സ്വമനസ്സാലെയുള്ള നിങ്ങളുടെ സേവനം യഹോവയ്ക്കു സ്തുതി കരേറ്റട്ടെ!
‘ജനം സ്വമനസ്സാലെ പോരാടിയതു നിമിത്തം യഹോവയെ സ്തുതിക്കുവിൻ!’—ന്യായാ. 5:2.
1, 2. (എ) നമ്മുടെ ദൈവസേവനത്തെ ദൈവം എങ്ങനെ കാണുന്നെന്നാണ് എലീഫസും ബിൽദാദും പറഞ്ഞത്? (ബി) താൻ കാര്യങ്ങൾ വീക്ഷിക്കുന്ന വിധം യഹോവ വ്യക്തമാക്കിയത് എങ്ങനെ?
“ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്തു പ്രയോജനം? ദൈവത്തിനു ജ്ഞാനിയായ ഒരാളെക്കൊണ്ട് എന്തു ഗുണം? നീ നീതിമാനാണെങ്കിൽ സർവശക്തന് എന്തു കാര്യം? നീ നിഷ്കളങ്കനായി നടക്കുന്നതുകൊണ്ട് ദൈവത്തിന് എന്തു നേട്ടം?” (ഇയ്യോ. 22:1-3) തേമാന്യനായ എലീഫസ് ഇയ്യോബിനോടു ചോദിച്ച ചോദ്യങ്ങളാണ് ഇവ. ഇവയുടെ ഉത്തരം എന്താണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ‘ഒന്നുമില്ല’ എന്നായിരുന്നു എലീഫസിന്റെ മനസ്സിലുണ്ടായിരുന്ന ഉത്തരം. മനുഷ്യർക്കു ദൈവമുമ്പാകെ നീതിമാന്മാരായിരിക്കാൻ കഴിയില്ലെന്നുപോലും എലീഫസിന്റെ സഹചാരിയായ, ശൂഹ്യനായ ബിൽദാദ് വാദിച്ചു.—ഇയ്യോബ് 25:4 വായിക്കുക.
2 വിശ്വസ്തമായി യഹോവയെ സേവിക്കാൻ നമ്മൾ നടത്തുന്ന ശ്രമങ്ങൾകൊണ്ട് യഹോവയ്ക്ക് ഒരു പ്രയോജനവുമില്ലെന്നാണ് ആ വ്യാജാശ്വാസകർ അവകാശപ്പെട്ടത്. നിശാശലഭത്തിന്റെയും പുഴുവിന്റെയും കൃമിയുടെയും വില മാത്രമേ ദൈവമുമ്പാകെ നമുക്കുള്ളൂ എന്ന് അവർ പറഞ്ഞു. (ഇയ്യോ. 4:19; 25:6) താഴ്മകൊണ്ടാണ് എലീഫസും ബിൽദാദും ഇങ്ങനെ പറഞ്ഞതെന്നു നമുക്കു തോന്നിയേക്കാം. (ഇയ്യോ. 22:29) ഒരു കൊടുമുടിയുടെ മുകളിൽനിന്നോ ഉയർന്നുപറക്കുന്ന ഒരു വിമാനത്തിൽനിന്നോ താഴേക്കു നോക്കുമ്പോൾ മനുഷ്യൻ ഒന്നുമല്ലെന്നു നമ്മളും ചിന്തിച്ചേക്കാം. എന്നാൽ യഹോവ മനുഷ്യനെ അങ്ങനെയാണോ കാണുന്നത്? തന്റെ ഉന്നതമായ വാസസ്ഥലത്തുനിന്ന് നമ്മുടെ ഗ്രഹത്തെ നോക്കുമ്പോൾ, ദൈവരാജ്യത്തിനുവേണ്ടി നമ്മൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നത്? എലീഫസിനെയും ബിൽദാദിനെയും സോഫരിനെയും തിരുത്തിയപ്പോൾ, താൻ കാര്യങ്ങളെ എങ്ങനെയാണു കാണുന്നതെന്ന് യഹോവ വ്യക്തമാക്കി. അവരുടെ വാദങ്ങളെല്ലാം കള്ളമാണെന്ന് യഹോവ പറഞ്ഞു. അതേസമയം, ഇയ്യോബിൽ പ്രസാദിക്കുന്നെന്നു കാണിക്കുകയും ചെയ്തു. ഇയ്യോബിനെ ‘എന്റെ ദാസൻ’ അഥവാ ‘എനിക്കുവേണ്ടി ജോലി ചെയ്യുന്നവൻ’ എന്നാണ് യഹോവ വിളിച്ചത്. (ഇയ്യോ. 42:7, 8) അതെ, ‘ദൈവത്തിനു മനുഷ്യനെക്കൊണ്ട് പ്രയോജനമുണ്ട്.’
“ദൈവത്തിന് എന്തു നേട്ടം?”
3. യഹോവയെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങളെക്കുറിച്ച് എലീഹു എന്താണു പറഞ്ഞത്, എന്താണ് ആ വാക്കുകളുടെ അർഥം?
3 “ഇയ്യോബ് നീതിമാനാണെങ്കിൽ ദൈവത്തിന് എന്തു നേട്ടം? ഇയ്യോബിൽനിന്ന് ദൈവത്തിന് എന്തെങ്കിലും കിട്ടുമോ” എന്ന് എലീഹു ചോദിച്ചു. (ഇയ്യോ. 35:7) ഇങ്ങനെയൊരു ചോദ്യം ചോദിച്ചതിന് യഹോവ എലീഹുവിനെ തിരുത്തിയില്ല എന്നതു ശ്രദ്ധിക്കുക. കാരണം നമ്മുടെ ദൈവസേവനംകൊണ്ട് ഒരു ഗുണവുമില്ലെന്നല്ല എലീഹു ഉദ്ദേശിച്ചത്. നമ്മുടെ ആരാധനയെ ആശ്രയിച്ചല്ല യഹോവ കാര്യങ്ങൾ ചെയ്യുന്നത് എന്നാണ് എലീഹു പറഞ്ഞതിന്റെ അർഥം. യഹോവ പരിപൂർണനാണ്. അതുകൊണ്ടുതന്നെ, നമുക്കു ദൈവത്തെ കൂടുതൽ സമ്പന്നനോ ശക്തനോ ആക്കാൻ കഴിയില്ല. നേരെ മറിച്ച്, നമുക്കുള്ള നന്മയും കഴിവും ശക്തിയും എല്ലാം ദൈവത്തിൽനിന്നാണ്. നമ്മൾ അത് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് യഹോവ ശ്രദ്ധിക്കുന്നുണ്ട്.
4. മറ്റുള്ളവരോടു നമ്മൾ കരുണ കാണിക്കുന്നതിനെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്?
4 ഉദാഹരണത്തിന്, തന്റെ മറ്റു ദാസരോടു നമ്മൾ കാണിക്കുന്ന സ്നേഹപ്രവൃത്തികൾ തനിക്കുവേണ്ടി ചെയ്യുന്നതായിട്ടാണ് യഹോവ കാണുന്നത്. സുഭാഷിതങ്ങൾ 19:17 ഇങ്ങനെ പറയുന്നു: “എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു; അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.” എളിയവരോടു കാണിക്കുന്ന ഓരോ ദയാപ്രവൃത്തിയും യഹോവ ശ്രദ്ധിക്കുന്നുണ്ടെന്നാണോ ഈ വാക്യത്തിന് അർഥം? നിസ്സാരരായ മനുഷ്യർ ഓരോ തവണ കരുണ കാണിക്കുമ്പോഴും പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് അതിനെ തനിക്കുള്ള കടങ്ങളായി കാണുന്നെന്നും അനുഗ്രഹങ്ങൾ ചൊരിഞ്ഞ് ആ കടങ്ങൾ വീട്ടുമെന്നും ആണോ പറഞ്ഞുവരുന്നത്? അതെ. ദൈവത്തിന്റെ പുത്രനും ഇക്കാര്യം ശരിവെച്ചു.—ലൂക്കോസ് 14:13, 14 വായിക്കുക.
5. ഏതു ചോദ്യങ്ങൾക്കുള്ള ഉത്തരമാണു നമ്മൾ ചിന്തിക്കാൻപോകുന്നത്?
5 തനിക്കുവേണ്ടി സംസാരിക്കാൻ ഒരിക്കൽ യഹോവ യശയ്യ പ്രവാചകനെ ക്ഷണിച്ചു. തന്റെ ഉദ്ദേശ്യം നടപ്പാക്കുന്നതിൽ വിശ്വസ്തരായ മനുഷ്യർക്ക് ഒരു പങ്കു നൽകാൻ യഹോവയ്ക്കു സന്തോഷമുണ്ടെന്നാണ് അതു കാണിക്കുന്നത്. (യശ. 6:8-10) യശയ്യ പൂർണമനസ്സോടെ ആ ക്ഷണം സ്വീകരിച്ചു. ഇക്കാലത്തും ആയിരക്കണക്കിന് ആളുകൾ യഹോവയുടെ സേവനത്തിലെ വെല്ലുവിളി നിറഞ്ഞ നിയമനങ്ങൾ ഏറ്റെടുത്തുകൊണ്ട് “ഇതാ ഞാൻ, എന്നെ അയച്ചാലും!” എന്ന മനോഭാവം പ്രകടിപ്പിക്കുന്നു. എങ്കിലും ഒരു വ്യക്തി ഇങ്ങനെ ചിന്തിച്ചേക്കാം: ‘എന്റെ സേവനംകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ദൈവസേവനത്തിൽ പങ്കെടുക്കാനുള്ള അവസരം യഹോവ എനിക്കു ദയയോടെ തന്നിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷേ ഞാൻ അതു ചെയ്താലും ഇല്ലെങ്കിലും യഹോവ തന്റെ ഉദ്ദേശ്യം നിവർത്തിക്കാതിരിക്കില്ലല്ലോ?’ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി, ദബോരയുടെയും ബാരാക്കിന്റെയും കാലത്തേക്കു നമുക്കൊന്നു പോകാം.
ഭീതി പിടികൂടുന്നു, ദൈവം ശക്തീകരിക്കുന്നു
6. ഇസ്രായേൽസൈന്യവും യാബീന്റെ സൈന്യവും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു?
6 കനാന്യരാജാവായ യാബീൻ 20 വർഷം ഇസ്രായേല്യരെ “നിർദയം അടിച്ചമർത്തി.” പുറത്ത് ഇറങ്ങാൻപോലും ഗ്രാമവാസികൾ പേടിച്ചു. ഇസ്രായേൽസൈന്യത്തിന്റെ കാര്യം ദയനീയമായിരുന്നു. ആയുധങ്ങളോ പടച്ചട്ടകളോ പടക്കോപ്പുകളോ അവർക്കുണ്ടായിരുന്നില്ല. എന്നാൽ അവരുടെ ശത്രുക്കൾക്കാകട്ടെ, ഇരുമ്പരിവാൾ ഘടിപ്പിച്ച 900 യുദ്ധരഥങ്ങളുണ്ടായിരുന്നു.—ന്യായാ. 4:1-3, 13; 5:6-8.a
7, 8. (എ) യഹോവ ആദ്യം എന്തൊക്കെ നിർദേശങ്ങളാണു ബാരാക്കിനു കൊടുത്തത്? (ബി) ഇസ്രായേല്യർ എങ്ങനെയാണു യാബീന്റെ സൈന്യത്തെ തോൽപ്പിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
7 എന്നാൽ, പ്രവാചികയായ ദബോരയിലൂടെ യഹോവ ബാരാക്കിനു വ്യക്തമായ ഈ കല്പന കൊടുത്തു: “താബോർ പർവതത്തിലേക്കു പുറപ്പെടുക. നഫ്താലിയിൽനിന്നും സെബുലൂനിൽനിന്നും 10,000 പുരുഷന്മാരെയും ഒപ്പം കൂട്ടിക്കൊള്ളുക. യാബീന്റെ സൈന്യാധിപനായ സീസെരയെയും സീസെരയുടെ യുദ്ധരഥങ്ങളെയും സൈന്യത്തെയും ഞാൻ ബാരാക്കിന്റെ അടുത്ത്, കീശോൻ തോട്ടിൽ, കൊണ്ടുവരും. സീസെരയെ ഞാൻ ബാരാക്കിന്റെ കൈയിൽ ഏൽപ്പിക്കും.”—ന്യായാ. 4:4-7.
8 സൈന്യത്തിൽ ചേരാനുള്ള ആഹ്വാനം ആ ദേശത്തെല്ലാം എത്തി. യുദ്ധത്തിനു തയ്യാറായി പലരും സ്വമനസ്സാലെ താബോർ പർവതത്തിൽ കൂടിവന്നു. യഹോവയുടെ മാർഗനിർദേശം അനുസരിച്ച് പെട്ടെന്നുതന്നെ ബാരാക്ക് യുദ്ധത്തിനു പുറപ്പെട്ടു. (ന്യായാധിപന്മാർ 4:14-16 വായിക്കുക.) താനാക്കിൽവെച്ചാണു യുദ്ധം നടന്നത്. പെട്ടെന്ന് അവിടെ പെയ്ത മഴയിൽ ഒരു പ്രളയം ഉണ്ടായി ആ പ്രദേശമെല്ലാം ചെളി നിറഞ്ഞ് ചതുപ്പായി. ബാരാക്ക് സീസെരയുടെ സൈന്യത്തെ 24 കിലോമീറ്റർ അകലെയുള്ള ഹരോശെത്ത് വരെ തോൽപ്പിച്ച് ഓടിച്ചു. ഇടയ്ക്ക് എവിടെയോ വെച്ച് സീസെരയുടെ രഥചക്രങ്ങളും ചെളിയിലാണ്ടു. ഒരിക്കൽ ഭയം വിതച്ചിരുന്ന ആ രഥം ഉപേക്ഷിച്ച് സീസെര സാനന്നീമിലേക്ക് ഓടിപ്പോയി. ഓടിയോടി അയാൾ കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലെത്തി. യായേൽ അയാളെ അകത്തേക്കു ക്ഷണിച്ചു. ക്ഷീണിച്ച് അവശനായ സീസെര പെട്ടെന്ന് ഉറങ്ങിപ്പോയി. വീണുകിട്ടിയ അവസരം മുതലെടുത്ത് യായേൽ ധീരതയോടെ പ്രവർത്തിച്ചു. യായേൽ സീസെരയെ കൊന്നു! (ന്യായാ. 4:17-21) ഇസ്രായേലിന്റെ ശത്രു അങ്ങനെ തറപറ്റി!b
സ്വമനസ്സാലെയുള്ള സേവനത്തിൽ പങ്കെടുക്കാതിരുന്ന ചിലർ
9. സീസെരയുമായുള്ള യുദ്ധത്തെക്കുറിച്ച് ന്യായാധിപന്മാർ 5:20, 21 എന്താണു പറയുന്നത്?
9 ന്യായാധിപന്മാർ 4-ാം അധ്യായത്തോടൊപ്പം 5-ാം അധ്യായവും പരിശോധിക്കുന്നെങ്കിൽ ആ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയും. ഉദാഹരണത്തിന്, ന്യായാധിപന്മാർ 5:20, 21 ഇങ്ങനെ പറയുന്നു: “ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പോരാടി; അവയുടെ ഭ്രമണപഥങ്ങളിൽനിന്നുകൊണ്ട് അവ സീസെരയ്ക്കെതിരെ യുദ്ധം ചെയ്തു. കീശോൻ ജലപ്രവാഹം അവരെ ഒഴുക്കിക്കളഞ്ഞു.” ഈ വാക്യം, ദൈവദൂതന്മാർ ഇസ്രായേല്യരെ സഹായിച്ചതിനെക്കുറിച്ചാണോ അതോ ആകാശത്തുനിന്നുണ്ടായ ഉൽക്കാവർഷത്തെക്കുറിച്ചാണോ പറയുന്നത്? ഈ അധ്യായങ്ങൾ അതെക്കുറിച്ചൊന്നും വിശദീകരിക്കുന്നില്ല. എന്നാൽ 900 യുദ്ധരഥങ്ങളെ ചെളിക്കുണ്ടിലാഴ്ത്തിയ കനത്ത മഴ കൃത്യസമയത്ത്, കൃത്യസ്ഥലത്ത് പെയ്തതിന്റെ പിന്നിൽ പ്രവർത്തിച്ചതു ദൈവമല്ലാതെ മറ്റാരാണ്? ന്യായാധിപന്മാർ 4:14, 15-ൽ മൂന്നു പ്രാവശ്യമാണു യുദ്ധവിജയത്തിനുള്ള ബഹുമതി യഹോവയ്ക്കു കൊടുത്തിരിക്കുന്നത്. സ്വമനസ്സാലെ യുദ്ധത്തിനു മുന്നോട്ടുവന്ന ആ 10,000 പേരിൽ ഒരാൾക്കുപോലും, വിമോചനത്തിന്റെ പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെടാൻ കഴിയുമായിരുന്നില്ല.
10, 11. എന്താണു ‘മേരോസ്,’ എന്തുകൊണ്ടാണ് അതു ശപിക്കപ്പെട്ടത്?
10 ദബോരയും ബാരാക്കും യഹോവയെ സ്തുതിച്ചുകൊണ്ട് പാടിയ വിജയഗീതത്തിൽ, ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ഭാഗമുണ്ട്: “യഹോവയുടെ ദൂതൻ പറഞ്ഞു, ‘മേരോസിനെ ശപിക്കുക, അതെ, അതിലെ നിവാസികളെ ശപിക്കുവിൻ! അവർ യഹോവയുടെ സഹായത്തിന് എത്തിയില്ലല്ലോ, ശക്തരോടുകൂടെ യഹോവയുടെ സഹായത്തിന് എത്തിയില്ലല്ലോ.’”—ന്യായാ. 5:23.
11 ആ ശാപം ശരിക്കും ഫലിച്ചു, എന്താണെന്നുപോലും മനസ്സിലാക്കാനാകാത്ത വിധം ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ മേരോസ് ഇല്ലാതായി. യുദ്ധത്തിൽ സ്വമനസ്സാലെ സേവിക്കാനുള്ള ആഹ്വാനം ലഭിച്ചപ്പോൾ യാതൊരു പ്രതികരണവുമില്ലാതിരുന്ന ഒരു നഗരമായിരുന്നോ അത്? അതോ രക്ഷപ്പെടാനായി സീസെര ഓടിയ വഴിയിലുള്ള ഒരു നഗരമായിരുന്നോ? അങ്ങനെയെങ്കിൽ സീസെരയെ പിടിക്കാനുള്ള അവസരം അവിടെയുള്ളവർ നഷ്ടപ്പെടുത്തുകയായിരുന്നോ? സ്വമനസ്സാലെ മുന്നോട്ടുവരാനുള്ള യഹോവയുടെ ക്ഷണം അറിഞ്ഞില്ലെന്ന് അവർക്ക് അവകാശപ്പെടാൻ കഴിയുമായിരുന്നില്ല. കാരണം, അവരുടെ ദേശത്തുള്ള 10,000 ആളുകളാണു യുദ്ധസജ്ജരായി മുന്നോട്ടുവന്നത്. സീസെര എന്ന നിർദയനായ ആ പോരാളി ജീവരക്ഷയ്ക്കായി ഒറ്റയ്ക്ക് അവരുടെ തെരുവുകളിലൂടെ ഓടുന്നതു നോക്കിനിന്ന മേരോസിലെ ആളുകളെ ഒന്നു ഭാവനയിൽ കാണുക. യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ ഒരു പങ്കു വഹിക്കാനും യഹോവയുടെ അനുഗ്രഹം ആസ്വദിക്കാനും ഉള്ള ഒരു സുവർണാവസരമായിരുന്നു അത്. യഹോവയ്ക്കുവേണ്ടി പ്രവർത്തിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ആ നിർണായകസമയത്ത് അവർ ഒരു പ്രതികരണവുമില്ലാതെ നിന്നോ? അങ്ങനെയെങ്കിൽ അവരിൽനിന്ന് വളരെ വ്യത്യസ്തയായിരുന്നു ധീരത കാണിച്ച യായേൽ!—ന്യായാ. 5:24-27.
12. ആളുകളുടെ വ്യത്യസ്തമനോഭാവങ്ങളെക്കുറിച്ച് ന്യായാധിപന്മാർ 5:9, 10 എന്താണു പറയുന്നത്, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
12 ബാരാക്കിനോടൊപ്പം യുദ്ധത്തിനു പോയവരുടെയും പോകാതിരുന്നവരുടെയും മനോഭാവങ്ങൾ തമ്മിലുള്ള വ്യത്യാസം ന്യായാധിപന്മാർ 5:9, 10 വാക്യങ്ങളിൽ കാണാനാകും. “സ്വമനസ്സാലെ ജനത്തോടൊപ്പം പോയ” ഇസ്രായേൽസൈന്യാധിപന്മാരെ ദബോരയും ബാരാക്കും പ്രശംസിച്ചു. എന്നാൽ ‘ചെങ്കഴുതപ്പുറത്ത് സവാരി ചെയ്തവർ’ അവരുടെ അഹംഭാവം കാരണം യുദ്ധത്തിൽ പങ്കെടുക്കാൻ മനസ്സു കാണിച്ചില്ല. ആഡംബരജീവിതത്തെ സ്നേഹിച്ച് ‘മേത്തരം പരവതാനികളിൽ ഇരുന്നവരും’ യുദ്ധത്തിനു വന്നില്ല. ‘വീഥിയിലൂടെ നടന്നുനീങ്ങിയവർ,’ അതായത് ബുദ്ധിമുട്ടുള്ള കാര്യങ്ങളൊന്നും ഏറ്റെടുക്കാൻ താത്പര്യമില്ലാതിരുന്നവർ, താബോരിലെ പാറകൾ നിറഞ്ഞ മലകളിലൂടെയും കീശോൻ താഴ്വരയിലെ ചതുപ്പിലൂടെയും സഞ്ചരിക്കാൻ ഒരുക്കമല്ലായിരുന്നു. ജീവിതസുഖങ്ങളുടെ പുറകേ പോയവരോടെല്ലാം “ചിന്തിക്കുവിൻ!” എന്ന് ആഹ്വാനം ചെയ്തിരിക്കുന്നതു ശ്രദ്ധിക്കുക. യഹോവയ്ക്കുവേണ്ടി പ്രവർത്തിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് അവർ ചിന്തിക്കണമായിരുന്നു. ഇന്നും, ദൈവത്തെ മുഴുഹൃദയത്തോടെ സേവിക്കുന്നതിൽനിന്ന് പിന്നോട്ടു മാറിനിൽക്കുന്നവർ ഒരു ആത്മപരിശോധന നടത്തണം.
13. രൂബേൻ, ദാൻ, ആശേർ എന്നീ ഗോത്രങ്ങളുടെ മനോഭാവം സെബുലൂൻ, നഫ്താലി ഗോത്രങ്ങളുടെ മനോഭാവത്തിൽനിന്ന് വ്യത്യസ്തമായിരുന്നത് എങ്ങനെ?
13 സ്വമനസ്സാലെ മുന്നോട്ടു വന്നവർക്ക് യഹോവ പരമാധികാരം ഉപയോഗിക്കുന്നതു നേരിട്ട് കാണാനായി. തങ്ങൾ കണ്ണാലെ കണ്ട, “യഹോവയുടെ നീതിപ്രവൃത്തികൾ” വർണിക്കാൻ അവർക്കു കഴിയുമായിരുന്നു. (ന്യായാ. 5:11) പക്ഷേ രൂബേൻ, ദാൻ, ആശേർ എന്നീ ഗോത്രങ്ങൾ യഹോവ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾക്കല്ല, അവരുടെ സമ്പത്തിനും വസ്തുവകകൾക്കും ആണ് മുൻഗണന കൊടുത്തത്. ആട്ടിൻപറ്റങ്ങൾക്കും കപ്പലുകൾക്കും തുറമുഖങ്ങൾക്കും പ്രാധാന്യം കല്പിച്ചുകൊണ്ട് അവർ മാറിനിന്നെന്നു ന്യായാധിപന്മാർ 5:15-17 പറയുന്നു. എന്നാൽ സെബുലൂൻ, നഫ്താലി എന്നീ ഗോത്രങ്ങൾ “ജീവൻ പണയപ്പെടുത്തി” ദബോരയെയും ബാരാക്കിനെയും പിന്തുണച്ചു. (ന്യായാ. 5:18) വ്യത്യസ്തമായ ഈ മനോഭാവങ്ങളിൽനിന്ന്, സ്വമനസ്സാലെ സേവിക്കുന്നതിനെക്കുറിച്ച് നമുക്കു ചിലതു പഠിക്കാനുണ്ട്.
“യഹോവയെ സ്തുതിക്കുവിൻ!”
14. യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?
14 യുദ്ധത്തിൽ ഏർപ്പെടാനൊന്നും ഇക്കാലത്ത് യഹോവ നമ്മളോട് ആവശ്യപ്പെടുന്നില്ല. എന്നാൽ ധൈര്യത്തോടെയും ഉത്സാഹത്തോടെയും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള അവസരം നമുക്കുണ്ട്. ഇന്ന് യഹോവയുടെ സംഘടനയിൽ സന്നദ്ധസേവകരുടെ ആവശ്യം വർധിച്ചുവരുകയാണ്. ആ ആവശ്യം നിറവേറ്റാനായി ലക്ഷക്കണക്കിനു സഹോദരീസഹോദരന്മാർ മുൻനിരസേവകരായും ബഥേലംഗങ്ങളായും രാജ്യഹാൾ നിർമാണ സേവകരായും മുഴുസമയസേവനത്തിന്റെ വ്യത്യസ്തമേഖലകളിൽ സേവിക്കുന്നു. അനേകം ചെറുപ്പക്കാരും പ്രായമായവരും, സമ്മേളനങ്ങളിലും കൺവെൻഷനുകളിലും വിവിധ ഡിപ്പാർട്ടുമെന്റുകളിൽ സ്വമനസ്സാലെ സേവിക്കുന്നു. ആശുപത്രി ഏകോപനസമിതിയിലെ അംഗങ്ങളായും കൺവെൻഷനുകളുടെ സംഘാടകരായും കഠിനാധ്വാനം ചെയ്യുന്ന മൂപ്പന്മാരെക്കുറിച്ച് ചിന്തിക്കുക. സ്വമനസ്സാലെ മുന്നോട്ട് വരാനുള്ള നിങ്ങളുടെയെല്ലാം തീരുമാനത്തെ യഹോവ അതിയായി വിലമതിക്കുന്നു. യഹോവ അത് ഒരിക്കലും മറന്നുകളയില്ല.—എബ്രാ. 6:10.
15. യഹോവയുടെ സേവനത്തിൽ ഉത്സാഹമുണ്ടോ എന്ന് എങ്ങനെ ആത്മപരിശോധന നടത്താം?
15 നമ്മൾ ഓരോരുത്തരും നമ്മളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കണം: ‘ദൈവസേവനത്തിലെ മിക്ക ഉത്തരവാദിത്വങ്ങളും മറ്റുള്ളവർ ചെയ്യട്ടെ എന്നു ചിന്തിച്ച് ഞാൻ മാറിനിൽക്കുകയാണോ? പണത്തിനും വസ്തുവകകൾക്കും ഞാൻ ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടോ? സ്വമനസ്സാലെ പ്രവർത്തിക്കുന്നതിന് അവ എനിക്കൊരു തടസ്സമാണോ? ദബോരയെയും ബാരാക്കിനെയും യായേലിനെയും സ്വമനസ്സാലെ മുന്നോട്ട് വന്ന ആ 10,000 പേരെയും പോലെ യഹോവയുടെ വ്യക്തമായ കല്പന അനുസരിക്കാൻ എന്നെക്കൊണ്ടാകുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ടോ? അതിന് ആവശ്യമായ വിശ്വാസവും ധൈര്യവും എനിക്കുണ്ടോ? കൂടുതൽ പണം സമ്പാദിക്കാനായി മറ്റൊരു നഗരത്തിലേക്കോ രാജ്യത്തിലേക്കോ മാറിത്താമസിക്കാൻ പ്ലാനിടുന്നുണ്ടെങ്കിൽ, അത് എന്റെ കുടുംബാംഗങ്ങളെയും സഭയിലുള്ളവരെയും എങ്ങനെ ബാധിക്കും എന്നു ഞാൻ പ്രാർഥനാപൂർവം ആലോചിച്ചോ?’c
16. യഥാർഥമൂല്യമുള്ള എന്താണു നമുക്ക് യഹോവയ്ക്കു കൊടുക്കാനാകുക?
16 തന്റെ പരമാധികാരത്തെ പിന്തുണയ്ക്കാൻ ഒരു അവസരം തന്നുകൊണ്ട് യഹോവ നമ്മളെ ആദരിക്കുന്നു. ആദാമിന്റെയും ഹവ്വയുടെയും കാലംമുതൽ യഹോവയ്ക്കെതിരെ മനുഷ്യരെ തിരിക്കാനാണു സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുമ്പോൾ സാത്താന്റെ പക്ഷത്തല്ല, യഹോവയുടെ പക്ഷത്താണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. സ്വമനസ്സാലെ സേവിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്ന നിങ്ങളുടെ വിശ്വാസവും വിശ്വസ്തതയും കാണുമ്പോൾ യഹോവ എത്ര ആനന്ദിക്കും! (സുഭാ. 23:15, 16) നിങ്ങൾ യഹോവയെ പിന്തുണയ്ക്കുകയാണെങ്കിൽ സാത്താൻ നിന്ദിക്കുമ്പോൾ മറുപടി കൊടുക്കാൻ യഹോവയ്ക്കു സാധിക്കും. (സുഭാ. 27:11) നിങ്ങൾ എന്നും യഹോവയെ അനുസരിക്കുന്നെങ്കിൽ യഹോവ അതു വളരെ മൂല്യമുള്ളതായി കാണും. അതിൽ അങ്ങേയറ്റം സന്തോഷിക്കുകയും ചെയ്യും.
17. ഭാവിയിൽ എന്തു സംഭവിക്കുമെന്നാണു ന്യായാധിപന്മാർ 5:31 സൂചിപ്പിക്കുന്നത്?
17 യഹോവയുടെ ഭരണം മാത്രം ഇഷ്ടപ്പെടുന്നവരെക്കൊണ്ട് ഭൂമി നിറയുന്ന ഒരു കാലം ഉടനെ വരും. ആ കാലത്തിനായി നമ്മൾ അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്! ദബോരയെയും ബാരാക്കിനെയും പോലെ നമുക്കും ഇങ്ങനെ പാടാം: “യഹോവേ, അങ്ങയുടെ ശത്രുക്കളെല്ലാം നശിച്ചുപോകട്ടെ, എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ ശോഭിക്കട്ടെ.” (ന്യായാ. 5:31) സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് യഹോവ ആ പ്രാർഥനയ്ക്ക് ഉത്തരം തരും. അർമഗെദോൻ യുദ്ധത്തിൽ ശത്രുക്കളോടു പോരാടാൻ ഭൂമിയിലെ ദൈവദാസർ ആരും മുന്നോട്ടുവരേണ്ട ആവശ്യമില്ല. ‘സ്വസ്ഥാനങ്ങളിൽ നിശ്ചലരായി നിന്ന് യഹോവ രക്ഷിക്കുന്നതു’ കാണാനുള്ള സമയമാണ് അത്. (2 ദിന. 20:17) എന്നാൽ ആ സമയം വന്നെത്തുന്നതുവരെ യഹോവയ്ക്കുവേണ്ടി ധൈര്യത്തോടെയും ഉത്സാഹത്തോടെയും പ്രവർത്തിക്കാനുള്ള ധാരാളം അവസരം നമുക്കുണ്ട്.
18. സ്വമനസ്സാലെയുള്ള നിങ്ങളുടെ ദൈവസേവനം മറ്റുള്ളവരെ എന്തു ചെയ്യാൻ പ്രേരിപ്പിക്കും?
18 തങ്ങൾക്കു കിട്ടിയ വിജയത്തിനു ദബോരയും ബാരാക്കും യഹോവയെ സ്തുതിച്ചു. ‘ജനം സ്വമനസ്സാലെ പോരാടിയതു നിമിത്തം യഹോവയെ സ്തുതിക്കുവിൻ!’ എന്നതായിരുന്നു ആ വിജയഗീതത്തിന്റെ ആദ്യവരികൾ. (ന്യായാ. 5:1, 2) അതുപോലെ, സ്വമനസ്സാലെയുള്ള നിങ്ങളുടെ ദൈവസേവനം സകലരും ‘യഹോവയെ സ്തുതിക്കാൻ’ ഇടവരുത്തട്ടെ!
a നീണ്ട, മൂർച്ചയുള്ള വാളാണ് അരിവാൾ. വളഞ്ഞ അരിവാളുകളുമുണ്ടായിരുന്നു. അരിവാളുകൾ പലപ്പോഴും രഥചക്രങ്ങളുടെ നടുവിലാണു ഘടിപ്പിച്ചിരുന്നത്. പുറത്തേക്കു തള്ളിനിൽക്കുന്ന അരിവാളുകൾ ഘടിപ്പിച്ച യുദ്ധവാഹനത്തെ എല്ലാവർക്കും പേടിയായിരുന്നു. ശത്രുസൈന്യത്തിൽ വലിയ വിനാശം വിതയ്ക്കാൻ അവയ്ക്കു പ്രാപ്തിയുണ്ടായിരുന്നു.
b ആവേശമുണർത്തുന്ന ഈ ബൈബിൾവിവരണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് 2003 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “വിശ്വാസത്താൽ ബാരാക്ക് ശക്തമായ ഒരു സൈന്യത്തെ നിലംപരിചാക്കി” എന്ന ലേഖനം കാണുക.
c 2015 ഒക്ടോബർ-ഡിസംബർ ലക്കം വീക്ഷാഗോപുരത്തിലെ “പണത്തെക്കുറിച്ചുള്ള ഉത്കണ്ഠ” എന്ന ലേഖനം കാണുക.