അധ്യായം 15
ദൈവത്തിനു ബഹുമതി വരുത്തുന്ന ഒരു കുടുംബം കെട്ടിപ്പടുക്കൽ
1-3. വിവാഹത്തിലും പിതൃത്വത്തിലും മാതൃത്വത്തിലും സാധാരണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ചിലർ അപ്രാപ്തരായിരിക്കുന്നത് എന്തുകൊണ്ട്, എന്നാൽ ബൈബിളിനു സഹായിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
നിങ്ങൾ സ്വന്തം വീടു പണിയാൻ ആസൂത്രണം ചെയ്യുന്നുവെന്നിരിക്കട്ടെ. നിങ്ങൾ സ്ഥലം വാങ്ങുന്നു. അതീവപ്രതീക്ഷയോടെ മനോദൃഷ്ടിയിൽ നിങ്ങളുടെ പുതിയ വീടു കാണുന്നു. എന്നാൽ നിങ്ങൾക്കു പണിയായുധങ്ങളോ നിർമാണവൈദഗ്ധ്യമോ ഇല്ലെങ്കിലോ? നിങ്ങളുടെ ശ്രമങ്ങൾ എത്ര മടുപ്പിക്കുന്നതായിരിക്കും!
2 ഒട്ടേറെ ഇണകൾ ഒരു സന്തുഷ്ടകുടുംബം ഭാവനയിൽ കണ്ടുകൊണ്ടു വിവാഹബന്ധത്തിലേക്കു പ്രവേശിക്കുന്നു. പക്ഷേ, ഒരു സന്തുഷ്ടകുടുംബം കെട്ടിപ്പടുക്കുന്നതിനാവശ്യമായ പണിയായുധങ്ങളോ വൈദഗ്ധ്യമോ അവർക്കില്ല. വിവാഹദിനം കഴിഞ്ഞു താമസിയാതെ നിഷേധാത്മക പെരുമാററ രീതികൾ വികാസംപ്രാപിക്കുന്നു. വഴക്കും വക്കാണവും ഒരു നിത്യസംഭവമായിത്തീരുന്നു. കുട്ടികൾ ജനിക്കുമ്പോൾ പുതിയ പിതാവും മാതാവും വിവാഹകാര്യത്തിലെന്നപോലെ മാതാപിതാക്കളെന്ന നിലയിലും തങ്ങൾ വൈദഗ്ധ്യമുളളവരല്ല എന്നു കണ്ടെത്തുന്നു.
3 എന്നിരുന്നാലും, സന്തോഷകരമെന്നു പറയട്ടെ, ബൈബിളിനു സഹായിക്കാൻ കഴിയും. അതിലെ തത്ത്വങ്ങൾ ഒരു സന്തുഷ്ട കുടുംബം കെട്ടിപ്പടുക്കുന്നതിനു നിങ്ങളെ പ്രാപ്തരാക്കുന്ന പണിയായുധങ്ങൾ പോലെയാണ്. (സദൃശവാക്യങ്ങൾ 24:3) എങ്ങനെയെന്നു നമുക്കു കാണാം.
ഒരു സന്തുഷ്ട വിവാഹബന്ധം കെട്ടിപ്പടുക്കുന്നതിനുളള പണിയായുധങ്ങൾ
4. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്, ബൈബിളിൽ ഏതു പ്രമാണങ്ങൾ നൽകിയിരിക്കുന്നു?
4 വിവാഹദമ്പതികൾ എത്ര പൊരുത്തമുളളവരായി തോന്നിയാലും അവർ വൈകാരികഘടനയിലും ബാല്യകാലാനുഭവങ്ങളിലും കുടുംബപശ്ചാത്തലത്തിലും ഭിന്നരാണ്. തന്നിമിത്തം വിവാഹത്തിനുശേഷം ചില പ്രശ്നങ്ങൾ പ്രതീക്ഷിക്കേണ്ടതാണ്. അവ എങ്ങനെ കൈകാര്യം ചെയ്യും? ശരി, പണിക്കാർ ഒരു വീടു പണിയുമ്പോൾ പ്ലാനുകൾ നോക്കുന്നു. ഇവ പിന്തുടരാനുളള മാർഗരേഖകളാണ്. ബൈബിൾ ഒരു സന്തുഷ്ട കുടുംബം കെട്ടിപ്പടുക്കുന്നതിനുളള ദൈവത്തിന്റെ പ്രമാണങ്ങൾ നൽകുന്നു. ഇവയിൽ ചിലതു നമുക്കിപ്പോൾ പരിശോധിക്കാം.
5. ബൈബിൾ വിവാഹബന്ധത്തിലെ വിശ്വസ്തതയുടെ പ്രാധാന്യം ഊന്നിപ്പറയുന്നത് എങ്ങനെ?
5 വിശ്വസ്തത. “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്”a എന്നു യേശു പറഞ്ഞു. (മത്തായി 19:6) അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യവും വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ, എന്തെന്നാൽ ദൈവം പരസംഗക്കാരെയും വ്യഭിചാരികളെയും ന്യായംവിധിക്കും.” (എബ്രായർ 13:4, NW) അതുകൊണ്ട് തങ്ങളുടെ ഇണകളോടു വിശ്വസ്തരായി നിലകൊളളുന്നതിനു വിവാഹിതർക്കു യഹോവയോട് ഒരു കടപ്പാടു തോന്നണം.—ഉല്പത്തി 39:7-9.
6. വിശ്വസ്തത ഒരു ദാമ്പത്യബന്ധം കാത്തുസൂക്ഷിക്കാൻ എങ്ങനെ സഹായിക്കും?
6 വിശ്വസ്തത വിവാഹബന്ധത്തിനു മാന്യതയും സുരക്ഷിതത്വവും നൽകുന്നു. എന്തുതന്നെ സംഭവിച്ചാലും തങ്ങൾ പരസ്പരം പിന്താങ്ങുമെന്നു വിശ്വസ്ത ഇണകൾ അറിയുന്നു. (സഭാപ്രസംഗി 4:9-12) കുഴപ്പത്തിന്റെ ആദ്യ സൂചനയിൽത്തന്നെ തങ്ങളുടെ ദാമ്പത്യബന്ധം ഉപേക്ഷിച്ചുകളയുന്നവരിൽനിന്ന് എത്ര വ്യത്യസ്തം! അങ്ങനെയുളള വ്യക്തികൾ തങ്ങൾ ‘കൊളളാത്ത ആളെയാണു തിരഞ്ഞെടുത്തത്’ എന്നും തങ്ങൾക്കു ‘മേലാൽ സ്നേഹമില്ലെന്നും’ ഒരു പുതിയ ഇണയെ സ്വീകരിക്കുന്നതാണു പരിഹാരമെന്നും പെട്ടെന്നു നിഗമനം ചെയ്യുന്നു. എന്നാൽ ഇത് ഇരു ഇണകൾക്കും വൈകാരികമായി വളരാൻ അവസരം കൊടുക്കുന്നില്ല. പകരം, അത്തരം അവിശ്വസ്തർ ഇതേ പ്രശ്നങ്ങൾ പുതിയ പങ്കാളികളിലേക്കു കൈമാറിയേക്കാം. ഒരു വ്യക്തിക്ക് ഒരു നല്ല വീടുള്ളപ്പോൾ അതിന്റെ മേൽക്കൂര ചോരുന്നതായി കണ്ടെത്തുന്നുവെങ്കിൽ തീർച്ചയായും അതിന്റെ കേടുപോക്കാൻ അയാൾ ശ്രമിക്കും. അയാൾ മറ്റൊരു വീട്ടിലേക്കു കേവലം മാറിപ്പാർക്കുന്നില്ല. അതുപോലെതന്നെ, ഇണയെ മാറിയെടുക്കുന്നത് വൈവാഹികശണ്ഠയിലെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള മാർഗമല്ല. പ്രശ്നങ്ങൾ സംജാതമാകുമ്പോൾ വിവാഹം അവസാനിപ്പിക്കാൻ ശ്രമിക്കരുത്, മറിച്ച് അതിനെ കാത്തുരക്ഷിക്കാൻ കഠിനശ്രമം ചെയ്യുക. അത്തരം വിശ്വസ്തത, കാത്തുസൂക്ഷിക്കാനും നിലനിർത്താനും വിലമതിക്കാനും അർഹമായ ഒന്നായി ദാമ്പത്യബന്ധത്തെ കരുതുന്നു.
7. ആശയവിനിയമം മിക്കപ്പോഴും വിവാഹിതർക്കു പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്, “പുതിയ വ്യക്തിത്വം” ധരിക്കുന്നത് എങ്ങനെ സഹായകമായിരിക്കാൻ കഴിയും?
7 ആശയവിനിമയം. “വിശ്വാസപൂർവകമായ സംസാരമില്ലാത്തടത്തു പദ്ധതികളുടെ വിഫലമാക്കൽ ഉണ്ട്” എന്നു ബൈബിൾ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 15:22, NW) എന്നിരുന്നാലും ചില ദമ്പതികൾക്ക് ആശയവിനിയമം പ്രയാസമാണ്. അതു വാസ്തവമായിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ ആളുകൾക്കു വ്യത്യസ്ത ആശയവിനിമയ രീതികളാണുളളത്. ഇതു മിക്കപ്പോഴും വലിയ തെററിദ്ധാരണയിലേക്കും നിരാശയിലേക്കും നയിക്കുന്ന ഒരു വസ്തുതയാണ്. വളർത്തൽ ഇതിൽ ഒരു പങ്കുവഹിച്ചേക്കാം. ദൃഷ്ടാന്തത്തിന്, ചിലർ മാതാപിതാക്കൾ എപ്പോഴും വഴക്കടിച്ചുകൊണ്ടിരുന്ന ഒരു സാഹചര്യത്തിൽ വളർത്തപ്പെട്ടിരിക്കാം. ഇപ്പോൾ വിവാഹിതരായ മുതിർന്നവർ എന്നനിലയിൽ തങ്ങളുടെ ഇണയോടു ദയയോടും സ്നേഹത്തോടുംകൂടെ സംസാരിക്കാൻ അവർക്കറിയില്ലായിരിക്കാം. എന്നിരുന്നാലും, നിങ്ങളുടെ ഭവനം ‘ഒരു കലഹവീടായി’ അധഃപതിക്കേണ്ടതില്ല. (സദൃശവാക്യങ്ങൾ 17:1) ബൈബിൾ “പുതിയ വ്യക്തിത്വം” ധരിക്കുന്നതിന് ഊന്നൽ കൊടുക്കുന്നു, അതു ദ്രോഹപൂർവകമായ പിണക്കവും ആക്രോശവും അസഭ്യസംസാരവും അനുവദിക്കുന്നില്ല.—എഫേസ്യർ 4:22-24, 31, NW.
8. നിങ്ങളുടെ ഇണയോടു നിങ്ങൾ വിയോജിക്കുമ്പോൾ എന്തു സഹായകമായിരിക്കാൻ കഴിയും?
8 വിയോജിപ്പുകൾ ഉളളപ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാനാവും? നിങ്ങൾക്കു സമനില തെററിത്തുടങ്ങുന്നുവെങ്കിൽ സദൃശവാക്യങ്ങൾ 17:14-ലെ ബുദ്ധ്യുപദേശം അനുസരിക്കുന്നതു നല്ലതാണ്: “കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.” അതേ, നിങ്ങളും ഇണയും ശാന്തരായ ശേഷം പിന്നീടൊരു സമയത്തേക്കു സംഭാഷണം നീട്ടിവെക്കാവുന്നതാണ്. (സഭാപ്രസംഗി 3:1, 7) എന്തൊക്കെയായാലും, “കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുളളവ”രായിരിക്കാൻ ശ്രമിക്കുക. (യാക്കോബ് 1:19) നിങ്ങളുടെ ലക്ഷ്യം തർക്കം ജയിക്കുക എന്നതല്ല, സാഹചര്യത്തിനു പരിഹാരമുണ്ടാക്കുക എന്നതായിരിക്കണം. (ഉല്പത്തി 13:8, 9) നിങ്ങളെയും ഇണയെയും ശാന്തരാക്കുന്ന വാക്കുകളും സംസാരരീതിയും തിരഞ്ഞെടുക്കുക. (സദൃശവാക്യങ്ങൾ 12:18; 15:1, 4; 29:11) എല്ലാററിനുമുപരിയായി, ഒരു പ്രകോപിതാവസ്ഥയിൽ കഴിയരുത്, മറിച്ച് താഴ്മയോടുകൂടിയ ഒരുമിച്ചുളള പ്രാർഥനയിൽ ദൈവവുമായി ആശയവിനിയമം നടത്തിക്കൊണ്ടു സഹായം തേടുക.—എഫെസ്യർ 4:26, 27; 6:18.
9. ആശയവിനിയമം ഹൃദയത്തിൽ തുടങ്ങുന്നുവെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
9 ഒരു ബൈബിൾ സദൃശവാക്യം പറയുന്നു: “ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 16:23) അപ്പോൾ, യഥാർഥത്തിൽ, വിജയപ്രദമായ ആശയവിനിമയത്തിന്റെ താക്കോൽ വായിലല്ല, ഹൃദയത്തിലാണു സ്ഥിതിചെയ്യുന്നത്. നിങ്ങളുടെ ഇണയോടുളള നിങ്ങളുടെ മനോഭാവം എന്താണ്? “മനസ്സലിവു” പ്രകടമാക്കാൻ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (1 പത്രൊസ് 3:8) നിങ്ങളുടെ വിവാഹപങ്കാളിക്ക് ആകുലപ്പെടുത്തുന്ന ഉത്കണ്ഠ അനുഭവപ്പെടുമ്പോൾ നിങ്ങൾക്ക് ഇതു ചെയ്യാൻ കഴിയുമോ? കഴിയുമെങ്കിൽ, എങ്ങനെ ഉത്തരം പറയണമെന്നറിയാൻ അതു നിങ്ങളെ സഹായിക്കും.—യെശയ്യാവു 50:4.
10, 11. ഒരു ഭർത്താവിനു 1 പത്രൊസ് 3:7-ലെ ബുദ്ധ്യുപദേശം എങ്ങനെ ബാധകമാക്കാൻ കഴിയും?
10 ബഹുമാനവും ആദരവും. “വിവേകത്തോടെ [“പരിജ്ഞാനപ്രകാരം,” NW] ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നു . . . ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ” എന്നു ക്രിസ്തീയ ഭർത്താക്കൻമാരോടു പറയപ്പെടുന്നു. (1 പത്രൊസ് 3:7) ഒരുവന്റെ ഭാര്യയെ ബഹുമാനിക്കുന്നതിൽ അവളുടെ മൂല്യം തിരിച്ചറിയുന്നത് ഉൾപ്പെടുന്നു. “പരിജ്ഞാനപ്രകാരം” ഭാര്യയോടുകൂടെ വസിക്കുന്ന ഭർത്താവിന് അവളുടെ വികാരങ്ങളോടും പ്രബലഗുണങ്ങളോടും ബുദ്ധിശക്തിയോടും മാന്യതയോടും ഉയർന്ന ആദരവ് ഉണ്ട്. യഹോവ സ്ത്രീകളെ എങ്ങനെ വീക്ഷിക്കുന്നുവെന്നും അവരോട് എങ്ങനെ പെരുമാറണമെന്നാഗ്രഹിക്കുന്നുവെന്നും അയാൾ പഠിക്കേണ്ടതാണ്.
11 നിങ്ങൾ പണിതിരിക്കുന്ന പുതിയ വീട്ടിൽ വളരെ ഉപയോഗമുളള തീരെ ലോലമായ ഒരു പാത്രം ഉണ്ടെന്നിരിക്കട്ടെ. നിങ്ങൾ അതെടുത്തു പെരുമാറുന്നതു വളരെ ശ്രദ്ധയോടെ ആയിരിക്കയില്ലേ? ശരി, സമാനമായ ഒരു വിധത്തിൽ പത്രോസ് ‘ബലഹീനപാത്രം’ എന്ന പദം ഉപയോഗിച്ചു. ഇതു തന്റെ പ്രിയ ഭാര്യയോടു സ്നേഹമസൃണമായ പരിഗണന പ്രകടമാക്കാൻ ഒരു ക്രിസ്തീയ ഭർത്താവിനെ പ്രേരിപ്പിക്കേണ്ടതാണ്.
12. തന്റെ ഭർത്താവിനെ താൻ ആഴമായി ആദരിക്കുന്നുണ്ടെന്ന് ഒരു ഭാര്യക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
12 എന്നാൽ ബൈബിൾ ഭാര്യക്ക് എന്തു ബുദ്ധ്യുപദേശം കൊടുക്കുന്നു? പൗലോസ് ഇങ്ങനെ എഴുതി: “ഭാര്യക്കു ഭർത്താവിനോട് അഗാധമായ ആദരവ് ഉണ്ടായിരിക്കണം.” (എഫേസ്യർ 5:33, NW) തന്റെ ഇണ തന്നെ ബഹുമാനിക്കുന്നുണ്ടെന്നും അതിയായി സ്നേഹിക്കുന്നുണ്ടെന്നും ഭാര്യക്കു തോന്നേണ്ടതുളളതുപോലെ തന്റെ ഭാര്യ തന്നെ ആദരിക്കുന്നുണ്ടെന്നു ഭർത്താവിനും തോന്നേണ്ടതുണ്ട്. ആദരവുളള ഒരു ഭാര്യ തന്റെ ഭർത്താവ് ഒരു ക്രിസ്ത്യാനി ആണെങ്കിലും അല്ലെങ്കിലും വീണ്ടുവിചാരമില്ലാതെ അയാളുടെ തെററുകളെ കൊട്ടിഘോഷിക്കുകയില്ല. സ്വകാര്യമായോ പരസ്യമായോ അയാളെ വിമർശിച്ചുകൊണ്ടും നിസ്സാരീകരിച്ചുകൊണ്ടും അവൾ അയാളുടെ മാന്യത നശിപ്പിക്കുകയില്ല.—1 തിമൊഥെയൊസ് 3:11; 5:13.
13. ഒരു സമാധാനപരമായ രീതിയിൽ വീക്ഷണങ്ങൾ എങ്ങനെ പ്രകടമാക്കാൻ കഴിയും?
13 ഭാര്യക്ക് അവളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പാടില്ലെന്ന് ഇതിനർഥമില്ല. അവളെ എന്തെങ്കിലും അസഹ്യപ്പെടുത്തുന്നുണ്ടെങ്കിൽ, അവൾക്ക് ആദരപൂർവം അതു പറയാവുന്നതാണ്. (ഉല്പത്തി 21:9-12) അവളുടെ ഭർത്താവിനെ ഒരു ആശയം ധരിപ്പിക്കുന്നതിനെ അയാളുടെ നേരെ ഒരു പന്തെറിഞ്ഞുകൊടുക്കുന്നതിനോട് ഉപമിക്കാൻ കഴിയും. അയാൾക്ക് അനായാസം പിടിച്ചെടുക്കാനാവുംവിധം അതു പതുക്കെ ഇട്ടുകൊടുക്കാൻ കഴിയും, അല്ലെങ്കിൽ അയാൾക്കു പരിക്കേൽപ്പിക്കത്തക്കവണ്ണം അത്ര ശക്തിയോടെ അവൾക്ക് അതെറിയാൻ കഴിയും. ഇണകൾ ഇരുവരും കുററാരോപണങ്ങൾ വാരിയെറിയുന്നതിനുപകരം ദയാപൂർവം ശാന്തമായി സംസാരിക്കുമ്പോൾ അതെത്ര മെച്ചമാണ്!—മത്തായി 7:12; കൊലൊസ്സ്യർ 4:6; 1 പത്രൊസ് 3:3, 4.
14. നിങ്ങളുടെ ഇണ വിവാഹബന്ധത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ താത്പര്യം കാണിക്കുന്നില്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
14 നാം കണ്ടുകഴിഞ്ഞതുപോലെ, ബൈബിൾ തത്ത്വങ്ങൾക്ക് ഒരു സന്തുഷ്ട വിവാഹജീവിതം കെട്ടിപ്പടുക്കുന്നതിനു നിങ്ങളെ സഹായിക്കാൻ കഴിയും. എന്നാൽ നിങ്ങളുടെ ഇണ ബൈബിളിനു പറയാനുളളതിൽ താത്പര്യം കാണിക്കുന്നില്ലെങ്കിലോ? അപ്പോഴും നിങ്ങളുടെ ഭാഗത്തു നിങ്ങൾ ദൈവപരിജ്ഞാനം ബാധകമാക്കുന്നുവെങ്കിൽ വളരെയധികം നേട്ടമുണ്ടാക്കാൻ കഴിയും. പത്രോസ് ഇങ്ങനെ എഴുതി: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കൻമാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.” (1 പത്രൊസ് 3:1, 2) തീർച്ചയായും, ബൈബിളിനോടു താത്പര്യമില്ലാത്ത ഭാര്യയുളള ഒരു ഭർത്താവിനും ഇതുതന്നെ ബാധകമാകും. നിങ്ങളുടെ ഇണ എന്തു ചെയ്യാനിഷ്ടപ്പെട്ടാലും, ബൈബിൾ തത്ത്വങ്ങൾ നിങ്ങളെ ഒരു മെച്ചപ്പെട്ട ഇണയാക്കട്ടെ. ദൈവപരിജ്ഞാനത്തിനു നിങ്ങളെ മെച്ചപ്പെട്ട ഒരു പിതാവോ മാതാവോ ആക്കാനും കഴിയും.
ദൈവപരിജ്ഞാനപ്രകാരം മക്കളെ വളർത്തൽ
15. കുട്ടികളെ വളർത്തുന്ന തെററായ രീതികൾ ചിലപ്പോൾ കൈമാറപ്പെടുന്നത് എങ്ങനെ, എന്നാൽ ഈ രീതിക്ക് എങ്ങനെ മാററംവരുത്താൻ കഴിയും?
15 ഒരു വാളോ കൊട്ടുവടിയോ ഉളളതുകൊണ്ടുമാത്രം ഒരാൾ വിദഗ്ധനായ ഒരു തച്ചൻ ആകുന്നില്ല. അതുപോലെതന്നെ, മക്കൾ ഉളളതുകൊണ്ടുമാത്രം ഒരാൾ വൈദഗ്ധ്യമുളള ഒരു പിതാവോ മാതാവോ ആകുന്നില്ല. അറിഞ്ഞോ അറിയാതെയോ മിക്കപ്പോഴും മാതാപിതാക്കൾ തങ്ങൾതന്നെ വളർത്തപ്പെട്ട വിധത്തിൽ തങ്ങളുടെ മക്കളെ വളർത്തുന്നു. അങ്ങനെ, മക്കളെ വളർത്തുന്നതിലെ തെററായ രീതികൾ ചിലപ്പോൾ തലമുറയിൽനിന്നു തലമുറയിലേക്കു കൈമാറപ്പെടുന്നു. ഒരു പുരാതന എബ്രായ പഴമൊഴി ഇങ്ങനെ പറയുന്നു: “അപ്പൻമാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു.” എന്നിരുന്നാലും മാതാപിതാക്കൾ വെച്ച പാത ഒരുവൻ പിന്തുടരേണ്ടതില്ലെന്നു തിരുവെഴുത്തുകൾ പ്രകടമാക്കുന്നു. അയാൾക്ക് ഒരു വ്യത്യസ്ത പാത, യഹോവയുടെ നിയമങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഒന്ന്, തിരഞ്ഞെടുക്കാവുന്നതാണ്.—യെഹെസ്കേൽ 18:2, 14, 17.
16. നിങ്ങളുടെ കുടുംബത്തിനു വേണ്ടി കരുതുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, ഇതിൽ എന്തുൾപ്പെടുന്നു?
16 ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് ഉചിതമായ മാർഗനിർദേശവും പരിപാലനവും കൊടുക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. പൗലോസ് ഇങ്ങനെ എഴുതി: “തനിക്കുളളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കുംവേണ്ടി കരുതാത്തവൻ വിശ്വാസം തളളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ് 5:8) എത്ര ശക്തമായ വാക്കുകൾ! നിങ്ങളുടെ മക്കളുടെ ശാരീരികവും ആത്മീയവും വൈകാരികവുമായ ആവശ്യങ്ങൾ നോക്കുന്നതുൾപ്പെടെ ഒരു ദാതാവെന്ന നിലയിൽ നിങ്ങളുടെ പങ്കു നിറവേറ്റുന്നതു ദൈവഭക്തനായ ഒരാളുടെ പദവിയും ഉത്തരവാദിത്വവുമാണ്. തങ്ങളുടെ മക്കൾക്കുവേണ്ടി സന്തുഷ്ടമായ ഒരു ചുററുപാടുണ്ടാക്കുന്നതിനു മാതാപിതാക്കളെ സഹായിക്കാൻ കഴിയുന്ന തത്ത്വങ്ങൾ ബൈബിൾ നൽകുന്നു. ഇവയിൽ ചിലതു പരിചിന്തിക്കുക.
17. നിങ്ങളുടെ മക്കൾക്ക് അവരുടെ ഹൃദയങ്ങളിൽ ദൈവനിയമം ഉണ്ടായിരിക്കാൻ ആവശ്യമായിരിക്കുന്നത് എന്ത്?
17 നല്ല മാതൃക വെക്കുക. ഇസ്രായേല്യ മാതാപിതാക്കളോട് ഇങ്ങനെ കല്പിക്കപ്പെട്ടു: “നീ [ദൈവവചനങ്ങൾ] നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” മാതാപിതാക്കൾ തങ്ങളുടെ മക്കളെ ദൈവത്തിന്റെ പ്രമാണങ്ങൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ ബുദ്ധ്യുപദേശത്തിന്റെ ആമുഖമായി ഈ പ്രസ്താവന ഉണ്ടായിരുന്നു: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.” (ആവർത്തനപുസ്തകം 6:6, 7, ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അതേ, മാതാപിതാക്കൾക്ക് ഇല്ലാത്തത് അവർക്കു കൊടുക്കാൻ കഴിയില്ല. ദൈവത്തിന്റെ നിയമങ്ങൾ നിങ്ങളുടെ മക്കളുടെ ഹൃദയങ്ങളിൽ എഴുതപ്പെടാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ അവ ആദ്യം നിങ്ങളുടെ സ്വന്തം ഹൃദയങ്ങളിൽ എഴുതപ്പെടണം.—സദൃശവാക്യങ്ങൾ 20:7; ലൂക്കൊസ് 6:40 താരതമ്യം ചെയ്യുക.
18. സ്നേഹം പ്രകടമാക്കുന്നതിൽ, യഹോവ മാതാപിതാക്കൾക്ക് അതിശ്രേഷ്ഠ മാതൃക വെച്ചിരിക്കുന്നത് എങ്ങനെ?
18 നിങ്ങളുടെ സ്നേഹത്തിന് ഉറപ്പു കൊടുക്കുക. യേശുവിന്റെ സ്നാപനസമയത്ത്, “നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു യഹോവ പ്രഖ്യാപിച്ചു. (ലൂക്കൊസ് 3:22) അങ്ങനെ യഹോവ തന്റെ പുത്രനെ അംഗീകരിച്ചു, അവന്റെ അംഗീകാരം സ്വതന്ത്രമായി പ്രകടമാക്കിക്കൊണ്ടും തന്റെ സ്നേഹത്തിന് ഉറപ്പു കൊടുത്തുകൊണ്ടുംതന്നെ. പിന്നീടു യേശു തന്റെ പിതാവിനോട്, ‘നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. (യോഹന്നാൻ 17:24) അതുകൊണ്ട്, ദൈവഭക്തിയുളള മാതാപിതാക്കൾ എന്നനിലയിൽ നിങ്ങൾക്കു കുട്ടികളോടുളള സ്നേഹം വാഗ്രൂപേണയും ശാരീരികമായും പ്രകടിപ്പിക്കുക—കൂടെക്കൂടെ ഇതു ചെയ്യുക. “സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു” എന്ന് എല്ലായ്പോഴും ഓർക്കുക.—1 കൊരിന്ത്യർ 8:1.
19, 20. മക്കൾക്ക് ഉചിതമായ ശിക്ഷണം കൊടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ത്, മാതാപിതാക്കൾക്കു യഹോവയുടെ ദൃഷ്ടാന്തത്തിൽനിന്ന് എങ്ങനെ പ്രയോജനമനുഭവിക്കാനാകും?
19 ശിക്ഷണം. സ്നേഹപൂർവകമായ ശിക്ഷണത്തിന്റെ പ്രാധാന്യം ബൈബിൾ ഊന്നിപ്പറയുന്നു. (സദൃശവാക്യങ്ങൾ 1:8) തങ്ങളുടെ മക്കൾക്കു വഴികാട്ടാനുളള ഉത്തരവാദിത്വത്തിൽനിന്ന് ഇന്ന് ഒഴിഞ്ഞുമാറുന്ന മാതാപിതാക്കൾ നാളെ മിക്കവാറും തീർച്ചയായി ഹൃദയഭേദകമായ പരിണതഫലങ്ങളെ അഭിമുഖീകരിക്കും. എന്നിരുന്നാലും, അങ്ങേയററംവരെ പോകുന്നതിനെതിരായും മാതാപിതാക്കൾക്കു മുന്നറിയിപ്പു കൊടുക്കുന്നു. “പിതാക്കൻമാരേ,” പൗലോസ് എഴുതി, “നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.” (കൊലൊസ്സ്യർ 3:21) തങ്ങളുടെ മക്കളെ അമിതമായി തിരുത്തുന്നത് അല്ലെങ്കിൽ അവരുടെ കുറവുകളെക്കുറിച്ചു കുററംപറഞ്ഞുകൊണ്ടിരിക്കുന്നതും അവരുടെ ശ്രമങ്ങളെ നിരന്തരം വിമർശിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
20 നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം ശിക്ഷണം കൊടുക്കുന്നതിൽ മാതൃക വെക്കുന്നു. അവന്റെ തിരുത്തൽ ഒരിക്കലും അതിരു കടന്നതല്ല. “ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും” എന്നു ദൈവം തന്റെ ജനത്തോടു പറഞ്ഞു. (യിരെമ്യാവു 46:28) മാതാപിതാക്കൾ ഈ കാര്യത്തിൽ യഹോവയെ അനുകരിക്കണം. ന്യായമായ പരിധി കവിയുന്നതോ തിരുത്തലിന്റെയും പഠിപ്പിക്കലിന്റെയും ഉദ്ദിഷ്ട ലക്ഷ്യത്തിനപ്പുറം പോകുന്നതോ ആയ ശിക്ഷണം തീർച്ചയായും കോപിപ്പിക്കുന്നതാണ്.
21. മാതാപിതാക്കൾക്കു തങ്ങളുടെ ശിക്ഷണം ഫലകരമാണോയെന്ന് എങ്ങനെ തീരുമാനിക്കാൻ കഴിയും?
21 തങ്ങളുടെ ശിക്ഷണം ഫലകരമാണോയെന്നു മാതാപിതാക്കൾക്ക് എങ്ങനെ തീരുമാനിക്കാൻ കഴിയും? ‘എന്റെ ശിക്ഷണം എന്തു സാധിക്കുന്നു?’ എന്നു മാതാപിതാക്കൾക്കു തങ്ങളോടുതന്നെ ചോദിക്കാവുന്നതാണ്. ശിക്ഷണം കാര്യങ്ങൾ പഠിപ്പിക്കണം. ശിക്ഷണം നൽകുന്നത് എന്തിനാണെന്നു നിങ്ങളുടെ കുട്ടിക്കു മനസ്സിലാകണം. മാതാപിതാക്കൾ തങ്ങളുടെ ശിക്ഷണത്തിന്റെ പരിണതഫലങ്ങളെക്കുറിച്ചു ചിന്തയുളളവരായിരിക്കണം. മിക്കവാറും എല്ലാ കുട്ടികളും ശിക്ഷണത്തിൽ ആദ്യം പ്രകോപിതരാകുമെന്നുളളതു സത്യംതന്നെ. (എബ്രായർ 12:11) എന്നാൽ ശിക്ഷണം ഒരു കുട്ടി ഭയന്നുപോകാനോ ഉപേക്ഷിക്കപ്പെട്ടതായി വിചാരിക്കാനോ ഇടയാക്കരുത് അല്ലെങ്കിൽ അവൻ സഹജമായിത്തന്നെ ദുഷ്ടനാണെന്നുളള ധാരണ കൊടുക്കരുത്. തന്റെ ജനത്തെ തിരുത്തുന്നതിനുമുമ്പ്, “ഭയപ്പെടേണ്ട; ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു” യഹോവ പറഞ്ഞു. (യിരെമ്യാവു 46:28) അതേ, നിങ്ങൾ സ്നേഹമുളള, പിന്തുണ കൊടുക്കുന്ന, മാതാപിതാക്കളെന്ന നിലയിൽ നിങ്ങളുടെ കുട്ടിയോടൊപ്പം ഉണ്ടെന്ന് അവൻ അല്ലെങ്കിൽ അവൾ അറിയത്തക്കവണ്ണം തിരുത്തൽ കൊടുക്കണം.
“വിദഗ്ധ മാർഗനിർദേശം” സമ്പാദിക്കൽ
22, 23. ഒരു സന്തുഷ്ട കുടുംബം കെട്ടിപ്പടുക്കുന്നതിനാവശ്യമായ മാർഗനിർദേശം നിങ്ങൾക്ക് എങ്ങനെ സമ്പാദിക്കാനാവും?
22 ഒരു സന്തുഷ്ടകുടുംബം കെട്ടിപ്പടുക്കുന്നതിനാവശ്യമായ പണിയായുധങ്ങൾ യഹോവ ഒരുക്കിത്തന്നിരിക്കുന്നതിൽ നമുക്കു നന്ദിയുളളവരായിരിക്കാൻ കഴിയും. എന്നാൽ പണിയായുധങ്ങൾ കൈവശമുണ്ടായിരുന്നാൽ മാത്രം പോരാ. നാം അവ ഉചിതമായി ഉപയോഗിച്ചു ശീലിക്കണം. ദൃഷ്ടാന്തത്തിന്, പണിയായുധങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഒരു പണിക്കാരൻ മോശമായ ശീലങ്ങൾ വളർത്തിയെടുത്തേക്കാം. അയാൾ അവയിൽ ചിലത് അപ്പാടെ തെററായി ഉപയോഗിക്കുകപോലും ചെയ്തേക്കാം. ഈ സാഹചര്യങ്ങളിൽ, അയാളുടെ രീതികൾ മോശമായ ഉത്പന്നം നിർമിക്കുന്നതിൽ കലാശിക്കാൻ വളരെ സാധ്യതയുണ്ട്. അതുപോലെതന്നെ, നിങ്ങളുടെ കുടുംബത്തിലേക്കു നുഴഞ്ഞുകടന്നിരിക്കുന്ന അനാരോഗ്യകരമായ ശീലങ്ങളെക്കുറിച്ചു നിങ്ങൾക്ക് ഇപ്പോൾ അറിവുണ്ടായിരിക്കാം. ചില ശീലങ്ങൾ അടിയുറച്ചുപോയതും മാററാൻ പ്രയാസമുളളതുമായിരിക്കാം. എന്നിരുന്നാലും, “ജ്ഞാനിയായ ഒരാൾ ശ്രദ്ധിക്കയും കൂടുതൽ പ്രബോധനം ഉൾക്കൊളളുകയും ചെയ്യും, വിദഗ്ധമായ മാർഗനിർദേശം സമ്പാദിക്കുന്നവനാണു വിവേകിയായ ഒരു മനുഷ്യൻ” എന്ന ബൈബിളിന്റെ ബുദ്ധ്യുപദേശം അനുസരിക്കുക.—സദൃശവാക്യങ്ങൾ 1:5, NW.
23 ദൈവപരിജ്ഞാനം ഉൾക്കൊളളുന്നതിൽ തുടരുന്നതിനാൽ നിങ്ങൾക്കു വിദഗ്ധമായ മാർഗനിർദേശം സമ്പാദിക്കാനാകും. കുടുംബജീവിതത്തിനു ബാധകമാകുന്ന ബൈബിൾ തത്ത്വങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുകയും ആവശ്യമുളളടത്തു പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്യുക. വിവാഹിത ഇണകളും മാതാപിതാക്കളുമെന്ന നിലയിൽ നല്ല മാതൃക വെക്കുന്ന പക്വതയുളള ക്രിസ്ത്യാനികളെ നിരീക്ഷിക്കുക. അവരോടു സംസാരിക്കുക. എല്ലാററിനുമുപരി, നിങ്ങളുടെ ഉത്കണ്ഠകൾ പ്രാർഥനയിൽ യഹോവയിങ്കൽ എത്തിക്കുക. (സങ്കീർത്തനം 55:22; ഫിലിപ്പിയർ 4:6, 7) അവനു ബഹുമതി വരുത്തുന്ന ഒരു സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കാൻ നിങ്ങളെ അവനു സഹായിക്കാനാകും.
[അടിക്കുറിപ്പ്]
a പുനർവിവാഹത്തിന് അനുവദിക്കുന്ന, വിവാഹമോചനത്തിനുളള ഏക തിരുവെഴുത്തുകാരണം “പരസംഗ”മാണ്—ദാമ്പത്യബന്ധത്തിനു പുറത്തുളള ലൈംഗികബന്ധങ്ങൾ.—മത്തായി 19:9.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
വിശ്വസ്തത, ആശയവിനിമയം, ബഹുമാനം, ആദരവ് എന്നിവ ഒരു സന്തുഷ്ട വിവാഹബന്ധത്തിനു സംഭാവന ചെയ്യുന്നത് എങ്ങനെ?
മാതാപിതാക്കൾക്ക് ഏതു വിധങ്ങളിൽ തങ്ങളുടെ മക്കൾക്കു തങ്ങളുടെ സ്നേഹത്തിന് ഉറപ്പുകൊടുക്കാൻ കഴിയും?
ശരിയായ ശിക്ഷണത്തിൽ ഏതു ഘടകങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്?
[147-ാം പേജ് നിറയെയുള്ള ചിത്രം]