിരുന്നു. എന്തെന്നാൽ അവനാണ് അവനെ സൃഷ്ടിച്ചതുതന്നെ. ദാവീദിന്റെ ഗ്രന്ഥകർതൃത്വത്തെ അമിതകൃത്തിപ്പുകാർ തള്ളിക്കളയുന്നുവെങ്കിലും സങ്കീർത്തനം എഴുതപ്പെട്ടതു ക്രിസ്തുവിനു നൂററാണ്ടുകൾക്കു മുമ്പാണെന്ന് അവർപോലും സമ്മതിക്കേണ്ടിയിരിക്കുന്നു.
രോഗപ്രതിരോധത്തിൽ ബൈബിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
ക്രിസ്തുവിനു 15 നൂററാണ്ടു മുമ്പു മോശെ മുഖേന ഇസ്രയേല്യർക്കു നൽകപ്പെട്ട ദൈവകല്പനകൾ പുനഃപരിശോധിക്കുമ്പോൾ ആരോഗ്യം സംബന്ധിച്ച ആ ന്യായപ്രമാണത്തിന്റെ മുഖ്യ ഊന്നൽ പ്രതിരോധത്തിലായിരുന്നുവെന്നു സ്പഷ്ടമായും കാണപ്പെടുന്നു. ഉദാഹരണത്തിന്, ആവർത്തനം 23:13-ൽ അതു പറയുന്നു: “നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിനു ഇരിക്കുമ്പോൾ അതിനാൽ കുഴിച്ചു നിന്റെ വിസർജ്ജനം മൂടിക്കളയേണം.” വിസർജ്ജനം മൂടുന്നതു സംബന്ധിച്ച ഈ നിയമം ഈച്ചകൾ പരത്തുന്ന സാൽമണെല്ലോസിസ്, ഷിഗെല്ലോസിസ്, ടൈഫോയിഡ് എന്നിവയിൽ നിന്നും ഈ തത്ത്വത്തോടു പററിനിൽക്കാത്ത പ്രദേശങ്ങളിൽ ഇന്നും ആയിരക്കണക്കിനു ജീവനപഹരിക്കുന്ന മററനേകം വയറിളക്കരോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ഗംഭീരമായി പുരോഗമിച്ച ഒരു പ്രതിരോധനടപടിയായിരുന്നു.
പ്രാണികളാലും കരണ്ടു തിന്നുന്ന ജന്തുക്കളാലും, കൂടാതെ ഏററവും പ്രധാനമായി മലിനജലത്തിലൂടെയും രോഗങ്ങൾക്കു പകരാൻ കഴിയുമെന്നു ലേവ്യപുസ്തകം 11-ാം അദ്ധ്യായം തത്ത്വത്തിൽ സ്ഥിരീകരിക്കുന്നു. ഈ രണ്ടാമത്തെ സംഗതി രോഗം സൂക്ഷ്മാണുക്കളാലാണ് ഉളവാക്കപ്പെടുന്നത് എന്ന തത്ത്വത്തിനു തെളിവു നൽകുന്നു, ബൈബിൾ ല്യൂവെൻഹുക്കിനേക്കാളും (1683) പാസ്റററേക്കാളും (19-ാം നൂററാണ്ട്) സഹസ്രാബ്ദങ്ങൾ മുമ്പിലാണെന്നു പ്രകടമാക്കിക്കൊണ്ടുതന്നെ. ലേവ്യപുസ്തകം 13-ാം അദ്ധ്യായത്തിൽ കുഷ്ഠത്തിന്റെ കേസുകളിൽ അനുശാസിച്ചിരിക്കുന്ന സമ്പർക്കരോധത്തെ സംബന്ധിച്ചും ഇതുതന്നെ പറയാൻ കഴിയും.
ലേവ്യപുസ്തകം 11:13-20-ൽ രേഖപ്പെടുത്തിയിരിക്കുന്ന ആഹാരസംബന്ധമായ നിരോധനങ്ങളിൽ ഇരപിടിയൻമാരായ പരുന്തുകളും, ഞാറപ്പക്ഷികളും, മൂങ്ങാകളും മലഭുക്കുകളായ കാക്കയും കഴുകനും ഉൾപ്പെട്ടിരുന്നു. ഭക്ഷ്യശൃംഖലയിൽ ഏററവും മുകളിലായ അവ വലിയ അളവിൽ ജീവവിഷങ്ങൾ ശേഖരിക്കുന്നു. ഭക്ഷ്യശൃംഖലയിൽ താഴെയുള്ള ജീവികൾ നിസ്സാരമായ തോതിൽ ഈ ജീവവിഷങ്ങൾ വയററിലാക്കുന്നു, എന്നാൽ ഭക്ഷ്യശൃംഖലയിൽ മുകളിലുള്ളവ സാന്ദ്രിതമായ അളവിൽ അവ സംഭരിക്കുന്നു. മോശൈകന്യായപ്രമാണം സസ്യഭുക്കുകളും ജീവവിഷങ്ങൾ സംഭരിച്ച ഭക്ഷ്യശൃംഖലയിൽ പെടാത്തവയുമായ ചില ജീവികളെ ഭക്ഷിക്കുന്നതിനു അനുവദിച്ചിരുന്നു. നിരോധിക്കപ്പെട്ടിരുന്ന ചിലതരം മാംസങ്ങൾ ട്രിച്ചിനോസിസനിടയാക്കിയ ഉരുളൻവിര പോലുള്ള പരോപജീവികൾക്ക് അഭയം നൽകി.
മോശൈകന്യായപ്രമാണത്തിൽ പലേടത്തും കാണപ്പെടുന്ന രക്തത്തിന്റെ ദുരുപയോഗത്തിനെതിരെയുള്ള ബൈബിൾ നിരോധനം 3,500 വർഷത്തിനുശേഷം ഇപ്പോൾ വൈദ്യസംബന്ധമായി സയുക്തികമാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുന്നു. (ഉല്പത്തി 9:4; ലേവ്യപുസ്തകം 3:17; 7:26; 17:10-16; 19:26; ആവർത്തനം 12:16; 15:23) ഈ നിയന്ത്രണം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പ്രവൃത്തികൾ 15:20, 29-ലും 21:25-ലും ആവർത്തിച്ചിരിക്കുന്നു. കിഡ്നി ഡയാലിസിസിലും ഹൃദയ-ശ്വാസകോശ പമ്പുകളിലും സാധാരണ ശസ്ത്രക്രിയയിലും ദാനം ചെയ്യപ്പെട്ട രക്തത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനോ പൂർണ്ണമായി ഒഴിവാക്കുന്നതിനോ വൈദ്യശാസ്ത്രം ശ്രമിച്ചുകൊണ്ടിരിക്കയാണ്. അനേക രൂപങ്ങളിലുള്ള കരൾവീക്കവും എയ്ഡ്സും സൈറേറാമെഗാലോവൈറസ് രോഗാണുസംക്രമണവും, കൂടാതെ മററ് അസംഖ്യം രക്തവാഹിത രോഗങ്ങളും ദൈവത്തിന്റെ നിയമങ്ങളെ അവഗണിക്കുന്ന ലോകജ്ഞാനികൾക്ക് ഞെട്ടിക്കുന്ന ഓർമ്മിപ്പിക്കലുകളായി നിലകൊള്ളുന്നു.
വ്യായാമം നല്ല ആരോഗ്യത്തിനു മർമ്മപ്രധാനമാണ്, അതിന്റെ പ്രയോജനങ്ങൾ ബൈബിൾ സമ്മതിച്ചുപറയുകയും ചെയ്യുന്നു. ഒരു തവണ 20 മിനിററു വീതം വാരത്തിൽ മൂന്നു പ്രാവശ്യം ചെയ്യുന്ന ചുറുചുറുക്കോടെയുള്ള വ്യായാമത്തിനു ഹൃദയത്തിന്റെയും രക്തചംക്രമണത്തിന്റെയും വിപൽസാദ്ധ്യതയെ ലഘൂകരിക്കാൻ കഴിയും. അതു കൊളെസ്റെററോളിന്റെ സംരക്ഷണാത്മക എച്ച്ഡിഎൽ രൂപത്തെ വർദ്ധിപ്പിക്കുന്നു, നിങ്ങളുടെ ഊർജ്ജനില മെച്ചപ്പെടുത്തുന്നു, വഴക്കവും ക്ഷേമബോധവും വർദ്ധിപ്പിക്കുന്നു. വ്യായാമത്തിന്റെ പ്രയോജനങ്ങളെ അംഗീകരിക്കുമ്പോൾത്തന്നെ, അതിനെ കൂടുതൽ പ്രധാനമായ ആത്മീയവികാസത്തിനു പിന്നിൽ നിർത്തുന്നു: “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.”—1 തിമൊഥെയോസ് 4:8.
ബൈബിളിലെ ധാർമ്മിക നിയമങ്ങൾ ലൈംഗികമായി പകരുന്ന രോഗങ്ങൾക്കെതിരെയുള്ള മുഖ്യ സംരക്ഷണമായി ഉതകുന്നു. നിസ്സംശയമായും ഈ രോഗങ്ങൾ മുമ്പും ഉണ്ടായിരുന്നെങ്കിലും നൂററാണ്ടുകളോളം പണ്ഡിതർ അവയെ തിരിച്ചറിയുകയോ ഒരുപക്ഷേ സംശയിക്കുകപോലുമോ ചെയ്തില്ല.—പുറപ്പാട് 20:14; റോമർ 1:26, 27; 1 കൊരിന്ത്യർ 6:9, 18; ഗലാത്യർ 5:19.
“വളരെ കൃത്യമായ ഒരു ശാസ്ത്രീയ ഗ്രന്ഥം”
പൊ. യു. മു. (പൊതുയുഗത്തിനു മുമ്പ്) അഞ്ചും നാലും നൂററാണ്ടുകളിലെ ഒരു ഗ്രീക്ക്വൈദ്യനായിരുന്നു “ഔഷധത്തിന്റെ പിതാവ്” എന്നറിയപ്പെടുന്ന ഹിപ്പൊക്രററീസ്. എന്നാൽ രോഗങ്ങളെപ്പററി ബൈബിൾ പറയുന്നതിലധികവും അതിന് ഒരു ആയിരം വർഷം മുമ്പു മോശെ എഴുതിയിരുന്നു. എന്നിട്ടുപോലും, ശ്രദ്ധേയമായി ദ എ എം എ ന്യൂസ് ഒരു ഡോക്ടറുടെ കത്തു പ്രസിദ്ധീകരിച്ചു, അത് ഇങ്ങനെ പ്രസ്താവിച്ചു: “ഇപ്പോൾ ഏററവും നല്ല വേലയിലേർപ്പെട്ടിരിക്കുന്ന ഏററവും അഭിജ്ഞരായ വൈദ്യ ഗവേഷകർ ബൈബിൾ . . . ഒരു കൃത്യമായ ശാസ്ത്രീയ ഗ്രന്ഥമാണെന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. ജീവൻ, രോഗനിർണ്ണയം, ചികിത്സ, പ്രതിരോധ ഔഷധം എന്നിവ സംബന്ധിച്ചു ബൈബിളിൽ നൽകിയിരിക്കുന്ന വസ്തുതകൾ ഹിപ്പൊക്രററീസിന്റെ സിദ്ധാന്തങ്ങളേക്കാൾ—അവയിൽ അനേകവും ഇപ്പോഴും തെളിയിക്കപ്പെടാത്തതും ചിലതു തീർത്തും പിശകെന്നു കണ്ടെത്തപ്പെടുന്നതുമാണ്—വളരെ പുരോഗമിച്ചതും ആശ്രയയോഗ്യവുമാണ്.”
ഡോ. റെൻഢൽ ഷോർട്ട്, ബൈബിളും ആധുനിക വൈദ്യശാസ്ത്രവും (The Bible and Modern Medicine) എന്ന തന്റെ പുസ്തകത്തിൽ പുരാതന ഇസ്രയേലിനു ചുററുമുണ്ടായിരുന്ന ദേശങ്ങളിൽ ആരോഗ്യപരിപാലന നിയമങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ അവ വളരെ പ്രാഥമികം മാത്രമായിരുന്നു എന്നു ചൂണ്ടിക്കാട്ടിയതിനുശേഷം ഇങ്ങനെ പറഞ്ഞു: “അശാസ്ത്രീയമെന്ന് ആരോപിക്കപ്പെടുന്ന ബൈബിൾ പോലുള്ള ഒരു ഗ്രന്ഥത്തിൽ ആരോഗ്യപരിപാലന നിയമം ഉണ്ടായിരിക്കുന്നതാണു കൂടുതൽ അതിശയകരം, അതേപോലെതന്നെ അതിശയകരമാണ് അടിമത്തത്തിൽ നിന്നു വിടുവിക്കപ്പെട്ടിട്ട് അധികം നാളാകാഞ്ഞ, കൂടെക്കൂടെ ശത്രുക്കളാൽ അതിക്രമിക്കപ്പെടുകയും ഇടവിട്ടിടവിട്ട് അടിമത്തത്തിലേക്കു കൊണ്ടുപോകപ്പെടുകയും ചെയ്ത, ഒരു ജനതക്ക് അതിന്റെ നിയമപുസ്തകങ്ങളിൽ ആരോഗ്യത്തെക്കുറിച്ച് ഇത്ര വിജ്ഞാനപ്രദവും ന്യായയുക്തവുമായ ഒരു നിയമസംഹിത ഉണ്ടായിരിക്കുന്നത്.”
മാനസികമായ ഉൽപത്തിയുള്ള ശാരീരിക രോഗപ്രശ്നങ്ങൾ
ചില ആരോഗ്യ ക്രമക്കേടുകളിൽ മനസ്സും ശരീരവും തമ്മിലുള്ള ബന്ധം വൈദ്യശാസ്ത്രരംഗത്തു പൊതുവെ അംഗീകരിക്കപ്പെടുന്നതിനു വളരെ മുമ്പു ബൈബിൾ അംഗീകരിക്കുകവഴി അതു വൈദ്യശാസ്ത്രപരമായി മുൻപന്തിയിലാണെന്നു തെളിയിച്ചിരിക്കുന്നു. കൂടാതെ, ശാരീരികരോഗം പ്രത്യക്ഷമാകുന്നതിൽ മനസ്സിനുള്ള പങ്കിനെ സംബന്ധിച്ച ബൈബിളിന്റെ വിശദീകരണം വ്യക്തമായ ഗ്രാഹ്യത്തിന്റെ ഒരു മാതൃകയായി നിലനിൽക്കുന്നു. സദൃശവാക്യങ്ങൾ 17:22 പ്രസ്താവിക്കുന്നു: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.” ഇവിടെ ദൈവവിധിയായി ഒന്നും ഇല്ലെന്നു ശ്രദ്ധിക്കുക, വസ്തുതയുടെ പ്രസ്താവന മാത്രമേയുള്ളു. അസന്തുഷ്ട ചിന്തകളാലും വികാരങ്ങളാലും കീഴടക്കപ്പെട്ട ഒരു വ്യക്തിയോട് വിഷാദിക്കാതിരിക്കൂ എന്നു പറയുന്നതിനു അവിടെ യാതൊരു ബുദ്ധ്യുപദേശവുമില്ല, അത് അത്ര നിസ്സാരമാണെന്ന മട്ടിൽ.
ഒരു ക്രിയാത്മകമായ മനോഭാവം സഹായകമാണ്; ഉത്ക്കണ്ഠ ദുർബലപ്പെടുത്തുന്നതും വിനാശകരവുമാണ്. “മനോവ്യസനം ഹേതുവായി മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 12:25) സദൃശവാക്യങ്ങൾ 18-ാം അദ്ധ്യായത്തിന്റെ 14-ാം വാക്യം പരിചിന്തനീയമാണ്: “പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?” ഒരളവിലുള്ള ശാരീരിക അസ്വസ്ഥത സഹിച്ചുനില്ക്കുന്നതിനുള്ള ഒരുവന്റെ കഴിവ് അയാളുടെ ആത്മീയ ബലത്തിന്റെ സഹായത്തോടെ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ഈ തിരുവെഴുത്തു സൂചിപ്പിക്കുന്നു.
യേശുവിന്റെ മലമ്പ്രസംഗത്തിന്റെ മനഃശാസ്ത്രപരമായ മൂല്യം സംബന്ധിച്ചു മനോരോഗവിദഗ്ദ്ധനായ ജയിംസ് ററി. ഫിഷറിനു പറയാനുണ്ടായിരുന്നത് ഇതാണ്: “മാനസിക ആരോഗ്യം എന്ന വിഷയത്തെക്കുറിച്ച് ഏററവും യോഗ്യരായ മനഃശാസ്ത്രജ്ഞരും മനോരോഗവിദഗ്ദ്ധരും എക്കാലവും ആധികാരികമായി എഴുതിയിട്ടുള്ള സകല ലേഖനങ്ങളുടെയും ആകെത്തുക എടുക്കുകയാണെങ്കിൽ—അവ മുഴുവൻ സംയോജിപ്പിക്കുകയും പരിഷ്കരിക്കയും വാഗ്പെരുപ്പം ഒഴിവാക്കുകയുമാണെങ്കിൽ—കഴമ്പുള്ള വിവരങ്ങൾ എല്ലാം എടുക്കുകയും ഭംഗിവാക്കുകൾ ഒഴിവാക്കുകയുമാണെങ്കിൽ, ജീവിച്ചിരിക്കുന്ന ഏററം പ്രാപ്തരായ കവികളെക്കൊണ്ട് ഈ ശുദ്ധ ശാസ്ത്രീയ വിജ്ഞാനത്തിന്റെ കലർപ്പില്ലാത്ത ശകലങ്ങൾ പ്രസ്താവിപ്പിക്കുകയാണെങ്കിൽ നിങ്ങൾക്കു ഗിരിപ്രഭാഷണത്തിന്റെ വികൃതവും അപൂർണ്ണവുമായ ഒരു സങ്കലനമായിരിക്കും ലഭിക്കുക. തുലനം ചെയ്താൽ അത് അത്യന്തം അപര്യാപ്തമായിരിക്കും.”—കാണാതായ ചില ബട്ടണുകൾ, (A Few Buttons Missing), പേജ് 273.
വൈകാരികമായ ഉല്പത്തിയുള്ള തോന്നലുകൾക്കു നമ്മുടെ ശാരീരിക അവസ്ഥയെ സ്വാധീനിക്കാൻ കഴിയും, എന്നാൽ യഥാർത്ഥത്തിൽ ശാരീരിക രോഗമില്ലെന്ന് അത് അതിൽത്തന്നെ അർത്ഥമാക്കുന്നില്ല. അതുകൊണ്ട്, ആദ്യം ശാരീരിക ആവശ്യങ്ങളിൽ സഹായിക്കാൻ ശ്രമിക്കുന്നതും കുറഞ്ഞപക്ഷം അസുഖം അംഗീകരിക്കുകയെങ്കിലും ചെയ്യുന്നതും സഹിച്ചുനിൽക്കാൻ ഒരുവനെ സഹായിക്കുന്ന ക്രിയാത്മകമായ ഒരു മനസ്ഥിതിക്കും മനോഭാവത്തിനും പ്രോത്സാഹിപ്പിക്കുന്നതും പ്രധാനമാണ്. ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ കൃത്യമായ ചികിത്സ ലഭ്യമല്ലാത്തപ്പോൾ ഇതു വിശേഷാൽ പ്രധാനമാണ്.
ആദാമിന്റെ പാപത്തിനുശേഷം മരണം മുഴു മനുഷ്യവർഗ്ഗത്തിനും മുൻനിർണ്ണയിക്കപ്പെട്ട ഒരു ജനിതക യാഥാർത്ഥ്യമാണ്. (റോമർ 5:12) അതുകൊണ്ട്, ഒരു വ്യക്തിയുടെ ഒരു പ്രത്യേക രോഗം അയാളുടെ ആത്മീയ അവസ്ഥയോടു ബന്ധപ്പെടുത്തുന്നതു സാധാരണയായി ഉചിതമായിരിക്കില്ല. വൈകാരികമായി ദുർബലാവസ്ഥയിലായിരിക്കുന്ന വ്യക്തികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇതു മനസ്സിൽ വയ്ക്കുന്നതു പ്രധാനമാണ്.
ഡോക്ടറുടെ പങ്ക്
ഡോക്ടർമാരോടും ആധുനിക വൈദ്യചികിത്സയോടും ക്രിസ്ത്യാനികൾക്ക് എന്തു സമീപനമാണുണ്ടായിരിക്കേണ്ടത്? ബൈബിൾ പരിശോധിക്കുമ്പോൾ ഡോക്ടർമാർക്ക് അനർഹമായ ആദരവു നൽകുന്നതിനോ നല്ല ആരോഗ്യത്തിനുള്ള അന്തിമപ്രത്യാശയെന്ന നിലയിൽ വൈദ്യസാങ്കേതികത്വത്തിലേക്കു നോക്കുന്നതിനോ യാതൊരു തിരുവെഴുത്തടിസ്ഥാനവുമില്ലെന്നു നാം കാണുന്നു. എന്നാൽ മറിച്ചായിരിക്കുന്നതിനു തെളിവുണ്ട്. “പല വൈദ്യൻമാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏററവും പരവശയായി തീർന്നിരുന്ന” അനേക വർഷങ്ങളായി “രക്തസ്രാവമുണ്ടായിരുന്ന ഒരു സ്ത്രീയെ”ക്കുറിച്ച് മർക്കോസ് നമ്മോടു പറയുന്നു. (മർക്കൊസ് 5:25-29) ഇന്ന് ഈ സാധാരണ അസുഖം മിക്കപ്പോഴും വിജയകരമായി ചികിത്സിക്കപ്പെടുന്നുണ്ടെങ്കിലും അനേക രോഗങ്ങളും ചികിത്സിക്കാൻ കഴിയാത്തതായി അവശേഷിക്കുന്നു, ചികിത്സിക്കാൻ പററാത്ത ഒരു പററം പുതിയ രോഗങ്ങൾ നിരന്തരം കണ്ടുപിടിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.
എന്നിരിക്കിലും, ഒട്ടുംതന്നെ വിലയില്ലാത്തതായി പരമ്പരാഗത വൈദ്യചികിത്സയെ വീക്ഷിക്കുന്ന ചിലർ സ്വീകരിച്ചിരിക്കുന്ന ഇതിനു വിരുദ്ധമായ അങ്ങേയററത്തെ സമീപനത്തെ ബൈബിൾ പിന്താങ്ങുന്നില്ല. ചിലർ ഡോക്ടറെ തൽസ്ഥാനത്തു നിന്നു മാററി തങ്ങളെത്തന്നെയോ വൈദ്യസംബന്ധമല്ലാത്ത ചിന്ത കൂടാതെ പെട്ടെന്നുണ്ടായേക്കാവുന്ന മറേറതെങ്കിലും സമീപനത്തെയോ ആ സ്ഥാനത്തു പുനഃപ്രതിഷ്ഠിക്കും. കൊലൊസ്യർ 4:14-ൽ ലൂക്കോസിനെക്കുറിച്ചുള്ള വൈദ്യനായ “പ്രിയ” എന്ന വർണ്ണന അവന്റെ വൈദ്യസംബന്ധമായ കഴിവുകളേക്കാളേറെ അവന്റെ ആത്മീയ ഗുണങ്ങളെയാണ് പരാമർശിച്ചത് എന്നതിൽ സംശയമില്ല. എന്നിരുന്നാലും, തിരുവെഴുത്തുകളുടെ ഒരു ഭാഗം ദൈവനിശ്വസ്തതയോടെ എഴുതുന്നതിൽ അവൻ ആസ്വദിച്ച പദവി സദാചാരപരമല്ലാത്തതോ തിരുവെഴുത്തുപരമല്ലാത്തതോ ആയ വൈദ്യചികിത്സ നടത്തുന്ന ഒരാൾക്കു നൽകപ്പെടുന്നതിനു സാധ്യത ഉണ്ടായിരിക്കുമായിരുന്നില്ല.
ഹിപ്പൊക്രററീസിന്റെ സ്വാധീനത്തെ സൂചിപ്പിക്കുന്ന സാങ്കേതിക ഭാഷയും വൈദ്യസംബന്ധമായ വിവരണങ്ങളും ഉപയോഗിച്ചുകൊണ്ട് ലൂക്കോസ് തന്റെ കാലത്തു നവീനമായിരുന്ന ചികിത്സ നടത്തിയിരുന്നുവെന്നു സൂചിപ്പിക്കുന്ന തെളിവുണ്ട്. ഹിപ്പൊക്രററീസ് എല്ലായ്പ്പോഴും കൃത്യതയുള്ളവനല്ലായിരുന്നെങ്കിലും തന്റെ ചികിത്സ യുക്തിസഹമാക്കുന്നതിനു ശ്രമിക്കുകതന്നെ ചെയ്യുകയും ചികിത്സ സംബന്ധിച്ച അന്ധവിശ്വാസങ്ങളേയും മതപരമായ വ്യാജസിദ്ധാന്തങ്ങളേയും അപലപിക്കുകയും ചെയ്തു. രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദ്യസംബന്ധമായ അനുഭവപരിചയമുള്ളവർക്കു കുറെ മൂല്യമുണ്ടെന്നു അംഗീകരിക്കപ്പെട്ടിരുന്നില്ലെങ്കിൽ “ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല” എന്ന ലൂക്കൊസ് 5:31-ലെ യേശുവിന്റെ ലളിതമായ ദൃഷ്ടാന്തത്തിനു യാതൊരർത്ഥവും ഉണ്ടാകുമായിരുന്നില്ല.
ആൻറിബയോട്ടിക്കുകളുടെയും ആൻറിസെപ്ററിക്കുകളുടെയും വേദനാസംഹാരികളുടെയും ഉപയോഗം ആവശ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ അവയുടെ ഉപയോഗത്തെ ആക്ഷേപിക്കുന്നതിന് അങ്ങേയററത്തെ ഒരു വീക്ഷണം സ്വീകരിക്കുന്നതിനു തിരുവെഴുത്തടിസ്ഥാനമില്ല. യിരെമ്യാവു 46:11-ഉം 51:8-ഉം വേദനയെ ശമിപ്പിക്കുന്ന സവിശേഷതയുള്ളതും ആൻറിസെപ്ററിക്കിന്റെ മൂല്യമുള്ളതുമായ ഗിലെയാദിലെ ഒരു തൈലത്തെ വർണ്ണിക്കുന്നു. മരുന്ന് ഉള്ളിൽ കഴിക്കുന്നതിനെതിരെ തിരുവെഴുത്തുപരമോ സിദ്ധാന്തപരമോ ആയ യാതൊരു നിലപാടുമില്ല.
എന്നിരുന്നാലും, ഈച്ചകളും കൊതുകുകളും ഒച്ചുകളും പരത്തുന്ന രോഗവുമായുള്ള തുടർച്ചയായ സമ്പർക്കത്തെ—ഇതാണ് ലോകവ്യാപകമായ മരണത്തിന്റെ ഒന്നാമത്തെ കാരണം—നേരിടുന്നതിനു വലിയ അളവുകളിലുള്ള ആൻറിബയോട്ടിക്കുകൾക്കു കഴിഞ്ഞിട്ടില്ല. ആരോഗ്യപ്രവർത്തകർ തിരികെപോയി സുരക്ഷിതമായ മാലിന്യനശീകരണം, ജലവിതരണത്തിന്റെ സംരക്ഷണം, കീടവാഹിനികളെ നിയന്ത്രിക്കൽ, വ്യക്തികൾ തമ്മിലും കൈയും വായും തമ്മിലുള്ള സമ്പർക്കം സംബന്ധിച്ച മുൻകരുതൽ എന്നിങ്ങനെയുള്ള അടിസ്ഥാന ബൈബിൾ തത്ത്വങ്ങൾ തൊട്ടു തുടങ്ങേണ്ടിയിരുന്നു. 1970-കളോളം അടുത്തകാലത്ത്, ആശുപത്രികളിലെ വെള്ളത്തൊട്ടികൾക്കു മുകളിലും രോഗികളുടെ കിടക്കകൾക്കു മുകളിലും സ്ഥാപിച്ചിരുന്ന സൂചനാബോർഡുകൾ മൂലം നഴ്സുമാരും ഡോക്ടർമാരും നിരന്തരമായി ഇങ്ങനെ അനുസ്മരിപ്പിക്കപ്പെട്ടു: “കൈകൾ കഴുകൂ”—രോഗം പകരുന്നതു തടയുന്നതിനുള്ള ഒന്നാന്തരം മാർഗ്ഗം തന്നെ.
ഒരു മുന്നറിയിപ്പിൻ വാക്ക്
ആരോഗ്യ ഉപദേശം നൽകുന്നവർ—ഒരു ഡോക്ടറോ, ഞരമ്പുചികിത്സകനോ, ഹോമിയോപ്പതി ചികിത്സകനോ, സദുദ്ദേശ്യമുള്ളവനെങ്കിലും വിവരമില്ലാത്ത ഒരു സുഹൃത്തോ ആയാലും—അനാരോഗ്യത്തിലായിരിക്കുന്ന ആരെയെങ്കിലും ഉപദേശിക്കുമ്പോഴൊക്കെ ഒരു മുഖ്യ ഉത്തരവാദിത്തം ഏറെറടുക്കുകയാണു ചെയ്യുന്നത്. അവർ നൽകുന്ന ഉപദേശം ഹാനികരമായിരിക്കുമ്പോൾ അല്ലെങ്കിൽ മിക്കപ്പോഴും ഫലപ്രദമായിരുന്നിട്ടുള്ള സഹായത്തെ തിരിച്ചുവിടുകയോ അതിനെതിരെ മുൻവിധി ഉളവാക്കുകയോ അതു താമസിപ്പിക്കുകയോ ചെയ്യുമ്പോൾ ഇതു പ്രത്യേകിച്ചും വാസ്തവമായിരിക്കും. സഹായത്തിനുവേണ്ടിയുള്ള വ്യക്തിപരമായ ഒരു സാഹസികാന്വേഷണം നടത്തുമ്പോൾ പൊട്ടവൈദ്യത്തിനും ഭൂതവിദ്യക്കും എതിരെ ജാഗ്രത പാലിക്കണമെന്നു ബൈബിളിൽ മതിയായ മുന്നറിയിപ്പുകളുണ്ട്. സദൃശവാക്യങ്ങൾ 14:15 ഓർക്കുക: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”
വിശുദ്ധ തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന തത്ത്വങ്ങൾ ആരോഗ്യം പരിരക്ഷിക്കുന്നതിന് ഇന്നു പ്രയോഗികമാണോ? മോശൈക ന്യായപ്രമാണത്തിലെ മുഖ്യ ശ്രദ്ധ രോഗപ്രതിരോധം ആയിരുന്നതുപോലെതന്നെ ഇന്ന് ആരോഗ്യപരിപാലനത്തോടുള്ള പ്രതിരോധസമീപനം മുഖ്യമായും ചികിത്സയിൽ അധിഷ്ഠിതമായിരിക്കുന്ന സമീപനത്തെക്കാൾ വളരെയേറെ മൂല്യമുള്ളതാണെന്നു തെളിഞ്ഞിരിക്കുന്നു. അല്പവികസിത രാജ്യങ്ങളിൽ ആധുനികമായ ആരോഗ്യചികിത്സ നടപ്പിലാക്കാൻ ശ്രമിച്ചതിലുള്ള ലോകാരോഗ്യ സംഘടനയുടെ ആധുനികപാഠമിതാണ്: “രോഗപ്രതിരോധമാണു രോഗചികിത്സയേക്കാൾ മെച്ചം.”
അവസാനമായി, നല്ല ആരോഗ്യം ദൈവമഹത്വത്തിനായി സന്തോഷകരമായ രാജ്യവേലയെ വികസിപ്പിക്കുന്നതിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തിൽ ഒരു ക്രിസ്ത്യാനിക്ക് ആരോഗ്യം സംബന്ധിച്ച് ആദരവോടെയുള്ള ഒരു ദീർഘകാലവീക്ഷണമുണ്ടായിരിക്കണം. ആ രാജ്യഭരണത്തിൻ കീഴിലെ വാഗ്ദാനമിതാണ്: “‘എനിക്കു ദീനം’ എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24. (g91 11⁄22)
[4-ാം പേജിലെ ചിത്രം]
“ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെട്ടപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല”