മനസ്സിലാക്കിയ ഈ കാര്യങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ സന്തോഷമുള്ളവരായിരിക്കും
“ എന്നെ അയച്ച വ്യക്തിയുടെ ഇഷ്ടം ചെയ്യുന്നതും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്തുതീർക്കുന്നതും ആണ് എന്റെ ആഹാരം.”—യോഹ. 4:34.
1. ലോകത്തിന്റെ സ്വാർഥമനോഭാവം നമ്മുടെ താഴ്മയെ എങ്ങനെ ബാധിച്ചേക്കാം?
ദൈവവചനത്തിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നത് എളുപ്പമല്ലാത്തത് എന്തുകൊണ്ട്? ശരിയായതു ചെയ്യാൻ താഴ്മ വേണം, പക്ഷേ എപ്പോഴും താഴ്മയുള്ളവരായിരിക്കുക അത്ര എളുപ്പമല്ല. ഈ “അവസാനകാലത്ത്” നമ്മൾ ജീവിക്കുന്നത് ‘സ്വസ്നേഹികളും പണക്കൊതിയന്മാരും പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും ആത്മനിയന്ത്രണമില്ലാത്തവരും’ ആയ ആളുകളുടെ നടുക്കാണ്. (2 തിമൊ. 3:1-3) ആളുകളുടെ സ്വാർഥതയോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായി പല നേട്ടങ്ങളും കൈവരിച്ചതിനെക്കുറിച്ച് നമ്മൾ കേൾക്കാറുണ്ട്. ദൈവദാസർ അത്തരം പെരുമാറ്റത്തെ കുറ്റപ്പെടുത്തിയേക്കാമെങ്കിലും തങ്ങൾക്കും ഇത്തരം നേട്ടങ്ങളൊക്കെ കൈവരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവരിൽ ചിലർക്കെങ്കിലും തോന്നിയേക്കാം. (സങ്കീ. 37:1; 73:3) ചിലപ്പോൾ ഇങ്ങനെപോലും ചിന്തിച്ചേക്കാം, ‘മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് എന്റേതിനെക്കാൾ പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് എനിക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? ഒരു “ചെറിയവനായി,” താഴ്മയോടെ ഞാൻ പെരുമാറുകയാണെങ്കിൽ ആളുകൾ എന്നെ ബഹുമാനിക്കാതിരിക്കുമോ?’ (ലൂക്കോ. 9:48) ലോകത്തിന്റെ സ്വാർഥത നിറഞ്ഞ മനോഭാവം നമ്മളെ സ്വാധീനിക്കാൻ അനുവദിച്ചാൽ സഭയിലെ സഹോദരങ്ങളുമായുള്ള നല്ല ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയേക്കാം, ക്രിസ്ത്യാനിയായി തിരിച്ചറിയിക്കുന്ന നമ്മുടെ നല്ല ഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്തേക്കാം. എന്നാൽ ബൈബിളിലെ നല്ല മാതൃകകൾ പഠിക്കുകയും അവ അനുകരിക്കുകയും ചെയ്യുമ്പോൾ നമുക്കു പ്രതിഫലം ഉറപ്പാണ്.
2. ദൈവത്തിന്റെ വിശ്വസ്തരായ ദാസന്മാരെക്കുറിച്ച് പഠിക്കുന്നതു നമ്മളെ എങ്ങനെ സ്വാധീനിക്കും?
2 വിശ്വസ്തരായ ദൈവദാസരെ മാതൃകയാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, എങ്ങനെ പ്രവർത്തിച്ചതുകൊണ്ടാണ് അവർക്കു നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതെന്നു നമ്മൾ മനസ്സിലാക്കണം. അവർക്ക് എങ്ങനെയാണു ദൈവവുമായി സുഹൃദ്ബന്ധത്തിലേക്കു വരാനും ദൈവാംഗീകാരം നേടാനും ദൈവേഷ്ടം ചെയ്യാനുള്ള ശക്തി സമ്പാദിക്കാനും കഴിഞ്ഞത്? ഇങ്ങനെയെല്ലാം ചിന്തിച്ച് പഠിക്കുന്നത് ആത്മീയാഹാരം കഴിക്കുന്നതിന്റെ പ്രധാനഭാഗമാണ്.
ആത്മീയാഹാരം എന്നാൽ അറിവ് മാത്രമല്ല
3, 4. (എ) നമുക്ക് എങ്ങനെയാണ് യഹോവയിൽനിന്നുള്ള മാർഗനിർദേശങ്ങൾ ലഭിക്കുന്നത്? (ബി) ആത്മീയാഹാരം എന്നാൽ അറിവ് നേടുന്നതു മാത്രമല്ലെന്നു പറയാവുന്നത് എന്തുകൊണ്ട്?
3 ബൈബിൾ, ക്രിസ്തീയപ്രസിദ്ധീകരണങ്ങൾ, വെബ്സൈറ്റുകൾ, JW പ്രക്ഷേപണം, മീറ്റിങ്ങുകൾ, സമ്മേളനങ്ങൾ തുടങ്ങിയവയിലൂടെ നമുക്ക് ആവശ്യമായ പരിശീലനവും ഉപദേശങ്ങളും ലഭിക്കുന്നു. എന്നാൽ യോഹന്നാൻ 4:34-ൽ കാണുന്ന യേശുവിന്റെ വാക്കുകളനുസരിച്ച്, അറിവ് നേടുന്നതു മാത്രമല്ല ആത്മീയാഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പിന്നെ എന്തുകൂടെ അതിൽ ഉൾപ്പെട്ടിട്ടുണ്ട്? യേശു പറഞ്ഞു: “എന്നെ അയച്ച വ്യക്തിയുടെ ഇഷ്ടം ചെയ്യുന്നതും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്തുതീർക്കുന്നതും ആണ് എന്റെ ആഹാരം.”
4 അതെ, ദൈവത്തിന്റെ മാർഗനിർദേശമനുസരിച്ച് പ്രവർത്തിക്കുന്നതും ആത്മീയാഹാരത്തിന്റെ ഭാഗമായിട്ടാണു യേശു കണക്കാക്കിയത്. അത് എങ്ങനെയാണ് ആഹാരംപോലെ ആയിരിക്കുന്നത്? നല്ല ഒരു ഊണു കഴിച്ചുകഴിയുമ്പോൾ നമുക്കു സംതൃപ്തി തോന്നും, നമ്മുടെ ശരീരത്തിന് ഊർജം ലഭിക്കും. അതുപോലെ, ദൈവേഷ്ടം ചെയ്യുമ്പോൾ നമുക്കു സംതൃപ്തി തോന്നും, നമ്മുടെ വിശ്വാസം കരുത്തുറ്റതാകും. അതു ശരിയാണെന്നു നിങ്ങൾക്കുതന്നെ തോന്നിയിട്ടില്ലേ? ചിലപ്പോൾ പലപല വിഷമങ്ങളും പേറിയായിരിക്കും നിങ്ങൾ ഒരു വയൽസേവനയോഗത്തിനു പോകുന്നത്. പക്ഷേ വയൽസേവനം കഴിഞ്ഞ് തിരിച്ചുവരുന്നതോ? പുത്തൻ ഉണർവോടെ!
5. ജ്ഞാനത്തോടെ പ്രവർത്തിക്കുന്നതിന്റെ പ്രതിഫലം എന്താണ്?
5 വാസ്തവത്തിൽ, ദൈവികമാർഗനിർദേശങ്ങൾ ജീവിതത്തിൽ ബാധകമാക്കുന്നതാണു ജ്ഞാനം എന്നതുകൊണ്ട് അർഥമാക്കുന്നത്. (യാക്കോ. 3:13) ജ്ഞാനികളായിരിക്കാൻ നമ്മൾ നടത്തുന്ന എല്ലാ ശ്രമങ്ങളും തക്ക മൂല്യമുള്ളതാണ്. “നീ ആഗ്രഹിക്കുന്നതൊന്നും അതിനു തുല്യമാകില്ല. . . . അതു കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷമായിരിക്കും; അതിനെ മുറുകെ പിടിക്കുന്നവർ സന്തുഷ്ടർ എന്ന് അറിയപ്പെടും.” (സുഭാ. 3:13-18) യേശു പറഞ്ഞു: “ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ നിങ്ങൾ അതനുസരിച്ച് പ്രവർത്തിക്കുകകൂടെ ചെയ്താൽ സന്തോഷമുള്ളവരായിരിക്കും.” (യോഹ. 13:17) യേശു പറഞ്ഞതുപോലെ എപ്പോഴും പ്രവർത്തിക്കുകയാണെങ്കിൽ ശിഷ്യന്മാരുടെ സന്തോഷം നിലനിൽക്കുമായിരുന്നു. അവർ അങ്ങനെതന്നെ ചെയ്തു. യേശുവിന്റെ പഠിപ്പിക്കൽ സ്വീകരിക്കാനും യേശുവിന്റെ മാതൃകയനുസരിച്ച് ജീവിക്കാനും ഉള്ള അവരുടെ തീരുമാനം വികാരത്തിന്റെ പുറത്ത് പെട്ടെന്ന് എടുത്ത ഒന്നല്ലായിരുന്നു. അതുകൊണ്ട് ആ തീരുമാനത്തിനനുസരിച്ച് അവർ ജീവിച്ചു.
6. നമ്മൾ എല്ലായ്പോഴും പഠിച്ചതനുസരിച്ച് പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
6 സത്യമാണെന്നു നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾ എല്ലാ സാഹചര്യത്തിലും ബാധകമാക്കുന്നതു പ്രധാനമാണ്. ഒരു ദൃഷ്ടാന്തം നോക്കാം, ഒരു മെക്കാനിക്കിനു തന്റെ പണി ചെയ്യാനുള്ള അറിവുണ്ടായിരിക്കും. പക്ഷേ അത് ഉപയോഗിച്ചില്ലെങ്കിൽ അതുകൊണ്ട് പ്രയോജനമുണ്ടാകില്ല. മുമ്പ് അദ്ദേഹം ഇത്തരം പണികളൊക്കെ ചെയ്യുകയും അനുഭവസമ്പത്ത് നേടുകയും ചെയ്തിട്ടുണ്ടാകാം. എന്നാൽ പണിയിലുള്ള വൈദഗ്ധ്യവും ഫലപ്രദത്വവും നഷ്ടപ്പെടാതിരിക്കണമെങ്കിൽ പഠിച്ച പണി ചെയ്തുകൊണ്ടിരിക്കണം. അതുപോലെ ബൈബിളിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ ആദ്യമൊക്കെ നമ്മൾ ഉത്സാഹത്തോടെ ബാധകമാക്കുകയും അതിന്റെ നല്ല ഫലം ആസ്വദിക്കുകയും ചെയ്തിട്ടുണ്ടാകും. എന്നാൽ നിലനിൽക്കുന്ന സന്തോഷം ആസ്വദിക്കണമെങ്കിൽ എല്ലാ ദിവസവും നമ്മൾ താഴ്മയോടെ യഹോവയുടെ മാർഗനിർദേശങ്ങളനുസരിച്ച് ജീവിക്കണം.
7. ബൈബിളിലെ വിശ്വസ്തരായ വ്യക്തികളുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 താഴ്മ പരിശോധിക്കപ്പെടുന്ന ചില സാഹചര്യങ്ങൾ നമുക്കു നോക്കാം. സമാനമായ പ്രശ്നങ്ങൾ നേരിട്ടപ്പോൾ പുരാതനകാലത്തെ വിശ്വസ്തരായവർ എന്തു ചെയ്തെന്നു നമ്മൾ പഠിക്കും. ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നതുകൊണ്ട് മാത്രം നമുക്ക് ആത്മീയാരോഗ്യം ലഭിക്കുകയില്ല. ഓരോ ആശയങ്ങളും എങ്ങനെ വ്യക്തിപരമായി ബാധകമാക്കാമെന്നു ചിന്തിക്കുക. ഒട്ടും വൈകാതെ അതു ബാധകമാക്കുക.
മറ്റുള്ളവരെ നമുക്കു തുല്യരായി കാണുക
8, 9. പ്രവൃത്തികൾ 14:8-15-ൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ പൗലോസ് അപ്പോസ്തലന്റെ താഴ്മയെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
8 “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും അവർ സത്യത്തിന്റെ ശരിയായ അറിവ് നേടണമെന്നും ആണ്” ദൈവത്തിന്റെ ഇഷ്ടം. (1 തിമൊ. 2:4) ഇതുവരെ സത്യം പഠിച്ചിട്ടില്ലാത്ത, വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ആളുകളെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്? ദൈവത്തെക്കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്ന ജൂതന്മാരോടു മാത്രമല്ല അപ്പോസ്തലനായ പൗലോസ് പ്രസംഗിച്ചത്. മറ്റു ദൈവങ്ങളെ ആരാധിച്ചിരുന്ന ആളുകളോടും സന്തോഷവാർത്ത അറിയിച്ചു. അവരോടു സന്തോഷവാർത്ത അറിയിച്ചപ്പോൾ അവർ പ്രതികരിച്ച വിധം പൗലോസിന്റെ താഴ്മ അളക്കുമായിരുന്നു.
9 ഉദാഹരണത്തിന്, പൗലോസിന്റെ ആദ്യത്തെ മിഷനറിയാത്രയ്ക്കിടെ പൗലോസും ബർന്നബാസും ലുക്കവോന്യയിൽ എത്തി. തങ്ങളുടെ ദൈവങ്ങളായ സിയൂസിന്റെയും ഹെർമിസിന്റെയും അവതാരങ്ങളാണു പൗലോസും ബർന്നബാസും എന്നു വിചാരിച്ച് അവിടെയുള്ള ആളുകൾ അവരെ അമാനുഷരെന്നപോലെ ആദരിക്കാൻ തുടങ്ങി. ഈ പുകഴ്ചയിൽ പൗലോസും ബർന്നബാസും മതിമറന്നുപോയോ? ഇതിനു മുമ്പ് സന്ദർശിച്ച രണ്ടു പട്ടണങ്ങളിലും നേരിട്ട കടുത്ത ഉപദ്രവങ്ങൾ മറക്കാനുള്ള ഒരു അവസരമാണ് ഇതെന്ന് അവർ ചിന്തിച്ചുകാണുമോ? ഈ അംഗീകാരം സന്തോഷവാർത്ത പ്രസംഗിക്കുന്നതു കൂടുതൽ എളുപ്പമാക്കിത്തീർക്കുമെന്ന് അവർക്കു തോന്നിയോ? അങ്ങനെയുള്ള ചിന്തകളൊന്നും അവരുടെ മനസ്സിലേക്കു വന്നില്ല. പകരം ജനങ്ങളുടെ പ്രവൃത്തിയെ അവർ വിലക്കുകയാണു ചെയ്തത്. തങ്ങളുടെ വസ്ത്രം കീറിക്കൊണ്ട് ജനക്കൂട്ടത്തിന് ഇടയിലേക്ക് ഓടിച്ചെന്ന് അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലുള്ള സാധാരണമനുഷ്യരാണ്.”—പ്രവൃ. 14:8-15.
10. പൗലോസും ബർന്നബാസും ലുക്കവോന്യക്കാരും തുല്യരായിരുന്നത് ഏത് അർഥത്തിൽ?
10 അപൂർണമനുഷ്യരെന്ന നിലയിൽ തങ്ങൾ ലുക്കവോന്യക്കാർക്കു തുല്യരാണെന്നു പറഞ്ഞപ്പോൾ പൗലോസും ബർന്നബാസും ഇരുകൂട്ടരുടെയും ആരാധനാരീതി ഒന്നുതന്നെയാണെന്ന് അർഥമാക്കിയില്ല. അവർ രണ്ടു പേരും പ്രത്യേകനിയമനമുള്ള മിഷനറിമാരായിരുന്നു. (പ്രവൃ. 13:2) അതുപോലെ അവർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവരും മഹത്തായ ഒരു പ്രത്യാശയുള്ളവരും ആയിരുന്നു. പക്ഷേ ലുക്കവോന്യക്കാർ സന്തോഷവാർത്ത സ്വീകരിച്ചാൽ അവർക്കും തങ്ങളെപ്പോലെ സ്വർഗീയപ്രത്യാശ ലഭിക്കും എന്ന കാര്യം പൗലോസും ബർന്നബാസും മനസ്സിലാക്കി.
11. പ്രസംഗപ്രവർത്തനത്തിൽ നമുക്കു പൗലോസിന്റെ താഴ്മ എങ്ങനെ അനുകരിക്കാം?
11 നമുക്ക് എങ്ങനെ പൗലോസിന്റെ താഴ്മ അനുകരിക്കാം? ഒന്നാമത്, യഹോവയുടെ ശക്തികൊണ്ട് ചെയ്യുന്ന കാര്യങ്ങളെപ്രതി മറ്റുള്ളവർ നമ്മളെ സ്തുതിക്കാൻ പ്രതീക്ഷിക്കരുത്, നമ്മൾ അത്തരം സ്തുതി സ്വീകരിക്കുകയും അരുത്. ഇങ്ങനെയുള്ള ഏതു പ്രലോഭനത്തെയും നമ്മൾ ചെറുക്കണം. നമ്മൾ ഓരോരുത്തരും ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്: ‘എന്റെ പ്രദേശത്തുള്ള ആളുകളെ ഞാൻ എങ്ങനെയാണു കാണുന്നത്? ഏതെങ്കിലും പ്രത്യേക കൂട്ടത്തിൽപ്പെട്ടവരോട് ഇന്നു പൊതുവേ ആളുകൾക്കുള്ള മുൻവിധി എനിക്കുമുണ്ടോ?’ സന്തോഷകരമെന്നു പറയട്ടെ, ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രദേശത്തുള്ള വ്യത്യസ്തഭാഷക്കാരായ ആളുകളെ അന്വേഷിക്കുന്നു. സന്തോഷവാർത്ത കഴിയുന്നത്ര ആളുകളെ അറിയിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ചിലപ്പോൾ അതിനുവേണ്ടി പൊതുവേ സമൂഹം താഴ്ന്നവരായി കണക്കാക്കുന്ന ആളുകളുടെ ഭാഷയും രീതികളും ഒക്കെ അവർ പഠിക്കുന്നു. എന്നാൽ ഇങ്ങനെയുള്ള ആളുകളോടു പ്രസംഗിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ തങ്ങൾ ഒരു തരത്തിലും അവരെക്കാൾ ഉയർന്നവരാണെന്നു ഭാവിക്കാറില്ല. പകരം അവർ ഓരോരുത്തരെയും മനസ്സിലാക്കാനും രാജ്യസന്ദേശം അവരുടെ ഹൃദയങ്ങളിൽ എത്തിക്കാനും ശ്രമിക്കുന്നു.
പേരെടുത്ത് പറഞ്ഞ് മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക
12. മറ്റുള്ളവരുടെ ക്ഷേമത്തിൽ തനിക്ക് ആത്മാർഥമായ താത്പര്യമുണ്ടെന്ന് എപ്പഫ്രാസ് എങ്ങനെയാണു തെളിയിച്ചത്?
12 ദൈവത്തിൽനിന്നുള്ള മാർഗനിർദേശം താഴ്മയോടെ അനുസരിക്കുന്നെന്നു കാണിക്കാനുള്ള മറ്റൊരു വിധം, നമ്മുടേതുപോലുള്ള ‘അമൂല്യമായ ഒരു വിശ്വാസം നേടിയെടുക്കുന്നവർക്കുവേണ്ടി’ പ്രാർഥിക്കുന്നതാണ്. (2 പത്രോ. 1:1) അങ്ങനെ ചെയ്ത ഒരാളാണ് എപ്പഫ്രാസ്. ബൈബിൾ അദ്ദേഹത്തിന്റെ പേര് നാലു തവണ മാത്രമാണു പരാമർശിക്കുന്നത്. നാലും പൗലോസിന്റെ കത്തുകളിലാണ്. “എപ്പഫ്രാസ് (അവർക്കുവേണ്ടി) നിരന്തരം തീവ്രമായി പ്രാർഥിക്കുന്നുണ്ട്” എന്നു കൊലോസ്യയിലെ ക്രിസ്ത്യാനികൾക്കു റോമിൽ വീട്ടുതടങ്കലിൽ ആയിരുന്ന സമയത്ത് പൗലോസ് എഴുതി. (കൊലോ. 4:12) എപ്പഫ്രാസിനു സഹോദരങ്ങളുടെ സാഹചര്യം നന്നായി അറിയാമായിരുന്നു, അവരുടെ ക്ഷേമത്തിൽ അങ്ങേയറ്റം താത്പര്യവുമുണ്ടായിരുന്നു. പൗലോസ് അദ്ദേഹത്തെ ‘സഹതടവുകാരൻ’ എന്നു വിളിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലായിട്ടും മറ്റു സഹോദരങ്ങളുടെ ആത്മീയാവശ്യങ്ങളെക്കുറിച്ച് എപ്പഫ്രാസിനു ചിന്തയുണ്ടായിരുന്നു. (ഫിലേ. 23) അദ്ദേഹം തന്നെക്കൊണ്ട് സാധിക്കുന്നതു ചെയ്തു. സ്നേഹത്തിന്റെയും കരുതലിന്റെയും തെളിവല്ലേ ഇത്? സഹോദരങ്ങൾക്കുവേണ്ടി നമ്മൾ നടത്തുന്ന പ്രാർഥനകൾക്കു ശരിക്കും ശക്തിയുണ്ട്. പ്രത്യേകിച്ച്, ഓരോരുത്തരുടെയും കാര്യം പേരെടുത്ത് പറഞ്ഞ് അവർക്കുവേണ്ടി പ്രാർഥിക്കുമ്പോൾ.—2 കൊരി. 1:11; യാക്കോ. 5:16.
13. പ്രാർഥിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക് എപ്പഫ്രാസിന്റെ മാതൃക എങ്ങനെ അനുകരിക്കാം?
13 നിങ്ങൾക്കു പേരെടുത്ത് പ്രാർഥിക്കാൻ കഴിയുന്ന ആളുകളെക്കുറിച്ച് ചിന്തിക്കുക. എപ്പഫ്രാസിനെപ്പോലെ, ധാരാളം സഹോദരീസഹോദരന്മാർ അവരുടെ സഭയിലെ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു. അവരിൽ ഭാരിച്ച കുടുംബോത്തരവാദിത്വങ്ങൾ വഹിക്കുന്നവരുണ്ട്, ഗൗരവമേറിയ തീരുമാനങ്ങൾ എടുക്കേണ്ടവരുണ്ട്, പ്രലോഭനങ്ങൾ നേരിടുന്നവരുണ്ട്, അങ്ങനെയുള്ളവർക്കുവേണ്ടിയെല്ലാം അവർ പ്രാർഥിക്കുന്നു. jw.org-ലെ “വിശ്വാസത്തിനുവേണ്ടി തടവിലായിരിക്കുന്ന യഹോവയുടെ സാക്ഷികൾ” [വാർത്താജാലകം> നിയമപരമായ സംഭവവികാസങ്ങൾ (NEWSROOM > LEGAL DEVELOPMENTS) എന്നതിനു കീഴിൽ നോക്കുക.] എന്ന ലേഖനത്തിൽ പേര് പറഞ്ഞിരിക്കുന്നവർക്കുവേണ്ടി ധാരാളം പേർ പ്രാർഥിക്കുന്നു. കൂടാതെ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടവർ, അടുത്ത കാലത്ത് ദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും കെടുതികൾ അനുഭവിച്ചവർ, സാമ്പത്തികപ്രതിസന്ധി നേരിടുന്നവർ തുടങ്ങിയവർക്കുവേണ്ടിയും പ്രാർഥിക്കാം. നമ്മുടെ പ്രാർഥന ആവശ്യമുള്ള, അതിന്റെ പ്രയോജനം നേടാൻ കഴിയുന്ന അനേകം സഹോദരീസഹോദരന്മാരുണ്ട് എന്ന കാര്യം വ്യക്തമാണ്. അങ്ങനെയുള്ളവർക്കുവേണ്ടി പ്രാർഥിക്കുമ്പോൾ, നമ്മൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യംകൂടെ നോക്കുന്നു എന്നു തെളിയിക്കുകയാണ്. (ഫിലി. 2:4) യഹോവ അങ്ങനെയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു.
‘കേൾക്കാൻ തിടുക്കമുള്ളവരായിരിക്കുക’
14. യഹോവ ഏറ്റവും നല്ല ശ്രോതാവാണെന്നു പറയുന്നത് എന്തുകൊണ്ട്?
14 മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കാനുള്ള മനസ്സൊരുക്കമാണു നമ്മുടെ താഴ്മ വെളിപ്പെടുത്തുന്ന മറ്റൊരു മണ്ഡലം. യാക്കോബ് 1:19 പറയുന്നത്, നമ്മൾ ‘കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം’ എന്നാണ്. ഇക്കാര്യത്തിൽ യഹോവ അത്യുത്തമമാതൃകയാണ്. (ഉൽപ. 18:32; യോശു. 10:14) പുറപ്പാട് 32:11-14-ൽ (വായിക്കുക.) രേഖപ്പെടുത്തിയിരിക്കുന്ന സംഭാഷണത്തിൽനിന്നും നമുക്ക് എന്തു പഠിക്കാമെന്നു നോക്കാം. മോശയുടെ ഉപദേശമൊന്നും ആവശ്യമില്ലായിരുന്നെങ്കിലും മോശയുടെ ഉള്ളിലെ ചിന്തകളെല്ലാം വെളിപ്പെടുത്താൻ യഹോവ അവസരം കൊടുത്തു. ബുദ്ധിശൂന്യമായി ചിന്തിച്ചിട്ടുള്ള ഒരു മനുഷ്യന്റെ വാക്കുകൾ ക്ഷമയോടെ കേട്ടുനിൽക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും നിങ്ങൾ തയ്യാറാകുമോ? എന്നാൽ വിശ്വാസത്തോടെ തന്നെ സമീപിക്കുന്ന മനുഷ്യരെ യഹോവ ക്ഷമയോടെ ശ്രദ്ധിക്കുന്നു.
15. മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം?
15 നമ്മൾ ഓരോരുത്തരും ഇങ്ങനെ ചിന്തിക്കുന്നതു നല്ലതാണ്: ‘അബ്രാഹാം, റാഹേൽ, മോശ, യോശുവ, മനോഹ, ഏലിയ, ഹിസ്കിയ എന്നിവരുമായുള്ള യഹോവയുടെ സംഭാഷണങ്ങൾ കാണിക്കുന്നത് യഹോവ താഴ്മയോടെ ആളുകളോട് ഇടപെടുകയും അവർ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുന്നു എന്നാണ്. യഹോവ അങ്ങനെ ചെയ്തെങ്കിൽ, സഹോദരന്മാരെ ബഹുമാനിക്കാനും അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കാനും അവ നല്ലതെന്നു തോന്നുന്നെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനും എനിക്കും കഴിയില്ലേ? ഇതിൽ ഞാൻ മെച്ചപ്പെടേണ്ടതുണ്ടോ, എന്റെ കുടുംബത്തിലോ സഭയിലോ ഉള്ള ആരെങ്കിലും പറയുന്നതിനു ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടോ? ഇക്കാര്യത്തിൽ ഞാൻ എന്താണു ചെയ്യേണ്ടത്? എനിക്ക് അത് എങ്ങനെ ചെയ്യാം?’—ഉൽപ. 30:6; ന്യായാ. 13:9; 1 രാജാ. 17:22; 2 ദിന. 30:20.
“യഹോവ എന്റെ ദുരവസ്ഥ കാണും”
16. ശിമെയി പ്രകോപിപ്പിച്ചപ്പോൾ ദാവീദ് രാജാവ് എങ്ങനെയാണു പ്രതികരിച്ചത്?
16 മറ്റുള്ളവർ പ്രകോപിപ്പിക്കുമ്പോൾ ആത്മനിയന്ത്രണം നഷ്ടപ്പെടാതിരിക്കാനും താഴ്മ നമ്മളെ സഹായിക്കും. (എഫെ. 4:2) ഇക്കാര്യത്തിൽ നല്ല ഒരു മാതൃക 2 ശമുവേൽ 16:5-13-ൽ (വായിക്കുക.) കാണാം. ദാവീദിനെയും ഭൃത്യന്മാരെയും ശൗൽ രാജാവിന്റെ ഒരു ബന്ധുവായ ശിമെയി നിന്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. വേണമെങ്കിൽ ദാവീദിനു ശിമെയിയുടെ ധിക്കാരം അപ്പോൾത്തന്നെ അവസാനിപ്പിക്കാമായിരുന്നു. പക്ഷേ ദാവീദ് അതെല്ലാം സഹിച്ചു. ആത്മനിയന്ത്രണം പാലിക്കാനുള്ള ശക്തി ദാവീദിന് എങ്ങനെയാണു കിട്ടിയത്? മൂന്നാം സങ്കീർത്തനത്തിൽ ഇതിനുള്ള ഉത്തരമുണ്ട്.
17. ആത്മനിയന്ത്രണം കാണിക്കാൻ ദാവീദിന് എങ്ങനെയാണു കഴിഞ്ഞത്, നമുക്ക് എങ്ങനെ ദാവീദിനെ അനുകരിക്കാം?
17 ‘തന്റെ മകനായ അബ്ശാലോമിന്റെ അടുത്തുനിന്ന് ഓടിപ്പോയപ്പോഴാണു’ ദാവീദ് മൂന്നാം സങ്കീർത്തനം എഴുതിയതെന്ന് അതിന്റെ മേലെഴുത്ത് സൂചിപ്പിക്കുന്നു. 1-ഉം 2-ഉം വാക്യങ്ങൾ 2 ശമുവേൽ 16-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളെക്കുറിച്ചാണു പറയുന്നത്. 4-ാം വാക്യത്തിൽ ദാവീദിന്റെ ഈ ഉറപ്പു നമുക്കു കാണാം: “ഞാൻ യഹോവയെ ഉറക്കെ വിളിക്കും. തന്റെ വിശുദ്ധപർവതത്തിൽനിന്ന് ദൈവം എനിക്ക് ഉത്തരമേകും.” ഇതുപോലെ, ആളുകൾ നമ്മളോടു മോശമായി പെരുമാറുമ്പോൾ നമുക്കും പ്രാർഥിക്കാം. അപ്പോൾ യഹോവ പരിശുദ്ധാത്മാവിനെ നമുക്കു തരും, സഹിച്ചുനിൽക്കാൻ അതു നമ്മളെ സഹായിക്കും. ആത്മനിയന്ത്രണം കാണിക്കേണ്ട ഏതെങ്കിലും സാഹചര്യത്തെക്കുറിച്ച് നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നുണ്ടോ? നിങ്ങളോടു മോശമായി പെരുമാറിയ ആരോടെങ്കിലും നിരുപാധികം ക്ഷമിക്കാൻ കഴിയുന്നുണ്ടോ? നിങ്ങളുടെ ദുരവസ്ഥ യഹോവ കാണുന്നുണ്ടെന്നും നിങ്ങളെ അനുഗ്രഹിക്കുമെന്നും നിങ്ങൾക്ക് ഉറപ്പുണ്ടോ?
“ജ്ഞാനമാണ് ഏറ്റവും പ്രധാനം”
18. ദൈവത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിക്കുന്നതിൽ തുടരുന്നെങ്കിൽ അവ നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
18 ശരിയെന്ന് അറിയാവുന്ന കാര്യങ്ങൾ ചെയ്യുന്നത് അനുഗ്രഹങ്ങളിൽ കലാശിക്കും. “ജ്ഞാനമാണ് ഏറ്റവും പ്രധാനം” എന്നു സുഭാഷിതങ്ങൾ 4:7 പറയുന്നതിൽ അതിശയിക്കാനില്ല! ജ്ഞാനത്തിന് ആധാരം അറിവാണ്. എങ്കിലും കാര്യങ്ങൾ വെറുതേ മനസ്സിലാക്കുന്നതിനെക്കാൾ ഉപരി, ശരിയായ തീരുമാനങ്ങളെടുക്കുന്നതാണു ജ്ഞാനത്തിൽ ഉൾപ്പെടുന്നത്. ഉറുമ്പുകൾപോലും ജ്ഞാനം പ്രകടമാക്കുന്നു. വേനൽക്കാലത്തേക്കുവേണ്ടി ആഹാരം ശേഖരിച്ചുകൊണ്ട് അവ സഹജജ്ഞാനത്തോടെ പ്രവർത്തിക്കുന്നു. (സുഭാ. 30:24, 25) ‘ദൈവജ്ഞാനമായ’ ക്രിസ്തു എപ്പോഴും പിതാവിന് ഇഷ്ടമുള്ളതു ചെയ്യുന്നു. (1 കൊരി. 1:24; യോഹ. 8:29) ശരിയായ തീരുമാനമെടുക്കുന്നതും അതനുസരിച്ച് പ്രവർത്തിക്കുന്നതും രണ്ടും രണ്ടാണ്. താഴ്മയും സഹനശക്തിയും കാണിക്കുകയും സത്യമാണെന്ന് അറിയാവുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് യഹോവ പ്രതിഫലം കൊടുക്കും. (മത്തായി 7:21-23 വായിക്കുക.) അതുകൊണ്ട് സഭയിൽ താഴ്മ എന്ന ഗുണം തഴച്ചുവളരാൻ പറ്റിയ ആത്മീയചുറ്റുപാടുകൾ കാത്തുസൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം. ശരിയാണെന്നു തിരിച്ചറിയുന്ന ചില കാര്യങ്ങൾ ബാധകമാക്കുന്നതിനു വളരെയധികം സമയമെടുത്തേക്കാം. ക്ഷമയോടെയുള്ള ശ്രമവും വേണ്ടിവരും. അതു താഴ്മയുടെ അടയാളമാണ്. ഇപ്പോഴും എന്നേക്കും അതു സന്തോഷം കൈവരുത്തുകയും ചെയ്യും.