ഏഹൂദ് വിശ്വാസിയും ധൈര്യശാലിയുമായ പുരുഷൻ
ഇസ്രായേല്യർ വാഗ്ദത്ത ദേശത്തു കാലുകുത്തിയിട്ടു നിരവധി വർഷങ്ങൾ പിന്നിട്ടു. മോശയും അവന്റെ പിൻഗാമി യോശുവയും മരിച്ചിട്ടു കാലങ്ങളേറെയായി. വിശ്വാസികളായിരുന്ന അത്തരം പുരുഷന്മാരുടെ അഭാവത്തിൽ നിർമലാരാധനയോടുള്ള വിലമതിപ്പിനു കാര്യമായ കോട്ടം തട്ടി. ഇസ്രായേല്യർ ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും പോലും സേവിക്കാൻ തുടങ്ങി.a തന്നിമിത്തം യഹോവ തന്റെ ജനത്തെ എട്ടു സംവത്സരത്തേക്ക് അരാമ്യരുടെ കൈകളിൽ ഏൽപ്പിച്ചു. അപ്പോൾ ഇസ്രായേല്യർ സഹായത്തിനായി ദൈവത്തോടു കരഞ്ഞപേക്ഷിച്ചു. കരുണാപൂർവം അവൻ അവർക്കു ചെവിചായിച്ചു. തന്റെ ജനത്തെ രക്ഷിക്കുന്നതിനായി യഹോവ ഒരു ന്യായാധിപനെ, ഒത്നീയേലിനെ, എഴുന്നേൽപ്പിച്ചു.—ന്യായാധിപന്മാർ 3:7-11.
ആ സംഭവങ്ങൾ ഇസ്രായേല്യരെ ഒരു അടിസ്ഥാന സത്യം പഠിപ്പിക്കേണ്ടതായിരുന്നു—യഹോവയോടുള്ള അനുസരണം അനുഗ്രഹങ്ങൾ കൈവരുത്തും, അനുസരണക്കേടോ നാശത്തിൽ കലാശിക്കും. (ആവർത്തനപുസ്തകം 11:26-28) എന്നാൽ, ഇസ്രായേല്യർ ആ പാഠം പഠിക്കുന്നതിൽ പരാജയപ്പെട്ടു. സമാധാനപൂർണമായ 40 സംവത്സരത്തിനുശേഷം അവർ വീണ്ടും നിർമലാരാധന ഉപേക്ഷിച്ചു.—ന്യായാധിപന്മാർ 3:12.
മോവാബിന്റെ അധീനതയിലാകുന്നു
ഇത്തവണ തന്റെ ജനം മോവാബ്യ രാജാവായ എഗ്ലോന്റെ കൈകളിൽ വീഴാൻ യഹോവ ഇടയാക്കി. ബൈബിൾ അവനെ “സ്ഥൂലിച്ചവൻ” എന്നു വർണിക്കുന്നു. അമ്മോന്യരുടെയും അമാലേക്യരുടെയും സഹായത്തോടെ എഗ്ലോൻ ഇസ്രായേല്യരെ ആക്രമിക്കുകയും “ഈന്തപട്ടണ”മായിരുന്ന യെരീഹോവിൽ തനിക്കു കൊട്ടാരം പണിതുയർത്തുകയും ചെയ്തു. ഇസ്രായേൽ ആദ്യമായി കീഴടക്കിയ കനാന്യ നഗരം ഇപ്പോൾ, വ്യാജദൈവമായ കെമോശിനെ ആരാധിച്ചിരുന്നവന്റെ ആസ്ഥാനമായിത്തീർന്നത് എത്രകണ്ടു വിരോധാഭാസമായിരുന്നു!b—ന്യായാധിപന്മാർ 3:12, 13, 17.
അടുത്ത 18 സംവത്സരം എഗ്ലോൻ ഇസ്രായേല്യരെ പീഡിപ്പിച്ചു. അത് അവരുടെമേൽ ഭാരിച്ച കരം ചുമത്തിക്കൊണ്ടാണെന്നു വ്യക്തം. സമയാസമയം കാഴ്ചയർപ്പിക്കാൻ ആവശ്യപ്പെടുകവഴി ഇസ്രായേലിന്റെ വിഭവങ്ങൾ ശോഷിപ്പിക്കുന്നതിനൊപ്പം മോവാബ് തന്റെതന്നെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയായിരുന്നു. ദൈവജനം ആശ്വാസത്തിനുവേണ്ടി യഹോവയോടു നിലവിളിക്കുകയും അവൻ വീണ്ടുമൊരിക്കൽ അവർക്കു ചെവിചായിക്കുകയും ചെയ്തുവെന്നു മനസ്സിലാക്കാൻ സാധിക്കും. അവൻ അവർക്കുവേണ്ടി മറ്റൊരു രക്ഷകനെ എഴുന്നേൽപ്പിച്ചു. ഇത്തവണ അത് ബെന്യാമീന്യനായ ഏഹൂദായിരുന്നു. ഇസ്രായേല്യരുടെമേലുള്ള എഗ്ലോന്റെ ക്രൂരഭരണം അവസാനിപ്പിക്കാൻ, അടുത്ത തവണ കാഴ്ചദ്രവ്യം കൊടുക്കുന്ന നാളിൽ നടപടി സ്വീകരിക്കുന്നതിന് ഏഹൂദ് ആസൂത്രണം ചെയ്തു.—ന്യായാധിപന്മാർ 3:14, 15.
തന്റെ സുധീര നടപടിക്കുള്ള ഒരുക്കമെന്നവണ്ണം ഏഹൂദ് ഇരുവായ്ത്തലയും ഒരു മുഴം നീളവുമുള്ള ഒരു വാൾ ഉണ്ടാക്കി. അതൊരു ചെറിയ മുഴമായിരുന്നെങ്കിൽ ആ ആയുധത്തിന്റെ നീളം 38 സെൻറിമീറ്റർ വരുമായിരുന്നു. അതൊരു കഠാരയായിരുന്നുവെന്നാണു ചിലരുടെ അഭിപ്രായം. വ്യക്തമായും, വാളിനും പിടിക്കുമിടയിലായി കുറുകെയുള്ള ഖണ്ഡം ഉണ്ടായിരുന്നില്ല. തന്മൂലം, ഏഹൂദിനു തന്റെ ചെറിയ വാൾ വസ്ത്രത്തിന്റെ മടക്കിനുള്ളിൽ മറച്ചുവെക്കാൻ കഴിഞ്ഞു. മാത്രമല്ല, ഏഹൂദ് ഇടങ്കയ്യനായിരുന്നതിനാൽ അവനു തന്റെ വാൾ വലതുവശത്തു കെട്ടിവെക്കാനും കഴിഞ്ഞു. സാധാരണഗതിയിൽ ആയുധം വലതുവശത്തു കെട്ടിവെക്കാറില്ല.—ന്യായാധിപന്മാർ 3:15, 16.
ഏഹൂദിന്റെ തന്ത്രം അപകടരഹിതമായിരുന്നില്ല. ഉദാഹരണത്തിന്, രാജാവിന്റെ പരിചാരകർ ആയുധമുണ്ടോയെന്നറിയാൻ ഏഹൂദിനെ പരിശോധിച്ചിരുന്നെങ്കിലോ? അഥവാ അങ്ങനെ ചെയ്തില്ലെങ്കിൽത്തന്നെയും അവർ തങ്ങളുടെ രാജാവിനെ ഒരു ഇസ്രായേല്യനോടൊപ്പം തനിച്ചാക്കുമായിരുന്നില്ല! എന്നാൽ എഗ്ലോനെ കൊല്ലത്തക്കവണ്ണം അവനെ അവർ ഒറ്റയ്ക്കു വിട്ടിരുന്നെങ്കിൽത്തന്നെയും ഏഹൂദിന് എങ്ങനെ രക്ഷപ്പെടാൻ കഴിയുമായിരുന്നു? സംഭവിച്ചതെന്താണെന്ന് എഗ്ലോന്റെ പരിചാരകർ കണ്ടെത്തുന്നതിനു മുമ്പ് ഏഹൂദിന് എത്ര ദൂരം ഓടാൻ കഴിയുമായിരുന്നു?
അത്തരം വിശദാംശങ്ങളെക്കുറിച്ച് ഏഹൂദ് കൂലങ്കഷമായി ചിന്തിച്ചിരുന്നുവെന്നതിനു യാതൊരു സംശയവുമില്ല. ഒരുപക്ഷേ നിരവധി ദാരുണ പ്രത്യാഘാതങ്ങൾ അവൻ മനസ്സിൽ കണക്കുകൂട്ടിയിരിക്കണം. എന്നുവരികിലും, ധൈര്യത്തോടെയും യഹോവയിൽ പ്രത്യാശയർപ്പിച്ചുകൊണ്ടും അവൻ തന്റെ ഉദ്യമവുമായി മുന്നേറി.
ഏഹൂദ് എഗ്ലോനെ കണ്ടുമുട്ടുന്നു
അടുത്ത കാഴ്ചയർപ്പണത്തിനുള്ള ദിവസമെത്തി. ഏഹൂദും അവന്റെ ആളുകളും രാജകൊട്ടാരത്തിലെത്തി. താമസിയാതെ, അവർ രാജാവിന്റെ മുന്നിലെത്തി. എന്നാൽ ഏഹൂദിന് ആക്രമിക്കാനുള്ള സമയം വന്നെത്തിയിട്ടില്ലായിരുന്നു. കാഴ്ചയർപ്പിച്ചശേഷം ഏഹൂദ് ചുമട്ടുകാരെ അവരുടെ വഴിക്കു പറഞ്ഞയച്ചു.—ന്യായാധിപന്മാർ 3:17, 18.
എഗ്ലോനെ വീഴ്ത്താൻ ഏഹൂദ് വൈകിയതെന്തുകൊണ്ടായിരുന്നു? അവൻ ഭയന്നുപോയോ? തീർച്ചയായുമില്ല! എഗ്ലോനെ ഒറ്റയ്ക്കു കണ്ടാലേ ഏഹൂദിനു തന്റെ പദ്ധതി നടപ്പാക്കാൻ കഴിയുമായിരുന്നുള്ളൂ. ആദ്യ തവണ അവനതിന് അവസരം ലഭിച്ചില്ല. കൂടാതെ, ഏഹൂദിനു പെട്ടെന്നുതന്നെ സ്ഥലം വിടണമായിരുന്നു. കാഴ്ച ചുമന്നുകൊണ്ടുവന്ന മുഴു പരിചാരകഗണത്തോടുമൊപ്പം രക്ഷപ്പെടുന്നതിനെക്കാൾ എളുപ്പം ഒറ്റയ്ക്കു രക്ഷപ്പെടുന്നതാണ്. അതുകൊണ്ട് ഏഹൂദ് തക്കം പാർത്തിരുന്നു. എഗ്ലോനുമായുള്ള ഹ്രസ്വ കൂടിക്കാഴ്ച, കൊട്ടാരത്തിന്റെ കിടപ്പും രാജാവിന്റെ സുരക്ഷാസന്നാഹത്തിന്റെ വ്യാപ്തിയും മനസ്സിലാക്കാൻ അവനെ പ്രാപ്തനാക്കി.
“ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ” അടുക്കലെത്തിയപ്പോൾ ഏഹൂദ് തന്റെ ആളുകളെ വിട്ട് എഗ്ലോന്റെ കൊട്ടാരത്തിലേക്കു മടങ്ങി. ഏതാണ്ടു രണ്ടു കിലോമീറ്റർ ദൂരത്തെ നടപ്പ്, തന്റെ ദൗത്യത്തെക്കുറിച്ചു ചിന്തിക്കാനും യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കാനും ഏഹൂദിന് അവസരമേകി.—ന്യായാധിപന്മാർ 3:19.
ഏഹൂദ് മടങ്ങുന്നു
ഏഹൂദിനു കൊട്ടാരത്തിൽ വീണ്ടും വരവേൽപ്പു ലഭിച്ചു. ഒരുപക്ഷേ, നേരത്തെ അർപ്പിച്ച ഉദാരമായ കാഴ്ച എഗ്ലോനെ സന്തോഷിപ്പിച്ചിരിക്കണം. ആദ്യ സന്ദർശനം ഹ്രസ്വമായിരുന്നെങ്കിലും അത് ഏഹൂദിനു രാജാവുമായി നല്ല ബന്ധം സ്ഥാപിക്കാൻ വേണ്ടത്ര അവസരമേകി. സംഗതി എന്തുതന്നെയായിരുന്നാലും, ഏഹൂദ് വീണ്ടും എഗ്ലോന്റെ അടുത്തെത്തി.
“രാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു,” ഏഹൂദ് പറഞ്ഞു. ഏഹൂദിന് ഇത്രത്തോളം എത്താൻ കഴിഞ്ഞത് യഹോവ അവനെ സഹായിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു. എങ്കിലും, ഒരു പ്രശ്നം തലപൊക്കി. ഏഹൂദ് കൊണ്ടുവന്ന “സ്വകാര്യം” രാജാവിന്റെ പരിചാരകരുടെ കേൾക്കെ പറയാനാവില്ലായിരുന്നു. യഹോവ ഇടപെടുമെങ്കിൽ ഏഹൂദിന് ആ സഹായം ഉടനടി ആവശ്യമായിരുന്നു. “ക്ഷമിക്ക,” രാജാവ് മറ്റുള്ളവരോടു കൽപ്പിച്ചു. ആ “സ്വകാര്യം” മറ്റുള്ളവർ കേൾക്കാൻ എഗ്ലോൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് അവൻ പരിചാരകരെ പുറത്താക്കി. ഏഹൂദിനുണ്ടായ ആശ്വാസം ഊഹിച്ചുനോക്കൂ!—ന്യായാധിപന്മാർ 3:19.
എഗ്ലോൻ തന്റെ മാളികയിൽ ഇരിക്കുകയായിരുന്നു. ഏഹൂദ് അവനെ സമീപിച്ചു പറഞ്ഞു: “എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാൻ ഉണ്ടു.” “ദൈവം” എന്നു പറഞ്ഞപ്പോൾ ഏഹൂദ് കെമോശിനെയാണോ ഉദ്ദേശിച്ചത്? എഗ്ലോൻ അങ്ങനെ വിചാരിച്ചിരിക്കാം. താത്പര്യപൂർവം അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേററ്, പ്രതീക്ഷയോടെ നിലകൊണ്ടു. ആക്രമണത്തെക്കുറിച്ചു രാജാവിനു സംശയം തോന്നാത്തവണ്ണം ജാഗ്രതയോടെ ഏഹൂദ് അവനെ സമീപിച്ചു. പിന്നീട് മിന്നൽവേഗത്തിൽ, “ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽനിന്നു ചുരിക ഊരി [എഗ്ലോന്റെ] വയററിൽ കുത്തിക്കടത്തി. അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയററിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സു അലകിന്മേൽ പൊതിഞ്ഞടഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.”—ന്യായാധിപന്മാർ 3:20-22.
രാജാവിന്റെ പരിചാരകർ സമീപത്തു ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നെങ്കിലും ബഹളമൊന്നുമുണ്ടാക്കിയില്ല. എങ്കിലും ഏഹൂദ് അപകടാവസ്ഥയിലായിരുന്നു. ഏതു നിമിഷവും എഗ്ലോന്റെ പരിചാരകർ ഉള്ളിൽ കടന്നു രാജാവിന്റെ മൃതശരീരം കണ്ടെത്തിയേക്കാം. ഏഹൂദ് ഉടനടി സ്ഥലംവിടേണ്ടിയിരുന്നു! മാളികയുടെ വാതിലുകൾ പൂട്ടിയിട്ട് അതിന്റെ മേൽക്കൂരയിലെ കാറ്റുകുഴലിലൂടെ അവൻ രക്ഷപ്പെട്ടു.—ന്യായാധിപന്മാർ 3:23, 24എ.
കണ്ടെത്തലും പരാജയവും
എഗ്ലോന്റെ ഭൃത്യന്മാർ ജിജ്ഞാസുക്കളാകാൻ താമസമുണ്ടായില്ല. എങ്കിലും രാജാവിന്റെ സ്വകാര്യ ചർച്ചയ്ക്കു ഭംഗംവരുത്തി അവന്റെ അപ്രീതിക്കു പാത്രമാകാൻ അവർ ധൈര്യപ്പെട്ടില്ല. മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നത് അവർ കണ്ടു. “അവൻ ഗ്രീഷ്മഗൃഹത്തിൽ വിസർജ്ജനത്തിന്നു ഇരിക്കയായിരിക്കും,” അവർ പറഞ്ഞു. എന്നാൽ സമയം കടന്നുപോകുംതോറും ജിജ്ഞാസ ഉത്കണ്ഠയ്ക്കു വഴിമാറി. ഇനിയും കാത്തിരിക്കുന്നതു പന്തിയല്ലെന്ന് എഗ്ലോന്റെ പരിചാരകർക്കു തോന്നി. “അവർ [മാളിക വാതിലിന്റെ] താക്കോൽ എടുത്തു തുറന്നു; തമ്പുരാൻ നിലത്തുമരിച്ചുകിടക്കുന്നതു കണ്ടു.”—ന്യായാധിപന്മാർ 3:24ബി, 25.
ഏഹൂദ് അതിനോടകം രക്ഷപ്പെട്ടിരുന്നു. അവൻ ഗില്ഗാലിലെ ശിലാവിഗ്രഹങ്ങളെ കടന്ന്, ഒടുവിൽ എഫ്രയീം പർവതപ്രദേശത്തുള്ള സെയീരയിൽ എത്തി. ഏഹൂദ് ഇസ്രായേല്യ പുരുഷന്മാരെ കൂട്ടിവരുത്തി മോവാബ്യർക്കെതിരെയുള്ള സംഘടിത ആക്രമണത്തിനു നേതൃത്വമേകി. “അവർ . . . മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു; ഒരുത്തനും ചാടിപ്പോയില്ല” എന്നു വൃത്താന്തം പറയുന്നു. മോവാബിനെ കീഴടക്കിയതോടെ 80 വർഷത്തേക്ക് ഇസ്രായേലിൽ സ്വസ്ഥതയുണ്ടായി.—ന്യായാധിപന്മാർ 3:26-30.
ഏഹൂദിന്റെ ദൃഷ്ടാന്തത്തിൽനിന്നുള്ള പാഠം
ദൈവവിശ്വാസം ഏഹൂദിനു പ്രചോദനമേകി. “വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി . . . യുദ്ധത്തിൽ വീരന്മാരായ്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു” എന്ന് എബ്രായർ 11-ാം അധ്യായം പറയുമ്പോൾ അവിടെ അവനെ പേരെടുത്തു പരാമർശിക്കുന്നില്ല. (എബ്രായർ 11:33, 34) എങ്കിലും, വിശ്വാസപൂർവം പ്രവർത്തിക്കുകയും എഗ്ലോൻ രാജാവിന്റെ ക്രൂരഭരണത്തിൽനിന്ന് ഇസ്രായേല്യരെ മോചിപ്പിക്കുകയും ചെയ്തപ്പോൾ യഹോവ അവനെ പിന്തുണച്ചു.
ധൈര്യം; ഏഹൂദിന്റെ ഗുണങ്ങളിലൊന്നായിരുന്നു അത്. ഫലപ്രദമായി വാളുപയോഗിക്കുന്നതിന് അവനു ധൈര്യം വേണ്ടിയിരുന്നു. ദൈവത്തിന്റെ ആധുനിക ദാസരെന്ന നിലയിൽ നാം അത്തരം വാളെടുക്കുന്നില്ല. (യെശയ്യാവു 2:4; മത്തായി 26:52) എങ്കിലും നാം ദൈവവചനം എന്ന ‘ആത്മാവിന്റെ വാൾ’ ഉപയോഗിക്കുന്നുണ്ട്. (എഫെസ്യർ 6:17) തന്റെ ആയുധം ഉപയോഗിക്കുന്നതിൽ ഏഹൂദ് വിദഗ്ധനായിരുന്നു. രാജ്യസുവാർത്ത പ്രസംഗിക്കുമ്പോൾ നാം ദൈവവചനം ഉപയോഗിക്കുന്നതിൽ വിദഗ്ധരായിരിക്കേണ്ടതുണ്ട്. (മത്തായി 24:14) വ്യക്തിപരമായ ബൈബിൾ പഠനം, ക്രിസ്തീയ യോഗങ്ങൾക്കു ക്രമമായി ഹാജരാകൽ, ശുശ്രൂഷയിൽ ഉത്സാഹപൂർവം പങ്കെടുക്കൽ, സ്വർഗീയ പിതാവിൽ പ്രാർഥനാപൂർവം ആശ്രയിക്കൽ എന്നിവ ശരിക്കും വിശ്വാസിയും ധൈര്യശാലിയുമായ പുരുഷനായിരുന്ന ഏഹൂദ് പ്രകടിപ്പിച്ച ഗുണങ്ങൾ അനുകരിക്കാൻ നമ്മെ പ്രാപ്തരാക്കും.
[അടിക്കുറിപ്പുകൾ]
a അശേരപ്രതിഷ്ഠകൾ സാധ്യതയനുസരിച്ച് പുരുഷലിംഗ പ്രതീകങ്ങളായിരുന്നു. അവ കടുത്ത അധാർമിക രതിക്രീഡകളോടു ബന്ധപ്പെട്ടിരുന്നു.—1 രാജാക്കന്മാർ 14:22-24.
b കെമോശ് മോവാബ്യരുടെ മുഖ്യ ദേവനായിരുന്നു. (സംഖ്യാപുസ്തകം 21:29; യിരെമ്യാവു 48:46) ചിലപ്പോഴെങ്കിലും കുട്ടികളെ ഈ മ്ലേച്ഛദേവനു ബലിയർപ്പിച്ചിരുന്നു.—2 രാജാക്കന്മാർ 3:26, 27.
[31-ാം പേജിലെ ചിത്രം]
ഏഹൂദും അവന്റെ ആളുകളും എഗ്ലോൻ രാജാവിനു കാഴ്ചയർപ്പിച്ചു
[കടപ്പാട]
പകർപ്പെടുത്തിരിക്കുന്ന ഗ്രന്ഥം: Illustrirte Pracht - Bibel/Heilige Schrift des Alten und Neuen Testaments, nach der deutschen Uebersetzung D. Martin Luther’s