പേരിനെ അന്വർഥമാക്കുന്ന ഒരു യെരൂശലേം
‘ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു സന്തോഷിക്കുവിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമാക്കുന്നു.’—യെശയ്യാവു 65:18.
1. ദൈവം തിരഞ്ഞെടുത്ത നഗരത്തെക്കുറിച്ച് എസ്രായ്ക്ക് എന്തു തോന്നി?
ദൈവവചനത്തിന്റെ തീക്ഷ്ണതയുള്ള വിദ്യാർഥി ആയിരുന്നു എസ്രാ എന്ന യഹൂദ പുരോഹിതൻ. യെരൂശലേമിന് യഹോവയുടെ ശുദ്ധാരാധനയുമായി ഉണ്ടായിരുന്ന ബന്ധത്തെ അവൻ വളരെ വിലമതിച്ചിരുന്നു. (ആവർത്തനപുസ്തകം 12:5; എസ്രാ 7:27) എഴുതാൻ അവൻ നിശ്വസ്തനാക്കപ്പെട്ട ബൈബിൾ ഭാഗത്ത്—ഒന്നും രണ്ടും ദിനവൃത്താന്തങ്ങളിലും എസ്രായിലും—ദൈവത്തിന്റെ നഗരത്തോടുള്ള അവന്റെ സ്നേഹം കാണാം. യെരൂശലേം എന്ന നാമം മുഴു ബൈബിളിലും 800-ലധികം പ്രാവശ്യം കാണാമെങ്കിലും, അതിന്റെ ഏതാണ്ട് നാലിലൊന്ന് പ്രാവശ്യം ഈ ചരിത്ര രേഖകളിലാണ് ഉള്ളത്.
2. യെരൂശലേം എന്ന പേരിന്റെ പ്രാധാന്യത്തിൽ എന്തു പ്രാവചനിക അർഥം നമുക്കു കാണാൻ കഴിയും?
2 ബൈബിൾ എഴുതപ്പെട്ട എബ്രായയിൽ “യെരൂശലേം” എന്നത്, ദ്വിരൂപം എന്നു വിളിക്കപ്പെടുന്ന എബ്രായ ഭാഷാ രൂപത്തിൽ ഉള്ളതായി മനസ്സിലാക്കാൻ കഴിയും. കണ്ണുകൾ, ചെവികൾ, കൈകൾ, കാലുകൾ തുടങ്ങി ജോഡിയായി വരുന്ന വസ്തുക്കൾക്കു വേണ്ടിയാണ് ഒട്ടു മിക്കപ്പോഴും ദ്വിരൂപം ഉപയോഗിക്കുന്നത്. ഈ ദ്വിരൂപ പ്രകാരം, രണ്ട് അർഥത്തിൽ—ആത്മീയമായും ഭൗതികമായും—ദൈവജനത അനുഭവിക്കുന്ന സമാധാനത്തിന്റെ ഒരു പ്രാവചനിക വശമായി യെരൂശലേം എന്ന പേരിനെ വീക്ഷിക്കാവുന്നതാണ്. എസ്രാ ഇതു പൂർണമായി മനസ്സിലാക്കിയോ ഇല്ലയോ എന്ന് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നില്ല. എന്നാൽ, ദൈവവുമായുള്ള സമാധാനം ആസ്വദിക്കാൻ യഹൂദന്മാരെ സഹായിക്കുന്നതിന് ഒരു പുരോഹിതൻ എന്ന നിലയിൽ അവൻ തന്റെ പരമാവധി പ്രവർത്തിച്ചു. യെരൂശലേം, അതിന്റെ പേരിനെ അന്വർഥമാക്കുന്ന വിധത്തിൽ—“ഇരട്ട സമാധാനത്തിന്റെ അവകാശം [അല്ലെങ്കിൽ, അടിസ്ഥാനം]” എന്നതിനു ചേർച്ചയിൽ—ആണെന്ന് ഉറപ്പു വരുത്താൻ അവൻ തീർച്ചയായും കഠിനമായി യത്നിച്ചു.—എസ്രാ 7:6.
3. എസ്രായുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു നമുക്ക് വീണ്ടും അറിവു കിട്ടുമ്പോഴേക്കും എത്ര വർഷം കടന്നുപോകുന്നു, പിന്നെ ഏതു സാഹചര്യങ്ങളിലാണ് നാം അവനെ കണ്ടെത്തുന്നത്?
3 എസ്രായുടെ യെരൂശലേം സന്ദർശനത്തിനും അവിടെ നെഹെമ്യാവ് എത്തിയതിനും ഇടയ്ക്കുള്ള 12 വർഷക്കാലം എസ്രാ എവിടെ ആയിരുന്നു എന്നു ബൈബിൾ പ്രസ്താവിക്കുന്നില്ല. അക്കാലത്തെ ഇസ്രായേല്യരുടെ മോശമായ ആത്മീയ അവസ്ഥ സൂചിപ്പിക്കുന്നത് എസ്രാ അവിടെ ഇല്ലായിരുന്നു എന്നാണ്. എന്നാൽ, യെരൂശലേം മതിൽ പുനർനിർമിക്കപ്പെട്ട ശേഷം ഉടനെതന്നെ ഒരു വിശ്വസ്ത പുരോഹിതൻ എന്ന നിലയിൽ എസ്രാ വീണ്ടും അവിടെ സേവിക്കുന്നതാണ് നാം കാണുന്നത്.
അത്ഭുതകരമായ ഒരു സമ്മേളന ദിനം
4. ഇസ്രായേലിന്റെ ഏഴാം മാസത്തിലെ ഒന്നാം ദിവസത്തിന്റെ പ്രത്യേകത എന്തായിരുന്നു?
4 ഇസ്രായേലിന്റെ മതകലണ്ടറിലെ ഏഴാം മാസമായ തിസ്രി അതിപ്രധാന ഉത്സവ മാസമാണ്. ആ സമയത്തിനു മുമ്പുതന്നെ യെരൂശലേം മതിലിന്റെ നിർമാണം പൂർത്തിയായിരുന്നു. തിസ്രിയുടെ ഒന്നാം ദിവസം കാഹളധ്വനി ഉത്സവം എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക അമാവാസി ആഘോഷമാണ്. ആ ദിവസം യഹോവയ്ക്ക് യാഗങ്ങൾ അർപ്പിക്കുന്ന നേരത്ത് പുരോഹിതന്മാർ കാഹളങ്ങൾ ഊതുമായിരുന്നു. (സംഖ്യാപുസ്തകം 10:10; 29:1) തിസ്രി 10-ാം തീയതിയിലെ വാർഷിക പാപപരിഹാര ദിവസത്തിനു വേണ്ടിയും ആ മാസം 15-ാം തീയതി മുതൽ 21-ാം തീയതി വരെയുള്ള തീയതികളിലെ സന്തോഷകരമായ ഫലശേഖര ഉത്സവത്തിനു വേണ്ടിയും ഈ ദിവസം ഇസ്രായേല്യരെ ഒരുക്കി.
5. (എ) എസ്രായും നെഹെമ്യാവും “ഏഴാം മാസം ഒന്നാം തിയ്യതി”യെ എങ്ങനെയാണ് നന്നായി പ്രയോജനപ്പെടുത്തിയത്? (ബി) ഇസ്രായേല്യർ കരഞ്ഞത് എന്തുകൊണ്ട്?
5 “ഏഴാം മാസം ഒന്നാം തിയ്യതി” “സകലജനവും” കൂടിവന്നു. അതിന് നെഹെമ്യാവും എസ്രായും പ്രോത്സാഹനം നൽകിയിരിക്കാൻ സാധ്യതയുണ്ട്. അതിൽ പുരുഷന്മാരും സ്ത്രീകളും ‘കേട്ടു ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും’ ഉണ്ടായിരുന്നു. അതിനാൽ, എസ്രാ ഒരു പ്രസംഗപീഠത്തിൽ നിന്ന് “രാവിലെതുടങ്ങി ഉച്ചവരെ” ന്യായപ്രമാണം വായിച്ചപ്പോൾ സന്നിഹിതരായിരുന്ന കൊച്ചു കുട്ടികളും ശ്രദ്ധിച്ചു കേട്ടു. (നെഹെമ്യാവു 8:1-4) പതിവായ ഇടവേളകളിൽ, വായിച്ച കാര്യങ്ങൾ മനസ്സിലാക്കാൻ ലേവ്യർ ആളുകളെ സഹായിച്ചിരുന്നു. അങ്ങനെ, തങ്ങളും പൂർവ പിതാക്കന്മാരും ദൈവത്തിന്റെ ന്യായപ്രമാണത്തോട് എത്രയധികം അനുസരണക്കേട് കാണിച്ചുവെന്നു മനസ്സിലാക്കിയപ്പോൾ ഇസ്രായേല്യർ കരഞ്ഞുപോയി.—നെഹെമ്യാവു 8:5-9.
6, 7. യഹൂദർ കരയാതിരിക്കാൻ നെഹെമ്യാവ് ചെയ്തതിൽനിന്നു ക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാൻ സാധിക്കും?
6 എന്നാൽ ദുഃഖിച്ചു കരയുന്നതിനുള്ള സമയം അല്ലായിരുന്നു അത്. അത് ഒരു ഉത്സവം ആയിരുന്നു. യെരൂശലേം മതിലിന്റെ പുനർനിർമാണം ജനം പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് ശരിയായ മനോനില കൈവരിക്കാൻ നെഹെമ്യാവ് അവരെ സഹായിച്ചു: “നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടീട്ടില്ലാത്തവർക്കു പകർച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ.” ജനം അത് അനുസരിച്ചു. “തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകർച്ച കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.”—നെഹെമ്യാവു 8:10-12.
7 ഈ വിവരണത്തിൽനിന്ന് ദൈവജനത്തിന് ഇന്നു വളരെ കാര്യങ്ങൾ പഠിക്കാൻ സാധിക്കും. യോഗങ്ങളിലും സമ്മേളനങ്ങളിലും പരിപാടികൾ നടത്താൻ പദവി ഉള്ളവർ മേൽ പ്രസ്താവിച്ചത് മനസ്സിൽ പിടിക്കേണ്ടതുണ്ട്. ഇടയ്ക്കൊക്കെ ആവശ്യമായ തിരുത്തൽ ബുദ്ധ്യുപദേശം നൽകുന്നതിനു പുറമേ, ദൈവത്തിന്റെ വ്യവസ്ഥകളിൽ എത്തിച്ചേരുന്നതു കൊണ്ടുള്ള പ്രയോജനങ്ങളും അനുഗ്രഹങ്ങളും അത്തരം അവസരങ്ങൾ എടുത്തുകാട്ടുകയും ചെയ്യുന്നു. ചെയ്തിരിക്കുന്ന സത്പ്രവൃത്തികൾക്ക് അനുമോദനവും സഹിച്ചുനിൽക്കുന്നതിനു പ്രോത്സാഹനവും നൽകപ്പെടുന്നു. ദൈവത്തിന്റെ വചനത്തിൽനിന്ന് തങ്ങൾക്കു ലഭിച്ചിരിക്കുന്ന കെട്ടുപണി ചെയ്യുന്ന പ്രബോധനം നിമിത്തം ഹൃദയസന്തോഷത്തോടെ ആയിരിക്കണം അത്തരം കൂടിവരവുകളിൽനിന്ന് ദൈവജനം മടങ്ങേണ്ടത്.—എബ്രായർ 10:24, 25.
സന്തോഷകരമായ മറ്റൊരു കൂടിവരവ്
8, 9. ഏഴാം മാസം രണ്ടാം ദിവസം ഏതു പ്രത്യേക യോഗം നടന്നു, ദൈവജനത്തിന്മേൽ അതിന്റെ ഫലം എങ്ങനെ ഉള്ളതായിരുന്നു?
8 ആ പ്രത്യേക മാസത്തിന്റെ രണ്ടാം ദിവസം “സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേൾക്കേണ്ടതിന്നു [“ന്യായപ്രമാണത്തിലെ വാക്കുകൾ സംബന്ധിച്ച ഉൾക്കാഴ്ച പ്രാപിക്കേണ്ടതിന്,” NW] എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി.” (നെഹെമ്യാവു 8:13) ഈ യോഗം നടത്താൻ എസ്രായ്ക്ക് നല്ല യോഗ്യത ഉണ്ടായിരുന്നു. കാരണം, “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും [അവൻ] മനസ്സുവെച്ചിരുന്നു.” (എസ്രാ 7:10) ദൈവജനത ന്യായപ്രമാണ ഉടമ്പടിയോട് കൂടുതൽ അനുരൂപപ്പെടേണ്ട വശങ്ങൾ ഈ യോഗം എടുത്തുകാണിച്ചു എന്നതിനു സംശയമില്ല. അടുത്തു വരുന്ന കൂടാരോത്സവം ആഘോഷിക്കാനുള്ള ഉചിതമായ ഒരുക്കങ്ങൾ അടിയന്തിര ശ്രദ്ധ നൽകേണ്ട ഒരു സംഗതി ആയിരുന്നു.
9 ഈ മുഴുവാര ഉത്സവം ശരിയായ രീതിയിലാണ് നടത്തിയത്. ആ സമയത്ത് നാനാതരം മരങ്ങളുടെ ഇലകളും കൊമ്പുകളും കൊണ്ട് ഉണ്ടാക്കിയ താത്കാലിക പാർപ്പിടങ്ങളിലാണ് ആളുകൾ താമസിച്ചിരുന്നത്. ആളുകൾ ഇവ ഉണ്ടാക്കിയത് പരന്ന പുരമുകളിലും മുറ്റങ്ങളിലും ആലയ പ്രാകാരങ്ങളിലും യെരൂശലേമിലെ വിശാല സ്ഥലങ്ങളിലുമൊക്കെ ആയിരുന്നു. (നെഹെമ്യാവു 8:15, 16) ആളുകളെ കൂട്ടിവരുത്തി ദൈവത്തിന്റെ ന്യായപ്രമാണം അവരെ വായിച്ചു കേൾപ്പിക്കുന്നതിന് അത് എത്ര നല്ല അവസരം ആയിരുന്നു! (ആവർത്തനപുസ്തകം 31:10-13 താരതമ്യം ചെയ്യുക.) ഉത്സവത്തിന്റെ “ആദ്യദിവസം മുതൽ അവസാനദിവസംവരെ” എല്ലാ ദിവസവും ഇതു ചെയ്യുമായിരുന്നു. തത്ഫലമായി, ദൈവജനത്തിന് “ഏററവും വലിയ സന്തോഷം” ഉണ്ടായി.—നെഹെമ്യാവു 8:17, 18.
നാം ദൈവഭവനത്തെ അവഗണിക്കരുത്
10. ഏഴാം മാസം 24-ാം ദിവസം ഒരു പ്രത്യേക യോഗം ക്രമീകരിച്ചത് എന്തുകൊണ്ട്?
10 ദൈവജനത്തിന്റെ ഗുരുതരമായ തെറ്റുകുറ്റങ്ങൾ തിരുത്തുന്നതിന് ഉചിതമായ ഒരു സമയവും സ്ഥലവുമുണ്ട്. പ്രത്യക്ഷത്തിൽ ഇത് അത്തരത്തിലുള്ള ഒരു സമയം ആണെന്നു മനസ്സിലാക്കിക്കൊണ്ട് എസ്രായും നെഹെമ്യാവും തിസ്രി മാസം 24-ാം തീയതി ഉപവാസത്തിനുള്ള ദിവസമായി മാറ്റിവെച്ചു. ദൈവത്തിന്റെ ന്യായപ്രമാണം അപ്പോഴും വായിച്ചു, ജനം അവരുടെ പാപങ്ങൾ ഏറ്റുപറഞ്ഞു. ദൈവം തന്റെ വഴിപിഴച്ച ജനത്തോടു കരുണാപൂർവം ഇടപെട്ടതിനെക്കുറിച്ചു ലേവ്യർ വിവരിക്കുകയും ദൈവത്തിന് ഹൃദയംഗമമായി സ്തുതി കരേറ്റുകയും ചെയ്തു. ജനത്തിന്റെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും മുദ്രയിട്ട് സാക്ഷ്യപ്പെടുത്തിയ “ആശ്രയയോഗ്യമായ ഒരു ക്രമീകരണം” എഴുതിയുണ്ടാക്കി.—നെഹെമ്യാവു 9:1-38.
11. “ആശ്രയയോഗ്യമായ” ഏതു “ക്രമീകരണം” പാലിച്ചുകൊള്ളാം എന്നാണ് യഹൂദന്മാർ സമ്മതിച്ചത്?
11 “ആശ്രയയോഗ്യമായ” ആ ലിഖിത “ക്രമീകരണം” നടപ്പിലാക്കുന്നതിന് ആളുകൾ മൊത്തത്തിൽ ഒരു പ്രതിജ്ഞ എടുത്തു. അതനുസരിച്ച് അവർ “ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കു”മായിരുന്നു. “ദേശത്തെ ജാതിക”ളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുകയില്ലെന്ന് അവർ സമ്മതിക്കുകയും ചെയ്തു. (നെഹെമ്യാവു 10:28-30) കൂടാതെ, ശബത്ത് ആചരിക്കാമെന്നും സത്യാരാധനയെ പിന്തുണയ്ക്കാൻ പണപരമായ വാർഷിക സംഭാവന കൊടുക്കാമെന്നും യാഗപീഠത്തിലേക്ക് ആവശ്യമായ വിറക് നൽകാമെന്നും തങ്ങളുടെ ആടുമാടുകളിൽ കടിഞ്ഞൂലിനെ യാഗമായി അർപ്പിക്കാമെന്നും വിളവിന്റെ ആദ്യ ഫലങ്ങൾ ആലയത്തിലെ ഭോജനശാലയിലേക്കു കൊണ്ടുവരാമെന്നും അവർ സമ്മതിച്ചു. വ്യക്തമായും ‘തങ്ങളുടെ ദൈവത്തിന്റെ ആലയത്തെ അവഗണിക്കാതിരിക്കാൻ’ അവർ ദൃഢനിശ്ചയം ചെയ്തു.—നെഹെമ്യാവു 10:32-39, പി.ഒ.സി. ബൈബിൾ.
12. ഇന്ന് ദൈവ ഭവനത്തെ അവഗണിക്കാതിരിക്കുന്നതിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?
12 യഹോവയുടെ വലിയ ആത്മീയ ആലയത്തിന്റെ പ്രാകാരങ്ങളിൽ ‘വിശുദ്ധ സേവനം’ അർപ്പിക്കുകയെന്ന പദവി അവഗണിക്കാതിരിക്കാൻ ഇന്ന് യഹോവയുടെ ജനം ശ്രദ്ധയുള്ളവർ ആയിരിക്കണം. (വെളിപ്പാടു 7:15, NW) യഹോവയുടെ ആരാധനയുടെ ഉന്നമനത്തിനായി ദിവസവും ഹൃദയംഗമമായി പ്രാർഥിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. അത്തരം പ്രാർഥനകൾക്കു ചേർച്ചയിൽ ജീവിക്കുന്നത്, ക്രിസ്തീയ യോഗങ്ങൾക്കു തയ്യാറാകുന്നതും അവയിൽ പങ്കുപറ്റുന്നതും സുവാർത്ത പ്രസംഗിക്കാനുള്ള ക്രമീകരണങ്ങളിൽ പങ്കെടുക്കുന്നതും മടങ്ങി ചെന്നുകൊണ്ട് താത്പര്യക്കാരെ സഹായിക്കുന്നതും, സാധ്യമെങ്കിൽ, അവർക്കു ബൈബിൾ അധ്യയനങ്ങൾ നടത്തുന്നതും ആവശ്യമാക്കിത്തീർക്കുന്നു. ദൈവഭവനത്തെ അവഗണിക്കാൻ ആഗ്രഹിക്കാത്ത പലരും പ്രസംഗവേലയ്ക്കും സത്യാരാധനാ സ്ഥലങ്ങളുടെ പരിപാലനത്തിനും പണപരമായ സംഭാവനകൾ കൊടുക്കുന്നു. അടിയന്തിരമായി ആവശ്യമുള്ള യോഗസ്ഥലങ്ങൾ നിർമിക്കാനും അവ വെടിപ്പും വൃത്തിയും ഉള്ളതായി സൂക്ഷിക്കാനും നമുക്കു സഹായിക്കാൻ കഴിഞ്ഞേക്കും. ദൈവത്തിന്റെ ആത്മീയ ഭവനത്തോട് സ്നേഹം പ്രകടമാക്കാനുള്ള ഒരു സുപ്രധാന മാർഗം സഹവിശ്വാസികളുടെ സമാധാനത്തിനായി പ്രവർത്തിക്കുന്നതും ആവശ്യമുള്ള ഏവർക്കും ഭൗതികമോ ആത്മീയമോ ആയ സഹായം വെച്ചുനീട്ടുന്നതുമാണ്.—മത്തായി 24:14; 28:19, 20; എബ്രായർ 13:15, 16.
സന്തോഷകരമായ ഒരു ഉദ്ഘാടനം
13. യെരൂശലേം മതിൽ ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് ഏതു സംഗതിക്ക് ശ്രദ്ധ ആവശ്യമായിരുന്നു, പലരും എന്തു നല്ല ദൃഷ്ടാന്തമാണ് വെച്ചത്?
13 നെഹെമ്യാവിന്റെ നാളിൽ എഴുതി ഉണ്ടാക്കിയ ‘ആശ്രയയോഗ്യമായ ക്രമീകരണം’ യെരൂശലേം മതിലിന്റെ ഉദ്ഘാടന ദിവസത്തിനായി പുരാതന ദൈവജനത്തെ ഒരുക്കി. എന്നാൽ അടിയന്തിര ശ്രദ്ധ ആവശ്യമായ മറ്റൊരു സംഗതി ഉണ്ടായിരുന്നു. 12 കവാടങ്ങളുള്ള ആ വൻമതിലിനാൽ ചുറ്റപ്പെട്ട യെരൂശലേമിൽ വേണ്ടത്ര ആളുകൾ ഉണ്ടായിരുന്നില്ല. അവിടെ ചില ഇസ്രായേല്യർ താമസിക്കുന്നുണ്ടായിരുന്നു എങ്കിലും “പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു.” (നെഹെമ്യാവു 7:4) ഈ പ്രശ്നം പരിഹരിക്കുന്നതിന് ജനം ‘പത്തുപേരിൽ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന്നു കൊണ്ടുവരാൻ ചീട്ടിട്ടു.’ ഈ ക്രമീകരണത്തോടുള്ള നല്ല പ്രതികരണം “യെരൂശലേമിൽ പാർപ്പാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും” വാഴ്ത്തുന്നതിനു ജനത്തെ പ്രേരിപ്പിച്ചു. (നെഹെമ്യാവു 11:1, 2) പക്വതയുള്ള ക്രിസ്ത്യാനികളുടെ സഹായം കൂടുതൽ ആവശ്യമുള്ളിടത്തേക്കു മാറിപ്പാർക്കാൻ അനുകൂല സാഹചര്യം ഉള്ള സത്യാരാധകർക്ക് എത്ര നല്ല ദൃഷ്ടാന്തം!
14. യെരൂശലേം മതിലിന്റെ ഉദ്ഘാടന ദിനത്തിൽ എന്തു സംഭവിച്ചു?
14 യെരൂശലേം മതിലിന്റെ വലിയ ഉദ്ഘാടന ദിനത്തിനായി സുപ്രധാന ഒരുക്കങ്ങൾ പെട്ടെന്നുതന്നെ നടത്തിത്തുടങ്ങി. യഹൂദയുടെ ചുറ്റുമുള്ള നഗരങ്ങളിൽനിന്ന് സംഗീതജ്ഞരെയും ഗായകരെയും കൂട്ടിവരുത്തി. അവരെ രണ്ടു വലിയ നന്ദിദായക ഗായകഗണങ്ങളായി തിരിച്ചു. ഓരോ ഗണവും ഓരോ ഘോഷയാത്രയുടെ മുന്നിലായി പോകണമായിരുന്നു. (നെഹെമ്യാവു 12:27-31, 36, 38) ഗായകഗണങ്ങളും ഘോഷയാത്രകളും പുറപ്പെട്ടത് ആലയത്തിൽനിന്ന് ഏറ്റവും ദൂരെ സ്ഥിതി ചെയ്യുന്ന മതിലിന്റെ ഭാഗത്തുനിന്ന്, ഒരുപക്ഷേ താഴ്വരവാതിലിന്റെ ഭാഗത്തുനിന്ന് ആയിരുന്നു. എന്നിട്ട് രണ്ട് കൂട്ടങ്ങളും ദൈവത്തിന്റെ ആലയത്തിൽ വെച്ച് കണ്ടുമുട്ടുന്നതുവരെ വിപരീത ദിശയിൽ പ്രയാണം ചെയ്തു. “അവർ അന്നു മഹായാഗങ്ങൾ അർപ്പിച്ചു സന്തോഷിച്ചു; ദൈവം അവർക്കു മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.”—നെഹെമ്യാവു 12:43.
15. യെരൂശലേം മതിലിന്റെ സമർപ്പണം ശാശ്വത സന്തോഷത്തിനു ഒരു കാരണം അല്ലാഞ്ഞത് എന്തുകൊണ്ട്?
15 സന്തോഷഭരിതമായ ഈ ആഘോഷത്തിന്റെ തീയതി ബൈബിൾ നൽകുന്നില്ല. അത് യെരൂശലേമിന്റെ പുനഃസ്ഥാപനത്തിന്റെ പരമകാഷ്ഠ ആയിരുന്നില്ല എങ്കിലും, നിസ്സംശയമായും ഒരു സവിശേഷത ആയിരുന്നു. തീർച്ചയായും, നഗരത്തിനുള്ളിൽ വളരെയധികം നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നു. കാലക്രമത്തിൽ, യെരൂശലേമിലെ പൗരന്മാർക്ക് അവരുടെ നല്ല ആത്മീയ നില നഷ്ടമായി. ഉദാഹരണത്തിന്, നെഹെമ്യാവ് ആ നഗരത്തിൽ രണ്ടാം പ്രാവശ്യം സന്ദർശനം നടത്തിയപ്പോൾ ദൈവത്തിന്റെ ഭവനം വീണ്ടും അവഗണിക്കപ്പെട്ട് കിടക്കുന്നതായും ഇസ്രായേല്യർ പുറജാതീയ സ്ത്രീകളെ പിന്നെയും വിവാഹം കഴിക്കുന്നതായും അവൻ കണ്ടെത്തി. (നെഹെമ്യാവു 13:6-11, 15, 23) മോശമായ അതേ അവസ്ഥകൾ നിലവിലിരുന്നതായി പ്രവാചകനായ മലാഖിയുടെ എഴുത്തുകൾ സ്ഥിരീകരിക്കുന്നു. (മലാഖി 1:6-8; 2:11; 3:8) അതിനാൽ, യെരൂശലേം മതിലിന്റെ സമർപ്പണം ശാശ്വത സന്തോഷത്തിനു കാരണം ആയിരുന്നില്ല.
നിത്യ സന്തോഷത്തിന് ഒരു കാരണം
16. എന്തെല്ലാം പരകോടീയ സംഭവങ്ങൾക്കായി ദൈവജനത ആകാംക്ഷാപൂർവം കാത്തിരിക്കുന്നു?
16 ദൈവം തന്റെ എല്ലാ ശത്രുക്കളുടെ മേലും വിജയം വരിക്കുന്ന സമയത്തിനായി യഹോവയുടെ ജനം ഇന്ന് ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. “മഹതിയാം ബാബിലോ”ന്റെ—എല്ലാത്തരം വ്യാജ മതങ്ങളും അടങ്ങുന്ന ഒരു പ്രതീകാത്മക നഗരത്തിന്റെ—നാശത്തോടെ അതിനു തുടക്കമിടും. (വെളിപ്പാടു 18:2, 8) വ്യാജ മതത്തിന്റെ നാശം, വരാൻ പോകുന്ന മഹോപദ്രവത്തിന്റെ ആദ്യ ഘട്ടത്തിനു നാന്ദി കുറിക്കും. (മത്തായി 24:21, 22) ഭാവിയിൽ സംഭവിക്കാൻ പോകുന്നത്, അതായത് “പുതിയ യെരൂശലേ”മിന്റെ 1,44,000 പൗരന്മാർ അടങ്ങുന്ന മണവാട്ടിയുമായുള്ള കർത്താവായ യേശുക്രിസ്തുവിന്റെ സ്വർഗീയ വിവാഹം യഥാർഥത്തിൽ സുപ്രധാനമായ ഒരു സംഭവമാണ്. (വെളിപ്പാടു 19:7; 21:2) ആ പരകോടീയ സംഗമം എപ്പോൾ പൂർത്തിയാകുമെന്നു നമുക്ക് കൃത്യമായി പറയാനാവില്ല. എന്നാൽ സന്തോഷകരമായ ഒരു സംഭവം ആയിരിക്കും അത് എന്നുള്ളത് ഉറപ്പാണ്.—1990 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 30-1 പേജുകൾ കാണുക.
17. പുതിയ യെരൂശലേമിന്റെ പൂർത്തീകരണം സംബന്ധിച്ച് നമുക്ക് എന്തറിയാം?
17 പുതിയ യെരൂശലേമിന്റെ പൂർത്തീകരണം വളരെ അടുത്തിരിക്കുന്നു എന്ന് തീർച്ചയായും നമുക്കറിയാം. (മത്തായി 24:3, 7-14; വെളിപ്പാടു 12:12) ഭൂമിയിലെ യെരൂശലേം നഗരത്തിൽനിന്നു വ്യത്യസ്തമായി അത് ഒരിക്കലും നൈരാശ്യത്തിനു കാരണം ആയിരിക്കുകയില്ല. കാരണം, അതിന്റെ പൗരന്മാരെല്ലാം ആത്മാഭിഷിക്തരും പരിശോധിക്കപ്പെട്ടവരും നിർമലീകരിക്കപ്പെട്ടവരുമായ യേശുക്രിസ്തുവിന്റെ അനുഗാമികൾ ആണ്. മരണം വരെയുള്ള അവരുടെ വിശ്വസ്തതയാൽ അവരിൽ ഓരോരുത്തനും അഖിലാണ്ഡ പരമാധികാരിയായ യഹോവയാം ദൈവത്തോടു നിത്യമായി കൂറുള്ളവർ എന്നു തെളിയിച്ചിരിക്കും. മനുഷ്യവർഗത്തിൽ ശേഷിച്ചിരിക്കുന്നവരെ—ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും—സംബന്ധിച്ചിടത്തോളം അതിനു സുപ്രധാനമായ അർഥമുണ്ട്!
18. നാം ‘സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിക്കേണ്ടത്’ എന്തുകൊണ്ട്?
18 യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കുന്ന മനുഷ്യരിലേക്കു പുതിയ യെരൂശലേം ശ്രദ്ധ തിരിക്കുമ്പോൾ എന്തു സംഭവിക്കുമെന്നു പരിചിന്തിക്കുക. യോഹന്നാൻ അപ്പോസ്തലൻ എഴുതി: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:2-5) മാത്രമല്ല, മനുഷ്യവർഗത്തെ മാനുഷ പൂർണതയിലേക്ക് ഉയർത്താൻ ഈ നഗരസമാന ക്രമീകരണത്തെ ദൈവം ഉപയോഗിക്കും. (വെളിപ്പാടു 22:1, 2) ‘ദൈവം സൃഷ്ടിക്കുന്നതിനെക്കുറിച്ചു സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിക്കാൻ’ ഇവ എത്ര മഹത്തായ കാരണങ്ങളാണ്!—യെശയ്യാവു 65:18.
19. ക്രിസ്ത്യാനികൾ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന ആത്മീയ പറുദീസ എന്താണ്?
19 എന്നാൽ, ദൈവത്തിൽനിന്ന് സഹായം ലഭിക്കുന്നതിന് അനുതാപമുള്ള മനുഷ്യർ അതുവരെ കാത്തിരിക്കേണ്ടതില്ല. 1919-ൽ 1,44,000-ത്തിലെ അവസാന അംഗങ്ങളെ ഒരു ആത്മീയ പറുദീസയിലേക്ക് യഹോവ കൂട്ടിവരുത്താൻ തുടങ്ങി. അവിടെ ദൈവാത്മാവിന്റെ സ്നേഹം, സന്തോഷം, സമാധാനം എന്നിവ പോലുള്ള ഫലങ്ങൾ സമൃദ്ധമായി ഉണ്ട്. (ഗലാത്യർ 5:22, 23) ഈ ആത്മീയ പറുദീസയുടെ ഒരു മുന്തിയ സവിശേഷത അതിലെ അഭിഷിക്ത നിവാസികളുടെ വിശ്വാസമാണ്. ദൈവരാജ്യത്തിന്റെ സുവാർത്ത നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കുന്നതിൽ നേതൃത്വം വഹിക്കുന്ന കാര്യത്തിൽ അവർ വളരെ ഫലപ്രദർ ആയിരുന്നിട്ടുണ്ട്. (മത്തായി 21:43; 24:14) തത്ഫലമായി, ഭൗമിക പ്രത്യാശയുള്ള ഏതാണ്ട് 60 ലക്ഷം “വേറെ ആടുകൾ” ഈ ആത്മീയ പറുദീസയിൽ പ്രവേശിക്കുന്നതിന് അനുവദിക്കപ്പെട്ടിരിക്കുന്നു. അവർ ഫലപ്രദമായ വേല ആസ്വദിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 10:16) ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവയ്ക്ക് തങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ട് അവർ അതിനു യോഗ്യത നേടിയിരിക്കുന്നു. പുതിയ യെരൂശലേമിലെ ഭാവി അംഗങ്ങളുമൊത്തുള്ള അവരുടെ സഹവാസം വാസ്തവത്തിൽ ഒരു അനുഗ്രഹമെന്നു തെളിഞ്ഞിരിക്കുന്നു. അതിനാൽ, അഭിഷിക്ത ക്രിസ്ത്യാനികളോടുള്ള യഹോവയുടെ ഇടപെടലുകളിലൂടെ ഒരു “പുതിയ ഭൂമി”ക്കായുള്ള—സ്വർഗീയ രാജ്യത്തിന്റെ ഭൗമിക മണ്ഡലത്തെ അവകാശമാക്കാനിരിക്കുന്ന ദൈവഭയമുള്ള ഒരു മനുഷ്യ സമൂഹത്തിനായുള്ള—ഉറച്ച അടിസ്ഥാനം അവൻ ഇട്ടിരിക്കുന്നു.—യെശയ്യാവു 65:17; 2 പത്രൊസ് 3:13.
20. പുതിയ യെരൂശലേം അതിന്റെ പേരിനെ അന്വർഥമാക്കി ജീവിക്കുന്നത് എങ്ങനെ?
20 യഹോവയുടെ ജനം ഇപ്പോൾ തങ്ങളുടെ ആത്മീയ പറുദീസയിൽ ആസ്വദിക്കുന്ന സമാധാനപൂർണമായ അവസ്ഥകൾ അവർ പെട്ടെന്നുതന്നെ ഭൂമിയിലെ ഒരു അക്ഷരീയ പറുദീസയിൽ ആസ്വദിക്കാൻ പോകുകയാണ്. പുതിയ യെരൂശലേം മനുഷ്യവർഗത്തെ അനുഗ്രഹിക്കാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുമ്പോൾ അതു സംഭവിക്കും. യെശയ്യാവു 65:21-25-ൽ വാഗ്ദത്തം ചെയ്തിരിക്കുന്ന സമാധാനപൂർണമായ അവസ്ഥകൾ ദൈവജനം രണ്ടു വിധങ്ങളിൽ അനുഭവിക്കും. ആത്മീയ പറുദീസയിലെ യഹോവയുടെ ഏകീകൃത ആരാധകർ എന്ന നിലയിൽ സ്വർഗത്തിലെ പുതിയ യെരൂശലേമിൽ തങ്ങളുടെ സ്ഥാനം ഏറ്റെടുക്കാനിരിക്കുന്ന അഭിഷിക്തരും “വേറെ ആടുക”ളിൽ പെട്ടവരും ദൈവദത്ത സമാധാനം ഇപ്പോൾ ആസ്വദിക്കുന്നു. ‘ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകുമ്പോൾ’ അത്തരം സമാധാനം അക്ഷരീയ പറുദീസയിലേക്കു വ്യാപിക്കും. (മത്തായി 6:10) അതേ, ദൈവത്തിന്റെ മഹത്ത്വമുള്ള സ്വർഗീയ നഗരം, യെരൂശലേം എന്ന അതിന്റെ പേരിനെ അന്വർഥമാക്കിക്കൊണ്ട് ‘ഇരട്ട സമാധാനത്തിന്റെ’ ഉറപ്പുള്ള ‘അടിസ്ഥാനം’ എന്നു തെളിയും. സകല നിത്യതയിലും, അത് അതിന്റെ മഹാ സ്രഷ്ടാവായ യഹോവയാം ദൈവത്തിനും അതിന്റെ വരനാം രാജാവായ യേശുക്രിസ്തുവിനും സ്തുത്യർഹമായ ബഹുമതിയായി നിലകൊള്ളും.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ നെഹെമ്യാവ് ജനങ്ങളെ യെരൂശലേമിൽ വിളിച്ചുകൂട്ടിയപ്പോൾ എന്തു സാധിച്ചു?
◻ ദൈവത്തിന്റെ ആലയത്തെ അവഗണിക്കാതിരിക്കാൻ പുരാതന യഹൂദന്മാർ എന്തു ചെയ്യണമായിരുന്നു, നാം എന്തു ചെയ്യാൻ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു?
◻ ശാശ്വത സന്തോഷവും സമാധാനവും കൈവരുത്തുന്നതിൽ “യെരൂശലേം” എങ്ങനെ ഉൾപ്പെട്ടിരിക്കുന്നു?
[23-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
യെരൂശലേം വാതിലുകൾ
ഇപ്പോഴത്തെ ഉയരത്തെ കാണിക്കുന്ന സംഖ്യകൾ മീറ്ററിൽ
മീൻവാതിൽ
പഴയ നഗരത്തിന്റെ വാതിൽ
എഫ്രയീം വാതിൽ
കോൺ വാതിൽ
വീതിയുള്ള മതിൽ
വിശാല സ്ഥലം
താഴ്വര വാതിൽ
രണ്ടാമത്തെ നഗരാംശം
മുൻ വടക്കേ വാതിൽ
ദാവീദിന്റെ നഗരം
കുപ്പവാതിൽ
ഹിന്നോം താഴ്വര
കോട്ട
ആട്ടിൻ വാതിൽ
കാരാഗൃഹ വാതിൽ
ആലയ പ്രദേശം
പരിശോധന വാതിൽ
കുതിര വാതിൽ
ഓഫേൽ
വിശാല സ്ഥലം
നീർവാതിൽ
ഗീഹോൻ നീരുറവ
ഉറവു വാതിൽ
രാജോദ്യാനം
ഏൻ-രോഗേൽ
തൈറോപിയോൺ (മധ്യ) താഴ്വര
കിദ്രോൻ താഴ്വര പ്രവാഹം
740
730
730
750
770
770
750
730
710
690
670
620
640
660
680
700
720
740
730
710
690
670
നഗരം നശിപ്പിക്കപ്പെട്ട സമയത്തും മതിൽ പുനർനിർമിക്കുന്നതിന് നെഹെമ്യാവ് നേതൃത്വം എടുത്ത സമയത്തും യെരൂശലേം മതിലിന് സാധ്യതയനുസരിച്ച് ഉണ്ടായിരുന്ന വ്യാപ്തി