ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
നവംബർ 7-13
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 5-6
“അവരോടുകൂടെയുള്ളതിനെക്കാൾ അധികം നമ്മളോടുകൂടെയുണ്ട്”
lfb 126 ¶2
യഹോവയുടെ അഗ്നിസേന
സിറിയക്കാർ രാത്രി ദോഥാനിലേക്കു വന്നു. പിറ്റേന്നു രാവിലെ എലീശയുടെ ദാസൻ പുറത്ത് ചെന്ന് നോക്കിയപ്പോൾ നഗരത്തെ ഒരു വലിയ സൈന്യം വളഞ്ഞിരിക്കുന്നതായി കണ്ടു. പേടിച്ചുവിറച്ച അയാൾ, ‘എലീശാ, നമ്മൾ ഇനി എന്തു ചെയ്യും’ എന്നു വിളിച്ചുചോദിച്ചു. ‘അവരുടെകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മുടെകൂടെയുണ്ട്’ എന്നായിരുന്നു എലീശയുടെ മറുപടി. ആ നിമിഷംതന്നെ, എലീശയുടെ ദാസൻ അത്ഭുതകരമായ ആ കാഴ്ച കാണാൻ യഹോവ ഇടയാക്കി: നഗരത്തിനു ചുറ്റുമുള്ള മലകൾ നിറയെ അഗ്നിപ്രഭയുള്ള യുദ്ധരഥങ്ങളും കുതിരകളും!
എലീശാ അഗ്നിമയരഥങ്ങൾ കണ്ടു നിങ്ങൾ കാണുന്നുണ്ടോ?
ദോഥാനിൽവെച്ച് ശത്രുക്കൾ വളഞ്ഞപ്പോഴും എലീശായ്ക്കു ശാന്തനായി നിലകൊള്ളാൻ കഴിഞ്ഞത് യഹോവയിൽ ശക്തമായ വിശ്വാസം വളർത്തിയെടുത്തിരുന്നതിനാലാണ്. നമുക്കും അത്തരം വിശ്വാസം ആവശ്യമാണ്. പരിശുദ്ധാത്മാവിനുവേണ്ടി നാം അപേക്ഷിക്കുന്നെങ്കിൽ വിശ്വാസവും ആത്മാവിന്റെ ഫലത്തിന്റെ മറ്റു സവിശേഷതകളും നമുക്കു പ്രകടിപ്പിക്കാൻ കഴിയും.—ലൂക്കോ. 11:13; ഗലാ. 5:22, 23.
lfb 126 ¶3-127 ¶1
യഹോവയുടെ അഗ്നിസേന
എലീശയെ പിടിക്കാൻ സിറിയൻ പടയാളികൾ നോക്കിയപ്പോൾ എലീശ പ്രാർഥിച്ചു: ‘യഹോവേ, ഇവരെ അന്ധരാക്കേണമേ.’ അവരുടെ കാഴ്ചശക്തി നഷ്ടപ്പെടുന്നില്ലെങ്കിലും പെട്ടെന്നുതന്നെ പടയാളികൾക്ക് തങ്ങൾ എവിടെയാണെന്നുള്ള ബോധം നഷ്ടപ്പെടുന്നു. എലീശ പടയാളികളോടു പറഞ്ഞു: ‘നിങ്ങൾ വന്ന നഗരം തെറ്റിപ്പോയി. എന്റെകൂടെ വാ, നിങ്ങൾ അന്വേഷിക്കുന്നയാളുടെ അടുത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുപോകാം.’ എലീശ അവരെ ശമര്യയിലേക്കു നയിച്ചു. അവിടെയാണ് ഇസ്രായേലിലെ രാജാവ് താമസിച്ചിരുന്നത്. തങ്ങൾ എവിടെ എത്തി എന്ന കാര്യം സിറിയക്കാർ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ഇസ്രായേലിലെ രാജാവ് എലീശയോടു ചോദിച്ചു: ‘ഞാൻ ഇവരെ കൊല്ലട്ടേ?’ കിട്ടിയ അവസരം മുതലെടുത്ത് എലീശ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ആളുകളോടു പകരം വീട്ടാൻ നോക്കിയോ? ഇല്ല. എലീശ പറഞ്ഞു: ‘അവരെ കൊല്ലേണ്ടാ. അവർക്കു ഭക്ഷണം കൊടുക്കുക. എന്നിട്ട് അവർ മടങ്ങിപ്പോകട്ടെ.’ അതുകൊണ്ട് രാജാവ് അവർക്കുവേണ്ടി വലിയൊരു വിരുന്ന് ഒരുക്കി. എന്നിട്ട് അവരെ വീട്ടിലേക്ക് അയച്ചു.
ആത്മീയരത്നങ്ങൾ
രണ്ടു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ
5:15, 16—നയമാൻ നൽകിയ പ്രതിഫലം എലീശാ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട്? നയമാൻ അത്ഭുതകരമായി സുഖം പ്രാപിച്ചത് തന്റെ കഴിവുകൊണ്ടല്ല, യഹോവയുടെ ശക്തികൊണ്ടാണെന്ന് അറിയാമായിരുന്നതിനാലാണ് എലീശാ പ്രതിഫലം നിരസിച്ചത്. ദൈവം നൽകിയ പദവി ഉപയോഗിച്ചു നേട്ടമുണ്ടാക്കുന്ന കാര്യം അവനു ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. യഹോവയുടെ സേവനം സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ ഇന്നുള്ള സത്യാരാധകർ ശ്രമിക്കുന്നില്ല. യേശുവിന്റെ പിൻവരുന്ന ഉദ്ബോധനത്തോട് അവർ പറ്റിനിൽക്കുന്നു: “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.”—മത്തായി 10:8.
നവംബർ 14-20
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 7-8
“ഒരിക്കലും പ്രതീക്ഷിക്കാത്തത് നടക്കാൻ യഹോവ ഇടയാക്കി”
it-1-E 716-717
എലീശ
സിറിയൻ രാജാവ് ശമര്യയെ ഉപരോധിച്ചപ്പോൾ ദേശത്ത് ക്ഷാമം ഉണ്ടായി. ക്ഷാമം അത്രയധികം കടുത്തതുകൊണ്ട് ഒരു സ്ത്രീക്ക് സ്വന്തം മകനെ തിന്നേണ്ടിവന്നു. ഇതെല്ലാം കണ്ടപ്പോൾ ആഹാബിന്റെ മകനായ യഹോരാം രാജാവ് എലീശയെ കൊല്ലാൻതന്നെ ഉറപ്പിച്ചു. എന്നാൽ രാജാവ് ഉപസേനാധിപനോടൊപ്പം എലീശയുടെ അടുത്ത് എത്തിയപ്പോൾ, അടുത്ത ദിവസംതന്നെ ധാരാളം ഭക്ഷണം ലഭ്യമാകുമെന്ന് എലീശ ഉറപ്പുകൊടുത്തു. എന്നാൽ ആ സേനാധിപൻ അത് വിശ്വസിച്ചില്ല. അപ്പോൾ എലീശ അയാളോടു പറഞ്ഞു: “നീ അതു സ്വന്തം കണ്ണുകൊണ്ട് കാണും; എന്നാൽ നിനക്ക് അതു തിന്നാൻ കഴിയില്ല.”
എലീശ പറഞ്ഞതുപോലെതന്നെ സംഭവിച്ചു. യഹോവ സിറിയൻ സൈന്യത്തെ പരിഭ്രാന്തരാക്കുകയും ഭക്ഷണസാധനങ്ങളടക്കം തങ്ങൾക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് അവർ ഓടിപ്പോകുകയും ചെയ്തു. ഇത് അറിഞ്ഞപ്പോൾ ഇസ്രായേൽ രാജാവ് ശമര്യയുടെ കവാടത്തിന്റെ ചുമതല ഉപസേനാധിപനെ ഏൽപ്പിച്ചു. അതുവരെ പട്ടിണികിടന്ന ഇസ്രായേല്യർ സിറിയക്കാരുടെ പാളയത്തിലേക്ക് പാഞ്ഞുചെന്ന് അത് കൊള്ളയടിച്ചു. നഗരകവാടത്തിൽ നിന്നിരുന്ന ഉപസേനാധിപനെ ആളുകൾ ചവിട്ടിമെതിച്ചു. അയാൾ മരിച്ചുപോയി. എലീശ പറഞ്ഞതുപോലെതന്നെ അയാൾ ഭക്ഷണം കണ്ടെങ്കിലും അതു തിന്നാൻ സാധിച്ചില്ല.
ആത്മീയരത്നങ്ങൾ
it-2-E 195 ¶7
ദീപം
ജ്ഞാനത്തോടെയും നീതിയോടെയും ഭരിച്ചതുകൊണ്ട് ദാവീദിനെ “ഇസ്രായേലിന്റെ ദീപം” അഥവാ വിളക്ക് എന്നു വിളിച്ചിട്ടുണ്ട്. (2ശമു 21:17) അങ്ങനെയെങ്കിൽ ദാവീദിനും മക്കൾക്കും എന്നും ഒരു വിളക്കുണ്ടായിരിക്കുമെന്നു വാക്കു കൊടുത്തപ്പോൾ യഹോവ എന്താണ് ഉദ്ദേശിച്ചത്? അതിന്റെ ഉത്തരം യഹോവ ദാവീദിനു കൊടുത്ത രാജ്യയുടമ്പടിയിലുണ്ട്. അത് ഇതായിരുന്നു: “നിന്റെ സിംഹാസനം എന്നും സുസ്ഥിരമായിരിക്കും.” (2ശമു 7:11-16) ശലോമോനിലൂടെയുള്ള ദാവീദിന്റെ രാജവംശത്തിലൂടെ ആ വാഗ്ദാനം നിറവേറി, ആ രാജവംശം ഇസ്രായേലിന് ഒരു ‘ദീപമായി.’—1രാജ 11:36; 15:4; 2രാജ 8:19; 2ദിന 21:7.
നവംബർ 21-27
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 9-10
“ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും തീക്ഷ്ണതയോടെയും അവൻ പ്രവർത്തിച്ചു”
യേഹൂ സത്യാരാധനയ്ക്കായി പോരാടിയവൻ
ഇസ്രായേൽജനതയുടെ സ്ഥിതി പരിതാപകരമായിരുന്ന വേളയിലാണ് യേഹൂവിന് ദൈവം ഒരു നിയോഗം നൽകുന്നത്. നാടുനീങ്ങിയ ആഹാബ് രാജാവിന്റെ ഭാര്യയും വാഴ്ചനടത്തുന്ന യോരാം രാജാവിന്റെ അമ്മയുമായ ഇസബേലിന്റെ ദുഃസ്വാധീനത്തിലായിരുന്നു അന്ന് ആ രാജ്യം. സത്യാരാധനയ്ക്കുപകരം ബാലാരാധന ഊട്ടിവളർത്തിയ അവൾ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുകയും തന്റെ “പരസംഗവും ക്ഷുദ്രവും” കൊണ്ട് ജനങ്ങളെ ദുഷിപ്പിക്കുകയും ചെയ്തുപോന്നു. (2 രാജാ. 9:22; 1 രാജാ. 18:4, 13) യോരാമും ഇസബേലും ഉൾപ്പെടെ ആഹാബ്ഗൃഹത്തെ ഒന്നടങ്കം ഉന്മൂലനംചെയ്യാൻ യഹോവ തീരുമാനിച്ചു. ഈ ദൗത്യത്തിനു ചുക്കാൻപിടിക്കാൻ അവൻ തിരഞ്ഞെടുത്തത് യേഹൂവിനെയാണ്.
യേഹൂ സത്യാരാധനയ്ക്കായി പോരാടിയവൻ
തന്നെ എതിരേറ്റുവന്ന രണ്ടുദൂതന്മാരോട് അവൻ കാര്യം പറഞ്ഞില്ല. അതിനുശേഷം യോരാമും അവന്റെ കൂട്ടാളിയായ യെഹൂദയിലെ അഹസ്യാരാജാവും തേരോടിച്ചുവന്നു. “യേഹൂവേ, സമാധാനമോ” എന്ന യോരാമിന്റെ ചോദ്യത്തിന്, “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം” എന്നായിരുന്നു യേഹൂവിന്റെ മറുപടി. അപകടം മണത്ത യോരാം രഥം തിരിച്ചുവിട്ടെങ്കിലും യേഹൂവിന്റെ ചടുലമായ നീക്കങ്ങൾക്കുമുന്നിൽ അവൻ തറപറ്റി. നിമിഷനേരത്തിനുള്ളിൽ യേഹൂവിന്റെ ആവനാഴിയിലെ അമ്പ് അവന്റെ ഹൃദയം തുളച്ചിറങ്ങി; അവൻ രഥത്തിൽ മരിച്ചുവീണു. അഹസ്യാവ് അവിടെനിന്നു രക്ഷപ്പെട്ടെങ്കിലും വിടാതെ പിന്തുടർന്ന യേഹൂ അവനെ വധിക്കാൻ കൽപ്പിച്ചു.—2 രാജാ. 9:22-24, 27.
അടുത്ത ഊഴം ദുഷ്ടരാജ്ഞിയായ ഇസബേലിന്റേതായിരുന്നു. ‘ശപിക്കപ്പെട്ടവൾ’ എന്നാണ് യേഹൂ അവളെക്കുറിച്ച് പറഞ്ഞത്. യിസ്രെയേലിലേക്ക് തേരോടിച്ചുചെന്ന യേഹൂ, അരമനയുടെ കിളിവാതിലിലൂടെ അവൾ താഴേക്കു നോക്കുന്നത് കണ്ടു. പിന്നെ ഒട്ടും അമാന്തിച്ചില്ല. അവളെ താഴേക്ക് തള്ളിയിടാൻ കൊട്ടാര ഉദ്യോഗസ്ഥന്മാരോട് വ്യക്തമായ ഭാഷയിൽ കൽപ്പിച്ചു. അവന്റെ കുതിരകളുടെ കാൽക്കീഴിൽ അവൾ ഞെരിഞ്ഞമർന്നു. അതിനുശേഷം ആഹാബ്ഗൃഹത്തിലെ ശേഷിക്കുന്നവരെ വകവരുത്താൻ അവൻ പുറപ്പെട്ടു.—2 രാജാ. 9:30-34; 10:1-14.
യേഹൂ സത്യാരാധനയ്ക്കായി പോരാടിയവൻ
യേഹൂ രക്തപ്പുഴ ഒഴുക്കി എന്നതു ശരിയാണ്. എന്നാൽ ഇസബേലിന്റെയും കുടുംബത്തിന്റെയും തേർവാഴ്ചയിൽനിന്ന് ഇസ്രായേലിനെ വിടുവിച്ച ഒരു വീരപുരുഷനായിട്ടാണ് തിരുവെഴുത്തുകൾ അവനെ ചിത്രീകരിക്കുന്നത്. അത്തരമൊരു ദൗത്യം പൂർത്തിയാക്കാൻ നല്ല ചങ്കുറപ്പും നിശ്ചയദാർഢ്യവും തീക്ഷ്ണതയുമുള്ള ഒരു നേതാവിനെ വേണ്ടിയിരുന്നു. “യാതൊരു പഴുതും ശേഷിപ്പിക്കാതെയാണ് (യേഹൂ) ദുർഘടമായ ആ ദൗത്യം നിറവേറ്റിയത്. കുറച്ചു മയംകാട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേലിൽനിന്ന് ബാലാരാധന തുടച്ചുനീക്കാൻ കഴിയുമായിരുന്നില്ല” എന്ന് ഒരു ബൈബിൾ നിഘണ്ടു അഭിപ്രായപ്പെടുന്നു.
യേഹൂവിനുണ്ടായിരുന്ന ചില ഗുണങ്ങൾ ക്രിസ്ത്യാനികൾക്ക് ഇന്നു പ്രയോജനംചെയ്യും. ഉദാഹരണത്തിന്, യഹോവ കുറ്റംവിധിക്കുന്ന എന്തെങ്കിലും ചെയ്യാൻ പ്രലോഭനം ഉണ്ടാകുന്നെങ്കിലോ? അതു തിരസ്കരിക്കാൻ ധൈര്യത്തോടെ ഉടനടി നാം പ്രവർത്തിക്കണം. യഹോവയെക്കുറിച്ചു നമുക്കുള്ള ശുഷ്കാന്തിനിമിത്തം അവനെ അനുസരിക്കുന്നതിൽ നാം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.
ആത്മീയരത്നങ്ങൾ
യേഹൂ സത്യാരാധനയ്ക്കായി പോരാടിയവൻ
യെഹൂദയിൽനിന്ന് ഇസ്രായേൽ വേർപെട്ടുനിൽക്കണമെങ്കിൽ ജനം വ്യത്യസ്തമായ ഒരു മതം ആചരിക്കേണ്ടതുണ്ടെന്ന് ഒരുപക്ഷേ യേഹൂ ചിന്തിച്ചിരിക്കാം. അതുകൊണ്ട് ഇസ്രായേലിലെ മുൻഭരണാധികാരികളെപ്പോലെ അവനും കാളക്കുട്ടിയാരാധന വെച്ചുപൊറുപ്പിച്ചു. തന്നെ രാജാവാക്കിയ യഹോവയിൽ അവനു വിശ്വാസമില്ലായിരുന്നു എന്നാണ് ഇതു കാണിക്കുന്നത്.
തനിക്ക് ‘ഇഷ്ടമുള്ളത് നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ട്’ യഹോവ യേഹൂവിനെ പ്രശംസിച്ചു. എന്നുവരികിലും “യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല.” (2 രാജാ. 10:30, 31) അവൻ മുമ്പു ചെയ്ത കാര്യങ്ങൾ വെച്ചുനോക്കുമ്പോൾ അത് അവിശ്വസനീയമായി തോന്നാം. സംഭവിച്ചത് സങ്കടകരമാണെങ്കിലും നമുക്ക് അതിൽനിന്ന് ഒരു പാഠം പഠിക്കാനാകും. യഹോവയുമായി നമുക്കുള്ള ബന്ധം എക്കാലവും അതേപടി ഉണ്ടാകും എന്നു ചിന്തിക്കരുത്; ഓരോ ദിവസവും ദൈവവചനം പഠിച്ചുകൊണ്ടും അതേക്കുറിച്ച് ധ്യാനിച്ചുകൊണ്ടും നമ്മുടെ സ്വർഗീയപിതാവിനോട് ഹൃദയംതുറന്നു പ്രാർഥിച്ചുകൊണ്ടും അവനോടുള്ള നമ്മുടെ വിശ്വസ്തത കരുത്തുറ്റതാക്കേണ്ടതുണ്ട്. അതുകൊണ്ട് പൂർണഹൃദയത്തോടെ യഹോവയുടെ നിയമങ്ങൾ പാലിക്കാൻ നമുക്ക് ജാഗ്രത കാണിക്കാം.—1 കൊരി. 10:12.
നവംബർ 28–ഡിസംബർ 4
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 11-12
“അധികാരമോഹിയായ ഒരു ദുഷ്ടസ്ത്രീക്ക് ശിക്ഷ കിട്ടുന്നു:”
lfb 128 ¶1-2
യഹോയാദയുടെ ധൈര്യം
ഇസബേലിന് ഒരു മകളുണ്ടായിരുന്നു, അഥല്യ. അമ്മയെപ്പോലെതന്നെ ഒരു ദുഷ്ടസ്ത്രീ! യഹൂദയിലെ രാജാവായിരുന്നു അഥല്യയുടെ ഭർത്താവ്. അദ്ദേഹം മരിച്ചപ്പോൾ മകൻ ഭരണം ആരംഭിച്ചു. പിന്നീട് മകനും മരിച്ചതോടെ അഥല്യ യഹൂദ രാജ്യത്തിന്റെ ഭരണം കൈക്കലാക്കി. എന്നിട്ട് തനിക്കു പകരം ഭരണാധികാരിയാകാൻ സാധ്യതയുള്ള എല്ലാവരെയും അഥല്യ കൊന്നു, സ്വന്തം പേരക്കുട്ടികളെപ്പോലും! രാജവംശംതന്നെ ഇല്ലാതാക്കാനായിരുന്നു അഥല്യയുടെ ശ്രമം. എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു അഥല്യ!
അഥല്യ ഈ കാണിക്കുന്നത് വളരെ മോശമാണെന്ന് മഹാപുരോഹിതനായ യഹോയാദയ്ക്കും ഭാര്യ യഹോശേബയ്ക്കും അറിയാമായിരുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തി അവർ അഥല്യയുടെ പേരക്കുട്ടികളിൽ ഒരാളായ യഹോവാശ് എന്ന കുഞ്ഞിനെ ഒളിപ്പിച്ചുവെച്ചു. അവർ അവനെ ആലയത്തിൽ വളർത്തിക്കൊണ്ടുവന്നു.
lfb 128 ¶3-4
യഹോയാദയുടെ ധൈര്യം
യഹോവാശിന് ഏഴു വയസ്സായപ്പോൾ യഹോയാദ എല്ലാ ശതാധിപന്മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: ‘ആലയത്തിന്റെ വാതിലിനു കാവൽ നിൽക്കുക. ആരെയും അകത്തേക്കു കയറ്റി വിടരുത്.’ എന്നിട്ട് യഹോയാദ യഹോവാശിനെ യഹൂദയുടെ രാജാവാക്കി തലയിൽ ഒരു കിരീടം വെച്ചുകൊടുത്തു. യഹൂദയിലെ ജനം ആർത്തുവിളിച്ചു: ‘രാജാവ് നീണാൾ വാഴട്ടെ!’
ജനം ആർത്തുവിളിക്കുന്നതു കേട്ടപ്പോൾ അഥല്യ രാജ്ഞി ആലയത്തിലേക്കു പാഞ്ഞെത്തി. പുതിയ രാജാവിനെ കണ്ടപ്പോൾ അഥല്യ വിളിച്ചുപറഞ്ഞു: ‘ചതി! കൊടുംചതി!’ ശതാധിപന്മാർ ദുഷ്ടരാജ്ഞിയെ പിടിച്ചുകൊണ്ടുപോയി കൊന്നുകളഞ്ഞു. പക്ഷേ ആ ജനതയുടെ മേലുള്ള അഥല്യയുടെ ദുഷ്ടസ്വാധീനം എങ്ങനെ തുടച്ചുനീക്കാനാകുമായിരുന്നു?
ആത്മീയരത്നങ്ങൾ
ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന സംഭാവനകൾ
യോവാശിന് ഏഴു വയസ്സായപ്പോഴേക്കും, അന്യായമായി അധികാരം തട്ടിയെടുത്ത രാജ്ഞിയെ താഴെയിറക്കാനുള്ള തന്റെ പദ്ധതി നടപ്പാക്കാൻ യെഹോയാദാ മഹാപുരോഹിതൻ തയ്യാറായിക്കഴിഞ്ഞിരുന്നു. ഒളിവിൽ പാർപ്പിച്ചിരുന്ന കുട്ടിയെ അവൻ രംഗത്തുകൊണ്ടുവന്ന് രാജ്യത്തിന്റെ നിയമാനുസൃത അവകാശിയായി കിരീടമണിയിച്ചു. തുടർന്ന് രാജഭടന്മാർ ദുഷ്ടയായ അഥല്യാ രാജ്ഞിയെ ആലയത്തിനു വെളിയിലേക്കു കൊണ്ടുവരുകയും വധിക്കുകയും ചെയ്തു. അതു ജനത്തിന് എന്തെന്നില്ലാത്ത ആശ്വാസവും സന്തോഷവും കൈവരുത്തി. യെഹോയാദായുടെയും യെഹോശേബയുടെയും പ്രവൃത്തികൾ യെഹൂദാ ദേശത്തു സത്യാരാധന പുനഃസ്ഥാപിക്കുന്നതിനു വലിയ സഹായമായി. എന്നാൽ അതിലും പ്രധാനമായി മിശിഹായിലേക്കു നയിക്കുന്ന, ദാവീദിന്റെ രാജകീയ വംശാവലി നിലനിറുത്താൻ അവ സഹായിച്ചു.—2 രാജാക്കന്മാർ 11:4-21.
ഡിസംബർ 5-11
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 13-15
“മുഴുഹൃദയത്തോടെയുള്ള പരിശ്രമം അനുഗ്രഹങ്ങൾ നേടിത്തരും”
ക്രിസ്തുവിനെ നിങ്ങൾ തികവോടെ അനുഗമിക്കുന്നുവോ?
11 ദൈവസേവനത്തിൽ തീക്ഷ്ണരായിരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ, ഇസ്രായേൽ രാജാവായ യോവാശിനുണ്ടായ ഒരു അനുഭവം നോക്കാം. അരാമ്യർ ഇസ്രായേല്യരെ പരാജയപ്പെടുത്താൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ യോവാശ് എലീശായുടെ അടുക്കൽ ചെന്നു കരഞ്ഞു. പ്രവാചകൻ അവനോട് കിഴക്കേ കിളിവാതിലിലൂടെ അരാമിനു നേരെ അമ്പ് എയ്യാൻ പറഞ്ഞു. യഹോവയുടെ സഹായത്താൽ ഇസ്രായേൽ ആ ജനതയുടെമേൽ വിജയംനേടുമെന്നതിന്റെ സൂചനയായിരുന്നു ഇത്. രാജാവിന് ഇത് തീർച്ചയായും ആവേശം പകർന്നിരിക്കണം. തുടർന്ന്, അമ്പുകൾ നിലത്തടിക്കാൻ എലീശാ യോവാശിനോടു കൽപ്പിച്ചു. യോവാശ് മൂന്നു പ്രാവശ്യം അടിച്ച് നിറുത്തി. അപ്പോൾ എലീശാ അവനോടു കോപിച്ചു. കാരണം, അഞ്ചാറു പ്രാവശ്യം നിലത്തടിക്കുന്നത് ‘അരാമ്യരെ തോൽപ്പിച്ച് അശേഷം സംഹരിക്കും’ എന്ന് സൂചിപ്പിക്കുമായിരുന്നു. എന്നാലിപ്പോൾ യോവാശിന് മൂന്നു പ്രാവശ്യം മാത്രമേ വിജയംവരിക്കാനാകൂ, അരാമ്യരെ നിശ്ശേഷം നശിപ്പിക്കാനാകില്ല. അതെ, ഉത്സാഹമില്ലാതെ പ്രവർത്തിച്ചതിനാൽ യോവാശിന് അവരുടെമേൽ പൂർണവിജയം നേടാനായില്ല. (2 രാജാ. 13:14-19) ഈ വിവരണത്തിൽനിന്ന് നമുക്കെന്തു പഠിക്കാനാകും? പൂർണഹൃദയത്തോടെ തീക്ഷ്ണമായി യഹോവയെ സേവിക്കുന്നെങ്കിൽ മാത്രമേ അവൻ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കൂ.
w13-E 11/1 11 ¶5-6
‘തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകും’
ആർക്കാണ് യഹോവ പ്രതിഫലം കൊടുക്കുന്നത്? ‘തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കാണ്’ എന്നു പൗലോസ് പറയുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം ദൈവത്തെ ആരാധിക്കുന്നതിനായി മുഴുഹൃദയവും അർപ്പിച്ച് ഏകാഗ്രമായി കഠിനശ്രമം ചെയ്യുന്നതിനെയാണ് ഉദ്ദേശിക്കുന്നത്. അത്രയധികം വിശ്വാസമുള്ളവരാണ് യഹോവയെ പൂർണഹൃദയത്തോടെ സ്നേഹിക്കുകയും തീക്ഷ്ണതയോടെ ആരാധിക്കുകയും ചെയ്യുന്നത്. അങ്ങനെയുള്ളവർക്കാണ് യഹോവ പ്രതിഫലം കൊടുക്കുന്നത്.—മത്തായി 22:37.
ശരി, യഹോവ എങ്ങനെയാണു തന്റെ വിശ്വസ്തരായ ആരാധകർക്കു പ്രതിഫലം കൊടുക്കുന്നത്? പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരം അവർക്കു കൊടുക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. (വെളിപാട് 21:3, 4) യഹോവ എത്ര ഉദാരനാണെന്നും നമ്മളെ എത്രത്തോളം സ്നേഹിക്കുന്നെന്നും ഈ വാഗ്ദാനം തെളിയിക്കുന്നില്ലേ? എന്നാൽ ഇപ്പോൾപ്പോലും യഹോവയെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് വലിയ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയുന്നുണ്ട്. ബൈബിൾ പറയുന്നത് അനുസരിക്കുകയും ദൈവാത്മാവ് നയിക്കുന്ന വഴിയിലുടെ പോകുകയും ചെയ്യുന്നതുകൊണ്ട് അവർക്ക് ഇപ്പോൾത്തന്നെ സന്തോഷവും സംതൃപ്തിയും ഉണ്ട്.—സങ്കീർത്തനം 144:15; മത്തായി 5:3.
ആത്മീയരത്നങ്ങൾ
രണ്ടു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ
13:20, 21—ഈ അത്ഭുതം ‘തിരുശേഷിപ്പുകളുടെ’ വണക്കത്തെ അനുകൂലിക്കുന്നുവോ? ഇല്ല. എലീശായുടെ അസ്ഥികളെ ആരും പൂജിച്ചതായി ബൈബിൾ പറയുന്നില്ല. ജീവിച്ചിരുന്നപ്പോൾ എലീശാ ചെയ്ത അത്ഭുതങ്ങളുടെ കാര്യത്തിലെന്നപോലെ ഈ അത്ഭുതവും ദൈവത്തിന്റെ ശക്തിയാലായിരുന്നു സംഭവിച്ചത്.
ഡിസംബർ 12-18
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 16-17
“യഹോവയുടെ ക്ഷമയ്ക്കു പരിധിയുണ്ട്”
“യഹോവയുടെ വഴികൾ ചൊവ്വുള്ളവ”
പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്നു ശമര്യ. എങ്കിലും ശമര്യ എന്ന പേര് ചിലപ്പോഴൊക്കെ രാജ്യത്തിലെ മുഴു പ്രദേശത്തിനും ബാധകമായിരുന്നു. (1 രാജാക്കന്മാർ 21:1) അസ്സീറിയൻ രാജാവായ ശൽമനേസെർ അഞ്ചാമൻ പൊ.യു.മു. 742-ൽ ശമര്യ നഗരത്തെ ഉപരോധിച്ചു. പൊ.യു.മു. 740-ൽ ശമര്യ വീണപ്പോൾ അതിലെ പല പ്രധാനികളെയും മെസൊപ്പൊത്താമ്യയിലേക്കും മേദ്യയിലേക്കും പ്രവാസികളായി കൊണ്ടുപോയി. ശമര്യയെ പിടിച്ചടക്കിയത് ശൽമനേസെർ അഞ്ചാമനാണോ അതോ അദ്ദേഹത്തിന്റെ പിൻഗാമി സാർഗോൺ രണ്ടാമനാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. (2 രാജാക്കന്മാർ 17:1-6, 22, 23; 18:9-12) എന്നിരുന്നാലും യൂഫ്രട്ടീസ് നദിയുടെ വടക്കൻ തീരത്തുള്ള പ്രദേശങ്ങളിലേക്കും മേദ്യയിലേക്കും 27,290 ഇസ്രായേല്യരെ പ്രവാസികളായി അയച്ചുവെന്ന് സാർഗോണിന്റെ രേഖകളിൽ കാണുന്നുണ്ട്.
ദൈവത്തോട് അടുത്തുചെല്ലുക
“ഭവനത്തിലേക്കു മടങ്ങിവരാൻ ഞങ്ങളെ അനുവദിക്കേണമേ”
യിരെമ്യാവ് ഇത് എഴുതിയ സാഹചര്യം നമുക്കൊന്നു നോക്കാം. യിരെമ്യാവിന്റെ കാലത്തിനും ദശാബ്ദങ്ങൾക്കു മുമ്പ് ബി.സി. 740-ൽ പത്തുഗോത്ര ഇസ്രായേൽരാജ്യം അസീറിയക്കാരുടെ അടിമത്തത്തിലേക്കു പോകാൻ യഹോവ അനുവദിച്ചു. ആ ജനം ഗുരുതരമായ പാപങ്ങൾ ചെയ്യുകയും പ്രവാചകന്മാരിലൂടെ ദൈവം ആവർത്തിച്ചു നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കുകയും ചെയ്തതുകൊണ്ട് ദൈവം അവർക്കു നൽകിയ ശിക്ഷണമായിരുന്നു അത്. (2 രാജാക്കന്മാർ 17:5-18) തങ്ങളുടെ ദൈവത്തിൽനിന്ന് വേർപിരിഞ്ഞ അവർ സ്വദേശത്തുനിന്നു പറിച്ചുമാറ്റപ്പെട്ടു. പ്രവാസത്തിലായിരിക്കെ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങൾ ആ ജനത്തിന്റെ ഹൃദയത്തിന് എന്തെങ്കിലും പരിവർത്തനം വരുത്തിയോ? യഹോവ അവരെ എന്നേക്കുമായി മറന്നുകളഞ്ഞോ? അവൻ എന്നെങ്കിലും അവരെ സ്വഭവനത്തിലേക്കു തിരികെ സ്വീകരിക്കുമായിരുന്നോ?
യഹോവ—ദീർഘക്ഷമയുള്ള ഒരു ദൈവം
എന്നാൽ, ദൈവത്തിന്റെ ദീർഘക്ഷമയ്ക്ക് ഒരു പരിധിയുണ്ടെന്നു ചരിത്രം പ്രകടമാക്കുന്നു. പൊ.യു.മു. 740-ൽ പത്തുഗോത്ര രാജ്യമായ ഇസ്രായേലിനെ മറിച്ചിടാനും അതിലെ നിവാസികളെ പ്രവാസത്തിലേക്കു കൊണ്ടുപോകാനും അവൻ അസീറിയക്കാരെ അനുവദിച്ചു. (2 രാജാക്കന്മാർ 17:5, 6) തുടർന്നുവന്ന നൂറ്റാണ്ടിന്റെ അവസാനത്തിൽ, രണ്ടുഗോത്ര രാജ്യമായ യഹൂദയെ ആക്രമിക്കാനും ആലയം ഉൾപ്പെടെ യെരൂശലേമിനെ നശിപ്പിക്കാനും അവൻ അനുവദിച്ചു.—2 ദിനവൃത്താന്തം 36:16-19.
ആത്മീയരത്നങ്ങൾ
it-2-E 847
ശമര്യക്കാരൻ
ബി.സി. 740-ൽ പത്തു ഗോത്ര രാജ്യത്തെ അസീറിയ കീഴടക്കിയതിനു ശേഷമാണ് ബൈബിളിൽ “ശമര്യക്കാർ” എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചുകാണുന്നത്. ആദ്യമൊക്കെ, പത്തുഗോത്ര രാജ്യത്തെ ഇസ്രായേല്യരെ കുറിക്കാൻവേണ്ടി മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. അസീറിയക്കാർ അവിടെകൊണ്ടുവന്ന് താമസിപ്പിച്ച വിദേശികൾ അതിൽപ്പെടില്ലായിരുന്നു. പിന്നീട് ഈ ഇസ്രായേല്യർ വിദേശികളെ വിവാഹം കഴിച്ചു, അതിനു ശേഷം, ആ പ്രദേശത്ത് താമസിക്കുന്ന എല്ലാവരെയും, ഇസ്രായേല്യരെയും വിദേശികളെയും, സൂചിപ്പിക്കാനായി “ശമര്യക്കാർ” എന്ന പദം ഉപയോഗിച്ചുതുടങ്ങി. പക്ഷേ പിന്നീട് ഇതിനു മാറ്റം വന്നു. യേശുവിന്റെ കാലത്ത്, “ശമര്യക്കാരൻ” എന്ന പേര്, ശമര്യപ്രദേശത്തെ ആളുകളുടെ മതത്തെ സൂചിപ്പിക്കാനായിട്ടാണ് ഉപയോഗിച്ചിരുന്നത്. ഈ മതവിഭാഗത്തിൽപ്പെട്ടവരുടെ വിശ്വാസങ്ങൾ ജൂതമതത്തിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു.
ഡിസംബർ 19-25
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 18-19
“നമ്മളെ തളർത്താൻ എതിരാളികൾ എങ്ങനെയൊക്കെ ശ്രമിച്ചേക്കാം?”
രണ്ടു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ
18:19-21, 25—ഹിസ്കീയാവ് ഈജിപ്തുമായി സഖ്യം ചേർന്നിരുന്നോ? ഇല്ല. റബ്ശാക്കേയുടെ ഈ ആരോപണം വ്യാജമായിരുന്നു, തന്റെ ആക്രമണത്തിന് “യഹോവയുടെ അനുവാദം” (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഉണ്ടെന്ന അവകാശവാദംപോലെതന്നെ. വിശ്വസ്ത രാജാവായ ഹിസ്കീയാവ് പൂർണമായും യഹോവയിൽ ആശ്രയിച്ചു.
“ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും”
സംശയത്തിന്റെ വിത്തുപാകാൻ റബ്-ശാക്കേ കുടിലമായ ഒരു ന്യായവാദം നടത്തി. യഹോവയുടെ ‘പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞില്ലയോ?’ “യഹോവ എന്നോടു: ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. (2 രാജാ. 18:22, 25) ജനം യഹോവയെ അപ്രീതിപ്പെടുത്തിയിരിക്കുന്നു, അതുകൊണ്ട് അവൻ അവർക്കുവേണ്ടി പോരാടുകയില്ല എന്നായിരുന്നു റബ്-ശാക്കേയുടെ വാദം. പക്ഷേ സത്യം മറിച്ചായിരുന്നു. സത്യാരാധനയിലേക്കു മടങ്ങിവന്ന യഹൂദന്മാരിലും ഹിസ്കീയാവിലും യഹോവ സംപ്രീതനായിരുന്നു എന്നതാണു വാസ്തവം.—2 രാജാ. 18:3-7.
ഏഴ് ഇടയന്മാരും എട്ട് പ്രഭുക്കന്മാരും, ഇന്ന് അവർ ആരാണ്?
14 അശ്ശൂർരാജാവു വന്ന് യെരുശലേമിനു തെക്കുപടിഞ്ഞാറുള്ള ലാഖീശിൽ പാളയമടിച്ചു. അവൻ മൂന്നു നയതന്ത്രപ്രതിനിധികളെ അയച്ച് നഗരത്തോടു കീഴടങ്ങാൻ ആജ്ഞാപിച്ചു. റബ്-ശാക്കേ എന്ന സ്ഥാനപ്പേരുള്ള രാജപ്രതിനിധി പല ഉപായങ്ങളും പ്രയോഗിച്ചുനോക്കി. അവൻ എബ്രായഭാഷയിൽ ജനത്തോടു സംസാരിച്ചു. ഹിസ്കീയാരാജാവിനോടുള്ള കൂറ് ഉപേക്ഷിച്ച് അസീറിയക്കാർക്കു കീഴടങ്ങാൻ ജനത്തെ നിർബന്ധിച്ചു. സുഖസമൃദ്ധമായ ഒരു ജീവിതം നയിക്കാൻ പറ്റിയ ഒരു ദേശത്ത് അവരെ പുനരധിവസിപ്പിക്കാമെന്ന് അവൻ വ്യാജവാഗ്ദാനവും നൽകി. (2 രാജാക്കന്മാർ 18:31, 32 വായിക്കുക.) അടുത്തതായി, യഹോവയ്ക്ക് അശ്ശൂര്യരുടെ ഉരുക്കുമുഷ്ടിയിൽനിന്ന് യഹൂദരെ വിടുവിക്കാൻ കഴിയില്ലെന്ന് അവൻ വാദിച്ചു. മറ്റു ജനതകളുടെ ദേവന്മാർക്കാർക്കും അശ്ശൂര്യരുടെ കൈയിൽനിന്ന് അവരുടെ ഭക്തരെ സംരക്ഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അവൻ പറഞ്ഞ ന്യായം. ജനം ബുദ്ധിപൂർവം ഈ ഏഷണിവാക്കുകൾക്ക് മറുപടിയൊന്നും പറഞ്ഞില്ല. സമാനമായി ഇക്കാലത്തെ യഹോവയുടെ ദാസന്മാരും ഇത്തരം നുണപ്രചാരണങ്ങൾക്ക് മറുപടി പറയാൻ മിനക്കെടാറില്ല.—2 രാജാക്കന്മാർ 18:35, 36 വായിക്കുക.
yb74-E 177 ¶1
ഭാഗം 2—ജർമനി
വിശ്വാസം ഉപേക്ഷിക്കുന്നു എന്നു പറയുന്ന ഒരു പേപ്പറിൽ ഒപ്പിടുവിക്കാൻ എസ്എസ് ഗാർഡ് ഏതറ്റവുംവരെയും പോകുമായിരുന്നു. പക്ഷേ രസകരമായ കാര്യം ഒരാൾ ഒപ്പിട്ടു കഴിഞ്ഞാൽ എസ്എസ് ഗാർഡ് മുമ്പത്തേതിലും മോശമായിട്ട് അയാളോടു പെരുമാറാൻ തുടങ്ങും. ഇതു സത്യമാണെന്നു കാൾ കിഷ് സഹോദരൻ ശരിവെക്കുന്നു. അദ്ദേഹം പറയുന്നു: “യഹോവയുടെ സാക്ഷികളുടെ അത്രയും എസ്എസ് ഗാർഡ് മറ്റാരെയും ദ്രോഹിച്ചിട്ടില്ല. അവരെക്കൊണ്ട് ഒപ്പിടുവിക്കുക എന്നതായിരുന്നു ലക്ഷ്യം. ഞങ്ങളോടു പല തവണ ഒപ്പിടാൻ പറഞ്ഞു. ചുരുക്കം ചിലർ ഒപ്പിടുകയും ചെയ്തു. പക്ഷേ അതു കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് അതിൽ പലരും ജയിൽ മോചിതരായത്. ഈ സമയത്ത് അവരെ ഭീരുക്കളെന്നു വിളിക്കുകയും അവർ കാണിച്ചത് വെറും വേഷംകെട്ടായിരുന്നെന്നു പറയുകയും ചെയ്തുകൊണ്ട് പരസ്യമായി നാണംകെടുത്തിയിരുന്നു. തടങ്കൽപ്പാളയത്തിൽനിന്ന് പോകുന്നതിനു മുമ്പ് സഹോദരന്മാരുടെയെല്ലാം അടുത്ത് ഒന്നുകൂടെ പോകാനും അവരെ നിർബന്ധിച്ചിരുന്നു. അത് അവരുടെ നാണക്കേട് ഇരട്ടിയാക്കി.”
ആത്മീയരത്നങ്ങൾ
it-1-E 155 ¶4
പുരാവസ്തുശാസ്ത്രം
അസീറിയയുടെ രാജാവായ സൻഹെരീബിനെ അയാളുടെ മക്കളായ അദ്രമേലെക്കും ശരേസെരും ചേർന്ന് കൊന്നെന്നു ബൈബിൾവിവരണം പറയുന്നു. അതിനു ശേഷം സൻഹെരീബിന്റെ മറ്റൊരു മകനായ ഏസെർ-ഹദ്ദോൻ രാജാവായെന്നും. (2രാജ 19:36, 37) എന്നാൽ ഒരു ബാബിലോണിയൻ ശിലാഫലകം പറയുന്നതനുസരിച്ച്, സൻഹെരീബിനെ കൊന്നത് അയാളുടെ ഒരു മകൻ മാത്രമാണ്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ബാബിലോണിയൻ പുരോഹിതനും ബി.സി. ആറാം നൂറ്റാണ്ടിലെ ബാബിലോൺ രാജാവായ നബോണീഡസും പറയുന്നത് ഇതേ കാര്യംതന്നെയാണ്, അതായത് സൻഹെരീബിനെ കൊന്നത് അയാളുടെ ഒരു മകനാണെന്ന്. പക്ഷേ ഈയിടെ കണ്ടെത്തിയ ഒരു ശിലാഫലകത്തിൽ സൻഹെരീബിനു ശേഷം രാജാവായ അയാളുടെ മകൻ ഏസെർ-ഹദ്ദോൻ വ്യക്തമായി പറയുന്നുണ്ട്, തന്റെ രണ്ടു സഹോദരന്മാർ പിതാവിന് എതിരെ മത്സരിക്കുകയും അദ്ദേഹത്തെ കൊന്നിട്ട് ഓടിപ്പോകുകയും ചെയ്തു എന്ന്. ഇതെക്കുറിച്ച് ഒരു ചരിത്രകാരൻ പറയുന്നു: “ബാബിലോണിയൻ ശിലാഫലകവും നബോണീഡസും അതുപോലെ ആ ബാബിലോൺ പുരോഹിതനും ഒക്കെ പറഞ്ഞത് തെറ്റാണ്. ബൈബിളിൽ പറഞ്ഞിരിക്കുന്നതാണ് ശരി. ഏസെർ-ഹദ്ദോന്റെ പേരിലുള്ള ശിലാഫലകത്തിൽനിന്ന് നമുക്ക് ഒരു കാര്യം ഉറപ്പാക്കാം: ബൈബിളിൽ പറഞ്ഞിരിക്കുന്ന ചെറിയ കാര്യങ്ങൾപോലും കൃത്യതയുള്ളതാണ്, ബാബിലോണിയൻ എഴുത്തുകളെക്കാളെല്ലാം കൃത്യതയുള്ളത്. ഇതു ശരിക്കും നമ്മൾ ഓർത്തിരിക്കേണ്ട കാര്യമാണ്. കാരണം ബൈബിളിന്റെ അതേ കാലത്തുതന്നെ എഴുതപ്പെട്ട മറ്റു ലിഖിതങ്ങൾ വിശ്വസിക്കുന്ന കാര്യത്തിൽ നമ്മൾ ശ്രദ്ധിക്കണം.”
ഡിസംബർ 26–ജനുവരി 1
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 20-21
“പ്രാർഥിച്ചതുകൊണ്ട് യഹോവ ഇടപെട്ടു”
ip-1 394 ¶23
ഒരു രാജാവിന്റെ വിശ്വാസത്തിനു പ്രതിഫലം ലഭിക്കുന്നു
23 സൻഹേരീബ് ആദ്യമായി യഹൂദയ്ക്കെതിരെ വരുന്ന സമയത്ത് ഹിസ്കീയാവ് രോഗം പിടിപെട്ടു കിടപ്പിലാകുന്നു. അവൻ മരിക്കുമെന്ന് യെശയ്യാവ് പറയുന്നു. (യെശയ്യാവു 38:1) 39 വയസ്സുള്ള ആ രാജാവ് ആകെ അസ്വസ്ഥനാണ്. സ്വന്തക്ഷേമത്തെയും ജനത്തിന്റെ ഭാവിയെയും കുറിച്ച് അവൻ ഉത്കണ്ഠാകുലനാണ്. യെരൂശലേമും യഹൂദയും അസീറിയൻ ആക്രമണ ഭീഷണിയിലാണല്ലോ, ഹിസ്കീയാവ് മരിച്ചാൽ രാജ്യത്തിനു വേണ്ടി ആരാണു യുദ്ധം ചെയ്യുക? അധികാരം ഏറ്റെടുക്കാൻ കഴിയുന്ന പുത്രന്മാരാരും ഹിസ്കീയാവിന് ഇല്ലതാനും. തന്നോടു കരുണ കാണിക്കാൻ ഹിസ്കീയാവ് യഹോവയോട് ഉള്ളുരുകി പ്രാർഥിക്കുന്നു.—യെശയ്യാവു 38:2, 3.
യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക!
16 പിന്നീട് ഒരിക്കൽ, ഒരു രോഗം വന്ന് ഹിസ്കിയ മരിക്കാറായി. താൻ യഹോവയുടെ മുമ്പാകെ എങ്ങനെയാണു നടന്നതെന്ന് ഓർക്കേണമേ എന്നു ഹിസ്കിയ യഹോവയോട് അപേക്ഷിച്ചു. (2 രാജാക്കന്മാർ 20:1-3 വായിക്കുക.) ഇക്കാലത്ത് ദൈവം അത്ഭുതകരമായി നമ്മളെ സുഖപ്പെടുത്തുമെന്നോ നമ്മുടെ ആയുസ്സു നീട്ടിത്തരുമെന്നോ പ്രതീക്ഷിക്കാനാകില്ലെന്നു തിരുവെഴുത്തുകളിൽനിന്ന് നമുക്ക് അറിയാം. എങ്കിലും ഹിസ്കിയയെപ്പോലെ നമുക്ക് ഓരോരുത്തർക്കും പ്രാർഥനയിൽ യഹോവയോട് ഇങ്ങനെ പറയാൻ കഴിയും: ‘ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വസ്തതയോടും പൂർണഹൃദയത്തോടും കൂടെ നടന്നു.’ രോഗശയ്യയിൽപ്പോലും യഹോവയ്ക്കു നിങ്ങളെ താങ്ങാൻ കഴിയുമെന്നും അതു ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?—സങ്കീ. 41:3.
പ്രാർഥനയ്ക്ക് എന്നെ എങ്ങനെ സഹായിക്കാനാവും?
ബൈബിൾ കാലങ്ങളിൽ ചില വിശ്വസ്ത വ്യക്തികളുടെ പ്രാർഥനകൾക്ക് നേരിട്ട്, ചിലപ്പോൾ അത്ഭുതകരമായി പോലും ഉത്തരങ്ങൾ ലഭിച്ചു. ഉദാഹരണത്തിന്, തനിക്കു മാരക രോഗമാണെന്നു മനസ്സിലാക്കിയ ഹിസ്കീയാ രാജാവ് രോഗസൗഖ്യത്തിനായി ദൈവത്തോട് അപേക്ഷിച്ചു. ദൈവം ഇങ്ങനെ പ്രതിവചിച്ചു: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൌഖ്യമാക്കും.” (2 രാജാക്കന്മാർ 20:1-6) ദൈവഭയമുള്ള മറ്റു സ്ത്രീപുരുഷന്മാരുടെ കാര്യത്തിലും ദൈവം നേരിട്ട് ഇടപെട്ടിട്ടുണ്ട്.—1 ശമൂവേൽ 1:1-20; ദാനീയേൽ 10:2-12; പ്രവൃത്തികൾ 4:24-31; 10:1-7.
ആത്മീയരത്നങ്ങൾ
it-2-E 240 ¶1
തൂക്കുകട്ട
ഒരു കെട്ടിടം ശരിയായി പണിയാനും ഇനി, ഒരു പഴയ കെട്ടിടത്തെ സംരക്ഷിക്കാനുള്ള മൂല്യം അതിന് ഇപ്പോഴും ഉണ്ടോ എന്നു തീരുമാനിക്കാനും തൂക്കുകട്ട ഉപയോഗിച്ചിരുന്നു. “ശമര്യയിൽ പിടിച്ച അളവുനൂലും ആഹാബുഗൃഹത്തിൽ പിടിച്ച തൂക്കുകട്ടയും” ഉപയോഗിച്ച് താൻ യരുശലേമിനെ അളക്കുമെന്ന് യഹോവ പറഞ്ഞു. യഹോവ അതിനു മുമ്പുതന്നെ ശമര്യയെ അളന്നിരുന്നു. ആഹാബിന്റെ ഭവനം ധാർമികമായി അധഃപതിച്ചതാണെന്നു കണ്ടെത്തുകയും ചെയ്തു. അതുകൊണ്ട് അവരെ നശിപ്പിച്ചു. അതുപോലെ ദൈവം യരുശലേമിനെയും അതിന്റെ രാജാക്കമാരെയും ന്യായം വിധിക്കും. ആ നഗരത്തിന്റെ ദുഷ്ടത തുറന്നുകാട്ടുകയും അതിനെ നശിപ്പിക്കുകയും ചെയ്യും. (2രാജ 21:10-13; 10:11) യശയ്യയിലൂടെ യഹോവ പറഞ്ഞു: “ഞാൻ ന്യായത്തെ അളവുനൂലും, നീതിയെ തൂക്കുകട്ടയും ആക്കും.” യഹോവയുടെ നീതിയുടെ നിലവാരങ്ങൾവെച്ച് അളക്കുമ്പോൾ ആരാണ് ദൈവദാസരെന്നും ആരാണ് അങ്ങനെയല്ലാത്തവരെന്നും തെളിയുമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒന്നുകിൽ അവരെ സംരക്ഷിക്കും, അല്ലെങ്കിൽ അവരെ നശിപ്പിക്കും.—യശ 28:14-19.