അധ്യായം 10
‘. . . എന്ന് എഴുതിയിരിക്കുന്നു’
1-3. (എ) നസറെത്തിലെ ആളുകൾ എന്തു മനസ്സിലാക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത്? (ബി) അതിന് അവരെ സഹായിക്കാൻ അവൻ എന്തു തെളിവ് നൽകുന്നു?
യേശു തന്റെ ശുശ്രൂഷ ആരംഭിച്ചിട്ട് അധികമായിട്ടില്ല. അവൻ ഇപ്പോൾ സ്വന്തം പട്ടണമായ നസറെത്തിലാണ്. യഹൂദന്മാർ കാലങ്ങളായി കാത്തിരിക്കുന്ന മിശിഹാ താനാണെന്ന് അവിടെയുള്ളവർ അറിയാൻ അവൻ ആഗ്രഹിക്കുന്നു. അതിന് അവൻ എന്തു തെളിവാണ് നൽകുന്നത്?
2 അവൻ ഒരു അത്ഭുതം പ്രവർത്തിക്കുമെന്നാണ് പലരുടെയും പ്രതീക്ഷ. യേശു ചെയ്തിട്ടുള്ള വീര്യപ്രവൃത്തികളെക്കുറിച്ച് അവർ കേട്ടിട്ടുണ്ട്. എന്നാൽ യേശു അങ്ങനെയുള്ള അടയാളമൊന്നും നൽകുന്നില്ല. പകരം അവൻ പതിവുപോലെ അവിടെയുള്ള സിനഗോഗിൽ ചെല്ലുന്നു. തിരുവെഴുത്തുകൾ വായിക്കാനായി അവൻ എഴുന്നേറ്റുനിൽക്കുന്നു. യെശയ്യാവിന്റെ ചുരുളാണ് അവനു വായിക്കാൻ ലഭിക്കുന്നത്. രണ്ടറ്റത്തും ദണ്ഡുകൾ പിടിപ്പിച്ചിട്ടുള്ള നീണ്ട ഒരു ചുരുളാണ് അത്. ഇരുവശത്തുനിന്നും അത് ചുരുട്ടിയിട്ടുണ്ട്. യേശു ആ ചുരുൾ രണ്ടുവശത്തുനിന്നും നിവർത്തി തനിക്കു വായിക്കാനുള്ള ഭാഗം കണ്ടുപിടിക്കുന്നു. അന്ന് അവൻ വായിച്ച ആ തിരുവെഴുത്തുകൾ ഇന്ന് യെശയ്യാവു 61:1-3-ൽ കാണാം.—ലൂക്കോസ് 4:16-19.
3 സിനഗോഗിൽ കൂടിയിരിക്കുന്നവർക്ക് ആ ഭാഗം സുപരിചിതമാണ്. മിശിഹായെക്കുറിച്ചുള്ള ഒരു പ്രവചനമാണ് അത്. എല്ലാവരുടെയും കണ്ണുകൾ യേശുവിലാണ്. സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത. അപ്പോൾ യേശു, “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരുവെഴുത്തിന് ഇന്നു നിവൃത്തി വന്നിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ആ തിരുവെഴുത്തുഭാഗം വ്യാഖ്യാനിക്കാൻ തുടങ്ങുന്നു. അവന്റെ ലാവണ്യവാക്കുകൾ കേട്ട് ആളുകൾ വിസ്മയിച്ചു. പക്ഷേ അപ്പോഴും ചിലർക്ക് അവൻ എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുന്നതു കാണാനായിരുന്നു ആഗ്രഹം. അതുകൊണ്ട് തിരുവെഴുത്തുകളിൽനിന്നുതന്നെ ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് യേശു അവരുടെ വിശ്വാസമില്ലായ്മയെ തുറന്നുകാണിക്കുന്നു. അതു കേട്ട് കോപാകുലരായ ജനം അവനെ വധിക്കാൻ നോക്കുന്നു.—ലൂക്കോസ് 4:20-30.
4. (എ) ശുശ്രൂഷയിൽ യേശു എന്തു മാതൃക വെച്ചു? (ബി) ഈ അധ്യായത്തിൽ നാം എന്തിനെക്കുറിച്ചാണ് ചർച്ചചെയ്യാൻ പോകുന്നത്?
4 യേശു ഇവിടെ നമുക്കായി ഒരു ഉത്തമ മാതൃക വെക്കുന്നു. തന്റെ ശുശ്രൂഷയിലുടനീളം അവൻ ദൈവത്തിന്റെ നിശ്വസ്തവചനത്തെ ആധാരമാക്കിയാണ് സംസാരിച്ചതും പ്രവർത്തിച്ചതും. ദൈവാത്മാവ് അവന്റെമേൽ ഉണ്ടായിരുന്നുവെന്നതിന്റെ വലിയ തെളിവായിരുന്നു അവൻ ചെയ്ത അത്ഭുതങ്ങൾ എന്നതു ശരിയാണ്. പക്ഷേ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനെക്കാൾ യേശു പ്രാധാന്യം നൽകിയത് വിശുദ്ധ ലിഖിതങ്ങൾ ഉപയോഗിച്ച് ആളുകളെ പഠിപ്പിക്കുന്നതിനായിരുന്നു. നമ്മുടെ നായകനായ യേശുക്രിസ്തു തിരുവെഴുത്തുകൾ ഉദ്ധരിക്കുകയും ദൈവവചനം വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുകയും ദൈവവചനം വ്യാഖ്യാനിക്കുകയും ചെയ്തത് എങ്ങനെയാണെന്ന് നമുക്കു നോക്കാം.
തിരുവെഴുത്തുകൾ ഉദ്ധരിക്കുന്നു
5. (എ) തന്റെ ശ്രോതാക്കൾ ഏതു കാര്യം മനസ്സിലാക്കണമെന്ന് യേശു ആഗ്രഹിച്ചു? (ബി) തന്റെ പ്രസ്താവനകൾ സത്യമാണെന്ന് യേശു തെളിയിച്ചതെങ്ങനെ?
5 താൻ ഘോഷിക്കുന്ന സന്ദേശം ഏത് ഉറവിൽനിന്നുള്ളതാണെന്ന് ആളുകൾ അറിയാൻ യേശു ആഗ്രഹിച്ചിരുന്നു. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ” എന്ന് ഒരിക്കൽ അവൻ പറഞ്ഞു. (യോഹന്നാൻ 7:16) “ഞാൻ സ്വന്തമായി ഒന്നും ചെയ്യാതെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ സംസാരിക്കുന്നു” എന്ന് മറ്റൊരു സന്ദർഭത്തിൽ അവൻ പറഞ്ഞു. (യോഹന്നാൻ 8:28) “ഞാൻ നിങ്ങളോടു സംസാരിക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമായി പറയുന്നതല്ല. എന്നോട് ഐക്യപ്പെട്ടിരുന്നുകൊണ്ട് പിതാവ് തന്റെ പ്രവൃത്തി ചെയ്യുന്നു” എന്നും അവൻ പറയുകയുണ്ടായി. (യോഹന്നാൻ 14:10) കൂടെക്കൂടെ ദൈവത്തിന്റെ ലിഖിത വചനം ഉദ്ധരിച്ചുകൊണ്ട് തന്റെ ഈ പ്രസ്താവനകൾ സത്യമാണെന്ന് അവൻ തെളിയിച്ചു.
6, 7. (എ) യേശു എത്ര കൂടെക്കൂടെ എബ്രായ തിരുവെഴുത്തുകൾ ഉദ്ധരിച്ചു സംസാരിച്ചു? (ബി) അത് ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്? (സി) യേശുവിന്റെ ഉപദേശങ്ങൾ ശാസ്ത്രിമാരുടേതിൽനിന്ന് വ്യത്യസ്തമായിരുന്നത് എങ്ങനെ?
6 സുവിശേഷ വിവരണങ്ങൾ വിശദമായി പരിശോധിക്കുന്നെങ്കിൽ ഒരു കാര്യം വ്യക്തമാകും: എബ്രായ തിരുവെഴുത്തുകളുടെ പകുതിയിലധികം പുസ്തകങ്ങളിൽനിന്ന് യേശു നേരിട്ട് ഉദ്ധരിക്കുകയോ പരാമർശങ്ങൾ നടത്തുകയോ ചെയ്തിട്ടുണ്ട്. അത് അത്ര വലിയ കാര്യമാണെന്ന് പ്രഥമദൃഷ്ട്യാ നമുക്കു തോന്നില്ലായിരിക്കാം. മൂന്നര വർഷക്കാലം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടും ലഭ്യമായിരുന്ന എല്ലാ നിശ്വസ്ത പുസ്തകങ്ങളിൽനിന്നും അവൻ എന്തുകൊണ്ട് വചനങ്ങൾ ഉദ്ധരിച്ചില്ല എന്നു നിങ്ങൾ ചിന്തിച്ചേക്കാം. തീർച്ചയായും അവൻ അങ്ങനെ ചെയ്തിട്ടുണ്ടാകണം. വാസ്തവത്തിൽ, യേശു പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങളുടെ ഒരംശം മാത്രമേ സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. (യോഹന്നാൻ 21:25) സുവിശേഷങ്ങളിൽ കാണുന്ന യേശുവിന്റെ വചനങ്ങൾ മുഴുവൻ ഒരുപക്ഷേ നിങ്ങൾക്ക് ഏതാനും മണിക്കൂറുകൾകൊണ്ട് വായിച്ചുതീർക്കാനാകും. ഈ വേദഭാഗങ്ങളിൽമാത്രം എബ്രായ തിരുവെഴുത്തുകളുടെ പകുതിയിലധികം പുസ്തകങ്ങളിൽനിന്നുള്ള ഇത്രയധികം ഉദ്ധരണികളും പരാമർശങ്ങളുമുണ്ടെങ്കിൽ തന്റെ ശുശ്രൂഷക്കാലത്തുടനീളം യേശു എത്രയധികം തിരുവെഴുത്തുകൾ ഉപയോഗിച്ചിട്ടുണ്ടാകണം! അതുമാത്രമല്ല, മിക്കപ്പോഴും യേശു തിരുവെഴുത്തുകൾ ചുരുളുകളിൽനിന്ന് വായിക്കുകയല്ലായിരുന്നു, പകരം ഓർമയിൽനിന്ന് പറയുകയായിരുന്നു. വിഖ്യാതമായ ഗിരിപ്രഭാഷണത്തിൽ യേശു അപ്രകാരം ഒട്ടനവധി എബ്രായ തിരുവെഴുത്തുകൾ ഉദ്ധരിക്കുകയും പരാമർശിക്കുകയും ചെയ്തു!
7 ദൈവവചനത്തോടുള്ള യേശുവിന്റെ ആഴമായ ആദരവാണ് ഇവിടെ പ്രതിഫലിക്കുന്നത്. “അവന്റെ പഠിപ്പിക്കലിൽ (ശ്രോതാക്കൾ) വിസ്മയിച്ചു; കാരണം, ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ പഠിപ്പിച്ചത്.” (മർക്കോസ് 1:22) വാമൊഴിയായി കൈമാറിക്കിട്ടിയ ചട്ടങ്ങളും പണ്ഡിതന്മാരായ റബ്ബിമാരുടെ മൊഴികളുമൊക്കെ പഠിപ്പിക്കുന്നതിലായിരുന്നു അന്നത്തെ ശാസ്ത്രിമാർക്കു താത്പര്യം. എന്നാൽ യേശു ഒരിക്കൽപ്പോലും അത്തരം കാര്യങ്ങൾ ആളുകളെ പഠിപ്പിച്ചില്ല. മറിച്ച്, ദൈവവചനമായിരുന്നു അവന്റെ ഉപദേശങ്ങൾക്ക് ആധാരം. തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുമ്പോഴും അവരുടെ തെറ്റായ ചിന്താഗതികളെ തിരുത്തുമ്പോഴുമെല്ലാം ‘. . .എന്ന് എഴുതിയിരിക്കുന്നു’ എന്ന പദപ്രയോഗം അവൻ ആവർത്തിച്ച് ഉപയോഗിക്കുന്നതായി സുവിശേഷ വിവരണങ്ങളിൽ നാം കാണുന്നു.
8, 9. (എ) ആലയത്തിൽനിന്ന് വാണിഭക്കാരെ പുറത്താക്കിയ സന്ദർഭത്തിൽ ആ നടപടിക്ക് ദൈവവചനത്തിന്റെ പിൻബലമുണ്ടെന്ന് യേശു വ്യക്തമാക്കിയത് എങ്ങനെ? (ബി) മതനേതാക്കന്മാർ ദൈവവചനത്തോട് കടുത്ത അനാദരവ് കാണിച്ചത് എങ്ങനെ?
8 യെരുശലേമിലെ ആലയത്തിൽനിന്ന് വാണിഭക്കാരെ പുറത്താക്കവെ യേശു ഇപ്രകാരം പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്ന് എഴുതിയിരിക്കുന്നു. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർക്കുന്നു.” (മത്തായി 21:12, 13; യെശയ്യാവു 56:7; യിരെമ്യാവു 7:11) തലേന്ന് അവൻ അവിടെ ഒട്ടേറെ അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നു. അതു കണ്ട് അമ്പരന്ന ചില കുട്ടികൾ അവനെ വാഴ്ത്തുകയും ചെയ്തു. അപ്പോൾ മതനേതാക്കന്മാർ കോപാകുലരായി അവനോട്, “ഇവർ പറയുന്നതു നീ കേൾക്കുന്നുവോ?” എന്നു ചോദിച്ചു. യേശു അവരോട്, “ഉവ്വ്. ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ സ്തുതി പൊഴിക്കുന്നു’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്ന് തിരിച്ചുചോദിച്ചു. (മത്തായി 21:16; സങ്കീർത്തനം 8:2) അങ്ങനെ, തന്നിലൂടെ സംഭവിക്കുന്ന കാര്യങ്ങൾക്ക് ദൈവവചനത്തിന്റെ പിൻബലമുണ്ടെന്ന് യേശു ആ മനുഷ്യർക്ക് വ്യക്തമാക്കിക്കൊടുത്തു.
9 പിന്നീട് ഒരു അവസരത്തിൽ ആ മതനേതാക്കന്മാർ സംഘടിച്ച് യേശുവിനെ ചോദ്യംചെയ്തു: “നീ എന്ത് അധികാരത്താലാണ് ഇതൊക്കെ ചെയ്യുന്നത്?” (മത്തായി 21:23) തനിക്ക് അധികാരം നൽകിയത് ദൈവംതന്നെയാണെന്നുള്ളതിന് ധാരാളം തെളിവുകൾ യേശു അതിനോടകം നൽകിയിരുന്നു. തന്റേതായ ആശയങ്ങളോ ഉപദേശങ്ങളോ ഒന്നും യേശു ആളുകളെ പഠിപ്പിച്ചിരുന്നില്ല. തന്റെ പിതാവിന്റെ നിശ്വസ്ത വചനങ്ങൾ മാത്രമാണ് അവൻ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ യേശുവിന്റെ അധികാരത്തെ ചോദ്യംചെയ്യുകവഴി, ആ പുരോഹിതന്മാരും ശാസ്ത്രിമാരും യഹോവയോടും അവന്റെ വചനത്തോടും കടുത്ത അനാദരവ് കാണിക്കുകയായിരുന്നു. അവരുടെ ദുഷ്ടതയെ തുറന്നുകാണിച്ചുകൊണ്ട് യേശു ശക്തമായ ഭാഷയിൽ അവരെ കുറ്റംവിധിച്ചു.—മത്തായി 21:23-46.
10. (എ) ദൈവവചനം ഉപയോഗിക്കുന്ന കാര്യത്തിൽ നമുക്ക് യേശുവിനെ എങ്ങനെ അനുകരിക്കാം? (ബി) യേശുവിന് ഇല്ലാതിരുന്ന ഏതു സഹായങ്ങൾ നമുക്ക് ഇന്നുണ്ട്?
10 യേശുവിനെ അനുകരിച്ചുകൊണ്ട് ഇന്ന് സത്യക്രിസ്ത്യാനികളും ശുശ്രൂഷയിൽ ദൈവവചനം ഉപയോഗിക്കുന്നു. ബൈബിളിന്റെ സന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കാൻ യഹോവയുടെ സാക്ഷികൾ കാണിക്കുന്ന ഉത്സാഹം ലോകമെങ്ങും പ്രസിദ്ധമാണ്. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ബൈബിളിൽനിന്നുള്ള ധാരാളം ഉദ്ധരണികളും പരാമർശങ്ങളും കാണാൻ കഴിയും. ശുശ്രൂഷയിലായിരിക്കെ ആളുകളോടു സംസാരിക്കുമ്പോഴെല്ലാം നാം തിരുവെഴുത്തുകളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുന്നു. (2 തിമൊഥെയൊസ് 3:16) ബൈബിൾവാക്യം വായിക്കാനും അതേക്കുറിച്ചു സംസാരിക്കാനും ആളുകൾ നമ്മെ അനുവദിക്കുമ്പോൾ നമുക്ക് എത്ര സന്തോഷം തോന്നാറുണ്ട്! യേശുവിനെപ്പോലെ പിഴവറ്റ ഓർമശക്തി നമുക്കില്ലെന്നുള്ളത് ശരിയാണ്. പക്ഷേ യേശുവിന് ഇല്ലാതിരുന്ന പല സഹായങ്ങളും നമുക്ക് ഇന്നുണ്ട്: ബൈബിൾ മുഴുവനായി ഒട്ടേറെ ഭാഷകളിൽ അച്ചടിക്കപ്പെട്ടിരിക്കുന്നു; ആവശ്യമായ ബൈബിൾവാക്യങ്ങൾ കണ്ടെത്താനുള്ള ബൈബിൾസഹായികളും നമുക്കു ലഭ്യമാണ്. അവസരം ലഭിക്കുമ്പോഴെല്ലാം ബൈബിൾവാക്യങ്ങൾ ഉദ്ധരിക്കാനും തിരുവെഴുത്തുകളിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കാനും നമുക്ക് തുടർന്നും ശ്രമിക്കാം.
ദൈവവചനം വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നു
11. ദൈവവചനം വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ യേശുവിന് നിരന്തരം ചെറുക്കേണ്ടിവന്നത് എന്തുകൊണ്ട്?
11 “നിന്റെ വചനം സത്യം ആകുന്നു” എന്ന് യേശു ഒരിക്കൽ പ്രാർഥനയിൽ തന്റെ പിതാവിനോടു പറഞ്ഞു. (യോഹന്നാൻ 17:17) എന്നാൽ ദൈവത്തിന്റെ വചനം ആളുകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും യേശുവിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവനെ അത് ഒട്ടും ആശ്ചര്യപ്പെടുത്തിയില്ല. കാരണം, “ഭോഷ്കാളിയും ഭോഷ്കിന്റെ അപ്പനു”മായ സാത്താനാണ് “ഈ ലോകത്തിന്റെ അധിപതി” എന്ന് യേശുവിന് അറിയാമായിരുന്നു. (യോഹന്നാൻ 8:44; 14:30) യേശുവിനെ പ്രലോഭിപ്പിക്കാൻ സാത്താൻ ശ്രമിച്ച സന്ദർഭത്തെക്കുറിച്ചു ചിന്തിക്കുക. സാത്താന്റെ പ്രലോഭനങ്ങളെ ചെറുക്കാൻ യേശു മൂന്നുപ്രാവശ്യം തിരുവെഴുത്തുകൾ ഉദ്ധരിച്ചുസംസാരിച്ചു. സങ്കീർത്തനങ്ങളിൽനിന്ന് ഒരു വാക്യം ഉദ്ധരിച്ച് അതിനെ ദുർവ്യാഖ്യാനം ചെയ്യാൻ സാത്താൻ ശ്രമിച്ചപ്പോൾ യേശു ആ ശ്രമം വിഫലമാക്കി.—മത്തായി 4:6, 7.
12-14. (എ) മതനേതാക്കന്മാർ മോശൈക ന്യായപ്രമാണത്തോട് കടുത്ത അനാദരവ് കാണിച്ചത് എങ്ങനെ? (ബി) ദൈവവചനത്തിനുവേണ്ടി യേശു പ്രതിവാദിച്ചത് എങ്ങനെ?
12 തിരുവെഴുത്തുകൾ വളച്ചൊടിക്കാനും ദുർവ്യാഖ്യാനം ചെയ്യാനുമുള്ള ശ്രമങ്ങളെ എല്ലായ്പോഴും യേശു എതിർത്തിട്ടുണ്ട്. അക്കാലത്തെ മതോപദേഷ്ടാക്കൾ സമനിലയോടെയല്ല തിരുവെഴുത്തുകൾ ബാധകമാക്കിയിരുന്നത്. അവർ മോശൈകനിയമം ആവശ്യപ്പെട്ട ചെറിയചെറിയ കാര്യങ്ങൾക്ക് വേണ്ടതിലധികം പ്രാധാന്യം നൽകി; അതേസമയം ആ നിയമങ്ങൾക്ക് ആധാരമായ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഭക്തിയുടെ പരിവേഷമണിയുന്നതിൽമാത്രം തത്പരരായിരുന്ന അവർ “ന്യായം, കരുണ, വിശ്വസ്തത എന്നിങ്ങനെ ന്യായപ്രമാണത്തിലെ ഘനമേറിയ കാര്യങ്ങൾ” അവഗണിച്ചുകളഞ്ഞു. (മത്തായി 23:23) ദൈവനിയമത്തെ വികലമാക്കാനുള്ള ഈ ശ്രമങ്ങളെ യേശു എങ്ങനെയാണ് ചെറുത്തത്?
13 യേശുവിന്റെ ഗിരിപ്രഭാഷണംതന്നെ ഉദാഹരണമായെടുക്കാം. ന്യായപ്രമാണത്തിലെ നിയമങ്ങൾ പരാമർശിച്ചശേഷം, “. . .എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ” എന്ന് അവൻ പറയുകയുണ്ടായി. തുടർന്ന്, “ഞാനോ നിങ്ങളോടു പറയുന്നു. . . ” എന്നു പറഞ്ഞുകൊണ്ട് ആ നിയമങ്ങൾക്ക് ആധാരമായിരിക്കുന്ന തത്ത്വങ്ങൾ അവൻ ആളുകൾക്ക് വിശദീകരിച്ചുകൊടുത്തു. അതുവഴി അവൻ ന്യായപ്രമാണത്തെ ഖണ്ഡിക്കുകയായിരുന്നോ? അല്ല, അവൻ അതിനുവേണ്ടി പ്രതിവാദിക്കുകയായിരുന്നു. ഉദാഹരണത്തിന്, “കൊല ചെയ്യരുത്” എന്ന കൽപ്പന എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ മറ്റൊരാളോടു ക്രോധം വെച്ചുകൊണ്ടിരിക്കുന്നതുപോലും ആ നിയമത്തിന്റെ അന്തഃസത്തയെ ഹനിക്കുമെന്ന് യേശു വ്യക്തമാക്കി. സ്വന്തം ഇണയല്ലാത്ത ഒരാളോട് മനസ്സിൽ അഭിനിവേശം വളർത്തുന്നതുപോലും, ‘വ്യഭിചാരം ചെയ്യരുത്’ എന്ന നിയമത്തിൽ ഉൾപ്പെട്ടിരിക്കുന്ന തത്ത്വത്തിന്റെ ലംഘനമാകുമെന്ന് അവൻ എടുത്തുപറഞ്ഞു.—മത്തായി 5:17, 18, 21, 22, 27-39.
14 യേശു തുടർന്ന് ഇങ്ങനെ പറഞ്ഞു: “‘നീ നിന്റെ അയൽക്കാരനെ സ്നേഹിക്കുകയും ശത്രുവിനെ വെറുക്കുകയും വേണം’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ.” (മത്തായി 5:43, 44) ‘നിന്റെ ശത്രുവിനെ വെറുക്കണം’ എന്നത് ദൈവവചനത്തിലുള്ള ഒരു കൽപ്പനയായിരുന്നോ? അല്ല, അത് മതനേതാക്കന്മാർ സ്വന്തമായി ഉണ്ടാക്കിയ ഉപദേശമായിരുന്നു. പിഴവറ്റ ദൈവനിയമത്തിൽ മാനുഷിക ചിന്താഗതികൾ കൂട്ടിക്കലർത്തി അവർ അതിനെ ദുഷിപ്പിക്കാൻനോക്കി. മാനുഷിക പാരമ്പര്യങ്ങളാൽ ദൈവവചനത്തെ ദുർബലമാക്കുന്ന അത്തരം പ്രവണതകളെ യേശു ശക്തമായി എതിർത്തു.—മർക്കോസ് 7:9-13.
15. നിയമത്തിന്റെ അക്ഷരത്തിൽ കടിച്ചുതൂങ്ങാനുള്ള മതനേതാക്കന്മാരുടെ ശ്രമങ്ങളെ യേശു എതിർത്തത് എങ്ങനെ?
15 നിയമത്തിന്റെ അക്ഷരത്തിൽ കടിച്ചുതൂങ്ങുന്ന രീതിയും ആ മതനേതാക്കന്മാർക്കുണ്ടായിരുന്നു. അങ്ങനെ അവർ ന്യായപ്രമാണം അനുസരിക്കുന്നത് ആളുകൾക്ക് ദുഷ്കരമാക്കിത്തീർത്തു. ഒരിക്കൽ വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ നടന്നുപോകുമ്പോൾ യേശുവിന്റെ ശിഷ്യന്മാർ കുറെ ധാന്യക്കതിരുകൾ പറിച്ചു. അതു കണ്ട പരീശന്മാർ, ശിഷ്യന്മാർ ശബത്തുനിയമം ലംഘിച്ചുവെന്ന ആരോപണമുയർത്തി. വികലമായ അവരുടെ വീക്ഷണം തിരുത്താനായി യേശു അപ്പോൾ ഒരു തിരുവെഴുത്തുദൃഷ്ടാന്തം ഉപയോഗിച്ചു. ദാവീദിനും കൂടെയുള്ളവർക്കും വിശന്നപ്പോൾ അവർ ദൈവാലയത്തിൽ പ്രവേശിച്ച് കാഴ്ചയപ്പം ഭക്ഷിച്ചതിനെക്കുറിച്ചുള്ള വേദഭാഗം (തിരുനിവാസത്തിനു പുറത്തുവെച്ച് കാഴ്ചയപ്പം ഭക്ഷിച്ചതിനെക്കുറിച്ചുള്ള ഏക തിരുവെഴുത്തുപരാമർശമാണിത്) യേശു ആ പരീശന്മാരുടെ ശ്രദ്ധയിൽപ്പെടുത്തി. യഹോവയുടെ കരുണയെയും അനുകമ്പയെയും കുറിച്ചു മനസ്സിലാക്കുന്നതിൽ ആ പരീശന്മാർ പരാജയപ്പെട്ടിരിക്കുന്നുവെന്ന് യേശു അവർക്ക് വ്യക്തമാക്കിക്കൊടുത്തു.—മർക്കോസ് 2:23-27.
16. (എ) വിവാഹമോചനം സംബന്ധിച്ച മോശൈകനിയമത്തിൽ മതനേതാക്കന്മാർ പഴുത് ഉണ്ടാക്കിയത് എങ്ങനെ? (ബി) യേശു അത് എങ്ങനെ തുറന്നുകാട്ടി?
16 നിയമങ്ങളിൽ പഴുതുകൾ ഉണ്ടാക്കിക്കൊണ്ടും മതനേതാക്കന്മാർ ന്യായപ്രമാണത്തിന്റെ ശക്തി ചോർത്തിക്കളയാൻ ശ്രമിച്ചു. ഒരു പുരുഷൻ തന്റെ ഭാര്യയിൽ “ദൂഷ്യമായ വല്ലതും” കണ്ടെത്തിയാൽ, അതായത് കുടുംബത്തിന് നാണക്കേടുണ്ടാക്കുന്ന ഗുരുതരമായ എന്തെങ്കിലും തെറ്റ് ഭാര്യ ചെയ്തെന്ന് അയാൾക്കു മനസ്സിലായാൽ, ന്യായപ്രമാണമനുസരിച്ച് അയാൾക്ക് അവളെ ഉപേക്ഷിക്കാമായിരുന്നു. (ആവർത്തനപുസ്തകം 24:1) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും, മതനേതാക്കന്മാർ ഈ നിയമത്തിൽ ഒരു പഴുത് ഉണ്ടാക്കിയെടുത്തിരുന്നു. അതിന്റെ മറപിടിച്ച് ഏത് നിസ്സാര കാര്യത്തിനും ഭാര്യയെ ഉപേക്ഷിക്കാൻ അവർ ആളുകൾക്ക് അനുമതി നൽകി. ഭക്ഷണം കരിഞ്ഞുപോയതിന്റെ പേരിൽപ്പോലും ഒരാൾക്ക് ഭാര്യയെ ഉപേക്ഷിക്കാമായിരുന്നു! a മോശയിലൂടെ ദൈവം നൽകിയ നിയമങ്ങളെ മതനേതാക്കന്മാർ വികലമാക്കിയിരിക്കുകയാണെന്ന സത്യം യേശു തുറന്നുകാട്ടി. തുടർന്ന്, വിവാഹം സംബന്ധിച്ച് ദൈവം തുടക്കത്തിൽ വെച്ച നിലവാരം, അതായത് ഒരു പുരുഷന് ഒരു ഭാര്യ മാത്രമേ ഉണ്ടായിരിക്കാവൂ എന്ന നിയമം, അവൻ അവരെ ഓർമപ്പെടുത്തി. വിവാഹമോചനത്തിനുള്ള ഒരേയൊരു അടിസ്ഥാനം ലൈംഗിക അധാർമികത മാത്രമാണെന്നും അവൻ വ്യക്തമാക്കി.—മത്തായി 19:3-12.
17. തിരുവെഴുത്തുകൾ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ ഇന്ന് യേശുവിന്റെ അനുഗാമികൾ ചെറുക്കുന്നത് എങ്ങനെ?
17 തിരുവെഴുത്തുകൾ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ ഇന്ന് യേശുവിന്റെ അനുഗാമികളും ചെറുക്കുന്നു. ദൈവവചനം നിഷ്കർഷിക്കുന്ന ധാർമിക നിലവാരങ്ങൾ പഴഞ്ചനാണെന്ന് സമർഥിക്കുന്ന മതനേതാക്കന്മാർ യഥാർഥത്തിൽ ബൈബിളിനെ തുച്ഛീകരിക്കുകയാണ്. ബൈബിളുപദേശങ്ങൾ എന്ന പേരിൽ സഭകൾ വ്യാജം പഠിപ്പിക്കുമ്പോഴും ദൈവവചനം വളച്ചൊടിക്കപ്പെടുന്നു. എന്നാൽ ത്രിത്വവിശ്വാസം പോലുള്ള ഉപദേശങ്ങൾ തിരുവെഴുത്തുവിരുദ്ധമാണെന്നു തെളിയിച്ചുകൊടുത്തുകൊണ്ട് നാം ദൈവവചനത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നു. വലിയൊരു പദവിയായിട്ടാണ് നാം അതിനെ വീക്ഷിക്കുന്നത്. (ആവർത്തനപുസ്തകം 4:39) എന്നാൽ നാം എപ്പോഴും സൗമ്യതയോടും ഭയാദരവോടുംകൂടെ ആയിരിക്കും ദൈവവചനത്തിനായി പ്രതിവാദം നടത്തുന്നത്.—1 പത്രോസ് 3:15.
ദൈവവചനം വ്യാഖ്യാനിക്കുന്നു
18, 19. ദൈവവചനം വിശദീകരിച്ചുകൊടുക്കുന്നതിൽ യേശുവിനുണ്ടായിരുന്ന പ്രാഗത്ഭ്യം തെളിയിക്കുന്ന ചില ഉദാഹരണങ്ങൾ പറയുക.
18 എബ്രായ തിരുവെഴുത്തുകൾ എഴുതപ്പെട്ടപ്പോൾ യേശു സ്വർഗത്തിലുണ്ടായിരുന്നു. ഭൂമിയിൽ വന്ന് ദൈവവചനം ആളുകൾക്ക് വ്യാഖ്യാനിച്ചുകൊടുക്കാൻ അവസരം ലഭിച്ചപ്പോൾ അവന് എത്രമാത്രം സന്തോഷം തോന്നിക്കാണണം! പുനരുത്ഥാനശേഷം യേശു, എമ്മാവുസിലേക്ക് പോകുകയായിരുന്ന രണ്ട് ശിഷ്യന്മാരെ കണ്ടുമുട്ടിയ സന്ദർഭത്തെക്കുറിച്ചു ചിന്തിക്കുക. ഒപ്പം നടക്കുന്ന വ്യക്തി യേശുവാണെന്ന് ആദ്യം അവർക്കു മനസ്സിലായില്ല. പ്രിയപ്പെട്ട ഗുരുവിന്റെ വേർപാടിനുശേഷം തങ്ങൾ വലിയ ദുഃഖത്തിലും ചിന്താക്കുഴപ്പത്തിലുമാണെന്ന് അവർ അവനോടു പറഞ്ഞു. അപ്പോൾ അവൻ എന്താണ് ചെയ്തത്? “മോശ തുടങ്ങി സകല പ്രവാചകന്മാരും തിരുവെഴുത്തുകളിൽ തന്നെക്കുറിച്ചു പറഞ്ഞിരുന്നതൊക്കയും (അവൻ) അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.” ആ വാക്കുകൾ ശിഷ്യന്മാരെ വളരെ സ്വാധീനിച്ചു. “അവൻ വഴിയിൽവെച്ചു നമ്മോടു സംസാരിക്കുകയും തിരുവെഴുത്തുകൾ നമുക്കു വിശദീകരിച്ചുതരുകയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരുന്നില്ലയോ?” എന്ന അവരുടെ ചോദ്യം അതു വ്യക്തമാക്കുന്നു.—ലൂക്കോസ് 24:15-32.
19 അതേ ദിവസംതന്നെ യേശു മറ്റ് അപ്പൊസ്തലന്മാർക്കും ശിഷ്യന്മാർക്കും പ്രത്യക്ഷനായി. ഈ അവസരത്തിലും അവൻ എന്താണു ചെയ്തത്? “അവൻ തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കേണ്ടതിന് അവരുടെ മനസ്സുകൾ തുറന്നു.” (ലൂക്കോസ് 24:45) യേശു അവർക്കും മറ്റുള്ളവർക്കും തിരുവെഴുത്തുകൾ വ്യാഖ്യാനിച്ചുകൊടുത്തിട്ടുള്ള ഒട്ടനവധി സന്ദർഭങ്ങൾ അപ്പോൾ അവരുടെ ഓർമയിലേക്ക് ഓടിയെത്തിയിരിക്കണം. പലപ്പോഴും സുപരിചിതമായ തിരുവെഴുത്തുകളായിരുന്നു അവൻ ശ്രോതാക്കൾക്ക് വ്യാഖ്യാനിച്ചുകൊടുത്തത്. എന്നാൽ ഓരോ പ്രാവശ്യം അവൻ അതു ചെയ്തപ്പോഴും അവർക്ക് ആ തിരുവെഴുത്തുകളെക്കുറിച്ച് പുതിയപുതിയ അറിവുകൾ ലഭിച്ചു. തത്ഫലമായി, ദൈവവചനത്തിലുള്ള അവരുടെ ഗ്രാഹ്യം വർധിക്കുകയും ചെയ്തു.
20, 21. മുൾപ്പടർപ്പിനരികെവെച്ച് യഹോവ മോശയോടു സംസാരിച്ച വാക്കുകൾ യേശു വിശദീകരിച്ചത് എങ്ങനെ?
20 ഒരിക്കൽ യേശു ഒരുകൂട്ടം സദൂക്യരോട് സംസാരിക്കുകയായിരുന്നു. യഹൂദന്മാരുടെ പുരോഹിതഗണവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു വിഭാഗമായിരുന്നു സദൂക്യർ. അവർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല. യേശു അവരോടു പറഞ്ഞു: “മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ, ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്ന് ദൈവം നിങ്ങളോട് അരുളിച്ചെയ്തതു നിങ്ങൾ വായിച്ചിട്ടില്ലയോ? അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാകുന്നു.” (മത്തായി 22:31, 32) അവർ ഏറ്റവുമധികം ആദരിച്ചിരുന്ന ഒരു വ്യക്തി, അതായത് മോശ, എഴുതിയ വേദഭാഗമായിരുന്നു അത്. ആ തിരുവെഴുത്ത് അവർക്ക് സുപരിചിതവുമായിരുന്നു. യേശു ആ തിരുവെഴുത്തു വിശദീകരിച്ച വിധം നിങ്ങൾ ശ്രദ്ധിച്ചോ?
21 മുൾപ്പടർപ്പിനരികെവെച്ച് യഹോവ മോശയോടു സംസാരിക്കുന്നത് ബി.സി. 1514-നോടടുത്താണ്. (പുറപ്പാടു 3:2, 6) ആ സമയത്ത് അബ്രാഹാം മരിച്ചിട്ട് 329 വർഷവും യിസ്ഹാക്ക് മരിച്ചിട്ട് 224 വർഷവും യാക്കോബ് മരിച്ചിട്ട് 197 വർഷവും കഴിഞ്ഞിരുന്നു. എന്നിട്ടും യഹോവ, “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു” എന്നു പറഞ്ഞു. ഐതിഹ്യങ്ങളിലെപ്പോലെ മരിച്ചവരുടെ ആത്മാക്കളെ കാക്കുന്ന ഒരു മരണദേവനല്ല യഹോവയെന്ന് സദൂക്യർക്ക് അറിയാമായിരുന്നു. യേശു ഊന്നിപ്പറഞ്ഞപ്രകാരം യഹോവ ‘ജീവനുള്ളവരുടെ ദൈവമാണ്.’ ആ പ്രസ്താവനയുടെ അർഥമെന്തായിരുന്നു? “അവരെല്ലാവരും അവനു ജീവിച്ചിരിക്കുന്നവരത്രേ” എന്ന് യേശു തുടർന്ന് പറഞ്ഞതു ശ്രദ്ധിക്കുക. (ലൂക്കോസ് 20:38) മരണത്തിൽ നിദ്രകൊള്ളുന്ന വിശ്വസ്തരായ ദാസന്മാരെ ദൈവം തന്റെ ഓർമയിൽ സൂക്ഷിക്കുന്നു. അവൻ അവരെ ഒരിക്കലും മറക്കില്ല. മരിച്ചവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാനുള്ള തന്റെ ഉദ്ദേശ്യം ദൈവം തീർച്ചയായും നിറവേറ്റും. അതുകൊണ്ടാണ്, “അവരെല്ലാവരും അവനു ജീവിച്ചിരിക്കുന്നവരത്രേ” എന്ന് യേശു പറഞ്ഞത്. (റോമർ 4:16, 17) എത്ര പ്രാഗത്ഭ്യത്തോടെയാണ് യേശു ദൈവവചനം വിശദീകരിച്ചത്! “ജനം അവന്റെ പഠിപ്പിക്കലിൽ വിസ്മയി”ച്ചതിൽ അതിശയിക്കാനില്ല.—മത്തായി 22:33.
22, 23. (എ) ദൈവവചനം വിശദീകരിച്ചുകൊടുക്കുന്ന കാര്യത്തിൽ നമുക്ക് യേശുവിനെ എങ്ങനെ അനുകരിക്കാം? (ബി) അടുത്ത അധ്യായത്തിൽ നാം എന്തു പഠിക്കും?
22 ദൈവവചനം വിശദീകരിച്ചുകൊടുക്കുന്നതിൽ ഇന്ന് ക്രിസ്ത്യാനികൾ യേശുവിന്റെ മാതൃക പിൻപറ്റുന്നു. യേശുവിന്റെ അത്രയും പ്രാഗത്ഭ്യത്തോടെ ആളുകൾക്ക് തിരുവെഴുത്തുകൾ വ്യാഖ്യാനിച്ചുകൊടുക്കാൻ നമുക്കാവില്ലെന്നുള്ളത് ശരിയാണ്. പക്ഷേ ആളുകൾക്ക് അറിയാവുന്ന തിരുവെഴുത്തുകൾ അവരെ വായിച്ചുകേൾപ്പിക്കാനും ആ വാക്യങ്ങളെക്കുറിച്ച് അവർ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ലാത്തതരത്തിലുള്ള പുതിയ അറിവുകൾ അവർക്കു പകർന്നുകൊടുക്കാനും നമുക്ക് അവസരം ലഭിക്കാറുണ്ട്. ഉദാഹരണത്തിന്, “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ,” “നിന്റെ രാജ്യം വരേണമേ” എന്ന പ്രാർഥന ക്രൈസ്തവരിൽ പലരും ഉരുവിടാറുണ്ട്. എന്നാൽ ദൈവത്തിന്റെ നാമം എന്താണെന്നോ അവന്റെ രാജ്യം എന്താണെന്നോ അവർക്ക് അറിയില്ല. (മത്തായി 6:9, 10, സത്യവേദപുസ്തകം) അത്തരം വേദസത്യങ്ങൾ വ്യക്തവും ലളിതവുമായ വിധത്തിൽ ആളുകൾക്കു വിശദീകരിച്ചുകൊടുക്കാൻ ലഭിക്കുന്ന അവസരങ്ങളെ നാം എത്ര മൂല്യവത്തായി കണക്കാക്കുന്നു!
23 ബൈബിളിലെ സത്യങ്ങൾ ആളുകളുമായി പങ്കുവെക്കവെ, തിരുവെഴുത്തുകൾ ഉദ്ധരിക്കുകയും ദൈവവചനം വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുകയും ദൈവവചനം വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ട് നമുക്കും യേശുവിന്റെ മാതൃക അനുകരിക്കാം. തിരുവെഴുത്തുസത്യങ്ങൾ ആളുകളുടെ ഹൃദയത്തിലെത്തിക്കാൻ യേശു ഉപയോഗിച്ച ഫലകരമായ ചില രീതികൾ അടുത്ത അധ്യായത്തിൽ കാണാം.
a ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് വിവാഹമോചനം നേടിയ ഒരു പരീശനായിരുന്നു. “ഏതു കാരണം പറഞ്ഞും വിവാഹമോചനം നേടാം. (പുരുഷന്മാർക്കാകട്ടെ കാരണങ്ങൾക്ക് പഞ്ഞവുമില്ല)” എന്ന് അദ്ദേഹം പിന്നീട് എഴുതുകയുണ്ടായി.)