സൂക്ഷ്മപരിജ്ഞാനത്താൽ നിങ്ങളുടെ സമാധാനം വർദ്ധിപ്പിക്കുക
“ദൈവത്തെയും നമ്മുടെ കർത്താവായ യേശുവിനെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്താൽ അനർഹദയയും സമാധാനവും നിങ്ങൾക്കു വർദ്ധിക്കട്ടെ.”—2 പത്രോസ് 1:2.
1, 2. (എ) ദൈവവുമായുള്ള സമാധാനപരമായ ഒരു ബന്ധത്തെ ഒരു വിവാഹത്തോടു താരതമ്യപ്പെടുത്താൻ കഴിയുന്നതെന്തുകൊണ്ട്? (ബി) നമുക്ക് ദൈവവുമായുള്ള നമ്മുടെ സമാധാനത്തെ ബലപ്പെടുത്താൻ കഴിയുന്നതെങ്ങനെ?
നിങ്ങളുടെ സ്നാനത്തിങ്കൽ യഹോവയാം ദൈവവുമായി സ്ഥാപിച്ച സമാധാന ബന്ധം ചില കാര്യങ്ങളിൽ ഒരു വിവാഹത്തെപ്പോലെയാണ്. വിവാഹദിനം ഉല്ലാസപ്രദമാണെങ്കിലും അത് വിലയേറിയ ഒരു ബന്ധത്തിന്റെ തുടക്കം മാത്രമാണ്. കാലം കഴിയുന്നതോടെ ശ്രമത്താലും അനുഭവപരിചയത്താലും ഒരു ദാമ്പത്യബന്ധം കൂടുതൽ പ്രിയങ്കരമായിത്തീരും, അരിഷ്ടനാളുകളിൽ ഒരു അഭയകേന്ദ്രമായിത്തീരും. അങ്ങനെതന്നെ, ഉത്സാഹത്താലും യഹോവയുടെ സഹായത്താലും നിങ്ങൾക്ക് അവനുമായുള്ള സമാധാനം വർദ്ധിപ്പിക്കാൻ കഴിയും.
2 “വിശ്വാസം ആർജ്ജിച്ചിട്ടു”ള്ളവർക്ക് ദൈവവുമായുള്ള തങ്ങളുടെ സമാധാനത്തെ എങ്ങനെ ബലപ്പെടുത്താൻ കഴിയുമെന്ന് അപ്പോസ്തലനായ പത്രോസ് വിശദീകരിച്ചു. അവൻ ഇങ്ങനെ എഴുതി: “ദൈവത്തെയും നമ്മുടെ കർത്താവായ യേശുവിനെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്താൽ അനർഹദയയും സമാധാനവും നിങ്ങൾക്കു വർദ്ധിക്കട്ടെ.”—2 പത്രോസ് 1:1, 2.
‘ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം’
3. യഹോവയേയും യേശുവിനെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം ഉണ്ടായിരിക്കുകയെന്നാൽ അർത്ഥമെന്ത്?
3 ഈ സന്ദർഭത്തിൽ ഉപയോഗിച്ചിരിക്കുന്ന “സൂക്ത്മപരിജ്ഞാന”ത്തിനുള്ള ഗ്രീക്ക് പദം (എപ്പിഗ്നോസിസ്) ആഴമേറിയ ഒരു ദൃഢബദ്ധമായ പരിജ്ഞാനത്തെ അർത്ഥമാക്കുന്നു. ക്രിയാരൂപത്തിന് വ്യക്തിപരമായ അനുഭവ പരിചയത്താൽ നേടിയ പരിജ്ഞാനത്തെ പരാമർശിക്കാൻ കഴിയും. ലൂക്കോസ് 1:4-ൽ അത് “പൂർണ്ണമായി അറിയുക” എന്ന് വിവർത്തനം ചെയ്തിരിക്കുന്നു. തനിക്ക് ഈ പദം “എനിക്ക് മുമ്പ് അറിയാമായിരുന്ന ഒരു വസ്തുവിനെ മെച്ചമായി പരിചയപ്പെടുന്നതിനെ, നേരത്തെ ദൂരെനിന്നു ഞാൻ കണ്ട ഒരു വസ്തുവിനെ കൂടുതൽ കൃത്യമായി വീക്ഷിക്കുന്നതിനെ” സൂചിപ്പിക്കുന്നുവെന്ന് ഗ്രീക്ക് പണ്ഡിതൻ കൽവെർവെൽ വിശദീകരിക്കുന്നു. അങ്ങനെയുള്ള സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കുന്നതിൽ വ്യക്തികളെന്നനിലയിൽ യഹോവയേയും ക്രിസ്തുവിനെയും കൂടുതൽ അടുത്ത് അറിയുന്നതും അവരുടെ ഗുണങ്ങൾ സുപരിചിതമാക്കുന്നതും ഉൾപ്പെടുന്നു.
4. നമുക്ക് നമ്മുടെ ദൈവപരിജ്ഞാനത്തെ എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും, ഇത് അവനുമായുള്ള നമ്മുടെ സമാധാനത്തെ മെച്ചപ്പെടുത്തുന്നതെന്തുകൊണ്ട്?
4 ഈ പരിജ്ഞാനം നേടുന്നതിനുള്ള രണ്ടു മാർഗ്ഗങ്ങൾ നല്ല വ്യക്തിപരമായ പഠനശീലങ്ങളും ദൈവജനങ്ങളുടെ യോഗങ്ങളിലെ ക്രമമായ ഹാജരുമാണ്. ദൈവം എങ്ങനെ വർത്തിക്കുന്നുവെന്നും അവൻ എന്തു ചിന്തിക്കുന്നുവെന്നും ഈ വിധങ്ങളിൽ നിങ്ങൾ കൂടുതൽ വ്യക്തമായി പഠിക്കും. നിങ്ങൾ അവന്റെ വ്യക്തിത്വത്തിന്റെ വ്യക്തതയേറിയ ഒരു മാനസിക പ്രതിബിംബം സൃഷ്ടിക്കുന്നതായിരിക്കും. എന്നാൽ ദൈവത്തെ അടുത്ത് അറിയുന്നത് ഈ പ്രതിരൂപത്തെ അനുകരിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നതിനെയും അർത്ഥമാക്കുന്നു. ദൃഷ്ടാന്തത്തിന്, ദൈവസമാന നിസ്വാർത്ഥതയെ പ്രതിഫലിപ്പിച്ച ഒരു വ്യക്തിയെ യഹോവ വർണ്ണിച്ചു, അനന്തരം അവൻ ഇങ്ങനെ പറഞ്ഞു: “അത് എന്നെ അറിയുന്നതിന്റെ ഒരു ദൃഷ്ടാന്തമല്ലയോ?” (യിരെമ്യാവ് 22:15, 16; എഫേസ്യർ 5:1) ദൈവത്തെ കൂടുതൽ അടുത്ത് അനുകരിക്കുന്നത് അവനുമായുള്ള നിങ്ങളുടെ സമാധാനത്തെ വർദ്ധിപ്പിക്കുന്നു, എന്തുകൊണ്ടെന്നാൽ നിങ്ങൾ പുതിയ വ്യക്തിത്വം ധരിക്കുന്നതിൽ മെച്ചപ്പെടുന്നു, അത് “അതിനെ സൃഷ്ടിച്ചവന്റെ പ്രതിച്ഛായ പ്രകാരം സൂക്ഷ്മപരിജ്ഞാനത്താൽ പുതുതാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.” നിങ്ങൾ ദൈവത്തിന് കൂടുതൽ പ്രസാദമുള്ളവരായിത്തീരുന്നു.—കൊലോസ്യർ 3:10.
5. (എ) സൂക്ഷ്മപരിജ്ഞാനം ഒരു ക്രിസ്തീയ വനിതയെ സഹായിച്ചതെങ്ങനെ? (ബി) ഏതു വിധങ്ങളിൽ നമുക്ക് യഹോവയെ കൂടുതൽ അടുത്ത് അനുകരിക്കാൻ കഴിയും?
5 ലിൻ എന്നു പേരുണ്ടായിരുന്ന ഒരു ക്രിസ്തീയ വനിത ഒരു സഹക്രിസ്ത്യാനിയുമായുള്ള തെററിദ്ധാരണ നിമിത്തം ക്ഷമിക്കുക പ്രയാസമാണെന്നും കണ്ടെത്തി. എന്നാൽ ലിന്നിന്റെ ശ്രദ്ധാപൂർവ്വകമായ വ്യക്തിപരമായ പഠനം അവളുടെ മനോഭാവത്തെ അവൾ പരിശോധിക്കാനിടയാക്കി. “യഹോവ എങ്ങനെയുള്ള ദൈവമാണെന്നും അവൻ വൈരം വെച്ചുപുലർത്തുന്നില്ലെന്നും ഞാൻ ഓർത്തു. ഓരോ ദിവസവും യഹോവയോടു നാം ചെയ്യുന്ന നിസ്സാരകാര്യങ്ങളെക്കുറിച്ചെല്ലാം ഞാൻ ചിന്തിച്ചു, എന്നാൽ അവൻ അവയെ കണക്കിടുന്നില്ല. എന്റെ ക്രിസ്തീയ സഹോദരിയുമായുള്ള സംഗതി താരതമ്യേന നിസ്സാരമായിരുന്നു. അതുകൊണ്ട്, ഞാൻ അവളെ കാണുമ്പോഴെല്ലാം ‘യഹോവ എന്നെ സ്നേഹിക്കുന്നതുപോലെ അവളെയും സ്നേഹിക്കുന്നു’ എന്നു ഞാൻ എന്നോടുതന്നെ പറഞ്ഞു. ഇത് പ്രശ്നത്തെ തരണം ചെയ്യാൻ എന്നെ സഹായിച്ചു”വെന്ന് അവൾ ഏററുപറഞ്ഞു. നിങ്ങളും യഹോവയെ കൂടുതൽ അടുത്ത് അനുകരിക്കേണ്ടതിന്റെ ആവശ്യമുള്ള മണ്ഡലങ്ങൾ കാണുന്നുണ്ടോ?—സങ്കീർത്തനം 18:35; 103:8, 9; ലൂക്കോസ് 6:36; പ്രവൃത്തികൾ 10:34, 35; 1 പത്രോസ് 1:15, 16.
ക്രിസ്തുവിനെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം
6. പ്രസംഗവേല തനിക്ക് പരമപ്രാധാന്യമുള്ളതായിരുന്നുവെന്ന് യേശുക്രിസ്തു എങ്ങനെ പ്രകടമാക്കി?
6 യേശുവിനെക്കുറിച്ച് സൂക്ഷ്മപരിജ്ഞാനം ഉണ്ടായിരിക്കുന്നതിന് “ക്രിസ്തുവിന്റെ മനസ്സ് ഉണ്ടായിരിക്കേണ്ടതും” അവനെ അനുകരിക്കേണ്ടതും ആവശ്യമാണ്. (1 കൊരിന്ത്യർ 2:16) യേശു സത്യത്തിന്റെ ഉത്സാഹമുള്ള ഒരു ഘോഷകനായിരുന്നു. (യോഹന്നാൻ 18:37) അവന്റെ തീവ്രമായ സുവിശേഷിക്കൽ ആത്മാവ് സാമുദായിക മുൻവിധികളാൽ ബന്ധിക്കപ്പെട്ടിരുന്നില്ല. മററു യഹൂദൻമാർ ശമര്യക്കാരെ വെറുത്തിരുന്നെങ്കിലും അവൻ ഒരു കിണററിങ്കൽവച്ച് ഒരു ശമര്യക്കാരിത്തി സ്ത്രീയോടു സാക്ഷീകരിച്ചു. എന്തിനധികം, ഏതു സ്ത്രീയോടും പരസ്യമായി ദീർഘനേരം സംസാരിക്കുന്നതുപോലും രോഷത്തിനിടയാക്കുമായിരുന്നു!a എന്നാൽ, ഒരു സാക്ഷ്യം കൊടുക്കുന്നതിൽനിന്നു തന്നെ തടയാൻ യേശു സാമുദായിക വികാരങ്ങളെ അനുവദിച്ചില്ല. ദൈവത്തിന്റെ വേല നവോൻമേഷപ്രദമായിരുന്നു. അവൻ പറഞ്ഞു: “എന്റെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതും അവന്റെ വേല പൂർത്തീകരിക്കുന്നതുമാണ് എന്റെ ആഹാരം.” ആ ശമര്യക്കാരിത്തി സ്ത്രീയെയും അനേകം പട്ടണവാസികളെയും പോലെയുള്ള ആളുകളുടെ പ്രതികരണം കാണുന്നതിലുള്ള സന്തോഷം യേശുവിനെ ആഹാരത്തെപ്പോലെ പുലർത്തി.—യോഹന്നാൻ 4:4-42; 8:48.
7. (എ) യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനം എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്? (ബി) തന്റെ ദാസൻമാരെല്ലാം ഒരേ അളവിൽ പ്രസംഗിക്കാൻ ദൈവം പ്രതീക്ഷിക്കുന്നുണ്ടോ? വിശദീകരിക്കുക.
7 നിങ്ങൾ യേശുവിനെപ്പോലെ വിചാരിക്കുന്നുവോ? ഒരു അപരിചിതനുമായി ഒരു ബൈബിൾ സംഭാഷണം ആരംഭിക്കുന്നത് അനേകർക്കും പ്രയാസമാണെന്നും സമുദായത്തിലെ മററുള്ളവർ അതിൽ മിക്കപ്പോഴും അമർഷം പ്രകടിപ്പിക്കുന്നുവെന്നും സമ്മതിക്കുന്നു. എന്നിരുന്നാലും, യേശുവിന് ഉണ്ടായിരുന്നതുപോലെയുള്ള മാനസികഭാവം ഉണ്ടായിരിക്കുന്നതിന്, നമുക്ക് ഈ വസ്തുതയിൽനിന്ന് ഒഴിഞ്ഞു മാറാവുന്നതല്ല: നാം സാക്ഷീകരിക്കേണ്ടതാണ്. തീർച്ചയായും എല്ലാവർക്കും ഒരേ അളവിൽ പ്രസംഗിക്കാവതല്ല. നമ്മുടെ പ്രാപ്തികളും സാഹചര്യങ്ങളുമനുസരിച്ച് ഇതു വ്യത്യാസപ്പെടുന്നു. അതുകൊണ്ട് ദൈവം ഒരിക്കലും നിങ്ങളുടെ വിശുദ്ധസേവനത്തിൽ സംതൃപ്തനല്ലെന്ന് വിചാരിക്കരുത്. എന്നിരുന്നാലും യേശുവിനെക്കുറിച്ചുള്ള നമ്മുടെ പരിജ്ഞാനം നമ്മുടെ പരമാവധി പ്രവർത്തിക്കാൻ നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്. മുഴുദേഹിയോടുകൂടിയ സേവനത്തെ യേശു അഭിനന്ദിച്ചു.—മത്തായി 13:18-23; 22:37.
ദുഷ്ടതയെ വെറുക്കേണ്ടതിന്റെ ആവശ്യം
8, 9. ദൈവം വെറുക്കുന്ന ചില കാര്യങ്ങളേവ, നമുക്ക് ഇതേ വിദ്വോഷം എങ്ങനെ പ്രതിഫലിപ്പിക്കാൻ കഴിയും?
8 സൂക്ഷ്മപരിജ്ഞാനം യേശുവും യഹോവയും എന്തിനെയൊക്കെ വെറുക്കുന്നുവെന്നു മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു. (എബ്രായർ 1:9; യെശയ്യാവ് 61:8) “യഹോവ വെറുക്കുകതന്നെ ചെയ്യുന്ന ആറു കാര്യങ്ങളുണ്ട്; അതെ, അവന്റെ ദേഹിക്കു വെറുപ്പായ കാര്യങ്ങൾ ഏഴാണ്: ഉദ്ധതമായ കണ്ണുകളും വ്യാജനാവും നിർദ്ദോഷരക്തം ചൊരിയുന്ന കൈകളും ഹാനികരമായ പദ്ധതികൾ കെട്ടിച്ചമയ്ക്കുന്ന ഹൃദയവും ചീത്തത്വത്തിലേക്ക് ഓടാൻ ധൃതികൂട്ടുന്ന പാദങ്ങളും നുണകൾ ഇറക്കിവിടുന്ന കള്ളസാക്ഷിയും സഹോദരൻമാരുടെ ഇടയിൽ ഭിന്നതകൾ ഇളക്കിവിടുന്ന ഏവനുംതന്നെ.” (സദൃശവാക്യങ്ങൾ 6:16-19) ഈ മനോഭാവങ്ങളും നടത്താസമ്പ്രദായങ്ങളും “അവന്റെ ദേഹിക്കു വെറുപ്പാണ്.” “വെറുക്കത്തക്കത്” എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന എബ്രായപദം “അറയ്ക്കുക, ഓക്കാനിക്കുക.” “സകല ഇന്ദ്രിയങ്ങൾക്കും നിന്ദ്യമായിരിക്കത്തക്കവിധം അപ്രീതിപ്പെടുക, വെറുക്കുക, കോപത്തോടെ ദ്വേഷിക്കുക” എന്നർത്ഥമുള്ള ഒരു പദത്തിൽനിന്നു വരുന്നതാണ്. അതുകൊണ്ട് ദൈവത്തോടു സമാധാനത്തിലായിരിക്കുന്നതിന് നാം സമാനമായ ഒരു വെറുപ്പ് വളർത്തിയെടുക്കേണ്ടതാണ്.
9 ഉദാഹരണത്തിന് ഏത് “ഉദ്ധതമായ കണ്ണുകളെ”യും ഏത് അഹങ്കാര പ്രകടനത്തെയും വർജ്ജിക്കുക. സ്നാപനത്തിനുശേഷം തങ്ങളെ പഠിപ്പിച്ചവരുടെ നിരന്തരസഹായം തങ്ങൾക്ക് മേലാൽ ആവശ്യമില്ലെന്ന് ചിലർ വിചാരിച്ചിട്ടുണ്ട്. എന്നാൽ പുതിയ ക്രിസ്ത്യാനികൾ സത്യത്തിൽ നല്ല അടിസ്ഥാനമുള്ളവരായിത്തീരുമ്പോൾ വിനീതമായി സഹായം സ്വീകരിക്കേണ്ടതാണ്. (ഗലാത്യർ 6:6) കൂടാതെ, കുശുകുശുപ്പ് ഒഴിവാക്കുക, അതിന് നിഷ്പ്രയാസം “സഹോദരങ്ങളുടെ ഇടയിൽ ഭിന്നതകൾ”ക്കിടയാക്കാൻ കഴിയും. നിർദ്ദയമായ കേട്ടുകേൾവികളോ അന്യായമായ വിമർശനമോ നുണകളോ പരത്തുന്നതിനാൽ നാം “നിർദ്ദോഷരക്തം ചൊരിയു”ന്നില്ലായിരിക്കാം. എന്നാൽ നമുക്ക് തീർച്ചയായും മറെറാരാളുടെ സൽക്കീർത്തിയെ നശിപ്പിക്കാൻ കഴിയും. നാം നമ്മുടെ സഹോദരൻമാരോട് സമാധാനത്തിലല്ലെങ്കിൽ നമുക്ക് ദൈവത്തോട് സമാധാനത്തിലായിരിക്കാവുന്നതല്ല. (സദൃശവാക്യങ്ങൾ 17:9; മത്തായി 5:23, 24) ദൈവം തന്റെ വചനത്തിൽ “അവൻ വിവാഹമോചനത്തെ വെറുത്തിരിക്കുന്നു” എന്നും പറയുന്നു. (മലാഖി 2:14, 16) നിങ്ങൾ വിവാഹിതനെങ്കിൽ നിങ്ങൾ നിങ്ങളുടെ ദാമ്പത്യത്തെ ബലിഷ്ഠമായി നിലനിർത്താൻ ശ്രമിക്കുന്നുണ്ടോ? മറെറാരാളിന്റെ ഇണയുമായി മേളാങ്കിക്കുന്നതും അനുചിതമായ സ്വാതന്ത്ര്യം പ്രയോഗിക്കുന്നതും നിങ്ങൾക്കു വെറുപ്പുള്ള സംഗതിയാണോ? നിങ്ങൾ, യഹോവയെപ്പോലെ, ലൈംഗിക ദുർമ്മാർഗ്ഗത്തെ കഠിനമായി വെറുക്കുന്നുവോ? (ആവർത്തനം 23:17, 18) അങ്ങനെയുള്ള നടപടികളെ വെറുക്കുന്നത് എളുപ്പമല്ല; കാരണം അവ നമ്മുടെ പാപപൂർണ്ണമായ ജഡത്തിന് ആകർഷകമായിരിക്കാം, ലോകം അവയെ അംഗീകരിച്ചേക്കാം.
10. നമുക്ക് ദുഷ്ടതയോട് എങ്ങനെ വിദ്വേഷം നട്ടുവളർത്താം?
10 ദുഷ്ടതയോടുള്ള ദ്വേഷം നട്ടുവളർത്തുന്നതിന് ഒരു സഹായമെന്നനിലയിൽ ചലച്ചിത്രങ്ങളിൽനിന്നോ ടീ.വി. പരിപാടികളിൽനിന്നോ ആത്മവിദ്യയേയോ ദുർമ്മാർഗ്ഗത്തെയോ അക്രമത്തെയോ വിശേഷവൽക്കരിക്കുന്ന സാഹിത്യത്തിൽനിന്നോ വിനോദം ആസ്വദിക്കുന്നത് ഒഴിവാക്കുക. (ആവർത്തനം 18:10-12; സങ്കീർത്തനം 11:5) ദുഷ്പ്രവൃത്തിയെ ‘അത്ര ദുഷിച്ചതല്ലെന്നോ’ തമാശപോലുമാണെന്നോ തോന്നിപ്പിക്കുന്നതിനാൽ അത്തരം വിനോദം അതിനോടുള്ള ദൈവിക ദ്വേഷം വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്കു തുരങ്കംവെക്കുന്നു. മറിച്ച്, ആത്മാർത്ഥമായ പ്രാർത്ഥന സഹായിക്കും, എന്തെന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “പരീക്ഷയിൽ അകപ്പെടാതിരിക്കാൻ തുടർച്ചയായി പ്രാർത്ഥിക്കുക, തീർച്ചയായും ആത്മാവ് ആകാംക്ഷയുള്ളതാണ്, എന്നാൽ ജഡം ദുർബ്ബലമാണ്.” (മത്തായി 26:41) ഒരു ശക്തമായ ജഡിക മോഹത്തെ അഭിമുഖീകരിക്കുന്നതു സംബന്ധിച്ച് ഒരു ക്രിസ്ത്യാനി ഇങ്ങനെ പറഞ്ഞു: “ഞാൻ എന്നേക്കൊണ്ടു പ്രാർത്ഥിപ്പിക്കുന്നു. ചില സമയങ്ങളിൽ യഹോവയെ സമീപിക്കുന്നതിന് ഞാൻ അയോഗ്യനാണെന്നുള്ള തോന്നലുണ്ടാകുന്നു, എന്നാൽ എന്നെക്കൊണ്ട് അത് ചെയ്യിക്കുന്നതിനാൽ, അവനോട് അഭ്യർത്ഥിക്കുന്നതിനാൽ എനിക്കാവശ്യമുള്ള ശക്തി എനിക്കു ലഭിക്കുന്നു.” നിങ്ങൾ ദുഷ്പ്രവൃത്തിയുടെ വേദനാജനകമായ പരിണതഫലങ്ങളെ നിങ്ങളുടെ മനസ്സിൽ പുനരവലോകനം ചെയ്യുന്നുവെങ്കിൽ യഹോവ ദുഷ്പ്രവൃത്തിയെ വെറുക്കുന്നതെന്തുകൊണ്ടെന്ന് നിങ്ങൾക്ക് മെച്ചമായി മനസ്സിലാകും.—2 പത്രോസ് 2:12, 13.
11. ഏതു കാര്യങ്ങൾ നമ്മെ ചിലപ്പോൾ അസ്വസ്ഥരാക്കിയേക്കാം?
11 ദൈവവുമായുള്ള സമാധാനം ഉണ്ടായിരുന്നാലും ചില സമയങ്ങളിൽ ദൈനംദിന സമ്മർദ്ദങ്ങളാലും പരീക്ഷകളാലും നിങ്ങളുടെ സ്വന്തം ദൗർബ്ബല്യങ്ങളാൽ പോലും നിങ്ങൾ അസ്വസ്ഥരായേക്കാം. നിങ്ങൾ നിങ്ങളേത്തന്നെ സാത്താന്റെ പ്രത്യേക ലക്ഷ്യമാക്കിത്തീർത്തിരിക്കുന്നുവെന്ന് ഓർക്കുക. അവൻ ദൈവകല്പനകളനുസരിക്കുന്നവരും യഹോവയുടെ സാക്ഷികളായിരിക്കുന്നവരുമായവർക്കെതിരെ യുദ്ധം ചെയ്യുകയാണ്! (വെളിപ്പാട് 12:17) അപ്പോൾ നിങ്ങളുടെ ആന്തരിക സമാധാനത്തെ എങ്ങനെ നിലനിർത്താൻ കഴിയും?
സമാധാനത്തെ ഭഞ്ജിക്കുന്ന വിപത്തുകളെ നേരിടൽ
12. (എ) സങ്കീർത്തനം 34-ന്റെ പശ്ചാത്തലമെന്ത്? (ബി) തിരുവെഴുത്തുകൾ ഈ അനുഭവവേളയിലെ ദാവീദിന്റെ വിചാരങ്ങളെ വർണ്ണിക്കുന്നതെങ്ങനെ?
12 “നീതിമാന്റെ വിപത്തുകൾ അനേകമാകുന്നു” എന്ന് ദാവീദ് സങ്കീർത്തനം 34:19-ൽ എഴുതി. ഈ സങ്കീർത്തനത്തിന്റെ മേലെഴുത്തനുസരിച്ച് ദാവീദ് മരണത്തോടടുത്ത ഒരു സംഭവത്തെ അഭിമുഖീകരിച്ചതിനെ തുടർന്നാണ് അത് എഴുതിയത്. ശൗൽ രാജാവിന്റെ അടുക്കൽനിന്ന് ഓടി രക്ഷപെടുമ്പോൾ ദാവീദ് ഗത്തിലെ ആഖീശ് രാജാവിങ്കൽ അഭയം തേടി. ആ രാജാവിന്റെ ദാസൻമാർ ദാവീദിനെ തിരിച്ചറിഞ്ഞു. യിസ്രായേലിനുവേണ്ടിയുള്ള അവന്റെ മുൻ സൈനീക വിജയങ്ങൾ അനുസ്മരിച്ചുകൊണ്ട് അവർ ആഖീശിനോടു പരാതിപ്പെട്ടു. ദാവീദ് ആ സംഭാഷണം മറഞ്ഞുനിന്നുകേട്ടപ്പോൾ “അവൻ ആ വാക്കുകൾ കാര്യമായി എടുക്കാൻ തുടങ്ങി, ഗത്തിലെ ആഖീശ് രാജാവു നിമിത്തം അവൻ വളരെ ഭയപ്പെട്ടു.” (1 ശമൂവേൽ 21:10-12) എങ്ങനെയായാലും, അത് ഗോല്യാത്തിന്റെ സ്വന്തപട്ടണമായിരുന്നു. ദാവീദ് അവരുടെ വീരപുരുഷനെ കൊന്നിരുന്നു—ആ മല്ലന്റെ വാൾ ദാവീദ് കൊണ്ടുനടക്കുക പോലും ചെയ്തിരുന്നു! ഇപ്പോൾ അവർ അവന്റെ ശിരസ്സ് ഛേദിക്കുന്നതിന് ഈ വലിയ വാൾ ഉപയോഗിക്കുമോ? ദാവീദിന് എന്തു ചെയ്യാൻ കഴിയും?—1 ശമൂവേൽ 17:4; 21:9.
13. ഈ അനർത്ഥകാലത്ത് ദാവീദ് എന്തു ചെയ്തു, നമുക്ക് അവന്റെ ദൃഷ്ടാന്തം എങ്ങനെ പിന്തുടരാൻ കഴിയും?
13 ദാവീദ് സഹായത്തിനായുള്ള ശക്തമായ നിലവിളികളോടെ ദൈവത്തോടു പ്രാർത്ഥിച്ചു. “ഈ പീഡിതൻ വിളിച്ചു, യഹോവതന്നെ കേട്ടു. അവന്റെ സകല അരിഷ്ടതകളിൽനിന്നും അവൻ അവനെ രക്ഷിച്ചു” എന്ന് ദാവീദ് പറഞ്ഞു. “എന്റെ സകല ഭയങ്ങളിൽനിന്നും അവൻ എന്നെ വിടുവിച്ചു” എന്നും അവൻ പറഞ്ഞു. (സങ്കീർത്തനം 34:4, 6, 15, 17) ഉൽക്കണ്ഠയുടെ സമയങ്ങളിൽ നിങ്ങളുടെ ഹൃദയം പകർന്നുകൊണ്ട് യഹോവയോട് പ്രാർത്ഥിക്കാൻ നിങ്ങളും പഠിച്ചിട്ടുണ്ടോ? (എഫേസ്യർ 6:18; സങ്കീർത്തനം 62:8) നിങ്ങളുടെ പ്രത്യേക സങ്കടം ദാവീദിന്റേതുപോലെ അത്ര നാടകീയമല്ലായിരിക്കാമെങ്കിലും, ദൈവം തക്കസമയത്ത് സഹായം നൽകുമെന്ന് അപ്പോഴും നിങ്ങൾ കണ്ടെത്തും. (എബ്രായർ 4:16) എന്നാൽ ദാവീദ് പ്രാർത്ഥിക്കുന്നതിലധികം ചെയ്തു.
14. ദാവീദ് “ചിന്താപ്രാപ്തി” ഉപയോഗിച്ചതെങ്ങനെ, അതുതന്നെ ചെയ്യാൻ നമ്മെ സഹായിക്കുന്നതിന് ദൈവം എന്തു പ്രദാനം ചെയ്തിരിക്കുന്നു?
14 “അവൻ [ദാവീദ്] അവരുടെ ദൃഷ്ടികളിൽ സുബോധം മറെച്ചുകൊണ്ട് ഭ്രാന്തു നടിച്ചു തുടങ്ങി . . . ഒടുവിൽ ആഖീശ് തന്റെ ദാസൻമാരോട് പറഞ്ഞു: ‘ഇവിടെ ചിത്തഭ്രമമുള്ള ഒരു മനുഷ്യനെയാണു നിങ്ങൾ കാണുന്നത്. നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവരുന്നതെന്തിന്?” (1 ശമൂവേൽ 21:13-15) ദാവീദ് ഒരു തന്ത്രം നിരൂപിച്ചു, അതിലൂടെ അവൻ രക്ഷപ്പെട്ടു. യഹോവ അവന്റെ ശ്രമങ്ങളെ അനുഗ്രഹിച്ചു. അതുപോലെ, നാം കുഴഞ്ഞ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമ്മുടെ മാനസിക പ്രാപ്തികളെ ഉപയോഗിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു, നമുക്കുവേണ്ടി അവയെ അവൻ പരിഹരിക്കട്ടെ എന്ന് കേവലം പ്രതീക്ഷിക്കാവുന്നതല്ല. അവൻ തന്റെ നിശ്വസ്ത വചനം നമുക്കു നൽകിയിട്ടുണ്ട്, അത് “പരിചയഹീനർക്ക് ബുദ്ധികൂർമ്മതയും . . . അറിവും ചിന്താപ്രാപ്തിയും നൽകുന്നു.” (സദൃശവാക്യങ്ങൾ 1:4; 2 തിമൊഥെയോസ് 3:16, 17) ദൈവം സഭാമൂപ്പൻമാരെയും പ്രദാനം ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ നിലവാരങ്ങൾ എങ്ങനെ പുലർത്താമെന്നറിയുന്നതിന് അവർക്ക് നമ്മെ സഹായിക്കാൻ കഴിയും. (1 തെസ്സലോനീക്യർ 4:1, 2) മിക്കപ്പോഴും ഒരു ശരിയായ തീരുമാനം ചെയ്യുന്നതിനോ ഒരു പ്രശ്നത്തെ നേരിടുന്നതിനോ സഹായത്തിനുവേണ്ടി വാച്ച് ററവ്വർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ ഗവേഷണം ചെയ്യുന്നതിന് ഈ പുരുഷൻമാർക്കു നിങ്ങളെ സഹായിക്കാൻ കഴിയും.
15. സങ്കീർത്തനം 34:18 ആശ്വാസദായകമായിരിക്കുന്നതെന്തുകൊണ്ട്?
15 നമ്മുടെ സ്വന്തം ദൗർബ്ബല്യങ്ങളോ പരാജയങ്ങളോ നിമിത്തം നമ്മുടെ ഹൃദയം നമ്മെ വേദനിപ്പിക്കുമ്പോൾപോലും നമുക്കു ശരിയായ മനോഭാവമുണ്ടെങ്കിൽ നമുക്ക് ദൈവവുമായുള്ള സമാധാനം നിലനിർത്താൻ കഴിയും. സങ്കീർത്തനം 34:18-ൽ ദാവീദ് ഇങ്ങനെ എഴുതി: “ഹൃദയം തകർന്നവരോട് യഹോവ അടുത്തിരിക്കുന്നു, ചൈതന്യം നശിച്ചവരെ അവൻ രക്ഷിക്കുന്നു. “നാം ക്ഷമ യാചിക്കുകയും കാര്യങ്ങൾ തിരുത്തുന്നതിനാവശ്യമായ ഏതു നടപടികളും സ്വീകരിക്കുകയും ചെയ്യുന്നുവെങ്കിൽ (വിശേഷിച്ച് ഗുരുതരമായ ലംഘനങ്ങളുടെ കേസുകളിൽ) യഹോവ നമ്മോട് അടുത്ത് നിൽക്കുകയും നമ്മെ വൈകാരികമായി പിന്തുണക്കുകയും ചെയ്യും.—സദൃശവാക്യങ്ങൾ 28:13; യെശയ്യാവ് 55:7, 2 കൊരിന്ത്യർ 7:9-11.
വ്യക്തിപരമായ പരിജ്ഞാനം സമാധാനം നൽകുന്നു
16. (എ) നാം ദൈവത്തെക്കുറിച്ച് സൂക്ഷ്മപരിജ്ഞാനം നേടുന്ന മറെറാരു വിധമെന്ത്? (ബി) “യഹോവ നല്ലവനെന്നു രുചിച്ചറിയുക” എന്ന ദാവീദിന്റെ പ്രസ്താവനയെ വിശദീകരിക്കുക.
16 ആത്മീയ വിവരങ്ങൾ ഉൾക്കൊള്ളുന്നതിനു പുറമേ, ദൈവത്തെക്കുറിച്ചു നാം സൂക്ഷ്മപരിജ്ഞാനം നേടുന്ന മറെറാരു വിധം അവന്റെ സ്നേഹപൂർവ്വകമായ സഹായം നാം വ്യക്തിപരമായി അനുഭവിക്കുന്നതിലൂടെയാണ്. (സങ്കീർത്തനം 41:10, 11) ഒരു വിപത്തിൽനിന്ന് വിടുവിക്കപ്പെടുന്നത് എല്ലായ്പ്പോഴും ഒരു പ്രശ്നത്തിന്റെ സത്വരമോ സമ്പൂർണ്ണമോ ആയ അവസാനത്തെ അർത്ഥമാക്കുന്നില്ല; നിങ്ങൾ അതു തുടർന്നു സഹിച്ചുനിൽക്കേണ്ടതുണ്ടായിരിക്കാം. (1 കൊരിന്ത്യർ 10:13) ഗത്തിൽ വച്ച് ദാവീദിന്റെ ജീവൻ രക്ഷിക്കപ്പെട്ടെങ്കിലും അവൻ ഒന്നിനു പിറകേ ഒന്നായി അപകടങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പല വർഷങ്ങളിൽ ഒരു അഭയാർത്ഥിയായി കഴിഞ്ഞു. അതിലെല്ലാം ദാവീദ് യഹോവയുടെ പരിപാലനവും പിന്തുണയും അനുഭവിച്ചറിഞ്ഞു. അവൻ ദൈവത്തോടുള്ള സമാധാനം പിന്തുടർന്നു കണ്ടെത്തിയിരുന്നു. അങ്ങനെ ചെയ്യുന്നവർക്ക് “യാതൊരു നൻമക്കും കുറവുണ്ടാകുകയില്ല” എന്ന് അവൻ മനസ്സിലാക്കി. വിപത്തിൽ യഹോവ അവനെ എങ്ങനെ പിന്തുണച്ചുവെന്ന് വ്യക്തിപരമായി അനുഭവത്തിലൂടെ തിരിച്ചറിഞ്ഞതിനാൽ ദാവീദിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ജനങ്ങളേ, യഹോവ നല്ലവനെന്ന് രുചിച്ചറിയുക; അവനിൽ അഭയം തേടുന്ന ശരീരശേഷിയുള്ള മനുഷ്യൻ സന്തുഷ്ടനാകുന്നു.”—സങ്കീർത്തനം 34:8-10, 14, 15.
17. ഒരു അനർത്ഥകാലത്ത് യഹോവയിൽ അഭയം തേടിയതിന് ഒരു കുടുംബത്തിൻമേൽ എന്തു ഫലമുണ്ടായിരുന്നു?
17 പ്രയാസങ്ങളിൽ യഹോവയിൽ അഭയം തേടുന്നതും “യഹോവനല്ലവനെന്ന് രുചിച്ചറിയാൻ” നിങ്ങളെ പ്രാപ്തരാക്കും. മദ്ധ്യപശ്ചിമ ഐക്യനാടുകളിലെ ഒരു ക്രിസ്ത്യാനിക്ക് ഒരു അപകടം നിമിത്തം തനിക്ക് 14 വർഷമായി ഉണ്ടായിരുന്ന നല്ല ശമ്പളമുള്ള ജോലി നഷ്ടപ്പെട്ടു. അവർക്ക് വരുമാനമില്ലാഞ്ഞതുകൊണ്ട് അയാളും കുടുംബവും ദൈവത്തോടു പ്രാർത്ഥിച്ചു. അതേസമയം, അവർ തങ്ങളുടെ ചെലവുകൾ കുറയ്ക്കുകയും അടുത്തുള്ള വയലുകളിൽ കാലാപെറുക്കുകയും ആഹാരത്തിനുവേണ്ടി മീൻപിടിക്കുകയും ചെയ്തു. സഭയിലെ ചിലരുടെ സഹായത്താലും ലഭ്യമാകുമ്പോൾ അംശകാല ജോലി ചെയ്തതിനാലും നാലംഗങ്ങളുള്ള ഈ കുടുംബം കഴിഞ്ഞുകൂടി. അപകടം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം മാതാവ് ഇങ്ങനെ വിചിന്തനം ചെയ്തു: “നാം നമ്മുടെ സ്വന്തം പ്രാപ്തികളെയും നമ്മുടെ ഇണയെയും നമ്മുടെ ജോലിയെയും യഥാർത്ഥത്തിൽ ആശ്രയിക്കുമ്പോൾ നാം യഹോവയിൽ ആശ്രയിക്കുകയാണെന്ന് ചിന്തിച്ചുകൊണ്ട് നാം നമ്മേത്തന്നെ കബളിപ്പിച്ചേക്കാം. എന്നിരുന്നാലും ഞങ്ങൾ യഥാർത്ഥത്തിൽ അവനെത്തന്നെ ആശ്രയിക്കാൻ പഠിച്ചു. ഈ മററു കാര്യങ്ങൾ നമ്മിൽനിന്ന് എടുക്കപ്പെട്ടേക്കാം—എന്നാൽ യഹോവ ഞങ്ങളെ ഒരിക്കലും ഉപേക്ഷിച്ചില്ല, ഒരു നിമിഷത്തേക്കുപോലും. ഞങ്ങൾക്ക് അത്യാവശ്യവസ്തുക്കൾ മാത്രമേ ഉള്ളുവെങ്കിലും, ഒരു കുടുംബമെന്നനിലയിൽ ഞങ്ങൾക്ക് യഹോവയോടുള്ള ബന്ധം വളരെയധികം അടുത്തതാണ്.”
18. വിട്ടുമാറാത്ത പ്രശ്നങ്ങളെപ്പോലും സഹിച്ചുനിൽക്കുന്നതിന് നിങ്ങളെ എന്തു പ്രാപ്തരാക്കും?
18 അതെ, ഒരു സാമ്പത്തിക പ്രയാസം നിലനിന്നേക്കാം. അല്ലെങ്കിൽ ഒരാൾ ഒരു പഴകിയ രോഗത്താൽ ബാധിക്കപ്പെട്ടേക്കാം; അല്ലെങ്കിൽ മറെറാരാളുമായി വ്യക്തിത്വ വൈരുദ്ധ്യമുണ്ടായിരിക്കാം; മ്ലാനതപോലുള്ള ഒരു വൈകാരിക ക്രമക്കേട് ഉണ്ടായിരിക്കാം; അല്ലെങ്കിൽ മററനേകം പ്രശ്നങ്ങളിലൊന്ന് ഉണ്ടായിരിക്കാം. എന്നിരുന്നാലും, ദൈവത്തെ യഥാർത്ഥമായി അറിയുന്നതിനാൽ, നിങ്ങൾക്ക് അവന്റെ പിന്തുണയിൽ വിശ്വാസം ഉണ്ടായിരിക്കും. (യെശയ്യാവ് 43:10) ഈ അഭഞ്ജമായ ആശ്രയം സഹിച്ചുനിൽക്കുന്നതിനും “സകല ചിന്തയെക്കാളും മികച്ച ദൈവസമാധാനം” ലഭിക്കുന്നതിനും നിങ്ങളെ സഹായിക്കും.—ഫിലിപ്യർ 4:7.
19. യഹോവ നമ്മുടെ കഷ്ടപ്പാടുകളെ നിസ്സാരമായി എടുക്കുന്നില്ലെന്ന് നാം എങ്ങനെ അറിയുന്നു?
19 കുഴപ്പം പിടിച്ച ഒരു അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങളുടെ കഷ്ടപ്പാട് യഹോവ അറിയുന്നുണ്ടെന്ന് ഒരിക്കലും മറക്കരുത്. തന്റെ ഗത്തിലെ അനുഭവത്തെക്കുറിച്ചു വിചിന്തനം ചെയ്തപ്പോൾ എഴുതിയ മറെറാരു സങ്കീർത്തനത്തിൽ ദാവീദ് യഹോവയോട് ഇങ്ങനെ അപേക്ഷിച്ചു: “എന്റെ കണ്ണുനീർ നിന്റെ തോൽകുടത്തിൽ പകരേണമേ. അവ നിന്റെ പുസ്തകത്തിലില്ലയോ?” (സങ്കീർത്തനം 56:8) തീർച്ചയായും ദൈവം ദാവീദിന്റെ അപേക്ഷ കേട്ടു. കഷ്ടപ്പാടും ഉൽക്കണ്ഠയും വരുത്തിക്കൂട്ടുന്ന അങ്ങനെയുള്ള കണ്ണുനീർ ദൈവം ശേഖരിച്ച് തന്റെ തോൽ കുടത്തിൽ ഒഴിച്ചുവെക്കുമെന്നറിയുന്നത് എത്ര ആശ്വാസപ്രദമാണ്—ഒരുവൻ അങ്ങനെയുള്ള തോൽ കുടത്തിൽ വിലയേറിയ വീഞ്ഞോ കുടിവെള്ളമോ ഒഴിച്ചുവെക്കുന്നതുപോലെതന്നെ! അങ്ങനെയുള്ള കണ്ണുനീർ എല്ലായ്പ്പോഴും അനുസ്മരിക്കപ്പെടും, അതെ, ദൈവത്തിന്റെ പുസ്തകത്തിൽ എഴുതപ്പെടും. യഹോവയുടെ കരുതൽ എത്ര കരുണാർദ്രം!
20. നമുക്ക് ദൈവവുമായുള്ള നമ്മുടെ സമാധാനത്തെ എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും?
20 അതുകൊണ്ട് നിങ്ങളുടെ സ്നാനം ദൈവവുമായുള്ള ഒരു സമാധാനബന്ധത്തിന്റെ തുടക്കം മാത്രമാണ്. ദൈവത്തിന്റെയും യേശുവിന്റെയും വ്യക്തിത്വഗുണങ്ങൾ മെച്ചമായി പരിചിതമാക്കുന്നതിനാലും പരിശോധനാ സമയങ്ങളിൽ യഹോവയുടെ പിന്തുണ വ്യക്തിപരമായി അനുഭവിച്ചറിയുന്നതിനാലും നിങ്ങൾ ദൈവവുമായുള്ള നിങ്ങളുടെ സമാധാനത്തെ വർദ്ധിപ്പിക്കും. ഒരു സുരക്ഷിതമായ അഭയകേന്ദ്രമായിത്തീരുന്ന യഹോവയുമായുള്ള ബന്ധം ഇപ്പോൾ നിങ്ങൾക്കുണ്ടായിരിക്കുമെന്നു മാത്രമല്ല, പരദീസയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള വിലയേറിയ പ്രത്യാശയും നിങ്ങൾക്കുണ്ടായിരിക്കും, അവിടെ നിങ്ങൾ “സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.”—സങ്കീർത്തനം 37:11, 29. (w87 4/15)
[അടിക്കുറിപ്പുകൾ]
a തൽമൂദ് അനുസരിച്ച് ഒരു പണ്ഡിതൻ “തെരുവിൽവച്ച് ഒരു സ്ത്രീയോടു സംഭാഷണം നടത്തരുത്.” യേശുവിന്റെ നാളിൽ ഈ ആചാരം പ്രാബല്യത്തിലിരുന്നുവെങ്കിൽ അതായിരിക്കാം അവന്റെ ശിഷ്യൻമാർ “അവൻ ഒരു സ്ത്രീയോടു സംസാരിച്ചതിനാൽ ആശ്ചര്യപ്പെട്ടു തുടങ്ങി”യതിന്റെ കാരണം.—യോഹന്നാൻ 4:27.
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ ഏതു വിധങ്ങളിൽ നമുക്ക് ദൈവത്തെയും യേശുവിനെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം നേടാൻ കഴിയും?
◻ ദൈവത്തെയും യേശുവിനെയും അനുകരിക്കുന്നത് നാം എന്തു ചെയ്യാനിടയാക്കും?
◻ തിൻമയോടുള്ള ദൈവത്തിന്റെ വെറുപ്പിനെ നാം എങ്ങനെ അനുകരിക്കുന്നു?
◻ പ്രയാസങ്ങൾ ഗണ്യമാക്കാതെ നമുക്ക് എങ്ങനെ സമാധാനം നിലനിർത്താൻ കഴിയും?
[23-ാം പേജിലെ ചിത്രം]
ഒരു സാക്ഷ്യം കൊടുക്കുന്നതിൽനിന്നു തന്നെ തടയാൻ സാമുദായിക മുൻവിധികളെ അനുവദിക്കുന്നതിന് യേശു വിസമ്മതിച്ചു. പ്രസംഗിക്കുന്നതിലുള്ള അവന്റെ തീക്ഷ്ണതയെ നിങ്ങൾ അനുകരിക്കുന്നുവോ?
[24-ാം പേജിലെ ചിത്രം]
ഒരു ഗരുതരമായ പ്രശ്നത്തെ അഭിമുഖീകരിച്ചപ്പോൾ ദാവീദ് യഹോവയോടു പ്രാർത്ഥിച്ചു . . . . . . ഒരു രക്ഷപ്പെടലിന് ആസൂത്രണം ചെയ്യാൻ തന്റെ സുബോധത്തെ മറച്ചുപിടിക്കുകയും ചെയ്തു. യഹോവ ദാവീദിന്റെ പ്രാർത്ഥന കേട്ടു