വാഗ്ദത്ത ദേശത്തുനിന്നുള്ള രംഗങ്ങൾ
താബോറിന്റെ മുകളിൽനിന്ന് വിജയത്തിലേക്ക്!
ചരിത്രത്തിന്റെ പാതകൾ കുറുകെ കടന്നുപോകുന്ന ഒരു സ്ഥലത്തേക്ക്, താഴോട്ടു നോക്കിനിൽക്കുന്ന ഒരു ഗോപുരത്തിലായിരിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കുക! നിങ്ങൾക്ക് യഥാർത്ഥത്തിൽ ചരിത്രം രൂപംപ്രാപിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ കഴിയും.
മെഗിദ്ദോയുടെ ബൈബിൾപരമായ സ്ഥാനം ആ വിവരണത്തിന് ഏററം നന്നായി യോജിച്ചേക്കാം, എന്തുകൊണ്ടെന്നാൽ അത് സുപ്രധാന വാണിജ്യ, സൈനിക പാതകളുടെ ഇരു വശങ്ങളിലുമായി നിലകൊള്ളുന്നു. എന്നിരുന്നാലും യിസ്രെയേൽതാഴ്വരക്കപ്പുറത്തായി താബോർമല ഉയർന്നുനിൽക്കുന്നു, അതും ഫെർട്ടൈൽ ക്രെസൻറിലെ നഗരങ്ങളിലേക്കുള്ള പ്രസിദ്ധപാതയായ വയാ മേരിസിനെ നോക്കി ഉയർന്നുനിൽക്കുന്നു.a
ആ പ്രദേശത്തിന്റെ എവിടെനിന്ന് താബോറിലേക്ക് നോക്കിയാലും നിങ്ങൾ മതിപ്പുള്ളവരായിത്തീരും. (യിരെമ്യാവ് 46:18 താരതമ്യപ്പെടുത്തുക.) താബോർ അതിന്റെ ചുററുപാടുകളിൽനിന്ന് ഗംഭീരമായി ഒററപ്പെട്ട് ഉയർന്നുനിൽക്കുന്നു, അതിന്റെ സൂച്യാകാരം എല്ലാ ദിശകളിൽനിന്നും തിരിച്ചറിയാൻ കഴിയും. അത് അതിന്റെ തെക്കുഭാഗത്ത് മുമ്പിൽ കിടക്കുന്ന ഫലഭൂയിഷ്ഠമായ യിസ്രെയേൽ താഴ്വരയെ അഭിമുഖീകരിച്ച് ഉയർന്നുനിൽക്കുന്നു, ആ താഴ്വരയാണ് സമുദ്രതീരത്തെ യോർദ്ദാൻ താഴ്വരയുമായി ബന്ധിപ്പിക്കുന്നത്.
താബോറിന്റെ മിതമായ വൃത്താകാര ശിഖരത്തിൽനിന്ന് തെക്കുഭാഗത്തെ യിസ്രെയേൽ നഗരത്തിലേക്ക് നിങ്ങൾക്ക് നോക്കാൻ കഴിയും, അത് ആഹാബിന്റെ രാജകീയഭവനത്തിലേക്കുള്ള യേഹുവിന്റെ ഉഗ്രമായ തേരോടിക്കലിനെയും ഇസെബേലിന്റെ നിന്ദ്യമായ അന്ത്യത്തെയും ഓർമ്മയിലേക്കു കൊണ്ടുവന്നേക്കാം. (1 രാജാക്കൻമാർ 21:1; 2 രാജാക്കൻമാർ 9:16-33) അതിനടുത്താണ് മെഗിദ്ദോ. പടിഞ്ഞാറുഭാഗത്ത് ഏലീയാവ് അഗ്നിപരിശോധന നടത്തിയ കർമ്മേൽ പർവതം നിങ്ങൾക്ക് കാണാൻ കഴിയും. (1 രാജാക്കൻമാർ, അദ്ധ്യായം 18) താബോറിൽനിന്ന് നിങ്ങൾക്ക് കീശോൻ നദി കടലിലേക്ക് ഒഴുകുന്നതും കാണാൻ കഴിയും, ഏകദേശം അഞ്ചുമൈൽ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ലോവർ ഗലീലാകുന്നുകളിലാണ് നസറേത്ത്.
എന്നാൽ താബോർ ഏതു ബൈബിൾവിവരണമാണ് നിങ്ങളുടെ ഓർമ്മയിലേക്കു വരുത്തുന്നത്? സാധ്യതയനുസരിച്ച് ദബോരയെയും ബാരാക്കിനെയും കുറിച്ചുള്ളത്. അവരുടെ കാലത്ത് ഹാസോർരാജാവായ യാബിന്റെ കീഴിൽ കനാന്യർ ഇസ്രായേലിനെ 20 വർഷം ഞെരുക്കിയിരുന്നു. പിന്നീട് പ്രവാചകിയായിരുന്ന ദബോര ബാരാക്കിനെ പ്രവർത്തനത്തിന് ഉത്തേജിപ്പിച്ചു. ക്രമത്തിൽ അവൻ ഗലീലയിൽനിന്ന്, മുഖ്യമായി നഫ്താലി, സെബുലൂൻ ഗോത്രങ്ങളിൽനിന്ന് പതിനായിരം ഇസ്രായേല്യരെ ഉണർത്തുകയും താബോറിൽ വിളിച്ചുകൂട്ടുകയും ചെയ്തു. അവരുടെ ആയുധസന്നാഹം മോശമായിരുന്നു, എന്തുകൊണ്ടെന്നാൽ ഇസ്രായേലിൽ ഒററ പരിചയോ കുന്തമോ ഇല്ലായിരുന്നു.—ന്യായാധിപൻമാർ 5:7-17.
ഒരു ഭയജനകമായ പട്ടാള യന്ത്രം അവരുടെ നേരെ വന്നു. യാബീന്റെ സേനാപതിയായിരുന്ന സിസെരാ യിസ്രെയേൽ താഴ്വരയിലേക്ക് കനത്ത ആയുധസജ്ജീകരണമുണ്ടായിരുന്ന കനാന്യ സേനയെ കൊണ്ടുവന്നു. അവർ അടുത്ത പേജിൽ വലത്തുവശത്ത് മുകളിൽ ചിത്രീകരിച്ചിരിക്കുന്ന ഈജിപ്ററിൽനിന്നുള്ള ചുവർചിത്രപ്പണിയിൽ കാണിച്ചിരിക്കുന്ന ആയുധധാരികളെപ്പോലെ ഏറെക്കുറെ കാണപ്പെട്ടിരിക്കാം. ഈജിപ്ററിന്റെ യുദ്ധോപകരണങ്ങൾ കനാനിൽ ഉപയോഗിക്കപ്പെട്ടിരുന്നവയെ സ്വാധീനിച്ചു, അവയിൽ സിസെരെയുടെ ആയുധസന്നാഹത്തിലെ ഏററം ഭയാനകമായ ഭാഗം ഉൾപ്പെട്ടിരുന്നു—900 യുദ്ധരഥങ്ങൾ!
ആ കനാന്യരഥങ്ങൾ യഥാർത്ഥത്തിൽ ചലിക്കുന്ന, അമ്പെയ്യുന്ന പ്ലാററ്ഫോറങ്ങളായിരുന്നിരിക്കും. സാരഥി തന്റെ കൈകൾ ആയുധങ്ങൾ കൈകാര്യം ചെയ്യത്തക്കവണ്ണം സ്വതന്ത്രമായിരിക്കുന്നതിന് കടിഞ്ഞാൺ തന്റെ അരയിൽ ചുററിയിരുന്നിരിക്കും. അല്ലെങ്കിൽ അയാൾ കുതിച്ചുപായുന്ന തന്റെ കുതിരകളിൽ ശ്രദ്ധ കേന്ദ്രീകരിക്കെ ഒരു സഹചാരി ആയുധം ഉപയോഗിച്ചിരിക്കാം. രഥത്തിന് അതിന്റെ ചക്രനാഭികളിൽ ഘടിപ്പിക്കപ്പെട്ട ഇരുമ്പരിവാളുകൾ ഉണ്ടായിരുന്നു. ബാരാക്കിന്റെ പുരുഷൻമാർ താബോറിൽനിന്ന് താഴോട്ട് നോക്കിയപ്പോൾ രഥങ്ങളുടെ കൂട്ടം ഭീതിജനകമാംവണ്ണം അപ്രതിരോധ്യവും അജയ്യവുമായി തോന്നിയിരിക്കും.
എന്നിരുന്നാലും യഹോവ ബാരാക്കിനോട് ഇപ്രകാരം വാഗ്ദത്തം ചെയ്തിരുന്നു: “ഞാൻ നിശ്ചയമായും . . . സിസെരായെയും അവന്റെ രഥങ്ങളെയും അവന്റെ കൂട്ടങ്ങളെയും കുത്തിയൊഴുക്കുള്ള കീശോൻതാഴ്വരയിൽ നിന്റെ അടുക്കൽ കൊണ്ടുവരും.” തക്ക സമയത്ത് ധീരരായ ഇസ്രായേല്യർ താബോറിന്റെ പാർശ്വത്തിലൂടെ ഒഴുകിയിറങ്ങി.—ന്യായാധിപർമാർ 4:1-14.
അപ്രതീക്ഷിതനീക്കത്തിന്റെ കേവലപ്രയോജനത്തെക്കാളുപരി സ്വർഗ്ഗത്തിലെ തങ്ങളുടെ ശക്തനായ ദൈവത്തിൽനിന്ന് ഇസ്രായേലിനു ലഭിച്ച സഹായം കൂടുതൽ മൂല്യവത്തായിരുന്നു. പിന്നീട് ദബോരാ ഇപ്രകാരം പാടി: “ആകാശത്തുനിന്നു നക്ഷത്രങ്ങൾ പോരാടി, അവയുടെ സഞ്ചാരപഥങ്ങളിൽനിന്ന് അവ സിസെരയോടു പോരാടി. കീശോനിലെ കുത്തിയൊഴുക്ക് അവരെ ഒഴുക്കിക്കൊണ്ടുപോയി . . . എന്റെ ദേഹിയേ, നീ ബലത്തെ ചവിട്ടിമെതിച്ചുപോയി.” (ന്യായാധിപൻമാർ 5:20, 21) അതെ, ലഘുവായ ആയുധങ്ങൾ ധരിച്ചിരുന്നവരെങ്കിലും ധൈര്യശാലികളായിരുന്ന ഇസ്രായേല്യർ സായുധരായിരുന്ന കനാന്യരെ തുരത്തി, യഥാർത്ഥ പരിണതഫലത്തെ നിർണ്ണയിച്ചത് ദൈവമായിരുന്നു. അവൻ ഉണങ്ങിയ നദീതടത്തിൽ പെട്ടെന്ന് അത്യുഗ്രമായ ഒരു കുത്തിയൊഴുക്ക് ഉണ്ടാകാനിടയാക്കിയതിനാൽ ഭയചകിതമായ രഥങ്ങളെ നിശ്ചലമാക്കി.
താഴെ നിങ്ങൾക്കു കീശോൻനദിയുടെ ഭാഗം കാണാം. മഴക്കാലത്ത് അതിന് കരകവിഞ്ഞൊഴുകി ആ പ്രദേശത്തെ ഒരു ചെളിക്കുണ്ടാക്കി മാററുന്നതിനും കഴിയും. കനാന്യ യുദ്ധരഥങ്ങൾ അത്തരം ചെളിയിൽക്കൂടി രക്ഷപെടാൻ ശ്രമിക്കുന്നത് സങ്കൽപ്പിക്കുക. കുത്തിയൊഴുകിയ വെള്ളം പലായനം ചെയ്ത ചില പടയാളികളെയോ രഥങ്ങളെയോ രണ്ടിനെയുമോ ഒഴുക്കിക്കൊണ്ടുപോയി. ഇസ്രായേലിന്റെ വിജയം, തന്റെ രഥം ഉപേക്ഷിച്ച് യുദ്ധരംഗത്തുനിന്ന് പലായനംചെയ്ത സൈന്യാധിപനായ സിസെരായെയും കീഴടക്കി. അവൻ യായേൽ എന്ന സ്ത്രീയുടെ കൂടാരത്തിൽ അഭയംതേടിയശേഷം അവൾ തക്ക അവസരത്തിൽ ഈ ശത്രുവിനെ വകവരുത്തി.—ന്യായാധിപൻമാർ 4:17-22.
അങ്ങനെ, ഇസ്രായേലിന്റെ ചരിത്രത്തിലെ ഒരു സുപ്രധാനവും വിജയശ്രീലാളിതവുമായ അദ്ധ്യായം താബോർപർവതത്തിന്റെ ഉന്നതിയിൽനിന്നു വീക്ഷിച്ചുകൊണ്ടിരുന്ന ദബോരക്കും മററു ചിലർക്കും മുമ്പിൽ ചുരുളഴിഞ്ഞു. (w90 5⁄1)
[അടിക്കുറിപ്പ്]
a 1990-ലെ യഹോവയുടെ സാക്ഷികളുടെ കലണ്ടറിൽ താബോറിന്റെ പടവും വലിയ, വ്യക്തമായ, ഫോട്ടോയും കാണുക.
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.
[23-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.
Pictorial Archive (Near Eastern History) Est.
Pictorial Archive (Near Eastern History) Est.