എന്തുകൊണ്ട് യഹോവ കനാന്യരെയും യിസ്രായേല്യരെയും ഒഴിപ്പിച്ചു?
“ഞാൻ മററുള്ളവരെ വിമർശിക്കാൻ ഇഷ്ടപ്പെടുന്നു—അതെനിക്കു വളരെ നല്ല ഒരനുഭൂതി പകർന്നുതരുന്നു,” എന്ന് ഒരു മനുഷ്യൻ പറഞ്ഞു. അത്തരം ഒരു മനോഭാവത്തോടെയാണെങ്കിൽ യഹോവയാം ദൈവത്തെ വിമർശിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് എത്ര വലിയ അനുഭൂതി തോന്നണം! അമിതകൃത്തിപ്പുകാർ യഹോവയെ യഹൂദരുടെ രക്തദാഹിയായ ഒരു ഗോത്ര ദൈവമായി പലപ്പോഴും മുദ്രയടിക്കുന്നു. ഒരു വൈദികൻ അവനെ ഒരു നികൃഷ്ടനായ മുട്ടാളൻ എന്നു നിന്ദിച്ചു പറഞ്ഞു. അത്തരം അപഹാസ്യ സംബോധന ന്യായീകരിക്കുന്നതിന് യഹോവ കനാന്യരുടെ ദേശത്തുനിന്ന് അവരെ പുറത്താക്കി, ആ ദേശം യഹൂദൻമാർക്കു നൽകിയതിനെ ഗർവ്വിഷ്ഠരായ വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
അത്തരം ആരോപണം കടുത്ത അജ്ഞതയെ പ്രതിഫലിപ്പിക്കുന്നു. യഹോവയുടെ വക്താവെന്ന നിലയിൽ മോശെ ദൈവത്തിനു പറയാനുണ്ടായിരുന്ന കാരണം യഹൂദൻമാർക്കു വ്യക്തമാക്കികൊടുത്തു: “നിങ്ങളുടെ നീതി നിമിത്തമോ നിങ്ങളുടെ ഹൃദയ പരമാർത്ഥത നിമിത്തമോ അല്ല നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കാൻ പോകുന്നത്; യഥാർത്ഥത്തിൽ ഈ ജനതകളുടെ ദുഷ്ടത നിമിത്തമാണ് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നിന്നും അവരെ തുരത്തി ഓടിക്കുന്നത്.”—ആവർത്തനം 9:5.
കനാന്യരുടെ ദുഷ്ടതയാണ് അവർ ദേശത്തു നിന്നു പുറം തള്ളപ്പെടാൻ ഇടവരുത്തിയത്. ബാലിനെ അവരുടെ മുഖ്യ ദേവനായും അവന്റെ ഭാര്യയായ അസ്താരോത്തിനെ മുഖ്യ ദേവതയായും തിരിച്ചറിയിച്ചശേഷം, ഹാലീസ് ബൈബിൾ ഹാൻഡ് ബുക്ക്, റിവൈസ്ഡ് എഡിഷൻ, പറയുന്നു: “ബാലിന്റെയും അസ്താരോത്തിന്റെയും ക്ഷേത്രങ്ങൾ സാധാരണയായി ഒരുമിച്ചായിരുന്നു. പുരോഹിതകൾ ക്ഷേത്രവേശ്യകളായിരുന്നു. പുരുഷ വേശ്യകളായി പുരുഷ സ്വവർഗ്ഗഭോഗികളുണ്ടായിരുന്നു. ബാലിന്റെയും അസ്താരോത്തിന്റെയും മററു കനാന്യദൈവങ്ങളുടെയും ആരാധനയിൽ അതീവ ധൂർത്തമായ വൈകൃതങ്ങൾ ഉണ്ടായിരുന്നു; അവരുടെ ക്ഷേത്രങ്ങൾ വഷളത്തങ്ങളുടെ കേന്ദ്രങ്ങളായിരുന്നു.”
ഈ “പൂജാഗിരികളുടെ” നാശാവശിഷ്ടങ്ങളുടെ സ്ഥാനത്ത്, പുരാവസ്തു ഗവേഷകർ, ബാലിനു ബലികൊടുക്കപ്പെട്ടിരുന്ന കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങളടങ്ങിയ അസംഖ്യം ഭരണികൾ കണ്ടെടുത്തു. ആ പ്രദേശം മുഴുവനും നവജാതശിശുക്കളുടെ ശ്മശാനമെന്നു തെളിയിക്കപ്പെട്ടിരുന്നു.” കണ്ടെടുക്കപ്പെട്ടവയിൽ “മാദക മോഹങ്ങളെ ജ്വലിപ്പിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ട, വികൃതവും ഉദ്ധതവുമായ ലൈംഗികാവയവങ്ങളോടു കൂടിയ അസ്താരോത്ത് ബിംബങ്ങളും ഫലകങ്ങളും വിപുലമായ അളവിലുണ്ട്. അതുകൊണ്ട് ഒരു മതാനുഷ്ഠാനമെന്ന നിലിയിൽ കനാന്യർ തങ്ങളുടെ ദൈവങ്ങളുടെ മുമ്പാകെ അധാർമ്മിക ആസക്തിയോടെയും ഇതേ ദൈവങ്ങൾക്കു തന്നെ തങ്ങളുടെ ആദ്യജാതശിശുക്കളെ ബലിയായി വധിച്ചുകൊണ്ടുമാണ് ആരാധന നടത്തിയിരുന്നത്.”—പേജ് 166, 167.
ഹാലീസ് തുടർന്നു ചോദിക്കുന്നു: “ദൈവം കനാന്യരെ നാമാവശേഷമാക്കാൻ യിസ്രായേലിനോടു കൽപ്പിച്ചതെന്തിനെന്ന് നാം ഇനിയും അതിശയിക്കണോ? മൃഗീയതയുടെയും അശ്ലീലതയുടെയും ഇത്തരം നിന്ദ്യമായ ഒരു സംസ്കാരത്തിന് പിന്നെയും തുടരാൻ എന്തെങ്കിലും അർഹതയുണ്ടോ? . . . കനാന്യ നഗരങ്ങളുടെ അവശിഷ്ടങ്ങളിൽ ഖനനം നടത്തുന്ന പുരാവസ്തു ഗവേഷകർ, ദൈവം കുറെകൂടി നേരത്തെ അവരെ നശിപ്പിക്കാതിരുന്നതെന്തുകൊണ്ടെന്ന് ആശ്ചര്യപ്പെടുന്നു.”—പേജ് 167.
ജെ. ബി. റോതർഹാമിന്റെ പരിഭാഷയായ എംഫസൈസ്ഡ് ബൈബിൾ, 259-ാം പേജിൽ പറയുന്നു: “ഇവരെപ്പോലെ മനുഷ്യവർഗ്ഗത്തെ ദുഷിപ്പിക്കുന്നവരെയും ഭൂമിയെ മലിനീകരിക്കുന്നവരെയും ഉൻമൂലനം ചെയ്യാൻ അത്യുന്നതന് അധികാരമില്ലെന്ന് ആർ പറയും?”
കനാന്യർ പുറത്തെറിയപ്പെട്ടതെന്തുകൊണ്ടാണെന്ന് യഹോവ യിസ്രായേലിനോടു പറഞ്ഞു: “ഈ യാതൊരു സംഗതികളെക്കൊണ്ടും നിങ്ങളെത്തന്നെ അശുദ്ധമാക്കരുത്. ഈ കാര്യങ്ങൾ എല്ലാം നിമിത്തം ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കി കളയുന്ന ജനതകൾ തങ്ങളെത്തന്നെ അശുദ്ധരാക്കി. അതു നിമിത്തം ദേശം അശുദ്ധമാണ്, ഞാൻ അതിന്റെ തെററിന് അതിന്റെമേൽ ശിക്ഷ വരുത്തുകയും ദേശം അതിന്റെ നിവാസികളെ ഛർദ്ദിച്ചു കളയുകയും ചെയ്യും.” അവൻ തുടർന്നു യിസ്രായേലിനു തുറന്ന മുന്നറിയിപ്പു നൽകി: “നിങ്ങൾ എന്റെ ചട്ടങ്ങൾ എല്ലാം പാലിക്കുകയും എന്റെ ന്യായതീർപ്പുകൾ എല്ലാം അനുഷ്ഠിക്കയും വേണം. നിങ്ങൾക്കു പാർപ്പാൻ നിങ്ങളെ കൊണ്ടുവന്നിരിക്കുന്ന ദേശം നിങ്ങളെ ഛർദ്ദിച്ചു കളയാതിരിപ്പാൻ തന്നെ.”—ലേവ്യപുസ്തകം 18:24-26; 20:22.
സന്ദേശം വ്യക്തമാണ്. കനാന്യർ നീക്കപ്പെട്ടത് എന്തുകൊണ്ടെന്നാൽ അവരുടെ വ്യഭിചാരം, അവരുടെ സ്വവർഗ്ഗരതി, അവരുടെ ശിശുരക്തം ചൊരിയിക്കൽ ഇങ്ങനെയുള്ള അവരുടെ വമ്പിച്ച അധാർമ്മികതയാൽ അവർ ദേശത്തെ മലിനീകരിച്ചു. ബാൽ ആരാധനയുടെ ഈ കനാന്യമതത്തെ പകർത്തിയാൽ യിസ്രായേല്യരും തൂത്തെറിയപ്പെടുമായിരുന്നു.
യിസ്രായേൽ അതു പകർത്തുക തന്നെ ചെയ്തു. യിസ്രായേല്യർ ദേശത്തു പാർത്തിരുന്ന കാലത്ത് സ്ഥാപിതമായ ശിലാപാളിയിൽ അസ്താരോത്തിന്റെ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പുരാവസ്തുഗവേഷകർ കുഴിക്കുകയും “ക്ഷേത്രത്തിൽ നിന്ന് കുറച്ചു ചുവടുകൾക്കകലെ ഒരു ശ്മശാനത്തിൽ ഈ ക്ഷേത്രത്തിൽ ബലിചെയ്യപ്പെട്ടിരുന്ന ശിശുക്കളുടെ അവശിഷ്ടങ്ങളടങ്ങിയ അസംഖ്യം ഭരണികൾ കണ്ടെടുക്കുകയും ചെയ്തു. . . . ബാലിന്റെയും അസ്താരോത്തിന്റെയും പ്രവാചകർ പിഞ്ചുകുഞ്ഞുങ്ങളുടെ ഔദ്യോഗിക ഘാതകർ ആയിരുന്നു.”—ഹാലീസ് ബൈബിൾ ഹാൻഡ് ബുക്ക് പേജ് 198.
മോശെ മുഖാന്തിരം നൽകപ്പെട്ട യഹോവയുടെ ന്യായപ്രമാണം അത്തരം ലൈംഗിക വൈകൃതങ്ങളെ തീർത്തും നിരോധിച്ചിരുന്നു. ലേവ്യപുസ്തകം 20:13 ഇങ്ങനെ പ്രസ്താവിച്ചു: “ഒരു പുരുഷൻ സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ ഒരു ആണിനോടു കൂടെ ശയിച്ചാൽ അവർ ഇരുവരും ഒരു മ്ലേഛകാര്യം ചെയ്തിരിക്കുന്നു. അവരെ വീഴ്ച വരാതെ മരണത്തിന് ഏൽപ്പിച്ചിരിക്കണം.”
ആവർത്തനം 23:17, 18-ൽ മോശൈക നിയമം ഇങ്ങനെയും പറഞ്ഞു: “യിസ്രായേൽ പുത്രിമാരിൽ ആരും ഒരു ആലയവേശ്യയാകരുത്. യിസ്രായേൽ പുത്രൻമാരിലാരും ഒരു ആലയമൈഥുനക്കാരൻ ആകരുത്. വ്യഭിചാരിണിയുടെ വാടകയും നായയുടെ വിലയും [പുതിയലോകഭാഷാന്തരം റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്: “സാധ്യതയനുസരിച്ച് ബാലകരെ ദുരുപയോഗം ചെയ്യുന്നവൻ; വിശേഷാൽ ഒരു ആൺകുട്ടിയോടൊപ്പം ഗുദമൈഥുനം നടത്തുന്നവൻ”] യാതൊരു നേർച്ചയായിട്ടും നിന്റെ ദൈവമായ യഹോവയുടെ ഭവനത്തിൽ കൊണ്ടുവരരുത്, എന്തെന്നാൽ അവർ, ഇരുവരും തന്നെ യഹോവക്ക് അറപ്പുള്ളവരാണ്.”
യിസ്രായേലിനു മുന്നറിയിപ്പു നൽകാൻ യഹോവ പ്രവാചകൻമാരെ അയച്ചു: “യഹോവ അതിരാവിലെ പ്രവാചകൻമാരായ തന്റെ എല്ലാ ദാസൻമാരെയും ഉണർത്തുകയും നിന്റെ അടുക്കലേക്കയക്കുകയും ചെയ്തു. എന്നാൽ നീ ശ്രദ്ധിച്ചില്ല.” യിരെമ്യാവ് 25:4. മറിച്ച്, യിസ്രായേൽ തങ്ങൾക്കായി എല്ലാ ഉയർന്ന മലയിൻമേലും തഴച്ച വൃക്ഷത്തിൻകീഴെയും പൂജാഗിരികളും പാവന സ്തംഭങ്ങളും വിശുദ്ധ തൂണുകളും പണിയുന്നതിൽ തുടർന്നു. ആലയ മൈഥുനക്കാർ പോലും ദേശത്തുണ്ടായിരുന്നു. [പുതിയലോക ഭാഷാന്തരം റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്, “സ്ത്രൈണഭാവികളായ പുരുഷൻമാർ”] യഹോവ യിസ്രായേൽ പുത്രൻമാരുടെ മുമ്പിൽ നിന്നു തുരത്തിക്കളഞ്ഞ ജനതകളുടെ എല്ലാ വെറുക്കത്തക്ക കാര്യങ്ങളും അനുസരിച്ച് അവർ പ്രവർത്തിച്ചു.”—1 രാജാക്കൻമാർ 14:23, 24.
യെശയ്യാ പ്രവാചകൻ അവർക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകിയിരുന്നു: “ഉയർന്നതും ഉന്നതവുമായ പർവ്വതത്തിൻമേൽ നീ നിന്റെ കിടക്കവിരിച്ചു; അവിടേക്കു തന്നെ നീ ബലിയർപ്പിക്കാൻ കയറിച്ചെന്നിരിക്കുന്നു. കതകിനു പിന്നിലും കട്ടിളകളിൻമേലും നീ നിന്റെ ലിംഗപ്രതീകം [ലൈംഗികാവയവത്തിന്റെ പ്രതീകം] സ്ഥാപിച്ചിരിക്കുന്നു; നീ എന്നെ കൂടാതെ നിന്നെത്തന്നെ അനാവൃതയാക്കി കയറിച്ചെന്ന് നിന്റെ ദേഹം വിസ്തരിച്ചു കിടന്നു; നീ ആരുടെ ആശ്ലേഷങ്ങൾക്കായി പ്രിയപ്പെട്ടുവോ അവർക്കുവേണ്ടി നീ വിലപേശി; അവരുമായി നീ നിന്റെ വേശ്യാസംഗം വർദ്ധിപ്പിച്ചു. ലൈംഗികാവയവത്തെ നോക്കിക്കൊണ്ടുതന്നെ.”—യെശയ്യാ 57:7, 8 ഒരു അമേരിക്കൻ ഭാഷാന്തരം.
സ്ത്രീകൾ ലൈംഗികാവയവങ്ങളുടെ പ്രതിരൂപങ്ങളുണ്ടായി അവയുമായി ബന്ധപ്പെട്ടു, “നീ പുരുഷരൂപങ്ങളുണ്ടാക്കി അവയുമായി വഷളത്തം ചെയ്തിരിക്കുന്നു.” (യെഹെസ്ക്കേൽ 16:17, റോതർഹാം) അഥവാ ഒരു അമേരിക്കൻ ഭാഷാന്തരം പറയുന്നതുപോലെ “അവയുമായി നീ വേശ്യ സംഗം നടത്തി.”
യിസ്രായേൽ ജനം വ്യാജവും സത്യവുമായ ആരാധനകൾ കൂട്ടിക്കലർത്തി. സീനായ് പർവ്വതത്തിങ്കൽ അവർ സ്വർണ്ണ കാളക്കുട്ടിയെ ആരാധിക്കയും ലൈംഗിക അധാർമ്മികതയിലേർപ്പെടുകയും അതേ സമയം തന്നെ ഒരാഘോഷം നടത്തിക്കൊണ്ട് അതിനെ “യഹോവക്ക് ഒരുൽസവം” എന്നു വിളിക്കുകയും ചെയ്തു. (പുറപ്പാട് 32:5, 6) നൂററാണ്ടുകൾ കഴിഞ്ഞിട്ടും അവർ പിന്നെയും വ്യാജവും സത്യവും കൂട്ടിക്കലർത്തിപോന്നു. ഏലിയാപ്രവാചകൻ അതിനവരെ അപലപിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: “‘നിങ്ങളെത്രകാലം രണ്ട് ഭിന്ന അഭിപ്രായങ്ങളിൽ ചാഞ്ചാടി നടക്കും? യഹോവയാണ് സത്യദൈവമെങ്കിൽ അവനെ അനുഗമിപ്പിൻ; ബാലാകുന്നുവെങ്കിൽ അവനെ അനുഗമിപ്പിൻ.’ മറുപടിയായി ജനം അവനോട് ഒരു വാക്കുപോലും പറഞ്ഞില്ല.” (1 രാജാക്കൻമാർ 18:21) മനശ്ശെയുടെ മനംമാററത്തിനുശേഷം അവൻ വിദേശ ദൈവങ്ങളെ നീക്കിക്കളയുകയും യഹോവക്ക് സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും 2 ദിനവൃത്താന്തം 33:17 പറയുന്നതുപോലെ, “ജനം അപ്പോഴും പൂജാഗിരികളിൽ യാഗം കഴിച്ചു പോന്നു. അത് അവരുടെ ദൈവമായ യഹോവക്കു മാത്രമായിരുന്നു.”
നൂററാണ്ടുകളായി യിസ്രായേൽ യഹോവയുടെ സത്യാരാധനയെ ബാലാരാധനയുമായി കൂട്ടിച്ചേർത്ത് അതിനെ ദുഷിപ്പിച്ചു, അവർ പിൽക്കാലത്ത് അപ്പോസ്തലനായ പൗലോസ് ചോദ്യരൂപത്തിൽ അവതരിപ്പിച്ച തത്വം ലംഘിച്ചു: “ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു യോജിപ്പാണുള്ളത്?” (2 കൊരിന്ത്യർ 6:16) അതുകൊണ്ട് ക്രി. മു. 740-ൽ യിസ്രായേലിന്റെ പത്തുഗോത്രരാജ്യം അസ്സീറിയക്കാരാൽ അടിമകളായി പിടിച്ചുകൊണ്ടു പോകപ്പെടുകയും യഹൂദയുടെ രണ്ടുഗോത്ര രാജ്യം ബാബിലോന്യരാൽ ക്രി. മു. 607-ൽ ബന്ദികളായി കൊണ്ടുപോകപ്പെടുകയും ചെയ്തു. രണ്ടു ജനതകളും കനാന്യർ ചെയ്തിരുന്നതുപോലെ ദേശം മലിനീകരിക്കുകയും അവർ ഇരുവരും കനാന്യരെപ്പോലെ തന്നെ ദേശത്തുനിന്ന് ഛർദ്ദിച്ചു കളയപ്പെടുകയും ചെയ്തു.
ഇക്കാലത്തെ ജനതകളെ സംബന്ധിച്ചെന്ത്? അവരുടെ സഭകൾ അധാർമ്മികതയാൽ കളങ്കപ്പെട്ടിരുന്നുവോ? അവർ ദേശത്തെ മലിനീകരിച്ചുകൊണ്ടിരിക്കുകയാണോ? അവരെയും ദേശം ഛർദ്ദിച്ചുകളയുമോ? (g89 1/22)
[6-ാം പേജിലെ ആകർഷകവാക്യം]
“ബാലിന്റെയും അസ്തോരത്തിന്റെയും പ്രവാചകർ പിഞ്ചുകുഞ്ഞുങ്ങളുടെ ഔദ്യോഗിക ഘാതകരായിരുന്നു”
[5-ാം പേജിലെ ചിത്രം]
ഭരണിയിൽ സംസ്ക്കരിച്ചിരിക്കുന്ന ശിശുക്കളുടെ അവശിഷ്ടങ്ങൾ
[കടപ്പാട്]
Lawrence E. Stager/Oriental Institute, University of Chicago