അധ്യായം 12
നിങ്ങൾ മർമപ്രധാനമായ ഒരു വിവാദപ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്നു
1, 2. (എ) നിങ്ങൾ ജീവിക്കുന്ന വിധം നിങ്ങൾക്കു പ്രാധാന്യമുളളതായിരിക്കുന്നതെന്തുകൊണ്ട്? (ബി) മററാർക്കുംകൂടെ അതു പ്രാധാന്യമർഹിക്കുന്നു, എന്തുകൊണ്ട്?
1 നിങ്ങൾ ജീവിതം നയിക്കുന്ന വിധം യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നു. അതു നിങ്ങൾക്ക് ഒന്നുകിൽ ഒരു സന്തുഷ്ട ഭാവി അല്ലെങ്കിൽ ഒരു ദുരിതപൂർണമായ ഭാവി കൈവരുത്തും. ഒടുവിൽ അതു നിങ്ങൾ ഈ ലോകത്തോടുകൂടെ നീങ്ങിപ്പോകുമോ അതോ അതിന്റെ അന്ത്യത്തെ അതിജീവിച്ചു നിങ്ങൾക്ക് എന്നേക്കും ജീവിക്കാൻ കഴിയുന്ന ദൈവത്തിന്റെ നീതിയുളള നൂതനക്രമത്തിലേക്കു കടക്കുമോ എന്നു നിശ്ചയിക്കും.—1 യോഹന്നാൻ 2:17; 2 പത്രോസ് 3:13.
2 എന്നാൽ നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നതു നിങ്ങളെ മാത്രമല്ല ബാധിക്കുന്നത്. മററുളളവരും ഉൾപ്പെട്ടിരിക്കുന്നു. നിങ്ങൾ ചെയ്യുന്നത് അവരെയും ബാധിക്കുന്നു. ദൃഷ്ടാന്തമായി, നിങ്ങളുടെ മാതാപിതാക്കൻമാർ ജീവിച്ചിരിപ്പുണ്ടെങ്കിൽ നിങ്ങൾ ചെയ്യുന്നത് അവർക്ക് ഒന്നുകിൽ മാനം അല്ലെങ്കിൽ ലജ്ജ കൈവരുത്തിയേക്കാം. ബൈബിൾ പറയുന്നു: “ഒരു ജ്ഞാനിയായ പുത്രനാണ് ഒരു പിതാവിനെ സന്തോഷിപ്പിക്കുന്നത്, ഒരു ഭോഷനായ പുത്രൻ അവന്റെ അമ്മയുടെ ദുഃഖമാണ്.” (സദൃശവാക്യങ്ങൾ 10:1) അതിലും പ്രധാനമായി, നിങ്ങളുടെ ജീവിതരീതി യഹോവയാം ദൈവത്തെ ബാധിക്കുന്നു. അതിന് ഒന്നുകിൽ അവനെ സന്തോഷിപ്പിക്കാനോ അല്ലെങ്കിൽ ദുഃഖിപ്പിക്കാനോ കഴിയും. എന്തുകൊണ്ട്? നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന മർമപ്രധാനമായ ഒരു വിവാദപ്രശ്നം നിമിത്തം.
മനുഷ്യർ ദൈവത്തോടു വിശ്വസ്തരായിരിക്കുമോ?
3. സാത്താൻ യഹോവയോട് എന്തു വെല്ലുവിളി നടത്തി?
3 പിശാചായ സാത്താനാണ് ഈ വിവാദപ്രശ്നം ഉന്നയിച്ചത്. ആദാമിനെയും ഹവ്വായെയുംകൊണ്ട് ദൈവനിയമം ലംഘിപ്പിക്കാനും അങ്ങനെ ദൈവത്തിനെതിരായ മത്സരത്തിൽ തന്നോടുകൂടെ അവരെ ചേർക്കാനും അവനു കഴിഞ്ഞപ്പോഴാണ് അവൻ അത് ഉന്നയിച്ചത്. (ഉല്പത്തി 3:1-6) അത് യഹോവയ്ക്കെതിരെ പിൻവരുന്ന വെല്ലുവിളി ഉയർത്താൻ തനിക്കു കാരണങ്ങളെന്നു തോന്നിയതു പ്രദാനംചെയ്തു: ‘മനുഷ്യൻ നിന്നെ സേവിക്കുന്നതു നിന്നിൽനിന്നു കിട്ടുന്ന പ്രയോജനങ്ങൾ നിമിത്തം മാത്രമാണ്. എനിക്ക് ഒരു അവസരം നൽകുക, എനിക്ക് ഏതൊരാളെയും നിന്നിൽനിന്ന് അകററാൻ കഴിയും.’ ഈ വാക്കുകൾ യഥാർഥത്തിൽ ബൈബിളിൽ കാണുന്നില്ലെങ്കിലും സാത്താൻ ഇതുപോലെ എന്തോവാണു ദൈവത്തോടു പറഞ്ഞതെന്നു വ്യക്തമാണ്. ഇയ്യോബ് എന്ന ബൈബിൾ പുസ്തകത്തിൽ ഇതു പ്രകടമാക്കപ്പെടുന്നു.
4, 5. (എ) ഇയ്യോബ് ആരായിരുന്നു? (ബി) ഇയ്യോബിന്റെ നാളിൽ സ്വർഗത്തിൽ എന്തു സംഭവിച്ചു?
4 ഏദൻതോട്ടത്തിൽ മത്സരം നടന്നശേഷം, അനേകം നൂററാണ്ടുകൾക്കുശേഷം ജീവിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു ഇയ്യോബ്. അവൻ നീതിമാനും വിശ്വസ്തനുമായ ഒരു ദൈവദാസനായിരുന്നു. എന്നാൽ ഇയ്യോബ് വിശ്വസ്തനായിരുന്നത് യഥാർഥത്തിൽ ദൈവത്തിനോ സാത്താനോ പ്രാധാന്യമുളള കാര്യമായിരുന്നോ? ആയിരുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. അതു സ്വർഗത്തിലെ സദസ്സിൽ യഹോവയുടെ മുമ്പാകെ സാത്താൻ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചു പറയുന്നു. അവരുടെ സംഭാഷണവിഷയം ശ്രദ്ധിക്കുക:
5 “സത്യദൈവത്തിന്റെ പുത്രൻമാർ യഹോവയുടെ മുമ്പാകെ നിലയുറപ്പിക്കാൻ പ്രവേശിച്ച ദിവസം വന്നു, സാത്താൻപോലും അവരുടെ കൂട്ടത്തിൽത്തന്നെ പ്രവേശിക്കാൻ പുറപ്പെട്ടു. അപ്പോൾ യഹോവ സാത്താനോട്: ‘നീ എവിടെനിന്നു വരുന്നു?’ എന്നു ചോദിച്ചു. അതിങ്കൽ സാത്താൻ യഹോവയോട്: ‘ഭൂമിയിൽ ഊടാടി സഞ്ചരിച്ചശേഷം’ എന്ന് ഉത്തരം പറഞ്ഞു. യഹോവ സാത്താനോടു തുടർന്ന് ഇങ്ങനെ ചോദിച്ചു: ‘നീ എന്റെ ദാസനായ ഇയ്യോബിന്റെമേൽ ഉന്നംവെച്ചുവോ? അവനെപ്പോലെ നിഷ്ക്കളങ്കനും നേരുളളവനും ദൈവത്തെ ഭയപ്പെടുന്നവനും വഷളത്തം വിട്ടുമാറുന്നവനുമായി ഭൂമിയിൽ ആരുമില്ലല്ലോ.’”—ഇയ്യോബ് 1:6-8.
6. ഇയ്യോബിന്റെ നാളിൽ ഏതു വിവാദപ്രശ്നം നിലവിലിരുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു?
6 ഇയ്യോബ് നേരുളള ഒരു മനുഷ്യനാണെന്നു യഹോവ സാത്താനോടു പറഞ്ഞതെന്തുകൊണ്ടായിരുന്നു? ഇയ്യോബ് യഹോവയോടു വിശ്വസ്തനായി നിലകൊളളുമോ ഇല്ലയോ എന്ന് ഒരു വിവാദപ്രശ്നം ഉണ്ടായിരുന്നുവെന്നു വ്യക്തമാണ്. “നീ എവിടെനിന്നു വരുന്നു?” എന്ന ദൈവത്തിന്റെ ചോദ്യത്തെയും “ഭൂമിയിൽ ഊടാടി സഞ്ചരിച്ചശേഷം” എന്ന സാത്താന്റെ മറുപടിയെയുംകുറിച്ചു ചിന്തിക്കുക. ഏതൊരാളെയും ദൈവത്തിൽനിന്ന് അകററാൻ തനിക്കു കഴിയുമെന്നുളള സാത്താന്റെ വെല്ലുവിളി നടപ്പിലാക്കാൻ യഹോവ സാത്താന് തടസ്സമില്ലാത്ത അവസരം അനുവദിക്കുകയാണെന്ന് ഈ ചോദ്യവും സാത്താന്റെ മറുപടിയും പ്രകടമാക്കി. ഇയ്യോബിന്റെ വിശ്വസ്തതയെക്കുറിച്ചുളള യഹോവയുടെ ചോദ്യത്തിനു സാത്താന്റെ മറുപടി എന്തായിരുന്നു?
7, 8. (എ) ഇയ്യോബ് ഏതു കാരണത്താൽ ദൈവത്തെ സേവിക്കുന്നുവെന്നാണു സാത്താൻ പറഞ്ഞത്? (ബി) വിവാദപ്രശ്നത്തിനു തീരുമാനമുണ്ടാക്കാൻ യഹോവ എന്തു ചെയ്തു?
7 “അതിങ്കൽ സാത്താൻ യഹോവയോട് ഇങ്ങനെ ഉത്തരം പറഞ്ഞു: ‘ഇയ്യോബ് വെറുതെയാണോ ദൈവത്തെ ഭയപ്പെട്ടിരിക്കുന്നത്? നീതന്നെ അവനു ചുററും അവന്റെ വീടിനു ചുററും അവനുളള സകലത്തിനും ചുററും ഒരു വേലി കെട്ടിയിട്ടില്ലയോ? അവന്റെ കൈകളുടെ പ്രവൃത്തിയെ നീ അനുഗ്രഹിച്ചിരിക്കുന്നു. അവന്റെ ആടുമാടുകൾതന്നെ ഭൂമിയിലെങ്ങും പരന്നിരിക്കുന്നു. എന്നാൽ ഇതിനൊരു മാററം വരുത്താൻ, ദയവായി നിന്റെ കൈനീട്ടി അവനുളള സകലത്തെയും തൊടുക. അവൻ നിന്നെ മുഖത്തുതന്നെ നോക്കി ശപിക്കയില്ലയോ എന്നു കാണാവുന്നതാണ്.’”—ഇയ്യോബ് 1:9-11.
8 സാത്താൻ തന്റെ മറുപടിയാൽ ദൈവത്തോടുളള ഇയ്യോബിന്റെ വിശ്വസ്തതയ്ക്ക് ഒരു ഒഴികഴിവു പറയുകയായിരുന്നു. ‘നീ ഇയ്യോബിനു കൊടുക്കുന്ന വസ്തുക്കൾനിമിത്തമാണ്, അല്ലാതെ അവൻ നിന്നെ സ്നേഹിക്കുന്നതുകൊണ്ടല്ല അവൻ നിന്നെ സേവിക്കുന്നത്’ എന്നു സാത്താൻ വാദിച്ചു. യഹോവ തന്റെ ഏറിയ അധികാരത്തെ അനുചിതമായ വിധത്തിൽ ഉപയോഗിക്കുകയാണെന്നും സാത്താൻ പരാതിപറഞ്ഞു. ‘നീ എല്ലായ്പ്പോഴും അവനെ സംരക്ഷിച്ചിരിക്കുന്നു’ എന്ന് അവൻ ആരോപിച്ചു. അതുകൊണ്ട് വിവാദപ്രശ്നത്തിനു തീരുമാനമുണ്ടാക്കാൻ യഹോവ ഇങ്ങനെ ഉത്തരം പറഞ്ഞു: “നോക്കൂ! അവനുളളതെല്ലാം നിന്റെ കൈയിലാണ്. അവനെതിരായി മാത്രം നിന്റെ കൈ നീട്ടരുത്!”—ഇയ്യോബ് 1:12.
9. സാത്താൻ ഇയ്യോബിന് എന്ത് ഉപദ്രവം ചെയ്തു, ഫലമെന്തായിരുന്നു?
9 പെട്ടെന്നുതന്നെ സാത്താൻ ഇയ്യോബിനെ ഉപദ്രവിച്ചുതുടങ്ങി. ഇയ്യോബിന്റെ ആടുമാടുകളെല്ലാം കൊല്ലപ്പെടാനോ മോഷ്ടിക്കപ്പെടാനോ ഇടയാക്കി. പിന്നീട് അവൻ ഇയ്യോബിന്റെ 10 മക്കളെയും കൊല്ലിച്ചു. ഇയ്യോബിനു മിക്കവാറുമെല്ലാം നഷ്ടപ്പെട്ടു. എന്നിട്ടും അവൻ യഹോവയോടു വിശ്വസ്തനായി നിലകൊണ്ടു. അവൻ ദൈവത്തെ ശപിച്ചില്ല. (ഇയ്യോബ് 1:2, 13-22) എന്നാൽ കാര്യത്തിന്റെ അവസാനം അതായിരുന്നില്ല.
10. സാത്താൻ മടുത്തു നിർത്തിപ്പോയില്ലെന്ന് എന്തു പ്രകടമാക്കുന്നു?
10 സാത്താൻ വീണ്ടും മററു ദൂതൻമാരോടുകൂടെ യഹോവയുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു. സാത്താൻ ഇയ്യോബിന്റെ വിശ്വസ്തത കണ്ടോ എന്നു യഹോവ വീണ്ടും അവനോടു ചോദിച്ചു. “ഇപ്പോഴും അവൻ തന്റെ നിർമലത മുറുകെപ്പിടിക്കുകയാണ്” എന്നു യഹോവ പറഞ്ഞു. അതിങ്കൽ സാത്താൻ: “ത്വക്കിനുവേണ്ടി ത്വക്ക്, ഒരു മനുഷ്യനുളളതെല്ലാം അവൻ തന്റെ ദേഹിക്കുവേണ്ടി കൊടുക്കും. ഒരു മാററത്തിനായി, ദയവായി നിന്റെ കൈനീട്ടി അവന്റെ അസ്ഥിയെയും അവന്റെ മാംസത്തെയും തൊടുകയും അവൻ നിന്റെ മുഖത്തുതന്നെ നോക്കി നിന്നെ ശപിക്കുകയില്ലേ എന്നു കാണുകയും ചെയ്യുക” എന്ന് ഉത്തരം പറഞ്ഞു.—ഇയ്യോബ് 2:1-5.
11. (എ)സാത്താൻ ഇയ്യോബിന് മറെറന്തെല്ലാം പീഡാനുഭവങ്ങൾ വരുത്തി? (ബി) പരിണതഫലം എന്തായിരുന്നു?
11 മറുപടിയായി, സാത്താന് ഇയ്യോബിനോടു ചെയ്യാൻ കഴിയുന്ന എന്തും ചെയ്യാൻ യഹോവ അവന് അനുമതി കൊടുത്തു. എന്നാൽ ‘നീ അവനെ കൊല്ലരുത്’ എന്നു ദൈവം പറഞ്ഞു. (ഇയ്യോബ് 2:6) അങ്ങനെ സാത്താൻ ഇയ്യോബിന് ഒരു ഭയങ്കരരോഗം വരുത്തി. ഇയ്യോബിന്റെ കഷ്ടപ്പാടു വളരെയധികമായിരുന്നതുകൊണ്ട് അവൻ മരിക്കാൻവേണ്ടി പ്രാർഥിച്ചു. (ഇയ്യോബ് 2:7; 14:13, 14) “ദൈവത്തെ ശപിച്ചിട്ടു മരിക്കുക” എന്നു പറഞ്ഞുകൊണ്ട് അവന്റെ സ്വന്തം ഭാര്യ അവനെതിരായി തിരിഞ്ഞു. (ഇയ്യോബ് 2:9) എന്നാൽ അതു ചെയ്യാൻ ഇയ്യോബ് വിസമ്മതിച്ചു. “ഞാൻ മരിക്കുന്നതുവരെ ഞാൻ എന്റെ നിർമലത എന്നിൽനിന്ന് എടുത്തുകളയുകയില്ല!” എന്ന് അവൻ പറഞ്ഞു. (ഇയ്യോബ് 27:5) ഇയ്യോബ് ദൈവത്തോടു നിർമലനായി നിലകൊണ്ടു. അതുകൊണ്ട് ഇയ്യോബ് സ്നേഹത്തിൽ നിന്നല്ല ഭൗതികലാഭത്തിനുവേണ്ടി മാത്രമാണു ദൈവത്തെ സേവിക്കുന്നത് എന്ന സാത്താന്റെ വെല്ലുവിളി തെററാണെന്നു തെളിയിക്കപ്പെട്ടു. ദൈവത്തെ സേവിക്കുന്നതിൽനിന്നു സാത്താന് എല്ലാവരെയും അകററാൻ കഴിയുകയില്ലെന്നും പ്രകടമാക്കപ്പെട്ടു.
12. (എ) സാത്താന്റെ വെല്ലുവിളി സംബന്ധിച്ച് ഇയ്യോബ് ദൈവത്തിന് എന്ത് ഉത്തരം കൊടുത്തു? (ബി) ദൈവത്തോടുളള യേശുവിന്റെ വിശ്വസ്തത എന്തു തെളിയിച്ചു?
12 ഇയ്യോബിന്റെ വിശ്വസ്തഗതിയെക്കുറിച്ച് യഹോവ എന്തു വിചാരിച്ചുവെന്നാണു നിങ്ങൾ സങ്കല്പിക്കുന്നത്? അത് അവനെ വളരെ സന്തുഷ്ടനാക്കി! ദൈവവചനം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “മകനെ, എന്നെ നിന്ദിക്കുന്നവനു ഞാൻ ഒരു മറുപടി കൊടുക്കേണ്ടതിനു ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.” (സദൃശവാക്യങ്ങൾ 27:11) സാത്താനാണു യഹോവയെ നിന്ദിക്കുന്നത്. ഇയ്യോബ് തന്റെ വിശ്വസ്തഗതിയാൽ ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ചു. ഇതു മനുഷ്യർ പരിശോധന നേരിടുമ്പോൾ ദൈവത്തെ സേവിക്കുകയില്ലെന്നുളള സാത്താന്റെ വീരവാദപരമായ നിന്ദക്ക് അഥവാ വെല്ലുവിളിക്ക് ഒരു ഉത്തരം കൊടുത്തു. മററനേകരും ദൈവത്തിന് അത്തരം ഉത്തരം കൊടുത്തിട്ടുണ്ട്. ഏററവും വലിയ ദൃഷ്ടാന്തം പൂർണമനുഷ്യനായ യേശു ആയിരുന്നു. സാത്താൻ അവന്റെമേൽ വരുത്തിയ സകല പരിശോധനകളും പീഡാനുഭവങ്ങളും ഗണ്യമാക്കാതെ അവൻ ദൈവത്തോടുളള തന്റെ വിശ്വസ്തത മുറുകെപ്പിടിച്ചു. പൂർണമനുഷ്യനായിരുന്ന ആദാമിനു വേണമെന്നുണ്ടായിരുന്നെങ്കിൽ ഇതുതന്നെ ചെയ്യാമായിരുന്നുവെന്നും മനുഷ്യനിൽനിന്നു പൂർണമായ അനുസരണം ആവശ്യപ്പെട്ടതിൽ ദൈവം അനീതിചെയ്തില്ലെന്നും ഇതു തെളിയിച്ചു.
നിങ്ങൾ എവിടെ നിലകൊളളുന്നു?
13. (എ) നിങ്ങളുടെ ജീവിതവിധത്തിനു വിവാദപ്രശ്നത്തോട് എന്തു ബന്ധമുണ്ട്? (ബി) നമുക്കു ദൈവത്തെ എങ്ങനെ സന്തോഷിപ്പിക്കാൻ കഴിയും, അല്ലെങ്കിൽ വേദനിപ്പിക്കാൻ കഴിയും?
13 നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ചെന്ത്? നിങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്നതു യഥാർഥത്തിൽ പ്രധാനമാണെന്നു നിങ്ങൾ ചിന്തിക്കാതിരുന്നേക്കാം. എന്നാൽ അതു പ്രധാനമാണ്. നിങ്ങൾ അറിഞ്ഞാലും ഇല്ലെങ്കിലും അതു വിവാദപ്രശ്നത്തിൽ ഒന്നുകിൽ ദൈവത്തിന്റെ പക്ഷത്തെയോ അല്ലെങ്കിൽ സാത്താന്റെ പക്ഷത്തെയോ പിന്താങ്ങുന്നു. യഹോവ നിങ്ങൾക്കുവേണ്ടി കരുതുന്നുണ്ട്. നിങ്ങൾ അവനെ സേവിക്കുന്നതും പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കുന്നതും കാണാൻ അവൻ ആഗ്രഹിക്കുന്നു. (യോഹന്നാൻ 3:16) ഇസ്രായേല്യർ ദൈവത്തിനെതിരായി മത്സരിച്ചപ്പോൾ അവനു വേദന അനുഭവപ്പെട്ടു അഥവാ മുറിവേററു. (സങ്കീർത്തനം 78:40, 41) നിങ്ങളുടെ ജീവിതഗതി ദൈവത്തെ സന്തുഷ്ടനാക്കുന്ന ഒന്നാണോ, അതോ അതിനാൽ അവൻ വേദനപ്പെടുകയാണോ? തീർച്ചയായും, ദൈവത്തെ സന്തുഷ്ടനാക്കുന്നതിനു നിങ്ങൾ അവന്റെ നിയമങ്ങൾ പഠിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്.
14. (എ) ലൈംഗികബന്ധങ്ങൾ സംബന്ധിച്ചു ദൈവത്തെ സന്തോഷിപ്പിക്കാൻ നാം ഏതു നിയമങ്ങൾ അനുസരിക്കണം? (ബി) അങ്ങനെയുളള നിയമങ്ങൾ ലംഘിക്കുന്നത് ഒരു അപരാധമായിരിക്കുന്നതെന്തുകൊണ്ട്?
14 സാത്താന്റെ ഒരു മുഖ്യലക്ഷ്യം തങ്ങളുടെ പുനരുല്പാദനശക്തികളെയും വിവാഹവും കുടുംബവും സംബന്ധിച്ച ദൈവത്തിന്റെ ക്രമീകരണത്തെയും ഭരിക്കുന്ന ദൈവനിയമങ്ങൾ ആളുകളെക്കൊണ്ടു ലംഘിപ്പിക്കുകയാണ്. നമ്മുടെ സന്തുഷ്ടിയെ സംരക്ഷിക്കാനുളള ദൈവത്തിന്റെ നിയമങ്ങൾ അനുശാസിക്കുന്നത് അവിവാഹിതർ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടരുതെന്നും വിവാഹിതർ തങ്ങളുടെ ഇണയുമായിട്ടല്ലാതെ മററാരോടും ലൈംഗികബന്ധങ്ങളിൽ ഏർപ്പെടരുതെന്നുമാണ്. (1 തെസ്സലോനീക്യർ 4:3-8; എബ്രായർ 13:4) ദൈവനിയമം ലംഘിക്കുമ്പോൾ മിക്കപ്പോഴും കുട്ടികളെ സ്നേഹിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്ന മാതാപിതാക്കളില്ലാതെ കുട്ടികൾ ജനിക്കുന്നു. മാതാക്കൾ ഗർഭച്ഛിദ്രം നടത്തുകപോലും ചെയ്തേക്കാം, അങ്ങനെ ശിശുക്കൾ ജനിക്കുന്നതിനുമുമ്പേ അവരെ കൊല്ലുന്നു. മാത്രവുമല്ല, ദുർവൃത്തിയിലേർപ്പെടുന്ന അനേകർക്കു ഭയങ്കര ലൈംഗികരോഗങ്ങൾ പിടിപെടുന്നു, അവയ്ക്ക് അവർ പ്രസവിക്കുന്ന കുട്ടികൾക്കു ദ്രോഹം ചെയ്യാൻ കഴിയും. നിങ്ങളെ വിവാഹം ചെയ്തിട്ടില്ലാത്ത ഒരാളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതു ദൈവത്തോടുളള അവിശ്വസ്തതയുടെ ഒരു പ്രവൃത്തിയാണ്, ദൈവത്തിനെതിരായ ഒരു കുററകൃത്യമാണ്. ഇയ്യോബ് പറഞ്ഞു: “എന്റെ ഹൃദയം ഒരു സ്ത്രീയുടെ നേരെ വശീകരിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, എന്റെ അയൽക്കാരന്റെ വാതിൽക്കൽ ഞാൻ പതിയിരുന്നുവെങ്കിൽ. . .അതു നിന്ദ്യം, കുററംവിധിക്കേണ്ട അപരാധം ആയിരിക്കും.”—ഇയ്യോബ് 31:1, 9, 11, ന്യൂ അമേരിക്കൻ ബൈബിൾ.
15. (എ) നാം ദുർവൃത്തിയിലേർപ്പെടുന്നുവെങ്കിൽ നാം ആരെയാണു പ്രസാദിപ്പിക്കുന്നത്? (ബി) ദൈവനിയമങ്ങൾ അനുസരിക്കുന്നതു ജ്ഞാനമായിരിക്കുന്നതെന്തുകൊണ്ട്?
15 നിങ്ങളെ വിവാഹം ചെയ്തിട്ടില്ലാത്ത ഒരാളുമായി നിങ്ങൾ ലൈംഗികബന്ധങ്ങളിലേർപ്പെടുന്നതു നിയമാനുസൃതവും ശരിയുമാണെന്ന് ഈ പിശാച് ഭരിക്കുന്ന ലോകം തോന്നിക്കുന്നതിൽ നാം അതിശയിച്ചുപോകരുത്. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യുന്നുവെങ്കിൽ നിങ്ങൾ ആരെയാണു പ്രസാദിപ്പിക്കുന്നത്? യഹോവയെയല്ല, സാത്താനെയാണ്. ദൈവത്തെ സന്തോഷിപ്പിക്കുന്നതിനു നിങ്ങൾ “ദുർവൃത്തി വിട്ട് ഓടേണ്ട”താണ്. (1 കൊരിന്ത്യർ 6:18) ദൈവത്തോടു വിശ്വസ്തനായിരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ലെന്നുളളതു സത്യംതന്നെ. അത് ഇയ്യോബിനും എളുപ്പമല്ലായിരുന്നു. എന്നാൽ ദൈവനിയമങ്ങൾ അനുസരിക്കുന്നതു ജ്ഞാനമാണെന്ന് ഓർക്കുക. നിങ്ങൾ അങ്ങനെ ചെയ്യുന്നുവെങ്കിൽ നിങ്ങൾ കൂടുതൽ സന്തുഷ്ടനായിരിക്കും. എന്നാൽ അതിലും പ്രധാനമായി, നിങ്ങൾ വിവാദപ്രശ്നത്തിൽ ദൈവത്തിന്റെ പക്ഷത്തെ പിന്താങ്ങുന്നതായിരിക്കും, അവനെ സന്തുഷ്ടനാക്കുകയും ചെയ്യും. അവൻ ഭൂമിയിലെ സന്തോഷകരമായ നിത്യജീവൻകൊണ്ടു നിങ്ങളെ അനുഗ്രഹിക്കും.
16. (എ) ഇയ്യോബ് അവന്റെ വിശ്വസ്തതയ്ക്ക് എങ്ങനെ അനുഗ്രഹിക്കപ്പെട്ടു? (ബി) ഇയ്യോബിന്റെ 10 മക്കളെ കൊന്നതുപോലെ സാത്താൻ വരുത്തുന്ന ഉപദ്രവങ്ങളെ സംബന്ധിച്ച് എന്തു പറയാൻ കഴിയും?
16 ഇയ്യോബിനെ ദാരിദ്ര്യത്തിലാഴ്ത്താനും അവന്റെ 10 മക്കളുടെ മരണം കൈവരുത്താനും സാത്താനു കഴിഞ്ഞുവെന്നതു സത്യംതന്നെ. അത് ഇയ്യോബിനു കനത്ത നഷ്ടമായിരുന്നുവെന്നതിനു സംശയമില്ല. എന്നാൽ ഇയ്യോബ് വിശ്വസ്തനെന്നു തെളിയിച്ചപ്പോൾ അവൻ സാത്താനാൽ പരീക്ഷിക്കപ്പെടാൻ അനുവദിക്കുന്നതിനു മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി കൊടുത്തുകൊണ്ടു ദൈവം അവരെ അനുഗ്രഹിച്ചു. ഇയ്യോബ് പത്തു മക്കളുടെകൂടെ പിതാവായിത്തീർന്നു. (ഇയ്യോബ് 42:10-17) തന്നെയുമല്ല, സാത്താനാൽ കൊല്ലപ്പെട്ട ഇയ്യോബിന്റെ 10 മക്കൾ മരിച്ചവരുടെ പുനരുത്ഥാനത്തിൽ ജീവനിലേക്കു തിരികെ വരുത്തപ്പെടുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. സത്യത്തിൽ, സാത്താൻ വരുത്തിക്കൂട്ടുന്നതിന് അനുവദിക്കപ്പെട്ടിരിക്കുന്ന ഏത് ഉപദ്രവവും അഥവാ കുഴപ്പവും യഹോവ തന്റെ സ്വന്തം തക്കസമയത്തു തിരുത്താതിരിക്കയില്ല.
17. നമ്മുടെ ജീവിതവിധം യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നതായിരിക്കുന്നതെന്തുകൊണ്ട്?
17 അതുകൊണ്ട് നിങ്ങൾ ജീവിക്കുന്നവിധം യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നതാണെന്ന് എല്ലായ്പ്പോഴും മനസ്സിൽ പിടിച്ചുകൊളേളണ്ടതാണ്. അതു വിശേഷാൽ യഹോവയ്ക്കും സാത്താനും പ്രാധാന്യമുളളതാണ്. കാരണം മനുഷ്യർ ദൈവത്തോടു വിശ്വസ്തരായിരിക്കുമോ ഇല്ലയോ എന്ന വിവാദവിഷയത്തിൽ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
[106-ാം പേജിലെ ചിത്രം]
പരിശോധിക്കപ്പെട്ടാൽ ആരും ദൈവത്തോടു വിശ്വസ്തനായിരിക്കുകയില്ലെന്നുളള സാത്താന്റെ വെല്ലുവിളിയെ ഇയ്യോബ് നേരിട്ടു
[110-ാം പേജിലെ ചിത്രം]
നിങ്ങളുമായി വിവാഹം നടന്നിട്ടില്ലാത്ത ഒരാളുമായി നിങ്ങൾ ലൈംഗികബന്ധങ്ങളിലേർപ്പെടുന്നതു ദൈവത്തിനെതിരായ ഒരു കുററകൃത്യമാണ്
[111-ാം പേജിലെ ചിത്രം]
ഇയ്യോബിനു മുമ്പുണ്ടായിരുന്നതിനെക്കാൾ വളരെയധികം കൊടുത്തുകൊണ്ട് യഹോവ അവനെ അനുഗ്രഹിച്ചു