രാഹാബ്—വിശ്വാസത്തിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടു
ദൈവത്തിന്റെ നിലപാടിൽ ഒരു വേശ്യ നീതീകരിക്കപ്പെടുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ! “ഹേയ്, ഒരിക്കലുമില്ല!” എന്ന് അനേകർ പറയും. എന്നാൽ അതുതന്നെയാണ് ഒരു പുരാതന കനാന്യ നഗരമായ യെരീഹോയിലെ വേശ്യയായ രാഹാബിനു സംഭവിച്ചത്.
ബൈബിളെഴുത്തുകാരനായ യാക്കോബ് പറയുന്നു; “അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നെ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടതു? ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.” (യാക്കോബ് 2:24-26) എന്തുകൊണ്ടാണു രാഹാബ് നീതീകരിക്കപ്പെട്ടത്? ദൈവമുമ്പാകെ ഇത്ര വിശേഷപ്പെട്ട നില ലഭിക്കാൻ തക്കവണ്ണം അവർ എന്താണു ചെയ്തത്?
ഇസ്രയേല്യർ വരുന്നു!
പൊതുയുഗത്തിനു മുമ്പ് 1473-ലേക്ക് നമുക്കൊന്നു തിരികെപ്പോകാം. ഈ രംഗമൊന്നു മനസ്സിൽ കാണുക. യെരീഹോ ശക്തമായി കോട്ടകെട്ടിയുറപ്പിച്ചിരിക്കയാണ്. നഗരമതിലിന്റെ മേലാണു വേശ്യയായ രാഹാബിന്റെ വീട് സ്ഥിതിചെയ്യുന്നത്. ഈ അനുകൂല സ്ഥാനത്തുനിന്നുകൊണ്ട് അവർക്കു കിഴക്കോട്ടു നോക്കി കരകവിഞ്ഞൊഴുകുന്ന യോർദാൻ നദി കാണാൻ സാധിക്കും. (യോശുവ 3:15) അതിന്റെ കിഴക്കേ തീരത്ത് 6,00,000-ത്തിലധികം വരുന്ന ഇസ്രയേല്യ യോദ്ധാക്കൾ താവളമടിച്ചിരിക്കുന്നത് അവർ നിരീക്ഷിച്ചേക്കാം. അവർ ഏതാനും കിലോമീറററുകൾ മാത്രം അകലെയാണ്!
ഇസ്രയേലിന്റെ യുദ്ധവിജയങ്ങളെക്കുറിച്ചു രാഹാബ് കേട്ടിട്ടുണ്ട്. യഹോവയുടെ ശക്തിപ്രകടനങ്ങളെക്കുറിച്ചും അവർ കേട്ടിരിക്കുന്നു, പ്രത്യേകിച്ചും ഇസ്രയേല്യർക്കു ചെങ്കടലിലൂടെ ഒരു രക്ഷാമാർഗം തുറന്നുകൊടുക്കുന്ന കാര്യത്തിൽ. അതുകൊണ്ട്, കവിഞ്ഞൊഴുകുന്ന ഈ യോർദാൻ അവർക്കു യാതൊരു കാരണവശാലും ഒരു തടസ്സമാവില്ല. ഇതൊരു പ്രതിസന്ധിഘട്ടമാണ്! രാഹാബ് എങ്ങനെ പ്രതികരിക്കും?
രാഹാബ് തന്റെ നിലപാട് സ്വീകരിക്കുന്നു
താമസിയാതെ രാഹാബിന്റെ വീട്ടിൽ അപ്രതീക്ഷിതമായി രണ്ടു സന്ദർശകർ വരുന്നു—ഇസ്രയേല്യ പാളയത്തിൽനിന്നുള്ള രണ്ട് ഒററുകാർ. അവർ ഒരു താമസസ്ഥലം അന്വേഷിക്കുകയാണ്, രാഹാബ് അവരെ വീട്ടിൽ കയററുന്നു. എന്നാൽ അവർ വന്നിരിക്കുന്ന വിവരം യെരീഹോ രാജാവിന്റെ ചെവിയിലെത്തുന്നു. അവരെ അറസ്ററു ചെയ്യാൻ അദ്ദേഹം ഉടൻ നിയമകാര്യവകുപ്പിലെ രണ്ട് ഓഫീസർമാരെ അയയ്ക്കുന്നു.—യോശുവ 2:1, 2.
രാജാവിന്റെ ഓഫീസർമാർ എത്തുന്നതിനോടകം രാഹാബ് യഹോവയാം ദൈവത്തിന്റെ പക്ഷത്തു തന്റെ നില ഉറപ്പിച്ചുകഴിഞ്ഞു. “നിന്റെ അടുക്കൽ വന്നു വീട്ടിൽ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക” എന്ന് രാജഭൃത്യൻമാർ ആവശ്യപ്പെടുന്നു. രാഹാബ് അവരെ മേൽക്കൂരയിൽ ഉണങ്ങാനിട്ടിരിക്കുന്ന ചണത്തണ്ടുകൾക്കിടയിൽ ഒളിപ്പിച്ചിരിക്കയാണ്. എന്നിട്ട് പറയുന്നു: “അവർ എന്റെ അടുക്കൽ വന്നിരുന്നു എങ്കിലും എവിടത്തുകാർ എന്നു ഞാൻ അറിഞ്ഞില്ല; ഇരുട്ടായപ്പോൾ പട്ടണവാതിൽ അടെക്കുന്ന സമയത്തു, അവർ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാൻ അറിയുന്നില്ല; വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിൻ; എന്നാൽ അവരെ കണ്ടുപിടിക്കാം.” (യോശുവ 2:3-5) രാജാവിന്റെ ആളുകൾ അങ്ങനെ ചെയ്യുന്നു—എന്നാൽ ഫലമൊന്നുമില്ല.
രാഹാബ് ശത്രുക്കളെ കബളിപ്പിച്ചിരിക്കുന്നു. യഹോവയിലുള്ള തന്റെ വിശ്വാസം പ്രവൃത്തികളിലൂടെ പ്രകടമാക്കുന്ന അനന്തര നടപടികൾ അവർ ഉടൻ സ്വീകരിക്കുന്നു. മേൽക്കൂരയിൽ ചെന്ന് അവർ ഒററുകാരോടു പറയുന്നു: “യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു . . . എന്നു ഞാൻ അറിയുന്നു.” 40 വർഷം മുമ്പ് ഇസ്രയേല്യർക്കുവേണ്ടി ദൈവം ‘ചെങ്കടൽ വററിച്ചതി’നെക്കുറിച്ചു കേട്ടിരിക്കയാൽ ദേശത്തിലെ നിവാസികളെല്ലാം ഭയപ്പെട്ടിരിക്കയാണെന്നു രാഹാബ് സമ്മതിച്ചു പറയുന്നു. ഇസ്രയേല്യർ രണ്ട് അമ്മോര്യ രാജാക്കൻമാരെ കൊന്നുകളഞ്ഞ വിവരവും ജനങ്ങൾക്കറിയാം. “[ഞങ്ങൾ അതു] കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു” എന്നു രാഹാബ് പറയുന്നു.—യോശുവ 2:8-11.
രാഹാബ് ഇങ്ങനെ യാചിക്കുന്നു: “ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു എന്റെ അപ്പനെയും അമ്മയെയും സഹോദരൻമാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യം ചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം.”—യോശുവ 2:12, 13.
ഒററുകാർ അതു സമ്മതിക്കുകയും എന്തു ചെയ്യണമെന്നു പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. ഒററുകാരെ യെരീഹോ മതിലുകൾക്കു വെളിയിലേക്ക് ഇറക്കാനായി ഉപയോഗിച്ച ചുവന്ന കയർ അവർ തന്റെ ജനലിൽ തൂക്കിയിടണം. അവർ തന്റെ കുടുംബത്തെ വീട്ടിൽ കൂട്ടിവരുത്തുകയും സംരക്ഷണത്തിനുവേണ്ടി അവർ അവിടെ കഴിയുകയും വേണം. തന്നെ വിട്ടുപോകുന്ന ഒററുകാരോട് അവർ പ്രദേശത്തിന്റെ കിടപ്പു വിശദീകരിക്കുകയും തിരഞ്ഞുവരുന്നവരുടെ കണ്ണിൽപ്പെടാതിരിക്കുന്നതിന് എന്തു ചെയ്യണമെന്നു പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. ഒററുകാർ അങ്ങനെ ചെയ്യുന്നു. ചുവന്ന കയർ തൂക്കിയിടുകയും കുടുംബത്തിലെ എല്ലാവരെയും കൂട്ടിവരുത്തുകയും ചെയ്തിട്ട് അവർ കൂടുതലായ സംഭവവികാസങ്ങൾക്കായി കാത്തിരിക്കുകയാണ്.—യോശുവ 2:14-24.
രാഹാബ് ഇപ്പോൾ എന്താണു ചെയ്തത്? എന്തിന്, തന്റെ വിശ്വാസം സർവശക്തിയുള്ള ദൈവമായ യഹോവയിലാണെന്ന് അവർ തെളിയിച്ചിരിക്കുകയാണ്! അവർ അവിടുത്തെ നിലവാരങ്ങൾക്കൊത്തു ജീവിക്കും. അതേ, വിശ്വാസത്തിന്റെ അത്തരം പ്രവൃത്തികൾ നിമിത്തം അവർ നീതീകരിക്കപ്പെടും.
മതിലുകൾ നിലംപൊത്തുന്നു!
ഏതാനും ആഴ്ചകൾ കടന്നുപോകുന്നു. ചിലർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളവും മററു ചിലർ നിയമപെട്ടകവും വഹിച്ചുകൊണ്ടു നീങ്ങുന്ന പുരോഹിതൻമാരോടൊപ്പം ഇസ്രയേല്യ യോദ്ധാക്കൾ യെരീഹോയെ ചുററുകയാണ്. ഇതുവരെ, ദിവസവും ഒരു പ്രാവശ്യം വീതം ആറു ദിവസം അങ്ങനെ ചെയ്തുകൊണ്ടാണിരുന്നത്. എന്നാൽ, ഏഴാം ദിവസം ഇപ്പോൾത്തന്നെ അവർ ആറു പ്രാവശ്യം നഗരത്തെ ചുററിക്കഴിഞ്ഞു. അതാ അവർ ഒരിക്കൽക്കൂടി പോകുന്നു!
ഏഴാമത്തേതും പൂർത്തിയായി, നീണ്ട കാഹളശബ്ദങ്ങൾ ആകാശത്തു മുഴങ്ങി കേൾക്കുന്നു. ഇപ്പോഴതാ ഇസ്രയേല്യർ ഉച്ചത്തിൽ ആർപ്പിടുന്നു. അപ്പോൾ യെരീഹോയുടെ സംരക്ഷണ മതിലുകൾ ഇടിമുഴക്കംപോലുള്ള ഹുങ്കാരശബ്ദത്തോടെ ഇടിഞ്ഞുവീഴാൻ യഹോവ ഇടയാക്കുന്നു. രാഹാബിന്റെ വീടിരിക്കുന്നിടം മാത്രമേ ഇടിയാതെ അവശേഷിക്കുന്നുള്ളൂ. നിവാസികൾ ഉൾപ്പെടെ നഗരത്തിന്റെ ശേഷിച്ച ഭാഗങ്ങളെല്ലാം നശിപ്പിക്കപ്പെടുന്നു. പശ്ചാത്താപമുണ്ടായിരുന്ന വേശ്യയുടെ വിശ്വാസം പ്രവൃത്തികളാൽ തെളിഞ്ഞതുകൊണ്ട് അവർ തന്റെ വീട്ടുകാരോടൊപ്പം സംരക്ഷിക്കപ്പെടുന്നു, യഹോവയുടെ ജനത്തോടൊപ്പം വാസമാരംഭിക്കുന്നു.—യോശുവ 6:1-25.
രാഹാബിന്റെ സ്വഭാവങ്ങളിലേക്ക് ഒരു എത്തിനോട്ടം
രാഹാബ് കൊഞ്ചിച്ചുവളർത്തപ്പെട്ട ഒരു മടിച്ചിയായിരുന്നില്ല, കാരണം അവരുടെ പുരപ്പുറത്തു ചണത്തണ്ട് വെയിലത്തിട്ട് ഉണക്കുന്നുണ്ടായിരുന്നു. തുണി നെയ്യാൻ ചണനൂല് ഉപയോഗിക്കുമായിരുന്നു. ചുവപ്പു നൂലിന്റെ ഒരു ശേഖരവും രാഹാബിന്റെ വീട്ടിലുണ്ടായിരുന്നു. (യോശുവ 2:6, 18) അതുകൊണ്ട്, അവർ ഒരുപക്ഷേ തുണിയുണ്ടാക്കുന്ന ജോലി ചെയ്തിരിക്കാം, ചായംമുക്കുന്ന വിദ്യയും അറിഞ്ഞിരിക്കാനിടയുണ്ട്. അതേ, രാഹാബ് ഒരു കഠിനാധ്വാനിയായിരുന്നു. എല്ലാററിനും പുറമേ, അവർക്കു ഭക്തിപുരസ്സരമായ യഹോവാഭയം ഉണ്ടാകാനും ഇടയായി.—സദൃശവാക്യങ്ങൾ 31:13, 19, 21, 22, 30 താരതമ്യം ചെയ്യുക.
രാഹാബിന്റെ മററു ജോലികളോ? അവർ ഒരു വഴിയമ്പലത്തിലെ വെറുമൊരു ആതിഥേയയായിരുന്നില്ല. വേശ്യയെന്ന് അർഥം വരുന്ന എബ്രായ, ഗ്രീക്കു പദങ്ങൾകൊണ്ടാണു തിരുവെഴുത്തുകൾ അവരെ തിരിച്ചറിയിക്കുന്നത്. ഉദാഹരണത്തിന്, സോഹ്നാ എന്ന എബ്രായ പദം എല്ലായ്പോഴും ഒരു അവിഹിത ബന്ധത്തെയാണു കുറിക്കുന്നത്. യാദൃച്ഛികമെന്നു പറയട്ടെ, കനാന്യരുടെ ഇടയിൽ വേശ്യാവൃത്തി അധാർമികമായ ഒരു തൊഴിലല്ലായിരുന്നു.
യഹോവ ഒരു വേശ്യയെ ഉപയോഗിക്കുകവഴി തന്റെ മഹാ ദയയെ ആണു പ്രകടമാക്കുന്നത്. പുറംമോടിക്കു നമ്മെ വഞ്ചിക്കാൻ കഴിയും, എന്നാൽ ദൈവമോ “ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) അതുകൊണ്ടു തങ്ങളുടെ വേശ്യാവൃത്തിയെക്കുറിച്ചു പശ്ചാത്തപിക്കുന്ന നീതിഹൃദയരായ വേശ്യകൾക്കു യഹോവയാം ദൈവത്തിന്റെ ക്ഷമ ലഭ്യമാണ്. (മത്തായി 21:23, 31, 32 താരതമ്യം ചെയ്യുക.) പാപത്തിൽനിന്നു സ്വയം തിരിഞ്ഞ് ദിവ്യാംഗീകാരമുള്ള നീതിയുടെ പാതയിലേക്കു രാഹാബ് വന്നു.
ഇസ്രയേല്യ ഒററുകാർ ദൈവത്തിന്റെ ന്യായപ്രമാണമനുസരിച്ചാണു ജീവിച്ചത്, അതുകൊണ്ട് അവർ രാഹാബിന്റെ വീട്ടിൽ തങ്ങിയതു മോശമായ കാരണങ്ങളാലല്ല. ഒരു വേശ്യയുടെ വീട്ടിലെ തങ്ങളുടെ സാന്നിധ്യം മററുള്ളവരിൽ സംശയം ജനിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുമെന്നതായിരിക്കാം അവർ അവിടെ തങ്ങിയതിന്റെ കാരണം. നഗരമതിലിലെ അതിന്റെ സ്ഥാനം രക്ഷപെടൽ എളുപ്പമാക്കുകയും ചെയ്യുമായിരുന്നു. പശ്ചാത്തപിച്ചു തന്റെ വഴികൾക്കു മാററം വരുത്താൻ ഇടയാകുമാറ്, ഇസ്രയേല്യരുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളാൽ അനുകൂലമായി സ്വാധീനിക്കപ്പെട്ട ഹൃദയമുണ്ടായിരുന്ന ഒരു പാപിയുടെ അടുക്കലേക്കാണു യഹോവ തീർച്ചയായും അവരെ നയിച്ചത്. കനാന്യരുടെ ദുർമാർഗം നിമിത്തം ഇസ്രയേല്യർ അവരെ തുരത്തണമെന്നു ദൈവം പ്രസ്താവിച്ചു, രാഹാബിന്റെമേലും യെരീഹോയുടെ പിടിച്ചടക്കലിൻമേലും യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നു. ഇതെല്ലാം തെളിയിക്കുന്നത് ഒററുകാർ ദുർമാർഗത്തിൽ ഏർപ്പെട്ടില്ലെന്നാണ്.—ലേവ്യപുസ്തകം 18:24-30.
ഒററുകാരെ തിരഞ്ഞുവന്നവരെ തെററായ വഴിക്കു പറഞ്ഞുവിടണമെന്നുദ്ദേശിച്ചുള്ള രാഹാബിന്റെ വാക്കുകൾ സംബന്ധിച്ചെന്ത്? ദൈവം രാഹാബിന്റെ മാർഗം അംഗീകരിച്ചു. (റോമർ 14:4 താരതമ്യം ചെയ്യുക.) അവിടുത്തെ ദാസൻമാരുടെ സംരക്ഷണത്തിനായി അവർ തന്റെ ജീവൻ പണയപ്പെടുത്തി. ഇത് അവരുടെ വിശ്വാസത്തിനു തെളിവായി. ദ്രോഹബുദ്ധ്യാ ഉള്ള നുണപറച്ചിൽ യഹോവയുടെ ദൃഷ്ടിയിൽ തെററായിരിക്കെ, സത്യമായ വിവരങ്ങൾ അതിന് അർഹതയില്ലാത്തവരോടു വെളിപ്പെടുത്തേണ്ട കടമ ഒരുവന് ഇല്ലതാനും. മുഴുവിവരങ്ങളോ നേരിട്ടുള്ള മറുപടിയോ നൽകുന്നത് അനാവശ്യമായ ഉപദ്രവങ്ങൾ വരുത്തുമായിരുന്നപ്പോൾ യേശുക്രിസ്തുപോലും സത്യം വെളിപ്പെടുത്തിയില്ല. (മത്തായി 7:6; 15:1-6; 21:23-27; യോഹന്നാൻ 7:3-10) അതുകൊണ്ട്, ശത്രുക്കളായ ഓഫീസർമാരെ തെററായ വഴിക്കു പറഞ്ഞുവിട്ട രാഹാബിന്റെ പ്രവൃത്തിയെ ആ രീതിയിൽ വേണം നാം വീക്ഷിക്കാൻ.
രാഹാബിന്റെ പ്രതിഫലം
വിശ്വാസം പ്രകടമാക്കിയതിനു രാഹാബിന് എന്തു പ്രതിഫലമാണു കിട്ടിയത്? യെരീഹോ നശിച്ചപ്പോൾ അവർ സംരക്ഷിക്കപ്പെട്ടതു തീർച്ചയായും യഹോവയിൽനിന്നുള്ള അനുഗ്രഹമായിരുന്നു. പിന്നീട്, മരുഭൂമിയിൽവച്ച് യഹൂദാഗോത്രത്തിലെ മുഖ്യനായിരുന്ന നഹശോന്റെ മകനായ ശല്മോനെ (ശല്മ) അവർ വിവാഹം ചെയ്തു. ദൈവഭക്തിയുണ്ടായിരുന്ന ബോവസിന്റെ മാതാപിതാക്കളെന്ന നിലയിൽ ശല്മോനും രാഹാബും ഇസ്രയേലിന്റെ രാജാവായിരുന്ന ദാവീദിൽ ചെന്നെത്തിയ വംശനിരയിലെ ഒരു കണ്ണിയായിത്തീർന്നു. (1 ദിനവൃത്താന്തം 2:3-15; രൂത്ത് 4:20-22) അതിലും പ്രധാനമായി, യേശുക്രിസ്തുവിന്റെ വംശാവലിയെക്കുറിച്ചുള്ള മത്തായിയുടെ വിവരണത്തിൽ ആകെയുള്ള നാലു സ്ത്രീകളിൽ ഒരുവളാണു മുൻവേശ്യയായിരുന്ന ഈ രാഹാബ്. (മത്തായി 1:5, 6) യഹോവയിൽ നിന്നുള്ള എന്തൊരനുഗ്രഹം!
ഒരു ഇസ്രയേല്യ സ്ത്രീ അല്ലാഞ്ഞിട്ടും, ഒരു മുൻ വേശ്യ ആയിരുന്നിട്ടും, യഹോവയിൽ തനിക്കു പൂർണവിശ്വാസമുണ്ടെന്നു പ്രവൃത്തികളാൽ തെളിയിച്ച ഒരു സ്ത്രീയുടെ മകുടോദാഹരണമാണു രാഹാബ്. (എബ്രായർ 11:30, 31) വേശ്യാവൃത്തി വെടിഞ്ഞിട്ടുള്ള മററനേകരെയും പോലെ അവർക്കു മറെറാരു പ്രതിഫലവും കൂടെ ലഭിക്കും—മരിച്ചവരിൽനിന്നു പറുദീസാഭൂമിയിലെ ജീവനിലേക്കുള്ള ഒരു പുനരുത്ഥാനം. (ലൂക്കൊസ് 23:43) പ്രവൃത്തികളാൽ പിന്തുണയ്ക്കപ്പെട്ട തന്റെ വിശ്വാസത്താൽ രാഹാബ്, നമ്മുടെ സ്നേഹവാനും ക്ഷമാശീലനുമായ സ്വർഗീയ പിതാവിന്റെ അംഗീകാരം നേടി. (സങ്കീർത്തനം 130:3, 4) അങ്ങനെ, നിത്യജീവനുവേണ്ടി യഹോവയാം ദൈവത്തിലേക്കു നോക്കാൻ നീതിസ്നേഹികളായ എല്ലാവർക്കും അവരുടെ നല്ല ദൃഷ്ടാന്തം തീർച്ചയായും പ്രോത്സാഹനമേകുന്നു.
[23-ാം പേജിലെ ചിത്രം]
വിശ്വാസമുണ്ടെന്നു തന്റെ പ്രവൃത്തികളാൽ തെളിയിച്ചതുകൊണ്ടു രാഹാബ് നീതീകരിക്കപ്പെട്ടു
[24-ാം പേജിലെ ചിത്രം]
പണ്ടത്തെ മതിലിന്റെ ഒരു ഭാഗമുൾപ്പെടെ പുരാതന യെരീഹോയുടെ അവശിഷ്ടങ്ങൾ പുരാവസ്തുഗവേഷകർ കുഴിച്ചെടുത്തിരിക്കുന്നു
[കടപ്പാട്]
Pictorial Archive (Near Eastern History) Est.