യഹോവ, “സർവഭൂമിയുടെയും” നിഷ്പക്ഷ “ന്യായാധിപൻ”
“മുഖപക്ഷംകൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായംവിധിക്കുന്ന . . . പിതാവു.”—1 പത്രോസ് 1:17.
1, 2. (എ) യഹോവ വലിയ ന്യായാധിപനായിരിക്കുന്നുവെന്ന ആശയത്തിൽ നാം ഭയവും ആശ്വാസവുമുള്ളവരായിരിക്കേണ്ടതെന്തുകൊണ്ട്? (ബി) ജനതകൾക്കെതിരായ യഹോവയുടെ വ്യവഹാരത്തിൽ അവന്റെ ഭൗമികദാസൻമാർ എന്തു പങ്കു വഹിക്കുന്നു?
യഹോവ “സർവഭൂമിയുടെയും” വലിയ “ന്യായാധിപൻ” ആകുന്നു. (ഉല്പത്തി 18:25, NW) അഖിലാണ്ഡത്തിന്റെ പരമോന്നത ദൈവമെന്ന നിലയിൽ അവനു തന്റെ സൃഷ്ടികളെ ന്യായംവിധിക്കാനുള്ള സമ്പൂർണ്ണമായ അവകാശമുണ്ട്. ഇത് ഒരേ സമയം ഭയാവഹവും ആശ്വാസപ്രദവുമായ ഒരു ആശയമാണ്. പ്രത്യക്ഷത്തിൽ കാണുന്ന ഈ വിരോധാഭാസ മോശ വികാരസ്പർശിയായി പ്രകാശിപ്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖംനോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല. അവൻ അനാഥർക്കും വിധവമാർക്കും ന്യായംനടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നൽകുന്നു.”—ആവർത്തനം 10:17, 18.
2 എത്ര ശ്രദ്ധേയമായ ഒരു സമനില! മഹാനും ശക്തനും ഭയങ്കരനുമായ ഒരു ദൈവം, അതേസമയം നിഷ്പക്ഷനും സ്നേഹപൂർവം അനാഥരുടെയും വിധവമാരുടെയും പരദേശികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നവനും. യഹോവയേക്കാൾ സ്നേഹവാനായ ഒരു ന്യായാധിപനുവേണ്ടി ആർക്ക് ആഗ്രഹിക്കാൻ കഴിയും? സാത്താന്റെ ലോകത്തിലെ ജനതകൾക്കെതിരെ ഒരു വ്യവഹാരമുള്ളവനായി സ്വയം വരച്ചുകാട്ടിക്കൊണ്ട് യഹോവ ഭൂമിയിലെ തന്റെ ദാസൻമാരെ തന്റെ സാക്ഷികളായിരിക്കാൻ ആഹ്വാനംചെയ്യുന്നു. (യെശയ്യാവ് 34:8; 43:9-12) തന്റെ ദൈവത്വവും ന്യായമായ പരമാധികാരവും തെളിയിക്കുന്നതിന് അവൻ അവരുടെ സാക്ഷ്യത്തെ ആശ്രയിക്കുന്നില്ല. എന്നാൽ സകല മനുഷ്യവർഗ്ഗത്തിന്റെയും മുമ്പാകെ തങ്ങൾ അവന്റെ പരമാധികാരത്തെ അംഗീകരിക്കുന്നുവെന്ന് സാക്ഷിപ്പെടുത്താനുള്ള അസാധാരണ പദവി അവൻ തന്റെ സാക്ഷികൾക്ക് അനുവദിച്ചുകൊടുക്കുന്നു. അവന്റെ സാക്ഷികൾതന്നെ അവന്റെ നീതിനിഷ്ഠമായ പരമാധികാരത്തിന് കീഴ്പ്പെട്ടിരിക്കുന്നു, തങ്ങളുടെ പരസ്യശുശ്രൂഷയാൽ പരമോന്നത ന്യായാധിപന്റെ അധികാരത്തിൻകീഴിൽ തങ്ങളെത്തന്നെ ആക്കിവെക്കാൻ അവർ മററുള്ളവരെ പ്രേരിപ്പിക്കുന്നു.
യഹോവ ന്യായംവിധിക്കുന്ന വിധം
3. യഹോവ ന്യായംവിധിക്കുന്ന വിധത്തെ എങ്ങനെ സംഗ്രഹിക്കാം, ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിൽ ഇത് എങ്ങനെ ദൃഷ്ടാന്തീകരിക്കപ്പെട്ടു?
3 മനുഷ്യവർഗ്ഗത്തിന്റെ ചരിത്രത്തിന്റെ പ്രാരംഭത്തിൽ, ചില കുററക്കാരെ യഹോവ നേരിട്ടു ന്യായം വിധിച്ചു. അവൻ നീതിന്യായ കാര്യങ്ങൾ കൈകാര്യംചെയ്യുന്ന വിധത്തിന്റെ ദൃഷ്ടാന്തങ്ങൾ തന്റെ ജനത്തിന്റെ ഇടയിൽ പിൽക്കാലത്ത് നീതിന്യായ വ്യവഹാരങ്ങൾ നടത്താൻ ഉത്തരവാദിത്തമുള്ള തന്റെ ദാസൻമാർക്ക് മാതൃകവെച്ചു. (സങ്കീർത്തനം 77:11, 12) അവന്റെ ന്യായവിധിയുടെ വിധത്തെ ഇങ്ങനെ സംഗ്രഹിക്കാം: ആവശ്യമായിരിക്കുന്നടത്ത് ദൃഢത, സാദ്ധ്യമായിരിക്കുന്നടത്ത് കരുണ. മനഃപൂർവം മത്സരിച്ച പൂർണ്ണതയുള്ള മനുഷ്യജീവികളായിരുന്ന ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിൽ അവർ കരുണ അർഹിച്ചില്ല. അതുകൊണ്ട് യഹോവ അവരെ മരണത്തിനു വിധിച്ചു. എന്നാൽ അവന്റെ കരുണ അവരുടെ സന്തതികൾക്കുവേണ്ടി പ്രവർത്തിച്ചു. ആദാമിനും ഹവ്വായിക്കും മക്കളുണ്ടാകാൻ അനുവദിച്ചുകൊണ്ട് അവൻ മരണവിധിയുടെ നടപ്പിലാക്കൽ നീട്ടിവെച്ചു. അവൻ സ്നേഹപൂർവം അവന്റെ സന്താനങ്ങൾക്ക് പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നുള്ള വിടുതലിന്റെ പ്രത്യാശ പ്രദാനംചെയ്തു.—ഉല്പത്തി 3:15; റോമർ 8:20, 21.
4. യഹോവ കയീനോട് എങ്ങനെ ഇടപെട്ടു, ഈ കേസ് പ്രത്യേക താത്പര്യമുള്ളതായിരിക്കുന്നതെന്തുകൊണ്ട്?
4 യഹോവ കയീനുമായി ഇടപെട്ട രീതി പ്രത്യേക താത്പര്യമുള്ളതാണ്, എന്തുകൊണ്ടെന്നാൽ “പാപത്തിൻ കീഴിൽ വിൽക്കപ്പെട്ട,” ആദാമിന്റെയും ഹവ്വായുടെയും അപൂർണ്ണസന്തതികളിലൊന്ന് ഉൾപ്പെട്ട രേഖയിലുള്ള ആദ്യകേസാണത്. (റോമർ 7:14) യഹോവ ഇതു കണക്കിലെടുക്കുകയും കയീനോട് അവന്റെ മാതാപിതാക്കളോട് ഇടപെട്ടതിൽനിന്ന് വ്യത്യസ്തമായി ഇടപെടുകയും ചെയ്തോ? ഇതിന് ഇന്നത്തെ ക്രിസ്തീയ മേൽവിചാരകൻമാർക്ക് ഒരു പാഠം പ്രദാനംചെയ്യാൻ കഴിയുമോ? നമുക്കു കാണാം. കയീന്റെ ബലി പ്രീതിയോടെ സ്വീകരിക്കപ്പെടാഞ്ഞപ്പോഴത്തെ അവന്റെ പ്രതികരണം മനസ്സിലാക്കിക്കൊണ്ട് യഹോവ കയീൻ അകപ്പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ച് അവന് സ്നേഹപൂർവം മുന്നറിയിപ്പു കൊടുത്തു. ‘പ്രതിരോധം ചികിത്സയെക്കാൾ മെച്ചമാണ്’ എന്ന് ഒരു പഴമൊഴി പ്രസ്താവിക്കുന്നു. കയീന്റെമേൽ പൂർണ്ണനിയന്ത്രണം നേടാൻ അവന്റെ പാപപ്രവണതയെ അനുവദിക്കുന്നതിനെക്കുറിച്ച് അവനു മുന്നറിയിപ്പു കൊടുത്തുകൊണ്ട് യഹോവ തന്നാൽ കഴിയുന്നടത്തോളം ചെയ്തു. “നൻമചെയ്യുന്നതിലേക്കു തിരിയാൻ” അവനെ സഹായിക്കുന്നതിന് അവൻ ശ്രമിച്ചു. (ഉല്പത്തി 4:5-7, NW) ദൈവം ഒരു പാപിയായ മനുഷ്യനോട് അനുതപിക്കാൻ ആവശ്യപ്പെട്ടത് ഇതാദ്യമായിട്ടായിരുന്നു. കയീൻ അനുതാപമില്ലാത്ത ഒരു മനോഭാവം പ്രകടമാക്കുകയും ഹീന കൊലപാതകകൃത്യം നടത്തുകയും ചെയ്തശേഷം യഹോവ അവനെ നാടുകടത്തലിനു വിധിക്കുകയും മററു മനുഷ്യർ അവനെ കൊല്ലാതിരിക്കാനുള്ള ഒരു കല്പനയാൽ അതിനെ മയപ്പെടുത്തുകയും ചെയ്തു.—ഉല്പത്തി 4:8-15.
5, 6. (എ) യഹോവ ജലപ്രളയത്തിനുമുമ്പത്തെ തലമുറയുടെ കാര്യത്തിൽ എങ്ങനെ നീങ്ങി? (ബി) സോദോമിലെയും ഗോമോറയിലെയും നിവാസികൾക്കെതിരെ ന്യായവിധി നടത്തുന്നതിനുമുമ്പ് യഹോവ എന്തു ചെയ്തു?
5 ജലപ്രളയത്തിനുമുമ്പ്, ‘ഭൂമിയിൽ മമനുഷ്യന്റെ ദുഷ്ടത വലിയതെന്ന് കണ്ടപ്പോൾ അവന് ഹൃദയത്തിൽ ദുഃഖംതോന്നി.’ (ഉല്പത്തി 6:5, 6) ജലപ്രളയത്തിനു മുമ്പത്തെ തലമുറയിൽ ഭൂരിപക്ഷവും തങ്ങളുടെ സ്വതന്ത്രമായ ഇച്ഛാശക്തി ദുർവിനിയോഗംചെയ്തതുകൊണ്ടും താൻ അവരുടെമേൽ ന്യായവിധി നടത്തേണ്ടിവന്നതിലുമാണ് അവന് “ദുഃഖം തോന്നി”യത്. എന്നിരുന്നാലും അവൻ അവർക്ക് മതിയായ മുന്നറിയിപ്പുകൊടുക്കുകയും നോഹയെ അനേകവർഷക്കാലം “ഒരു നീതിപ്രസംഗി”യായി ഉപയോഗിക്കുകയും ചെയ്തു. അതിനുശേഷം, ‘ആ ഭക്തികെട്ട ആളുകളുടെ ലോകത്തെ ശിക്ഷിക്കുന്നതിൽനിന്ന് പിൻമാറിനിൽക്കാൻ’ അവനു കാരണമുണ്ടായിരുന്നില്ല.—2 പത്രോസ് 2:5.
6 അതുപോലെതന്നെ സോദോമിലെയും ഗോമോറയിലെയും നിവാസികൾക്കെതിരെ ഒരു വ്യവഹാരം കൈകാര്യംചെയ്യാൻ യഹോവക്ക് കടപ്പാടുണ്ടായി. എന്നാൽ അവൻ എങ്ങനെ നീങ്ങിയെന്നു ശ്രദ്ധിക്കുക. അവൻ ഈ ആളുകളുടെ ഞെട്ടിക്കുന്ന നടത്തയെക്കുറിച്ചുള്ള പരാതിയുടെ ഒരു “നിലവിളി” കേട്ടിരുന്നു, നീതിമാനായ ലോത്തിന്റെ പ്രാർത്ഥനയാലെന്ന് ആശിക്കാം. (ഉല്പത്തി 18:20; 2 പത്രോസ് 2:7, 8) എന്നാൽ നടപടിയെടുക്കുന്നതിനുമുമ്പ്, അവൻ തന്റെ ദൂതൻമാർ മുഖാന്തരം വസ്തുതകൾ സ്ഥിരീകരിക്കുന്നതിന് ‘ഇറങ്ങിച്ചെന്നു.’ (ഉല്പത്തി 18:21, 22; 19:1) താൻ അന്യായമായി പ്രവർത്തിക്കുകയില്ലെന്ന് അബ്രാഹാമിന് ഉറപ്പുകൊടുക്കാനും അവൻ സമയമെടുത്തു.—ഉല്പത്തി 18:23-32.
7. നീതിന്യായക്കമ്മിററികളിൽ സേവിക്കുന്ന മൂപ്പൻമാർക്ക് യഹോവ ന്യായംവിധിക്കുന്ന വിധത്തിൽനിന്ന് എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?
7 ഈ ദൃഷ്ടാന്തങ്ങളിൽനിന്ന് മൂപ്പൻമാർക്ക് ഇന്ന് എന്തു പഠിക്കാൻ കഴിയും? ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിൽ, കുററക്കാരോട് ബന്ധമുള്ളവരെങ്കിലും കേസിൽ കുററപ്പെടുത്താവുന്നവരല്ലാഞ്ഞവരോട് യഹോവ സ്നേഹവും പരിഗണനയും കാണിച്ചു. അവൻ ആദാമിന്റെയും ഹവ്വായുടെയും സന്തതികളോട് കരുണ കാണിച്ചു. കയീന്റെ കേസിൽ യഹോവ അവൻ അകപ്പെട്ടിരുന്ന അപകടത്തെ മുൻകൂട്ടിക്കാണുകയും പാപംചെയ്യുന്നതിനെ തടയാൻ ശ്രമിച്ചുകൊണ്ട് അവനുമായി ദയാപൂർവം ന്യായവാദംചെയ്യുകയും ചെയ്തു. കയീനെ നാടുകടത്തിയശേഷംപോലും യഹോവ അവനോട് പരിഗണനയുള്ളവനായിരുന്നു. കൂടാതെ, ക്ഷമാപൂർവകമായ വളരെയധികം സഹിഷ്ണുത പ്രകടമാക്കിയ ശേഷം മാത്രമേ പ്രളയത്തിനുമുമ്പത്തെ തലമുറയുടെമേൽ യഹോവ ന്യായവിധി നടത്തിയുള്ളു. മർക്കടമുഷ്ടിയോടുകൂടിയ ദുഷ്ടതയെ അഭിമുഖീകരിച്ചപ്പോൾ യഹോവയുടെ “ഹൃദയത്തിന് ദുഃഖമായി.” മനുഷ്യർ തന്റെ നീതിയുള്ള ഭരണത്തോടു മത്സരിച്ചതുകൊണ്ടും അവരെ പ്രതികൂലമായി ന്യായംവിധിക്കാൻ തനിക്ക് കടപ്പാടുണ്ടായതുകൊണ്ടുമാണ് അവൻ ദുഃഖിച്ചത്. (ഉല്പത്തി 6:6; യെഹെസ്ക്കേൽ 18:31; 2 പത്രോസ് 3:9 താരതമ്യപ്പെടുത്തുക.) സോദോമിന്റെയും ഗോമോറയുടെയും കാര്യത്തിൽ, വസ്തുതകളെ സ്ഥിരീകരിച്ച ശേഷം മാത്രമേ യഹോവ പ്രവർത്തിച്ചുള്ളു. ഇന്ന് വ്യവഹാരങ്ങൾ കൈകാര്യംചെയ്യാനുള്ളവർക്ക് എത്ര വിശിഷ്ടമായ മാതൃകകൾ!
ഗോത്രപിതാക്കൻമാരുടെ കാലങ്ങളിലെ മനുഷ്യന്യായാധിപൻമാർ
8. യഹോവയുടെ ഏതു അടിസ്ഥാനനിയമങ്ങൾ ഗോത്രപിതാക്കൻമാരുടെ കാലങ്ങളിൽ അറിയപ്പെട്ടിരുന്നു?
8 അക്കാലത്ത് പ്രത്യക്ഷത്തിൽ എഴുതപ്പെട്ട നിയമസംഹിത ഇല്ലായിരുന്നെങ്കിലും ഗോത്രപിതാക്കൻമാരുടെ കീഴിലെ സമുദായത്തിന് യഹോവയുടെ അടിസ്ഥാനനിയമങ്ങൾ പരിചിതമായിരുന്നു, അവന്റെ ദാസൻമാർക്ക് അവ അനുസരിക്കാൻ കടപ്പാടുണ്ടായിരുന്നു. (ഉല്പത്തി 26:5 താരതമ്യപ്പെടുത്തുക.) ഏദെനിലെ നാടകം യഹോവയുടെ പരമാധികാരത്തോടുള്ള അനുസരണത്തിന്റെയും കീഴ്പെടലിന്റെയും ആവശ്യം പ്രകടമാക്കിയിരുന്നു. കയീന്റെ കേസ്, കൊലപാതകം സംബന്ധിച്ച യഹോവയുടെ അംഗീകാരമില്ലായ്മയെ വെളിപ്പെടുത്തിയിരുന്നു. പ്രളയം കഴിഞ്ഞയുടനെതന്നെ ദൈവം ജീവന്റെ പവിത്രതയും കൊലപാതകവും വധശിക്ഷയും രക്തം ഭക്ഷിക്കുന്നതും സംബന്ധിച്ച നിയമങ്ങൾ മനുഷ്യവർഗ്ഗത്തിന് കൊടുത്തു. (ഉല്പത്തി 9:3-6) അബ്രാഹാമും സാറായും ഗാസായ്ക്കു സമീപമുള്ള ഗെരാരിലെ രാജാവായിരുന്ന അബീമേലക്കും ഉൾപ്പെട്ടിരുന്ന സംഭവത്തിൽ യഹോവ വ്യഭിചാരത്തെ ശക്തമായി അപലപിച്ചു.—ഉല്പത്തി 20:1-7.
9, 10. ഗോത്രപിതാക്കൻമാരുടെ കീഴിലെ സമുദായത്തിൽ ഒരു നീതിന്യായവ്യവസ്ഥിതി സ്ഥിതിചെയ്തിരുന്നുവെന്ന് ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
9 ആ നാളുകളിൽ കുടുംബത്തലവൻമാർ ന്യായാധിപൻമാരായി സേവിക്കുകയും നിയമപരമായ പ്രശ്നങ്ങൾ കൈകാര്യംചെയ്യുകയും ചെയ്തിരുന്നു. അബ്രാഹാമിനെസംബന്ധിച്ച് യഹോവ ഇങ്ങനെ പ്രസ്താവിച്ചു: “അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ട് യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിനു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.” (ഉല്പത്തി 18:19) അബ്രാഹാം തന്റെ സ്വന്തം ഇടയൻമാരും ലോത്തിന്റെ ഇടയൻമാരുമായുള്ള ഒരു വഴക്ക് തീർക്കുന്നതിൽ നിസ്വാർത്ഥതയും വിവേചനയും പ്രകടമാക്കി. (ഉല്പത്തി 13:7-11) ഗോത്രത്തലവനായും ന്യായാധിപനായും സേവിച്ചുകൊണ്ട് യഹൂദാ തന്റെ മരുമകളായിരുന്ന താമാരിനെ കല്ലെറിഞ്ഞുകൊല്ലാനും ചുട്ടെരിക്കാനും ശിക്ഷവിധിച്ചു, അവൾ ഒരു വ്യഭിചാരിണിയാണെന്ന് വിശ്വസിച്ചുകൊണ്ടുതന്നെ. (ഉല്പത്തി 38:11, 24; യോശുവ 7:25 താരതമ്യംചെയ്യുക.) എന്നിരുന്നാലും അവൻ സകല വസ്തുതകളും മനസ്സിലാക്കിയപ്പോൾ അവൾ തന്നേക്കാൾ നീതിയുള്ളവളാണെന്ന് വിധിച്ചു. (ഉല്പത്തി 38:25, 26) ഒരു നീതിന്യായപരമായ തീരുമാനമെടുക്കുന്നതിനുമുമ്പു സകല വസ്തുതകളും മനസ്സിലാക്കുന്നത് എത്ര പ്രധാനമാണ്!
10 ഇയ്യോബിന്റെ പുസ്തകം ഒരു നീതിന്യായവ്യവസ്ഥയെ പരാമർശിക്കുകയും നിഷ്പക്ഷമായ വിധിയുടെ അഭിലഷണീയത പ്രകടമാക്കുകയും ചെയ്യുന്നു. (ഇയ്യോബ് 13:8, 10; 31:11; 32:21) ഇയ്യോബുതന്നെ നീതി നടത്തിക്കൊണ്ടും വിധവയുടെയും പിതാവില്ലാത്ത ബാലന്റെയും പക്ഷത്തിനുവേണ്ടി വാദിച്ചുകൊണ്ടും നഗരവാതിൽക്കലിരുന്ന ഒരു ആദരിക്കപ്പെട്ട ന്യായാധിപനായിരുന്ന കാലത്തെ അനുസ്മരിക്കുന്നു. (ഇയ്യോബ് 29:7-16) അങ്ങനെ, ഗോത്രപിതാക്കൻമാരുടെ കീഴിലെ സമുദായത്തിൽ ഇസ്രയേൽജനതയുടെ പുറപ്പാടിനും ദൈവദത്ത നിയമാധിഷ്ഠിത ഭരണഘടനക്കും മുമ്പുപോലും “പ്രായമേറിയ പുരുഷൻമാർ” അബ്രാഹാമിന്റെ സന്തതികളുടെ ഇടയിൽ ന്യായാധിപൻമാരായി പ്രവർത്തിച്ചിരുന്നുവെന്നതിന് തെളിവുണ്ട്. (പുറപ്പാട് 3:16, 18) യഥാർത്ഥത്തിൽ ന്യായപ്രമാണ ഉടമ്പടിയുടെ വ്യവസ്ഥകൾ, ജനത്തെ പ്രതിനിധാനംചെയ്ത ഇസ്രയേലിലെ “പ്രായമേറിയ പുരുഷൻമാരുടെ” അഥവാ മൂപ്പൻമാരുടെ മുമ്പാകെയാണ് മോശ അവതരിപ്പിച്ചത്.—പുറപ്പാട് 19:3-7.
ഇസ്രയേലിന്റെ നീതിന്യായ വ്യവസ്ഥ
11, 12. രണ്ടു ബൈബിൾ പണ്ഡിതൻമാർ പറയുന്നതനുസരിച്ച് ഇസ്രയേലിന്റെ നീതിന്യായവ്യവസ്ഥയെ മററു ജനതകളുടേതിൽനിന്ന് വ്യത്യസ്തമാക്കിയതെന്ത്?
11 ഇസ്രയേലിലെ നീതിന്യായഭരണം ചുററുപാടുമുണ്ടായിരുന്ന ജനതകൾ പിന്തുടർന്ന നിയമനടപടികളിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. സിവിൽനിയമവും ക്രിമിനൽ നിയമവും തമ്മിൽ വ്യത്യാസംകല്പിച്ചിരുന്നില്ല. രണ്ടും ധാർമ്മികവും മതപരവുമായ നിയമങ്ങളോട് കൂട്ടിപ്പിരിച്ചിരുന്നു. ഒരുവന്റെ അയൽക്കാരനെതിരായ ഒരു കുററം യഹോവക്കെതിരായ ഒരു കുററമായിരുന്നു. ജനങ്ങളും ബൈബിളിലെ വിശ്വാസവും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഗ്രന്ഥകാരനായ ആൻഡ്രെ ഷൂരാക്കി ഇങ്ങനെ എഴുതുന്നു: “എബ്രായരുടെ നൈയാമിക പാരമ്പര്യം ലംഘനങ്ങളും ശിക്ഷകളും സംബന്ധിച്ച അതിന്റെ നിർവചനത്തിൽമാത്രമല്ല, നിയമങ്ങളുടെ അന്തഃസത്തയിൽതന്നെ വ്യത്യസ്തമാണ്. . . . തോറാ [നിയമം] അനുദിനജീവിതത്തിൽനിന്ന് വ്യതിരിക്തമല്ല; അത് ശുഭാശംസയോ ശാപമോ ചൊരിഞ്ഞുകൊണ്ട് അനുദിനജീവിതത്തിന്റെ സ്വഭാവത്തെയും ഉള്ളടക്കത്തെയും നിയന്ത്രിക്കുന്നു. . . . ഇസ്രയേലിൽ . . . നഗരത്തിലെ നൈയാമികപ്രവർത്തനങ്ങളിൽ ഒരു വ്യക്തമായ വ്യത്യാസം കല്പിക്കുക മിക്കവാറും അസാധ്യമാണ്. അവ പൂർണ്ണമായും ജീവനുള്ള ദൈവത്തിന്റെ ഇഷ്ടനിവൃത്തിക്ക് ഉൻമുഖമായിരുന്ന ഒരു ജീവിതൈക്യത്തിൽ മറഞ്ഞിരുന്നു.”
12 ഈ അനുപമമായ സാഹചര്യം ഇസ്രയേലിലെ നീതിപാലനത്തെ സമകാലീന ജനതകളുടേതിലും വളരെ ഉയർന്ന ഒരു തലത്തിൽ നിർത്തി. ബൈബിൾപണ്ഡിതനായ റോളൻ ഡേ വോ എഴുതുന്നു: “ഇസ്രയേല്യനിയമം അതിന്റെ രൂപത്തിലും ഉള്ളടക്കത്തിലുമുള്ള സാദൃശ്യങ്ങളെല്ലാമുണ്ടെങ്കിലും മദ്ധ്യപൗരസ്ത്യ ‘ഉടമ്പടികളുടെ’ വകുപ്പുകളിൽനിന്നും അവരുടെ ‘നിയമസംഹിതകളുടെ’ നിബന്ധനകളിൽനിന്നും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. അത് മതാത്മകമായ ഒരു നിയമമാണ്. . . . മുഴുവനായും നിയമകർത്താവ് ദൈവമാണെന്ന് കരുതുന്ന ഇസ്രയേല്യനിയമത്തോടു യാതൊരു മദ്ധ്യപൗരസ്ത്യനിയമത്തെയും താരതമ്യപ്പെടുത്താൻ കഴികയില്ല. അതിൽ നീതിശാസ്ത്രപരവും അനുഷ്ഠാനപരവുമായ നിബന്ധനകൾ അടങ്ങിയിരിക്കുകയും മിക്കപ്പോഴും കലർന്നിരിക്കുകയും ചെയ്യുന്നുവെങ്കിൽ അത് ദിവ്യ ഉടമ്പടിയുടെ മുഴു മണ്ഡലവും ഉൾക്കൊള്ളുന്നതുകൊണ്ടും ഈ ഉടമ്പടി മനുഷ്യർക്ക് അന്യോന്യമുള്ള ബന്ധങ്ങളെയും അവർക്കു ദൈവത്തോടുള്ള ബന്ധങ്ങളെയും ഭരിച്ചതുകൊണ്ടുമായിരുന്നു.” “ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?” എന്ന് മോശ ചോദിച്ചത് ആശ്ചര്യമല്ല.—ആവർത്തനം 4:8.
ഇസ്രയേലിലെ ന്യായാധിപൻമാർ
13. ഇന്നത്തെ മൂപ്പൻമാർക്ക് മോശ ഏതു വശങ്ങളിൽ നല്ല മാതൃകയായിരുന്നു?
13 അത്ര ഉയർന്ന ഒരു നീതിന്യായവ്യവസ്ഥ ഉണ്ടായിരുന്ന സ്ഥിതിക്ക്, ന്യായാധിപനായി സേവിക്കാൻ ഏതുതരം മനുഷ്യനാണ് ആവശ്യമായിരുന്നത്? ഇസ്രയേലിൽ നിയമിതനായ ആദ്യത്തെ ന്യയാധിപനെസംബന്ധിച്ചുതന്നെ ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു.” (സംഖ്യാപുസ്തകം 12:3) അവന് തന്നേക്കുറിച്ചുതന്നെ അമിതവിശ്വാസമില്ലായിരുന്നു. (പുറപ്പാട് 4:10) ജനത്തിന് ന്യായപാലനംചെയ്യാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില സമയങ്ങളിൽ അവൻ അവരോടു ക്ഷമിക്കാൻ യഹോവയോടു അഭ്യർത്ഥിച്ചുകൊണ്ടും അവർക്കുവേണ്ടി തന്നേത്തന്നെ ബലിചെയ്യാൻ മുന്നോട്ടുവന്നുകൊണ്ടുപോലും യഹോവയുടെ മുമ്പാകെ അവരുടെ വക്താവായിത്തീർന്നു. (പുറപ്പാട് 32:11, 30-32) അവൻ കാവ്യാത്മകമായി ഇങ്ങനെ പ്രസ്താവിച്ചു: “മഴ പോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളംപുല്ലിൻമേൽ പൊടിമഴ പോലെയും സസ്യത്തിൻമേൽ മാരിപോലെയും ചൊരിയും.” (ആവർത്തനം 32:2) സ്വന്തം ജ്ഞാനത്തിൽ ഊന്നിക്കൊണ്ട് അശേഷം വിധിക്കാതെ അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “അവർക്കു ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും.” (പുറപ്പാട് 18:16) സംശയമുണ്ടായിരുന്നപ്പോൾ അവൻ സംഗതി യഹോവക്കു സമർപ്പിച്ചു. (സംഖ്യാപുസ്തകം 9:6-8; 15:32-36; 27:1-11) മോശ ഇന്ന് ‘ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുക’യും ന്യായത്തീർപ്പുകൾ കല്പിക്കുകയും ചെയ്യുന്നവർക്ക് നല്ല മാതൃകയാണ്. (പ്രവൃത്തികൾ 20:28) തങ്ങളുടെ സഹോദരൻമാരോടുള്ള അവരുടെ ബന്ധം അതുപോലെതന്നെ “ഇളംപുല്ലിൻമേൽ പൊടിമഴപോലെ”യെന്നു തെളിയട്ടെ.
14. ഇസ്രയേലിൽ മോശയാൽ നിയമിക്കപ്പെട്ട ന്യായാധിപൻമാരുടെ ആത്മീയ യോഗ്യതകൾ എന്തെല്ലാമായിരുന്നു?
14 കാലക്രമത്തിൽ ജനത്തിനുവേണ്ടി നീതിന്യായകേസുകൾ കൈകാര്യംചെയ്യുന്നതിന്റെ ഭാരം മോശക്ക് തനിയെ വഹിക്കാൻ കഴിയാതെവന്നു. (പുറപ്പാട് 18:13, 18) സഹായം തേടാനുള്ള തന്റെ അമ്മായിയപ്പന്റെ നിർദ്ദേശം അവൻ സ്വീകരിച്ചു. കൂടാതെ, ഏതു തരം പുരുഷൻമാർ തെരഞ്ഞെടുക്കപ്പെട്ടു? നാം വായിക്കുന്നു: “ദൈവഭക്തൻമാരും സത്യവാൻമാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷൻമാരെ സകല ജനത്തിൽനിന്നും തിരഞ്ഞെടുത്തു . . . മോശെ എല്ലാ യിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷൻമാരെ തിരഞ്ഞെടുത്തു അവരെ ആയിരംപേർക്കു അധിപതിമാരായും നൂറുപേർക്കു അധിപതിമാരായും അമ്പതുപേർക്കു അധിപതിമാരായും പത്തുപേർക്കു അധിപതിമാരായും ജനത്തിന്നു തലവൻമാരാക്കി. അവർ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിച്ചു വന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം ഒക്കെയും അവർ തന്നേ തീർക്കും.”—പുറപ്പാട് 18:21-26.
15. ഇസ്രയേലിലെ ന്യായാധിപൻമാരായി സേവിച്ചവരുടെ യോഗ്യതകൾ എന്തെല്ലാമായിരുന്നു?
15 ന്യായാധിപൻമാരായി സേവിക്കാൻ പുരുഷൻമാരെ തെരഞ്ഞെടുക്കുന്നതിന് പ്രായം മാത്രമായിരുന്നില്ല മാനദണ്ഡമെന്ന് കാണാൻ കഴിയും. മോശെ ഇങ്ങനെ പ്രസ്താവിച്ചു: “അതതു ഗോത്രത്തിൽനിന്ന് ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷൻമാരെ തെരഞ്ഞെടുപ്പിൻ; ഞാൻ അവരെ നിങ്ങൾക്കു തലവൻമാരാക്കും.” (ആവർത്തനം 1:13) അനേകം വർഷങ്ങൾക്കുമുമ്പു യുവാവായിരുന്ന എലീഹൂ പ്രസ്താവിച്ചിരുന്നതു മോശക്കു തികച്ചും പരിചിതമായിരുന്നു: “പ്രായംചെന്നവരത്രേ ജ്ഞാനികൾ എന്നില്ല; വൃദ്ധൻമാരത്രേ ന്യായബോധമുള്ളവർ എന്നുമില്ല.” (ഇയ്യോബ് 32:9) തീർച്ചയായും നിയമിക്കപ്പെടുന്നവർ “പരിചയസമ്പന്നരായ പുരുഷൻമാർ” (NW) ആയിരിക്കണമായിരുന്നു. എന്നാൽ എല്ലാററിനുമുപരിയായി അവർ അന്യായമായ ആദായം വെറുക്കുന്നവരും ജ്ഞാനികളും വിവേകികളുമായി പ്രാപ്തരും ദൈവഭയമുള്ളവരും ആശ്രയയോഗ്യരുമായ പുരുഷൻമാർ ആയിരിക്കേണ്ടിയിരുന്നു. അതുകൊണ്ട് യോശുവ 23:2-ലും 24:1-ലും പറഞ്ഞിരിക്കുന്ന “തലവൻമാരും” “ന്യായാധിപൻമാരും” അതേ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നവരും അവരുടെയിടയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായ “മൂപ്പൻമാരിൽ” (പ്രായമേറിയ പുരുഷൻമാർ, NW) നിന്ന് വ്യത്യസ്തരല്ലായിരുന്നുവെന്നു തെളിയുന്നതായി തോന്നുന്നു.—തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാള്യം 2, പേജുകൾ 549 കാണുക.
നീതി നടത്തൽ
16. പുതുതായി നിയമിക്കപ്പെട്ട ന്യായാധിപൻമാർക്ക് മോശ കൊടുത്ത നിർദ്ദേശങ്ങൾ സംബന്ധിച്ച് നാം ഇന്ന് എന്തു ശ്രദ്ധിക്കണം?
16 ആ നിയമിത ന്യായാധിപൻമാർക്കു കൊടുക്കപ്പെട്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് മോശ ഇങ്ങനെ പറഞ്ഞു: “അന്നു ഞാൻ നിങ്ങളുടെ ന്യായാധിപൻമാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരൻമാർക്കു തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ല കാര്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ. ന്യായവിസ്താരത്തിൽ മുഖംനോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിനുള്ളതല്ലോ. നിങ്ങൾക്കു അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതു ഞാൻ തീർക്കും.”—ആവർത്തനം 1:16, 17.
17. ആർ ന്യായാധിപൻമാരായി നിയമിക്കപ്പെട്ടു, യെഹോശാഫാത്ത്രാജാവ് അവർക്ക് എന്തു മുന്നറിയിപ്പു കൊടുത്തു?
17 തീർച്ചയായും മോശയുടെ ആയുഷ്ക്കാലത്തുമാത്രമേ ഒരു കേസ് അവന്റെ അടുക്കൽ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളു. അതുകൊണ്ട് പ്രയാസമുള്ള ഒരു കേസ് പുരോഹിതൻമാരുടെയും ലേവ്യരുടെയും പ്രത്യേകമായി നിയമിക്കപ്പെടുന്ന ന്യായാധിപൻമാരുടെയും മുമ്പാകെ കൊണ്ടുവരാൻ കൂടുതലായ ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. (ആവർത്തനം 17:8-12; 1 ദിനവൃത്താന്തം 23:1-4; 2 ദിനവൃത്താന്തം 19:5, 8) യഹൂദയിലെ നഗരങ്ങളിൽ താൻ നിയമിച്ച ന്യായാധിപൻമാരോട് യഹോശാഫാത്ത്രാജാവ് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനംചെയ്യുന്നതു; . . . നിങ്ങൾ യഹോവാഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ ഇങ്ങനെ പ്രവർത്തിച്ചുകൊള്ളേണം. അതതു പട്ടണത്തിൽ പാർക്കുന്ന നിങ്ങളുടെ സഹോദരൻമാർ . . . ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാൽ അവർ യഹോവയോടു അകൃത്യംചെയ്തിട്ടു നിങ്ങളുടെ മേലും നിങ്ങളുടെ സഹോദരൻമാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന്നു നിങ്ങൾ അവർക്കു ബുദ്ധിയുപദേശിച്ചുകൊടുക്കേണം. നിങ്ങൾ കുററക്കാരാകാതിരിക്കേണ്ടതിന്നു അങ്ങനെ ചെയ്തുകൊൾവിൻ.”—2 ദിനവൃത്താന്തം 19:6-10.
18. (എ) ഇസ്രയേലിലെ ന്യായാധിപൻമാർ ബാധകമാക്കേണ്ടിയിരുന്ന തത്വങ്ങളിൽ ചിലതേവ? (ബി) ന്യായാധിപൻമാർ എന്ത് ഓർത്തിരിക്കേണ്ടതുണ്ടായിരുന്നു, അവർ ഇതു മറക്കുന്നതിന്റെ പരിണതഫലങ്ങൾ ഏതു തിരുവെഴുത്തുകൾ കാണിച്ചുതരുന്നു?
18 ഇസ്രയേലിലെ ന്യായാധിപൻമാർ ബാധകമാക്കേണ്ടിയിരുന്ന തത്വങ്ങളിൽ പിൻവരുന്നവ ഉൾപ്പെട്ടിരുന്നു: ധനികർക്കും ദരിദ്രർക്കും തുല്യനീതി (പുറപ്പാട് 23:3, 6; ലേവ്യപുസ്തകം 19:15); കർശനമായ നിഷ്പക്ഷത (ആവർത്തനം 1:17); കൈക്കൂലി വാങ്ങാതിരിക്കൽ. (ആവർത്തനം 16:18-20) തങ്ങൾ ന്യായംവിധിക്കുന്നതു യഹോവയുടെ ആടുകളെയാണെന്ന് ന്യായാധിപൻമാർ നിരന്തരം ഓർക്കണമായിരുന്നു. (സങ്കീർത്തനം 100:3) യഥാർത്ഥത്തിൽ, യഹോവ ജഡിക ഇസ്രയേലിനെ തള്ളിക്കളഞ്ഞതിന്റെ കാരണങ്ങളിലൊന്ന് അവരുടെ പുരോഹിതൻമാരും ഇടയൻമാരും നീതിയോടെ ന്യായംവിധിക്കുന്നതിൽ പരാജയപ്പെടുകയും ജനത്തോട് പരുഷമായി പെരുമാറുകയും ചെയ്തുവെന്നതായിരുന്നു.—യിരെമ്യാവ് 22:3, 5, 25; 23:1, 2; യെഹെസ്ക്കേൽ 34:1-4; മലാഖി 2:8, 9.
19. പൊതുയുഗത്തിനു മുമ്പത്തെ യഹോവയുടെ ന്യായപ്രമാണങ്ങളുടെ ഈ പരിശോധന നമുക്ക് എന്തു മൂല്യമുള്ളതാണ്, അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കപ്പെടും?
19 യഹോവക്ക് മാററംവരുന്നില്ല. (മലാഖി 3:6) ഇസ്രയേലിൽ ന്യായവിധി നടത്തേണ്ടിയിരുന്ന വിധത്തിന്റെയും ഏതു നീതിനിഷേധത്തെയും യഹോവ എങ്ങനെ വീക്ഷിച്ചുവെന്നതിന്റെയും ഈ ഹ്രസ്വമായ പുനരവലോകനം ഇന്നു ന്യായത്തീർപ്പുകൾ കല്പിക്കാൻ ഉത്തരവാദിത്തമുള്ള മൂപ്പൻമാർ നിന്നു ചിന്തിക്കാനിടയാക്കേണ്ടതാണ്. ന്യായാധിപനെന്ന നിലയിലുള്ള യഹോവയുടെ മാതൃകയും അവൻ ഇസ്രയേലിൽ ഏർപ്പെടുത്തിയ നീതിന്യായവ്യവസ്ഥയും ക്രിസ്തീയസഭക്കുള്ളിലെ ന്യായപാലനത്തിന്റെ മാതൃകയുടെ തത്വങ്ങൾ സ്ഥാപിച്ചു. ഇതു നാം അടുത്ത ലേഖനത്തിൽ കാണുന്നതായിരിക്കും.
പുനരവലോകന ചോദ്യങ്ങൾ
◻ യഹോവ ന്യായംവിധിക്കുന്ന വിധത്തെ എങ്ങനെ സംഗ്രഹിക്കാവുന്നതാണ്?
◻ യഹോവയുടെ വിധം കയീനോടും പ്രളയത്തിനുമുമ്പത്തെ തലമുറയോടുമുള്ള അവന്റെ ഇടപെടലുകളിൽ ഉദാഹരിക്കപ്പെട്ടതെങ്ങനെ?
◻ ഗോത്രപിതാക്കൻമാരുടെ കാലങ്ങളിൽ ആർ ന്യായാധിപൻമാരായി സേവിച്ചു, എങ്ങനെ?
◻ ഇസ്രയേലിന്റെ നീതിന്യായവ്യവസ്ഥയെ മററു ജനതകളുടേതിൽനിന്ന് വ്യത്യസ്തമാക്കിയതെന്ത്?
◻ ഇസ്രയേലിൽ ഏതുതരം പുരുഷൻമാർ ന്യായാധിപൻമാരായി നിയമിക്കപ്പെട്ടു, അവർ ഏതു തത്വങ്ങൾ അനുസരിക്കേണ്ടതായിരുന്നു?
[10-ാം പേജിലെ ചിത്രം]
ഗോത്ര പിതാക്കൻമാരുടെ കാലങ്ങളിലും ഇസ്രയേലിലും നിയമിക്കപ്പെട്ട പ്രായമേറിയ പുരുഷൻമാർ നഗരവാതിൽക്കൽ ന്യായപാലനംചെയ്തിരുന്നു