അധ്യായം 11
‘അവന്റെ വഴികൾ ഒക്കെയും നീതിയുള്ളത്’
1, 2. (എ) യോസേഫ് ഏതു കടുത്ത അനീതിക്ക് ഇരയായി? (ബി) യഹോവ അതിനെതിരെ നടപടി സ്വീകരിച്ചത് എങ്ങനെ?
അതു കടുത്ത അനീതിയായിരുന്നു. സുന്ദരനായ ആ യുവാവ് ഒരു കുറ്റവും ചെയ്തിരുന്നില്ല. എന്നിട്ടും ബലാത്സംഗത്തിനു ശ്രമിച്ചു എന്ന വ്യാജാരോപണം ചുമത്തി അവനെ കാരാഗൃഹത്തിലാക്കി. എന്നാൽ അവൻ അനീതിക്ക് ഇരയാകുന്നത് ഇത് ആദ്യമായിട്ടല്ലായിരുന്നു. വർഷങ്ങൾക്കു മുമ്പ് 17-ാം വയസ്സിൽ, യോസേഫ് എന്ന ഈ യുവാവിനെ അവന്റെ സ്വന്തം സഹോദരന്മാർ ചതിച്ചുകൊല്ലാൻ പദ്ധതിയിട്ടു. പിന്നീട് അവർ അവനെ മറ്റൊരു ദേശത്തേക്ക് അടിമയായി വിറ്റു. അവിടെ അവൻ തന്റെ യജമാനന്റെ ഭാര്യയുടെ അധാർമിക മുന്നേറ്റങ്ങളെ നിരസിച്ചു. ആ സ്ത്രീയാണ് അവന്റെമേൽ വ്യാജാരോപണം ഉന്നയിച്ചത്. അവൻ തടവിൽ ആയതും അങ്ങനെയാണ്. സങ്കടകരമെന്നു പറയട്ടെ, അവനുവേണ്ടി വാദിക്കാൻ പ്രത്യക്ഷത്തിൽ ആരുമില്ലായിരുന്നു.
യോസേഫ് അന്യായമായി “കുണ്ടറയിൽ” അടയ്ക്കപ്പെട്ടു
2 എന്നിരുന്നാലും, ‘നീതിയും ന്യായവും ഇഷ്ടപ്പെടുന്ന’ ദൈവം എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. (സങ്കീർത്തനം 33:5) ആ അനീതിക്കെതിരെ യഹോവ നടപടി സ്വീകരിച്ചു. യോസേഫ് മോചിതനാകത്തക്കവണ്ണം യഹോവ കാര്യങ്ങൾ നീക്കി. അതിലുപരി, യോസേഫ്—“കുണ്ടറ”യിൽ അടയ്ക്കപ്പെട്ടിരുന്ന ആ മനുഷ്യൻ—വലിയ ഉത്തരവാദിത്വമുള്ള, അസാധാരണ ബഹുമതിക്ക് അർഹമായ ഒരു സ്ഥാനത്ത് അവരോധിക്കപ്പെട്ടു. (ഉല്പത്തി 40:15; 41:41-43; സങ്കീർത്തനം 105:17, 18) അവസാനം യോസേഫ് കുറ്റവിമുക്തനാക്കപ്പെട്ടു. അവൻ തന്റെ സമുന്നത സ്ഥാനം ദൈവോദ്ദേശ്യം ഉന്നമിപ്പിക്കുന്നതിനായി ഉപയോഗിച്ചു.—ഉല്പത്തി 45:5-8.
3. നാമെല്ലാവരും നീതിനിഷ്ഠമായ പെരുമാറ്റം ആഗ്രഹിക്കുന്നത് അതിശയകരമല്ലാത്തത് എന്തുകൊണ്ട്?
3 ആ വിവരണം ഹൃദയസ്പർശിയാണ്, അല്ലേ? അനീതി കണ്ടിട്ടില്ലാത്തവരായി അല്ലെങ്കിൽ അതിന് ഇരയായിട്ടില്ലാത്തവരായി നമ്മിൽ ആരുണ്ട്? അതേ, നാമെല്ലാവരും നീതിനിഷ്ഠവും നിഷ്പക്ഷവുമായ പെരുമാറ്റം കാംക്ഷിക്കുന്നു. അതിൽ അതിശയിക്കാനില്ല, കാരണം യഹോവ സ്വന്തം വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഗുണങ്ങൾ നമുക്കു നൽകിയിരിക്കുന്നു. അവന്റെ മുഖ്യ ഗുണങ്ങളിലൊന്ന് നീതിയാണ്. (ഉല്പത്തി 1:27) യഹോവയെ നന്നായി അറിയുന്നതിന് നാം അവന്റെ നീതിബോധം ഗ്രഹിക്കേണ്ടതുണ്ട്. അങ്ങനെ നാം അവന്റെ വിസ്മയകരമായ വഴികളെ കൂടുതലായി വിലമതിക്കാനും അവനോട് കുറേക്കൂടെ അടുത്തു ചെല്ലാനും ഇടയാകും.
എന്താണ് നീതി?
4. മാനുഷ വീക്ഷണത്തിൽ, നീതി എന്ന പദം മിക്കപ്പോഴും എന്ത് അർഥമാക്കുന്നു?
4 മാനുഷ വീക്ഷണത്തിൽ നീതി അഥവാ ന്യായം, ഒരു നിയമാവലിയിലെ ചട്ടങ്ങളുടെ ഏറെക്കുറെ ഉചിതമായ പിൻപറ്റൽ മാത്രമാണ്. “നീതി നിയമത്തോടും കടപ്പാടിനോടും അവകാശങ്ങളോടും കർത്തവ്യങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു, നിഷ്പക്ഷമായി അല്ലെങ്കിൽ യോഗ്യതയ്ക്ക് അനുസൃതമായി അതിന്റെ തീർപ്പുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു” എന്ന് അവകാശവും ന്യായബോധവും—തത്ത്വത്തിലെയും പ്രവർത്തനത്തിലെയും സദാചാര മൂല്യങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. എന്നാൽ യഹോവയുടെ നീതിയിൽ, കർത്തവ്യത്തിന്റെയോ കടപ്പാടിന്റെയോ പേരിൽ ചട്ടങ്ങൾ യാന്ത്രികമായി പിൻപറ്റുന്നതിലധികം ഉൾപ്പെടുന്നു.
5, 6. (എ) “നീതി” എന്നോ “ന്യായം” എന്നോ വിവർത്തനം ചെയ്യപ്പെടുന്ന മൂല ഭാഷാപദങ്ങളുടെ അർഥമെന്ത്? (ബി) ദൈവം നീതിമാനാണ് എന്നതിന്റെ അർഥമെന്ത്?
5 ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന മൂല ഭാഷാപദങ്ങൾ പരിചിന്തിക്കുന്നത് യഹോവയുടെ നീതിയുടെ ആഴവും പരപ്പും മെച്ചമായി മനസ്സിലാക്കുന്നതിനു സഹായിക്കും. എബ്രായ തിരുവെഴുത്തുകളിൽ മൂന്നു മുഖ്യ പദങ്ങൾ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. “നീതി” എന്നോ “ന്യായം” എന്നോ വിവർത്തനം ചെയ്യപ്പെടുന്ന ഈ പദങ്ങൾ “ശരിയായത്” എന്നും വിവർത്തനം ചെയ്യാവുന്നതാണ്.—ഉല്പത്തി 18:25, NW.
6 അതുകൊണ്ട്, ദൈവം നീതിമാൻ ആണെന്നു ബൈബിൾ പറയുമ്പോൾ അവൻ ശരിയും ഉചിതവുമായത് ചെയ്യുന്നു എന്നും മുഖപക്ഷമില്ലാതെ എല്ലായ്പോഴും അവൻ അങ്ങനെ ചെയ്യുന്നു എന്നും അത് നമ്മോടു പറയുകയാണ്. (റോമർ 2:11) മറ്റു പ്രകാരത്തിൽ അവൻ പ്രവർത്തിക്കും എന്നത് യഥാർഥത്തിൽ അചിന്തനീയമാണ്. വിശ്വസ്തനായ എലീഹൂ ഇങ്ങനെ പ്രസ്താവിച്ചു: “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല.” (ഇയ്യോബ് 34:10) തീർച്ചയായും, ‘നീതികേടു ചെയ്യുക’ എന്നത് യഹോവയ്ക്ക് അസാധ്യമാണ്. എന്തുകൊണ്ട്? അതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്.
7, 8. (എ) യഹോവയ്ക്ക് അനീതി പ്രവർത്തിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? (ബി) തന്റെ ഇടപെടലുകളിൽ നീതി പുലർത്താൻ യഹോവയെ പ്രേരിപ്പിക്കുന്നത് എന്ത്?
7 ഒന്ന്, അവൻ പരിശുദ്ധനാണ്. നാം 3-ാം അധ്യായത്തിൽ കണ്ടതുപോലെ, യഹോവ പൂർണമായ അർഥത്തിൽ നിർമലനും നേരുള്ളവനുമാണ്. അതുകൊണ്ട് നീതിരഹിതമായോ അന്യായമായോ പ്രവർത്തിക്കാൻ അവൻ അപ്രാപ്തനാണ്. അതിന്റെ അർഥമെന്തെന്നു ചിന്തിക്കുക. നമ്മുടെ സ്വർഗീയ പിതാവിന്റെ പരിശുദ്ധി തന്റെ മക്കൾക്കു ദോഷകരമായതൊന്നും അവൻ ഒരിക്കലും ചെയ്യുകയില്ലെന്നു വിശ്വസിക്കാൻ നമുക്കു ശക്തമായ കാരണം നൽകുന്നു. യേശുവിന് അത്തരം വിശ്വാസമുണ്ടായിരുന്നു. തന്റെ ഭൗമിക ജീവിതത്തിന്റെ അവസാന രാത്രിയിൽ, അവൻ ഇങ്ങനെ പ്രാർഥിച്ചു: “പരിശുദ്ധപിതാവേ, . . . നിന്റെ നാമത്തിൽ അവരെ [ശിഷ്യന്മാരെ] കാത്തുകൊളേളണമേ.” (യോഹന്നാൻ 17:11) തിരുവെഴുത്തുകളിൽ യഹോവയെ മാത്രമാണ് ‘പരിശുദ്ധ പിതാവേ’ എന്ന് സംബോധന ചെയ്തിരിക്കുന്നത്. അത് ഉചിതമാണ്. കാരണം, വിശുദ്ധിയുടെ കാര്യത്തിൽ യാതൊരു മാനുഷ പിതാവിനെയും അവനോടു തുലനം ചെയ്യാനാവില്ല. പരിപൂർണമായ അളവിൽ നിർമലനും വിശുദ്ധനും സകല പാപാവസ്ഥയിൽനിന്നും തികച്ചും വേർപെട്ടവനുമായ പിതാവിന്റെ കൈകളിൽ തന്റെ ശിഷ്യന്മാർ സുരക്ഷിതരായിരിക്കും എന്ന് യേശുവിന് പൂർണ വിശ്വാസമുണ്ടായിരുന്നു.—മത്തായി 23:9.
8 രണ്ട്, നിസ്വാർഥ സ്നേഹം ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകമാണ്. അത്തരം സ്നേഹം മറ്റുള്ളവരോട് നീതിപൂർവം ഇടപെടാൻ അവനെ പ്രേരിപ്പിക്കുന്നു. എന്നാൽ വർഗീയ വാദം, വിവേചന, പക്ഷപാതിത്വം തുടങ്ങിയ അനീതിയുടെ രൂപങ്ങൾ മിക്കപ്പോഴും സ്നേഹത്തിന്റെ വിപരീതമായ അത്യാഗ്രഹത്തിൽനിന്നും സ്വാർഥതയിൽനിന്നുമാണ് ഉടലെടുക്കുന്നത്. സ്നേഹത്തിന്റെ ദൈവത്തെ സംബന്ധിച്ച് ബൈബിൾ നമുക്ക് ഇങ്ങനെ ഉറപ്പു നൽകുന്നു: “യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു.” (സങ്കീർത്തനം 11:7) തന്നെക്കുറിച്ചുതന്നെ യഹോവ ഇങ്ങനെ പറയുന്നു: ‘യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുന്നു.’ (യെശയ്യാവു 61:8) ശരിയായത് അല്ലെങ്കിൽ നീതിയായത് ചെയ്യുന്നതിൽ നമ്മുടെ ദൈവം സന്തോഷിക്കുന്നു എന്നറിയുന്നത് ആശ്വാസകരമല്ലേ?—യിരെമ്യാവു 9:24.
കരുണയും യഹോവയുടെ പൂർണതയുള്ള നീതിയും
9-11. (എ) യഹോവയുടെ നീതിയും അവന്റെ കരുണയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (ബി) യഹോവ പാപികളായ മനുഷ്യരോട് ഇടപെടുന്ന വിധത്തിൽ അവന്റെ നീതിയും കരുണയും പ്രകടമായിരിക്കുന്നത് എങ്ങനെ?
9 യഹോവയുടെ വ്യക്തിത്വത്തിന്റെ മറ്റ് ഏതൊരു അതുല്യ വശത്തെയും പോലെ, അവന്റെ നീതി പൂർണതയുള്ളതാണ്, യാതൊരുവിധ കുറവുകളും അതിനില്ല. യഹോവയെ സ്തുതിച്ചുകൊണ്ട് മോശെ ഇങ്ങനെ എഴുതി: “അവൻ പാറ; അവന്റെ പ്രവൃത്തി പൂർണതയുള്ളത്, എന്തെന്നാൽ അവന്റെ വഴികൾ ഒക്കെയും നീതിയാകുന്നു. വിശ്വസ്തതയുള്ള ഒരു ദൈവം, അവന്റെ പക്കൽ അനീതിയില്ല; നീതിയും നേരുമുള്ളവൻ.” (ആവർത്തനപുസ്തകം 32:3, 4, NW) യഹോവയുടെ നീതിയുടെ ഏതു പ്രകടനവും കുറ്റമറ്റതാണ്—അത് ഒരിക്കലും കണക്കിലേറെ അയവുള്ളതോ അങ്ങേയറ്റം കഠിനമോ അല്ല.
10 യഹോവയുടെ നീതിയും കരുണയും തമ്മിൽ അടുത്ത ബന്ധമുണ്ട്. സങ്കീർത്തനം 116:5 പറയുന്നു: “യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ.” അതേ, യഹോവ നീതിയും കരുണയുമുള്ളവനാണ്. ഈ രണ്ടു ഗുണങ്ങളും പരസ്പര വിരുദ്ധമല്ല. യഹോവ കരുണ പ്രകടമാക്കുന്നത് അവന്റെ നീതി അങ്ങേയറ്റം കർക്കശമായതിനാലോ അതിനെ മയപ്പെടുത്തേണ്ടതുള്ളതിനാലോ അല്ല. ഈ രണ്ടു ഗുണങ്ങളും—കരുണയും നീതിയും—ഒരേ സമയത്ത്, അവന്റെ ഒരേ പ്രവൃത്തിയിൽപ്പോലും, പ്രകടമാകുന്നു. ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക.
11 സകല മനുഷ്യരും പാരമ്പര്യസിദ്ധമായി പാപപൂർണരും തന്നിമിത്തം പാപത്തിന്റെ ശിക്ഷയായ മരണം അർഹിക്കുന്നവരുമാണ്. (റോമർ 5:12) എന്നാൽ യഹോവ പാപികളുടെ മരണത്തിൽ സന്തോഷിക്കുന്നില്ല. അവൻ ‘ക്ഷമിപ്പാൻ ഒരുക്കമുള്ളവനും കൃപയും കരുണയും ഉള്ളവനുമായ ദൈവം’ ആണ്. (നെഹെമ്യാവു 9:17) എങ്കിലും അവൻ പരിശുദ്ധൻ ആകയാൽ അവന് അനീതി പൊറുക്കാൻ കഴിയില്ല. അപ്പോൾ അവന് ജന്മനാ പാപികളായ മനുഷ്യരോട് എങ്ങനെ കരുണ കാണിക്കാൻ കഴിയും? ദൈവവചനത്തിലെ ഏറ്റവും അമൂല്യമായ സത്യങ്ങളിൽ ഒന്നിലാണ് അതിനുള്ള ഉത്തരം അടങ്ങിയിരിക്കുന്നത്: മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള യഹോവയുടെ മറുവിലാ ക്രമീകരണത്തിൽ. 14-ാം അധ്യായത്തിൽ നാം സ്നേഹനിർഭരമായ ഈ ക്രമീകരണത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കും. അത് അത്യന്തം നീതിപൂർവകവും അതേസമയം അങ്ങേയറ്റം കരുണാപൂർവകവുമാണ്. അതു മുഖാന്തരം തന്റെ പൂർണതയുള്ള നീതിയുടെ പ്രമാണങ്ങൾ പാലിക്കുമ്പോൾത്തന്നെ അനുതാപമുള്ള പാപികളോട് ആർദ്ര കരുണ പ്രകടമാക്കാനും യഹോവയ്ക്കു കഴിയും.—റോമർ 3:21-26.
യഹോവയുടെ നീതി ഹൃദയോഷ്മളം
12, 13. (എ) യഹോവയുടെ നീതി നമ്മെ അവനിലേക്ക് ആകർഷിക്കുന്നത് എങ്ങനെ? (ബി) യഹോവയുടെ നീതി സംബന്ധിച്ച് ദാവീദ് എന്തു നിഗമനത്തിൽ എത്തി, ഇതിന് നമ്മെ എങ്ങനെ ആശ്വസിപ്പിക്കാൻ കഴിയും?
12 യഹോവയുടെ നീതി നമ്മെ അവനിൽനിന്ന് അകറ്റുന്ന ഒരു നിർവികാര ഗുണമല്ല, പിന്നെയോ നമ്മെ അവനിലേക്ക് ആകർഷിക്കുന്ന പ്രിയങ്കരമായ ഒരു ഗുണമാണ്. യഹോവയുടെ ന്യായത്തിന്റെ അല്ലെങ്കിൽ നീതിയുടെ കരുണാർദ്രമായ സ്വഭാവം ബൈബിൾ വ്യക്തമായി വർണിക്കുന്നു. യഹോവ നീതി പ്രകടമാക്കുന്ന ഹൃദയോഷ്മളമായ ചില വിധങ്ങൾ നമുക്കു പരിചിന്തിക്കാം.
13 തന്റെ ദാസന്മാരോട് വിശ്വസ്തത പ്രകടമാക്കാൻ യഹോവയുടെ പൂർണ നീതി അവനെ പ്രേരിപ്പിക്കുന്നു. യഹോവയുടെ നീതിയുടെ ഈ സവിശേഷത നേരിട്ടു മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്ത വ്യക്തിയായിരുന്നു സങ്കീർത്തനക്കാരനായ ദാവീദ്. സ്വന്തം അനുഭവത്തിൽനിന്നും ദൈവത്തിന്റെ പ്രവർത്തനരീതികളെ കുറിച്ചുള്ള വ്യക്തിപരമായ പഠനത്തിൽനിന്നും ദാവീദ് എന്തു നിഗമനത്തിൽ എത്തി? അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവ നീതിപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു.” (സങ്കീർത്തനം 37:28, NW) എത്ര ആശ്വാസകരമായ ഉറപ്പ്! നമ്മുടെ ദൈവം തന്നോട് വിശ്വസ്തരായവരെ ഒരു നിമിഷത്തേക്കു പോലും കൈവെടിയുകയില്ല. അതുകൊണ്ട് നമുക്ക് അവനുമായുള്ള അടുപ്പത്തിലും അവന്റെ സ്നേഹനിർഭരമായ പരിപാലനത്തിലും ആശ്രയം വെക്കാൻ കഴിയും. അവന്റെ നീതി അതിന് ഉറപ്പു നൽകുന്നു!—സദൃശവാക്യങ്ങൾ 2:7, 8.
14. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ച് യഹോവ ചിന്തയുള്ളവനാണെന്ന് അവൻ ഇസ്രായേലിനു കൊടുത്ത ന്യായപ്രമാണം വ്യക്തമാക്കുന്നത് എങ്ങനെ?
14 ദിവ്യനീതിക്ക് ക്ലേശിതരുടെ ആവശ്യങ്ങളെ കുറിച്ചു ബോധമുണ്ട്. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ചുള്ള യഹോവയുടെ ചിന്ത ഇസ്രായേലിന് അവൻ കൊടുത്ത ന്യായപ്രമാണത്തിൽ പ്രകടമാണ്. ദൃഷ്ടാന്തത്തിന്, അനാഥരും വിധവമാരും സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള പ്രത്യേക ക്രമീകരണങ്ങൾ ന്യായപ്രമാണത്തിൽ അടങ്ങിയിരുന്നു. (ആവർത്തനപുസ്തകം 24:17-21)a അങ്ങനെയുള്ള കുടുംബങ്ങൾക്ക് ജീവിതം എത്ര പ്രയാസകരമായിരിക്കാം എന്നതു മനസ്സിലാക്കിക്കൊണ്ട് യഹോവതന്നെ അവരുടെ പിതൃതുല്യ ന്യായാധിപനും സംരക്ഷകനും ആയിത്തീർന്നു. “അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കു”ന്നവൻതന്നെ. (ആവർത്തനപുസ്തകം 10:18; സങ്കീർത്തനം 68:5) ഇസ്രായേല്യർ അശരണരായ സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചാൽ താൻ അങ്ങനെയുള്ളവരുടെ നിലവിളി തീർച്ചയായും കേൾക്കുമെന്നു യഹോവ അവർക്കു മുന്നറിയിപ്പു കൊടുത്തു. ‘എന്റെ കോപം ജ്വലിക്കും’ എന്ന് അവൻ പ്രസ്താവിച്ചു. (പുറപ്പാടു 22:22-24) കോപം യഹോവയുടെ പ്രമുഖ ഗുണങ്ങളിൽ ഒന്നല്ലെങ്കിലും, അനീതിയുടെ മനഃപൂർവ പ്രവൃത്തികൾ അവനിൽ നീതിനിഷ്ഠമായ കോപം ഉളവാക്കുന്നു, വിശേഷിച്ചും അതിന് ഇരകളാകുന്നവർ എളിയവരും നിസ്സഹായരുമാണെങ്കിൽ.—സങ്കീർത്തനം 103:6.
15, 16. യഹോവയുടെ പക്ഷപാതിത്വമില്ലായ്മയുടെ തികച്ചും ശ്രദ്ധേയമായ ഒരു തെളിവ് എന്ത്?
15 താൻ “മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നുമില്ല” എന്നും യഹോവ നമുക്ക് ഉറപ്പുനൽകുന്നു. (ആവർത്തനപുസ്തകം 10:17) അധികാരമോ സ്വാധീനമോ ഉള്ള പല മനുഷ്യരിൽനിന്നും വ്യത്യസ്തമായി യഹോവ ഭൗതിക ധനത്താലോ ബാഹ്യപ്രത്യക്ഷതയാലോ സ്വാധീനിക്കപ്പെടുന്നില്ല. അവന് മുൻവിധിയോ പക്ഷപാതിത്വമോ ഇല്ല. യഹോവയുടെ പക്ഷപാതിത്വമില്ലായ്മയുടെ തികച്ചും ശ്രദ്ധേയമായ ഒരു തെളിവു പരിചിന്തിക്കുക. അനന്തജീവന്റെ പ്രത്യാശയോടെ അവന്റെ സത്യാരാധകരായിത്തീരാനുള്ള അവസരം ശ്രേഷ്ഠരായ ചുരുക്കം ചില വ്യക്തികൾക്കായി അവൻ പരിമിതപ്പെടുത്തുന്നില്ല. മറിച്ച്, “ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു” (പ്രവൃത്തികൾ 10:34, 35) ഈ അത്ഭുതകരമായ പ്രത്യാശ സകലർക്കും ലഭ്യമാണ്, സാമൂഹിക നിലയോ വർഗമോ ദേശമോ ഒന്നും അതിനൊരു പ്രതിബന്ധമല്ല. അതു യഥാർഥ നീതിയുടെ അതിമഹത്തായ ഒരു പ്രകടനമല്ലേ?
16 യഹോവയുടെ പൂർണതയുള്ള നീതിയുടെ മറ്റൊരു വശം നമ്മുടെ പരിചിന്തനവും ആദരവും അർഹിക്കുന്നു: തന്റെ നീതിയുള്ള പ്രമാണങ്ങൾ ലംഘിക്കുന്നവരോട് അവൻ ഇടപെടുന്ന വിധം.
കുറ്റമുള്ളവനെ വെറുതെ വിടുകയില്ല
17. ഈ ലോകത്തിലെ അനീതികൾ യാതൊരു പ്രകാരത്തിലും യഹോവയുടെ നീതിയെ കളങ്കപ്പെടുത്തുന്നില്ലാത്തത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
17 ‘യഹോവ അനീതിയുടെ നേരെ കണ്ണടയ്ക്കുന്നില്ലാത്തതിനാൽ ഇന്നത്തെ ലോകത്തിൽ വളരെ സാധാരണമായിരിക്കുന്ന അന്യായമായ കഷ്ടപ്പാടിന്റെയും ദുർനടപടികളുടെയും കാരണം നമുക്ക് എങ്ങനെ വിശദീകരിക്കാനാകും’ എന്നു ചിലർ ചിന്തിച്ചേക്കാം. അത്തരം അനീതികൾ ഒരു പ്രകാരത്തിലും യഹോവയുടെ നീതിയെ കളങ്കപ്പെടുത്തുന്നില്ല. ഈ ദുഷ്ട ലോകത്തിലെ അനീതികളിൽ പലതും മനുഷ്യർക്ക് ആദാമിൽനിന്നു കൈമാറിക്കിട്ടിയിരിക്കുന്ന പാപാവസ്ഥയുടെ പരിണതഫലങ്ങളാണ്. അപൂർണ മനുഷ്യൻ പാപപങ്കിലമായ ഗതി തിരഞ്ഞെടുത്തിരിക്കുന്ന ഈ ലോകത്തിൽ അനീതികൾ പെരുകുന്നു—എന്നാൽ അത് അധികകാലം തുടരുകയില്ല.—ആവർത്തനപുസ്തകം 32:5.
18, 19. തന്റെ നീതിയുള്ള നിയമങ്ങളെ മനഃപൂർവം ലംഘിക്കുന്നവരെ യഹോവ വെച്ചുപൊറുപ്പിക്കുകയില്ലെന്ന് എന്തു പ്രകടമാക്കുന്നു?
18 ആത്മാർഥമായി തന്നോട് അടുത്തു വരുന്നവരോട് യഹോവ വലിയ കരുണ കാണിക്കുന്നെങ്കിലും, തന്റെ വിശുദ്ധ നാമത്തിന്മേൽ നിന്ദ വരുത്തുന്ന ഒരു സാഹചര്യത്തെ അവൻ എന്നേക്കും വെച്ചുപൊറുപ്പിക്കുകയില്ല. (സങ്കീർത്തനം 74:10, 22, 23) നീതിയുടെ ദൈവത്തെ പരിഹസിക്കാവുന്നതല്ല; മനഃപൂർവ പാപികളെ അവർ അർഹിക്കുന്ന പ്രതികൂല ന്യായവിധിയിൽനിന്ന് അവൻ ഒഴിവാക്കുകയില്ല. ‘കരുണയും കൃപയുമുള്ള, ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ള, കുററമുള്ളവനെ വെറുതെ വിടാത്ത’ ദൈവമാണ് യഹോവ. (പുറപ്പാടു 34:6, 7) ഈ വാക്കുകൾക്കു ചേർച്ചയിൽ, തന്റെ നീതിയുള്ള നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്നവരുടെമേൽ ന്യായവിധി നടത്തേണ്ടത് ആവശ്യമാണെന്നു യഹോവ ചില സമയങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
19 ദൃഷ്ടാന്തമായി, പുരാതന ഇസ്രായേലിനോടുള്ള യഹോവയുടെ ഇടപെടലുകളെ കുറിച്ചു ചിന്തിക്കാം. വാഗ്ദത്ത ദേശത്തു പാർക്കുമ്പോൾപോലും ഇസ്രായേല്യർ ആവർത്തിച്ച് അവിശ്വസ്തത കാണിച്ചു. അവരുടെ ദുഷിച്ച നടപടികൾ യഹോവയെ “ദുഃഖിപ്പിച്ചു”വെങ്കിലും അവൻ പെട്ടെന്ന് അവരെ തള്ളിക്കളഞ്ഞില്ല. (സങ്കീർത്തനം 78:38-41) മറിച്ച് അവരുടെ ഗതിക്ക് മാറ്റം വരുത്താൻ അവൻ കരുണാപൂർവം അവസരങ്ങൾ നൽകി. അവൻ ഇങ്ങനെ അഭ്യർഥിച്ചു: “ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു?” (യെഹെസ്കേൽ 33:11) ഇസ്രായേല്യർ തങ്ങളുടെ മോശമായ വഴികളിൽനിന്നു പിന്തിരിയേണ്ടതിന് യഹോവ തന്റെ പ്രവാചകന്മാരെ ആവർത്തിച്ച് അവരുടെ അടുക്കലേക്ക് അയച്ചു. കാരണം, ജീവൻ യഹോവയ്ക്ക് അത്ര വിലപ്പെട്ടതായിരുന്നു. എന്നാൽ പൊതുവേ, കഠിനഹൃദയരായിരുന്ന ആളുകൾ ശ്രദ്ധിക്കാനും അനുതപിക്കാനും വിസമ്മതിച്ചു. ഒടുവിൽ, തന്റെ വിശുദ്ധ നാമത്തിനുവേണ്ടിയും അതു പ്രതിനിധാനം ചെയ്യുന്ന സകലത്തിനു വേണ്ടിയും യഹോവ അവരെ ശത്രുക്കളുടെ കൈകളിൽ ഏൽപ്പിച്ചു.—നെഹെമ്യാവു 9:26-30.
20. (എ) ഇസ്രായേലിനോടുള്ള യഹോവയുടെ ഇടപെടലുകൾ അവനെ സംബന്ധിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു? (ബി) സിംഹം യഹോവയുടെ നീതിയുടെ ഉചിതമായ ഒരു പ്രതീകമായിരിക്കുന്നത് എന്തുകൊണ്ട്?
20 ഇസ്രായേലുമായുള്ള യഹോവയുടെ ഇടപെടലുകൾ അവനെ കുറിച്ചു നമ്മെ വളരെയധികം പഠിപ്പിക്കുന്നു. സകലവും കാണുന്ന അവന്റെ കണ്ണുകൾ അനീതി ശ്രദ്ധിക്കുന്നുണ്ടെന്നും അവൻ കാണുന്ന കാര്യങ്ങൾ അവനെ ആഴത്തിൽ സ്പർശിക്കുന്നുണ്ടെന്നും നാം മനസ്സിലാക്കുന്നു. (സദൃശവാക്യങ്ങൾ 15:3) കരുണ കാണിക്കാൻ അടിസ്ഥാനമുള്ളപ്പോഴെല്ലാം അവൻ അങ്ങനെ ചെയ്യുന്നു എന്നറിയുന്നത് ആശ്വാസപ്രദമാണ്. അതിനുപുറമേ, അവന്റെ നീതി ഒരിക്കലും തിടുക്കത്തിൽ പ്രകടിപ്പിക്കപ്പെടുന്നതല്ലെന്നും നാം മനസ്സിലാക്കുന്നു. യഹോവയുടെ ക്ഷമയും ദീർഘക്ഷമയും നിമിത്തം അവൻ ദുഷ്ടന്മാർക്കെതിരെ ഒരിക്കലും ന്യായവിധി നടത്തുകയില്ലെന്ന് അനേകർ തെറ്റായി നിഗമനം ചെയ്യുന്നു. എന്നാൽ അതു തീർച്ചയായും സത്യമല്ല, കാരണം, ഇസ്രായേലുമായുള്ള ദൈവത്തിന്റെ ഇടപെടലുകൾ ദിവ്യക്ഷമയ്ക്ക് അതിരുകളുണ്ടെന്നും നമ്മെ പഠിപ്പിക്കുന്നു. യഹോവ നീതിക്കുവേണ്ടി ഉറച്ചുനിൽക്കുന്നവനാണ്. നീതി നടപ്പാക്കുന്നതിൽനിന്നു മിക്കപ്പോഴും ഒഴിഞ്ഞുമാറുന്ന മനുഷ്യരിൽനിന്നു വ്യത്യസ്തമായി, ശരിയായതിനുവേണ്ടി നിലകൊള്ളാനുള്ള ധൈര്യം അവന് എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ, ധീരമായ നീതിയുടെ പ്രതീകമായ സിംഹത്തെ ദൈവത്തിന്റെ സാന്നിധ്യത്തോടും സിംഹാസനത്തോടും ബന്ധപ്പെടുത്തിയിരിക്കുന്നത് ഉചിതമാണ്.b (യെഹെസ്കേൽ 1:10; വെളിപ്പാടു 4:7) അതുകൊണ്ട്, ഈ ഭൂമിയിൽനിന്ന് അനീതി തുടച്ചുനീക്കുമെന്നുള്ള തന്റെ വാഗ്ദാനം അവൻ നിവർത്തിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. തീർച്ചയായും, അവന്റെ ന്യായത്തീർപ്പിന്റെ സാരം ഇതാണ്: ആവശ്യമായിരിക്കുന്നിടത്തു ദൃഢത, സാധ്യമാകുന്നിടത്തു കരുണ.—2 പത്രൊസ് 3:9.
നീതിയുടെ ദൈവത്തോട് അടുത്തു ചെല്ലുക
21. യഹോവ നീതി നടപ്പാക്കുന്ന വിധത്തെ കുറിച്ചു ധ്യാനിക്കുമ്പോൾ നാം അവനെ എങ്ങനെ കാണണം, എന്തുകൊണ്ട്?
21 യഹോവ നീതി നടപ്പാക്കുന്ന വിധത്തെ കുറിച്ചു ധ്യാനിക്കുമ്പോൾ, ദുഷ്പ്രവൃത്തിക്കാരുടെമേൽ ന്യായവിധി ഉച്ചരിക്കുന്നതിൽ മാത്രം തത്പരനായ, നിർവികാരനായ ഒരു കഠിന ന്യായാധിപൻ ആയി നാം അവനെ കാണരുത്. മറിച്ച്, എല്ലായ്പോഴും ഏറ്റവും നല്ല വിധത്തിൽ തന്റെ മക്കളോട് ഇടപെടുന്ന, സ്നേഹവും ദൃഢതയുമുള്ള ഒരു പിതാവായി നാം അവനെ കാണണം. ന്യായപ്രിയനായ അല്ലെങ്കിൽ നീതിമാനായ ഒരു പിതാവെന്ന നിലയിൽ യഹോവ, ശരിയായ കാര്യങ്ങൾക്കുവേണ്ടി ദൃഢമായി നിലകൊള്ളുമ്പോൾത്തന്നെ തന്റെ സഹായവും ക്ഷമയും ആവശ്യമുള്ള തന്റെ ഭൗമിക മക്കളോട് കരുണാർദ്രതയോടെ ഇടപെടുന്നു.—സങ്കീർത്തനം 103:10, 13.
22. തന്റെ നീതിയാൽ നയിക്കപ്പെടുന്നവനായ യഹോവ നമുക്ക് എന്തു പ്രത്യാശ സാധ്യമാക്കിയിരിക്കുന്നു, അവൻ നമ്മോട് ഈ വിധത്തിൽ ഇടപെടുന്നത് എന്തുകൊണ്ട്?
22 ദിവ്യനീതിയിൽ, ദുഷ്പ്രവൃത്തിക്കാരുടെമേൽ വിധി പ്രസ്താവിക്കുന്നതിനെക്കാൾ വളരെയധികം ഉൾപ്പെടുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! തന്റെ നീതിയാൽ നയിക്കപ്പെടുന്നവനായ യഹോവ നമുക്ക് യഥാർഥത്തിൽ പുളകപ്രദമായ ഒരു പ്രത്യാശ—“നീതി വസിക്കുന്ന” ഒരു ലോകത്തിലെ പൂർണതയുള്ള അനന്തജീവൻ—സാധ്യമാക്കിയിരിക്കുന്നു. (2 പത്രൊസ് 3:13) നമ്മുടെ ദൈവം നമ്മോട് ഈ വിധത്തിൽ ഇടപെടുന്നതിന്റെ കാരണം ഇതാണ്: അവന്റെ നീതി കുറ്റംവിധിക്കാനുള്ള പഴുതുകൾ തേടുന്ന ഒരു ഗുണമല്ല, മറിച്ച് രക്ഷിക്കാനുള്ള വഴികൾ തേടുന്ന ഒന്നാണ്. സത്യമായും, യഹോവയുടെ നീതിയുടെ വ്യാപ്തി സംബന്ധിച്ച മെച്ചമായ ഒരു ഗ്രാഹ്യം നമ്മെ അവനിലേക്ക് ആകർഷിക്കുന്നു! അടുത്ത അധ്യായങ്ങളിൽ, യഹോവ ഈ വിശിഷ്ടഗുണം പ്രകടമാക്കുന്ന വിധത്തെ നാം കുറേക്കൂടെ അടുത്തു വീക്ഷിക്കുന്നതായിരിക്കും.
a ‘അനാഥൻ’ എന്നതിന്റെ എബ്രായ പദം പുല്ലിംഗത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും, ഇത് യാതൊരു പ്രകാരത്തിലും പെൺകുട്ടികളോടുള്ള കരുതലില്ലായ്മയെ സൂചിപ്പിക്കുന്നില്ല. സെലോഫഹാദിന്റെ മരണശേഷം അവന്റെ പുത്രിമാർക്ക് പിതൃസ്വത്തിന്റെ അവകാശം നേടിക്കൊടുത്ത ഒരു ന്യായത്തീർപ്പിനെ കുറിച്ചുള്ള വിവരണം യഹോവ ന്യായപ്രമാണത്തിൽ ഉൾപ്പെടുത്തി. ആ ചട്ടം ഒരു കീഴ്വഴക്കമായിത്തീരുകയും പിതാവില്ലാത്ത പെൺകുട്ടികളുടെ അവകാശങ്ങളെ പിന്താങ്ങുകയും ചെയ്തു.—സംഖ്യാപുസ്തകം 27:1-8.
b അവിശ്വസ്ത ഇസ്രായേലിന്മേൽ ന്യായവിധി നടപ്പാക്കുന്നതിൽ യഹോവ തന്നെത്തന്നെ ഒരു സിംഹത്തോട് ഉപമിക്കുന്നു എന്നതു ശ്രദ്ധേയമാണ്.—യിരെമ്യാവു 25:38; ഹോശേയ 5:14.