അവർ യഹോവയുടെ ഹിതം ചെയ്തു
അത്യധികം പ്രതിഫലദായകമായിരുന്ന ഒരു സന്ദർശനം
ശെബയിൽ നിന്നും യെരൂശലേമിലേക്കുള്ള യാത്ര ആ രാജ്ഞിയെ സംബന്ധിച്ചിടത്തോളം ആയാസകരം ആയിരുന്നിരിക്കണം. സുഖലോലുപതയുടെ നടുവിൽ കഴിഞ്ഞിരുന്ന അവൾ ഒട്ടകപ്പുറത്ത് 2,400 കിലോമീറ്റർ വരുന്ന ഒരു ദീർഘ യാത്രയ്ക്കു പുറപ്പെട്ടു. അതിൽ അധികവും കഠിന ചൂടുള്ള മരുഭൂമിയിലൂടെ ആയിരുന്നു. ഒരു കണക്ക് അനുസരിച്ച്, ഒരു ദിശയിലേക്കു മാത്രമുള്ള അവളുടെ യാത്ര പൂർത്തിയാക്കാൻ 75 ദിവസം വേണ്ടിവന്നുവത്രേ!a
സമ്പന്നയായ ഈ രാജ്ഞി എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിരുന്ന ശെബയിലെ തന്റെ അരമന വിട്ട് അത്തരം ദുഷ്കരമായ ഒരു യാത്ര പുറപ്പെട്ടത് എന്തിനായിരുന്നു?
ജിജ്ഞാസയുണർത്തുന്ന ഒരു റിപ്പോർട്ട്
“യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്നുള്ള കീർത്തി കേട്ടിട്ടു” ആണ് ശെബയിലെ രാജ്ഞി യെരൂശലേമിൽ വന്നത്. (1 രാജാക്കന്മാർ 10:1) രാജ്ഞി കേട്ടത് എന്താണ് എന്നതിനെക്കുറിച്ചു കൃത്യമായ രേഖയില്ല. എന്നിരുന്നാലും, സാധാരണയിലും കവിഞ്ഞ ജ്ഞാനം, ധനം, മാനം എന്നിവയാൽ യഹോവ ശലോമോനെ അനുഗ്രഹിച്ചുവെന്നു നമുക്കറിയാം. (2 ദിനവൃത്താന്തം 1:11, 12) രാജ്ഞി ഈ വിവരങ്ങൾ അറിയാൻ ഇടയായതെങ്ങനെ? ശെബ ഒരു വ്യാപാരകേന്ദ്രം ആയിരുന്നതിനാൽ, അവിടെ എത്തിയിരുന്ന വ്യാപാരികളിലൂടെ ആയിരിക്കാം അവൾ ശലോമോന്റെ കീർത്തിയെക്കുറിച്ചു കേട്ടത്. ശലോമോന് വൻതോതിൽ വ്യാപാര ഇടപാടുകൾ ഉണ്ടായിരുന്ന ഓഫീർ ദേശത്ത് അവരിൽ ചിലർ പോയിരിക്കാം.—1 രാജാക്കന്മാർ 9:26-28.
അത് എന്തായിരുന്നാലും, രാജ്ഞി “അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു.” (1 രാജാക്കന്മാർ 10:2എ) “അതിമഹത്തായ പരിവാര”ത്തിൽ സായുധ അകമ്പടി ഉൾപ്പെട്ടിരുന്നു എന്നാണ് ചിലർ പറയുന്നത്. രാജ്ഞി ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന ഒരു പ്രൗഢവനിത ആയിരുന്നു എന്നതും അവർ കോടിക്കണക്കിന് രൂപ വിലവരുന്ന വസ്തുക്കളുമായി യാത്ര ചെയ്യുകയായിരുന്നു എന്നതും കണക്കിലെടുത്താൽ ഇതു മനസ്സിലാക്കാവുന്നതേ ഉള്ളൂ.b
എന്നിരുന്നാലും, “യഹോവയെ സംബന്ധിച്ചു ശലോമോനുള്ള കീർത്തി” രാജ്ഞി കേട്ടു എന്നത് ശ്രദ്ധിക്കുക. അതുകൊണ്ട്, ഇതു വെറുമൊരു വ്യാപാര സംബന്ധമായ യാത്ര അല്ലായിരുന്നു. രാജ്ഞിയുടെ ആഗമനത്തിന്റെ മുഖ്യോദ്ദേശ്യം ശലോമോന്റെ ജ്ഞാനം കേൾക്കുക— ഒരുപക്ഷേ അദ്ദേഹത്തിന്റെ ദൈവമായ യഹോവയെക്കുറിച്ചു പോലും എന്തെങ്കിലും അറിയുക—എന്നതായിരുന്നു എന്നു വ്യക്തമാണ്. യഹോവയെ ആരാധിച്ചിരുന്ന ശേമിന്റെയോ ഹാമിന്റെയോ വംശത്തിൽ പിറന്നവൾ ആയിരുന്നിരിക്കാൻ ഇടയുള്ളതുകൊണ്ട്, തന്റെ പൂർവികരുടെ മതത്തെക്കുറിച്ച് അറിയാൻ അവൾ ജിജ്ഞാസു ആയിരുന്നിരിക്കാം.
കടമൊഴികളും തൃപ്തികരമായ മറുമൊഴികളും
ശലോമോനുമായുള്ള കൂടിക്കാഴ്ചയിൽ, രാജ്ഞി അദ്ദേഹത്തെ “കടമൊഴികളാൽ” പരീക്ഷിക്കാൻ തുടങ്ങി. (1 രാജാക്കന്മാർ 10:1) ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദത്തെ “കടങ്കഥകൾ” എന്നു വിവർത്തനം ചെയ്യാവുന്നതാണ്. പക്ഷേ, രാജ്ഞി ശലോമോനുമായി നിസ്സാരമായ വിനോദകേളികളിൽ ഏർപ്പെട്ടു എന്ന് ഇത് അർഥമാക്കുന്നില്ല. രസാവഹമായി, സങ്കീർത്തനം 49:4-ൽ പാപം, മരണം, വീണ്ടെടുപ്പ് എന്നിവയെ സംബന്ധിച്ച ഗൗരവമായ ചോദ്യങ്ങളെ വിവരിക്കാൻ അതേ എബ്രായ പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധ്യതയനുസരിച്ച്, ശെബയിലെ രാജ്ഞി ശലോമോനുമായി ചർച്ച ചെയ്ത ഗഹനമായ വിഷയങ്ങൾ, അവന്റെ ജ്ഞാനത്തിന്റെ ആഴം പരീക്ഷിച്ചിരിക്കാം. ബൈബിൾ ഇങ്ങനെ പറയുന്നു: “അവൾ . . . തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.” “അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല.”—1 രാജാക്കന്മാർ 10:2ബി, 3.
ശലോമോന്റെ ജ്ഞാനവും അവന്റെ രാജ്യത്തിന്റെ ഐശ്വര്യവും കണ്ട ശെബയിലെ രാജ്ഞിക്കു വളരെയേറെ മതിപ്പു തോന്നി, വാസ്തവത്തിൽ അവൾ “അമ്പരന്നു” പോകുകതന്നെ ചെയ്തു. (1 രാജാക്കന്മാർ 10:4, 5) ഈ പ്രയോഗത്തെ ചിലർ “ശ്വാസോച്ഛ്വാസം നിലച്ചുപോയി” എന്ന അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. രാജ്ഞിക്കു മോഹാലസ്യമുണ്ടായെന്നു പോലും ഒരു പണ്ഡിതൻ പറയുന്നു! സംഭവിച്ചത് എന്തുതന്നെ ആയിരുന്നാലും രാജ്ഞി കണ്ടതും കേട്ടതുമായ കാര്യങ്ങൾ അവളെ അതിശയിപ്പിച്ചു. രാജാവിന്റെ ജ്ഞാനം കേൾക്കുന്ന അവന്റെ ഭൃത്യന്മാർ സന്തുഷ്ടരാണെന്നു പറഞ്ഞ അവൾ, ശലോമോനെ രാജാവാക്കിയതിനെ പ്രതി യഹോവയെ സ്തുതിച്ചു. പിന്നെ അവൾ രാജാവിന് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി. ഇന്നത്തെ വിലയനുസരിച്ച് അവൾ നൽകിയ സ്വർണത്തിനു മാത്രം ഏതാണ്ട് 4,00,00,000 ഡോളർ വില വരും. “അവൾ ആഗ്രഹിച്ചു ചോദിച്ചതെല്ലാം” രാജ്ഞിക്കു നൽകിക്കൊണ്ട് ശലോമോനും സമ്മാനങ്ങൾ കൊടുത്തു.c—1 രാജാക്കന്മാർ 10:6-13.
നമുക്കുള്ള പാഠം
ശാസ്ത്രിമാർക്കും പരീശന്മാർക്കുമുള്ള ഒരു സാരോപദേശ പാഠം എന്ന നിലയിൽ യേശു ശെബയിലെ രാജ്ഞിയെ പരാമർശിക്കുന്നുണ്ട്. “തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു ഉയിർത്തെഴുന്നേററു അതിനെ കുററം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.” (മത്തായി 12:42) അതേ, ശെബയിലെ രാജ്ഞി ദൈവദത്ത ജ്ഞാനത്തോടു വളരെ വിലമതിപ്പു കാട്ടി. ശലോമോന്റെ ജ്ഞാനമൊഴികൾ കേൾക്കാൻ അവൾ 2,400 കിലോമീറ്റർ താണ്ടി എത്തിയെങ്കിൽ, തങ്ങളുടെ മുമ്പാകെ ഉണ്ടായിരുന്ന യേശുവിനെ പരീശന്മാരും ശാസ്ത്രിമാരും തീർച്ചയായും അടുത്തു ശ്രദ്ധിക്കേണ്ടതായിരുന്നു.
ഇന്നു നമുക്കു വലിയ ശലോമോനായ യേശുക്രിസ്തുവിനോട് ആഴമായ വിലമതിപ്പു പ്രകടമാക്കാൻ കഴിയും. എങ്ങനെ? ഒരു വിധം, “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന അനുസരിക്കുകയാണ്. (മത്തായി 28:20) മറ്റൊരു വിധം, യേശുവിന്റെ മാതൃകയും അവന്റെ മനോഭാവവും അനുകരിക്കുക എന്നതാണ്.—ഫിലിപ്പിയർ 2:5; എബ്രായർ 12:2, 3.
തീർച്ചയായും, വലിയ ശലോമോന്റെ മാതൃക പിൻപറ്റുന്നതിനു നല്ല ശ്രമം ആവശ്യമാണ്. എങ്കിലും, അത് നമുക്കു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും. ആത്മത്യാഗ മനോഭാവം കാട്ടുന്നെങ്കിൽ ‘ഞാൻ ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം അനുഗ്രഹം പകരും’ എന്നു യഹോവ തന്റെ ജനത്തോടു വാഗ്ദാനം ചെയ്യുന്നു.—മലാഖി 3:10.
[അടിക്കുറിപ്പുകൾ]
a തെക്കുപടിഞ്ഞാറൻ അറേബ്യയിൽ ഇന്നത്തെ യെമൻ റിപ്പബ്ലിക്കിലാണ് ശെബ സ്ഥിതി ചെയ്തിരുന്നത് എന്നാണു പണ്ഡിതമതം.
b പുരാതന ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ സ്ട്രേബോ പറയുന്നത്, ശെബയിലെ ആളുകൾ അതിസമ്പന്നരായിരുന്നു എന്നാണ്. ഫർണിച്ചറുകളും പാത്രങ്ങളും മാത്രമല്ല കതകുകളും, എന്തിന് ചുമരുകളും മേൽക്കൂരകളും പോലും, നിർമിക്കുന്നതിൽ അവർ സ്വർണം വാരിക്കോരി ഉപയോഗിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു.
c ഈ പദപ്രയോഗം, രാജ്ഞി ശലോമോനുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടെന്ന് അർഥമാക്കുന്നതായി ചിലർ കരുതുന്നു. അവർക്ക് ആ വകയിൽ ഒരു പുത്രനുണ്ടായെന്നു പോലും ഐതിഹ്യമുണ്ട്. എന്നിരുന്നാലും, ഈ കാര്യങ്ങൾക്കൊന്നും തെളിവില്ല.