ബൈബിൾ വിമർശകരെ അമ്പരപ്പിച്ച ഒരു അജ്ഞാത സാമ്രാജ്യം
“അടുത്തകാലംവരെ അസീറിയൻ സാമ്രാജ്യത്തിന്റെ ചരിത്രം ലോകചരിത്രത്തിലെ ഏററവും അവ്യക്തമായ അധ്യായങ്ങളിൽ ഒന്നായിരുന്നു.” “പുരാതന നീനവേയെക്കുറിച്ച് ആകെ അറിയപ്പെട്ടിരുന്നത്, ബൈബിളിൽ അങ്ങുമിങ്ങുമുള്ള സൂചനകളിലും അതിനെ സൂചിപ്പിക്കുന്ന ബൈബിൾ പ്രവചനങ്ങളിലും, ഡയോഡോറസ് സിക്കളസിന്റെയും . . . മററുചിലരുടെയും അസീറിയൻ ചരിത്രത്തിലെ യാദൃച്ഛികമായ നുറുങ്ങു വിവരണങ്ങളിലും അടങ്ങിയിരുന്നതായിരുന്നു.”—സൈക്ലോപീഡിയ ഓഫ് ബിബ്ലിക്കൽ ലിറററേച്ചർ, വാല്യം 1-ഉം 3-ഉം, 1862.
ഗ്രീക്കു ചരിത്രകാരനായ ഡയോഡോറസ് സിക്കളസ് 2,000 വർഷം മുമ്പാണു ജീവിച്ചിരുന്നത്. അദ്ദേഹം അവകാശപ്പെടുന്നതനുസരിച്ചു നീനവേ ഒരു ചതുഷ്ക്കോണ നഗരമായിരുന്നു; നാലു വശങ്ങളുടെയും ആകെ നീളം 480 സ്റേറഡിയയായിരുന്നു. അതായത് 96 കിലോമീററർ [60 മൈൽ] ചുററളവ്! ബൈബിളും നീനവേയെ “മൂന്നു ദിവസത്തെ വഴിയുള്ള” ഒരു മഹാനഗരമായി വർണിച്ചുകൊണ്ടു സമാനമായ ഒരു ചിത്രമാണു നല്കുന്നത്.—യോനാ 3:3.
പത്തൊമ്പതാം നൂററാണ്ടിലെ ബൈബിൾ വിമർശകർ പുരാതന ലോകത്തിലെ ഒരു അജ്ഞാത നഗരത്തിന് അത്ര വലുതായിരിക്കാൻ കഴിയുമായിരുന്നു എന്നു വിശ്വസിക്കാൻ വിസമ്മതിച്ചു. നീനവേ എന്നെങ്കിലും സ്ഥിതി ചെയ്തിരുന്നെങ്കിൽ അതു ബാബിലോനു മുമ്പുണ്ടായിരുന്ന ഒരു പുരാതന സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നിരിക്കണം എന്നുകൂടി അവർ പറഞ്ഞു.
ഈ വീക്ഷണം നോഹയുടെ പ്രപൗത്രനായ നിമ്രോദ് ബാബേൽ പ്രദേശത്ത് അല്ലെങ്കിൽ ബാബിലോനിൽ ആദ്യത്തെ രാഷ്ട്രീയ സംസ്ഥാനം സ്ഥാപിച്ചു എന്നു പ്രസ്താവിക്കുന്ന ഉല്പത്തി 10-ാം അധ്യായത്തിനു വിരുദ്ധമാണ്. “ആ ദേശത്തുനിന്നു അശ്ശൂർ പുറപ്പെട്ടു (അയാൾ അശ്ശൂരിലേക്കു പുറപ്പെട്ടു, NW) നീനവേ, രെഹോബോത്ത് പട്ടണം, കാലഹ്, നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേസെൻ (ഇതാണു മഹാനഗരം, NW) എന്നിവ പണിതു” എന്നു ബൈബിൾ തുടർന്നു പറയുന്നു. (ഉല്പത്തി 10:8-12) നാലു പുതിയ അസീറിയൻ നഗരങ്ങൾ ഒരു “മഹാനഗര”മായിരിക്കുന്നതായി തിരുവെഴുത്തുകൾ വർണിക്കുന്നതു ശ്രദ്ധിക്കുക.
ആയിരത്തിയെണ്ണൂററിനാല്പത്തിമൂന്നിൽ ഒരു ഫ്രഞ്ച് പുരാവസ്തുശാസ്ത്രജ്ഞനായ പോൾ അയ്മൽ ബോററ ഒരു അസീറിയൻ നഗരമായ ഖോർസാബാദിന്റെ ഭാഗമെന്നു തെളിഞ്ഞ ഒരു കൊട്ടാരത്തിന്റെ നാശാവശിഷ്ടങ്ങൾ കണ്ടെത്തി. ഈ കണ്ടെത്തലിന്റെ വാർത്ത പൊതുജനം അറിഞ്ഞപ്പോൾ അതു വലിയ ആവേശത്തിനു കാരണമായി. ബൈബിൾ കാലങ്ങളിൽനിന്നുള്ള നിക്ഷേപങ്ങൾ (Treasures From Bible Times) എന്ന പുസ്തകത്തിൽ അലൻ മിലാർഡ് ഇങ്ങനെ വിശദീകരിക്കുന്നു: “യെശയ്യാവു 20:1-ൽ പേർ പറഞ്ഞിരിക്കുന്ന അസീറിയൻ രാജാവായ സർഗോണിന്റേതാണു കൊട്ടാരമെന്നു തെളിഞ്ഞപ്പോൾ പൊതുജന താല്പര്യം ഏറെ ഉയർന്നു, മററു പ്രകാരത്തിൽ അറിയപ്പെടാതിരുന്നതിനാൽ അദ്ദേഹത്തിന്റെ അസ്തിത്വം സംശയിക്കപ്പെട്ടിരുന്നു.”
അതിനിടയിൽ മറെറാരു പുരാവസ്തുശാസ്ത്രജ്ഞനായ ഓസ്ററൻ ഹെൻറി ലേയാർഡ് ഖോർസബാദിന് ഏകദേശം 42 കിലോമീററർ തെക്കുപടിഞ്ഞാറായി നിമ്രൂദ് എന്ന സ്ഥലത്തെ നാശാവശിഷ്ടങ്ങൾ ഖനനം ചെയ്യാൻ തുടങ്ങി. ആ നാശാവശിഷ്ടങ്ങൾ ഉല്പത്തി 10:11-ൽ പരാമർശിച്ചിരിക്കുന്ന നാല് അസീറിയൻ നഗരങ്ങളിൽ ഒന്നായ കാലഹ് ആണെന്നു തെളിഞ്ഞു. പിന്നീട് 1849-ൽ ലേയാർഡ് കാലാഹിനും ഖോർസാബാദിനും ഇടയിൽ കൂയഞ്ഞിക് എന്നു പറയുന്ന സ്ഥലത്ത് ഒരു കൂററൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു. പ്രസ്തുത കൊട്ടാരം നീനവേയുടെ ഭാഗമെന്നു തെളിഞ്ഞു. ഖോർസബാദിനും കാലഹിനും ഇടയിൽ കാരംലസ് എന്നു വിളിക്കുന്ന ഒരു മൺകൂനയുൾപ്പെടെ മററു അധിനിവേശപ്രദേശങ്ങളുടെ അവശിഷ്ടങ്ങൾ കിടക്കുന്നുണ്ട്. “നമ്മൾ നിമ്രൂദ് (കാലഹ്), കൂയഞ്ഞിക് (നീനവേ), ഖോർസബാദ്, കാരംലസ് എന്നീ നാലു മൺകൂനകളെ ഒരു ചതുരത്തിന്റെ മൂലകളായെടുത്താൽ, അതിന്റെ നാലു വശങ്ങൾ കൃത്യമായി 480 സ്റേറഡിയയുമായി അല്ലെങ്കിൽ ഭൂമിശാസ്ത്രജ്ഞന്റെ 60 മൈലുമായി [96 കിലോമീററർ] ഒത്തുവരുന്നതായി കാണപ്പെടും, അതാണു (യോനാ) പ്രവാചകന്റെ മൂന്നു ദിവസത്തെ യാത്ര ഉളവാക്കുന്നത്.”
അപ്പോൾ പ്രത്യക്ഷത്തിൽ യോനാ ഈ അധിനിവേശ പ്രദേശങ്ങളെയെല്ലാം ഉല്പത്തി 10:11-ൽ ആദ്യമായി പട്ടികപ്പെടുത്തിയിരിക്കുന്ന നഗര നാമം, അതായതു നീനവേ എന്നു വിളിച്ചുകൊണ്ട്, ഒരു “മഹാനഗര”ത്തിൽ ഉൾപ്പെടുത്തി. അതുതന്നെ ഇന്നും ചെയ്യുന്നു. ഉദാഹരണത്തിന്, ആദിമ ലണ്ടൻ നഗരവും ചിലപ്പോൾ “വിശാല ലണ്ടൻ” എന്നു വിളിക്കുന്ന അതിന്റെ പരിസരപ്രദേശങ്ങളും തമ്മിൽ ഒരു വ്യത്യാസമുണ്ട്.
അഹങ്കാരിയായ ഒരു അസീറിയൻ രാജാവ്
മൂന്നു കിലോമീറററോളം മതിലുകളുള്ള നീനവേയിലെ കൊട്ടാരത്തിനു 70-ലധികം മുറികളുണ്ടായിരുന്നു. ഈ മതിലുകളിൽ സൈനിക വിജയങ്ങളുടെയും മററു നേട്ടങ്ങളുടെയും സ്മാരകമായ ശില്പവേലകളുടെ കത്തിപ്പോയ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. മിക്കവക്കും നല്ലപോലെ കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നിരുന്നാലും തന്റെ താമസകാലഘട്ടത്തിന്റെ അവസാനമായപ്പോഴേക്കും ലേയാർഡ് അത്ഭുതകരമാം വിധം സംരക്ഷിക്കപ്പെട്ടനിലയിൽ ഒരു മുറി കണ്ടെത്തി. അതിന്റെ മതിലിൻമേൽ നന്നായി കോട്ടകെട്ടിയുറപ്പിച്ച ഒരു നഗരത്തിന്റെ പിടിച്ചടക്കലും നഗരത്തിനു വെളിയിൽ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന, പടയേററം നടത്തുന്ന, രാജാവിനു മുമ്പിൽ നടത്തപ്പെടുന്ന തടവുകാരെയും ചിത്രീകരിച്ചിരുന്നു. രാജാവിരിക്കുന്നതിനു മുകളിൽ ഒരു ആലേഖനം ഉണ്ടായിരുന്നു, അത് അസീറിയൻ എഴുത്തുകളുടെ വിദഗ്ധർ പിൻവരുന്ന പ്രകാരം തർജ്ജമ ചെയ്യുന്നു: “ലോകത്തിന്റെ രാജാവും അസീറിയുടെ രാജാവുമായ സൻഹേരീബ് നിമേഡു-സിംഹാസനത്തിൽ ഇരിക്കുകയും ലാഖീശിൽനിന്നുള്ള (ലാക്കിസൂ) കൊള്ളമുതൽ പരിശോധിക്കുകയും ചെയ്തു.”
ഈ പ്രദർശനവസ്തുവും ആലേഖനവും ഇന്നു ബ്രിട്ടീഷ് മ്യൂസിയത്തിൽ കാണാവുന്നതാണ്. അതു ബൈബിളിൽ 2 രാജാക്കൻമാർ 18:13, 14-ൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്ര സംഭവവുമായി യോജിപ്പിലാണ്: “യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടിൽ അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു. അപ്പോൾ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശിൽ അശ്ശൂർരാജാവിന്റെ അടുക്കൽ ആളയച്ചു: ഞാൻ കുററം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാൻ അടെച്ചുകൊള്ളാം എന്നു പറയിച്ചു. അശ്ശൂർരാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്ത് വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.”
സൻഹേരീബ് യഹൂദാദേശം പിടിച്ചടക്കിയതിന്റെയും ഹിസ്കീയാവ് കപ്പം കൊടുത്തിരുന്നതിന്റെയും കൂടുതലായ വിവരങ്ങൾ നൽകുന്ന മററു ആലേഖനങ്ങളും നീനവേയുടെ നാശാവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. “ഒരുപക്ഷേ, രേഖയിലുള്ള ചരിത്രസാക്ഷ്യത്തിലെ ശ്രദ്ധേയമായ അനുരൂപ്യങ്ങളിലൊന്ന്, ഹിസ്കീയാവിന്റെ പക്കൽനിന്ന് എടുത്ത സ്വർണനിധിയുടെ അളവായ മുപ്പതു താലന്ത് എന്നത്, തികച്ചും സ്വതന്ത്രമായ രണ്ടു വിവരണങ്ങളിൽ യോജിപ്പിലാണ്” എന്നു ലേയാർഡ് എഴുതി. അസീറിയൻ എഴുത്തു വ്യാഖ്യാനിക്കുന്നതിൽ സഹായിച്ച ഹെൻറി റോലിൻസൺ ഈ ആലേഖനങ്ങൾ “[സൻഹേരീബിന്റെ] ചരിത്രപരമായ തിരിച്ചറിയലിനെ അവിതർക്കിതമാക്കി” എന്നു പ്രഖ്യാപിച്ചു. കൂടാതെ, ലേയാർഡ് അദ്ദേഹത്തിന്റെ നീനവേ ആൻറ് ബാബിലോൻ എന്ന പുസ്തകത്തിൽ ഇങ്ങനെ ചോദിക്കുന്നു: “ഈ കണ്ടെത്തലുകൾ നടക്കുന്നതിനു മുമ്പു നീനവേയുടെ സ്ഥാനത്തെ അടയാളപ്പെടുത്തുന്ന മണ്ണിന്റെയും കെട്ടിടാവശിഷ്ടങ്ങളുടെയും കൂമ്പാരത്തിനിടയിൽ ഹിസ്കീയാവും സൻഹേരീബും തമ്മിലുള്ള യുദ്ധങ്ങളുടെ ചരിത്രം, അവ സംഭവിച്ച അതേസമയത്തു സൻഹേരീബുതന്നെ ബൈബിൾ രേഖയെ അതിന്റെ സൂക്ഷ്മ വിശദാംശങ്ങളിൽപ്പോലും സ്ഥിരീകരിക്കുന്നവിധത്തിൽ എഴുതിയതു കണ്ടെത്തുക സംഭാവ്യമോ സാധ്യമോ ആണെന്ന് ആർക്കു വിശ്വസിക്കാനാകുമായിരുന്നു?”
സൻഹേരീബിന്റെ രേഖയുടെ ചില വിശദാംശങ്ങൾ തീർച്ചയായും ബൈബിളിനോടു യോജിക്കുന്നില്ല. ഉദാഹരണത്തിന്, പുരാവസ്തുശാസ്ത്രജ്ഞനായ അലൻ മിലാർഡ് എഴുതുന്നു: “ഏററവും ശ്രദ്ധേയമായ വസ്തുത കാണുന്നതു [സൻഹേരീബിന്റെ രേഖയുടെ] അന്ത്യത്തിലാണ്. ഹിസ്കീയാവ് അദ്ദേഹത്തിന്റെ ദൂതനെ മുഴുവൻ കപ്പവും സഹിതം സൻഹേരീബിന്റെ അടുക്കലേക്ക്, ‘പിന്നീടു നീനവേയിലേക്ക്’ അയച്ചു. അസീറിയൻ സൈന്യം പതിവുപോലെ അവ നാട്ടിലേക്കു കൊണ്ടുപോയില്ല.” അസീറിയൻ രാജാവു നീനവേയിലേക്കു മടങ്ങുന്നതിനു മുമ്പു കപ്പം കൊടുക്കപ്പെട്ടു എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (2 രാജാക്കൻമാർ 18:15-17) ആ വ്യത്യാസം എന്തുകൊണ്ടാണ്? യഹൂദായുടെ കോട്ടയായ ലാഖീശ് പിടിച്ചടക്കിയപ്പോൾ വീമ്പിളക്കിയ വിധത്തിൽ യഹൂദായുടെ തലസ്ഥാനമായ യെരൂശലേം പിടിച്ചടക്കിയതിനെക്കുറിച്ചു വീമ്പിളക്കാൻ സൻഹേരീബിനു കഴിയാതെ പോയത് എന്തുകൊണ്ടായിരുന്നു? മൂന്നു ബൈബിൾ എഴുത്തുകാർ അതിന് ഉത്തരം നൽകുന്നു: “എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ നൂററിയെൺപത്തയ്യായിരം പേരെ കൊന്നു; ജനം രാവിലേ എഴുന്നേററപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു. അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്രപുറപ്പെട്ടു മടങ്ങിപ്പോയി നീനവേയിൽ പാർത്തു” എന്ന് അവരിലൊരാൾ, ഒരു ദൃക്സാക്ഷി എഴുതി.—യെശയ്യാവു 37:36, 37; 2 രാജാക്കൻമാർ 19:35; 2 ദിനവൃത്താന്തം 32:21.
മിലാർഡ് അദ്ദേഹത്തിന്റെ ട്രഷേഴ്സ് ഫ്രം ബൈബിൾ ടൈംസ് എന്ന പുസ്തകത്തിൽ ഇങ്ങനെ നിഗമനം ചെയ്യുന്നു: “ഈ റിപ്പോർട്ടിനെ സംശയിക്കാൻ മതിയായ കാരണമില്ല . . . സൻഹേരീബ് അത്തരമൊരു ദുരന്തം തന്റെ പിൻഗാമികൾക്കു വായിക്കുവാൻവേണ്ടി രേഖപ്പെടുത്തി വെക്കില്ലെന്നുള്ളതു മനസ്സിലാക്കാം, എന്തുകൊണ്ടെന്നാൽ അത് അദ്ദേഹത്തിനു അപകീർത്തി വരുത്തുമായിരുന്നു.” പകരം സൻഹേരീബ് യഹൂദായെ ആക്രമിച്ചത് ഒരു വിജയമായിരുന്നെന്നും ഹിസ്കീയാവ് നീനവേയിലേക്കു കപ്പം അയച്ചുകൊടുത്തുകൊണ്ടു തുടർന്നു കീഴ്പ്പെട്ടിരുന്നു എന്ന പ്രതീതിയുളവാക്കാനും അദ്ദേഹം ശ്രമിച്ചു.
അസ്സീറിയായുടെ ഉത്ഭവം സ്ഥിരീകരിക്കപ്പെടുന്നു
പതിനായിരക്കണക്കിനു മൺപലകകൾ ഉൾക്കൊള്ളുന്ന ഗ്രന്ഥശാലകളും നീനവേയിൽനിന്നു കണ്ടെടുത്തു. ഈ രേഖകൾ അസീറിയൻ സാമ്രാജ്യത്തിന്റെ വേരുകൾ, ഉല്പത്തി 10:11 സൂചിപ്പിക്കുന്നതുപോലെ ദക്ഷിണ ബാബിലോനിലായിരുന്നെന്നു തെളിയിക്കുന്നു. ഈ അറിവ് ഉപയോഗിച്ചുകൊണ്ടു പുരാവസ്തുശാസ്ത്രജ്ഞൻമാർ അവരുടെ ശ്രമം കൂടുതൽ തെക്കു കേന്ദ്രീകരിക്കാൻ തുടങ്ങി. എൻസൈക്ലോപീഡിയ ബിബ്ലിക്കാ ഇപ്രകാരം വിശദീകരിക്കുന്നു: “അസീറിയയുടെ സകല അവശിഷ്ടങ്ങളും വെളിപ്പെടുത്തുന്നത് അവരുടെ ബാബിലോണിയൻ ഉത്ഭവത്തെയാണ്. അവരുടെ ഭാഷ, എഴുത്തുരീതി, അവരുടെ സാഹിത്യം, അവരുടെ മതം, അവരുടെ ശാസ്ത്രം എന്നിവയെല്ലാംതന്നെ അവരുടെ ദക്ഷിണഭാഗത്തുള്ള അയൽവാസികളിൽനിന്ന് അല്പം ഭേദഗതികളോടെ ഏറെറടുത്തതാണ്.”
മേൽപ്പറഞ്ഞതുപോലുള്ള കണ്ടെത്തലുകൾ ബൈബിൾ വിമർശകരെ അവരുടെ വീക്ഷണങ്ങൾക്ക് അയവു വരുത്താൻ നിർബന്ധരാക്കിയിരിക്കുന്നു. നിശ്ചയമായും ബൈബിളിന്റെ ഒരു ആത്മാർഥ പരിശോധന അത് എഴുതപ്പെട്ടതു ശ്രദ്ധയും സത്യസന്ധതയുമുള്ളവരാലാണെന്നു വെളിപ്പെടുത്തുന്നു. ഐക്യനാടുകളുടെ സുപ്രീംകോടതിയിലെ ഒരു മുൻ ചീഫ് ജസ്ററീസായ സൽമാൻ പി. ചേസ് ബൈബിൾ പരിശോധിച്ചശേഷം ഇങ്ങനെ പറഞ്ഞു: “അതു ദീർഘവും സഗൗരവവും ആഴത്തിലുള്ളതുമായ ഒരു പഠനമായിരുന്നു: മതേതര കാര്യങ്ങളിൽ ഞാൻ എല്ലായ്പോഴും ചെയ്യാറുള്ളതുപോലെ, മതകാര്യങ്ങളിൽ തെളിവിന്റെ അതേ തത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ട്, ബൈബിൾ ഒരു പ്രകൃത്യാതീത പുസ്തകമാണ്, അതു ദൈവത്തിൽനിന്നു വന്നിരിക്കുന്നു എന്ന തീരുമാനത്തിൽ ഞാൻ എത്തിയിരിക്കുന്നു.”—പുസ്തകങ്ങളുടെ പുസ്തകം: ഒരു ആമുഖം (The Book of Books: An Introduction).
തീർച്ചയായും ബൈബിൾ കൃത്യമായ ചരിത്രത്തെക്കാൾ വളരെ കവിഞ്ഞ ഒന്നാണ്. അത് ദൈവത്തിന്റെ നിശ്വസ്ത വചനമാണ്, മനുഷ്യവർഗത്തിന്റെ പ്രയോജനത്തിനുവേണ്ടിയുള്ള ഒരു ദാനമാണ്. (2 തിമൊഥെയൊസ് 3:16) ഇതിനു തെളിവു ബൈബിൾഭൂമിശാസ്ത്രം പരിശോധിക്കുന്നതിലൂടെ കാണാവുന്നതാണ്. അത് അടുത്ത ലക്കത്തിൽ ചർച്ചചെയ്യുന്നതായിരിക്കും.
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of the Trustees of The British Museum
[6, 7 പേജുകളിലെ ചിത്രങ്ങൾ]
മുകളിൽ: മതിൽകൊത്തുപണികളിൽനിന്ന് എടുത്തിരിക്കുന്ന മൂന്നു വിശദാംശങ്ങൾ
താഴെ: ലാഖീശ് ഉപരോധത്തെ വിശദമാക്കുന്ന അസീറിയൻ മതിൽകൊത്തുപണികളുടെ ചിത്രം
[കടപ്പാട്]
(Courtesy of The British Museum)
(From The Bible in the British Museum, published by British Museum Press)