വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
‘ശൂരന്മാരുടെ പുസ്തകം’ എന്നും ‘യഹോവയുടെ യുദ്ധപുസ്തകം’ എന്നും തിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന പുസ്തകങ്ങൾ ദൈവനിശ്വസ്തമാണോ? (യോശു. 10:13; സംഖ്യാ. 21:15) നഷ്ടപ്പെട്ടുപോയതുകൊണ്ടാണോ ബൈബിൾ കാനോനിൽ ഇവ കാണാത്തത്?
മേൽപ്രസ്താവിച്ച ഈ പുസ്തകങ്ങൾ നിശ്വസ്തതയിൽ രചിക്കപ്പെട്ടതോ പിന്നീടു നഷ്ടപ്പെട്ടുപോയതോ ആണെന്നു വിശ്വസിക്കാൻ നമുക്കു യാതൊരു കാരണവുമില്ല. നിശ്വസ്ത എഴുത്തുകാർ മറ്റു പല പുസ്തകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതായി നമുക്കു ബൈബിളിൽ കാണാനാകും. ഇവയിൽ ചിലത് ബൈബിളിന്റെതന്നെ ഭാഗങ്ങളായിരിക്കാം, എന്നാൽ ഇന്നത്തെ വായനക്കാർക്കു പരിചിതമല്ലാത്ത പേരുകളിലാണ് അവയെക്കുറിച്ചു പറഞ്ഞിരിക്കുന്നതെന്നുമാത്രം. ഉദാഹരണത്തിന് 1 ദിനവൃത്താന്തം 29:30-ൽ ‘ദർശകനായ ശമൂവേലിന്റെ വൃത്താന്തം, നാഥാൻ പ്രവാചകന്റെ പുസ്തകം, ദർശകനായ ഗാദിന്റെ വൃത്താന്തം’ എന്നിവയെപ്പറ്റിയുള്ള പരാമർശനങ്ങൾ നമുക്കു കാണാനാകും. ഒരുപക്ഷേ ന്യായാധിപന്മാരുടെ പുസ്തകം അല്ലെങ്കിൽ ഒന്നും രണ്ടും ശമൂവേൽ എന്നീ ബൈബിൾ പുസ്തകങ്ങളെ ആയിരിക്കാം ഈ മൂന്നു രേഖകളുടെ സമാഹാരം പരാമർശിക്കുന്നത്.
ചില ബൈബിൾ പുസ്തകങ്ങളുടെ പേരുകൾക്കു സമാനമായ പേരുകളുള്ളതും എന്നാൽ ബൈബിളിന്റെ ഭാഗമല്ലാത്തതുമായ പുസ്തകങ്ങളെക്കുറിച്ചും തിരുവെഴുത്തുകളിൽ പരാമർശിക്കുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് പിൻവരുന്ന നാലുപുസ്തകങ്ങളെക്കുറിച്ചുള്ള പ്രസ്താവങ്ങൾ: ‘യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകം,’ ‘യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം,’ ‘യിസ്രായേൽരാജാക്കന്മാരുടെ പുസ്തകം,’ ‘യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകം.’ ഈ നാലുപുസ്തകങ്ങളുടെ പേരുകൾ ബൈബിളിൽ ഇന്ന് 1 രാജാക്കന്മാർ, 2 രാജാക്കന്മാർ എന്നു വിളിക്കുന്ന പുസ്തകങ്ങളുടെ പേരുകൾക്കു സമാനമാണെങ്കിലും അവ നിശ്വസ്തമോ ബൈബിൾ കാനോന്റെ ഭാഗമോ അല്ല. (1 രാജാ. 14:29; 2 ദിന. 16:11; 20:34; 27:7) പ്രവാചകനായ യിരെമ്യാവും എസ്രായും നിശ്വസ്ത വിവരണങ്ങൾ എഴുതിയകാലത്തു ലഭ്യമായിരുന്ന ചരിത്രരേഖകൾ ആയിരിക്കാം അവ.
ചില ബൈബിൾ എഴുത്തുകാർ, അന്ന് ഉണ്ടായിരുന്നതും അനിശ്വസ്തവും ആയ ചരിത്രങ്ങളോ രേഖകളോ ഒക്കെ പരിശോധിച്ചിരുന്നു എന്നതു ശരിതന്നെ. എസ്ഥേർ 10:2, ‘മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തെക്കുറിച്ചു’ പറയുന്നു. അതുപോലെ സുവിശേഷം എഴുതുന്നതിനായി ലൂക്കൊസ് ‘ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചു’ എന്നും നാം വായിക്കുന്നുണ്ട്. യേശുവിന്റെ വംശാവലി തയ്യാറാക്കുന്നതിനുവേണ്ടി അന്നു ലഭ്യമായിരുന്ന ലിഖിതരേഖകൾ താൻ പരിശോധിച്ചു എന്നാണ് സാധ്യതയനുസരിച്ച് ലൂക്കൊസ് പറഞ്ഞത്. (ലൂക്കൊ. 1:4; 3:23-38) ലൂക്കൊസ് പരിശോധിച്ച രേഖകൾ നിശ്വസ്തമല്ലായിരുന്നു, പക്ഷേ അവന്റെ സുവിശേഷം നിശ്വസ്തവും കാലികപ്രസക്തവുമാണ്.
മുകളിൽ പരാമർശിച്ചിരിക്കുന്ന പുസ്തകങ്ങൾ, അതായത് ‘ശൂരന്മാരുടെ പുസ്തകവും’ ‘യഹോവയുടെ യുദ്ധപുസ്തകവും’ ഒരുകാലത്ത് ലഭ്യമായിരുന്ന നിശ്വസ്തമല്ലാത്ത പുസ്തകങ്ങളാണ് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ആവശ്യം യഹോവ കണ്ടില്ല. ബൈബിളിൽ ഈ പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശം കാണുന്നതിനാൽ അവ ഇസ്രായേല്യരും അവരുടെ ശത്രുക്കളും തമ്മിലുള്ള പോരാട്ടങ്ങൾ വർണിച്ചുകൊണ്ടുള്ള പാട്ടുകളോ കവിതകളോ ആണെന്ന് പണ്ഡിതന്മാർ നിഗമനം ചെയ്യുന്നു. (2 ശമൂ. 1:17-27) “ഇസ്രായേലിന്റെ കാവ്യപാരമ്പര്യം കാത്തുസൂക്ഷിച്ച പ്രൊഫഷണൽ ഗായകർ ആലപിച്ചിരുന്ന പ്രശസ്ത പാട്ടുകളുടെ ഒരു സഞ്ചയം” ആയിരിക്കാം ഈ പുസ്തകങ്ങളുടെ ഉള്ളടക്കം എന്ന് ഒരു ബൈബിൾ വിജ്ഞാനകോശം അഭിപ്രായപ്പെടുന്നു. ഇനി, പ്രവാചകന്മാരോ ദർശകന്മാരോ ആയി യഹോവ ഉപയോഗിച്ചിരുന്ന ചില പുരുഷന്മാർ എഴുതിയ രേഖകളുമുണ്ട്. എന്നാൽ അവയുടെ എഴുത്തിനെ നിശ്വസ്തമാക്കാനോ “ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും . . . പ്രയോജനമുള്ള” തിരുവെഴുത്തുകളുടെ ഭാഗമാക്കാനോ ദൈവം ആഗ്രഹിച്ചില്ല.—2 തിമൊ. 3:17; 2 ദിന. 9:29; 12:15; 13:22.
ചില പുസ്തകങ്ങളെക്കുറിച്ചു ബൈബിളിൽ പ്രസ്താവിച്ചിരിക്കുന്നു എന്നതുകൊണ്ടോ ബൈബിളിന്റെ എഴുത്തിനു സഹായിച്ചു എന്നതുകൊണ്ടോ അവ ദൈവനിശ്വസ്തമാണെന്നു നാം നിഗമനം ചെയ്യരുത്. എന്നാൽ നമ്മുടെ ദൈവമായ യഹോവ താൻ നിശ്വസ്തമാക്കിയ ‘വചനങ്ങൾ’ ഒക്കെയും സംരക്ഷിച്ചിരിക്കുന്നു; അത് ‘എന്നേക്കും നിലനിൽക്കുകയും’ ചെയ്യും. (യെശ. 40:8) നാം ‘സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവർ ആകാനുള്ളതെല്ലാം’ 66 ബൈബിൾ പുസ്തകങ്ങളിലായി ദൈവം ഉൾക്കൊള്ളിച്ചിട്ടുണ്ട്.—2 തിമൊ. 3:16, 17.