വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വാർത്താറിപ്പോർട്ടുകളനുസരിച്ച്, ചില ആശുപത്രികൾ ഒരു കുട്ടി ജനിച്ചശേഷം മറുപിള്ളയും പൊക്കിൾക്കൊടിയും സൂക്ഷിച്ചു വെക്കുന്നു. അവയിലുള്ള രക്തത്തിൽനിന്നു ചില വസ്തുക്കൾ വേർതിരിച്ചെടുക്കുന്നതിനുവേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അത് ഒരു ക്രിസ്ത്യാനിയെ ഉത്കണ്ഠപ്പെടുത്തേണ്ടതുണ്ടോ?
മിക്കയിടങ്ങളിലും അപ്രകാരം സംഭവിക്കുന്നില്ലാത്തതിനാൽ ക്രിസ്ത്യാനികൾ ഉത്കണ്ഠപ്പെടേണ്ടതില്ല. ഒരു ക്രിസ്ത്യാനി പ്രസവിക്കാൻ പോകുന്ന ആശുപത്രിയിൽ അത്തരമൊരു നടപടി പിൻപറ്റുന്നതായി വിശ്വസിക്കുന്നതിനു വേണ്ടത്ര കാരണമുണ്ടെങ്കിൽ, മറുപിള്ളയും പൊക്കിൾക്കൊടിയും ഒരു വിധത്തിലും ഉപയോഗിക്കാതെ നശിപ്പിച്ചുകളയാൻ ഡോക്ടറോട് ആവശ്യപ്പെടുന്നത് ഉചിതമായിരിക്കും.
നിരവധി വൈദ്യശാസ്ത്ര ഉത്പന്നങ്ങൾ ജീവശാസ്ത്രപരമായ ഉറവിടങ്ങളിൽനിന്ന്—മൃഗങ്ങളിൽനിന്നോ മനുഷ്യരിൽനിന്നോ—എടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, ചനയുള്ള കുതിരകളുടെ മൂത്രത്തിൽനിന്നാണു ചില ഹോർമോണുകൾ എടുത്തിരിക്കുന്നത്. കുതിരരക്തം ടെറ്റനസ് സീറത്തിന്റെ ഒരു ഉറവിടമായിരുന്നിട്ടുണ്ട്. ദീർഘകാലമായി, രോഗത്തെ ചെറുത്തുനിൽക്കാനുള്ള ഗാമാഗ്ലോബുലിൻ മനുഷ്യ മറുപിള്ളയിലെ (മാശ്) രക്തത്തിൽനിന്നാണ് എടുത്തിരിക്കുന്നത്. ചില ആശുപത്രികൾ മറുപിള്ളകൾ എടുത്ത്, തണുപ്പിച്ചു കട്ടിയാക്കി വെക്കുന്നു. പിന്നീടവയെ ഒരു ഔഷധനിർമാണ പരീക്ഷണശാലയിലേക്കു കൊണ്ടുപോകുന്നു. തന്മൂലം, ആൻറിബോഡികൾ സമൃദ്ധമായുള്ള രക്തം ഒരു പ്രത്യേക പ്രക്രിയയ്ക്കു വിധേയമാക്കി ഗാമാഗ്ലോബുലിൻ വേർതിരിച്ചെടുക്കാൻ കഴിയും.
സമീപകാലത്ത്, മാശിൽനിന്നെടുത്ത രക്തം ഒരുതരം രക്താർബുദത്തെ ചികിത്സിക്കുന്നതിൽ വിജയപ്രദമായിരുന്നതായി ഗവേഷകർ അവകാശപ്പെട്ടു. രോഗപ്രതിരോധ വ്യവസ്ഥയിലുള്ള ചില ക്രമക്കേടുകൾക്കു ചികിത്സിക്കുന്നതിനോ മജ്ജ മാറ്റിവെക്കുന്നതിനുള്ള ഘടകങ്ങൾക്കു പകരമായോ അത്തരം രക്തം ഉപയോഗപ്രദമായിരുന്നേക്കാം എന്നാണ് അനുമാനം. തന്മൂലം, മാതാപിതാക്കൾ കുട്ടികളുടെ ഭാവി ചികിത്സയ്ക്ക് ഉപയോഗപ്രദമായിരിക്കത്തക്കവണ്ണം മറുപിള്ളയിൽനിന്നെടുത്ത രക്തം തണുപ്പിച്ചു കട്ടിയാക്കി ശേഖരിച്ചുവെക്കുന്ന രീതിക്ക് ഒരളവുവരെ പ്രചാരം ലഭിച്ചിരിക്കുന്നു.
ദൈവത്തിന്റെ പരിപൂർണ നിയമത്താൽ തങ്ങളുടെ ചിന്താഗതികളെ നിയന്ത്രിക്കുന്ന സത്യക്രിസ്ത്യാനികൾക്ക്, മറുപിള്ളയിൽനിന്നു ലഭ്യമാകുന്ന രക്തത്തിന്റെ അത്തരം വാണിജ്യവത്കരണം അൽപ്പംപോലും പ്രലോഭനമായിരിക്കുന്നില്ല. നമ്മുടെ സ്രഷ്ടാവ് രക്തത്തെ പാവനമായി, ദൈവദത്ത ജീവനെ പ്രതിനിധാനം ചെയ്യുന്ന ഒന്നായി വീക്ഷിക്കുന്നു. അവന്റെ അംഗീകാരത്തോടുകൂടെ രക്തം ഉപയോഗിക്കാൻ കഴിയുമായിരുന്നതു യാഗങ്ങളോടുള്ള ബന്ധത്തിൽ, യാഗപീഠത്തിൽ മാത്രമായിരുന്നു. (ലേവ്യപുസ്തകം 17:10-12; റോമർ 3:25; 5:8-ഉം എഫെസ്യർ 1:7-ഉം താരതമ്യം ചെയ്യുക.) മറ്റു സന്ദർഭങ്ങളിലെല്ലാം, ഒരു ജന്തുവിൽനിന്നെടുത്ത രക്തം തറയിൽ ഒഴിച്ചു മണ്ണിട്ടു മൂടണമായിരുന്നു.—ലേവ്യപുസ്തകം 17:13; ആവർത്തനപുസ്തകം 12:15, 16.
ക്രിസ്ത്യാനികൾ മൃഗത്തെ വേട്ടയാടുകയോ കോഴിയെ അല്ലെങ്കിൽ ആടിനെ കൊല്ലുകയോ ചെയ്യുമ്പോൾ അവർ അവയുടെ രക്തം വാർന്നുപോകാൻ ഇടയാക്കിക്കൊണ്ട് അതു നിർമാർജനം ചെയ്യുന്നു. അവർ അക്ഷരാർഥത്തിൽ അവയുടെ രക്തം തറയിൽ ഒഴിക്കേണ്ടതില്ല. എന്നാൽ മറ്റെന്തിനെങ്കിലുംവേണ്ടി ഉപയോഗിക്കുന്നതിനു പകരം രക്തം നിർമാർജനം ചെയ്യുക എന്നതാണ് ആശയം.
തങ്ങളിൽനിന്ന് എടുത്തുമാറ്റിയ ജൈവവസ്തുക്കൾ, അവ ശരീര വിസർജ്യങ്ങളോ രോഗബാധിത ശരീരകലയോ രക്തമോ എന്തുതന്നെയായിരുന്നാലും, നിർമാർജനം ചെയ്യപ്പെടുകയാണെന്ന് ആശുപത്രിയിലാക്കപ്പെടുന്ന ക്രിസ്ത്യാനികൾ മനസ്സിലാക്കുന്നു. ഒരു ഡോക്ടർ ആദ്യം മൂത്രപരിശോധന, ട്യൂമർ ബാധിച്ച കലയുടെ രോഗാത്മക പരിശോധന, രക്തപരിശോധന എന്നിങ്ങനെയുള്ള ചില പരിശോധനകൾ നടത്താൻ ആഗ്രഹിക്കുന്നുവെന്നു വരാം. എന്നാൽ, അതിനു ശേഷം ആ വസ്തുക്കൾ തദ്ദേശനിയമമനുസരിച്ചു നിർമാർജനം ചെയ്യപ്പെടുന്നു. അപ്രകാരം ചെയ്യാൻ ആശുപത്രിയിലുള്ള രോഗികൾ പ്രത്യേകം ആവശ്യപ്പെടേണ്ടതില്ല. കാരണം, അത്തരം ജൈവവസ്തുക്കൾ നിർമാർജനം ചെയ്യുന്നതു ന്യായയുക്തമാണ്, വൈദ്യശാസ്ത്ര വിചക്ഷണതയുമാണ്. അത്തരമൊരു സാധാരണ നടപടി പിൻപറ്റാമോ എന്നു സംശയിക്കാൻ മതിയായ കാരണമുള്ള ഒരു രോഗിക്ക്, ഉത്തരവാദിത്വപ്പെട്ട ഡോക്ടർക്ക് അതേക്കുറിച്ചു സൂചന നൽകാവുന്നതാണ്. മതപരമായ കാരണങ്ങളാൽ അത്തരം സകല വസ്തുക്കളും നിർമാർജനം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നു രോഗിക്കു വ്യക്തമാക്കാം.
എന്നിരുന്നാലും, നേരത്തെ സൂചിപ്പിച്ചതുപോലെ, ഇത് ഒരു സാധാരണ രോഗിയെ യാതൊരു കാരണവശാലും ഉത്കണ്ഠപ്പെടുത്തേണ്ടതില്ല. കാരണം, മിക്ക സ്ഥലങ്ങളിലും മറുപിള്ളയുടെ അല്ലെങ്കിൽ മറ്റു ജൈവവസ്തുക്കളുടെ അത്തരം ഉദ്ധാരണവും പുനരുപയോഗവും ക്രമമായി നടത്തുന്നതുപോയിട്ട് അതേക്കുറിച്ചു പരിചിന്തിക്കുന്നതുകൂടിയില്ല.
1997 ജനുവരി 1 ലക്കം “വീക്ഷാഗോപുര”ത്തിൽ പ്രത്യക്ഷപ്പെട്ട, “നമുക്കു ദുഷ്ടമായതിനെ വെറുക്കാം” എന്ന ലേഖനം ബാലരതിപ്രിയത്തെ കേന്ദ്രീകരിച്ചിരിക്കുന്നതായി തോന്നുന്നു. ഈ നടപടിയെ എങ്ങനെ നിർവചിക്കാം?
വെബ്സ്റ്റേഴ്സ് നയന്ത് ന്യൂ കൊളീജിയേറ്റ് ഡിക്ഷ്നറി “ബാലരതിപ്രിയം” എന്ന പദത്തെ “കുട്ടികളെ ലൈംഗിക കരുക്കളായി തിരഞ്ഞെടുക്കുന്ന ലൈംഗിക വികടത്തരം” എന്നു നിർവചിക്കുന്നു. ആവർത്തപുസ്തകം 23:17, 18-ൽ ഈ നടപടിയുടെ വശങ്ങളെ കുറ്റംവിധിച്ചിരിക്കുന്നു. ഒരു ആലയ വ്യഭിചാരി (“അല്ലെങ്കിൽ, ‘ഒരു കാറ്റമൈറ്റ്,’ ലൈംഗിക വികടത്തരത്തിനായി നിർത്തിയിരിക്കുന്ന ഒരു ബാലൻ,” NW അടിക്കുറിപ്പ്) ആയിത്തീരുന്നതിനെതിരെ ദൈവം അവിടെ സംസാരിച്ചു. “യഹോവയുടെ ആലയത്തിലേക്കു” ഒരു ‘നായുടെ’ വില (“സാധ്യതയനുസരിച്ച് ഒരു ഗുദഭോഗി; പ്രത്യേകിച്ചും ഒരാൺകുട്ടിയുമായി ഗുദസംഭോഗത്തിൽ ഏർപ്പെടുന്ന ഒരുവൻ,” NW അടിക്കുറിപ്പ്) കൊണ്ടുവരുന്നതിനെയും ആ വാക്യങ്ങൾ വിലക്കുന്നു. മുതിർന്ന ഒരു വ്യക്തി ഒരു കുട്ടിയെ കാമപൂർവം തഴുകുന്നതുൾപ്പെടെ ലൈംഗിക ദുഷ്പെരുമാറ്റത്തിനു കരുവാക്കുന്നതിനെക്കുറിച്ചാണു വീക്ഷാഗോപുരം ചർച്ച ചെയ്തതെന്ന് ആ തിരുവെഴുത്തു പരാമർശങ്ങളും ലൗകിക പരാമർശങ്ങളും സ്ഥിരീകരിക്കുന്നു.