നിങ്ങളുടെ ഭാവി എന്തായിരിക്കും?
സർവശക്തനായ ദൈവം സർവജ്ഞാനി, അതായത് ഭൂത-വർത്തമാന-ഭാവികാലങ്ങളിലെ സകലതും അറിയുന്നവൻ ആണെങ്കിൽ സർവ കാര്യങ്ങളും ദൈവം മുൻകൂട്ടികണ്ടിരിക്കുന്നതുപോലെ കൃത്യമായും സംഭവിക്കാൻ നിർണയിക്കപ്പെട്ടിരിക്കുകയല്ലേ? ഓരോ മനുഷ്യന്റെയും ഗതിയും അന്തിമവിധിയും ദൈവം മുൻകൂട്ടിക്കാണുകയും നിർണയിക്കുകയും ചെയ്തിരിക്കുന്നെങ്കിൽ, നമ്മുടെ ജീവിതഗതി, നമ്മുടെ ഭാവി, തിരഞ്ഞെടുക്കാൻ നമുക്കു സ്വാതന്ത്ര്യമുണ്ടെന്നു വസ്തുനിഷ്ഠമായി പറയാൻ കഴിയുമോ?
ഈ ചോദ്യങ്ങളെക്കുറിച്ച് നൂറ്റാണ്ടുകളോളം വാദപ്രതിവാദം നടന്നിട്ടുണ്ട്. അത് പ്രമുഖ മതങ്ങളെ ഇപ്പോഴും വിഭജിക്കുന്നു. ഭാവി മുൻകൂട്ടിക്കാണാനുള്ള ദൈവത്തിന്റെ പ്രാപ്തിയെ മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യവുമായി പൊരുത്തപ്പെടുത്താനാകുമോ? ഉത്തരങ്ങൾക്കായി നാം എവിടെ നോക്കണം?
തന്റെ വക്താക്കളായ പ്രവാചകന്മാരിലൂടെ നൽകപ്പെട്ട ലിഖിത വചനത്തിലൂടെ ദൈവം മനുഷ്യവർഗവുമായി ആശയവിനിയമം നടത്തിയിരിക്കുന്നുവെന്നുള്ള കാര്യം ഗോളവ്യാപകമായി ദശലക്ഷക്കണക്കിനാളുകൾ സമ്മതിക്കും. ദൃഷ്ടാന്തത്തിന്, വെളിപാടുകളെ ദൈവത്തിൽനിന്നു വരുന്നവയായി ഖുർആൻ പരാമർശിക്കുന്നു. തൗറാത്ത് (തോറാ, ന്യായപ്രമാണം അഥവാ മോശയുടെ അഞ്ചു പുസ്തകങ്ങൾ), സബൂർ (സങ്കീർത്തനങ്ങൾ), ഇൻജീൽ (സുവിശേഷം, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ അഥവാ “പുതിയ നിയമം”) ഇസ്രായേലിലെ പ്രവാചകന്മാർക്കു വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ എന്നിവ ആ വെളിപാടുകളിൽ ഉൾപ്പെടുന്നു.
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ നാം വായിക്കുന്നു: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ [അത്] . . . ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് 3:16, 17) വ്യക്തമായും, നമുക്കു ലഭിക്കുന്ന ഏതു മാർഗദർശനവും പ്രബുദ്ധതയും ആത്യന്തികമായി ദൈവത്തിൽനിന്നു വരുന്നതായിരിക്കണം. അതുകൊണ്ട് ദൈവത്തിന്റെ മുൻപ്രവാചകന്മാരുടെ ലിഖിതങ്ങൾ പരിശോധിക്കുന്നത് ജ്ഞാനമായിരിക്കില്ലേ? നമ്മുടെ ഭാവിയെക്കുറിച്ച് അവ എന്താണു വെളിപ്പെടുത്തുന്നത്?
മുൻകൂട്ടി എഴുതപ്പെട്ട ഭാവി
വിശുദ്ധ തിരുവെഴുത്തുകളിൽ അക്ഷരീയമായി നൂറുകണക്കിനു പ്രവചനങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അതു വായിച്ചിട്ടുള്ള ഏതൊരുവനുമറിയാം. പുരാതന ബാബിലോന്റെ പതനം, യെരൂശലേമിന്റെ പുനർനിർമാണം (പൊ.യു.മു. ആറാം നൂറ്റാണ്ടുമുതൽ അഞ്ചാം നൂറ്റാണ്ടുവരെ), പുരാതന മേദോ-പേർഷ്യയിലെയും ഗ്രീസിലെയും രാജാക്കന്മാരുടെ ഉയർച്ചയും പതനവും എന്നിങ്ങനെയുള്ള ചരിത്രപരമായ സംഭവങ്ങളെല്ലാം വിശദമായി പ്രവചിക്കപ്പെട്ടിരുന്നു. (യെശയ്യാവു 13:17-19; 44:24–45:1; ദാനീയേൽ 8:1-7, 20-22) അത്തരം പ്രവചനങ്ങളുടെ നിവൃത്തി വിശുദ്ധ തിരുവെഴുത്തുകൾ തീർച്ചയായും ദൈവവചനമാണെന്നുള്ളതിന്റെ ഏറ്റവും ശക്തമായ തെളിവുകളിലൊന്നാണ്. കാരണം ഭാവിയിൽ എന്തു സംഭവിക്കുമെന്ന് മുൻകൂട്ടിക്കാണാനും നിർണയിക്കാനും ഉള്ള കഴിവ് ദൈവത്തിനു മാത്രമേ ഉള്ളൂ. ഈ അർഥത്തിൽ, മുൻകൂട്ടി എഴുതപ്പെട്ട ഭാവി വിവരങ്ങൾ തീർച്ചയായും വിശുദ്ധ തിരുവെഴുത്തുകൾ രേഖപ്പെടുത്തുന്നു.
ദൈവംതന്നെ ഇപ്രകാരം ഉദ്ഘോഷിക്കുന്നു: “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു. . . . ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും. (യെശയ്യാവു 46:9-11; 55:10, 11) പുരാതന പ്രവാചകന്മാർക്കു തന്നെത്തന്നെ തിരിച്ചറിയിക്കാൻ ദൈവം ഉപയോഗിച്ച യഹോവ എന്ന പേരിന്റെ അക്ഷരീയ അർഥം “അവൻ ആയിത്തീരാൻ ഇടയാക്കുന്നു” എന്നാണ്.a (ഉല്പത്തി 12:7, 8; പുറപ്പാടു 3:13-15; സങ്കീർത്തനം 83:18) തന്റെ വാക്കിനെ നിവർത്തിക്കുന്നവൻ, എല്ലായ്പോഴും തന്റെ ഉദ്ദേശ്യം നിറവേറ്റുന്നവൻ ആയി ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നു.
അങ്ങനെ, തന്റെ ഉദ്ദേശ്യനിവൃത്തിക്കായി ദൈവം തന്റെ മുന്നറിവിൻ പ്രാപ്തി ഉപയോഗിക്കുന്നു. വരാൻപോകുന്ന ന്യായവിധിയെക്കുറിച്ച് ദുഷ്ടന്മാർക്കു മുന്നറിയിപ്പും തന്റെ ദാസന്മാർക്കു രക്ഷാപ്രതീക്ഷയും നൽകാൻ അവനത് മിക്കപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ദൈവം ഈ കഴിവ് അപരിമിതമായ വിധത്തിൽ ഉപയോഗിക്കുന്നുണ്ടോ? ദൈവം മുൻകൂട്ടി അറിയേണ്ട എന്ന് ദൈവം തീരുമാനിച്ച കാര്യങ്ങളെക്കുറിച്ച് വിശുദ്ധ തിരുവെഴുത്തുകളിൽ എന്തെങ്കിലും തെളിവുണ്ടോ?
ദൈവം എല്ലാ കാര്യങ്ങളും മുൻകൂട്ടി അറിയുന്നുവോ?
ഭാവി സംഭവങ്ങൾ മുൻകൂട്ടി അറിയാനും തീരുമാനിക്കാനും ദൈവത്തിന് അനിഷേധ്യമായ പ്രാപ്തിയുള്ളതിനാൽ ഓരോ വ്യക്തിയുടെയും ഭാവിപ്രവർത്തനങ്ങൾ ഉൾപ്പെടെ സർവതും അവൻ മുൻകൂട്ടി അറിഞ്ഞിരിക്കണമെന്ന ഊഹത്തിൽ അധിഷ്ഠിതമാണ് മുൻനിശ്ചയത്തിന് അനുകൂലമായ എല്ലാ വാദമുഖങ്ങളും. എന്നാൽ ഈ ഊഹം ന്യായയുക്തമാണോ? അല്ലെന്നാണ് തന്റെ വിശുദ്ധ തിരുവെഴുത്തുകളിൽ ദൈവം വെളിപ്പെടുത്തുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
ദൃഷ്ടാന്തത്തിന്, തന്റെ പുത്രനായ യിസ്ഹാക്കിനെ ദഹനയാഗമായി അർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് “ദൈവം അബ്രാഹാമിനെ പരീക്ഷി”ച്ചെന്ന് ബൈബിൾ പറയുന്നു. അബ്രാഹാം യിസ്ഹാക്കിനെ ബലിയർപ്പിക്കാൻ തുടങ്ങവേ, ദൈവം അവനെ തടഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു: “നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്ക കൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) (ഉല്പത്തി 22:1-12) അബ്രാഹാം തന്റെ കൽപ്പന അനുസരിക്കുമെന്ന് ദൈവം മുന്നമേ അറിഞ്ഞിരുന്നെങ്കിൽ, അവൻ ആ പ്രസ്താവന നടത്തുമായിരുന്നോ? അത് സത്യസന്ധമായ ഒരു പരീക്ഷണമായിരിക്കുമായിരുന്നോ?
അതിനുപുറമേ, താൻ ചെയ്തതോ ചെയ്യാനുദ്ദേശിക്കുന്നതോ ആയ ചില കാര്യങ്ങളെപ്രതി താൻ ‘അനുതപിക്കുന്നു’വെന്ന് ദൈവംതന്നെ ആവർത്തിച്ചുപറഞ്ഞെന്നു പുരാതന പ്രവാചകന്മാർ റിപ്പോർട്ടു ചെയ്യുന്നു. ദൃഷ്ടാന്തമായി, താൻ “ശൗലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു [നാക്കം എന്ന എബ്രായ പദത്തിൽനിന്ന്]” എന്ന് ദൈവം പറഞ്ഞു. (1 ശമൂവേൽ 15:11, 35; യിരെമ്യാവു 18:7-10-ഉം യോനാ 3:10-ഉം താരതമ്യം ചെയ്യുക.) ഇസ്രായേലിന്റെ ആദ്യ രാജാവായി ശൗലിനെ തിരഞ്ഞെടുത്തതിൽ ദൈവത്തിനു പിശകുപറ്റിയെന്ന് ഈ വാക്യങ്ങൾ അർഥമാക്കുന്നില്ല, കാരണം ദൈവം പൂർണനാണ്. മറിച്ച്, ശൗൽ വിശ്വാസരഹിതനും അനുസരണംകെട്ടവനും ആയിത്തീർന്നതിൽ ദൈവത്തിനു ഖേദം തോന്നിയെന്നാണ് അതു സൂചിപ്പിക്കുന്നത്. ശൗലിന്റെ പ്രവർത്തനങ്ങൾ ദൈവം മുന്നറിഞ്ഞിരുന്നെങ്കിൽ, തന്നെത്തന്നെ പരാമർശിച്ചുകൊണ്ട് ദൈവം അത്തരമൊരു പദപ്രയോഗം ഉപയോഗിക്കുന്നത് അസംബന്ധമായിരിക്കുമായിരുന്നു.
ഏറ്റവും പുരാതന തിരുവെഴുത്തുഭാഗത്ത്, നോഹയുടെ നാളിനെ പരാമർശിക്കയിൽ അതേ പദപ്രയോഗം കാണുന്നു. അതിങ്ങനെ വായിക്കുന്നു: “താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി: ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും; . . . അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.” (ഉല്പത്തി 6:6, 7) വീണ്ടും ഇവിടെയും, മനുഷ്യന്റെ പ്രവർത്തനങ്ങൾ ദൈവത്താൽ മുൻനിർണയിക്കപ്പെടുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ദൈവത്തിനു ഖേദവും ദുഃഖവും വേദനയുംപോലും തോന്നി, തന്റെ പ്രവർത്തനങ്ങൾ തെറ്റിപ്പോയതുകൊണ്ടല്ല, മറിച്ച് മനുഷ്യന്റെ ദുഷ്ടത അത്യധികമായിത്തീർന്നതിനാൽ. നോഹയെയും കുടുംബത്തെയും ഒഴികെ മുഴു മനുഷ്യരാശിയേയും നശിപ്പിക്കേണ്ടത് അനിവാര്യമായിത്തീർന്നതിനാൽ സ്രഷ്ടാവിന് ദുഃഖം തോന്നി. ദൈവം നമുക്കിങ്ങനെ ഉറപ്പു നൽകുന്നു: ‘ദുഷ്ടന്റെ മരണത്തിൽ . . . എനിക്കു ഇഷ്ടമില്ല.’—യെഹെസ്കേൽ 33:11; ആവർത്തനപുസ്തകം 32:4, 5 താരതമ്യം ചെയ്യുക.
അതുകൊണ്ട്, പാപത്തിലേക്കുള്ള ആദാമിന്റെ വീഴ്ചയും അത് മാനവകുടുംബത്തിന് കൈവരുത്തുമായിരുന്ന ദുരന്തപൂർണമായ പ്രത്യാഘാതങ്ങളും ദൈവം മുൻകൂട്ടി അറിയുകയും നിശ്ചയിക്കുകയും ചെയ്തോ? അതു സത്യമായിരിക്കാവുന്നതല്ലെന്ന് നാം ഇപ്പോൾ പരിചിന്തിച്ച വിവരങ്ങൾ പ്രകടമാക്കുന്നു. അതിലുപരി, ദൈവം ഇതെല്ലാം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ, മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവൻ പാപത്തിന്റെ അവതാരകനും മുഴു മാനുഷ ദുഷ്ടതയുടെയും ദുരിതത്തിന്റെയും മനപ്പൂർവ ഉത്തരവാദിയും ആയിത്തീരുമായിരുന്നു. വ്യക്തമായും, ദൈവം തന്നെക്കുറിച്ചു തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളുമായി അതു പൊരുത്തപ്പെടുന്നില്ല. ദുഷ്ടതയെ വെറുക്കുന്ന സ്നേഹത്തിന്റെയും നീതിയുടെയും ദൈവമാണ് അവൻ.—സങ്കീർത്തനം 33:5; സദൃശവാക്യങ്ങൾ 15:9; 1 യോഹന്നാൻ 4:8.
മനുഷ്യന്റെ രണ്ട് അന്തിമവിധികൾ
നമ്മുടെ വ്യക്തിഗത ഭാവി ഏതോവിധത്തിൽ ദൈവത്താൽ മുൻകൂട്ടി നിർണയിക്കപ്പെടുന്നു, അഥവാ മുൻനിശ്ചയിക്കപ്പെടുന്നു എന്ന് വിശുദ്ധ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നില്ല. പകരം, മനുഷ്യനുവേണ്ടി സാധ്യമായ രണ്ട് അന്തിമവിധികൾ ദൈവം മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നുവെന്നാണ് അതു വെളിപ്പെടുത്തുന്നത്. ഏത് അന്തിമവിധിയായിരിക്കണം തന്റേതെന്നു തീരുമാനിക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യം ദൈവം എല്ലാ മനുഷ്യർക്കും നൽകുന്നു. ദീർഘകാലം മുമ്പ് പ്രവാചകനായ മോശ ഇസ്രായേല്യരോട് ഇങ്ങനെ പ്രഖ്യാപിച്ചു: “ജീവനും മരണവും . . . നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു . . . അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും . . . നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) (ആവർത്തനം 30:19, 20) ദൈവത്തിന്റെ പ്രവാചകനായ യേശു ഈ മുന്നറിയിപ്പു നൽകി: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:13, 14) രണ്ട് വഴികൾ, രണ്ട് അന്തിമവിധികൾ. നമ്മുടെ ഭാവി നമ്മുടെ പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ദൈവത്തെ അനുസരിക്കുന്നത് ജീവനെയും അനുസരിക്കാത്തത് മരണത്തെയും അർഥമാക്കുന്നു.—റോമർ 6:23.
ദൈവം, “എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. താൻ നിയമിച്ച പുരുഷൻമുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു.” (പ്രവൃത്തികൾ 17:30, 31) നോഹയുടെ കാലത്ത് ഭൂരിപക്ഷം ആളുകളും ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ തീരുമാനിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്തതുപോലെ, ഇന്നും ഭൂരിപക്ഷം ആളുകളും ദൈവ കൽപ്പനകൾ അനുസരിക്കുന്നില്ല. എന്നാൽ, ആർ നശിപ്പിക്കപ്പെടും ആർ രക്ഷപ്രാപിക്കും എന്നു ദൈവം മുൻകൂട്ടി തീരുമാനിച്ചിട്ടില്ല. വാസ്തവത്തിൽ, “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ [ദൈവം] ഇച്ഛി”ക്കുന്നുവെന്ന് അവന്റെ വചനം പറയുന്നു. (2 പത്രൊസ് 3:9) വളരെ ദുഷ്ടരായ ആളുകൾക്കുപോലും അനുതപിക്കാനും അനുസരണമുള്ളവരായിത്തീരാനും ദൈവാംഗീകാരം നേടാനാവശ്യമായ മാറ്റങ്ങൾ വരുത്താനും സാധിക്കും.—യെശയ്യാവു 1:18-20; 55:6, 7; യെഹെസ്കേൽ 33:14-16; റോമർ 2:4-8.
അനുസരണമുള്ളവർക്ക് ദൈവം, സകല ദുഷ്ടതയിൽനിന്നും അക്രമത്തിൽനിന്നും യുദ്ധത്തിൽനിന്നും ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിൽ, ദാരിദ്ര്യമോ ദുരിതമോ രോഗമോ മരണമോ ഇല്ലാത്ത ഒരു ലോകത്തിൽ, അതായത് സമാധാനപൂർണമായ ഒരു പറുദീസയിൽ നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു. (സങ്കീർത്തനം 37:9-11; 46:9; യെശയ്യാവു 2:4; 11:6-9; 25:6-8; 35:5, 6; വെളിപ്പാടു 21:4) എന്തിന്, മരിച്ചവർ ഉയിർപ്പിക്കപ്പെടുകയും ദൈവത്തെ സേവിക്കാനുള്ള അവസരം അവർക്കു നൽകപ്പെടുകയും ചെയ്യും.—ദാനീയേൽ 12:2; യോഹന്നാൻ 5:28, 29.
“നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക, എന്തെന്നാൽ ആ മനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും. എന്നാൽ അതിക്രമക്കാർ ഒരുമിച്ച് നശിപ്പിക്കപ്പെടും; ദുഷ്ടന്മാരുടെ ഭാവി നിശ്ചയമായും ഛേദനമായിരിക്കും” എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. (സങ്കീർത്തനം 37:37, 38, NW) നിങ്ങളുടെ ഭാവി എന്തായിരിക്കും? അതെല്ലാം നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. സന്തുഷ്ടവും സമാധാനപൂർണവുമായ ഒരു ഭാവി ഉറപ്പുവരുത്തുന്നതിനു നിങ്ങളെ പ്രാപ്തരാക്കാൻ കൂടുതലായ വിവരങ്ങൾ പ്രദാനം ചെയ്യാൻ ഈ മാസികയുടെ പ്രസാധകർക്കു സന്തോഷമുണ്ടായിരിക്കും.
[അടിക്കുറിപ്പുകൾ]
a വിശുദ്ധ തിരുവെഴുത്തുകളിൽ യഹോവ എന്ന പേര് 7,000-ത്തിലധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. 1995-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ഏറ്റവും മഹത്തായ നാമം (ഇംഗ്ലീഷ്) എന്ന ലഘുലേഖ കാണുക.
[6-ാം പേജിലെ ആകർഷകവാക്യം]
തന്റെ ഉദ്ദേശ്യനിവൃത്തിക്കായി ദൈവം തന്റെ മുന്നറിവിൻ പ്രാപ്തി ഉപയോഗിക്കുന്നു
[8-ാം പേജിലെ ആകർഷകവാക്യം]
‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ദൈവം ഇച്ഛിക്കുന്നു.’ 2 പത്രൊസ് 3:9
[7-ാം പേജിലെ ചിത്രം]
അബ്രാഹാം തന്റെ പുത്രനെ ബലികഴിക്കാൻ സന്നദ്ധനാകുമെന്നു ദൈവം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ, അതൊരു സത്യസന്ധമായ പരിശോധനയായിരിക്കുമായിരുന്നോ?