-
ഇയ്യോബിന്റെ നിർമ്മലത—വളരെ ശ്രദ്ധേയമായിരിക്കുന്നതെന്തുകൊണ്ട്?വീക്ഷാഗോപുരം—1986 | മേയ് 1
-
-
ഇയ്യോബിന്റെ നിർമ്മലത—വളരെ ശ്രദ്ധേയമായിരിക്കുന്നതെന്തുകൊണ്ട്?
“ഞാൻ മരിക്കുവോളം ഞാൻ എന്നിൽനിന്ന് എന്റെ നിർമ്മലത എടുത്തുകളകയില്ല!”
1. ഇയ്യോബ് ആരായിരുന്നു, അവൻ ഒരു യഥാർത്ഥ വ്യക്തിയായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
ഇയ്യോബ് ഒരു പ്രമുഖ ചരിത്ര പുരുഷനായിരുന്നു. അവന് വലിയ ഭൗതികസ്വത്ത് ഉണ്ടായിരുന്നുവെന്നു മാത്രമല്ല, ഒരു സഹാനുഭൂതിയുള്ള ന്യായാധിപനും നേതാവുമെന്ന നിലയിൽ അവൻ ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്നു. അവൻ “സകല പൗരസ്ത്യരിലും വച്ച് ഏററവും വലിയവനായിത്തീർന്നു”വെന്ന് ബൈബിൾ പറയുന്നു. (ഇയ്യോബ് 1:3; 29:12-15) വളരെ നീതിമാനായ ഒരു മനുഷ്യനെന്ന നിലയിൽ അവൻ നോഹയോടും ദാനിയേലിനോടുംകൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. (യെഹെസ്ക്കേൽ 14:14, 20) ക്രിസ്ത്യാനികൾ അനുകരിക്കേണ്ട ഒരു ദൃഷ്ടാന്തമെന്ന നിലയിലും ബൈബിൾ ഇയ്യോബിനെ വിശേഷവൽക്കരിക്കുകയും അങ്ങനെ അവൻ ചരിത്രത്തിലെ ഒരു യഥാർത്ഥ വ്യക്തിയായിരുന്നുവെന്ന് പ്രകടമാക്കുകയും ചെയ്യുന്നു.—യാക്കോബ് 5:11.
2. ഇയ്യോബ് സാത്താനാലുള്ള പരിശോധനക്കു വിധേയനായതെപ്പോഴെന്ന് നമുക്ക് എങ്ങനെ നിശ്ചയിക്കാം?
2 ഇയ്യോബ് വസിച്ചിരുന്നത് ഇപ്പോൾ അറേബ്യ ആയിരിക്കുന്നടത്തെ ഊസ് ദേശത്തായിരുന്നു. ഒരു യിസ്രായേല്യനല്ലായിരുന്നെങ്കിലും ഇയ്യോബ് യഹോവയുടെ ഒരു ആരാധകനായിരുന്നു. അത് യഹോവ സാത്താന്റെ ശ്രദ്ധയിൽപെടുത്തിയ ഒരു സംഗതിയായിരുന്നു. “നിഷ്ക്കളങ്കനും നേരുള്ളവനുമായ ഒരു മനുഷ്യനായ അവനെപ്പോലെ ഭൂമിയിൽ ആരുമില്ല” എന്ന ദൈവത്തിന്റെ പ്രസ്താവന ദൈവത്തിന്റെ മറെറാരു പ്രമുഖ ദാസനും അക്കാലത്തു ജീവിച്ചില്ലായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. (ഇയ്യോബ് 1:8) അങ്ങനെ, സാത്താനാലുള്ള ഇയ്യോബിന്റെ പരിശോധന അവന്റെ അകന്ന ബന്ധുക്കളായ യിസ്രായേല്യർ ഈജിപ്ററിലെ അടിമത്തത്തിലായിരുന്നപ്പോൾ സംഭവിച്ചിരിക്കണം—പ്രമുഖ നിർമ്മലതാപാലകനായിരുന്ന യോസേഫിന്റെ പൊതുയുഗത്തിനു മുമ്പ് 1657-ലെ മരണത്തിനുശേഷവും മോശ തന്റെ നിർമ്മലതയുടെ ഗതിയിൽ പ്രവേശിക്കുന്നതിനു മുമ്പുമുള്ള വർഷങ്ങളിൽ ഏതോ സമയത്ത്.
3. ഇയ്യോബിന്റെ പുസ്തകം എഴുതിയതാർ, അവന് വിവരങ്ങൾ കിട്ടുക സാദ്ധ്യമായിരുന്നതെന്തുകൊണ്ട്?
3 തെളിവനുസരിച്ച് മോശയാണ് ഇയ്യോബിന്റെ പുസ്തകമെഴുതിയത്. എന്നാൽ അവന് ഇയ്യോബിന്റെ പരിശോധനയെക്കുറിച്ച് എങ്ങനെ മനസ്സിലാക്കാൻ കഴിയുമായിരുന്നു? കൊള്ളാം, പൊതുയുഗത്തിനു മുൻപ് 1553-ൽ ഈജിപ്ററു വിട്ടുപോകാൻ മോശ നിർബ്ബന്ധിതനായ ശേഷം അവൻ ഊസ് ദേശത്തുനിന്ന് വിദൂരത്തിലല്ലാത്ത മിദ്യാനിൽ പാർപ്പുറപ്പിച്ചു. (പുറപ്പാട് 2:15-25; പ്രവൃത്തികൾ 7:23-30) ആ സമയത്ത് ഇയ്യോബ് യഹോവയുടെ അനുഗ്രഹത്താൽ ലഭിച്ച ഒടുവിലത്തെ 140 വർഷത്തെ ആയുസ്സിലൂടെ ജീവിക്കുകയായിരുന്നു. (ഇയ്യോബ് 42:16) പിന്നീട് യിസ്രായേല്യർ തങ്ങളുടെ മരുഭൂമിയാത്രയുടെ അവസാനത്തോടടുത്ത് ഊസിനു സമീപത്തായിരുന്നപ്പോൾ മോശക്ക് ഇയ്യോബിന്റെ അവസാന ജീവിതവർഷങ്ങളെയും മരണത്തെയുംകുറിച്ച് കേൾക്കാൻ കഴിയുമായിരുന്നു.
ഇയ്യോബിന്റെ പരിമിതമായ അറിവ്
4. (എ) തെളിവനുസരിച്ച് യഹോവയെക്കുറിച്ചുള്ള ഇയ്യോബിന്റെ അറിവിന്റെ ഉറവ് എന്തായിരുന്നു, അവൻ നിസ്സംശയമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും സന്തതികളുമായി സമ്പർക്കത്തിലിരിക്കുമായിരുന്നതെന്തുകൊണ്ട്? (ബി) ഇയ്യോബ് മുന്തിയ നിർമ്മലതയുള്ള ഒരു മനുഷ്യനായിത്തീർന്നതെങ്ങനെ?
4 ഇയ്യോബ് പരിശോധിക്കപ്പെട്ടപ്പോൾ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച അവന്റെ അറിവ് പരിമിതമായിരുന്നു, കാരണം അന്നുവരെ ബൈബിളിന്റെ യാതൊരു ഭാഗവും എഴുതപ്പെട്ടിരുന്നില്ല. എന്നുവരികിലും, ഇയ്യോബ് അബ്രാഹമിനോടും യിസഹാക്കിനോടും യാക്കേബിനോടും യോസേഫിനോടുമുള്ള യഹോവയുടെ ഇടപെടലുകളെക്കുറിച്ച് ചിലതൊക്കെ അറിഞ്ഞിരിക്കും. കാരണം ഇയ്യോബ് തെളിവനുസരിച്ച് അബ്രഹാമിന്റെ സഹോദരനായിരുന്ന നാഹോരിന്റെ ആദ്യജാതപുത്രനായ ഊസിലൂടെയുള്ള നാഹോരിന്റെ ഒരു സന്തതിയായിരുന്നു. കൂടാതെ, ഊസിന്റെ സഹോദരൻ ബഥൂവേൽ ആയിരുന്നു. അവൻ യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കയുടെ പിതാവും യോസേപ്പിന്റെ പ്രപിതാമഹനും ആയിരുന്നു. (ഉല്പത്തി 22:20-23) ഇയ്യോബ് അബ്രാഹാമിനോടും അവന്റെ സന്തതികളോടുമുള്ള യഹോവയുടെ വചനങ്ങൾ സംബന്ധിച്ചുള്ള ഏത് അറിവിനെയും വിലമതിക്കാനിടയായെന്നുള്ളതിനു സംശയമില്ല. യഹോവയെ പ്രസാദിപ്പിക്കാൻ അവൻ ആകാംഷയുള്ളവനായിരുന്നു. അങ്ങനെ ഇയ്യോബ് മുന്തിയ നിർമ്മലതയുള്ള ഒരു മനുഷ്യൻ, നിഷ്ക്കളങ്കനും യഹോവക്ക് സമ്പൂർണ്ണമായി സമർപ്പിതനുമായിരുന്ന ഒരു മനുഷ്യൻ, ആയിത്തീർന്നു.
5. വിശേഷിച്ച് ഇയ്യോബിന്റെ നിർമ്മലതയെ വളരെ ശ്രദ്ധേയമാക്കുന്നതെന്ത്?
5 ഈജിപ്ററിൽ വച്ചുള്ള യോസേഫിന്റെ മരണശേഷം താമസിയാതെ, ഇയ്യോബിന്റെ നിർമ്മലത അദൃശ്യസ്വർഗ്ഗങ്ങളിൽ യഹോവയാം ദൈവവും സാത്താനും തമ്മിലുള്ള ഒരു സംവാദവിഷയമായി. എന്നിരുന്നാലും ഇയ്യോബ് തന്റെ നിർമ്മലതെയെ കേന്ദ്രീകരിച്ചുള്ള ഈ വിവാദത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. താൻ കഷ്ടതയനുഭവിക്കുന്നതിന്റെ കാരണം സംബന്ധിച്ച അവന്റെ അജ്ഞതയാണ് വിശേഷാൽ അവന്റെ അഭഞ്ജമായ നിർമ്മലതയെ വളരെ ശ്രദ്ധേയമാക്കുന്നത്. ഏതായാലും, പിന്നീടുള്ള ദൈവദാസൻമാരുടെയെല്ലാം പ്രയോജനത്തിനുവേണ്ടി, ഇയ്യോബിന്റെ നിർമ്മലതയെക്കുറിച്ചുള്ള സംവാദത്തിന്റെ വിശദാംശങ്ങൾ യഹോവ മോശയെക്കൊണ്ട് രേഖപ്പെടുത്തിച്ചു.
ഇയ്യോബിന്റെ നിർമ്മലതയുടെ വിവാദപ്രശ്നം
6. (എ) സ്വർഗ്ഗത്തിലെ ഒരു സമ്മേളനം ദൈവവും സാത്താനും തമ്മിൽ നിലവിലിരുന്ന ഒരു വിവാദപ്രശ്നത്തെ വെളിപ്പെടുത്തിയതെങ്ങനെ? (ബി) ഈ വിവാദപ്രശ്നം ഉദ്ഭവിച്ചതെപ്പോൾ, അതിൽ എന്ത് ഉൾപ്പെട്ടിരുന്നു?
6 ഇയ്യോബിന്റെ പുസ്തകം അദൃശ്യതയുടെ മറ മാററുന്നു. നമുക്ക് സ്വർഗ്ഗത്തിൽ യഹോവയാം ദൈവത്തിന്റെ മുമ്പാകെ നടന്ന ദൂതൻമാരുടെ ഒരു യോഗത്തിന്റെ വീക്ഷണം നൽകപ്പെട്ടിരിക്കുന്നു. സാത്താനും അതിന് ഹാജരായി. “നിഷ്ക്കളങ്കനും നേരുള്ളവനും ദൈവത്തെ ഭയപ്പെടുന്നവനും വഷളത്തം വിട്ടുമാറുന്നവനുമായ (ഇയ്യോബിനെ)പ്പോലെ ഭൂമിയിൽ ആരുമില്ല” എന്ന് യഹോവ അവിടെ സാത്താനെ ഓർമ്മിപ്പിക്കുന്നു. (ഇയ്യോബ് 1:8) ഇയ്യോബിന്റെ നിർമ്മലത സംബന്ധിച്ച ഒരു വിവാദം നിലവിലുണ്ടെന്നു വ്യക്തമാണ്. എന്നാൽ അത് പുതിയ ഒന്നല്ല. സാത്താൻ ആദാമിനെയും ഹവ്വായെയും ദൈവത്തിൽനിന്ന് അകററുകയും ഫലത്തിൽ ‘എനിക്ക് ഒരു അവസരം തരിക, നിന്നെ സേവിക്കുന്നതിൽനിന്ന് എനിക്ക് ഏതൊരുവനെയും അകററാൻ കഴിയും’ എന്ന് പറയുകയും ചെയ്തപ്പോൾ വിവാദപ്രശ്നം സൂചിപ്പിക്കപ്പെട്ടു.—ഉല്പത്തി 3:1-6.
7. ഇയ്യോബിന്റെ നിർമ്മലതക്ക് കാരണമായി എന്തു സൂചനകൾ നൽകാൻ സാത്താന് കടപ്പാടുണ്ടായി, പിശാച് ദൈവത്തെ എങ്ങനെ വെല്ലുവിളിച്ചു?
7 ഇപ്പോൾ, സ്വർഗ്ഗത്തിലെ ഈ ഔദ്യോഗിക യോഗസമയത്ത് ഇയ്യോബിന്റെ നിർമ്മലതയുടെ അടിസ്ഥാനം സംബന്ധിച്ച തന്റെ സൂചനകൾ സമർപ്പിക്കാൻ സാത്താന് കടപ്പാടുണ്ടാകുന്നു. “ഇയ്യോബ് വെറുതെയാണോ ദൈവത്തെ ഭയപ്പെട്ടിരിക്കുന്നത്?” എന്ന് അവൻ ചോദിക്കുന്നു “അവനുചുററും അവന്റെ ഭവനത്തിനുചുററും ചുററുപാടും അവനുള്ള സകലത്തിനും ചുററും നീ തന്നെ ഒരു വേലി കെട്ടിയിട്ടില്ലയോ?” . . . എന്നാൽ ഒരു മാററത്തിനായി, നിന്റെ കൈ നീട്ടുകയും അവനുള്ള സകലത്തിൻമേലും തൊടുകയും നിന്റെ മുഖത്തുതന്നെ നോക്കി നിന്നെ അവൻ ശപിക്കയില്ലയോ എന്ന് കാണുകയും ചെയ്യുക” എന്നു സാത്താൻ വെല്ലുവിളിക്കുന്നു.—ഇയ്യോബ് 1:9-11.
8. (എ) യഹോവ സാത്താന്റെ വെല്ലുവിളിയോട് പ്രതികരിച്ചതെങ്ങനെ? (ബി) സാത്താൻ ഇയ്യോബിനിട്ട് ഏതു ഭയങ്കര പ്രഹരങ്ങളേൽപ്പിച്ചു?
8 യഹോവ സാത്താന്റെ വെല്ലുവിളി സ്വീകരിക്കുന്നു. അവൻ ഇയ്യോബിന്റെ നിർമ്മലതയിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് സാത്താന് ഉത്തരം കൊടുക്കുന്നു: “നോക്കൂ! അവനുള്ള സകലവും നിന്റെ കൈയിലാണ്. അവനുതന്നെ എതിരായി മാത്രം നിന്റെ കൈ നീട്ടരുത്!” (ഇയ്യോബ് 1:12) സാത്താൻ പെട്ടെന്ന് ഇയ്യോബിനെതിരെ പ്രഹരിക്കുന്നു. ആക്രമണം നടത്തിയ ശെബായർ ഇയ്യോബിന്റെ 1000 കാളകളെയും 500 പെൺകഴുതകളെയും പിടിച്ചുകൊണ്ടുപോകുകയും ഒരാൾ ഒഴിച്ച് സകല വേലക്കാരെയും കൊല്ലുകയും ചെയ്യുന്നു. അടുത്തതായി, സാത്താൻ ഇയ്യോബിന്റെ 7000 ചെമ്മരിയാടുകളെ അവയുടെ ഇടയൻമാർ സഹിതം ദഹിപ്പിക്കുന്നതിന് ആകാശത്തുനിന്ന് ഒരു തീ അയക്കുന്നു. ഇടയൻമാരിൽ ഒരാളെ മാത്രം ഒഴിവാക്കുന്നു. പിന്നീടു സാത്താൻ കൽദായരുടെ മൂന്നു സംഘങ്ങൾ ഇയ്യോബിന്റെ 3000 ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോകാനിടയാക്കുകയും വേലക്കാരിൽ ഒരാളൊഴിച്ച് എല്ലാവരെയും കൊല്ലുകയും ചെയ്യുന്നു. ഒടുവിൽ, സാത്താൻ ഒരു വലിയ കാററ് അയക്കുന്നു, അത് ഇയ്യോബിന്റെ പത്തു മക്കൾ വിരുന്നുകഴിച്ചുകൊണ്ടിരിക്കുന്ന വീടിൻമേൽ അടിക്കുന്നു, അവരെല്ലാം മരണമടയുന്നു. പിന്നീട്, ഈ വിപത്തുകളെ അതിജീവിച്ചവർ ഓരോരുത്തരായി പെട്ടെന്ന് വന്ന് ഈ ഭയങ്കരവാർത്തകൾ ഇയ്യോബിനെ അറിയിക്കുന്നു.—ഇയ്യോബ്1:13-19.
9. ഇയ്യോബിന്റെ അനർത്ഥങ്ങൾ സഹിക്കുക വിശേഷാൽ പ്രയാസകരമാക്കിത്തീർത്തതെന്ത്, എന്നിട്ടും അവയോടുള്ള ഇയ്യോബിന്റെ പ്രതികരണം എന്തായിരുന്നു?
9 എന്തെന്തു വിപത്തുകൾ! അവ വരുത്തിയത് ആരെന്ന് ഇയ്യോബ് അറിഞ്ഞിരുന്നാൽതന്നെ അവ സഹിക്കാൻ പ്രയാസമായിരുന്നു. എന്നാൽ അവൻ അറിഞ്ഞിരുന്നില്ല. താൻ സ്വർഗ്ഗത്തിലെ ഒരു സംവാദവിഷയമാണെന്നും സാത്താൻ വരുത്തിയേക്കാവുന്ന സകല അന്യായമായ കഷ്ടപ്പാടുകളും ഗണ്യമാക്കാതെ നിർമ്മലത മുറുകെപ്പിടിക്കുന്ന ആളുകൾ ഉണ്ടെന്ന് പ്രകടമാക്കാൻ തന്നെ യഹോവ ഉപയോഗിക്കുകയാണെന്നും അവൻ അറിഞ്ഞിരുന്നില്ല. എന്നിട്ടും, ദുഃഖിതനായി ഏതോ പ്രകാരത്തിൽ തന്റെ നഷ്ടങ്ങൾക്ക് ദൈവം ഉത്തരവാദിയാണെന്ന് വിചാരിച്ചുകൊണ്ടുപോലും ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “യഹോവതന്നെ തന്നിരിക്കുന്നു, യഹോവതന്നെ എടുത്തിരിക്കുന്നു. യഹോവയുടെ നാമം തുടർന്ന് വാഴ്ത്തപ്പെടട്ടെ.” അതെ, “ഇതിലൊന്നും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തിൻമേൽ എന്തെങ്കിലും അനൗചിത്യം ആരോപിക്കുകയോ ചെയ്തില്ല.”—ഇയ്യോബ് 1:20-22.
10. (എ) ഇയ്യോബിനെസംബന്ധിച്ച് സാത്താൻ കൂടുതലായി എന്തിന് അനുവാദം ചോദിച്ചു, ഇത് അനുവദിക്കാൻ യഹോവ സന്നദ്ധനായിരുന്നതെന്തുകൊണ്ട്? (ബി) ഇയ്യോബ് എത്തിച്ചേർന്ന ദുരിതപൂർണ്ണമായ അവസ്ഥയുടെ പരിണതഫലങ്ങൾ ഏവയായിരുന്നു?
10 ദൂതൻമാരുടെ മറെറാരു യോഗത്തിൽ “എന്നിട്ടും അവൻ തന്റെ നിർമ്മലത മുറുകെ പിടിക്കുന്നു” എന്ന് യഹോവ ഇയ്യോബിനെ സംബന്ധിച്ച് സാത്താനെ ഓർമ്മപ്പെടുത്തിയത് അവന് എത്ര അപമാനകരമായിരുന്നു! എന്നാൽ സാത്താൻ പിൻമാറുന്നില്ല. ഇയ്യോബിനെ ശാരീരികമായി പ്രഹരിക്കാനുള്ള അവസരം കൊടുക്കപ്പെട്ടാൽ അവൻ മുഖത്തുനോക്കി ദൈവത്തെ ശപിക്കുമെന്ന് സാത്താൻ ഇപ്പോൾ വെല്ലുവിളിക്കുന്നു. ഇത്രത്തോളംപോലും ഇയ്യോബിന്റെ നിർമ്മലതയെ വിശ്വസിച്ചുകൊണ്ട് യഹോവ അനുവാദം കൊടുക്കുന്നു. ഇയ്യോബിന്റെ ജീവൻ എടുക്കരുതെന്നു മാത്രം സാത്താനു മുന്നറിയിപ്പു കൊടുക്കുന്നു. സാത്താൻ ‘ഇയ്യോബിന്റെ ഉള്ളങ്കാൽ മുതൽ നെറുകവരെ മാരകമായ പരുക്കളാൽ ബാധിക്കുന്നു! (ഇയ്യോബ് 2:1-8) ഇയ്യോബ് അറയ്ക്കത്തക്കവിധം ദുരിതപൂർണ്ണമായ ഒരു അവസ്ഥയിലായിത്തീർന്നതുകൊണ്ട് അവന്റെ ബന്ധുക്കളും സ്നേഹിതരും അകന്നുമാറുന്നു. മുൻപരിചയക്കാർ അവനെ പരിഹസിക്കുന്നു. ഇയ്യോബ് 12:4, 17:6; 19:13-19; 30:1, 10-12.
11. ഇയ്യോബ് കൂടുതലായ ഏതു പ്രഹരം സഹിക്കണമായിരുന്നു, ഈ ഉപദ്രവങ്ങളെല്ലാം ഗണ്യമാക്കാതെ അവൻ നിർമ്മലത പാലിച്ചത് ശ്രദ്ധേയമാക്കിത്തീർത്തതെന്ത്?
11 മറെറാരു പ്രഹരംകൂടെ! ഇയ്യോബിന്റെ ഭാര്യയുടെ വിശ്വാസം തളരുന്നു! “നീ ഇപ്പോഴും നിന്റെ നിർമ്മലത മുറുകെപ്പിടിക്കുകയാണോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക!” എന്ന് അവൾ അവനോടു പറയുന്നു. “ബോധമില്ലാത്ത സ്ത്രീകളിലൊരാൾ സംസാരിക്കുന്നതുപോലെ നീയും സംസാരിക്കുന്നു. സത്യദൈവത്തിൽനിന്ന് നാം നൻമ മാത്രം സ്വീകരിക്കുകയും തിൻമ സ്വീകരിക്കാതിരിക്കുകയും ചെയ്യുകയോ?” എന്ന് അവൻ അവളോടു പറയുന്നു. “ഇതിലൊന്നും ഇയ്യോബ് തന്റെ അധരങ്ങളാൽ പാപം ചെയ്തില്ല” എന്ന് വിവരണം പറയുന്നു. (ഇയ്യോബ് 2:9, 10) തന്റെ കഷ്ടപ്പാടിന്റെ കാരണം ഇയ്യോബിൽനിന്ന് മറക്കപ്പെട്ടിരുന്നുവെന്ന് ഓർക്കുമ്പോൾ അവന്റെ നിർമ്മലത യഥാർത്ഥത്തിൽ എത്ര ശ്രദ്ധേയമാണ്!
ആക്രമണത്തിന്റെ മറെറാരു രൂപം
12. (എ) ഇയ്യോബിനെ ആശ്വസിപ്പിക്കാൻ വന്ന പുരുഷൻമാർ ആരായിരുന്നു? (ബി) സാത്താൻ ഇയ്യോബിനെ കൂടുതലായി പരിശോധിക്കാൻ ഈ പുരുഷൻമാരെ ഉപയോഗിച്ചതെങ്ങനെ?
12 എന്നാൽ സാത്താൻ നിർത്തിയില്ല. അവൻ ജ്ഞാനികളെന്നു ഭാവിച്ച മൂന്നു പുരുഷൻമാരെ എഴുന്നേൽപ്പിക്കുന്നു. അവർ ഒന്നുകിൽ ഇയ്യോബിനെ അറിയുന്നവരായിരുന്നു, അല്ലെങ്കിൽ “സകല പൗരസ്ത്യരിലും വച്ച് ഏററവും വലിയവൻ” എന്ന അവന്റെ കീർത്തി കേട്ടിരുന്നവർ ആയിരുന്നു. തെളിവനുസരിച്ച് അവർ ഇയ്യോബിനെക്കാൾ ഗണ്യമായി പ്രായക്കൂടുതൽ ഉള്ളവരായിരുന്നു. (ഇയ്യോബ് 1:3; 15:10; 32:6) അവരിൽ രണ്ടുപേർ അകന്ന ബന്ധുക്കൾ ആയിരുന്നു. തേമാന്യനായ എലീഫസ് ഏശാവിന്റെ പൗത്രനായ തേമാനിൽകൂടെയുള്ള അബ്രാഹാമിന്റെ ഒരു സന്തതിയായിരുന്നു. ശൂഹ്യനായ ബിൽദാദ് അബ്രാഹാമിന്റെ പുത്രനായ ശൂവയുടെ ഒരു സന്തതിയായിരുന്നു. (ഇയ്യോബ് 2:11; ഉല്പത്തി 36:15; 25:2) സോഫറിന്റെ വംശോല്പത്തി അനിശ്ചിതമാണ്. ബാഹ്യമായി പ്രകടമായ പ്രകാരം ഈ മൂന്നുപേരും ഇയ്യോബിനെ ആശ്വസിപ്പിക്കാനാണ് വരുന്നത്, എന്നാൽ യഥാർത്ഥത്തിൽ ഇയ്യോബിന്റെ നിർമ്മലതയെ തകർക്കാനുള്ള ഒരു ശ്രമത്തിൽ സാത്താൻ അവരെ ഉപയോഗിക്കുന്നു. സുഹൃത്തുക്കളായി ഭാവിക്കുന്ന രാഷ്ട്രീയചോദ്യകർത്താക്കൾ തടവുകാരുടെ കൂറിന് തുരങ്കം വയ്ക്കുകയും അവരെ സ്വന്തം ഗവൺമെൻറുകൾക്കെതിരെ തിരിക്കുകയും ചെയ്തിട്ടുള്ളതുപോലെ, ഈ “ആശ്വാസകൻമാർ” ഇയ്യോബിനെ ദൈവത്തിനെതിരായി തിരിക്കുമെന്ന് സാത്താൻ പ്രത്യാശിച്ചു.—ഇയ്യോബ് 16:2, 3.
13. (എ) ഇയ്യോബിന്റെ സന്ദർശകർ വന്നപ്പോൾ അവർ എന്തു ചെയ്തു.? (ബി) സംസാരം തുടങ്ങിയപ്പോൾ അത് ഏതു ഗതിയിലായി?
13 ഈ മൂന്നു സന്ദർശകർ വന്ന് ഇയ്യോബിന്റെ കഠോരമായ വേദനയും അങ്ങേയററത്തെ അപമാനവും നിശബ്ദമായി നിരീക്ഷിച്ചുകൊണ്ട് ഏഴുപകലും ഏഴുരാത്രിയും ചെലവഴിക്കുന്നു. (ഇയ്യോബ് 2:12, 13) തെളിവനുസരിച്ച് ഏററവും മൂത്ത എലീഫസ് ഒടുവിൽ സംസാരത്തിനു നേതൃത്വം വഹിക്കുകയും മൂന്നുവട്ടത്തെ വാദപ്രതിവാദമായി പരിണമിച്ചതിന്റെ വികാരവും വിഷയവും അവതരിപ്പിക്കുകയും ചെയ്യുന്നു. എലീഫസിന്റെയും തുടർന്ന് അവന്റെ കൂട്ടാളികളുടെയും സംസാരം ഏറെയും ആരോപണങ്ങളായിരുന്നു. അവന്റെ കുററാരോപകരിൽ ഓരോരുത്തരും സംസാരിച്ചുകഴിയുമ്പോൾ, ക്രമത്തിൽ ഇയ്യോബ് അവരുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഉത്തരം പറയുന്നു. സോഫർ മൂന്നാം വട്ടം വാദപ്രതിവാദത്തിൽ പങ്കെടുക്കുന്നില്ല, വ്യക്തമായും തനിക്ക് കൂടുതലൊന്നും പറയാനില്ലെന്ന് വിചാരിക്കുന്നു. അങ്ങനെ സോഫർ രണ്ട് പ്രഭാഷണങ്ങൾ മാത്രമേ നടത്തുന്നുള്ളൂ. അതേ സമയം എലീഫസും ബിൽദാദും മൂന്നുവീതം നടത്തുന്നു.
14. മൂന്നുപേരും ഇയ്യോബിനെതിരെ ഏതുതരം വാദങ്ങൾ ഉപയോഗിച്ചു, സാത്താൻ യേശുവിനെതിരെ സമാനമായ ഒരു നയം പ്രയോഗിച്ചതെങ്ങനെ?
14 എലീഫസിന്റെ പ്രഭാഷണങ്ങൾ ദൈർഘ്യമേറിയവയും ഭാഷ ഏറെക്കുറെ സൗമ്യവുമാണ്. ബിൽദാദിന്റെ ഭാഷ കൂടുതൽ മുറിപ്പെടുത്തുന്നതാണ്, സോഫറിന്റേത് അതിലും മുറിപ്പെടുത്തുന്നതാണ്. അവരുടെ വാദങ്ങൾ ഇയ്യോബിന്റെ നിർമ്മലതയെ തകർക്കുകയെന്ന സാത്താന്റെ ഉദ്ദേശ്യം സാധിക്കാൻ തന്ത്രപൂർവ്വം ലക്ഷ്യം വെച്ചിട്ടുള്ളവയായിരുന്നു. അവർ മിക്കപ്പോഴും യഥാർത്ഥ വസ്തുതകളാണ് സമർപ്പിക്കുന്നത്, എന്നാൽ അവയുടെ രംഗവിധാനവും പ്രയുക്തതയും തെററാണ്. സാത്താൻ യേശുവിനെതിരായി ഇതേ നയമാണ് ഉപയോഗിച്ചത്. ദൈവദൂതൻ ദൈവദാസനെ ഉപദ്രവത്തിൽനിന്നും രക്ഷിക്കുമെന്നു പറയുന്ന ഒരു തിരുവെഴുത്തു ഉദ്ധരിച്ചുകൊണ്ട് ദൈവാലയത്തിന്റെ മുകളിൽനിന്ന് ചാടി താൻ ദൈവപുത്രനാണെന്നു തെളിയിക്കാൻ സാത്താൻ യേശുവിനെ ക്ഷണിച്ചു. (മത്തായി 4:5-7; സങ്കീർത്തനം 91:11, 12) ഇയ്യോബ് ദീർഘമായി സമാനമായ സാത്താന്യ ന്യായവാദത്തെ അഭിമുഖീകരിച്ചു.
15. ഇയ്യോബിന്റെ ഉപദ്രവങ്ങളുടെ ഉറവ് എന്താണെന്ന് എലീഫസ് വാദിച്ചു?
15 തന്റെ ആദ്യ പ്രസംഗത്തിൽ ഇയ്യോബിന്റെ ഉപദ്രവങ്ങൾ അവന്റെ പാപങ്ങൾക്കുള്ള ദൈവശിക്ഷയാണെന്ന് എലീഫസ് വാദിക്കുന്നു: “നിർദ്ദോഷിയായ ആരെങ്കിലും എന്നെങ്കിലും നശിച്ചിട്ടുണ്ടോ?” എന്ന് അവൻ ചോദിക്കുന്നു. “ഞാൻ കണ്ടിരിക്കുന്നതനുസരിച്ച് ദ്രോഹം നിരൂപിക്കുന്നവരും കുഴപ്പം വിതയ്ക്കുന്നവരുംതന്നെ അതു കൊയ്യുന്നു.” (ഇയ്യോബ് 4:7, 8) ദൈവം തന്റെ ദാസൻമാരെ വിശ്വസിക്കുന്നില്ലെന്ന് എലീഫസ് തുടർന്ന് അവകാശപ്പെടുന്നു. “തന്റെ ദാസൻമാരിൽ അവനു വിശ്വാസമില്ല, അവന്റെ [ദൂതൻമാരിൽ] അവൻ കുററങ്ങൾ ആരോപിക്കുന്നു. കളിമൺവീടുകളിൽ പാർക്കുന്നവരിൽ എത്രയധികം?” എന്ന് എലീഫസ് പറയുന്നു.—ഇയ്യോബ് 4:18, 19.
16. ബിൽദാദ് എലീഫസിന്റെ ആക്രമണത്തെ പിന്തുടർന്നതെങ്ങനെ, അവൻ ഏത് അനുചിതമായ ദൃഷ്ടാന്തം ഉപയോഗിച്ചു?
16 ബിൽദാദ് വാക്കുകൾകൊണ്ടുള്ള ആക്രമണം തുടരുന്നു. “നീ നിർമ്മലനും നേരുള്ളവനുമാണെങ്കിൽ, ഇപ്പോഴേക്കും [ദൈവം] നിനക്കുവേണ്ടി ഉണരുകയും അവൻ തീർച്ചയായും നിന്റെ നീതിയുള്ള വാസസ്ഥലത്തെ പുന:സ്ഥിതീകരിക്കുകയും ചെയ്യും.” ഞാങ്ങണയും കളപ്പുല്ലും വെള്ളമില്ലാതെ ഉണങ്ങുന്നതായി ബിൽദാദ് ഗൗനിക്കുകയും “ദൈവത്തെ മറക്കുന്ന എല്ലാവരും” അങ്ങനെയാകുമെന്ന് സത്യമായി നിഗമനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഈ ദൃഷ്ടാന്തം ഇയ്യോബിന് ബാധകമാക്കുന്നതും “ഒരു വിശ്വാസത്യാഗിയുടെ പ്രത്യാശതന്നെ നശിക്കും” എന്ന് കൂട്ടിച്ചേർക്കുന്നതും അവനെ സംബന്ധിച്ച് എത്ര തെററായിരുന്നു!—ഇയ്യോബ് 8:6, 11-13.
17. സോഫർ ഏതു ശക്തമായ പ്രസ്താവനകൾ ചെയ്തു?
17 സോഫറിന്റെ പ്രസ്താവനകൾ കൂടുതൽ ശക്തമാണ്. ‘ഹാ ദൈവം സംസാരിക്കുകയും താൻ വിചാരിക്കുന്നതെന്തെന്ന് നിന്നോടു പറയുകയും ചെയ്തിരുന്നെങ്കിൽ!’ എന്ന് അവൻ ഫലത്തിൽ പറയുന്നു. ‘നീ എന്തു ചെയ്തിരിക്കുന്നുവെന്ന് ദൈവത്തിന് അറിയാം നീ അർഹിക്കുന്നതിനെക്കാൾ വളരെ കുറച്ചാണ് ദൈവം നിന്നെ ശിക്ഷിക്കുന്നത്. നിന്റെ സകല പാപങ്ങളെയും നീക്കം ചെയ്യുകയും നിന്റെ സകല വഷളത്തങ്ങളെയും വിട്ടുമാറുകയും ചെയ്യുക, അപ്പോൾ നിനക്ക് സുരക്ഷിതത്വവും അനേകം സുഹൃത്തുക്കളും ഉണ്ടായിരിക്കും.’—ഇയ്യോബ് 11:4-6, 14-20.
18. രണ്ടാംവട്ടം വാദപ്രതിവാദത്തിൽ മൂന്നുപേരും ഇയ്യോബിൻമേലുള്ള തങ്ങളുടെ ആക്രമണം തുടർന്നതെങ്ങനെ?
18 രണ്ടാം വട്ടം വാദപ്രതിവാദത്തിൽ എലീഫസ് ഇയ്യോബിന്റെ നിർമ്മലതയുടെമേലുള്ള ആക്രമണം തുടരുന്നു. ‘എന്തിന്, ദൈവം ദൂതൻമാരെപ്പോലും വിശ്വസിക്കുന്നില്ല, നിന്നേപ്പോലെ ഒരുവനെ എത്രകുറച്ച്! ഒരു ദുഷ്ടൻ എല്ലായ്പ്പോഴും കുഴപ്പത്തിലാണ്’. (ഇയ്യോബ് 15:14-16, 20) തങ്ങളുടെ വാദങ്ങളോടുള്ള ഇയ്യോബിന്റെ ഉറച്ച ചെറുത്തുനിൽപ്പിൽ കുപിതനായി ബിൽദാദ് ഫലത്തിൽ ഇങ്ങനെ പറയുന്നു: ‘നിന്റെ വെളിച്ചം അണക്കപ്പെടും. നിന്റെ അസ്തിത്വത്തിന്റെ സകല സ്മരണയും നിലയ്ക്കും. ദൈവത്തെ മറക്കുന്നവർക്ക് അതാണ് സംഭവിക്കുന്നത്’ (ഇയ്യോബ് 18:5, 12, 13, 17-21) ഇയ്യോബിന്റെ മുൻ സമ്പൽസമൃദ്ധിയെ പരാമർശിച്ചുകൊണ്ട് സോഫർ ചോദിക്കുന്നു: ‘ദുഷ്ടൻമാരുടെ സന്തോഷകരമായ ആർപ്പുവിളി ഹ്രസ്വമാണെന്നും ഒരു വിശ്വാസത്യാഗിയുടെ ആനന്ദിക്കൽ ക്ഷണനേരത്തേക്കാണെന്നും നിനക്ക് അറിഞ്ഞുകൂടേ? സ്വർഗ്ഗം ദുഷ്ടൻമാരുടെ തെററുകളെ മറനീക്കികാണിക്കുന്നു.’—ഇയ്യോബ് 20:4, 5, 26-29)
19. (എ) എലീഫസ് പറയുന്നതനുസരിച്ചു ദൈവം മമനുഷ്യന്റെ നിർമ്മലതക്ക് എന്തു മൂല്യം കൽപ്പിക്കുന്നു? (ബി) ബിൽദാദ് ഇയ്യോബിൻമേലുള്ള വാക്കുകളാലുള്ള ആക്രമണം പൂർത്തിയാക്കിയതെങ്ങനെ?
19 മൂന്നാം വട്ടം വാദപ്രതിവാദം തുടങ്ങിക്കൊണ്ട് എലീഫസ് ചോദിക്കുന്നു: ‘ദൈവത്തിന് ഏതെങ്കിലും മനുഷ്യർ വിലയുള്ളവനായിരിക്കാൻ കഴിയുമോ? നീ നിഷ്ക്കളങ്കനായാലും ദൈവത്തിന് അതുകൊണ്ട് പ്രയോജനം കിട്ടുമോ? ദൈവത്തിങ്കലേക്കു മടങ്ങിവരിക, നിന്റെ കാര്യങ്ങൾ നേരെയാക്കുക’ എന്നു ദൈവം പറയുന്നു. ‘അപ്പോൾ നീ പുന:സ്ഥിതീകരിക്കപ്പെടും’. (ഇയ്യോബ് 22:2, 3, 21-23) ബിൽദാദ് വാമൊഴിയായുള്ള ആക്രമണം പൂർത്തിയാക്കുന്നു. ‘താൻ നിർമ്മലനാണെന്ന് ഭൂമിയിൽ ആർക്ക് പ്രശംസിക്കാൻ കഴിയും?’ അവൻ ചോദിക്കുന്നു. ‘ചന്ദ്രനും നക്ഷത്രങ്ങളും നാസ്തിയിലും കുറഞ്ഞതായിരിക്കാൻ തക്കവണ്ണം ദൈവം വളരെ മഹത്വമുള്ളവനാണ്. അവന്റെ ദൃഷ്ടിയിൽ വെറും പുഴുവായ മനുഷ്യൻ എത്ര നിസ്സാരൻ!’—ഇയ്യോബ് 25:2-6.
ഇയ്യോബിന്റെ പതിവാദവും തിരുത്തലും
20. (എ) കഷ്ടപ്പാട് പാപങ്ങൾ നിമിത്തം ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്നുള്ള വാദത്തിന് ഇയ്യോബ് എങ്ങനെ ഉത്തരം കൊടുത്തു? (ബി) ഇയ്യോബിന്റെ തീരുമാനം എന്തായിരുന്നു, അവന്റെ നിർമ്മലത യഥാർത്ഥത്തിൽ ദൈവത്തിന് കാര്യമുള്ളതായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
20 ഈ ഭയങ്കര കഷ്ടപ്പാടുകൾക്കു വിധേയനായിട്ടും ഇയ്യോബ് തന്റെ പീഡകരുടെ വഞ്ചാനാത്മകമായ വാദങ്ങൾക്ക് ഒരു നിമിഷത്തേക്കുപോലും വഴങ്ങുന്നില്ല. കഷ്ടപ്പാടുകൾ പാപങ്ങൾ നിമിത്തം ദൈവത്തിൽനിന്നുള്ള ഒരു ശിക്ഷയാണെങ്കിൽ “ദുഷ്ടൻമാർതന്നെ തുടർന്നു ജീവിക്കുന്നതും വാർദ്ധക്യം പ്രാപിച്ചിരിക്കുന്നതും സമ്പത്തിൽ മികച്ചവരായിത്തീർന്നിരിക്കുന്നതും എന്തുകൊണ്ട്?” എന്ന് അവൻ ചോദിക്കുന്നു. (ഇയ്യോബ് 21:7-13) ഇയ്യോബിന്റെ കുററാരോപകർ പറയുന്നതിനു വിരുദ്ധമായി, ദൈവത്തെ സേവിക്കുന്നതിൽനിന്ന് തനിക്ക് ഏതൊരാളെയും അകററാൻ കഴിയുമെന്നുള്ള സാത്താന്റെ പരിഹാസത്തിന് ഉത്തരം കൊടുത്തുകൊണ്ട് നിർമ്മലത പാലിക്കുന്നവരെ യഹോവ വിലമതിക്കുകതന്നെ ചെയ്യുന്നു. (സദൃശവാക്യങ്ങൾ 27:11; സങ്കീർത്തനം 41:12) ഇയ്യോബിന് സ്വന്തം നിർമ്മലതയിൽ ഉറപ്പുണ്ട്: “ഞാൻ മരിക്കുവോളം ഞാൻ എന്നിൽനിന്ന് എന്റെ നിർമ്മലത എടുത്തുകളയുകയില്ല” എന്ന് അവൻ ഉദ്ഘോഷിക്കുന്നു. (ഇയ്യോബ് 27:5) ഇല്ല, തനിക്ക് സംഭവിച്ചതിന് അർഹനാകാൻ താൻ യാതൊന്നും ചെയ്തിട്ടില്ല.
21. ഇയ്യോബിന്റെ വ്യാജാശ്വാസകരോട് എലീഹൂ എന്തു പറഞ്ഞു, അവൻ ഇയ്യോബിന് ആവശ്യമായ എന്തു തിരുത്തൽ കൊടുത്തു?
21 ഈ സുദീർഘ വാദപ്രതിവാദം മുഴുവൻ യുവാവായിരുന്ന എലീഹൂ ശ്രദ്ധിക്കുകയായിരുന്നു. അവൻ ഇപ്പോൾ സംസാരിക്കുന്നു. ഇയ്യോബിന്റെ വ്യാജാശ്വാസകൻമാർ പറഞ്ഞിരിക്കുന്ന യാതൊന്നും ഇയ്യോബ് ഒരു പാപിയാണെന്നു തെളിയിച്ചിട്ടില്ലെന്ന് അവൻ പറയുന്നു. (ഇയ്യോബ് 32:11, 12) പിന്നീട് ഇയ്യോബിലേക്ക് തിരിഞ്ഞ് എലീഹൂ പറയുന്നു: “ഞാൻ ലംഘനമില്ലാത്ത ശുദ്ധനാകുന്നു; ഞാൻ നിർമ്മലനാകുന്നു, എന്നിൽ തെററില്ല. നോക്കു! എന്നോട് എതിർക്കാനുള്ള അവസരങ്ങൾ അവൻ കണ്ടെത്തുന്നു, എന്നെ അവൻ ഒരു ശത്രുവായി കരുതുന്നു’ എന്നിങ്ങനെയുള്ള നിന്റെ വാക്കുകൾ ഞാൻ കേട്ടുകൊണ്ടിരുന്നു . . . ഇതിൽ നീ ശരിയല്ല.” (ഇയ്യോബ് 33:8-11; 6:29; 13:24, 27; 19:6-8) ഉവ്വ്, ഇയ്യോബ് സ്വയം നീതീകരിക്കുന്നതിൽ കണക്കിലധികം താത്പര്യം പ്രകടമാക്കി. എന്നാൽ, അതേ സമയം, അവൻ ഒരിക്കലും ദൈവത്തെ കുററം വിധിച്ചില്ല, അല്ലെങ്കിൽ ദൈവം നീതി ചെയ്യുമെന്നുള്ളതിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയില്ല.
22. (എ) യഹോവയെ ശ്രദ്ധിച്ചശേഷം ഇയ്യോബിന്റെ പ്രതികരണം എന്തായിരുന്നു? (ബി) യഹോവ ഇയ്യോബിന്റെ വ്യാജാശ്വാസകരിൽനിന്ന് എന്താവശ്യപ്പെട്ടു, ഇയ്യോബിൻമേലുള്ള അന്തിമഫലം എന്തായിരുന്നു?
22 എലീഹൂ തന്റെ പ്രഭാഷണം പൂർത്തിയാക്കുമ്പോൾ ഒരു കൊടുങ്കാററ് അടിച്ചുതുടങ്ങുന്നു. യഹോവതന്നെ കാററിൽനിന്ന് സംസാരിക്കുന്നു: “പരിജ്ഞാനമില്ലാത്ത വാക്കുകളാൽ ആലോചനയെ മറക്കുന്ന ഇവൻ ആർ? നിന്റെ അരകെട്ടിക്കൊൾക . . . ഞാൻ നിന്നോട് ചോദിക്കട്ടെ, നീ എന്നെ അറിയിക്കുക.” യഹോവയെ ശ്രദ്ധിച്ചശേഷം താൻ പൂർണ്ണമായ അറിവില്ലാതെ അവിവേകമായി സംസാരിച്ചുപോയിയെന്ന് ഇയ്യോബ് സമ്മതിക്കുകയും “പൊടിയിലും വെണ്ണീറി”ലുമിരുന്ന് അനുതപിക്കുകയും ചെയ്യുന്നു. അനന്തരം യഹോവ എലീഫസിനെയും അവന്റെ രണ്ടു കൂട്ടുകാരെയും അപലപിക്കുകയും അവർക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കാൻ ഇയ്യോബിനോട് നിർദ്ദേശിക്കുകയും ചെയ്യുന്നു. പിന്നീട് ഇയ്യോബ് പുന:സ്ഥിതീകരിക്കപ്പെടുന്നു. ഏഴു പുത്രൻമാരാലും സുമുഖികളായ മൂന്നു പുത്രിമാരാലും അവന് മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി ആടുമാടുകളാലും അനുഗ്രഹിക്കപ്പെടുന്നു. 140 വർഷം കൂടെ ജീവിച്ചശേഷം ഇയ്യോബ് “വൃദ്ധനും നാളുകളാൽ സംതൃപ്തനുമായി” മരിക്കുന്നു.—ഇയ്യോബ് 38:1-4; 42:1-17.
-
-
ഇയ്യോബിന്റെ നിർമ്മലത—ആർക്ക് അത് അനുകരിക്കാൻകഴിയും?വീക്ഷാഗോപുരം—1986 | മേയ് 1
-
-
ഇയ്യോബിന്റെ നിർമ്മലത—ആർക്ക് അത് അനുകരിക്കാൻകഴിയും?
“അവൻ എന്നെ കൃത്യതയുള്ള ത്രാസ്സിൽ തൂക്കും, ദൈവം എന്റെ നിർമ്മലത അറിയാനിടയാകും.”—ഇയ്യോബ് 31:6.
1. ഇയ്യോബിന്റെ ദൃഷ്ടാന്തം പരിഗണിക്കുന്നത് നല്ലതായിരിക്കുന്നതെന്തുകൊണ്ട്, ഏത് ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?
ഇയ്യോബിന് തന്റെ നിർമ്മലതയെക്കുറിച്ച് ഉറപ്പുണ്ടായിരുന്നു, അതുകൊണ്ട് ദൈവത്താലുള്ള പരിശോധനയെ അവൻ സ്വാഗതം ചെയ്തു. നമുക്കു ഇന്ന്, വിശേഷിച്ച് ദൈവത്തെ സേവിക്കുന്ന സകലരുടെയും നിർമ്മലത തകർക്കാൻ പിശാചായ സാത്താൻ കിണഞ്ഞു ശ്രമിക്കുമ്പോൾ, അവന്റെ ദൃഷ്ടാന്തം വലിയ പ്രോത്സാഹനമായിരിക്കാൻ കഴിയും. (1 പത്രോസ് 5:8) ഇതു തിരിച്ചറിഞ്ഞുകൊണ്ട്, “തിൻമ സഹിക്കുന്നതിന്റെയും ക്ഷമ പ്രകടമാക്കുന്നതിന്റെയും ഒരു മാതൃകയെന്ന നിലയിൽ പ്രവാചകൻമാരെ എടുക്കുക” എന്ന് ശിഷ്യനായ യാക്കോബ് പറഞ്ഞു—വിശേഷാൽ ഇയ്യോബിനെ. (യാക്കോബ് 5:10, 11) എന്നാൽ ഇയ്യോബിന്റെ നിർമ്മലത ആർക്ക് അനുകരിക്കാൻ കഴിയും? നമുക്കു കഴിയുമോ? ഏതു വിധങ്ങളിൽ ഇയ്യോബ് നമുക്കുവേണ്ടി നിർമ്മലതാപാലനത്തിന്റെ മാതൃക വെച്ചു?
2. (എ) ഇയ്യോബ് എന്ന പേരിന്റെ അർത്ഥമെന്ത്? (ബി) ഇയ്യോബിന്റെ നിർമ്മലതാപാലനഗതിയാൽ എന്ത് നേട്ടമുണ്ടായി?
2 ഇയ്യോബ് എന്ന പേരിന്റെ അർത്ഥം “ശത്രുതയുടെ ലക്ഷ്യം” എന്നാണ്, തീർച്ചയായും അവൻ അതായിത്തീർന്നു. എന്നാൽ യഹോവ സാത്താന്റെ അപേക്ഷ അനുവദിക്കുകയും ഇയ്യോബിനു ചുററും കെട്ടിയിരുന്ന സംരക്ഷണവേലി നീക്കുകയും ചെയ്തപ്പോൾ സാത്താനു ചെയ്യാൻ കഴിഞ്ഞ യാതൊന്നിനും ദൈവത്തോടുള്ള ഇയ്യോബിന്റെ നിർമ്മലതയെ തകർക്കാൻ കഴിഞ്ഞില്ല. (ഇയ്യോബ് 1:1-2:10) അങ്ങനെ ദൈവത്തെ സേവിക്കുന്നതിൽനിന്ന് തനിക്ക് ഏവരെയും അകററാൻ കഴിയുമെന്നുള്ള സാത്താന്റെ പരിഹാസത്തിന് ഇയ്യോബ് ഒരു ഉത്തരം കൊടുത്തു. (സദൃശവാക്യങ്ങൾ 27:11) തന്റെ നിർമ്മലതാപാലന ഗതിയാൽ, ഫലത്തിൽ, ‘സാത്താനെ, നീ നിന്ദ്യനായ ഒരു നുണയനാണ്, കാരണം യഹോവ എന്റെ ദൈവമാകുന്നു, ഞാൻ എന്തുവന്നാലും അവനോടുള്ള നിർമ്മലതപാലിക്കും’ എന്ന് ഇയ്യോബ് മുഴു അഖിലാണ്ഡത്തോടും പ്രഖ്യാപിക്കുകയായിരുന്നു!—ഇയ്യോബ് 27:5.
ഇയ്യോബിനെപ്പോലെയുള്ളവർ
3. സ്വർഗ്ഗത്തിൽ ആർ സംരക്ഷിക്കപ്പെട്ടിരുന്നു, അവനെ സംബന്ധിച്ചു ഏതു ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു?
3 യഹോവയും സാത്താനും തമ്മിലുള്ള വിവാദപ്രശ്നം സാർവ്വത്രികമായ ഒന്നായിരുന്നു, ആത്മമണ്ഡലത്തെയും ഉൾപ്പെടുത്തുന്നതായിരുന്നു. അത് പ്രാധാന്യമർഹിക്കുന്നു. അവിടെ സ്വർഗ്ഗത്തിൽ, ദൈവം തന്റെ മഹത്തായ ഉദ്ദേശ്യങ്ങൾ ആർ മുഖേന നിറവേററാൻ ഉദ്ദേശിച്ചിരുന്നുവോ ആ വാഗ്ദത്ത “സന്തതി” യഹോവയുടെ സംരക്ഷണവേലിക്കുള്ളിലായിരുന്നു. (ഉൽപ്പത്തി 3:15) എന്നിരുന്നാലും, ഈ ‘സംരക്തണവേലി’ മാററപ്പെട്ടാൽ അവൻ യഥാർത്ഥത്തിൽ ഇയ്യോബിന്റെ നിർമ്മലതയെ അനുകരിക്കുമോ? ആദാമിനെപ്പോലെയുള്ള ഒരു പൂർണ്ണമനുഷ്യന് ദൈവത്തോടു പൂർണ്ണ നിർമ്മലത പാലിക്കാൻ കഴിയുമെന്ന് അവൻ പ്രകടമാക്കുമോ? (1 കൊരിന്ത്യർ 15:45) ഈ “സന്തതി” ഭൂമിയിൽ എപ്പോൾ പ്രത്യക്ഷപ്പെട്ടാലും അപ്പോൾ അവനെ കഠിനപരിശോധനക്ക് വിധേയനാക്കുന്നതിന് സാത്താൻ ഒരുക്കം ചെയ്തു.
4. (എ) ആർ സാത്താന്റെ ശത്രുതയുടെ മുഖ്യലക്ഷ്യമായിത്തീർന്നു, ദൈവം അവനിൽനിന്ന് തന്റെ സംരക്ഷണം നീക്കിയെന്ന് നാം എങ്ങനെ അറിയുന്നു? (ബി) യേശു യഹോവയ്ക്കു എന്തു പ്രദാനം ചെയ്തു?
4 യേശുക്രിസ്തു സ്വർഗ്ഗത്തിൽനിന്ന് അയയ്ക്കപ്പെട്ട “സന്തതി”യാണെന്നു തെളിഞ്ഞു. അങ്ങനെ അവൻ സാത്താന്റെ ശ്രദ്ധാകേന്ദ്രമായി, അതെ, സാത്താന്റെ ശത്രുതയുടെ മുഖ്യ ലക്ഷ്യമായി. യഹോവ തന്റെ സംരക്ഷണവേലി നീക്കം ചെയ്തിരുന്നുവെന്നതിന്റെ തെളിവായി ക്രിസ്തു ദണ്ഡനസ്തംഭത്തിലായിരുന്നപ്പോൾ “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടിരിക്കുന്നതെന്ത്?” എന്നു നിലവിളിച്ചു. (മത്തായി 27:46; സങ്കീർത്തനം 22:1) ദൈവം തന്റെ സംരക്ഷണം പിൻവലിച്ചിരുന്നതായി സൂക്ഷമമായി അറിഞ്ഞിരുന്നെങ്കിലും, യേശു ഇയ്യോബിനെപ്പോലെ, “പാപം ചെയ്യുകയോ ദൈവത്തിൻമേൽ എന്തെങ്കിലും അനൗചിത്യം ആരോപിക്കുകയോ ചെയ്തില്ല.” (ഇയ്യോബ് 1:22) അവൻ ഇയ്യോബിനെ അനുകരിച്ചു, ദൈവത്തോട് പൂർണ്ണ നിർമ്മലത പാലിച്ചു, അങ്ങനെ ‘ഭൂമിയിൽ തന്നെപ്പോലെ ആരുമില്ലെന്ന്’ തെളിയിച്ചു. (ഇയ്യോബ് 1:8) അതുകൊണ്ട് ഏററവും വലിയ പരിശോധനയിൽ ദൈവത്തോടു വിശ്വസ്തതയിൽ നിൽക്കുന്ന ഒരു മനുഷ്യനെ ഭൂമിയിൽ ആക്കിവെക്കാൻ ദൈവത്തിനു കഴികയില്ല എന്ന സാത്താന്റെ വ്യാജാരോപണത്തിന് യഹോവയാം ദൈവത്തിന് യേശുവിൽ പൂർണ്ണവും ശാശ്വതവുമായി ഒരു ഉത്തരമുണ്ട്.
5. (എ) സാത്താൻ എന്തു ചെയ്തുകൊണ്ടിരിക്കുന്നു? (ബി) സ്വർഗ്ഗത്തിൽനിന്ന് നീക്കം ചെയ്യപ്പെട്ടപ്പോൾ സാത്താൻ എന്തു ചെയ്തു?
5 എന്നിരുന്നാലും കൂടുതലായി ഉത്തരം ആവശ്യപ്പെട്ടുകൊണ്ട് സാത്താൻ യേശുവിന്റെ ആത്മീയസഹോദരൻമാരെ കുററപ്പടുത്തിക്കൊണ്ടിരിക്കുന്നു, അവരാണ് യേശുവിനോടുകൂടെ ദൈവത്തിന്റെ സ്ത്രീസമാനസ്ഥാപനത്തിന്റെ “സന്തതി”യായിരിക്കുന്നത്. സ്വർഗ്ഗത്തിലെ രാജ്യത്തിന്റെ സ്ഥാപനത്തെ വർണ്ണിക്കുമ്പോൾ ബൈബിൾ സാത്താനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നമ്മുടെ സഹോദരൻമാരെ രാപകൽ നമ്മുടെ ദൈവമുമ്പാകെ കുററപ്പെടുത്തുന്ന അവരുടെ കുററാരോപകൻ താഴോട്ട് വലിച്ചെറിയപ്പെട്ടിരിക്കുന്നു!” എന്നിരുന്നാലും സാത്താൻ കുററമാരോപിക്കുന്നതിലധികം ചെയ്യുന്നു. അവൻ ശത്രുതയോടുകൂടിയ ഒരു ആക്രമണം നടത്തുന്നു! സ്വർഗ്ഗത്തിൽ നിന്നുള്ള സാത്താന്റെ ബഹിഷ്ക്കരണത്തിനു ശേഷം “മഹാസർപ്പം [സാത്താൻ] സ്ത്രീയോടു കോപിക്കുകയും യേശുവിനു സാക്ഷ്യം വഹിക്കുന്ന വേല ഉള്ളവരും ദൈവകല്പനകൾ അനുഷ്ഠിക്കുന്നവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോട് യുദ്ധം ചെയ്യാൻ പുറപ്പെടുകയും ചെയ്തു”വെന്ന് ബൈബിൾ വിശദീകരിക്കുന്നു.—വെളിപ്പാട് 12:7-12, 17.
6. (എ) ഇന്ന് പ്രസംഗവേലയുടെ ചുക്കാൻ പിടിക്കുന്നതാർ, ആർ അവരോടു ചേർന്നിരിക്കുന്നു? (ബി) സാത്താൻ ഇവരോടെല്ലാം എന്തു ചെയ്യാൻ ശ്രമിക്കുന്നു?
6 “[സ്ത്രീയുടെ] സന്തതിയിൽ ശേഷിപ്പുള്ളവർ” ഇന്ന് ഭൂമിയിൽ ശേഷിച്ചിരിക്കുന്ന യഹോവയുടെ അഭിഷിക്തസാക്ഷികളാണ്. യേശു ഇപ്പോൾ രാജാവായി സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുന്നുവെന്നും പെട്ടെന്നുതന്നെ ഈ നീതികെട്ട വ്യവസ്ഥിതിയെ അവസാനിപ്പിക്കുമെന്നും ലോകവ്യാപകമായി പരസ്യഘോഷണം നടത്തിക്കൊണ്ട് “യേശുവിനു സാക്ഷ്യം വഹിക്കുന്ന വേല”യുടെ ചുക്കാൻ പിടിക്കുന്നത് അവരാണ്. (മത്തായി 24:14; ദാനിയേൽ 2:44) എന്നാൽ അവർ അശേഷം ഒററക്കായിരിക്കുന്നില്ല! ഇപ്പോൾ മുപ്പതു ലക്ഷത്തിലധികം വരുന്ന ഒരു വലിയ ജനക്കൂട്ടം അവരോടു ചേർന്ന് നിർമ്മലതപാലിക്കുന്ന, ഏകീകൃതവും ലോകവ്യാപകവുമായ, ഒരു സ്ഥാപനം രൂപംകൊണ്ടിരിക്കുന്നു. ഈ സകല നിർമ്മലതാപാലകരും സാത്താന്റെ നിർദ്ദാക്ഷിണ്യമായ പീഡനത്തിന്റെ ലക്ഷ്യങ്ങളായിത്തീർന്നിരിക്കുന്നു. അവരുടെ സ്വർഗ്ഗീയ പിതാവായ യഹോവ അവരുടെ നിർമ്മലതയിൽ പ്രസാദിക്കുന്നു.—2 തിമൊഥെയോസ് 3:12; സദൃശവാക്യങ്ങൾ 27:11.
7. സാത്താന്റെ ആക്രമണങ്ങൾ ഗണ്യമാക്കാതെ നമുക്ക് ധൈര്യമുള്ളവരായിരിക്കാൻകഴിയുന്നതെന്തുകൊണ്ട്?
7 സാത്താന്റെ ദുഷ്ടമായ ആക്രമണം ഇയ്യോബിൻമേൽ കേന്ദ്രീകരിച്ചിരുന്നതുപോലെ, ദൈവത്തോടു നിർമ്മലതപാലിക്കാൻ ശ്രമിക്കുന്ന നമ്മുടെമേൽ അതു കേന്ദ്രീകരിച്ചിരിക്കുന്നതായി തിരിച്ചറിയുന്നത് തീർച്ചയായും ഗൗരവമുള്ളതാണ്. എന്നിരുന്നാലും നാം സംഭ്രാന്തരാകേണ്ടതില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “യഹോവ വളരെ സ്നേഹാർദ്രതയുള്ളവനും കരുണാസമ്പന്നനുമാകുന്നു,” അവൻ “നിങ്ങളെ ഉപേക്ഷിക്കുകയോ മുഴുവനായി പരിത്യജിക്കുകയോ ഇല്ല.” (യാക്കോബ് 5:11; ആവർത്തനം 31:6) അതെ, യഹോവ നമ്മെ താങ്ങും. “നിർമ്മലതയിൽ നടക്കുന്നവർക്ക് അവൻ ഒരു പരിചയാകുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 2:7) എന്നിരുന്നാലും, നമ്മൾ പരിശോധിക്കപ്പെടാൻ യഹോവ അനുവദിക്കുകയില്ലെന്ന് ഇതിനർത്ഥമില്ല. ഇയ്യോബിന്റെ കാര്യത്തിലെന്നപോലെ അവൻ അനുവദിക്കും. “എന്നാൽ ദൈവം വിശ്വസ്തനാണ്, നിങ്ങൾക്ക് സഹിക്കാവുന്നതിൽകവിഞ്ഞ് പരീക്ഷിക്കപ്പെടാൻ അവൻ നിങ്ങളെ അനുവദിക്കുകയില്ല, എന്നാൽ നിങ്ങൾക്ക് അതു സഹിക്കാൻ കഴിയേണ്ടതിന് അവൻ പരീക്ഷയോടുകൂടെ പോംവഴിയും ഉണ്ടാക്കും” എന്ന് അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചു.—1 കൊരിന്ത്യർ 10:13.
പഡാനുഭവം നേരിടുമ്പോൾ
8. ഇയ്യോബിന്റെ ദൃഷ്ടാന്തത്തിന് ഇന്ന് നമുക്ക് പ്രയോജനം ചെയ്യാൻ കഴിയുന്നതെങ്ങനെ?
8 നാം കഠിനപീഡാനുഭവങ്ങളെ അഭിമുഖീകരിക്കുമ്പോൾ നിർമ്മലത സംബന്ധിച്ച ഇയ്യോബിന്റെ ദൃഷ്ടാന്തത്തിന് നമുക്ക് വിശേഷാൽ പ്രയോജനം ചെയ്യാൻ കഴിയും. ഇയ്യോബ് മരിച്ച് മനുഷ്യവർഗ്ഗത്തിന്റെ പൊതുശവക്കുഴിയിൽ മറയ്ക്കപ്പെടാൻ ആഗ്രഹിക്കത്തക്കവണ്ണം വളരെയധികം കഷ്ടതയനുഭവിച്ചു. (ഇയ്യോബ് 14:13) ഇക്കാലത്തു ചിലർ സമാനമായി വിചാരിച്ചിട്ടുണ്ട്, തങ്ങൾ വളരെയധികം കഷ്ടപ്പെട്ട ഇയ്യോബിനെപ്പോലെയായിരിക്കുന്നതായി അവർ പറയുന്നു. ഒരുപക്ഷേ, ചില സന്ദർഭങ്ങളിൽ നിങ്ങളും അങ്ങനെ വിചാരിച്ചിട്ടുണ്ട്. തീർച്ചയായും, അവന്റെ കഷ്ടപ്പാടുകളെക്കുറിച്ചു വായിക്കുന്നത് നമ്മുടേതിനെക്കാൾ കഠിനമായ ഒരു പീഡാനുഭവത്തിനു വിധേയമായ ഒരു സ്നേഹിതനിൽനിന്ന് പ്രോത്സാഹനം ലഭിക്കുന്നതുപോലെയായിരിക്കാൻ കഴിയും. മറെറാരാൾ സഹിച്ചുനിന്നിരിക്കുന്നുവെന്നും മനസ്സിലാക്കുന്നുവെന്നും അറിയുന്നത് തീർച്ചയായും സഹിച്ചു നിൽക്കാൻ നമ്മെയും സഹായിക്കുന്നു.
9. മററുള്ളവരുടെ നിർമ്മലതാപാലനഗതിയിൽ നമുക്ക് എങ്ങനെ പ്രയോജനം കിട്ടുന്നു?
9 നമ്മുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, ഇയ്യോബിനെപ്പോലെ നിർമ്മലത പാലിക്കാൻ നമ്മെ സഹായിക്കുന്നതിന് യഹോവ ഇയ്യോബിന്റെ പുസ്തകം രേഖപ്പെടുത്തിച്ചു. (റോമർ 15:4; യാക്കോബ് 5:10, 11) ശരീരത്തിന്റെ ഒരു ഭാഗം മറെറാന്നിനെ ആശ്രയിച്ചിരിക്കുന്നതുപോലെ തന്റെ വിശ്വസ്തദാസൻമാർക്കും അന്യോന്യമുള്ള ആവശ്യമുണ്ടെന്ന് ദൈവത്തിനറിയാം. (1 കൊരിന്ത്യർ 12:20, 26) ഈ മാസികയുടെ ദശലക്ഷക്കണക്കിനു വായനക്കാർ സംബന്ധിച്ച അടുത്ത കാലത്തെ “നിർമ്മലതാപാലകർ” കൺവൻഷനെക്കുറിച്ച് ഓർക്കുക. ജീവിതത്തിലെ മുഖ്യലക്ഷ്യം ദൈവത്തോടുള്ള നിർമ്മലതപാലിക്കുകയെന്നതാക്കിയിരിക്കുന്ന അത്രയധികമാളുകളോടു സഹവസിച്ചത് എത്ര പ്രയോജനകരമായിരുന്നുവെന്ന് അവിടെ ഹാജരായവർ ഓർക്കും. തങ്ങൾക്കു ചുററുമുള്ള അനേകായിരങ്ങൾ തങ്ങളുടെ ജോലിസ്ഥലങ്ങളിലും സ്വന്തം ജനസമുദായങ്ങളിലെ സ്കൂളിലും—പീഡാകരമായ പരിശോധനകളിൽ നിർമ്മലത പാലിക്കുന്നുണ്ടെന്നറിഞ്ഞത് ഹാജരായവർക്ക് നിർമ്മലത പാലിക്കാൻ എന്തോരു പ്രോത്സാഹനമായിരുന്നു!—1 പത്രോസ് 5:9.
10. (എ) ഒരു വ്യക്തി ശരിയായ കാഴ്ചപ്പാടു നിലനിർത്തുന്നതിൽ എങ്ങനെ പരാജയപ്പെട്ടേക്കാം? (ബി) ഇയ്യോബ് എന്തിനെ ചോദ്യംചെയ്യാൻ തുടങ്ങി?
10 എന്നാൽ നാം എല്ലായ്പ്പോഴും ശരിയായ കാഴ്ചപ്പാടു നിലനിർത്താതിരുന്നേക്കാം, അങ്ങനെ ചെയ്യുന്നതിൽ ഇയ്യോബ് പരാജയപ്പെട്ടതുപോലെ. അതിയായി കഷ്ടതയനുഭവിച്ച് ഒരു വിഷണ്ണ മനഃസ്ഥിതിയിലായിരിക്കുന്നയാൾ ‘ഹാ, ദൈവം ഇത് എന്നോടു ചെയ്യുന്നതെന്തുകൊണ്ട്? ഇത് സംഭവിക്കാൻ അവൻ അനുവദിക്കുന്നതെന്തുകൊണ്ട്?’ എന്ന് പറഞ്ഞേക്കാം. ‘ദൈവത്തെ സേവിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?’ എന്നു ചോദിക്കുന്ന ഘട്ടംവരെപോലും ഒരു വ്യക്തി എത്തിയേക്കാം. തന്റെ കഷ്ടപ്പാടിന്റെ ഉറവ് തിരിച്ചറിയാതെ, നീതിമാനായിരിക്കുന്നതുകൊണ്ടുള്ള ഇപ്പോഴത്തെ പ്രയോജനത്തെ ഇയ്യോബ് ചോദ്യം ചെയ്തു. കാരണം, നല്ലവർ വഷളരെപ്പോലെയോ അധികമോ കഷ്ടപ്പെടുന്നതായി കാണപ്പെട്ടു. (ഇയ്യോബ് 9:22) എലീഹൂ പറയുന്നതനുസരിച്ച് “അതുകൊണ്ട് എനിക്കെന്തു പ്രയോജനം?” ഞാൻ പാപം ചെയ്താലുള്ളതിലധികമായി ഞാൻ എന്തു നേടുന്നു?” എന്ന് ഇയ്യോബ് പറഞ്ഞു. (ഇയ്യോബ് 35:3, ഒരു അമേരിക്കൻ ഭാഷാന്തരം) എന്നാൽ നമുക്കു ശരിയായ കാഴ്ചപ്പാടു നഷ്ടപ്പെട്ട് ദൈവത്തെ സേവിക്കുന്നതിന്റെ മൂല്യത്തെ ചോദ്യം ചെയ്യത്തക്കവണ്ണം നമുക്കു നമ്മുടെ സ്വന്തം ക്ലേശങ്ങളിൽ വളരെയധികം മുഴുകിയിരിക്കാൻ അനുവദിക്കാവുന്നതല്ല.
11. എലീഹൂ ഇയ്യോബിന് എന്തു നല്ല തിരുത്തൽ കൊടുത്തു?
11 എലീഹൂ ഇയ്യോബിന് ആവശ്യമായ തിരുത്തൽ കൊടുത്തു, യഹോവ ഇയ്യോബിനു മീതെ വളരെ ഉയർന്നവനാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കാര്യങ്ങളെ ശരിയായ കാഴ്ചപ്പാടിൽ നിർത്തി. (ഇയ്യോബ് 35:4, 5) എന്തുതന്നെ സംഭവിച്ചാലും, ദൈവം കരുതലില്ലാത്തവനാണെന്ന് നാം ഒരിക്കലും നിഗമനം ചെയ്യാൻ പാടില്ലെന്നും അവന്റെ ഭാഗത്തെ അനീതികളെന്ന് പരിഗണിക്കപ്പെടുന്നതിൽ അവനെ നമുക്കു വെറുക്കാൻ കഴിയുമെന്ന് ഏതെങ്കിലും വിധത്തിൽ ന്യായവാദം ചെയ്യാൻ പാടില്ലെന്നും എലീഹൂ പ്രകടമാക്കി. “നീ യഥാർത്ഥത്തിൽ പാപം ചെയ്യുന്നുവെങ്കിൽ അവനെതിരായി നീ എന്തു നേടുന്നു? നിന്റെ എതിർപ്പുകൾ യഥാർത്ഥത്തിൽ വർദ്ധിക്കുന്നുവെങ്കിൽ നീ അവനോട് എന്തു ചെയ്യുന്നു?” എന്ന് എലീഹൂ ഇയ്യോബിനോടു ചോദിച്ചു. (ഇയ്യോബ് 35:6) അതെ, ദൈവത്തിന്റെ വഴികളും അവന്റെ സേവനവും ഉപേക്ഷിച്ചുകൊണ്ട് അവനെ വെറുക്കാൻ നിങ്ങൾ ശ്രമിക്കുന്നവെങ്കിൽ, നിങ്ങൾ ദൈവത്തെയല്ല, നിങ്ങളേത്തന്നെ ദ്രോഹിക്കുകയാണ്.
12. നമ്മുടെ നിർമ്മലതാപാലനം ദൈവത്തെ എങ്ങനെ ബാധിക്കുന്നു?
12 മറിച്ച്, നാം നീതിചെയ്യുന്നുവെങ്കിൽ യഹോവക്കു വ്യക്തിപരമായി പ്രയോജനം കിട്ടുന്നില്ലെന്ന് എലീഹൂ പ്രകടമാക്കി. തീർച്ചയായും, നാം നിർമ്മലതപാലിക്കുന്നുവെങ്കിൽ ദൈവം പ്രസാദിക്കുന്നു. എന്നാൽ, അതേസമയം, അവൻ യാതൊരു പ്രകാരത്തിലും നമ്മുടെ ആരാധനയെ ആശ്രയിക്കുന്നവൻ അല്ല. ഇത് എലീഹൂ ഇയ്യോബിനോടു ചോദിച്ച ചോദ്യത്താൽ സൂചിപ്പിക്കപ്പെടന്നു: ”നീ യഥാർത്ഥത്തിൽ നീതിമാനാണെങ്കിൽ നീ അവന് എന്തുകൊടുക്കുന്നു, അല്ലെങ്കിൽ നിന്റെ സ്വന്തം കൈയിൽനിന്ന് അവൻ എന്തു സ്വീകരിക്കുന്നു?” (ഇയ്യോബ് 35:7) ദൈവമാണു നമുക്കു ജീവൻ നൽകിയത്, അവൻ നിമിത്തമാണു നാം ശ്വസിക്കുന്നതും ചരിക്കുന്നതും സ്ഥിതിചെയ്യുന്നതും. സകലവും അവന്റെ വകയാണ്! (പ്രവൃത്തികൾ 17:25; 1 ദിനവൃത്താന്തം 29:14) അങ്ങനെ നമ്മുടെ ദുഷ്ടതക്കോ നമ്മുടെ നീതിക്കോ ദൈവത്തെ വ്യക്തിപരമായി ബാധിക്കാൻ കഴിയുന്നതല്ല.—ഇയ്യോബ് 35:8.
തിരുത്തപ്പെട്ടപ്പോൾ
13. (എ) ഇയ്യോബ് കൊടുക്കപ്പെട്ട തിരുത്തലിനോട് എങ്ങനെ പ്രതിവർത്തിച്ചു? (ബി) നമുക്കെല്ലാം ഏതു പ്രശ്നമുണ്ട്?
13 ആദ്യം എലീഹൂവും പിന്നീടു യഹോവതന്നെയും കൊടുത്ത തിരുത്തലിനോട് ഇയ്യോബ് എങ്ങനെ പ്രതികരിച്ചു? “പൊടിയിലും വെണ്ണീറിലും” ഇരുന്ന് അനുതപിച്ചുകൊണ്ട് അവൻ അതു സ്വീകരിച്ചു. (ഇയ്യോബ് 42:6) അതെ, ഇയ്യോബ് തന്റെ തെററു സമ്മതിച്ചുകൊണ്ട് തന്നേത്തന്നെ താഴ്ത്തി. നാം അത്തരം താഴ്മയെ വിലമതിക്കുന്നില്ലേ? എന്നാൽ നമ്മേസംബന്ധിച്ചെന്ത്? നാം ഇയ്യോബിനെപ്പോലെ അചഞ്ചലരായ നിർമ്മലതാപാലകരായിരുന്നാലും നമ്മളെല്ലാം തെററുചെയ്യാനും ഏതെങ്കിലും വിധത്തിൽ സമനിലയില്ലാത്തവരായിത്തീരാനും ചായ്വുള്ളവരാണ്. (യാക്കോബ് 3:2; ഗലാത്യർ 2:11-14) നമ്മുടെ തെററും അപൂണ്ണതയും നമ്മുടെ ശ്രദ്ധയിലേക്കു വരുത്തുമ്പോൾ നാം എന്താണ് ചെയ്യേണ്ടത്—എലീഹൂവിനെപ്പോലെ പ്രായംകുറഞ്ഞ ഒരാളാൽപോലും?—ഇയ്യോബ് 32:4.
14. (എ) ഒരു വ്യക്തി തിരുത്തപ്പെടുമ്പോൾ പൊതുവേയുള്ള ചായ്വ് എന്താണ്? (ബി) എന്തിന് തെററുകൾക്കോ അനുചിതമായ തീരുമാനങ്ങൾക്കോ സംഭാവന ചെയ്യാൻ കഴിയും, തിരുത്തപ്പെട്ടപ്പോൾ ഇയ്യോബ് എന്തു ദൃഷ്ടാന്തം വെച്ചു?
14 തിരുത്തൽ സ്വീകരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. (എബ്രായർ 12:11; സദൃശവാക്യങ്ങൾ 3:11, 12) നമ്മേത്തന്നെ നീതീകരിക്കുന്നതിനു ശ്രമിക്കാനാണ് ചായ്വ്. ഇയ്യോബിനെപ്പോലെ നാം കരുതിക്കൂട്ടി എന്തെങ്കിലും തെററു പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ലായിരിക്കാം. നമ്മുടെ ആന്തരം നല്ലതായിരുന്നിരിക്കാം. എന്നാൽ പൂർണ്ണമായ അറിവില്ലാതെ, ഗ്രാഹ്യത്തിന്റെയോ സംവേദനത്തിന്റെയോ അഭാവത്തോടെ, നാം സംസാരിച്ചിരിക്കാം. ഒരുപക്ഷേ നമ്മുടെ പ്രസ്താവനകൾ വർഗ്ഗീയമോ ദേശീയമോ ആയ ശ്രേഷ്ഠതയുടെ ഒരു ഭാവത്തെയോ ഒരു സംഗതി സംബന്ധിച്ച് തിരുവെഴുത്തുപരമായി തെളിവില്ലാത്ത ദൃഢതയെയോ പ്രതിഫലിപ്പിച്ചിരിക്കാം. നാം പറഞ്ഞത് ഏറെയും വ്യക്തിപരമായ നമ്മുടെ സ്വന്തം വീക്ഷണഗതിയെയാണു പ്രതിഫലിപ്പിക്കുന്നതെന്നും മററുള്ളവരുടെ ആത്മീയതയെ അപകടത്തിലാക്കുന്ന അളവോളം അവരെ അതു മുറിപ്പെടുത്തിയെന്നും നമ്മുടെ ശ്രദ്ധയിലേക്കു വരുത്തപ്പെട്ടേക്കാം. തിരുത്തപ്പെടുമ്പോൾ, നാം ഇയ്യോബിനെപ്പോലെ ‘ഗ്രാഹ്യമില്ലാതെ സംസാരിച്ചുപോയെന്നു’ സമ്മതിക്കുകയും “പറഞ്ഞതു പിൻവലിക്കുകയും” ചെയ്യുമോ?—ഇയ്യോബ് 42:3, 6.
ധനത്തിലല്ല, ദൈവത്തിൽ ആശ്രയിക്കൽ
15. ഇയ്യോബിന്റെ ആശ്രയം അവന്റെ ധനത്തിലല്ലായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
15 ഇയ്യോബ് ദൈവത്തെ മറന്നിരുന്നുവെന്നും അവന്റെ ആശ്രയം മറെറവിടെയോ വെച്ചിരുന്നുവെന്നും സൂചിപ്പിച്ചുകൊണ്ട് അവന്റെ ആശ്രയലക്ഷ്യത്തെ ബിൽദാദ് ചോദ്യം ചെയ്തു. (ഇയ്യോബ് 8:13, 14) എന്നിരുന്നാലും, ഇയ്യോബ് അനേകം ഭൗതികവസ്തുക്കളാൽ അനുഗൃഹീതനായിരുന്നെങ്കിലും അവന്റെ ആശ്രയം അവയിലല്ലായിരുന്നു. അവന്റെ സ്വത്തുക്കളെല്ലാം നശിച്ചപ്പോഴും അവന്റെ നിർമ്മലതക്ക് അശേഷം ഇളക്കം തട്ടിയില്ല. (ഇയ്യേബ് 1:21) തന്റെ സമാപന പ്രതിവാദത്തിൽ ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “ഞാൻ സ്വർണ്ണത്തെ എന്റെ വിശ്വാസമാക്കിവെച്ചെങ്കിൽ, അല്ലെങ്കിൽ സ്വർണ്ണത്തോട് ‘നീ എന്റെ ആശ്രയമാകുന്നു’ എന്ന് ഞാൻ പറഞ്ഞിരിക്കുന്നുവെങ്കിൽ! എന്റെ വസ്തുവക വളരെയധികമാകയാലും എന്റെ കൈ ധാരാളം വസ്തുക്കൾ ആർജ്ജിച്ചിരുന്നതിനാലും ഞാൻ പതിവായി സന്തോഷിച്ചിരുന്നെങ്കിൽ . . . അതും ന്യായാധിപൻമാർ ശ്രദ്ധിക്കേണ്ട ഒരു തെററ് ആയിരിക്കും, എന്തെന്നാൽ ഞാൻ ഉയരത്തിലെ ദൈവത്തെ നിഷേധിക്കുമായിരുന്നു.”—ഇയ്യോബ് 31:24-28.
16. (എ) നാം നമ്മേക്കുറിച്ചുതന്നെ എന്തു പരിശോധന നടത്തണം? (ബി) തന്നിൽ ആശ്രയിക്കുന്നവരോട് ദൈവം എന്തു വാഗ്ദത്തം ചെയ്യുന്നു
16 നമ്മേ സംബന്ധിച്ചെന്ത്? നാം നമ്മുടെ ആശ്രയം എവിടെ വെക്കുന്നു—യഹോവയിലോ ഭൗതിക സ്വത്തുക്കളിലോ? ഇയ്യോബ് ആഗ്രഹിച്ചതുപോലെ, കൃത്യതയുള്ള ത്രാസ്സിൽ നമ്മെ തൂക്കിയാൽ ഈ കാര്യത്തിലുള്ള നമ്മുടെ നിർമ്മലത ദൈവം അറിയുമോ? നമ്മുടെ മുഖ്യ ജീവിതതാൽപ്പര്യം യഥാർത്ഥത്തിൽ സാത്താന്റെ പരിഹാസങ്ങൾക്ക് ഉത്തരം കൊടുക്കാൻ സഹായകമായ ഒരു നിർമ്മലതാപാലന ഗതി യഹോവക്കു പ്രദാനം ചെയ്യുകയെന്നതാണോ? അതോ, ഉല്ലാസങ്ങൾക്കും സ്വത്തുക്കൾക്കും വേണ്ടിയുള്ള നമ്മുടെ മോഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിലാണോ നമുക്കു വിശേഷാൽ താത്പര്യമുള്ളത്? നമുക്ക് ഇയ്യോബിനെപ്പോലെയായിരിക്കാനും യഹോവയിൽ ആശ്രയിച്ചുകൊണ്ട് അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാനും നമുക്കുതന്നെയോ ലഭ്യമായ ഭൗതികവസ്തുക്കൾക്കോ അമിതമായ പ്രാധാന്യം കൊടുക്കാതിരിക്കാനും കഴിയുമെങ്കിൽ എത്ര നന്ന്! യഹോവയുടെ താത്പര്യങ്ങൾ ഒന്നാമതുവെച്ചുകൊണ്ട് നാം അവനിൽ ആശ്രയിക്കുന്നുവെങ്കിൽ നമ്മെ ഒരിക്കലും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ലെന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു.—മത്തായി 6:31-33; എബ്രായർ 13:5, 6.
ലൈംഗികസൻമാർഗ്ഗം
17. ഇയ്യോബിന്റെ “ആശ്വാസകൻമാർ” ഏതു കുററാരോപണങ്ങൾ നടത്തി, എന്നാൽ തന്റെ ധാർമ്മിക നടത്തയെക്കുറിച്ചു ഇയ്യോബ് എന്തു പറഞ്ഞു?
17 ഇയ്യോബിന്റെ വ്യാജാശ്വാസകൻമാർ ലൈംഗിക ദുർന്നടത്ത സംബന്ധിച്ച് അവനെ നേരിട്ട് കുററപ്പെടുത്തിയില്ല, എന്നാൽ ഏതോ രഹസ്യതെററിന് ദൈവം അവനെ ശിക്ഷിക്കുകയാണെന്ന് അവർ കൂടെക്കൂടെ സൂചിപ്പിക്കുകയുണ്ടായി. തീർച്ചയായും “സകല പൗരസ്ത്യരിലും വച്ച് ഏററവും വലിയവൻ” ആയ ഒരു ധനവാൻ എന്ന നിലയിൽ ഇയ്യോബിനു തീർച്ചയായും വിവാഹത്തിനു പുറത്തെ ലൈംഗികതയ്ക്കുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. (ഇയ്യോബ് 1:3; 24:15) ഇയ്യോബിന്റെ കാലത്തിനു മുമ്പും പിമ്പുമുള്ള മററു ദൈവദാസൻമാർ ലൈംഗികപ്രലോഭനങ്ങൾക്കു വഴങ്ങിയിട്ടുണ്ട്. (ഉല്പത്തി 38:15-23; 2 ശമുവേൽ 11:1-5) എന്നിരുന്നാലും, ഇയ്യോബ് അത്തരം ദുഷ്പ്രവൃത്തിയുടെ ഏതു കുററാരോപണങ്ങൾക്കുമെതിരെ പ്രതിവാദിച്ചുകൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ എന്റെ കണ്ണുകളുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു. അതുകൊണ്ട് ഒരു കന്യകയിൽ ശ്രദ്ധിക്കുന്നതായി എനിക്ക് എന്നേത്തന്നെ എങ്ങനെ പ്രകടമാക്കാൻ കഴിയും? എന്റെ ഹൃദയം ഒരു സ്ത്രീയുടെ നേരെ വശീകരിക്കപ്പെടുകയും ഞാൻ എന്റെ കൂട്ടുകാരന്റെ പ്രവേശനവാതിൽക്കൽത്തന്നെ പതിയിരിക്കുകയും ചെയ്യുന്നുവെങ്കിൽ . . . അതു ദുർന്നടത്തയായിരിക്കും, അതു ന്യായാധിപൻമാർ ശ്രദ്ധിക്കേണ്ട ഒരു തെററായിരിക്കും.”—ഇയ്യോബ് 31:1, 9-11.
18. ലൈംഗിക സൻമാർഗ്ഗം നിലനിർത്തുന്നത് വളരെ പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്, എന്നാൽ നാം അതു നിലനിർത്തുന്നുവെങ്കിൽ നാം സന്തുഷ്ടരായിരിക്കുന്നതെന്തുകൊണ്ട്?
18 ഒരുപക്ഷേ, ദൈവദാസൻമാരുടെ നിർമ്മലതക്കു തുരങ്കം വയ്ക്കുന്നതിൽ, ദുർവൃത്തിയിലേർപ്പെടാൻ ദൈവദാസൻമാരെ പ്രേരിപ്പിക്കുന്നടത്തോളം മറെറാരു മാർഗ്ഗത്തിലും സാത്താൻ വിജയിച്ചിട്ടില്ല. (സംഖ്യാപുസ്തകം അദ്ധ്യായം 25) ലൈംഗിക ദുർന്നടത്തയ്ക്കുള്ള സകല പ്രലോഭനങ്ങളെയും ചെറുത്തുനിന്നുകൊണ്ട് നിങ്ങൾക്ക് ഇയ്യോബിന്റെ നിർമ്മലതയെ അനുകരിക്കാൻ കഴിയുമോ? വിശേഷിച്ച്, ദുർമ്മാർഗ്ഗം വളരെ പ്രബലപ്പെട്ടിരിക്കുന്ന, ലൈംഗിക ഭ്രാന്തു പിടിച്ച ഈ ലോകത്തിൽ അതു തീർച്ചയായും ഒരു വെല്ലുവിളിയാണ്. എന്നാൽ കണക്കുചോദിക്കുമ്പോൾ, ഇയ്യോബിനെപ്പോലെ ധൈര്യപൂർവ്വം “ദൈവം എന്റെ നിർമ്മലത അറിയാനിടയാകും” എന്നു പറയാൻ കഴിയുന്നത് എത്ര നന്നാണെന്ന് ചിന്തിക്കുക!—ഇയ്യോബ് 31:6.
നമ്മെ എന്തിനു സഹായിക്കാൻ കഴിയും
19. നിർമ്മലത പാലിക്കാൻ നമ്മെ സഹായിക്കുന്നതിന് അത്യന്താപേക്ഷിതമായിരിക്കുന്നതെന്ത്?
19 ഇയ്യോബിന്റെ നിർമ്മലതയെ തകർക്കാൻ സാത്താൻ ശ്രമിച്ചതുപോലെതന്നെ നമ്മുടെ നിർമ്മലതയെയും തകർക്കാൻ ഇന്ന് അവൻ കഠിനശ്രമം ചെയ്യുന്നതുകൊണ്ട് ഇയ്യോബിന്റെ നിർമ്മലതയെ അനുകരിക്കുക എളുപ്പമല്ല. അതുകൊണ്ട് നാം ദൈവത്തിൽ നിന്നുള്ള സർവ്വായുധവർഗ്ഗം ധരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. (എഫേസ്യർ 6:10-18) ഇതിൽ ഇയ്യോബിനെപ്പോലെ ദൈവത്തോടു ചേർന്നുനിൽക്കുന്നതും നാമോ നമ്മുടെ കുടുംബമോ ചെയ്യുന്ന എന്തിലും അവനെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ച് സദാ ബോധമുള്ളവരായിരിക്കുന്നതും ഉൾപ്പെടുന്നു. (ഇയ്യോബ് 1:5) അങ്ങനെ, ബൈബിൾ പഠനവും സഹവിശ്വാസികളുമായുള്ള നിരന്തര സഹവാസവും നമ്മുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനവും മർമ്മപ്രധാനമാണ്.—2 തിമൊഥെയോസ് 2:15; എബ്രായർ 10:25; റോമർ 10:10.
20. (എ) പീഡാനുഭവവേളകളിൽ ഏതു പ്രത്യാശക്ക് നമ്മെ പുലർത്താൻ കഴിയും? (ബി) നിർമ്മലതാപാലനത്തിന് സങ്കീർത്തനക്കാരൻ പറഞ്ഞ ഏതു പ്രതിഫലം നമുക്ക് ലഭിച്ചേക്കാം?
20 എന്നാൽ ഈ ജീവിതം മാത്രമല്ലുള്ളത് എന്ന ഇയ്യോബിന്റെ വിശ്വാസമായിരുന്നു അവനെ പുലർത്തിയത്. ആ വിശ്വാസത്തിനാണ് പീഡാനുഭവവേളയിൽ നമ്മെയും വിശേഷാൽ പുലർത്താൻ കഴിയുന്നത്. “ഒരു കരുത്തനായ മനുഷ്യൻ മരിക്കുന്നുവെങ്കിൽ അവനു വീണ്ടും ജീവിക്കാൻ കഴിയുമോ?” എന്നു ഇയ്യോബ് ചോദിച്ചു. മറുപടിയായി “നീ വിളിക്കും, ഞാൻ തന്നെ നിനക്ക് ഉത്തരം നൽകും” എന്ന് അവൻ പറഞ്ഞു. (ഇയ്യോബ് 14:13-15) യഹോവ തന്റെ വിശ്വസ്ത ദാസൻമാരെ ഉയിർപ്പിക്കുമെന്നുള്ള ഇതേ സമ്പൂർണ്ണ വിശ്വാസത്തിന് സാത്താൻ വരുത്തിയേക്കാവുന്ന ഏതു പരിശോധനയേയും അഭിമുഖീകരിക്കാൻ നമ്മെയും സഹായിക്കുന്നതിനു കഴിയും. (എബ്രായർ 6:10) ദീർഘനാൾ മുമ്പ് ബൈബിൾ സങ്കീർത്തനക്കാരൻ എഴുതി: “എന്നെ സംബന്ധിച്ചടത്തോളം എന്റെ നിർമ്മലത നിമിത്തം നീ എന്നെ താങ്ങിയിരിക്കുന്നു, നീ എന്നെ നിന്റെ മുഖത്തിനുമുമ്പാകെ അനിശ്ചിതകാലത്തോളം നിർത്തും.” (സങ്കീർത്തനം 41:12) നമ്മിൽ ഓരോരുത്തരുടെയും സന്തുഷ്ട ഭാവി അതായിരിക്കട്ടെ—യഹോവയുടെ നിർമ്മലത പാലിക്കുന്ന ദാസൻമാരായിരിക്കുക നിമിത്തം നമ്മെ താങ്ങുന്നതിനും എന്നേക്കും കാത്തുസൂക്ഷിക്കുന്നതിനും യഹോവ ഉണ്ടായിരിക്കട്ടെ! (w86 3⁄1)
-