അമ്മോന്യർ—ദയയോടു വിദ്വേഷത്തോടെ പ്രതികരിച്ചവർ
ഹാഷേമ്യ രാജ്യമായ ജോർദാന്റെ തലസ്ഥാനമായ, അമ്മാൻ എന്നു പേരുള്ള ആധുനിക നഗരം ഭൗമിക രംഗത്തുനിന്നു മൺമറഞ്ഞ ഒരു ജനക്കൂട്ടത്തിന്റെ ഓർമ കാത്തുസൂക്ഷിക്കുന്നു. അവരെ അമ്മോന്യർ എന്നാണു വിളിച്ചിരുന്നത്. അവർ ആരായിരുന്നു, അവരുടെ പതനത്തിൽനിന്നു നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാൻ കഴിയും?
നീതിമാനായിരുന്ന ലോത്തിന്റെ പിൻഗാമികളായിരുന്നു അമ്മോന്യർ. (ഉല്പത്തി 19:35-38) ലോത്ത് അബ്രഹാമിന്റെ സഹോദരപുത്രനായിരുന്നതിനാൽ അമ്മോന്യർ ഇസ്രായേല്യരുടെ മച്ചുനരായിരുന്നുവെന്നു പറയാവുന്നതാണ്. എന്നിരുന്നാലും, ലോത്തിന്റെ സന്തതികൾ വ്യാജദൈവാരാധനയിലേക്കു തിരിഞ്ഞു. എന്നിട്ടും യഹോവയാം ദൈവം അവരിൽ തത്പരനായിരുന്നു. ഇസ്രായേൽ ജനത വാഗ്ദത്തദേശത്തിനു സമീപമെത്തിയപ്പോൾ ദൈവം അവർക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകി: “അമ്മോന്യരോടു അടുത്തുചെല്ലുമ്പോൾ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല, അതു ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു.”—ആവർത്തനപുസ്തകം 2:19.
അമ്മോന്യർ അത്തരം ദയയെ വിലമതിച്ചോ? നേരേമറിച്ച്, യഹോവ തങ്ങൾക്ക് എന്തെങ്കിലും നൽകിയെന്നു സമ്മതിക്കാൻ അവർ വിസമ്മതിച്ചു. ദൈവം അവരിലെടുത്ത ദയാപൂർവകമായ താത്പര്യത്തിന് അവർ ദൈവജനമായ ഇസ്രായേല്യരോടു കൊടിയ വിദ്വേഷത്തോടെ പ്രതികരിച്ചു. ഇസ്രായേല്യർ യഹോവയുടെ കൽപ്പനകൾ മാനിക്കുകയും അവർക്കെതിരെ അക്രമപ്രവൃത്തികളിൽ ഏർപ്പെടാതിരിക്കുകയും ചെയ്തെന്നുവരികിലും അമ്മോന്യരും അവരുടെ മോവാബ്യ സഹോദരങ്ങളും ഭയവിഹ്വലരായി. അമ്മോന്യർ സൈനിക ആക്രമണം നടത്തിയില്ലെന്നതു ശരിതന്നെ. എന്നാൽ അവർ ബാലാം എന്നു പേരായ ഒരു പ്രവാചകനെ വാടകയ്ക്കെടുക്കുകയും ഇസ്രായേലിനെ ശപിക്കാൻ അവനോട് അഭ്യർഥിക്കുകയും ചെയ്തു!—സംഖ്യാപുസ്തകം 22:1-6; ആവർത്തനപുസ്തകം 23:3-6.
അപ്പോൾ അസാധാരണമായ ഒരു സംഗതി നടന്നു. ബാലാമിനു ശപിക്കാൻ കഴിഞ്ഞില്ല എന്നു തിരുവെഴുത്തു റിപ്പോർട്ടു ചെയ്യുന്നു. “നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ” എന്നു പറഞ്ഞുകൊണ്ട് അവരെ അനുഗ്രഹിക്കാനേ അവനു കഴിഞ്ഞുള്ളൂ. (സംഖ്യാപുസ്തകം 24:9) അമ്മോന്യരടക്കം അതിൽ ഉൾപ്പെട്ടിരുന്ന സകലരും അതിൽനിന്നു ശക്തമായ ഒരു പാഠം പഠിക്കേണ്ടിയിരുന്നു: തന്റെ ജനം ഉൾപ്പെട്ടിരിക്കുമ്പോഴെല്ലാം ദൈവം അവർക്കുവേണ്ടി ഇടപെടാൻ നന്നായി ഒരുങ്ങിയിരുന്നു!
എങ്കിലും, അമ്മോന്യർ ഇസ്രായേല്യരെ എതിർക്കാൻ പഴുതുകൾ തേടിക്കൊണ്ടേയിരുന്നു. ന്യായാധിപന്മാരുടെ കാലത്ത് അമ്മോന്യർ മോവാബ്യരും അമാലേക്യരുമായി കൂട്ടുപിടിച്ചു വാഗ്ദത്തദേശം, യരീഹോ വരെ, ആക്രമിക്കുകയുണ്ടായി. എന്നാൽ വിജയം അധികം നീണ്ടുനിന്നില്ല. ഇസ്രായേല്യ ന്യായാധിപനായ ഏഹൂദ് അതിക്രമികളെ തിരിച്ചോടിച്ചു. (ന്യായാധിപന്മാർ 3:12-15, 27-30) ന്യായാധിപനായ യിഫ്താഹിന്റെ നാളുകൾവരെ സ്വസ്ഥത നിലനിന്നു. അപ്പോഴേക്കും ഇസ്രായേൽ ജനത വ്യാജാരാധനയിലേക്കു വഴുതിവീണിരുന്നു, തന്മൂലം യഹോവ തന്റെ സംരക്ഷണം പിൻവലിച്ചു. ഏതാണ്ടു 18 വർഷത്തേക്ക് ദൈവം അവരെ ‘അമ്മോന്യരുടെ കയ്യിൽ ഏൽപ്പിച്ചു.’ (ന്യായാധിപന്മാർ 10:6-9) ഇസ്രായേൽ വിഗ്രഹാരാധന പരിത്യജിക്കുകയും യിഫ്താഹിന്റെ നേതൃത്വത്തിൽ യുദ്ധത്തിനിറങ്ങിത്തിരിക്കുകയും ചെയ്തപ്പോൾ അമ്മോന്യർ വീണ്ടും പരാജയത്തിന്റെ കയ്പേറിയ അനുഭവം നുകർന്നു.—ന്യായാധിപന്മാർ 10:16–11:33.
ആദ്യ രാജാവായ ശൗലിന്റെ കിരീടധാരണത്തോടെ ഇസ്രായേലിൽ ന്യായാധിപന്മാരാലുള്ള ഭരണകാലം കഴിഞ്ഞു. ശൗൽ ഭരണം തുടങ്ങിയ ഉടനെ അമ്മോന്യരുടെ വിദ്വേഷം വീണ്ടും പൊട്ടിയൊലിക്കാൻ തുടങ്ങി. നാഹാശ് രാജാവ് പുറപ്പെട്ടുവന്ന് ഇസ്രായേല്യ നഗരമായ ഗിലെയാദിലെ യാബോശിനു നേരെ മിന്നലാക്രമണം നടത്തി. നഗരവാസികൾ സമാധാനം സ്ഥാപിക്കാനായി കെഞ്ചിയപ്പോൾ അമ്മോന്യനായ നാഹാശ്, ‘നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോടു ഉടമ്പടി ചെയ്യാം’ എന്ന ഘോരമായ ആവശ്യം ഉന്നയിച്ചു. “കവചങ്ങൾ ഇടതു കണ്ണിനെ മറയ്ക്കുമ്പോൾ അവർ പൂർണമായും യുദ്ധത്തിന് അയോഗ്യരായിത്തീരത്തക്കവണ്ണം” ഒരു പ്രതിരോധ നടപടിയായിട്ടാണ് അപ്രകാരം ചെയ്തതെന്നു ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് അവകാശപ്പെടുന്നു. എങ്കിലും, ഹൃദയശൂന്യമായ ഈ ശാസനത്തിന്റെ യഥാർഥ ഉദ്ദേശ്യം ഇസ്രായേല്യരെ നിന്ദിക്കുകയായിരുന്നു.—1 ശമൂവേൽ 11:1, 2.
അമ്മോന്യർ വീണ്ടും യഹോവയുടെ ദയയോടു വിദ്വേഷത്തോടെ പ്രതികരിച്ചു. ഈ നിന്ദ്യമായ ഭീഷണി യഹോവ തഴഞ്ഞുകളഞ്ഞില്ല. “ശൌൽ [നാഹാശിന്റെ] വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.” ദൈവാത്മാവിന്റെ നടത്തിപ്പിൽ ശൗൽ 3,30,000 വില്ലാളിവീരന്മാരെ ഒരുമിച്ചുകൂട്ടി, അവർ അമ്മോന്യരെ “രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോ”കത്തക്കവിധം തുരത്തിക്കളഞ്ഞു.—1 ശമൂവേൽ 11:6, 11.
സ്വാർഥതയിൽ വ്യാപൃതരായിരുന്ന അമ്മോന്യർ ഒടുവിൽ തങ്ങളുടെ സ്വന്ത താത്പര്യങ്ങളും ക്രൂരതകളും അത്യാഗ്രഹവുമടക്കം സമ്പൂർണ നാശത്തിലേക്കു നിലംപതിച്ചു. യഹോവയുടെ പ്രവാചകനായിരുന്ന സെഫന്യാവ് മുൻകൂട്ടിപ്പറഞ്ഞിരുന്നപോലെ “അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്ന”തിനാൽ “ഗൊമോറയെപ്പോലെ . . . ശാശ്വതശൂന്യം ആയി”ത്തീർന്നു.—സെഫന്യാവു 2:9, 10.
അമ്മോന്യർക്കു സംഭവിച്ചതെന്താണെന്ന് ഇന്നു ലോക നേതാക്കൾ പരിചിന്തിക്കേണ്ടതുണ്ട്. സമാനമായി, തന്റെ പാദപീഠമായ ഭൂമിയിൽ ജീവിക്കാൻ ജനതകളെ ദൈവം അനുവദിച്ചുകൊണ്ട് ഒരു പരിധിവരെ അവൻ അവരോടു ദയ കാണിച്ചിരിക്കുന്നു. എന്നാൽ ഭൂമിയെ കാത്തുപരിപാലിക്കുന്നതിനു പകരം സ്വാർഥമതികളായ രാഷ്ട്രങ്ങൾ ഈ ഗ്രഹത്തെ ആണവ നാശത്തിന് ഇരയാക്കുമെന്നു ഭീഷണി മുഴക്കുകപോലും ചെയ്തുകൊണ്ട് അതിനെ നശിപ്പിക്കുകയാണ്. യഹോവയുടെ ഭൂമിയിലുള്ള ആരാധകരോടു ദയ കാണിക്കുന്നതിനു പകരം രാഷ്ട്രങ്ങൾ മിക്കപ്പോഴും അവരെ കർശനമായി പീഡിപ്പിച്ചുകൊണ്ടു വിദ്വേഷം പുലർത്തുകയാണ്. അതുകൊണ്ട്, തന്റെ ദയയോടു വിദ്വേഷത്തോടെ പ്രതികരിക്കുന്നതു യഹോവ നിസ്സാരമായി എണ്ണുന്നില്ലെന്നാണ് അമ്മോന്യരുടെ പാഠം തെളിയിക്കുന്നത്. പുരാതന കാലത്തു ചെയ്തതുപോലെതന്നെ അവൻ തക്കസമയത്തു നടപടിസ്വീകരിക്കും.—സങ്കീർത്തനം 2:6-12 താരതമ്യം ചെയ്യുക.
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[9-ാം പേജിലെ ചിത്രം]
അമ്മോന്യരുടെ തലസ്ഥാനമായിരുന്ന റബ സ്ഥിതിചെയ്തിരുന്ന അമ്മാനിലെ റോമാ അവശിഷ്ടങ്ങൾ
[ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[10-ാം പേജിലെ ചിത്രം]
അമ്മോന്യർ ഈ പ്രദേശത്താണു ജീവിച്ചിരുന്നത്
[ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.