അവരുടെ വിശ്വാസം അനുകരിക്കുക
അവൻ തന്റെ ദൈവത്തിൽ ആശ്വാസം കണ്ടെത്തി
ആകാശം ഇരുണ്ടുകൂടുകയാണ്. ശക്തമായ മഴയും ഉണ്ട്. പക്ഷേ, അതൊന്നും വകവെക്കാതെ അങ്ങ് ദൂരെയുള്ള യിസ്രെയേൽ ലക്ഷ്യമാക്കി ഏലിയാവ് ഓടുകയാണ്; ഒരു യുവാവിന്റെ പ്രസരിപ്പോടെ. ഇത്രയധികം ശക്തി തന്റെ ശരീരത്തിലൂടെ പ്രവഹിക്കുന്നതായി മുമ്പൊരിക്കലും അവന് അനുഭവപ്പെട്ടിട്ടില്ല. എന്തിന്, ആഹാബ് രാജാവിന്റെ രഥം വലിച്ചിരുന്ന കുതിരകളെപ്പോലും പിന്നിലാക്കിക്കൊണ്ടാണ് അവൻ ഓടുന്നത്! അത്ര ചെറുപ്പമല്ലാത്ത അവന് ഇതെങ്ങനെ സാധിച്ചു? കാരണം, “യഹോവയുടെ കൈ” അവന്റെമേൽ ഉണ്ടായിരുന്നു.—1 രാജാക്കന്മാർ 18:46.
ആഹാബ് രാജാവിനെ ഏലിയാവ് ഇപ്പോൾ ഏറെ പിന്നിലാക്കിയിരിക്കുന്നു. പക്ഷേ, ലക്ഷ്യത്തിലെത്താൻ ഏലിയാവിന് ഇനിയും വളരെദൂരം പിന്നിടേണ്ടതുണ്ട്. കണ്ണിലേക്കു വീഴുന്ന മഴത്തുള്ളികളെ ചിമ്മിത്തെറിപ്പിച്ചുകൊണ്ട് ഓടുമ്പോഴും സംഭവബഹുലമായ ആ ദിവസത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു അവന്റെ മനസ്സുനിറയെ. അതിനെല്ലാം സാക്ഷ്യംവഹിച്ച കർമേൽ പർവതം ഇപ്പോൾ ബഹുദൂരം പുറകിലാണ്. ശക്തമായ കാറ്റും മഴയും നിമിത്തം അത് അവന്റെ കാഴ്ചയിൽനിന്ന് മറഞ്ഞിരിക്കുന്നു. അവിടെവെച്ചാണ് ഏലിയാവിനെ ഉപയോഗിച്ചുകൊണ്ട് യഹോവ ബാലാരാധനയ്ക്കെതിരെ അതിശക്തവും അത്ഭുതകരവുമായ വിധത്തിൽ ആഞ്ഞടിക്കുകയും നൂറുകണക്കിനുവരുന്ന വഞ്ചകരും ദുഷ്ടരുമായ ബാൽ പ്രവാചകന്മാരുടെ പൊള്ളത്തരം തുറന്നുകാട്ടി അവരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തത്. തുടർന്ന് വരൾച്ചയിൽനിന്ന് ദേശത്തെ മോചിപ്പിക്കാൻ ഏലിയാവ് യഹോവയോട് പ്രാർഥിക്കുകയുണ്ടായി. അങ്ങനെ മൂന്നര വർഷത്തെ വരൾച്ചയ്ക്ക് അറുതിവരുത്തിക്കൊണ്ട് മഴ പെയ്തു. നിശ്ചയമായും ഏലിയാവിന്റെ ദൈവമായ യഹോവയ്ക്കും സത്യാരാധനയ്ക്കും മഹാവിജയം ലഭിച്ച ദിവസമായിരുന്നു അത്!a—1 രാജാക്കന്മാർ 18:18-45.
യിസ്രെയേലിലേക്കുള്ള ആ 30 കിലോമീറ്റർ ദൂരം മഴനനഞ്ഞ് ഓടവെ, മാറ്റങ്ങളുടെ കാറ്റു വീശുന്നതായി അവനു തോന്നിക്കാണും. ആഹാബിന്റെ മനസ്സുമാറും, എല്ലാറ്റിനും ദൃക്സാക്ഷിയായ അവൻ ബാൽ ആരാധന ഉപേക്ഷിക്കും, രാജ്ഞിയായ ഇസബേലിന്റെ ദുഷ്ചെയ്തികൾ തടയാനും യഹോവയുടെ ആരാധകർക്കെതിരെയുള്ള പീഡനങ്ങൾക്ക് അറുതിവരുത്താനും അവൻ തീരുമാനിക്കും—അതെ, ശുഭപ്രതീക്ഷകളായിരുന്നു ഏലിയാവിന്റെ മനസ്സിൽ!
നമ്മുടെ കണക്കുകൂട്ടലിനൊത്ത് കാര്യങ്ങൾ നീങ്ങുന്നതായി തോന്നുമ്പോൾ നമ്മുടെ പ്രതീക്ഷകളും ഉയരും. സാഹചര്യങ്ങൾ തുടർന്നും മെച്ചപ്പെടുമെന്നും നമ്മെ അലട്ടിയിരുന്ന പ്രശ്നങ്ങളെല്ലാം പഴങ്കഥയായി മാറിയിരിക്കുന്നെന്നും നാം ചിന്തിച്ചേക്കാം. ഏലിയാവും അങ്ങനെ ചിന്തിച്ചെങ്കിൽ അത്ഭുതപ്പെടാനില്ല. കാരണം, “നമ്മെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്നു” അവൻ. (യാക്കോബ് 5:17) പക്ഷേ, വാസ്തവത്തിൽ ഏലിയാവിന്റെ പ്രശ്നങ്ങൾ അവസാനിച്ചിരുന്നില്ല. ഏതാനും മണിക്കൂറുകൾക്കകം അവൻ ഭയപരവശനാകുന്നു; മരിച്ചാൽ മതിയെന്ന് തോന്നുന്ന അളവോളം അവൻ നിരാശയിലാണ്ടുപോകുന്നു. എന്താണ് സംഭവിച്ചത്? വിശ്വാസവും ധൈര്യവും വീണ്ടെടുക്കാൻ യഹോവ തന്റെ പ്രവാചകനെ സഹായിച്ചത് എങ്ങനെയാണ്? നമുക്കു നോക്കാം.
അവിചാരിതമായ മാറ്റങ്ങൾ
യിസ്രെയേലിലെ തന്റെ കൊട്ടാരത്തിൽ തിരിച്ചെത്തിയിരിക്കുന്ന ആഹാബ് രാജാവിന് എന്തെങ്കിലും മാറ്റംവന്നതായി കാണപ്പെടുന്നുണ്ടോ? അവൻ കൂടുതൽ ആത്മീയമനസ്കനായിത്തീർന്നോ? നാം വായിക്കുന്നു: “ഏലീയാവു ചെയ്തതൊക്കെയും അവൻ സകലപ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.” (1 രാജാക്കന്മാർ 19:1) അന്നു നടന്ന സംഭവങ്ങളെക്കുറിച്ച് വിവരിച്ചപ്പോൾ ഏലിയാവിന്റെ ദൈവമായ യഹോവയെക്കുറിച്ച് ആഹാബ് പരാമർശിക്കുകപോലും ചെയ്തില്ല. ആത്മീയത ലവലേശം ഇല്ലാതിരുന്ന അവൻ, നടന്നതെല്ലാം മാനുഷികമായ രീതിയിൽ, അതായത് ‘ഏലിയാവു ചെയ്തതായി’ കണക്കാക്കി. അതെ, ആ അത്ഭുതസംഭവങ്ങൾക്കുപിന്നിൽ യഹോവയുടെ കൈയുണ്ടെന്ന വസ്തുത അവൻ അംഗീകരിച്ചില്ല. എന്തായിരുന്നു ഇസബേലിന്റെ പ്രതികരണം?
വാർത്ത കേട്ട ഇസബേൽ കോപംകൊണ്ടു ജ്വലിച്ചു. പ്രതികാരദാഹത്തോടെ അവൾ ഏലിയാവിന് ഇങ്ങനെയൊരു സന്ദേശം അയച്ചു: “നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ.” (1 രാജാക്കന്മാർ 19:2) കൊല്ലപ്പെട്ട ബാൽ പ്രവാചകന്മാരുടെ ജീവനുപകരമായി ഒരു ദിവസത്തിനകം ഏലിയാവിന്റെ ജീവനെടുത്തില്ലെങ്കിൽ താൻ സ്വയം ജീവനൊടുക്കുമെന്ന പ്രതിജ്ഞയായിരുന്നു ഫലത്തിൽ ഇത്. ഉഗ്രഭീഷണിയാണ് അവൾ മുഴക്കിയിരിക്കുന്നത്; അതെ, ഏലിയാവിനുള്ള മരണവാറണ്ട്! കാറ്റും മഴയും ഉള്ള ആ രാത്രിയിൽ യിസ്രെയേലിലെ ഏതോ കുടിലിൽ വിശ്രമിക്കുകയായിരുന്ന ഏലിയാവിനെ മനസ്സിൽക്കാണുക. അവനെ ഉറക്കമുണർത്തിയത് രാജ്ഞിയുടെ നടുക്കുന്ന ആ സന്ദേശമാണ്. അത് അവനെ എങ്ങനെ ബാധിച്ചിട്ടുണ്ടാകും?
നിരുത്സാഹത്തിന്റെയും ഭയത്തിന്റെയും പിടിയിൽ
ബാലാരാധനയ്ക്കെതിരെയുള്ള പോരാട്ടം ഏറെക്കുറെ അവസാനിച്ചെന്നു കരുതി ഏലിയാവ് ആഹ്ലാദിച്ചിരുന്നെങ്കിൽ ഇപ്പോൾ ഏലിയാവിന്റെ പ്രതീക്ഷകളെല്ലാം തകർന്നുടഞ്ഞിരിക്കണം. ഇസബേലിന് തരിമ്പുപോലും ഇളക്കം തട്ടിയിട്ടില്ല. ഏലിയാവിന്റെ വിശ്വസ്തരായ അനേകം സഹകാരികളെ വധിച്ചിട്ടുള്ള അവളുടെ അടുത്ത ഇര ആരാണെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. “അവൻ ഭയപ്പെട്ടു” എന്ന് ബൈബിൾ പറയുന്നു. ഇസബേൽ തന്നെ അതിമൃഗീയമായി വധിക്കാൻ പോകുന്നത് എങ്ങനെയായിരിക്കും എന്നൊക്കെ ഏലിയാവ് ചിന്തിച്ചിട്ടുണ്ടാകുമോ? അതേക്കുറിച്ചൊക്കെ ചിന്തിച്ചിരുന്നെങ്കിൽ അവന്റെ ധൈര്യം ചോർന്നുപോകുമായിരുന്നു എന്നതിൽ രണ്ടുപക്ഷമില്ല. എന്തുതന്നെയായാലും, ഏലിയാവ് “ജീവരക്ഷെക്കായി പുറപ്പെട്ടു” എന്ന് തിരുവെഴുത്ത് പറയുന്നു. അതെ, അവൻ പ്രാണരക്ഷാർഥം അവിടെനിന്ന് ഓടിപ്പോയി.—1 രാജാക്കന്മാർ 18:4; 19:3.
വിശ്വസ്ത ദൈവദാസന്മാരിൽ ഭയത്തിന്റെ പിടിയിലമർന്നിട്ടുള്ളത് ഏലിയാവ് മാത്രമല്ല. ഏറെ കാലങ്ങൾക്കുശേഷം ജീവിച്ചിരുന്ന പത്രോസ് അപ്പൊസ്തലനും ഏതാണ്ട് ഇതുപോലൊരു അനുഭവം ഉണ്ടായി. ഒരിക്കൽ, യേശുവിന്റെ ക്ഷണപ്രകാരം അവനോടൊപ്പം വെള്ളത്തിന്മീതെ നടന്നുതുടങ്ങിയ പത്രോസ്, “ശക്തമായ കാറ്റുകണ്ട്” ഭയന്നുപോയി, അവൻ മുങ്ങിത്താഴാൻ തുടങ്ങി. (മത്തായി 14:30) ഏലിയാവിന്റെയും പത്രോസിന്റെയും അനുഭവങ്ങൾ നമ്മെ ഒരു സുപ്രധാന പാഠം പഠിപ്പിക്കുന്നു: ധൈര്യം നഷ്ടപ്പെടാതിരിക്കണമെങ്കിൽ, നമ്മെ ഭയപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് നാം ചിന്തിച്ചുകൊണ്ടിരിക്കരുത്. പകരം, പ്രത്യാശയുടെയും ബലത്തിന്റെയും ഉറവായ ദൈവത്തിലേക്കു നോക്കുക.
‘എനിക്കു മതിയായി’
പേടിച്ചരണ്ട ഏലിയാവ് തെക്കുപടിഞ്ഞാറൻ ദിശയിലേക്കു പലായനം ചെയ്യുന്നു. യെഹൂദയുടെ തെക്കേ അതിർത്തിയിലുള്ള ഒരു പട്ടണമായ ബേർ-ശേബയിലേക്കാണ് അവൻ ഓടിപ്പോകുന്നത്. ഏകദേശം 150 കിലോമീറ്റർ അകലെയാണ് അത്. തന്റെ ഭൃത്യനെ അവിടെ ആക്കിയിട്ട് അവൻ മരുഭൂമിയിലേക്കു പോയി. “ഒരു ദിവസത്തെ വഴി” അവൻ മരുഭൂമിയിലൂടെ സഞ്ചരിച്ചു എന്ന് ബൈബിൾ വിവരണം പറയുന്നു. സൂര്യോദയത്തിങ്കൽത്തന്നെ അവൻ തന്റെ യാത്ര ആരംഭിച്ചിട്ടുണ്ടാകണം. അവന്റെ കയ്യിൽ ആഹാരമോ മറ്റ് അവശ്യവസ്തുക്കളോ ഉണ്ടായിരിക്കാൻ സാധ്യതയില്ല. വിഷാദചിത്തനായി, പരിഭ്രാന്തനായി, ദുർഘടംപിടിച്ച വിജനമായ ഒരു പ്രദേശത്തുകൂടെ പൊരിവെയിലിൽ നടന്നുനീങ്ങുന്ന അവനെ നിങ്ങൾക്ക് ഭാവനയിൽ കാണാനാകുന്നുണ്ടോ? കത്തിജ്വലിച്ചിരുന്ന സൂര്യൻ സാവധാനം ചുവന്നുതുടുത്ത് ചക്രവാളത്തിലേക്കു താഴാൻ തുടങ്ങുമ്പോഴേക്കും ഏലിയാവിന്റെ ഊർജമെല്ലാം ചോർന്നുപോയിരുന്നു. ക്ഷീണിച്ച് അവശനായ അവൻ വരണ്ടുണങ്ങിയ ആ പ്രദേശത്ത് ആകെയുണ്ടായിരുന്ന ഒരു മുൾച്ചെടിയുടെ ചുവട്ടിൽ ഇരുന്നു.—1 രാജാക്കന്മാർ 19:4.
അങ്ങേയറ്റം നിരാശനായ ഏലിയാവ് ദൈവത്തോടു പ്രാർഥിക്കുന്നു. മരിച്ചാൽമതി എന്നുപോലും വിചാരിച്ചുകൊണ്ട് അവൻ ഇങ്ങനെ വിലപിച്ചു: “എന്റെ പിതാക്കന്മാരെക്കാൾ ഒട്ടും മെച്ചമല്ല ഞാൻ.” ശവക്കുഴിയിൽ കിടക്കുന്ന തന്റെ പൂർവികരെല്ലാം വെറും അസ്ഥിയും പൊടിയുമായി ആർക്കും ഒരു നന്മയും ചെയ്യാനാകാത്ത അവസ്ഥയിൽ കഴിയുകയാണെന്ന് അവന് അറിയാമായിരുന്നു. (സഭാപ്രസംഗി 9:10) താനും ഒന്നിനും കൊള്ളാത്തവനാണെന്നു തോന്നിയ അവൻ എന്തിനിനി ജീവിക്കണം എന്നു ചിന്തിച്ചുപോയി. ‘എനിക്കു മതിയായി’ എന്ന് അവൻ ഉറക്കെ നിലവിളിച്ചതിൽ അതിശയിക്കാനുണ്ടോ?
ദൈവത്തിന്റെ ഒരു വിശ്വസ്ത ആരാധകൻ നിരാശയ്ക്ക് അടിപ്പെടുകയോ! ആശ്ചര്യം തോന്നേണ്ടതില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ അതിദുഃഖത്തിലാഴ്ന്ന് മരിക്കാൻ ആഗ്രഹിച്ച വിശ്വസ്തരായ പല സ്ത്രീപുരുഷന്മാരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. അവരിൽ ചിലരാണ് റിബെക്കാ, യാക്കോബ്, മോശ, ഇയ്യോബ് എന്നിവർ.—ഉല്പത്തി 25:22; 37:35; സംഖ്യാപുസ്തകം 11:13-15; ഇയ്യോബ് 14:13.
നാം ജീവിക്കുന്നത് “ദുഷ്കരമായ സമയ”ങ്ങളിലാണ്. (2 തിമൊഥെയൊസ് 3:1) അതുകൊണ്ടുതന്നെ ചില സന്ദർഭങ്ങളിൽ അനേകരുടെയും, എന്തിന് ദൈവത്തിന്റെ വിശ്വസ്തദാസന്മാരുടെപോലും മനസ്സിടിഞ്ഞു പോകാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലൂടെ നിങ്ങൾ എപ്പോഴെങ്കിലും കടന്നുപോകുന്നെങ്കിലോ? ഏലിയാവിന്റെ മാതൃക അനുകരിക്കുക: നിങ്ങളുടെ ഹൃദയം ദൈവമുമ്പാകെ പകരുക. “സർവാശ്വാസത്തിന്റെയും ദൈവ”മാണല്ലോ യഹോവ. (2 കൊരിന്ത്യർ 1:3) ആകട്ടെ, ഏലിയാവിനെ അവൻ ആശ്വസിപ്പിച്ചോ?
യഹോവ തന്റെ പ്രവാചകനെ പുലർത്തുന്നു
തന്റെ പ്രിയ പ്രവാചകൻ ആ മരുഭൂമിയിൽ മുൾച്ചെടിയുടെ ചുവട്ടിൽ ഇരുന്ന് മരണത്തിനായി കേഴുന്നത് സ്വർഗത്തിലിരുന്ന് കണ്ടപ്പോൾ യഹോവയ്ക്ക് എന്തു തോന്നിക്കാണും? അതേക്കുറിച്ച് നാം ഊഹാപോഹങ്ങൾ നടത്തേണ്ടതില്ല. ഉറക്കത്തിലേക്ക് വഴുതിവീണ ഏലിയാവിന്റെ അടുക്കലേക്ക് യഹോവ ഒരു ദൂതനെ അയച്ചു എന്ന് വിവരണം പറയുന്നു. ചൂടുള്ള അപ്പവും കുറച്ച് വെള്ളവും ദൂതൻ ഏലിയാവിന് ഒരുക്കിവെച്ചശേഷം പതുക്കെ അവനെ തൊട്ടുണർത്തിക്കൊണ്ട് ഇങ്ങനെ പറയുന്നു: “എഴുന്നേററു തിന്നുക.” ദൂതൻ പറഞ്ഞത് അവൻ അനുസരിച്ചു. പക്ഷേ, അവൻ ദൂതനോട് നന്ദിപറഞ്ഞോ? പ്രവാചകൻ അത് ഭക്ഷിച്ച് വീണ്ടും കിടന്നുറങ്ങി എന്നുമാത്രമേ വിവരണത്തിൽ കാണുന്നുള്ളൂ. സംസാരിക്കാൻപോലും പറ്റാത്തത്ര നിരാശയിൽ ആയിരുന്നതുകൊണ്ടാണോ അവൻ അങ്ങനെ പെരുമാറിയത്? എന്തായാലും പുലർച്ചെയോടെ ആയിരിക്കാം, ദൂതൻ അവനെ രണ്ടാമതും വിളിച്ചുണർത്തി. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “എഴുന്നേറ്റു തിന്നുക.” ശ്രദ്ധേയമായ മറ്റൊരു കാര്യംകൂടി ദൂതൻ ഏലിയാവിനോട് പറയുന്നു: “നിനക്കു ദൂരയാത്ര ചെയ്വാനുണ്ടല്ലോ.”—1 രാജാക്കന്മാർ 19:5-7.
ഏലിയാവ് എങ്ങോട്ടാണു യാത്രചെയ്യേണ്ടതെന്നും സ്വന്തം ശക്തികൊണ്ട് അവന് ആ യാത്ര പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ദൈവം ദൂതന് വെളിപ്പെടുത്തിയിരുന്നു. നമ്മുടെ ലക്ഷ്യങ്ങളും പരിമിതികളും ഒക്കെ നമ്മെക്കാൾ ഏറെ മെച്ചമായി മനസ്സിലാക്കുന്ന ഒരു ദൈവത്തെ സേവിക്കാനാകുന്നത് എത്ര ആശ്വാസകരമാണ്! (സങ്കീർത്തനം 103:13, 14) ശരി, ദൂതൻ മുഖാന്തരം ലഭിച്ച ഭക്ഷണം ഏലിയാവിനെ ബലപ്പെടുത്തിയോ?
“അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു” എന്ന് ബൈബിൾ പറയുന്നു. (1 രാജാക്കന്മാർ 19:8) അതെ, ഏലിയാവ് നാൽപ്പതു രാവും പകലും ഭക്ഷണം കഴിക്കാതെ യാത്രചെയ്തു. ഏലിയാവിന് ഏകദേശം ആറുനൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചിരുന്ന മോശയും ഏതാണ്ട് പത്തുനൂറ്റാണ്ടുകൾക്കിപ്പുറം ജീവിച്ചിരുന്ന യേശുവും നാൽപ്പതു രാവും പകലും ഉപവസിച്ചതായി ബൈബിൾരേഖ കാണിക്കുന്നു. (പുറപ്പാടു 34:28; ലൂക്കോസ് 4:1, 2) ദൈവദൂതൻ നൽകിയ ആഹാരം ഏലിയാവിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചില്ല എന്നതു ശരിയാണ്. പക്ഷേ, പ്രായംചെന്ന ആ മനുഷ്യൻ ദിവസങ്ങളോ ആഴ്ചകളോ അല്ല ഏതാണ്ട് ഒന്നരമാസമാണ് പാതയൊന്നുമില്ലാത്ത മണലാരണ്യത്തിലൂടെ സഞ്ചരിച്ചത്! അത്ഭുതകരമായ വിധത്തിൽ ദൈവം അവനെ പുലർത്തി എന്നല്ലേ അത് സൂചിപ്പിക്കുന്നത്!
യഹോവ ഇന്നും തന്റെ ദാസന്മാരെ പുലർത്തുന്നു—അത്ഭുതകരമായി ഭൗതിക ആഹാരം നൽകിക്കൊണ്ടല്ല, അതിനെക്കാൾ ഏറെ പ്രാധാന്യമുള്ള ആത്മീയ ആഹാരം നൽകിക്കൊണ്ട്. (മത്തായി 4:4) ദൈവവചനമായ ബൈബിളും അതിനെ അടിസ്ഥാനമാക്കിയുള്ള പ്രസിദ്ധീകരണങ്ങളും, ദൈവത്തെക്കുറിച്ചു പഠിച്ചുകൊണ്ട് ആത്മീയമായി ബലിഷ്ഠരായി നിൽക്കാൻ നമ്മെ സഹായിക്കും. അത്തരം ആത്മീയ ആഹാരം നമ്മുടെ എല്ലാ പ്രശ്നങ്ങളും നീക്കിയെന്നുവരില്ല. പക്ഷേ, സഹിച്ചുനിൽക്കാൻ അത് നമ്മെ പ്രാപ്തരാക്കും. അല്ലാത്തപക്ഷം നമുക്ക് അതിനു കഴിഞ്ഞെന്നുവരില്ല. മാത്രമല്ല, ആത്മീയ ആഹാരം നമ്മെ ‘നിത്യജീവനി’ലേക്കും നയിക്കും.—യോഹന്നാൻ 17:3.
ഏകദേശം 320 കിലോമീറ്റർ താണ്ടി ഒടുവിൽ ഏലിയാവ് ഹോരേബ് പർവതത്തിൽ എത്തി. വളരെക്കാലങ്ങൾക്കുമുമ്പ് യഹോവയാംദൈവം ദൂതനിലൂടെ കത്തിജ്വലിക്കുന്ന മുൾപ്പടർപ്പുകൾക്കിടയിൽ മോശയ്ക്ക് പ്രത്യക്ഷനായതും പിന്നീട്, ഇസ്രായേൽ ജനതയുമായി യഹോവ ന്യായപ്രമാണ ഉടമ്പടി ചെയ്തതും അവിടെവെച്ചാണ്. ഇപ്പോൾ അവിടെ ഒരു ഗുഹയിൽ ഏലിയാവ് അഭയം തേടുന്നു.
യഹോവ പ്രവാചകനെ ആശ്വസിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നു
ഹോരേബ് പർവതത്തിൽവെച്ച്, സാധ്യതയനുസരിച്ച് ഒരു ദൂതൻ മുഖാന്തരം ഏലിയാവിന് യഹോവയുടെ ‘അരുളപ്പാട്’ ഉണ്ടായി. “ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം” എന്ന് യഹോവ ചോദിച്ചു. വളരെ സൗമ്യമായിട്ടായിരിക്കണം ഈ ചോദ്യം ചോദിച്ചത്. കാരണം, തന്റെ ഉള്ളിലുള്ളതെല്ലാം തുറന്നുപറയാൻ അവൻ പ്രേരിതനായി. അവൻ ഇങ്ങനെ പറഞ്ഞു: “സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു.” (1 രാജാക്കന്മാർ 19:9, 10) കുറഞ്ഞത് മൂന്നുകാര്യങ്ങൾ ഏലിയാവിന്റെ മനോബലം ചോർത്തിക്കളഞ്ഞെന്ന് അവന്റെ വാക്കുകളിൽനിന്നു വ്യക്തമാണ്.
ഒന്നാമതായി, തന്റെ അധ്വാനമെല്ലാം പാഴായിപ്പോയെന്ന് ഏലിയാവ് കരുതി. വർഷങ്ങളോളം യഹോവയുടെ സേവനത്തിൽ “വളരെ ശുഷ്കാന്തി”യോടെ പ്രവർത്തിച്ചിട്ടും ദൈവത്തിന്റെ പരിപാവന നാമത്തിനും ആരാധനയ്ക്കും പ്രഥമസ്ഥാനം നൽകിയിട്ടും ജനം അവിശ്വസ്തരും മത്സരികളും ആയി തുടരുന്നു, വ്യാജാരാധന വ്യാപകമാകുന്നു. അവസ്ഥകൾ കൂടുതൽ വഷളാകുന്നതായി അവനു തോന്നി. രണ്ടാമതായി, “ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു” എന്നാണ് അവൻ പറഞ്ഞത്. ഇപ്പോൾ ദേശത്ത് യഹോവയെ സേവിക്കാൻ തന്നോടൊപ്പം മറ്റാരുമില്ല, താൻ തനിച്ചായതായി അവന് അനുഭവപ്പെട്ടു. മൂന്നാമതായി, ഏലിയാവിനെ ഭയം പിടികൂടി: സഹപ്രവാചകന്മാരിൽ പലരും വധിക്കപ്പെട്ടു, അടുത്തത് അവന്റെ ഊഴമാണെന്ന് ഉറപ്പായിരിക്കുന്നു. തന്റെ മനോബലം ചോർത്തിക്കളഞ്ഞ ഈ കാര്യങ്ങളൊക്കെ തുറന്നുസമ്മതിക്കാൻ ഏലിയാവിന് അത്ര എളുപ്പമായിരുന്നിരിക്കില്ല. പക്ഷേ, ദുരഭിമാനമോ നാണക്കേടോ അവനെ അതിൽനിന്നു തടഞ്ഞില്ല. ഹൃദയത്തിലുള്ളതെല്ലാം തന്റെ ദൈവത്തോടു തുറന്നുപറഞ്ഞ അവൻ വിശ്വസ്തരായ എല്ലാവർക്കും എത്ര നല്ല മാതൃകയാണ്!—സങ്കീർത്തനം 62:8.
ഏലിയാവിന്റെ ഭയത്തെയും ഉത്കണ്ഠയെയും നീക്കാൻ യഹോവ എന്താണ് ചെയ്തത്? ഗുഹാമുഖത്ത് വന്നുനിൽക്കാൻ ദൂതൻ ഏലിയാവിനോട് ആവശ്യപ്പെട്ടു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവന് ഒരു ഊഹവുമില്ലായിരുന്നു. എങ്കിലും അവൻ ദൂതനെ അനുസരിച്ചു. പെട്ടെന്ന്, ശക്തിയുള്ള ഒരു കൊടുങ്കാറ്റ് വീശി! പർവതങ്ങളെപ്പോലും പിളർന്ന് പാറകളെപ്പോലും തകർത്ത അത് കാതടപ്പിക്കുന്ന മുഴക്കത്തോടെ ആയിരിക്കണം ആഞ്ഞടിച്ചത്. അതിശക്തമായ കാറ്റ് വീശിയടിക്കുമ്പോൾ കണ്ണുകൾ മറയ്ക്കാൻ ശ്രമിക്കുന്ന, തന്റെ കട്ടിയുള്ള രോമക്കുപ്പായം കാറ്റിൽ പറന്നുപോകാതെ പിടിച്ചുനിറുത്താൻ പണിപ്പെടുന്ന ഏലിയാവിനെ ഒന്നു ഭാവനയിൽ കാണൂ. തുടർന്ന്, വലിയൊരു ഭൂകമ്പം ഉണ്ടായി! നിന്നിരുന്ന ഇടം കുലുങ്ങുമ്പോൾ സ്വസ്ഥാനത്ത് ഉറച്ചുനിൽക്കാൻ ഏലിയാവ് പാടുപെടുന്നു. ആ നടുക്കത്തിൽനിന്ന് മോചിതനാകുംമുമ്പ് വലിയൊരു തീ ഉണ്ടായി! അത്യുഗ്രമായ ചൂടിൽനിന്ന് രക്ഷപ്പെടുന്നതിന് ഗുഹയിലേക്ക് ഉൾവലിയാൻ അവൻ നിർബന്ധിതനാകുന്നു.—1 രാജാക്കന്മാർ 19:11, 12.
ഈ വിവരണം ഒരു കാര്യം നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നു: പ്രകൃതിശക്തികളുടെ അതിഗംഭീരമായ പ്രകടനങ്ങളിലൊന്നും യഹോവ ഉണ്ടായിരുന്നില്ല. വ്യാജദൈവമായ ബാലിനെ അവന്റെ ആരാധകർ “മേഘങ്ങളിന്മേൽ സവാരി ചെയ്യുന്നവൻ” അല്ലെങ്കിൽ മഴയുടെ ദേവൻ എന്നൊക്കെ സ്തുതിച്ചിരുന്നു. ഐതിഹ്യങ്ങളിൽ കാണുന്ന അത്തരത്തിലുള്ള ഏതെങ്കിലും ഒരു പ്രകൃതിദേവനല്ല യഹോവ എന്ന കാര്യം ഏലിയാവിന് അറിയാമായിരുന്നു. പ്രകൃതിയിൽക്കാണുന്ന അപരിമേയ ശക്തിയുടെയെല്ലാം ഉറവാണ് യഹോവ. താൻ സൃഷ്ടിച്ച എന്തിനെക്കാളും വളരെ ശക്തനുമാണ് അവൻ. എന്തിന്, അതിബൃഹത്തായ പ്രപഞ്ചത്തിനുപോലും യഹോവയെ ഉൾക്കൊള്ളാൻ കഴിയില്ല! (1 രാജാക്കന്മാർ 8:27) ഈ വസ്തുതകളെല്ലാം ഏലിയാവിനെ എങ്ങനെയാണ് സഹായിച്ചത്? ഏലിയാവ് വളരെ ഭയപ്പെട്ടുപോയി എന്നോർക്കുക. എന്നാൽ അത്യന്തശക്തി പ്രയോഗിക്കാൻ കഴിവുള്ളവനാണ് യഹോവ എന്ന് അവന് ഇപ്പോൾ മനസ്സിലായിരിക്കുന്നു. അങ്ങനെയൊരു ദൈവം തന്റെ പക്ഷത്തുള്ളപ്പോൾ ആഹാബിനെയും ഇസബേലിനെയും അവൻ എന്തിനു ഭയക്കണം!—സങ്കീർത്തനം 118:6.
തീ ശമിച്ചശേഷം അവിടമാകെ നിശബ്ദമായി. തുടർന്ന് “സാവധാനത്തിൽ ഒരു മൃദുസ്വരം” അവൻ കേൾക്കുന്നു. തന്റെ മനസ്സിലുള്ളതെല്ലാം വീണ്ടും വെളിപ്പെടുത്താൻ അത് അവനെ പ്രേരിപ്പിക്കുമ്പോൾ ഒരിക്കൽക്കൂടി അവൻ തന്റെ ഉള്ളുതുറക്കുന്നു.b ഒരുപക്ഷേ, ഇപ്പോൾ അവന് കുറച്ചുകൂടെ ആശ്വാസം ലഭിച്ചിരിക്കണം. എന്നാൽ ‘സാവധാനത്തിലുള്ള മൃദുസ്വരത്തിലൂടെ’ തുടർന്നു കേട്ട കാര്യങ്ങൾ നിസ്സംശയമായും അവന് കൂടുതൽ ശക്തി പകർന്നിട്ടുണ്ടാകും. കാരണം ഏലിയാവ് ഒന്നിനും കൊള്ളാത്തവനല്ല, അവനെക്കൊണ്ട് പ്രയോജനമുണ്ട് എന്ന് യഹോവ അവന് ഉറപ്പുനൽകി. എങ്ങനെ? ഇസ്രായേലിലെ ബാൽ ആരാധനയ്ക്കെതിരെ താൻ ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് യഹോവ അവന് വെളിപ്പെടുത്തിക്കൊടുത്തു. ആർക്കും തടസ്സപ്പെടുത്താൻ കഴിയാത്തവിധം ദൈവോദ്ദേശ്യം അതിന്റെ നിവൃത്തിയിലേക്ക് മുന്നേറുകയായിരുന്നതിനാൽ അതുവരെ ഏലിയാവ് ചെയ്തതൊന്നും വൃഥാവല്ലായിരുന്നു. എന്നുതന്നെയല്ല, ദിവ്യോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ അവന് ഇനിയും പലതുചെയ്യാനുണ്ട്; അതിനാൽ ചില പ്രത്യേക നിർദേശങ്ങളുമായി യഹോവ ഏലിയാവിനെ തിരിച്ചയയ്ക്കുന്നു.—1 രാജാക്കന്മാർ 19:12-17.
ഇനി, താൻ ഒറ്റയ്ക്കാണെന്ന ചിന്തയെ മറികടക്കാൻ യഹോവ ഏലിയാവിനെ സഹായിച്ചത് എങ്ങനെയാണ്? രണ്ടുകാര്യങ്ങൾ യഹോവ ചെയ്തു. ആദ്യം, ഏലിയാവിന്റെ പിൻഗാമിയായി ഏലീശായെ അഭിഷേകം ചെയ്യാൻ യഹോവ ആവശ്യപ്പെട്ടു; പിന്നീട് വർഷങ്ങളോളം അവന്റെ സഹായിയും സഹചാരിയും ആയിരിക്കുമായിരുന്നു ആ ചെറുപ്പക്കാരൻ. അത് ഏലിയാവിന് എത്ര പ്രോത്സാഹനം പകർന്നുകാണും! അടുത്തതായി, പുളകംകൊള്ളിക്കുന്ന ഒരു വാർത്ത യഹോവ ഏലിയാവിനെ അറിയിക്കുന്നു: “ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.” (1 രാജാക്കന്മാർ 19:18) തീർച്ചയായും ഏലിയാവ് തനിച്ചായിരുന്നില്ല. ബാലിനെ ആരാധിക്കാത്ത വിശ്വസ്തരായ ആയിരക്കണക്കിന് ആളുകളെക്കുറിച്ചു കേട്ടപ്പോൾ ഏലിയാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകണം. മിക്ക ആളുകളും യഹോവയ്ക്കെതിരെ മത്സരിച്ചിരുന്ന ആ കാലത്ത്, അചഞ്ചലമായ വിശ്വാസത്തിന്റെ ഉത്തമ മാതൃകയായി തന്റെ വിശ്വസ്ത സേവനത്തിൽ ഏലിയാവ് തുടരണമെന്ന് ആഗ്രഹിച്ചിരുന്നവരാണ് വിശ്വസ്തരായ ആ ദൈവദാസന്മാരെല്ലാം. യഹോവയുടെ സന്ദേശവാഹകനിൽനിന്നുള്ള വാക്കുകൾ അവനെ ആഴത്തിൽ സ്പർശിച്ചിരിക്കണം. അവനെ സംബന്ധിച്ചിടത്തോളം ‘സാവധാനത്തിലുള്ള മൃദുസ്വരം’ ദൈവം അവനെ നേരിട്ട് ആശ്വസിപ്പിക്കുന്നതുപോലെയായിരുന്നു.
പ്രകൃതിശക്തികളുടെ ഗംഭീരപ്രകടനം കണ്ട് ഏലിയാവിനെപ്പോലെ നമ്മളും അത്ഭുതംകൂറിയേക്കാം, അത്ഭുതംകൂറേണ്ടതുമാണ്. സൃഷ്ടികൾ സ്രഷ്ടാവിന്റെ ശക്തി വിളിച്ചോതുന്നു. (റോമർ 1:20) തന്റെ വിശ്വസ്ത ദാസന്മാരെ സഹായിക്കുന്നതിന് അപരിമേയ ശക്തി ഉപയോഗിക്കാൻ യഹോവയ്ക്ക് ഇപ്പോഴും സന്തോഷമേയുള്ളൂ. (2 ദിനവൃത്താന്തം 16:9) എന്നിരുന്നാലും തന്റെ വചനമായ ബൈബിളിലൂടെയാണ് പൂർണമായ അളവിൽ യഹോവ ഇന്നു നമ്മെ സഹായിക്കുന്നത്. (യെശയ്യാവു 30:21) ഒരർഥത്തിൽ, ‘സാവധാനത്തിലുള്ള മൃദുസ്വരം’ പോലെയാണ് ബൈബിൾ. അതിലൂടെ അവൻ നമ്മെ വഴിനടത്തുകയും തിരുത്തുകയും പ്രോത്സാഹിപ്പിക്കുകയും നമ്മെ സ്നേഹിക്കുന്നെന്ന് ഉറപ്പുതരുകയും ചെയ്യുന്നു.
ഹോരേബ് പർവതത്തിൽവെച്ച് യഹോവ നൽകിയ ആശ്വാസം ഏലിയാവ് കൈക്കൊണ്ടോ? തീർച്ചയായും! പെട്ടെന്നുതന്നെ അവൻ കർമോത്സുകനായി. ധൈര്യശാലിയായ ആ വിശ്വസ്ത പ്രവാചകൻ വീണ്ടും വ്യാജാരാധനയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചു. ‘തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്തിന്’ അതായത് ദൈവത്തിന്റെ നിശ്വസ്തവചനത്തിന് ചെവികൊടുക്കുന്നെങ്കിൽ ഏലിയാവിനെപ്പോലെ നമുക്കും വിശ്വസ്തരായിരിക്കാൻ കഴിയും!—റോമർ 15:4. (w11-E 07/01)
[അടിക്കുറിപ്പുകൾ]
a “അവരുടെ വിശ്വാസം അനുകരിക്കുക” എന്ന വീക്ഷാഗോപുര ലേഖനപരമ്പരയിലെ “അവൻ സത്യാരാധനയ്ക്കായി നിലകൊണ്ടു” (2008 ജനുവരി 1) എന്ന ലേഖനവും “അവൻ പ്രതീക്ഷയോടെ കാത്തിരുന്നു” (2008 ഏപ്രിൽ 1, ഇംഗ്ലീഷ്) എന്ന ലേഖനവും കാണുക.
b 1 രാജാക്കന്മാർ 19:9-ൽ “യഹോവയുടെ അരുളപ്പാട്” പ്രസ്താവിച്ച അതേ ദൂതൻ തന്നെയായിരിക്കാം ‘സാവധാനത്തിലുള്ള മൃദുസ്വര’ത്തിന്റെ ഉടമയും. 15-ാം വാക്യത്തിൽ, “യഹോവ” എന്നു പരാമർശിച്ചിരിക്കുന്നതും ഇതേ ദൂതനെക്കുറിച്ചാണ്. ഇസ്രായേൽ ജനത്തെ മരുഭൂമിയിലൂടെ വഴിനയിക്കാൻ യഹോവ ഉപയോഗിച്ച ദൂതനായിരിക്കാം ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്. ആ ദൂതനെക്കുറിച്ച് ദൈവം ഇങ്ങനെ പറയുകയുണ്ടായി: “എന്റെ നാമം അവനിൽ ഉണ്ട്.” (പുറപ്പാടു 23:21) ഈ വിവരണങ്ങളെല്ലാം ഒരു ദൂതനെയാണ് പരാമർശിക്കുന്നതെന്ന് ഉറപ്പിച്ചു പറയാനാകില്ല. എന്നിരുന്നാലും മനുഷ്യനായി ഭൂമിയിൽ വരുന്നതിനുമുമ്പ് യേശു “വചനം” അതായത് യഹോവയുടെ ദാസന്മാർക്കുവേണ്ടി അവന്റെ മുഖ്യ വക്താവ് എന്ന നിലയിൽ സേവിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.—യോഹന്നാൻ 1:1.
[15-ാം പേജിലെ ചിത്രം]
അനുകൂലകാലത്തും പ്രതികൂലകാലത്തും യഹോവ ഏലിയാവിനെ ധാരാളമായി അനുഗ്രഹിച്ചു
[16-ാം പേജിലെ ചിത്രം]
അതിദുഃഖത്തിലായ ഏലിയാവ് തന്റെ ഹൃദയം ദൈവമുമ്പാകെ പകർന്നു
[17-ാം പേജിലെ ചിത്രം]
തന്റെ അപരിമേയ ശക്തി ഉപയോഗിച്ച് യഹോവ ഏലിയാവിനെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു