വാഗ്ദത്തദേശത്തു നിന്നുള്ള രംഗങ്ങൾ
ദേശം സന്ദർശിക്കുക, ആടുകളെ സന്ദർശിക്കുക!
ആയിരക്കണക്കിന് ക്രിസ്ത്യാനികൾ വാഗ്ദത്തദേശം സന്ദർശിച്ചിട്ടുണ്ട്, സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ കാണുന്നത് ബൈബിളിനെ കൂടുതൽ അർത്ഥവത്താക്കിക്കൊണ്ട് അത് ഗ്രഹിക്കാൻ തങ്ങളെ സഹായിക്കുമെന്ന് വിചാരിച്ചുകൊണ്ടുതന്നെ. അത് സഹായിച്ചിട്ടുമുണ്ട്.
നിങ്ങൾ അക്ഷരീയമായി അല്ലെങ്കിൽ ആ ദേശത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും പഠിച്ചുകൊണ്ട് മാനസികമായി സന്ദർശിച്ചിട്ടുണ്ടെങ്കിലും, ആടുകളെ സന്ദർശിക്കുന്നതു സംബന്ധിച്ചെന്ത്? ‘ആടുകൾക്ക് വാഗ്ദത്ത ദേശവുമായി എന്തു ബന്ധമാണുള്ളത്?’ എന്ന് നിങ്ങൾ അറിയാനാഗ്രഹിച്ചേക്കാം. യഥാർത്ഥത്തിൽ, വാഗ്ദത്തദേശത്തേക്കുള്ള സന്ദർശനം, ആടുകളെ ഉൾപ്പെടുത്തുന്നില്ലെങ്കിൽ, ഒരർത്ഥത്തിൽ, അപൂർണ്ണമായിരിക്കത്തക്കവണ്ണം ആടുകൾ ബൈബിൾകാലങ്ങളിൽ വളരെയധികമായി ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.
നിങ്ങൾ ഇവിടെ കാണുന്ന ഫോട്ടോകൾ നിങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായിരിക്കാൻ കഴിയും, കാരണം ഇന്ന് ഈ പ്രദേശത്ത് കാണപ്പെടുന്ന ആടുകൾ ഏറെയും ബൈബിൾകാലഘട്ടത്തിൽ സാധാരണമായിരുന്നവപോലെതന്നെയാണ്.a അവയുടെ വീതിയുള്ള വാൽ കനത്ത കൊഴുപ്പുള്ളവയാണ്. (ലേവ്യപുസ്തകം 7:3; 9:19) കട്ടിയുള്ള കമ്പിളിരോമം സാധാരണയായി വെളുത്തതാണ്. എന്നാൽ യാക്കോബിന്റെ വിപുലമായ ആട്ടിൻകൂട്ടം “പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും . . . കറുത്തതിനെ ഒക്കെയും” ഉൾപ്പെടുത്തിയിരുന്നുവെന്ന് ഓർക്കുക.—ഉല്പത്തി 30:32.
ഇതേ വിവരണം ഒരു വലിയ ആട്ടിൻകൂട്ടം ഉള്ള ഒരു മനുഷ്യൻ ധനികനായി പരിഗണിക്കപ്പെട്ടിരുന്നുവെന്ന് ചിത്രീകരിക്കുന്നു. (ഉല്പത്തി 30:43) നാം ഇയ്യോബിനെക്കുറിച്ച് ഇങ്ങനെ വായിക്കുന്നു: “അവന്ന് ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറ് ഏർ കാളയും അഞ്ഞൂറ് പെൺകഴുതയുമായ മൃഗസമ്പത്തും . . . ഉണ്ടായിരുന്നു. അവൻ സകല പൂർവദിഗ്വാസികളിലും വെച്ച് മഹാനായിരുന്നു.” (ഇയ്യോബ് 1:3; 42:12) അല്ലെങ്കിൽ നാബാലിന് 3000 ചെമ്മരിയാടുകളും 1000 കോലാടുകളും ഉണ്ടായിരുന്നുവെന്ന് ഓർക്കുക. ദാവീദിന്റെ നാളിൽ അവന്റെ നിലയും സ്വാധീനവും എന്തായിരുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നു? (1 ശമുവേൽ 25:2) എന്നാൽ കൃത്യമായി ഒരു വലിയ ആട്ടിൻകൂട്ടം വലിയ സ്വത്തായിരുന്നതെന്തുകൊണ്ട്?
കാരണം ചെമ്മരിയാടുകൾ അവയുടെ ഇടയന് അല്ലെങ്കിൽ ഉടമസ്ഥന് വിലയുള്ള ഉല്പന്നങ്ങൾ പ്രദാനംചെയ്തിരുന്നു. കമ്പിളിതന്നെ ആവർത്തിച്ചു ലഭിക്കുന്ന ഒരു ആസ്തിയായിരുന്നു. ജ്ഞാനവും ഉത്സാഹവുമുള്ള ഒരു ഭാര്യക്ക് തന്റെ കുടുംബത്തിന്റെ വസ്ത്രമുണ്ടാക്കുന്നതിനോ വില്ക്കാൻ കഴിയുന്ന ഉടുപ്പുകൾ ഉണ്ടാക്കുന്നതിനോ അവ എങ്ങനെ ഉപയോഗിക്കാൻ കഴിയുമായിരുന്നുവെന്ന് കാണാൻ സദൃശവാക്യങ്ങൾ 31:13, 21, 22 നമ്മെ സഹായിക്കുന്നു. (ഇയ്യോബ് 31:20) കമ്പിളി പ്രധാനപ്പെട്ട ഒരു കച്ചവടച്ചരക്കായിരുന്നു. ഒരു മോവാബ്യരാജാവ് “ഒരു ആടുവളർത്തുകാരൻ ആയിത്തീർന്നു; അവൻ യിസ്രായേൽരാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളെയും രോമം കത്രിക്കാത്ത ഒരു ലക്ഷം ആട്ടുകൊററൻമാരെയും കൊടുത്തു” എന്ന പ്രസ്താവനയിൽ അത് സൂചിപ്പിക്കപ്പെടുന്നു. (2 രാജാക്കൻമാർ 3:4) അതേ, അവ രോമം കത്രിക്കാത്ത ആടുകളായിരുന്നു; അവയുടെ സമൃദ്ധമായ രോമം അവയുടെ മൂല്യത്തെ വർദ്ധിപ്പിച്ചു.
ആട്ടുകൊററൻമാർക്ക്, മുട്ടാടുകൾക്ക്, ഗംഭീരമായ കൊമ്പുകൾ ഉണ്ടായിരിക്കാൻ കഴിയുമായിരുന്നു, വലതുവശത്തെ ഫോട്ടോയിൽ കാണുന്നതുപോലെ. ഒരു മുട്ടാടിന്റെ കൊമ്പ് യോബേൽ പ്രഖ്യാപിക്കുന്നതിന് ഉപയോഗിച്ചിരുന്നുവെന്ന് ഇത് നിങ്ങളെ ഓർമ്മിപ്പിക്കുന്നുവോ? (ലേവ്യപുസ്തകം 25:8-10) പൊള്ളയായ അത്തരം കൊമ്പുകൾ അപകടസൂചനകൾ മുഴക്കുന്നതിനോ യുദ്ധ തന്ത്രങ്ങളെ നയിക്കുന്നതിനോ ഉപയോഗിച്ചിരുന്നു.—ന്യായാധിപൻമാർ 6:34; 7:18, 19; യോവേൽ 2:1.
നിങ്ങൾക്ക് ഒരു ചെമ്മരിയാട്ടിൻകൂട്ടമുണ്ടായിരുന്നെങ്കിൽ, നിങ്ങൾക്ക് ഒരു ഭക്ഷ്യഉറവിന്റെ ഉറപ്പു ലഭിച്ചിരുന്നു; എന്തുകൊണ്ടെന്നാൽ ആടുകൾ ഇസ്രയേല്യർക്ക് ഭക്ഷിക്കാമായിരുന്ന ശുദ്ധിയുള്ള മൃഗങ്ങളിൽ പെട്ടവയായിരുന്നു. (ആവർത്തനം 14:4) മാംസം (ആടിന്റെയോ കുഞ്ഞാടിന്റെയോ) വേവിക്കുകയോ വറക്കുകയോ ചെയ്യാൻ കഴിയുമായിരുന്നു. വറത്ത ആട് വാർഷിക പെസഹായിലെ ഒരു മുഖ്യ ഘടകമായിരുന്നു. (പുറപ്പാട് 12:3-9) ആടുകൾ കുടിക്കാനും പാൽക്കട്ടിനിർമ്മാണത്തിനും ഉപയോഗിക്കപ്പെട്ട പാലിന്റെയും ഒരു നിരന്തര ഉറവായിരുന്നു.—1 ശമുവേൽ 17:17, 18; ഇയ്യോബ് 10:10; യെശയ്യാവ് 7:21, 22.
ആട്ടിൻകൂട്ടവും അതിന്റെ ഇടയനും തമ്മിലുള്ള അടുത്ത ബന്ധം ശ്രദ്ധിക്കാതെ ആടുകളുടെ സന്ദർശനം പൂർത്തിയാവുകയില്ല. ഒരു വിശ്വസ്തനായ ഇടയൻ ആടുകളെ പരിപാലിച്ചിരുന്നു. യേശു പറഞ്ഞതുപോലെ, അവ അവയുടെ ഇടയന്റെ ശബ്ദം തിരിച്ചറിയുകയും പേർചൊല്ലി വിളിക്കുമ്പോൾ അവ പ്രതികരിക്കുകയും ചെയ്യും. (യോഹന്നാൻ 10:3, 4) ഒന്നിനെ കാണാതെപോയാൽ ശ്രദ്ധയുള്ള ഇടയൻ അതിനെ തിരയും. കാണാതെപോയ ആടിനെ കണ്ടെത്തുമ്പോൾ അയാൾ അതിനെ തോളിലേന്തി ആട്ടിൻകൂട്ടത്തിലേക്ക് തിരികെ കൊണ്ടുപോയേക്കാം.—ലൂക്കോസ് 15:4, 5.
ദാവീദ് തന്നേത്തന്നെ യഹോവ ഇടയനായുള്ള ഒരു ആടിനോട് ഉപമിച്ചപ്പോൾ അവൻ ഒരു ആട്ടിൻകൂട്ടവുമായുള്ള തന്റെ വ്യക്തിപരമായ അനുഭവം ഉപയോഗപ്പെടുത്തുകയായിരുന്നു. ആക്രമിക്കുന്ന മൃഗങ്ങളിൽനിന്ന് ആടുകൾ സംരക്ഷിക്കപ്പെട്ടതുപോലെ ദാവീദ് സംരക്ഷിക്കപ്പെട്ടു. ആടുകൾക്ക് അവയുടെ ശ്രദ്ധാലുവായ ഇടയന്റെ നേതൃത്വത്തെ പിൻതുടരാൻ കഴിയുമായിരുന്നു. അവക്ക് പരുക്കു പററിയാൽ അയാൾ അവയുടെ മുറിവുകൾ വച്ചുകെട്ടും, ഒരുപക്ഷേ ശമകമായ എണ്ണ ഒഴിച്ചുകൊണ്ട്. യെഹെസ്ക്കേൽ 34:3-8 വരെ വർണ്ണിച്ചിരിക്കുന്ന ഇസ്രയേലിന്റെ നേതാക്കൻമാരുടെ സ്വാർത്ഥപ്രവൃത്തികളിൽനിന്ന് എത്ര വ്യത്യസ്തം!
ബൈബിളിൽ ആടുകളുടെ പ്രാവചനികവും ആലങ്കാരികവുമായ നിരവധി പരാമർശങ്ങൾ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് വാഗ്ദത്തദേശത്തിലെ ആടുകളെ നിങ്ങൾ സന്ദർശിക്കുന്നതിനും അവയോടു പരിചയപ്പെടുന്നതിനും, “ചെറിയ ആട്ടിൻകൂട്ടം,” “ദൈവത്തിന്റെ കുഞ്ഞാട്,” “വേറെ ആടുകൾ” എന്നിങ്ങനെയുള്ള പദങ്ങൾ സംബന്ധിച്ചുള്ള നിങ്ങളുടെ ഗ്രാഹ്യത്തെ ആഴമുള്ളതാക്കാൻ കഴിയും.—ലൂക്കോസ് 12:32; യോഹന്നാൻ 1:36; 10:16.
[അടിക്കുറിപ്പ്]
a മുകളിൽ കൊടുത്തിരിക്കുന്ന, യഹൂദ്യമരുഭൂമിയിലെ ആടുകളുടെ ഫോട്ടോ യഹോവയുടെ സാക്ഷികളുടെ 1992ലെ കലണ്ടറിൽ നിന്ന് പഠിക്കാൻ കഴിയും.
[24-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.
[25-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Garo Nalbandian