വരുവിൻ, ഈ ഉത്കൃഷ്ട ജീവിതപാതയിലേക്ക്!
“ജീവിച്ചാലും മരിച്ചാലും നാം യഹോവയ്ക്കുള്ളവർതന്നെ.”—റോമ. 14:8.
1. ഉത്കൃഷ്ട ജീവിതപാതയെക്കുറിച്ച് യേശു എന്ത് പഠിപ്പിച്ചു?
പല ജീവിതപാതകൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ അതിൽ ഉത്കൃഷ്ടമെന്നു വിശേഷിപ്പിക്കാവുന്നതായി ഒന്നേയുള്ളൂ! ഏതാണ് അത്? ദൈവവചനത്തിന് അനുസൃതമായി, ദൈവപുത്രനായ യേശുക്രിസ്തുവിനെ മാതൃകയാക്കിക്കൊണ്ടു നയിക്കുന്ന ഒരു ജീവിതം. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു; ശിഷ്യന്മാരെ ഉളവാക്കാനുള്ള നിയോഗവും അവൻ അവർക്കു നൽകി. (മത്താ. 28:19, 20; യോഹ. 4:24) യേശുവിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് നാം ജീവിക്കുമ്പോൾ അത് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. അത്തരമൊരു ജീവിതഗതി നമുക്ക് പലവിധ അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യും. അതെ, നാം ധന്യമായ ഒരു ജീവിതം നയിക്കണമെന്നാണ് നമ്മുടെ സ്രഷ്ടാവായ യഹോവ ആഗ്രഹിക്കുന്നത്.
2. (എ) ഒന്നാം നൂറ്റാണ്ടിൽ സുവാർത്ത കേട്ട പലരും അതിനോടു പ്രതികരിച്ചത് എങ്ങനെ? (ബി) ആദ്യകാല ശിഷ്യന്മാരെ ‘മാർഗക്കാർ’ എന്നു വിളിച്ചിരുന്നത് എന്തുകൊണ്ട്?
2 “നിത്യജീവനുവേണ്ട ഹൃദയനില” ഉള്ളവർ സത്യവിശ്വാസം സ്വീകരിച്ച് സ്നാനം ഏൽക്കുമ്പോൾ, ഏറ്റവും ശ്രേഷ്ഠമായ ജീവിതപാതയിലേക്കാണ് അവർ കാലെടുത്തുവെക്കുന്നത്. (പ്രവൃ. 13:48) ഒന്നാം നൂറ്റാണ്ടിൽ വിവിധ ദേശങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ആളുകൾ സത്യം സ്വീകരിക്കുകയും ദൈവത്തിനായി സ്വയം സമർപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായി സ്നാനമേൽക്കുകയും ചെയ്തു. (പ്രവൃ. 2:41) ‘മാർഗക്കാർ’ എന്നാണ് ക്രിസ്തുവിന്റെ ഈ ആദ്യകാല ശിഷ്യന്മാർ അറിയപ്പെട്ടിരുന്നത്. (പ്രവൃ. 9:2; 19:23) തികച്ചും അർഥവത്തായ ഒരു വിശേഷണമായിരുന്നു അത്. കാരണം, ഒരു പ്രത്യേക മാർഗം അഥവാ ജീവിതഗതി അവർ പിൻപറ്റിയിരുന്നു—യേശുവിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ, അവനെ മാതൃകയാക്കിക്കൊണ്ടുള്ള ഒരു ജീവിതഗതി.—1 പത്രോ. 2:21.
3. (എ) യഹോവയുടെ ജനം സ്നാനമേൽക്കുന്നത് എന്തുകൊണ്ട്? (ബി) കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ എത്ര പേർ സ്നാനമേറ്റു?
3 ഈ അന്ത്യനാളുകളിൽ ശിഷ്യരാക്കൽ വേലയുടെ ഗതിവേഗം വർധിച്ചിരിക്കുന്നു. 230-ലധികം ദേശങ്ങളിൽ ഇന്ന് ഈ പ്രവർത്തനം നടക്കുന്നുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 27,00,000-ത്തിലധികം പേരാണ് യഹോവയെ സേവിക്കാൻ തീരുമാനിക്കുകയും തങ്ങളുടെ സമർപ്പണത്തിനുള്ള തെളിവായി സ്നാനമേൽക്കുകയും ചെയ്തത്. അതായത്, ആഴ്ചയിൽ ശരാശരി 5,000-ത്തിലധികം പേർ! അവരുടെ ആ തീരുമാനത്തിന് ആധാരം എന്തായിരുന്നു? ദൈവത്തോടുള്ള സ്നേഹം, തിരുവെഴുത്തുകൾ സംബന്ധിച്ച പരിജ്ഞാനം, തങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന ഉത്തമബോധ്യം. സ്നാനം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ നാഴികക്കല്ലാണ്. കാരണം, യഹോവയുമായുള്ള ഒരു ഉറ്റബന്ധത്തിന് അത് തുടക്കമിടുന്നു. മാത്രമല്ല, തന്റെ വഴികളിൽ നടക്കാൻ യഹോവ തന്റെ മുൻകാല ദാസന്മാരെ സഹായിച്ചതുപോലെ അവൻ നമ്മെയും സഹായിക്കും എന്ന അടിയുറച്ച വിശ്വാസത്തിന്റെ ഒരു തെളിവുകൂടെയാണ് സ്നാനം.—യെശ. 30:21.
സ്നാനമേൽക്കേണ്ടത് എന്തുകൊണ്ട്?
4, 5. സ്നാനമേൽക്കുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങളും അനുഗ്രഹങ്ങളും എന്തൊക്കെയാണ്?
4 ഒരുപക്ഷേ സ്നാനമേൽക്കാത്ത ഒരു പ്രസാധകനായിരിക്കാം നിങ്ങൾ. ഇതിനോടകം നിങ്ങൾ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുകയും ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ടാകാം. നിങ്ങളുടെ ഈ പുരോഗതി അഭിനന്ദനാർഹമാണ്. എന്നാൽ ദൈവത്തിന് സ്വയം സമർപ്പിച്ച് സ്നാനമേൽക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി യഹോവയ്ക്കു സ്തുതി കരേറ്റുക എന്നതാണെന്നും അല്ലാതെ സ്വന്തം അഭിലാഷങ്ങൾ തൃപ്തിപ്പെടുത്തുന്നതോ സമ്പത്തുണ്ടാക്കുന്നതോ അല്ലെന്നും ബൈബിൾ പഠനത്തിലൂടെ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകണം. (സങ്കീർത്തനം 148:11-13 വായിക്കുക; ലൂക്കോ. 12:15) അങ്ങനെയെങ്കിൽ, സ്നാനമേൽക്കുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങളും അനുഗ്രഹങ്ങളും എന്തൊക്കെയാണ്?
5 ദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകും. ദൈവേഷ്ടം ചെയ്യുന്നതിനാൽ നിങ്ങൾ സന്തുഷ്ടനായിരിക്കും. (റോമ. 12:1, 2) സമാധാനം, വിശ്വാസം തുടങ്ങിയ ദൈവികഗുണങ്ങൾ വളർത്തിയെടുക്കാൻ യഹോവയുടെ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും. (ഗലാ. 5:22, 23) ദൈവം നിങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുകയും ദൈവവചനം അനുസരിച്ച് ജീവിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും. ശുശ്രൂഷയിൽനിന്ന് നിങ്ങൾക്ക് സന്തോഷം ലഭിക്കും. ദൈവത്തിനു പ്രസാദകരമായ ഒരു ജീവിതം നയിക്കുന്നതിനാൽ നിത്യജീവൻ സംബന്ധിച്ച നിങ്ങളുടെ പ്രത്യാശ ശക്തമാകും. മാത്രമല്ല, ദൈവത്തിനു സ്വയം സമർപ്പിച്ച് സ്നാനമേൽക്കുന്നത് ഒരു യഹോവയുടെ സാക്ഷിയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിനു തെളിവു നൽകും.—യെശ. 43:10-12.
6. സ്നാനമേൽക്കുന്നതിലൂടെ നാം എന്തു വെളിപ്പെടുത്തുന്നു?
6 സമർപ്പിച്ച് സ്നാനമേൽക്കുമ്പോൾ, നാം യഹോവയ്ക്കുള്ളവരാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്. അപ്പൊസ്തലനായ പൗലോസ് എഴുതി: “നമ്മിൽ ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല; ആരും തനിക്കായിത്തന്നെ മരിക്കുന്നുമില്ല. ജീവിക്കുന്നെങ്കിൽ നാം യഹോവയ്ക്കായി ജീവിക്കുന്നു; മരിക്കുന്നെങ്കിൽ നാം യഹോവയ്ക്കായി മരിക്കുന്നു. ആകയാൽ ജീവിച്ചാലും മരിച്ചാലും നാം യഹോവയ്ക്കുള്ളവർതന്നെ.” (റോമ. 14:7, 8) സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി ദൈവം നമ്മെ ആദരിച്ചിരിക്കുന്നു. യഹോവയോടുള്ള സ്നേഹത്താൽ പ്രേരിതരായി അവനുവേണ്ടി ജീവിക്കാൻ നാം തീരുമാനിക്കുമ്പോൾ അത് അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും. (സദൃ. 27:11) ദൈവത്തിനു നാം നമ്മെത്തന്നെ സമർപ്പിച്ചിരിക്കുന്നു എന്നതിന്റെ പ്രതീകമാണ് ജലസ്നാനം. യഹോവയെ നാം നമ്മുടെ ഭരണാധികാരിയായി അംഗീകരിക്കുന്നു എന്നതിന്റെ പരസ്യപ്രഖ്യാപനം കൂടെയാണ് അത്. അഖിലാണ്ഡ പരമാധികാരം സംബന്ധിച്ചുള്ള വിവാദത്തിൽ നാം യഹോവയുടെ പക്ഷത്താണെന്നും അതു തെളിയിക്കുന്നു. (പ്രവൃ. 5:29, 32) ഫലമോ? യഹോവ നമ്മുടെ പക്ഷത്തും ഉണ്ടായിരിക്കും. (സങ്കീർത്തനം 118:6 വായിക്കുക.) സ്നാനമേൽക്കുന്നതിലൂടെ മറ്റ് അനേകം ആത്മീയ അനുഗ്രഹങ്ങളും നമുക്കു ലഭിക്കും, ഇപ്പോഴും ഭാവിയിലും.
സ്നേഹമുള്ള ഒരു സഹോദരവർഗത്തെ ലഭിക്കുന്നു
7-9. (എ) സർവവും ഉപേക്ഷിച്ച് തന്നെ അനുഗമിക്കുന്നവർക്ക് യേശു എന്ത് ഉറപ്പു നൽകി? (ബി) മർക്കോസ് 10:29, 30-ലെ യേശുവിന്റെ വാഗ്ദാനം ഇന്നു നിവൃത്തിയേറുന്നത് എങ്ങനെ?
7 ഒരിക്കൽ പത്രോസ് അപ്പൊസ്തലൻ യേശുവിനോടു ചോദിച്ചു: “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു; ഞങ്ങൾക്ക് എന്തു ലഭിക്കും?” (മത്താ. 19:27) തന്റെയും മറ്റു ശിഷ്യന്മാരുടെയും ഭാവി എന്തായിത്തീരും എന്നായിരുന്നു പത്രോസിന് അറിയേണ്ടിയിരുന്നത്. പ്രസംഗവേലയ്ക്കായി ജീവിതം ഉഴിഞ്ഞുവെക്കാൻ, പ്രധാനമെന്നു കരുതിയിരുന്ന പലതും അവർക്കു ത്യജിക്കേണ്ടിവന്നിരുന്നു. (മത്താ. 4:18-22) യേശു അവർക്ക് എന്ത് ഉറപ്പാണു നൽകിയത്?
8 മർക്കോസിന്റെ സുവിശേഷത്തിൽ നമുക്ക് അതു കാണാനാകും. തന്റെ ശിഷ്യന്മാർക്ക് ധാരാളം ആത്മീയ സഹോദരീസഹോദരന്മാരെ ലഭിക്കുമെന്ന് യേശു അവിടെ സൂചിപ്പിച്ചിരിക്കുന്നു: “എനിക്കും സുവിശേഷത്തിനുംവേണ്ടി വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞിരിക്കുന്ന ഏവനും ഈ കാലത്തുതന്നെ പീഡനങ്ങളോടുകൂടെ നൂറുമടങ്ങ് വീടുകളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും ലഭിക്കും; വരുവാനുള്ള ലോകത്തിൽ നിത്യജീവനും.” (മർക്കോ. 10:29, 30) യേശു വാഗ്ദാനം ചെയ്തതുപോലെതന്നെ ഒന്നാം നൂറ്റാണ്ടിൽ ലുദിയ, അക്വിലാ, പ്രിസ്കില്ല, ഗായൊസ് തുടങ്ങിയ ക്രിസ്ത്യാനികൾ സഹവിശ്വാസികൾക്ക് ‘സഹോദരന്മാരും സഹോദരിമാരും അമ്മമാരു’മൊക്കെ ആയിത്തീർന്നു; ആ ക്രിസ്ത്യാനികൾ തങ്ങളുടെ ‘വീടുകൾ’ അവർക്കായി തുറന്നിടുകയും ചെയ്തു.—പ്രവൃ. 16:14, 15; 18:2-4; 3 യോഹ. 1, 5-8.
9 യേശുവിന്റെ ആ വാക്കുകൾ ഇന്ന് വലിയ അളവിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. വിവിധ ദേശങ്ങളിൽ ദൈവരാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാനായി അനേകർ ഇന്നു മിഷനറിമാരായും ബെഥേൽ അംഗങ്ങളായും സാർവദേശീയ സേവകന്മാരായും മറ്റും സേവിക്കുന്നു. അവർ സ്വമനസ്സാലെ തങ്ങളുടെ ‘നിലങ്ങൾ’ അഥവാ ജീവനോപാധികൾ ത്യജിച്ചിരിക്കുന്നു. പ്രസംഗവേലയിൽ കൂടുതൽ ഉൾപ്പെടുന്നതിനായി സ്വന്തം ‘വീടുകൾ’ ഉപേക്ഷിക്കാനും അങ്ങനെ ജീവിതം ലളിതമാക്കാനും പല സഹോദരീസഹോദരന്മാരും തയ്യാറായിരിക്കുന്നു. യഹോവയുടെ സേവനത്തിൽനിന്ന് അവർക്കു ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചും യഹോവ അവർക്കായി കരുതുന്നതിനെക്കുറിച്ചും കേൾക്കുന്നത് നമ്മെ കോരിത്തരിപ്പിക്കാറില്ലേ? (പ്രവൃ. 20:35) ആഗോള ക്രിസ്തീയ സഹോദരവർഗത്തിന്റെ ഭാഗമായ, സ്നാനമേറ്റ എല്ലാ ദൈവദാസന്മാർക്കും “ഒന്നാമത് രാജ്യവും (ദൈവത്തിന്റെ) നീതിയും അന്വേഷി”ക്കുന്നതിലൂടെ കൈവരുന്ന അനുഗ്രഹങ്ങൾ പ്രാപിക്കാനാകും.—മത്താ. 6:33.
“അത്യുന്നതന്റെ മറവിൽ” സുരക്ഷിതർ
10, 11. (എ) ‘അത്യുന്നതന്റെ മറവ്’ എന്നാൽ എന്താണ്? (ബി) ആ മറവിൽ വസിക്കാൻ നാം എന്തു ചെയ്യണം?
10 സമർപ്പിച്ച് സ്നാനമേൽക്കുന്നവർക്ക് മറ്റൊരു അനുഗ്രഹംകൂടെ കൈവരുന്നു. “അത്യുന്നതന്റെ മറവിൽ” അവർക്ക് വസിക്കാനാകുന്നു. (സങ്കീർത്തനം 91:1 വായിക്കുക.) അത് ഒരു ആലങ്കാരിക സ്ഥലമാണ്. ആത്മീയ അപകടങ്ങളിൽനിന്നു സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു അവസ്ഥയെ അതു കുറിക്കുന്നു. ആത്മീയ കാഴ്ചപ്പാട് ഇല്ലാത്തവർക്കും ദൈവത്തിൽ ആശ്രയം അർപ്പിക്കാത്തവർക്കും അജ്ഞാതമാണ് ആ ഇടം. അതുകൊണ്ടാണ് അതിനെ ‘മറവ്’ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. സമർപ്പണത്തിനൊത്ത് ജീവിക്കുകയും യഹോവയിൽ സമ്പൂർണമായി ആശ്രയിക്കുകയും ചെയ്യുമ്പോൾ വാസ്തവത്തിൽ നാം അവനോട് ഇപ്രകാരം പറയുകയാണ്: ‘നീ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും ആകുന്നു.’ (സങ്കീ. 91:2) അപ്പോൾ, യഹോവ നമുക്ക് സുരക്ഷിതമായ ഒരു വാസസ്ഥലമായിരിക്കും. (സങ്കീ. 91:9) ഇതിനെക്കാൾ സുരക്ഷിതമായ മറ്റൊരിടം നമുക്കു കണ്ടെത്താനാകുമോ?
11 യഹോവയുമായി ഉറ്റ ബന്ധം ഉള്ള ഒരു വ്യക്തിക്കേ അവന്റെ ‘മറവിൽ’ വസിക്കാനാകൂ. സമർപ്പിച്ച് സ്നാനമേൽക്കുന്നതോടെയാണ് യഹോവയുടെ ‘മറവിൽ’ വസിക്കാനുള്ള പദവി നമുക്ക് കരഗതമാകുന്നത്. പിന്നീട്, ബൈബിൾ പഠനത്തിലൂടെയും ഹൃദയംഗമമായ പ്രാർഥനയിലൂടെയും സമ്പൂർണ അനുസരണത്തിലൂടെയും നാം ദൈവത്തോട് കൂടുതൽക്കൂടുതൽ അടുക്കുന്നു. അങ്ങനെ അവനുമായുള്ള നമ്മുടെ ബന്ധം ഒന്നിനൊന്ന് ദൃഢമാകുന്നു. (യാക്കോ. 4:8) യഹോവയുമായി യേശുവിനുണ്ടായിരുന്നത്ര അടുപ്പം മറ്റൊരാൾക്കും ഉണ്ടായിരുന്നിട്ടില്ല. തന്റെ സ്രഷ്ടാവിലുള്ള യേശുവിന്റെ വിശ്വാസത്തിന് ഒരിക്കൽപ്പോലും ചാഞ്ചല്യമുണ്ടായിട്ടില്ല. (യോഹ. 8:29) നമുക്കും അതുപോലെ യഹോവയെ ഒരിക്കലും സംശയിക്കാതിരിക്കാം. സമർപ്പണ സമയത്ത് നാം എടുത്ത പ്രതിജ്ഞ നിറവേറ്റാൻ യഹോവ നമ്മെ സഹായിക്കുമെന്ന വിശ്വാസം, നമ്മെ സഹായിക്കാനുള്ള ആഗ്രഹവും പ്രാപ്തിയും അവനുണ്ടെന്ന ഉത്തമബോധ്യം, നമുക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ. (സഭാ. 5:4) തന്റെ ജനത്തിനായി യഹോവ ചെയ്തിരിക്കുന്ന ആത്മീയ കരുതലുകൾ, അവൻ നമ്മെ സ്നേഹിക്കുന്നുവെന്നതിന്റെയും നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ നാം വിജയിച്ചുകാണാൻ അവൻ ആഗ്രഹിക്കുന്നുവെന്നതിന്റെയും അനിഷേധ്യമായ തെളിവാണ്.
ഒരു ആത്മീയ പറുദീസയിൽ
12, 13. (എ) ആത്മീയ പറുദീസ എന്നാൽ എന്താണ്? (ബി) പുതിയവരെ സഹായിക്കാനുള്ള ഏത് അവസരം നമുക്കുണ്ട്?
12 ഒരു ആത്മീയ പറുദീസയിൽ വസിക്കാനുള്ള അവസരംകൂടിയാണ് സമർപ്പണത്തിലൂടെയും സ്നാനത്തിലൂടെയും നമുക്ക് തുറന്നുകിട്ടുന്നത്. യഹോവയുടെ ആരാധകർക്കിടയിലുള്ള അതുല്യമായ ആത്മീയ അന്തരീക്ഷമാണ് ഈ ആത്മീയ പറുദീസ. ഈ പറുദീസയിൽ സത്യാരാധകർ ദൈവവുമായും സഹവിശ്വാസികളുമായും സമാധാനത്തിൽ കഴിയുന്നു. (സങ്കീ. 29:11; യെശ. 54:13) നമ്മുടെ ആത്മീയ പറുദീസയോട് തുലനം ചെയ്യാവുന്ന ഒന്നും ഈ ലോകത്തിലില്ല. വിവിധ ദേശക്കാരും ഭാഷക്കാരും വംശക്കാരുമായ നമ്മുടെ സഹോദരീസഹോദരന്മാർ സമാധാനത്തിലും ഐക്യത്തിലും സ്നേഹത്തിലും കൂടിവരുന്ന അന്താരാഷ്ട്ര കൺവെൻഷനുകളിൽ ഈ ആത്മീയ അന്തരീക്ഷം പ്രത്യേകാൽ ദൃശ്യമാണ്.
13 പരിതാപകരമായ അവസ്ഥയിലുള്ള ഇന്നത്തെ ലോകത്തിൽനിന്ന് എത്ര വ്യത്യസ്തമാണ് നമ്മുടെ ആത്മീയ പറുദീസ! (യെശയ്യാവ് 65:13, 14 വായിക്കുക.) ഈ ആത്മീയ പറുദീസയിലേക്കു കടന്നുവരാനുള്ള ക്ഷണമാണ് സുവാർത്താ പ്രസംഗത്തിലൂടെ നാം മറ്റുള്ളവർക്കു നൽകുന്നത്. സഭയോടൊത്ത് സഹവസിക്കാൻ ആരംഭിച്ചിരിക്കുന്ന, ശുശ്രൂഷയിൽ പരിശീലനം ആവശ്യമുള്ള പുതിയ ആളുകളെ സഹായിക്കാൻ കഴിയുന്നതും വലിയൊരു അനുഗ്രഹമാണ്. ‘ദൈവത്തിന്റെ മാർഗം (അപ്പൊല്ലോസിന്) കൂടുതൽ കൃത്യതയോടെ വിവരിച്ചുകൊടുത്ത’ അക്വിലായെയും പ്രിസ്കില്ലയെയുംപോലെ, പുതിയ ചിലരെ സഹായിക്കാൻ മൂപ്പന്മാർ നമ്മോട് ആവശ്യപ്പെടുകപോലും ചെയ്തേക്കാം.—പ്രവൃ. 18:24-26.
യേശുവിൽനിന്ന് തുടർന്നും പഠിക്കുക
14, 15. യേശുവിൽനിന്നു പഠിക്കുന്നത് നാം ഒരിക്കലും നിറുത്തിക്കളയരുതാത്തത് എന്തുകൊണ്ട്?
14 യേശുവിൽനിന്നു പഠിക്കുന്നത് നാം ഒരിക്കലും നിറുത്തിക്കളയരുത്. എന്തുകൊണ്ട്? മനുഷ്യനായി പിറക്കുന്നതിനുമുമ്പ് അവൻ യുഗങ്ങളോളം തന്റെ പിതാവിനോടൊത്ത് സ്വർഗത്തിൽ പ്രവർത്തിച്ചിരുന്നു. (സദൃ. 8:22, 30) ദൈവത്തെ സേവിക്കുന്നതും സത്യത്തിനു സാക്ഷ്യം നൽകുന്നതുമാണ് ഏറ്റവും നല്ല ജീവിതഗതിയെന്ന് അവൻ മനസ്സിലാക്കി. (യോഹ. 18:37) മറ്റേതൊരു ജീവിതഗതിയും താത്കാലിക ലാഭം നോട്ടമിട്ടുള്ള സ്വാർഥമായ ഒന്നായിരിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. കൊടിയ കഷ്ടങ്ങൾ സഹിച്ച് താൻ മരണത്തിനു വിധേയനാകേണ്ടിവരുമെന്നും യേശു മുൻകൂട്ടി അറിഞ്ഞിരുന്നു. (മത്താ. 20:18, 19; എബ്രാ. 4:15) നമ്മുടെ മാതൃകാപുരുഷനായ യേശു, നിർമലത കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് പഠിപ്പിച്ചുതന്നിരിക്കുന്നു.
15 സ്നാനമേറ്റ് അധികം കഴിയുന്നതിനുമുമ്പുതന്നെ, യേശു തിരഞ്ഞെടുത്ത ആ ഉത്കൃഷ്ട ജീവിതഗതി ഉപേക്ഷിക്കാൻ സാത്താൻ അവനെ പ്രേരിപ്പിച്ചു. യേശു പക്ഷേ ആ പ്രലോഭനത്തിനു വശംവദനായില്ല. (മത്താ. 4:1-11) സാത്താൻ എന്തുതന്നെ ചെയ്താലും നിർമലത കാത്തുസൂക്ഷിക്കാനാകും എന്ന് യേശുവിന്റെ ദൃഷ്ടാന്തം നമുക്ക് തെളിയിച്ചുതരുന്നു. സ്നാനത്തിന്റെ പടിയിലേക്കു പുരോഗമിക്കുന്നവരെയും പുതിയതായി സ്നാനമേറ്റവരെയും സാത്താൻ വിശേഷാൽ നോട്ടമിട്ടേക്കാം. (1 പത്രോ. 5:8) ചിലപ്പോൾ നമുക്ക് എതിർപ്പുകളുണ്ടാകുന്നത് നമ്മുടെ വിശ്വാസങ്ങളെ തെറ്റിദ്ധരിക്കുന്ന കുടുംബാംഗങ്ങളിൽനിന്നായിരിക്കാം. ഉദ്ദേശ്യശുദ്ധിയോടെയായിരിക്കും ഒരുപക്ഷേ അവർ നമ്മെ എതിർക്കുന്നത്. എന്തുതന്നെയായാലും, ക്രിസ്തീയ ഗുണങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങളായി നമുക്ക് അവയെ കാണാം. നയത്തോടും ആദരവോടുംകൂടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് നല്ലൊരു സാക്ഷ്യം നൽകാൻ നമുക്ക് ആ സന്ദർഭങ്ങൾ വിനിയോഗിക്കാം. (1 പത്രോ. 3:15) ഇത്തരത്തിലുള്ള നമ്മുടെ പ്രതികരണം ചിലപ്പോൾ അവരെ ക്രിയാത്മകമായി സ്വാധീനിക്കും.—1 തിമൊ. 4:16.
ഉത്കൃഷ്ട ജീവിതമാർഗത്തിൽ തുടരുക
16, 17. (എ) ആവർത്തനപുസ്തകം 30:19, 20 അനുസരിച്ച് ജീവൻ പ്രാപിക്കാൻ നാം ഏത് അടിസ്ഥാന നിബന്ധനകൾ പാലിക്കണം? (ബി) യേശുവും യോഹന്നാനും പൗലോസും മോശയുടെ വാക്കുകളെ പിന്താങ്ങിയത് എങ്ങനെ?
16 യേശു ഭൂജാതനാകുന്നതിന് ഏതാണ്ട് 1500 വർഷം മുമ്പ്, അന്ന് ഉണ്ടായിരുന്നതിലേക്ക് ഏറ്റവും ശ്രേഷ്ഠമായ ജീവിതഗതി തിരഞ്ഞെടുക്കാൻ മോശ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. അവൻ പറഞ്ഞു: ‘ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യുക.’ (ആവ. 30:19, 20) ആ നിർദേശം പാലിക്കാൻ ഇസ്രായേല്യർ പരാജയപ്പെട്ടെങ്കിലും ജീവൻ പ്രാപിക്കാൻ മോശ പറഞ്ഞ ആ മൂന്ന് അടിസ്ഥാന നിബന്ധനകൾക്ക് മാറ്റമൊന്നുമുണ്ടായില്ല. പിന്നീട് യേശുവും വേറെ ചിലരും ഈ ആശയങ്ങളെ പിന്താങ്ങി സംസാരിക്കുകയുണ്ടായി.
17 ഒന്നാമത്, നാം ‘നമ്മുടെ ദൈവമായ യഹോവയെ സ്നേഹിക്കണം.’ ദൈവത്തിന്റെ നീതിനിഷ്ഠമായ വഴികൾക്കു ചേർച്ചയിൽ ജീവിക്കുന്നതിലൂടെ, അവനെ സ്നേഹിക്കുന്നുവെന്ന് നമുക്കു തെളിയിക്കാനാകും. (മത്താ. 22:37) രണ്ടാമതായി, നാം യഹോവയുടെ ‘വാക്കു കേട്ടനുസരിക്കണം.’ ഏതുവിധത്തിൽ? ദൈവത്തിന്റെ വചനം പഠിക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തുകൊണ്ട്. (1 യോഹ. 5:3) അതിനായി നാം, ബൈബിൾ വിഷയങ്ങളെക്കുറിച്ച് ഗ്രാഹ്യം നേടാൻ സഹായിക്കുന്ന ക്രിസ്തീയ യോഗങ്ങളിൽ ക്രമമായി സംബന്ധിക്കേണ്ടതുണ്ട്. (എബ്രാ. 10:23-25) മൂന്നാമതായി, നാം യഹോവയോടു ‘ചേർന്നിരിക്കണം.’ അതായത്, ജീവിതത്തിൽ എന്തു നേരിട്ടാലും നാം യഹോവയിലുള്ള വിശ്വാസം വിട്ടുകളയുകയോ അവന്റെ പുത്രനെ അനുഗമിക്കുന്നത് നിറുത്തിക്കളയുകയോ ചെയ്യരുത്.—2 കൊരി. 4:16-18.
18. (എ) 1914-ലെ വീക്ഷാഗോപുരം സത്യത്തിന്റെ മാർഗത്തെ വിശേഷിപ്പിച്ചത് എങ്ങനെ? (ബി) ഇന്ന് ആത്മീയ സത്യത്തോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
18 ബൈബിൾസത്യത്തിനു ചേർച്ചയിൽ ജീവിക്കാൻ സാധിക്കുന്നത് എത്ര വലിയ അനുഗ്രഹമാണ്! 1914-ലെ വീക്ഷാഗോപുരത്തിൽ അച്ചടിച്ചുവന്ന ഒരു പ്രസ്താവന വിശേഷാൽ ശ്രദ്ധേയമാണ്: “നാം എത്ര ധന്യരാണ്! എത്ര അനുഗൃഹീതരാണ്! നാം ആരാധിക്കുന്നത് വിശ്വസ്തനായ ഒരു ദൈവത്തെയല്ലേ? ഇതിനെക്കാൾ ശ്രേഷ്ഠമായ ഒരു ജീവിതഗതിയെക്കുറിച്ച് ആർക്കെങ്കിലും അറിയാമെങ്കിൽ അവർ അതു പിന്തുടർന്നുകൊള്ളട്ടെ. അങ്ങനെയൊന്ന് നിങ്ങൾ കണ്ടെത്തിയാൽ അത് ഞങ്ങളോടുംകൂടെ പറയുക. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ദൈവവചനത്തിൽനിന്നു കണ്ടെത്തിയ മാർഗത്തെക്കാൾ ശ്രേഷ്ഠമായ മറ്റൊന്നില്ല. . . . സത്യദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഞങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും നിറച്ചിരിക്കുന്ന സമാധാനവും സന്തോഷവും അനുഗ്രഹങ്ങളും വർണനാതീതമാണ്. ദൈവത്തിന്റെ ജ്ഞാനം, നീതി, ശക്തി, സ്നേഹം എന്നിവയെക്കുറിച്ചുള്ള അറിവ് ഞങ്ങളുടെ ബൗദ്ധികവും വൈകാരികവുമായ ആവശ്യങ്ങളെ ഒരുപോലെ തൃപ്തിപ്പെടുത്താൻ പോന്നതാണ്. ഇതിൽ കൂടുതലായി ഒന്നും ഞങ്ങൾക്ക് ആവശ്യമില്ല. ദൈവപരിജ്ഞാനത്തിൽ വളരണം എന്ന ഒരേയൊരു ആഗ്രഹമേ ഞങ്ങൾക്കുള്ളൂ.” (1914 ഡിസംബർ 15 വീക്ഷാഗോപുരം, 377-378 പേജുകൾ) ആത്മീയ സത്യത്തോടും ആത്മീയ പ്രകാശത്തോടും നമുക്ക് ഇന്നും അതേ വിലമതിപ്പാണുള്ളത്. “യഹോവയുടെ വെളിച്ചത്തിൽ” നടക്കുന്നതിൽ സന്തോഷിക്കാൻ നമുക്കിന്ന് ഏറെ കാരണങ്ങളുണ്ട്!—യെശ. 2:5; സങ്കീ. 43:3; സദൃ. 4:18.
19. സ്നാനമേൽക്കാൻ യോഗ്യത പ്രാപിക്കുന്നവർ ഒട്ടും അമാന്തിക്കാതെ ആ പടി സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
19 ‘യഹോവയുടെ വെളിച്ചത്തിൽ നടക്കാൻ’ ആഗ്രഹിക്കുന്ന, എന്നാൽ സമർപ്പിച്ച് സ്നാനമേറ്റിട്ടില്ലാത്ത ഒരു ക്രിസ്ത്യാനിയാണ് നിങ്ങളെങ്കിൽ ആ പടിയിലെത്താൻ ഇനി ഒട്ടും അമാന്തിക്കരുത്. സ്നാനമേൽക്കാനുള്ള തിരുവെഴുത്തു യോഗ്യതയിലെത്തിച്ചേരാൻ എല്ലാ ശ്രമവും ചെയ്യുക. ദൈവവും ക്രിസ്തുവും നമുക്കായി ചെയ്തിരിക്കുന്ന കാര്യങ്ങളോട് കൃതജ്ഞത പ്രകടിപ്പിക്കാൻ ഇതിനെക്കാൾ മെച്ചമായ മാർഗം വേറെയില്ല. നിങ്ങൾക്ക് ഏറ്റവും വിലപ്പെട്ടത്, അതായത് നിങ്ങളുടെ ജീവൻതന്നെ യഹോവയ്ക്ക് അർപ്പിക്കുക. യേശുവിനെ പിൻചെന്നുകൊണ്ട് ദൈവേഷ്ടം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുക. (2 കൊരി. 5:14, 15) നിസ്സംശയമായും, ഏറ്റവും ശ്രേഷ്ഠമായ ജീവിതഗതി അതാണ്!
എന്താണ് നിങ്ങളുടെ ഉത്തരം?
• നമ്മുടെ സ്നാനം എന്തിന്റെ പ്രതീകമാണ്?
• സമർപ്പണവും സ്നാനവും എന്ത് അനുഗ്രഹങ്ങൾ കൈവരുത്തും?
• യേശുവിൽനിന്നു പഠിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
• ഉത്കൃഷ്ട ജീവിതമാർഗത്തിൽ തുടരാൻ നിങ്ങളെ എന്തു സഹായിക്കും?
[25-ാം പേജിലെ ചിത്രം]
ഏറ്റവും ശ്രേഷ്ഠമായ ജീവിതപാത നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് നിങ്ങളുടെ സ്നാനം
[26-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ “അത്യുന്നതന്റെ മറവിൽ” വസിക്കുന്നുവോ?