“നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും”
ആസാരാജാവ് തന്റെ സേനയുമായി യെഹൂദ്യമലനിരകളിലൂടെ തീരപ്രദേശത്തെ സമതലം ലക്ഷ്യമാക്കി പാഞ്ഞടുക്കുകയാണ്. വിശാലമായ ഒരു പ്രദേശത്ത് എത്തിയപ്പോൾ കണ്ട കാഴ്ച ആസയെ അമ്പരപ്പിച്ചു. താഴെ അസംഖ്യം വരുന്ന എത്യോപ്യൻസേന പാളയമടിച്ചിരിക്കുന്നു! പത്തുലക്ഷം പേരടങ്ങുന്നതായിരുന്നു ആ സൈന്യം. ആസയുടെ കൂടെയുള്ളവരുടെ എണ്ണം എത്യോപ്യൻസേനയുടെ പകുതിയിലും കുറച്ചധികം മാത്രമേ വരുമായിരുന്നുള്ളൂ.
യുദ്ധത്തെ മുഖാമുഖം കാണുന്ന ഈ പ്രതിസന്ധിഘട്ടത്തിൽ ആസാ ആദ്യം എന്താണ് ചെയ്യുന്നത്? സേനാധിപന്മാർക്കു നിർദേശങ്ങൾ കൊടുക്കുകയാണോ? സൈന്യത്തിന് ധൈര്യം പകരുകയാണോ? അതോ കുടുംബത്തിനായി എന്തെങ്കിലും സന്ദേശങ്ങൾ കൈമാറുകയാണോ? അല്ല! പകരം, ആസാ പ്രാർഥിക്കുകയാണ്.
ആ പ്രാർഥനയെക്കുറിച്ചും അവിടെ അരങ്ങേറിയ സംഭവങ്ങളെക്കുറിച്ചും ചിന്തിക്കുന്നതിനു മുമ്പ്, ആസാ എങ്ങനെയുള്ള വ്യക്തിയായിരുന്നെന്ന് നമുക്കു നോക്കാം. സഹായത്തിനായി ദൈവത്തിലേക്കു തിരിയാൻ അവനെ പ്രേരിപ്പിച്ചത് എന്തായിരുന്നു? അവന് ദൈവത്തിന്റെ സഹായം ലഭിക്കുമെന്നു വിശ്വസിക്കാൻ ന്യായമുണ്ടായിരുന്നോ? തന്റെ ദാസർ ശരിയായതു ചെയ്യുമ്പോൾ യഹോവ അവരെ അനുഗ്രഹിക്കുന്നത് എങ്ങനെയാണെന്നാണ് ഈ വിവരണം നമ്മെ പഠിപ്പിക്കുന്നത്?
ആസയുടെ മുൻകാലം
ഇസ്രായേൽ രണ്ട് രാജ്യങ്ങളായി പിരിഞ്ഞതിനെത്തുടർന്നുള്ള 20 വർഷംകൊണ്ട് പുറജാതീയ ആചാരങ്ങളാൽ യെഹൂദ തീർത്തും ദുഷിച്ചിരുന്നു. ബി.സി. 977-ൽ ആസാ രാജാവായപ്പോൾ, രാജകൊട്ടാരത്തിൽപ്പോലും പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും പ്രതീകമായ കനാന്യദൈവങ്ങളെ ആരാധിച്ചിരുന്നവർ ഉണ്ടായിരുന്നു. എന്നാൽ ആസാ “തന്റെ ദൈവമായ യഹോവെക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു” എന്ന് നിശ്വസ്തരേഖ പറയുന്നു. അവൻ “അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു.” (2 ദിന. 14:2, 3) “ദേവപ്രീതിക്കായുള്ള ആൺവേശ്യാസമ്പ്രദായ”ത്തിന്റെ ഭാഗമായി സ്വവർഗരതിയിൽ ഏർപ്പെട്ടിരുന്നവരെ അവൻ യെഹൂദാദേശത്തുനിന്നു പുറത്താക്കി. എന്നാൽ വ്യാജാരാധനയ്ക്കെതിരെ പ്രവർത്തിക്കുക മാത്രമല്ല അവൻ ചെയ്തത്. “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും” ദൈവത്തിന്റെ “ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും” ആസാ ജനത്തെ പ്രോത്സാഹിപ്പിച്ചു.—1 രാജാ. 15:12, 13, പി.ഒ.സി. ബൈബിൾ; 2 ദിന. 14:4.
സത്യാരാധനയോടുള്ള ആസയുടെ തീക്ഷ്ണതയിൽ സംപ്രീതനായ യഹോവ, വർഷങ്ങളോളം അവന് സ്വസ്ഥതയും സമാധാനവും പ്രതിഫലമായി നൽകി. അതുകൊണ്ടുതന്നെ, ‘നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചു, നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു’ എന്ന് ആസയ്ക്ക് പറയാൻ കഴിഞ്ഞു. യെഹൂദയിലെ പട്ടണങ്ങൾ ചുറ്റും കെട്ടിയുറപ്പിക്കാനായി ജനങ്ങൾ ഈ അവസരം ഉപയോഗിച്ചു. “അവർ വെടിപ്പായി പണിതു തീർത്തു” എന്ന് ബൈബിൾവിവരണം പറയുന്നു.—2 ദിന. 14:1, 6, 7.
രണാങ്കണത്തിൽ
ആസയെക്കുറിച്ചു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ, തിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന ഏറ്റവും വലിയ മനുഷ്യസൈന്യത്തോടു പോരാടേണ്ടിവന്നപ്പോൾ അവൻ യഹോവയോടു പ്രാർഥിച്ചതിൽ അതിശയിക്കാനില്ല. വിശ്വാസത്തോടെയുള്ള പ്രവൃത്തികളെ ദൈവം അനുഗ്രഹിക്കുമെന്ന് ആസാ മനസ്സിലാക്കിയിരുന്നു. യഹോവയുടെ സഹായത്തിനായി ആസാ ഉള്ളുരുകി പ്രാർഥിച്ചു. യഹോവയിൽ ആശ്രയിക്കുകയും അവന്റെ പിന്തുണ ഉണ്ടായിരിക്കുകയും ചെയ്താൽ ശത്രുക്കൾ എത്ര അധികമായാലും എത്ര ശക്തരായാലും അതൊരു പ്രതിബന്ധമല്ലെന്ന് അവന് അറിയാമായിരുന്നു. ഈ യുദ്ധത്തിൽ യഹോവയുടെ നാമം ഉൾപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, അതേപ്രതിയാണ് ആസാ പ്രാർഥിച്ചതും. അവൻ ഇങ്ങനെ യാചിച്ചു: “ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ.” (2 ദിന. 14:11) അത് ഇങ്ങനെ പറയുന്നതുപോലെ ആയിരുന്നു: ‘യഹോവേ, എത്യോപ്യൻസേനയുടെ ഈ ആക്രമണം അങ്ങയുടെ നേർക്കാണ്. അങ്ങയുടെ നാമം വഹിക്കുന്നവരെ തോൽപ്പിക്കാൻ ഈ നിസ്സാരമനുഷ്യരെ അനുവദിച്ച് അങ്ങയുടെ നാമം കളങ്കപ്പെടാൻ ഇടവരുത്തരുതേ.’ അതുകൊണ്ട്, “യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ കൂശ്യരെ (എത്യോപ്യരെ) തോല്ക്കുമാറാക്കി; കൂശ്യർ ഓടിപ്പോയി.”—2 ദിന. 14:12.
ശക്തരായ അനേകം എതിരാളികളുമായി ഇന്ന് യഹോവയുടെ ജനം പോരാടേണ്ടതുണ്ട്. ഒരു പോർക്കളത്തിൽ ആയുധമെടുത്ത് അക്ഷരീയമായി നടത്തുന്ന പോരാട്ടമല്ല, പിന്നെയോ ഒരു ആത്മീയ പോരാട്ടമാണ് ഇത്. തന്റെ നാമത്തെപ്രതി നടത്തുന്ന ഈ പോരാട്ടത്തിൽ യഹോവ തന്റെ വിശ്വസ്ത ദാസർക്ക് വിജയം എന്ന പ്രതിഫലം നൽകുമെന്ന് ഉറപ്പുണ്ടായിരിക്കാം. വ്യക്തികളെന്ന നിലയിൽ നമുക്കുള്ള പോരാട്ടത്തിൽ, ശരിയും തെറ്റും സംബന്ധിച്ച ലോകത്തിന്റെ അയഞ്ഞ ചിന്താഗതിയോടും നമ്മുടെതന്നെ ബലഹീനതകളോടും നമ്മുടെ കുടുംബത്തിന്റെ ആത്മീയ സ്ഥിതി അപകടത്തിലാക്കിയേക്കാവുന്ന എന്തിനോടും ഉള്ള പോരാട്ടം ഉൾപ്പെട്ടേക്കാം. നാം നേരിടുന്ന പ്രശ്നം എന്തുതന്നെയായാലും ആസയുടെ പ്രാർഥന നമുക്ക് പ്രോത്സാഹനം പകരും. യഹോവയാണ് അവന് വിജയം നൽകിയത്. നാം യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ അവൻ നമുക്കും വിജയം നൽകും. മനുഷ്യർക്കെന്നല്ല ഒന്നിനും യഹോവയോട് എതിർത്തുനിൽക്കാനാവില്ല.
പ്രോത്സാഹനത്തോടൊപ്പം മുന്നറിയിപ്പും
യുദ്ധം കഴിഞ്ഞു മടങ്ങിയ ആസയെ അസര്യാപ്രവാചകൻ എതിരേറ്റു ചെന്നു. പ്രോത്സാഹനവും ഒപ്പം മുന്നറിയിപ്പും നൽകിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി: “ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും. . . . ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.”—2 ദിന. 15:1, 2, 7.
നമ്മുടെ വിശ്വാസം ബലപ്പെടുത്തുന്നതാണ് ഈ വാക്കുകൾ. വിശ്വസ്തതയോടെ യഹോവയെ സേവിക്കുന്നിടത്തോളം അവൻ നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഈ വാക്കുകൾ കാണിക്കുന്നു. സഹായത്തിനായുള്ള യാചനകൾ അവൻ കേൾക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം. “ധൈര്യമായിരിപ്പിൻ” എന്ന് അസര്യാവ് പറഞ്ഞു. ശരിയായതു ചെയ്യാൻ പലപ്പോഴും നല്ല ധൈര്യം ആവശ്യമാണ്; എന്നാൽ യഹോവയുടെ സഹായത്താൽ അത് സാധിക്കുമെന്നതിൽ നമുക്ക് സംശയമില്ല.
ആസയുടെ മുത്തശ്ശിയായ മയഖാ “അശേരെക്കു ഒരു മ്ലേച്ഛവിഗ്രഹം” ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ “രാജ്ഞിസ്ഥാനത്തിൽനിന്നു” നീക്കിക്കളഞ്ഞു. അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലായിരുന്നിട്ടും അവൻ അത് ചെയ്യുകയുണ്ടായി. അവൾ ഉണ്ടാക്കിയ വിഗ്രഹം അവൻ ചുട്ടുകളയുകയും ചെയ്തു. (1 രാജാ. 15:13) ദൃഢനിശ്ചയത്തോടും ധൈര്യത്തോടും കൂടി ആസാ ചെയ്ത ഈ പ്രവൃത്തിക്ക് അനുഗ്രഹം ലഭിച്ചു. നമ്മുടെ ബന്ധുക്കൾ ദൈവത്തോടു വിശ്വസ്തരാണെങ്കിലും അല്ലെങ്കിലും യഹോവയോടും അവന്റെ നീതിയുള്ള നിലവാരങ്ങളോടും വിശ്വസ്തതയോടെ നമ്മളും പറ്റിനിൽക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ, നമ്മുടെ വിശ്വസ്തതയ്ക്ക് ദൈവം പ്രതിഫലം നൽകും.
യഹോവ ആസയോടുകൂടെയുണ്ടെന്നു കണ്ടിട്ട്, വിശ്വാസത്യാഗം ഭവിച്ച വടക്കെ രാജ്യത്തുനിന്ന് അനേകർ യെഹൂദയിലേക്കു വരുന്നത് ആസയ്ക്ക് കാണാനായി. അത് അവനു ലഭിച്ച പ്രതിഫലങ്ങളിൽ ഒന്നായിരുന്നു. യഹോവയെ സേവിക്കുന്നവരോടൊപ്പം ജീവിക്കുന്നതിന് സ്വഭവനങ്ങൾ വിട്ടുപോരാൻപോലും അവർ തയ്യാറായി; സത്യാരാധനയെ അവർ അത്രയ്ക്ക് സ്നേഹിച്ചു. ‘യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിച്ചുകൊള്ളാമെന്ന്’ ആസയും യെഹൂദയിലുള്ള എല്ലാവരും അത്യാനന്ദത്തോടെ “ഒരു നിയമം ചെയ്തു.” എന്തായിരുന്നു ഫലം? “അവർ അവനെ (യഹോവയെ) കണ്ടെത്തുകയും യഹോവ അവർക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു.” (2 ദിന. 15:9-15) നീതിസ്നേഹികൾ യഹോവയുടെ ആരാധകരായിത്തീരുന്നതു കാണുമ്പോൾ ഇന്ന് നമ്മളും അതിയായി സന്തോഷിക്കുന്നില്ലേ?
അസര്യാപ്രവാചകന്റെ വാക്കുകളിൽ ഒരു മുന്നറിയിപ്പും അടങ്ങിയിരുന്നു: “(നിങ്ങൾ യഹോവയെ) ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.” നമുക്ക് ഒരിക്കലും അത് സംഭവിക്കാതിരിക്കട്ടെ; കാരണം, പരിണതഫലങ്ങൾ ഗുരുതരമായിരുന്നേക്കാം! (2 പത്രോ. 2:20-22) യഹോവ ആസയ്ക്ക് ഈ മുന്നറിയിപ്പു നൽകിയത് എന്തുകൊണ്ടാണെന്ന് തിരുവെഴുത്തുകൾ പറയുന്നില്ല. എന്തായാലും, ആസാ അതിനു വേണ്ട ശ്രദ്ധ നൽകിയില്ല എന്നതാണ് സത്യം.
“നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു”
ആസയുടെ വാഴ്ചയുടെ 36-ാം ആണ്ടിൽ ഇസ്രായേലിലെ ബയെശാരാജാവ് യെഹൂദയ്ക്കെതിരെ പടനീക്കം ആരംഭിച്ചു. യെരുശലേമിന് എട്ടുകിലോമീറ്റർ വടക്കുള്ള അതിർത്തി പട്ടണമായ രാമയുടെ മതിലുകൾ ബയെശാ കെട്ടിയുറപ്പിക്കാൻ തുടങ്ങി. തന്റെ പ്രജകൾ യെഹൂദയിൽ പോയി യഹോവയെയും ആസയെയും സേവിക്കുന്നതു തടയാനായിരിക്കണം അവൻ ഇതു ചെയ്തത്. മുമ്പ് എത്യോപ്യൻസേനയുടെ ആക്രമണം ഉണ്ടായപ്പോൾ ആസാ യഹോവയുടെ സഹായം തേടിയെങ്കിലും ഇപ്പോൾ സഹായത്തിനായി അവൻ മനുഷ്യരിലേക്കാണ് തിരിയുന്നത്. വടക്കെ രാജ്യമായ ഇസ്രായേലിനെ ആക്രമിക്കാൻ അഭ്യർഥിച്ചുകൊണ്ട് ആസാ അരാംരാജാവിന് സമ്മാനം കൊടുത്തയച്ചു. അരാംസേന ആക്രമണം തുടങ്ങിയപ്പോൾ ബയെശാ രാമയിൽനിന്ന് പിൻവാങ്ങി.—2 ദിന. 16:1-5.
ആസയുടെ പ്രവൃത്തി യഹോവയ്ക്ക് അനിഷ്ടമായി. ഇക്കാര്യം അവനോടു പറയാൻ യഹോവ ഹനാനിപ്രവാചകനെ അയച്ചു. എത്യോപ്യൻസേനയോട് യഹോവ ഇടപെട്ട വിധം ആസയ്ക്ക് നന്നായി അറിയാമായിരുന്നു; “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു” എന്ന് അതിൽനിന്ന് അവൻ മനസ്സിലാക്കേണ്ടതായിരുന്നു. ഒരുപക്ഷേ ആസയ്ക്ക് ആരെങ്കിലും മോശമായ ഉപദേശം നൽകിക്കാണും. അല്ലെങ്കിൽ, ബയെശയുടെ സേന വലിയൊരു ഭീഷണിയല്ലെന്നു കരുതിയ അവൻ, ഈ സാഹചര്യം തനിക്ക് സ്വയം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ എന്ന് കരുതിക്കാണും. കാരണം എന്തുതന്നെയായാലും, യഹോവയിൽ ആശ്രയിക്കുന്നതിനു പകരം അവൻ മനുഷ്യരിലാണ് ആശ്രയിച്ചത്. “ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും” എന്ന് ഹനാനിപ്രവാചകൻ ആസയോട് പറഞ്ഞു.—2 ദിന. 16:7-9.
ഈ വാക്കുകൾ കേട്ട് കോപത്താൽ ജ്വലിച്ച ആസാ ഹനാനിപ്രവാചകനെ തടവിലാക്കി. (2 ദിന. 16:10) ‘അനേകം വർഷങ്ങളായി വിശ്വസ്തനായി സേവിക്കുന്ന എന്നെ തിരുത്തുന്നത് ശരിയാണോ’ എന്ന് ആസാ ഒരുപക്ഷേ ചിന്തിച്ചുകാണുമോ? അതോ, പ്രായംചെന്ന അവന് ശരിയായി ചിന്തിക്കാൻ കഴിയാതെവന്നതാണോ? ബൈബിൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ല.
ആസയ്ക്ക് അവന്റെ വാഴ്ചയുടെ 39-ാം ആണ്ടിൽ കാലിൽ ദീനംപിടിച്ചു, അത് അതികഠിനമായിരുന്നു. “അവൻ തന്റെ ദീനത്തിൽ”പ്പോലും “യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്” എന്ന് വിവരണം പറയുന്നു. ആ സമയത്ത് ആസാ തന്റെ ആത്മീയ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ കൊടുത്തിരുന്നില്ലെന്നുവേണം കരുതാൻ. സാധ്യതയനുസരിച്ച്, അതേ അവസ്ഥയിൽ വാഴ്ചയുടെ 41-ാം ആണ്ടിൽ അവൻ മരിച്ചു.—2 ദിന. 16:12-14.
ആസയുടെ ഉത്തമഗുണങ്ങളും സത്യാരാധനയോടുള്ള തീക്ഷ്ണതയും അവന്റെ തെറ്റുകളെ കവച്ചുവെക്കുന്നതായിരുന്നെന്നു കരുതാൻ ന്യായമുണ്ട്. അവൻ ഒരിക്കലും യഹോവയെ സേവിക്കുന്നത് നിറുത്തിയില്ല. (1 രാജാ. 15:14) അങ്ങനെയെങ്കിൽ, ആസയുടെ ജീവിതകഥ നമ്മെ എന്താണ് പഠിപ്പിക്കുന്നത്? കഴിഞ്ഞകാലങ്ങളിൽ യഹോവ എങ്ങനെയാണ് നമ്മെ സഹായിച്ചതെന്ന് നാം ഓർത്തെടുക്കണം. അതുകൊണ്ട് പ്രയോജനമുണ്ട്. പുതിയ പരിശോധനകൾ നേരിടുമ്പോൾ അവന്റെ സഹായത്തിനായി പ്രാർഥിക്കാൻ അത്തരം ഓർമകൾ നമ്മെ പ്രേരിപ്പിക്കും. എന്നിരുന്നാലും, വർഷങ്ങളോളം ദൈവത്തെ വിശ്വസ്തമായി സേവിച്ചതിനാൽ നമുക്ക് തിരുവെഴുത്തുകളിൽനിന്നുള്ള ബുദ്ധിയുപദേശം ആവശ്യമില്ലെന്ന് കരുതരുത്. നാളുകളായി വിശ്വസ്തതയോടെ യഹോവയെ സേവിക്കുന്നവരാണെങ്കിലും നാം തെറ്റു ചെയ്താൽ അവൻ നമ്മെ തിരുത്തും. താഴ്മയോടെ അത്തരം തിരുത്തലുകൾ സ്വീകരിക്കുന്നെങ്കിൽ അത് നമുക്ക് പ്രയോജനം ചെയ്യും. നമ്മുടെ സ്വർഗീയ പിതാവിനോട് നാം വിശ്വസ്തരായിരിക്കുന്നിടത്തോളം അവൻ നമ്മോടൊപ്പം ഉണ്ടായിരിക്കും എന്നതാണ് നാം പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠം. യഹോവയുടെ കണ്ണുകൾ ഭൂമിയിലെങ്ങും തന്റെ വിശ്വസ്ത ദാസരെ തിരയുന്നു; അവർക്കുവേണ്ടി തന്റെ ശക്തി ഉപയോഗിച്ചുകൊണ്ട് അവൻ അവർക്ക് പ്രതിഫലം നൽകുന്നു. ആസയ്ക്കുവേണ്ടി യഹോവ അതു ചെയ്തെങ്കിൽ നമുക്കുവേണ്ടിയും അവൻ അതുതന്നെ ചെയ്യും.
[9-ാം പേജിലെ ആകർഷക വാക്യം]
ആത്മീയ പോരാട്ടം നടത്തുന്ന വിശ്വസ്ത ദാസർക്ക് യഹോവ പ്രതിഫലം നൽകും
[10-ാം പേജിലെ ആകർഷക വാക്യം]
യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ ധൈര്യം വേണം