അവരുടെ വിശ്വാസം അനുകരിക്കുക | ഇയ്യോബ്
യഹോവ ഇയ്യോബിനെ ആശ്വസിപ്പിച്ചു
ഒടുവിൽ, അവിടെ വന്ന മനുഷ്യരെല്ലാം നിശബ്ദരായി. അറേബ്യൻ മരുഭൂമിയിൽനിന്ന് വീശുന്ന ഉഷ്ണക്കാറ്റിന്റെ മർമരം മാത്രമാണ് ഇപ്പോൾ അവിടെ കേൾക്കാനുള്ളത്. നീണ്ട സംവാദത്തിന് ഒടുവിൽ ഇയ്യോബിന് ഇപ്പോൾ പറയാൻ വാക്കുകൾ ഒന്നുംതന്നെയില്ല. ഇനി ഒന്നും പറയാനില്ലേ എന്ന ഭാവത്തിൽ ഇയ്യോബ് എലീഫസിനെയും ബിൽദാദിനെയും സോഫറിനെയും നോക്കിനിൽക്കുന്നത് ഒന്നു ഭാവനയിൽ കണ്ടുനോക്കൂ! എന്നാൽ അവർ മൂന്നു പേരും ഇപ്പോൾ മുഖം താഴ്ത്തിയിരിക്കുകയാണ്. അവരുടെ ‘പൊള്ളയായ വാക്കുകളും’ ക്രൂരമായ കുറ്റപ്പെടുത്തലുകളും സാമർഥ്യത്തോടെയുള്ള ന്യായവാദങ്ങളും ഒക്കെ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. (ഇയ്യോബ് 16:3) എന്തൊക്കെതന്നെ സംഭവിച്ചാലും തന്റെ നിഷ്കളങ്കത്വം ഉപേക്ഷിച്ചുകളയാൻ ഒരിക്കലും തയ്യാറാകില്ലെന്ന് നിശ്ചയിച്ചുറച്ചിരിക്കുകയാണ് ഇയ്യോബ്.
നിഷ്കളങ്കത മാത്രമേ തനിക്ക് കൈമുതലായി അവശേഷിക്കുന്നുള്ളൂ എന്ന് ഇയ്യോബിനു തോന്നിക്കാണും. തന്റെ പത്തു മക്കൾ, സമ്പത്ത്, ആരോഗ്യം ഇവയെല്ലാം ഇയ്യോബിന് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ്. കൂടാതെ, കൂട്ടുകാരുടെയും അയൽക്കാരുടെയും സഹായവും ആദരവും ഇയ്യോബിന് ഇപ്പോഴില്ല. രോഗം വന്ന് തൊലിയാകെ കറുത്തുകരുവാളിച്ചിരിക്കുകയാണ്. ദേഹം മുഴുവൻ പൊറ്റയും പഴുപ്പും നിറഞ്ഞിരിക്കുന്നു. പുഴുക്കൾ അദ്ദേഹത്തിന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ശ്വാസത്തിനുപോലും ദുർഗന്ധമാണ്. (ഇയ്യോബ് 7:5; 19:17; 30:30) ഇത്ര പരിതാപകരമായ അവസ്ഥയിലായിരുന്ന ഇയ്യോബിനെ വല്ലാതെ ദേഷ്യം പിടിപ്പിക്കാൻ പോന്നതായിരുന്നു ആ മൂന്നു പുരുഷന്മാരുടെ ക്രൂരമായ വാക്കുകൾ. അവരൊക്കെ തന്നെ ഒരു പാപിയായി ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ അങ്ങനെയല്ലെന്ന് തെളിയിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമേ ഇയ്യോബിനുണ്ടായിരുന്നുള്ളൂ. ഒടുവിൽ ഇയ്യോബ് സംസാരിച്ചുകഴിഞ്ഞപ്പോൾ എന്തു പറയണമെന്ന് അറിയാതെ ആ മനുഷ്യർ മൂവരും കുഴങ്ങി. അവർക്കു പറയാൻ ക്രൂരമായ വാക്കുകൾ ഒന്നുംതന്നെ ബാക്കിയുണ്ടായിരുന്നില്ല. എന്നാൽ ഇയ്യോബിന്റെ വേദനയ്ക്കു കുറവൊന്നും ഉണ്ടായില്ല. ഇയ്യോബിന് ഇപ്പോൾ ശരിക്കും സഹായം ആവശ്യമാണ്.
കാര്യങ്ങൾ ശരിയായി ചിന്തിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു ഇയ്യോബ്. അത് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. എങ്കിലും അദ്ദേഹത്തിന് ഇപ്പോൾ ബുദ്ധിയുപദേശവും തിരുത്തലും ആവശ്യമാണ്. മാത്രമല്ല അദ്ദേഹത്തെ ആരെങ്കിലും ആത്മാർഥമായി ആശ്വസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണം. എന്നാൽ ഇതൊക്കെ ചെയ്യേണ്ടിയിരുന്ന കൂട്ടുകാർ തികഞ്ഞ പരാജയമായിരിക്കുന്നു. അല്പം ആശ്വാസവും പിന്തുണയും കിട്ടാതെ ഒരടി മുന്നോട്ടു വെക്കാനാകില്ലെന്നു തോന്നിയ ഒരു സാഹചര്യം നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? കൂട്ടുകാർ എന്നു നിങ്ങൾ വിചാരിച്ചിരുന്നവർ നിങ്ങളെ എപ്പോഴെങ്കിലും നിരാശരാക്കിയിട്ടുണ്ടോ? ദൈവമായ യഹോവ ഇയ്യോബിനെ സഹായിച്ച വിധവും ആ സഹായത്തോട് ഇയ്യോബ് പ്രതികരിച്ച വിധവും മനസ്സിലാക്കുന്നതു നിങ്ങൾക്കു ശരിക്കും പ്രത്യാശ തരും. ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കാനും സഹായിക്കും.
ജ്ഞാനമുള്ള, ദയയുള്ള ഉപദേശകൻ
ഇയ്യോബിന്റെ വിവരണത്തിൽ അടുത്തതായി പുതിയ ഒരു കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു. പ്രായമായവരുടെ സംവാദങ്ങൾ കേട്ടുകൊണ്ട് എലീഹു എന്ന ഒരു ചെറുപ്പക്കാരൻ അത്രയും നേരം അവിടെ മിണ്ടാതെയിരിപ്പുണ്ടായിരുന്നു. അവരുടെ വർത്തമാനം ശരിക്കും എലീഹുവിനെ ദേഷ്യംപിടിപ്പിച്ചിരിക്കുകയാണ്.
ഇയ്യോബും എലീഹുവിനെ വല്ലാതെ നിരാശപ്പെടുത്തിയിരിക്കുന്നു. നീതിമാനായ ഇയ്യോബ് “താൻ ദൈവത്തെക്കാൾ നീതിമാനാണെന്നു സ്ഥാപിക്കാൻ” ശ്രമിക്കുന്നതു കണ്ടപ്പോൾ എലീഹുവിന് വല്ലാത്ത വിഷമം തോന്നി. എന്നാൽ ഇയ്യോബ് അനുഭവിക്കുന്ന വേദനയും അദ്ദേഹത്തിന്റെ ആത്മാർഥതയും കാണുമ്പോൾ ആ ചെറുപ്പക്കാരന് ഇയ്യോബിനോടു സഹാനുഭൂതിയും തോന്നുന്നുണ്ട്. ദയയോടുകൂടിയ തിരുത്തലും അതോടൊപ്പം ആശ്വാസവാക്കുകളും ഇയ്യോബിന് ആവശ്യമാണെന്ന് എലീഹു മനസ്സിലാക്കുന്നു. മൂന്നു വ്യാജാശ്വാസകരോട് എലീഹു അക്ഷമ കാണിച്ചതിൽ ഒട്ടും അതിശയിക്കാനില്ല. കാരണം, അതുപോലെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് അവർ ഇയ്യോബിനോടു പറഞ്ഞത്. ഇയ്യോബിന്റെ വിശ്വാസത്തിനും അന്തസ്സിനും നിഷ്കളങ്കതയ്ക്കും നേർക്കുള്ള ഒരു ആക്രമണമായിരുന്നു അത്. ദൈവത്തെപ്പോലും ദുഷ്ടനായി ചിത്രീകരിക്കുന്ന തരം നുണകളായിരുന്നു അവർ പറഞ്ഞത്. ഇത്രയൊക്കെ കേട്ടുനിന്ന എലീഹുവിന് താൻ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാകില്ല എന്നു തോന്നുന്നു.—ഇയ്യോബ് 32:2-4, 18.
“ഞാൻ ചെറുപ്പമാണ്; നിങ്ങളെല്ലാം പ്രായമുള്ളവർ. അതുകൊണ്ട് ഞാൻ ആദരവോടെ മിണ്ടാതെ നിന്നു. എനിക്കു അറിയാവുന്നതു പറയാൻ ഞാൻ മുതിർന്നില്ല” എന്ന് എലീഹു അവരോട് പറയുന്നു. എന്നാൽ എലീഹുവിന് അങ്ങനെ അധികനേരം നിശ്ശബ്ദനായി നിൽക്കാൻ കഴിയുന്നില്ല. എലീഹു തുടരുന്നു: “പ്രായമുള്ളതുകൊണ്ട് മാത്രം ഒരാൾ ജ്ഞാനിയാകണമെന്നില്ല: ശരി എന്തെന്നു മനസ്സിലാക്കാനാകുന്നതു വൃദ്ധർക്കു മാത്രമല്ല.” (ഇയ്യോബ് 32: 6, 9) താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു തെളിയിക്കാൻ എലീഹു ഒരു നീണ്ട പ്രസംഗംതന്നെ നടത്തുന്നു. എലീഫസും ബിൽദാദും സോഫറും ഇയ്യോബിനോടു സംസാരിച്ചതുപോലെയല്ല എലീഹു സംസാരിക്കുന്നത്. ഇപ്പോൾത്തന്നെ ആകെ തകർന്നിരിക്കുന്ന ഇയ്യോബിനെ കൂടുതൽ വിഷമിപ്പിക്കാനോ കൊച്ചാക്കി കാണിക്കാനോ ഒന്നും എലീഹു ശ്രമിച്ചില്ല. ഇയ്യോബിന്റെ പേര് വിളിച്ച് അദ്ദേഹം സംസാരിക്കുന്നു. ഇയ്യോബിനു നേരിടേണ്ടി വന്നത് ഒട്ടും മര്യാദയില്ലാത്ത ഒരു പെരുമാറ്റമായിരുന്നു എന്നും എലീഹു സമ്മതിക്കുന്നു.a എലീഹു വളരെ ആദരവോടെ ഇങ്ങനെ പറയുന്നു: “ഇയ്യോബേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക.”—ഇയ്യോബ് 33:1, 7; 34:7.
എലീഹു ഇയ്യോബിനു തുറന്ന ശാസനയും കൊടുക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: “ഞാൻ കേൾക്കെ ഇയ്യോബ് ഇങ്ങനെ പറഞ്ഞു, ഞാൻ പല തവണ ഇതു കേട്ടു: ‘ഞാൻ നിർമലനാണ്, ലംഘനങ്ങൾ ചെയ്യാത്തവൻ; ഞാൻ ശുദ്ധിയുള്ളവനാണ്, തെറ്റുകൾ ചെയ്യാത്തവൻ. എന്നാൽ എന്നെ എതിർക്കാൻ ദൈവം കാരണങ്ങൾ കണ്ടെത്തുന്നു.’” ഇയ്യോബിന്റെ പ്രശ്നം യഥാർഥത്തിൽ എന്താണെന്ന് എലീഹു മനസ്സിലാക്കുന്നു. എലീഹു പറയുന്നു: ‘ഞാൻ ദൈവത്തെക്കാൾ നീതിമാനാണെന്നു പറയാൻ മാത്രം സ്വന്തം ഭാഗം ശരിയാണെന്ന് ഇയ്യോബിന് അത്ര ഉറപ്പാണോ?’ ഇയ്യോബിന്റെ ചിന്താഗതി തിരുത്താൻ എലീഹു ശ്രമിക്കുന്നു. “ഇയ്യോബ് പറഞ്ഞതു ശരിയല്ല” എന്ന് ആ യുവാവ് പറയുന്നു. (ഇയ്യോബ് 33:8-12; 35:2) ഇയ്യോബിന്റെ ജീവിതത്തിലുണ്ടായ കനത്ത നഷ്ടങ്ങളും തന്നെ ആശ്വസിപ്പിക്കാൻ വന്ന വ്യാജസുഹൃത്തുക്കളുടെ ക്രൂരമായ പെരുമാറ്റവും ഒക്കെയാണ് ഇയ്യോബിനെ ഇത്രമാത്രം അസ്വസ്ഥനാക്കിയതെന്ന് എലീഹുവിന് അറിയാം. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇയ്യോബിനു മുന്നറിയിപ്പു കൊടുക്കാൻ എലീഹു മറക്കുന്നില്ല. അദ്ദേഹം പറയുന്നു: “എന്നാൽ സൂക്ഷിക്കുക! കോപം ഇയ്യോബിനെ വിദ്വേഷത്തിലേക്കു നയിക്കരുത്.”—ഇയ്യോബ് 36:18.
എലീഹു യഹോവയുടെ ദയയെക്കുറിച്ച് സംസാരിക്കുന്നു
യഹോവ എപ്പോഴും ശരി മാത്രമേ ചെയ്യൂ എന്നു സ്ഥാപിക്കാനാണ് എലീഹു പ്രധാനമായും ശ്രമിച്ചത്. കാര്യങ്ങളൊക്കെ ശരിയാണെന്ന് എലീഹു പറയുന്നു. വളരെ ഭംഗിയായി, ലളിതമായ എന്നാൽ ശക്തമായ ഒരു സത്യം അദ്ദേഹം ഇയ്യോബിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നു: “ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് ദൈവത്തിനു ചിന്തിക്കാനേ കഴിയില്ല; തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല. . . . സർവശക്തൻ നീതി നിഷേധിക്കില്ലെന്നു തീർച്ചയാണ്.” (ഇയ്യോബ് 34:10,12) ഇയ്യോബ് ഒട്ടും ചിന്തിക്കാതെയും ആദരവില്ലാതെയും ആണ് യഹോവയോടു സംസാരിച്ചത്. എന്നിട്ടും ഇയ്യോബിനെതിരെ ശിക്ഷാനടപടികൾക്കൊന്നും യഹോവ മുതിർന്നില്ല. അത് യഹോവയുടെ കരുണയുടെയും നീതിയുടെയും ഉദാഹരണമായി എലീഹു ചൂണ്ടിക്കാണിക്കുന്നു. (ഇയ്യോബ് 35:13-15) തനിക്ക് എല്ലാം അറിയാമെന്ന് എലീഹു ഭാവിച്ചതേ ഇല്ല. പകരം എലീഹു ഇങ്ങനെയാണ് പറയുന്നത്. “നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിലും ശ്രേഷ്ഠനാണു ദൈവം.”—ഇയ്യോബ് 36:26.
തുറന്ന ഒരു ഉപദേശമാണ് എലീഹു ഇയ്യോബിനു കൊടുക്കുന്നതെങ്കിലും അദ്ദേഹം വളരെ ദയയോടെയാണ് ഇയ്യോബിനോട് ഇടപ്പെട്ടത്. യഹോവ ഒരു ദിവസം ഇയ്യോബിനു നല്ല ആരോഗ്യം തിരിച്ചുകൊടുക്കുമെന്ന പ്രത്യാശയെക്കുറിച്ച് എലീഹു ഇയ്യോബിനോടു പറഞ്ഞു. ദൈവം തന്റെ വിശ്വസ്തദാസനോട് ഇങ്ങനെ പറയുമെന്ന് എലീഹു ഉറപ്പുകൊടുക്കുന്നു: “അവന്റെ ശരീരം ചെറുപ്പകാലത്തെക്കാൾ ആരോഗ്യമുള്ളതാകട്ടെ; യൗവനകാലത്തെ പ്രസരിപ്പ് അവനു തിരിച്ചുകിട്ടട്ടെ.” എലീഹു ഇയ്യോബിനോടു മറ്റൊരു വിധത്തിലും ദയ കാണിക്കുന്നു. തനിക്കു പറയാനുള്ളതുമാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതിനുപകരം എലീഹു ഇയ്യോബിനെയും സംസാരിക്കാൻ ക്ഷണിക്കുന്നു. എലീഹു പറയുന്നു: “സംസാരിച്ചുകൊള്ളൂ; ഇയ്യോബ് നീതിമാനാണെന്നു തെളിയിക്കാനാണ് എന്റെ ആഗ്രഹം.” (ഇയ്യോബ് 33:25, 32) പക്ഷേ ഇയ്യോബ് ഒന്നും മിണ്ടിയില്ല. കാരണം അത്ര ദയയോടും പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ഉള്ള ബുദ്ധിയുപദേശമായിരുന്നു എലീഹു ഇയ്യോബിനു നൽകിയത്. എലീഹുവിന്റെ ആ സ്നേഹപൂർവ്വമായ കരുതൽ കണ്ടപ്പോൾ ഇയ്യോബ് പൊട്ടിക്കരഞ്ഞുകാണും.
വിശ്വസ്തരായ ഈ രണ്ടു ദൈവദാസരിൽനിന്നു നമുക്കു പല പ്രധാനപ്പെട്ട പാഠങ്ങളും പഠിക്കാനുണ്ട്. ആശ്വാസവും ബുദ്ധിയുപദേശവും ആവശ്യമായവർക്ക് എങ്ങനെ അതു നൽകാം എന്ന് എലീഹുവിൽനിന്ന് നമ്മൾ പഠിക്കുന്നു. നിങ്ങൾക്കു ഗുരുതരമായ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഒരു നല്ല കൂട്ടുകാരൻ അതു നിങ്ങളോടു തുറന്നുപറയും. നിങ്ങൾ തെറ്റായ ഒരു ഗതിയിലേക്കു നീങ്ങിയാലും അദ്ദേഹം മുന്നറിയിപ്പു തരും. അത് അദ്ദേഹത്തിന് ബുദ്ധിമുട്ടാണെങ്കിൽക്കൂടി. (സുഭാഷിതങ്ങൾ 27:6) നമ്മളും ഇതുപോലെ നല്ല സുഹൃത്തായിരിക്കണം. ദയയോടെയും പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും നമ്മൾ മറ്റുള്ളവർക്കു ബുദ്ധിയുപദേശം കൊടുക്കണം. ഒരുപക്ഷേ അവർ ചിന്തിക്കാതെ മോശമായി സംസാരിച്ചാൽപ്പോലും. ഇനി നമുക്കാണു ബുദ്ധിയുപദേശം ലഭിക്കുന്നതെങ്കിൽ ഇയ്യോബിന്റെ മാതൃക നമുക്ക് അനുകരിക്കാൻ കഴിയും. നൽകുന്ന ബുദ്ധിയുപദേശത്തോടു മറുത്തു നിൽക്കാതെ താഴ്മയോടെ അതു സ്വീകരിക്കാനുള്ള മനസ്സുകാണിക്കണം. നമുക്ക് എല്ലാവർക്കും ബുദ്ധിയുപദേശവും തിരുത്തലും ആവശ്യമാണ്. അതു സ്വീകരിക്കുന്നതു നമ്മുടെ ജീവൻ സംരക്ഷിക്കും.—സുഭാഷിതങ്ങൾ 4:13
‘കൊടുങ്കാറ്റിൽനിന്ന്’
എലീഹു കാറ്റ്, മേഘം, ഇടിമുഴക്കം, മിന്നൽ എന്നിവയെക്കുറിച്ചൊക്കെ ഇടയ്ക്കിടയ്ക്കു പരാമർശിക്കുന്നുണ്ട്. യഹോവയെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, ‘ദൈവത്തിന്റെ ശബ്ദത്തിന്റെ മുഴക്കം ശ്രദ്ധിക്കുക’ എന്നാണ്. അല്പസമയത്തിനു ശേഷം ഒരു ‘കൊടുങ്കാറ്റിനെക്കുറിച്ചും’ അദ്ദേഹം പരാമർശിക്കുന്നു. (ഇയ്യോബ് 37:2,9) ഒരുപക്ഷേ അവർ സംസാരിക്കുമ്പോൾ ആകാശം ഇരുണ്ടുകൂടിയിരുന്നിരിക്കാം. ഒരു കൊടുങ്കാറ്റിനുള്ള സാധ്യത അവർ കാണുന്നു. പതിയെപ്പതിയെ അതു ശക്തമായ ഒരു കൊടുങ്കാറ്റായി മാറുന്നു. എന്നാൽ അവിടംകൊണ്ട് അവസാനിച്ചില്ല. ഇപ്പോൾ അതിലും അത്ഭുതകരമായ ഒരു കാര്യം നടക്കുന്നു. ആ കൊടുങ്കാറ്റിൽനിന്ന് യഹോവ ഇയ്യോബിനോടു സംസാരിച്ചുതുടങ്ങുന്നു.—ഇയ്യോബ് 38:1.
ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് പ്രകൃതിയെക്കുറിച്ച് എടുക്കുന്ന ക്ലാസിൽ വിദ്യാർഥിയായിരിക്കാൻ പറ്റുന്നത് എത്ര വലിയ പദവിയാണെന്ന് ഒന്നു ചിന്തിച്ചുനോക്കൂ!
ഇയ്യോബിന്റെ പുസ്തകത്തിൽ, യഹോവ ഇയ്യോബിനോട് സംസാരിക്കുന്ന ഈ ഭാഗം വരുമ്പോൾ നമുക്ക് വല്ലാത്ത ഒരു സന്തോഷം അനുഭവപ്പെടുന്നു. ശക്തമായ കൊടുങ്കാറ്റ് ചപ്പുചവറുകൾ പറത്തിക്കളയുന്നതുപോലെ യഹോവ സംസാരിച്ചുതുടങ്ങിയപ്പോൾ വ്യാജാശ്വാസകരായ എലീഫസിന്റെയും ബിൽദാദിന്റെയും സോഫറിന്റെയും വ്യർഥസംഭാഷണം എല്ലാം ദൂരേക്കു പറന്നുപോയതുപോലെയായി. യഹോവ ഇപ്പോൾ ഇയ്യോബിനോടു മാത്രമാണു സംസാരിക്കുന്നത്. ഇയ്യോബിന്റെ വ്യാജാശ്വാസകരോടു കുറെ നേരത്തേക്കു സംസാരിക്കുന്നേ ഇല്ല. ഒരു പിതാവ് തന്റെ മകനെ തിരുത്തുന്നതുപോലെ യഹോവ തന്റെ പ്രിയപ്പെട്ട ദാസനെ ദയാപുരസ്സരം തിരുത്തുന്നു.
ഇയ്യോബിന്റെ വേദന യഹോവയ്ക്ക് അറിയാമായിരുന്നു. യഹോവയ്ക്ക് ഇയ്യോബിനോടു സഹാനുഭൂതി തോന്നി. വേദനിക്കുന്ന തന്റെ പ്രിയമക്കൾ എല്ലാവരോടും യഹോവയ്ക്ക് അതുതന്നെയാണു തോന്നുന്നത്. (യശയ്യ 63:9; സെഖര്യ 2:8) ഇനി ഇയ്യോബ് സംസാരിച്ചത് ‘ബുദ്ധിയില്ലാതെയാണ്’ അഥവാ ചിന്തിക്കാതെയാണ് എന്നും യഹോവയ്ക്ക് അറിയാമായിരുന്നു. അതായിരുന്നു പ്രശ്നം കൂടുതൽ വഷളാക്കിയത്. അതുകൊണ്ട് ഇക്കാര്യത്തിൽ ഇയ്യോബിനെ ചിന്തിപ്പിക്കാനായി യഹോവ പല ചോദ്യങ്ങൾ ചോദിക്കുന്നു. “ഞാൻ ഭൂമിയെ സ്ഥാപിച്ചപ്പോൾ നീ എവിടെയായിരുന്നു? നിനക്ക് അറിയാമെങ്കിൽ പറയുക” എന്നു പറഞ്ഞുകൊണ്ട് യഹോവ തുടങ്ങുന്നു. സൃഷ്ടിയുടെ ആരംഭത്തിൽ ‘പ്രഭാതനക്ഷത്രങ്ങൾ’ അഥവാ ദൈവദൂതന്മാർ സൃഷ്ടിയിലെ അത്ഭുതങ്ങൾ കണ്ട് ആനന്ദഘോഷം മുഴക്കിയിരുന്നു. (ഇയ്യോബ് 38:2,4, 6) എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ഇയ്യോബിന് അറിയില്ലായിരുന്നു.
യഹോവ തന്റെ സൃഷ്ടിക്രിയകളെക്കുറിച്ച് ഇയ്യോബിനോടു സംസാരിക്കുന്നതു തുടരുന്നു. അതിൽ ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, ജന്തുശാസ്ത്രം, ഭൂഗർഭശാസ്ത്രം എന്നീ വിഷയങ്ങളെല്ലാം കടന്നുവരുന്നു. ഇയ്യോബ് താമസിച്ചിരുന്ന ഭൂപ്രദേശത്തെ ചില മൃഗങ്ങളെക്കുറിച്ച് പ്രത്യേകമായി എടുത്തുപറഞ്ഞുകൊണ്ട് യഹോവ സംസാരിക്കുന്നു. അവയിൽ ചിലതാണ് സിംഹം, മലങ്കാക്ക, മലയാട്, കാട്ടുകഴുത, കാട്ടുപോത്ത്, ഒട്ടകപ്പക്ഷി, കുതിര, കഴുകൻ, ബഹിമോത്ത് (സാധ്യതയനുസരിച്ച് ഹിപ്പോപ്പൊട്ടാമസ്), ലിവ്യാഥാൻ (സാധ്യതയനുസരിച്ച് മുതല) എന്നിവയൊക്കെ. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് പ്രകൃതിയെക്കുറിച്ച് എടുക്കുന്ന ക്ലാസിൽ വിദ്യാർഥിയായിരിക്കാൻ പറ്റുന്നത് എത്ര വലിയ പദവിയാണെന്ന് ഒന്നു ചിന്തിച്ചുനോക്കൂ!b
താഴ്മയെയും സ്നേഹത്തെയും കുറിച്ച് പഠിപ്പിക്കുന്നു
യഹോവ ഇങ്ങനെയൊക്കെ കാര്യങ്ങൾ ചെയ്തത് എന്തിനുവേണ്ടിയായിരുന്നു? കാരണം, ഇയ്യോബ് താഴ്മ പഠിക്കേണ്ടിയിരുന്നു. യഹോവ തന്നോട് അന്യായം കാണിച്ചു എന്നാണ് ഇയ്യോബിന്റെ പരാതി. വാസ്തവത്തിൽ അങ്ങനെ പരാതിപ്പെടുന്നതു സ്നേഹവാനായ ആ സ്വർഗീയപിതാവിൽനിന്ന് ഇയ്യോബിനെ അകറ്റിക്കളയുകയേ ഉള്ളൂ. അത് ഇയ്യോബിന്റെ പ്രശ്നം കൂടുതൽ വഷളാക്കുമായിരുന്നു. അതുകൊണ്ട് ഇയ്യോബിനെ തിരുത്താൻ യഹോവ വീണ്ടുംവീണ്ടും ചില ചോദ്യങ്ങൾ ചോദിക്കുന്നു. താൻ പ്രപഞ്ചത്തിൽ വിസ്മയകരമായ പലതും സൃഷ്ടിച്ചപ്പോൾ ഇയ്യോബ് എവിടെയായിരുന്നു, ഇയ്യോബിന് അവയുടെ വിശപ്പടക്കാനോ അവയെ നിയന്ത്രിക്കാനോ നിലയ്ക്കുനിർത്താനോ കഴിയുമായിരുന്നോ എന്നെല്ലാം യഹോവ ചോദിക്കുന്നു. യഹോവയുടെ സൃഷ്ടിക്രിയകളുടെ അടിസ്ഥാനകാര്യങ്ങൾപോലും മനസ്സിലാക്കാൻ പറ്റാത്ത ഇയ്യോബിനു ദൈവം എന്തു ചെയ്യണം എന്നു പറയാനുള്ള അധികാരമുണ്ടോ? എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെയുള്ള കാര്യങ്ങൾ ഇയ്യോബിനെക്കാൾ വളരെ മെച്ചമായി യഹോവയ്ക്കാണ് അറിയാവുന്നത്.
ഇയ്യോബ് യഹോവയോടു വാദിച്ചില്ല, ന്യായീകരണങ്ങൾ നിരത്തിയില്ല
ഇയ്യോബിനോട് യഹോവ പറഞ്ഞ ഓരോ കാര്യത്തിൽനിന്നും യഹോവയ്ക്ക് ഇയ്യോബിനോടുള്ള സ്നേഹത്തിന്റെ ആഴം എത്രത്തോളമാണെന്നും മനസ്സിലാക്കാം. യഹോവ ഇയ്യോബിനോട് ഇങ്ങനെ പറയുന്നതുപോലെയായിരുന്നു അത്: “എന്റെ മകനേ, ഈ കാണുന്നതൊക്കെ സൃഷ്ടിക്കാനും പരിപാലിക്കാനും എനിക്കു കഴിയുമെങ്കിൽ നിന്നെ പരിപാലിക്കാൻ ഞാൻ മറന്നുപോകുമെന്നാണോ നീ വിചാരിക്കുന്നത്? ഞാൻ ശരിക്കും നിന്നെ ഉപേക്ഷിക്കുമോ? നിന്റെ മക്കളെ ഞാൻ എടുക്കുമോ? നിന്റെ സമ്പത്തും ആരോഗ്യവും നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുമോ? നിനക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചുതരാൻ എനിക്കല്ലേ കഴിയുന്നത്? നീ അനുഭവിക്കുന്ന കടുത്ത വേദനയിൽ നിന്നെ ആശ്വസിപ്പിക്കാൻ എനിക്ക് അല്ലേ സാധിക്കൂ?”
യഹോവയിൽ നിന്നുള്ള ആ ചോദ്യങ്ങൾക്ക് ഇയ്യോബ് മറുപടി പറഞ്ഞത് രണ്ടു പ്രാവശ്യം മാത്രമാണ്. ഇയ്യോബ് വാദിച്ചില്ല. ന്യായീകരിച്ചില്ല. താഴ്മയോടെ, തന്റെ അറിവ് എത്ര പരിമിതമാണെന്നു സമ്മതിച്ചു. താൻ ചിന്തിക്കാതെ പറഞ്ഞ കാര്യങ്ങളെക്കുറിച്ചോർത്ത് അദ്ദേഹം പശ്ചാത്തപിച്ചു. (ഇയ്യോബ് 40:4,5; 42:1-6) വിശ്വാസത്തിന്റെ കാര്യത്തിൽ ഇയ്യോബ് വെച്ച മികച്ച മാതൃകയാണ് നാം ഇവിടെ കാണുന്നത്. ഇത്രയൊക്കെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നിട്ടും ഇയ്യോബ് ശക്തമായ വിശ്വാസം കാണിച്ചു. യഹോവ നൽകിയ തിരുത്തൽ മനസ്സോടെ ഇയ്യോബ് സ്വീകരിച്ചു. തന്റെ മനോഭാവത്തിന് അദ്ദേഹം മാറ്റം വരുത്തി. ചില കാര്യങ്ങൾ മനസ്സിരുത്തി ചിന്തിക്കാൻ ഇതു നമ്മളെയും പ്രേരിപ്പിക്കും. ‘എനിക്ക് തിരുത്തലും ഉപദേശവും ലഭിക്കുമ്പോൾ ഞാൻ അത് താഴ്മയോടെ സ്വീകരിക്കുന്നുണ്ടോ?’ നമുക്ക് എല്ലാവർക്കും സഹായം ആവശ്യമാണ്. അത് സ്വീകരിക്കാൻ നമ്മൾ മനസ്സ് കാണിക്കുമ്പോൾ ഇയ്യോബിന്റെ വിശ്വാസം നമ്മളും പകർത്തുകയായിരിക്കും.
“നിങ്ങൾ എന്നെക്കുറിച്ച് സത്യം പറഞ്ഞില്ല”
വേദനിച്ചിരിക്കുന്ന ഇയ്യോബിനെ യഹോവ ഇപ്പോൾ ആശ്വസിപ്പിക്കുന്നു. മൂന്നു വ്യാജാശ്വാസകരിൽ മുതിർന്നയാളായിരിക്കാൻ സാധ്യതയുള്ള എലീഫസിനോട് യഹോവ ഇങ്ങനെ പറയുന്നു: “എനിക്കു നിന്നോടും നിന്റെ രണ്ടു കൂട്ടുകാരോടും കടുത്ത ദേഷ്യം തോന്നുന്നു. കാരണം, എന്റെ ദാസനായ ഇയ്യോബ് എന്നെക്കുറിച്ച് സത്യമായ കാര്യങ്ങൾ പറഞ്ഞതുപോലെ നിങ്ങൾ എന്നെക്കുറിച്ച് സത്യം പറഞ്ഞില്ല.” (ഇയ്യോബ് 42:7) ആ വാക്കുകളെക്കുറിച്ച് ഒന്ന് ചിന്തിക്കുക. അവർ മൂന്നു പേരും പറഞ്ഞ കാര്യങ്ങൾ മുഴുവൻ വ്യാജമായിരുന്നെന്നോ ഇയ്യോബ് പറഞ്ഞ കാര്യങ്ങൾ അപ്പാടേ ശരിയായിരുന്നെന്നോ ആണോ യഹോവ ഉദ്ദേശിച്ചത്? ഒരിക്കലുമല്ല.c എന്നാൽ ഇയ്യോബിനും ആ ആരോപകർക്കും തമ്മിൽ വലിയൊരു വ്യത്യാസമുണ്ടായിരുന്നു. ഇയ്യോബ് വ്യാജാരോപണങ്ങൾ കേട്ട് ദുഃഖത്തിൽ മുങ്ങിത്താഴ്ന്ന ഒരു അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ ചില സന്ദർഭങ്ങളിൽ അദ്ദേഹം ബുദ്ധിശൂന്യമായി സംസാരിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാൽ എലീഫസിന്റെയും ആ രണ്ടു കൂട്ടുകാരുടെയും സാഹചര്യം ഇയ്യോബിന്റേതുപോലെയായിരുന്നില്ല. യഹോവയിൽ ശക്തമായ വിശ്വാസം ഇല്ലാതിരുന്ന അവർ മനഃപൂർവമാണ് അക്കാര്യങ്ങൾ പറഞ്ഞത്. അവരുടെ വാക്കുകളിൽ അഹങ്കാരം കലർന്നിരുന്നു. അവർ ഇയ്യോബ് എന്ന നിരപരാധിയായ മനുഷ്യനെതിരെ മാത്രമായിരുന്നില്ല സംസാരിച്ചത്, യഹോവയ്ക്ക് എതിരെയും ആയിരുന്നു. ഫലത്തിൽ അവർ ദൈവത്തെ ദുഷ്ടനായ ഒരു വ്യക്തിയായി ചിത്രീകരിച്ചു.
വലിയൊരു ചെലവിൽ തനിക്ക് യാഗം അർപ്പിക്കാൻ യഹോവ അവരോട് ആവശ്യപ്പെട്ടതിൽ ഒട്ടും അതിശയിക്കാനില്ല. അവർ ഏഴു കാളയെയും ഏഴു ചെമ്മരിയാടിനെയും ബലിയർപ്പിക്കണമായിരുന്നു. അത് ഒരു ചെറിയ കാര്യമായിരുന്നില്ല. പിൽക്കാലത്ത് മോശയുടെ നിയമത്തിൽ ഒരു വ്യവസ്ഥ പ്രാബല്യത്തിൽ വന്നു. മഹാപുരോഹിതൻ പാപം ചെയ്ത് ജനത്തിന്റെ മേൽ കുറ്റം വരുത്തിവെച്ചാൽ അദ്ദേഹം പാപത്തിനു പരിഹാരമായി ഒരു കാളക്കുട്ടിയെ യഹോവയ്ക്ക് ബലി അർപ്പിക്കണം. (ലേവ്യ 4:3) നിയമത്തിൽ, മൃഗങ്ങളെ ബലിയർപ്പിക്കാൻ പറഞ്ഞിരിക്കുന്നതിലെ ഏറ്റവും ചെലവേറിയ ഒരു യാഗാർപ്പണമായിരുന്നു ഇത്. ഇതിനു പുറമേ, ഇയ്യോബിനെ കുറ്റപ്പെടുത്തിയ ആ കൂട്ടുകാരുടെ പ്രാർഥനകൾ യഹോവ കേൾക്കണമെങ്കിൽ ഇയ്യോബ് അവർക്കുവേണ്ടി പ്രാർഥിക്കണം എന്നുപോലും യഹോവ പറഞ്ഞു.d (ഇയ്യോബ് 42:8) ദൈവത്തിന്റെ ഈ പ്രസ്താവന ഇയ്യോബിനെ എന്തുമാത്രം ആശ്വസിപ്പിച്ചിരിക്കും! അത് അദ്ദേഹത്തിന്റെ ഹൃദയത്തെ എത്രമാത്രം സന്തോഷിപ്പിച്ചിട്ടുണ്ടാകും! തനിക്കെതിരെ പറഞ്ഞ കാര്യങ്ങളൊക്കെ വ്യാജമാണെന്ന് ഇപ്പോഴിതാ ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. യഹോവ നീതി നടപ്പാക്കുന്നത് ഇയ്യോബ് നേരിട്ട് കണ്ടു!
“എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും.” —ഇയ്യോബ് 42:8.
തന്നെ ഇത്രമാത്രം വേദനിപ്പിച്ച കൂട്ടുകാരോട് ഇയ്യോബ് ക്ഷമിക്കും എന്നും താൻ പറഞ്ഞതുപോലെ അവർക്കുവേണ്ടി പ്രാർഥിക്കും എന്നും യഹോവയക്ക് ഉറപ്പായിരുന്നു. തന്റെ പിതാവിനെ ഇയ്യോബ് നിരാശപ്പെടുത്തിയില്ല. (ഇയ്യോബ് 42:9) ഇയ്യോബിന്റെ അനുസരണം യഹോവയോടുള്ള അദ്ദേഹത്തിന്റെ വിശ്വസ്തതയാണു തെളിയിച്ചത്. അനുസരണത്തിനു വാക്കുകളെക്കാൾ ശക്തിയുണ്ട്. യഹോവയെ അനുസരിച്ചതുകൊണ്ട് ഇയ്യോബിനു ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചു.
‘വാത്സല്യം നിറഞ്ഞ ദൈവം‘
യഹോവ ഇയ്യോബിനോടു “വാത്സല്യവും കരുണയും” കാണിച്ചു. (യാക്കോബ് 5:11) എങ്ങനെയാണ് അത്? യഹോവ ഇയ്യോബിനു വീണ്ടും നല്ല ആരോഗ്യം കൊടുത്തു. എലീഹു പറഞ്ഞിരുന്നതുപോലെ തന്റെ ‘ശരീരം ചെറുപ്പകാലത്തെക്കാൾ ആരോഗ്യമുളളതായിത്തീർന്നപ്പോൾ’ ഇയ്യോബിന് എത്ര സന്തോഷം തോന്നിക്കാണും! ഒടുവിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തിനുവേണ്ട സഹായവും പിന്തുണയും നൽകുന്നു. യഹോവ ഇയ്യോബിനു മുമ്പുണ്ടായിരുന്ന സ്വത്തിന്റെ ഇരട്ടി തിരികെ കൊടുക്കുന്നു. എന്നാൽ ഇയ്യോബിനെ ഏറ്റവും അധികം വിഷമിപ്പിച്ച കാര്യമായിരുന്നു മക്കളുടെ വേർപാട്. ആ വേദനയുടെ കാര്യമോ? യഹോവ ഇയ്യോബിനും ഭാര്യക്കും വീണ്ടും പത്തു മക്കൾ ജനിക്കാൻ ഇടയാക്കിക്കൊണ്ട് വേദനയുടെ ആഴം കുറച്ചു. കൂടാതെ, ഇയ്യോബിന്റെ ആയുസ്സ് യഹോവ അത്ഭുതകരമായി കൂട്ടി. ഇയ്യോബ് അതിനു ശേഷം 140 വർഷം ജീവിച്ചു. മക്കളെയും കൊച്ചുമക്കളെയും അങ്ങനെ നാലു തലമുറവരെ അദ്ദേഹം കണ്ടു. “സംതൃപ്തവും സുദീർഘവും ആയ ജീവിതത്തിന് ഒടുവിൽ ഇയ്യോബ് മരിച്ചു” എന്നു നമ്മൾ വായിക്കുന്നു. (ഇയ്യോബ് 42:10-17) ഭാവിയിൽ പറുദീസയിൽ ഇയ്യോബും ഭാര്യയും കുടുംബാംഗങ്ങളും വീണ്ടും ഒന്നിക്കും. പണ്ടു സാത്താൻ കവർന്ന തന്റെ പത്തു മക്കളെയും ഇയ്യോബിന് അന്ന് തിരിച്ചുകിട്ടും.—യോഹന്നാൻ 5:28,29.
യഹോവ എന്തുകൊണ്ടാണ് ഇയ്യോബിനെ ഇത്ര സമൃദ്ധമായി അനുഗ്രഹിച്ചത്? ‘ഇയ്യോബ് സഹിച്ചുനിന്നു’ എന്ന് ബൈബിൾ പറയുന്നു. (യാക്കോബ് 5:11) നമുക്കു ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറം ദുരിതങ്ങളും ബുദ്ധിമുട്ടുകളും ഇയ്യോബ് സഹിച്ചുനിന്നു. ‘സഹിച്ചുനിന്നു’ എന്ന പദം സൂചിപ്പിക്കുന്നത് ഇയ്യോബ് തനിക്കുണ്ടായ പരിശോധനകളെ എങ്ങനെയൊക്കയോ അതിജീവിച്ചു എന്നല്ല. മറിച്ച് യഹോവയോടുള്ള വിശ്വാസത്തിനും സ്നേഹത്തിനും ഒട്ടും ഇളക്കം തട്ടാതെ അതിനെ മറികടന്നു എന്നാണ്. തന്നെ മനഃപൂർവ്വം ദ്രോഹിക്കാൻ ശ്രമിച്ച വ്യക്തികളോടുപോലും ഇയ്യോബ് ദേഷ്യവും നീരസവും വെക്കാതെ മനസ്സോടെ ക്ഷമിച്ചു. തനിക്കു കൈമുതലായി ഉണ്ടായിരുന്ന ഏറ്റവും മൂല്യമേറിയ സ്വത്ത്, ദൈവത്തോടുള്ള വിശ്വസ്തത അല്ലെങ്കിൽ നിഷ്കളങ്കത അദ്ദേഹം കൈവിട്ടില്ല. അത് കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചു.—ഇയ്യോബ് 27:5.
നമ്മളും സഹിച്ചുനിൽക്കണം. സാത്താൻ ഇയ്യോബിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. അതുപോലെ നമ്മളെയും നിരുത്സാഹപ്പെടുത്താൻ ശ്രമിക്കും എന്ന കാര്യം ഉറപ്പാണ്. എന്നാൽ വിശ്വസ്തരായി സഹിച്ചുനിൽക്കുകയും താഴ്മയോടിരിക്കുകയും ക്ഷമിക്കാൻ മനസ്സുകാണിക്കുകയും നമ്മുടെ നിഷ്കളങ്കത കാത്തുസൂക്ഷിക്കാൻ നിശ്ചയിച്ചുറയ്ക്കുകയും ചെയ്താൽ നമുക്കു ശോഭനമായ ഭാവിയുണ്ടാകും. (എബ്രായർ 10:36) നമ്മളും ഇയ്യോബിനെപ്പോലെ വിശ്വസ്തരായിരുന്നാൽ അതു സാത്താനെ അസ്വസ്ഥനാക്കും. എന്നാൽ നമ്മളെ സ്നേഹിക്കുന്ന യഹോവയെ അതു വളരെയധികം സന്തോഷിപ്പിക്കും!
a എലീഫസും ബിൽദാദും സോഫറും ഇയ്യോബിനോടു കുറെയേറെ കാര്യങ്ങൾ സംസാരിച്ചു. ബൈബിളിൽ ഒൻപത് അധ്യായങ്ങളിലായാണ് അവ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. പക്ഷേ ആ ഭാഗങ്ങളിൽ ഒരിടത്തുപോലും അവർ ഇയ്യോബിനെ പേരെടുത്ത് വിളിച്ചതായിട്ട് കാണുന്നില്ല.
b ചില കാര്യങ്ങൾ വർണ്ണിക്കുന്നതിനിടെ യഹോവ പെട്ടെന്ന് അക്ഷരീയ വർണന വിട്ട് ആലങ്കാരിക വർണനകൾ ഉപയോഗിക്കുന്നതായി കാണാം. (അതിന് ഉദാഹരണമാണ് ഇയ്യോബ് 41:1,7, 8, 19-21 വാക്യങ്ങൾ.) ഈ രണ്ടു രീതിയുടെയും ഉദ്ദേശ്യം ഇയ്യോബിനു സ്രഷ്ടാവിനോടുള്ള ആദരവ് കൂട്ടുക എന്നതായിരുന്നു.
c വാസ്തവത്തിൽ എലീഫസിന്റെ ഒരു പ്രസ്താവന ഒരു പൊതുതത്ത്വം എന്ന നിലയിൽ പൗലോസ് പിന്നീട് ഉദ്ധരിച്ചു. (ഇയ്യോബ് 5:13; 1 കൊരിന്ത്യർ 3:19) എലീഫസ് പറഞ്ഞത് സത്യമായിരുന്നെങ്കിലും, അത് ഇയ്യോബിന്റെ കാര്യത്തിൽ സത്യമായിരുന്നില്ല.
d ഭാര്യക്കുവേണ്ടി ഇതുപോലൊരു യാഗാർപ്പണം നടത്താൻ ഇയ്യോബിനോട് ആവശ്യപ്പെട്ടതായി ബൈബിളിൽ ഇല്ല.