ബൈബിളിന്റെ വീക്ഷണം
ബൈബിളും ശാസ്ത്രവും യോജിപ്പിലാണോ?
വിമാനങ്ങളും ആറ്റംബോംബുകളും മുതൽ കോശങ്ങളുടെ ജനിതകപരമായ കൈകാര്യംചെയ്യലും ആടുകളുടെ ക്ലോണിങ്ങും വരെ സാധ്യമായിരിക്കുന്ന നമ്മുടെ 20-ാം നൂറ്റാണ്ട് ശാസ്ത്രത്താൽ ഭരിക്കപ്പെടുന്ന ഒരു യുഗമാണ്. ശാസ്ത്രജ്ഞന്മാർ മനുഷ്യരെ ചന്ദ്രനിലെത്തിക്കുകയും വസൂരി നിർമാർജനം ചെയ്യുകയും കാർഷികമേഖലയിൽ വിപ്ലവം സൃഷ്ടിക്കുകയും ശതകോടിക്കണക്കിനാളുകൾക്കു തത്ക്ഷണ ലോകവ്യാപക ആശയവിനിയമം സാധ്യമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, ശാസ്ത്രജ്ഞന്മാർ പറയുന്നത് ആളുകൾ അംഗീകരിക്കുന്നതിൽ അതിശയമില്ല. എന്നാൽ ശാസ്ത്രജ്ഞന്മാർക്ക് ബൈബിളിനെക്കുറിച്ച് എന്താണു പറയാനുള്ളത്? അതുപോലെതന്നെ ശാസ്ത്രത്തെക്കുറിച്ച് ബൈബിൾ നമ്മോട് എന്താണു പറയുന്നത്?
അത്ഭുതങ്ങൾ അശാസ്ത്രീയമോ?
“ശാസ്ത്രീയ ചിന്താഗതിയുള്ള ആളുകൾ ഒരു ‘കാര്യകാരണ’ ബന്ധത്തിൽ വിശ്വസിക്കുന്നു. എല്ലാറ്റിനും തികച്ചും പ്രകൃതിസിദ്ധമായ ഒരു വിശദീകരണം ഉണ്ടെന്ന് അവർ വിചാരിക്കുന്നു” എന്ന് ഒരു സമകാലീന വിജ്ഞാനകോശം പ്രസ്താവിക്കുന്നു. ബൈബിൾ പഠിതാക്കളും സുസ്ഥാപിതമായ ശാസ്ത്രീയ തത്ത്വങ്ങൾ അംഗീകരിക്കുന്നു. എന്നാൽ, ഏതൽക്കാല അറിവിന്റെ വെളിച്ചത്തിൽ ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിയാത്ത അത്ഭുത സംഭവങ്ങളെക്കുറിച്ച് ബൈബിൾ പലയിടത്തും ചർച്ചചെയ്യുന്നതായി അവർ മനസ്സിലാക്കുന്നു. യോശുവയുടെ നാളിൽ സൂര്യൻ നിശ്ചലമായി നിന്നതും യേശു വെള്ളത്തിന്റെ മുകളിലൂടെ നടന്നതുമൊക്കെ ഉദാഹരണങ്ങളാണ്. (യോശുവ 10:12, 13; മത്തായി 14:23-34) എന്നാൽ, ഈ അത്ഭുതങ്ങൾ, ദൈവത്തിന്റെ ശക്തി അമാനുഷികമായ വിധത്തിൽ പ്രവർത്തിച്ചതിന്റെ ഫലമായിട്ടുള്ളവയായി അവതരിപ്പിച്ചിരിക്കുന്നു.
ഈ ആശയം പ്രധാനപ്പെട്ടതാണ്. ദിവ്യ സഹായം കൂടാതെ മനുഷ്യർക്കു വെള്ളത്തിന്റെ മുകളിലൂടെ നടക്കാൻ കഴിയുമെന്നോ ആകാശത്തിലൂടെയുള്ള സൂര്യന്റെ പ്രത്യക്ഷ ചലനം യാതൊരു കാരണവും കൂടാതെ നിർത്താൻ കഴിയുമെന്നോ ബൈബിൾ തറപ്പിച്ചു പറഞ്ഞിരുന്നെങ്കിൽ അത് ശാസ്ത്ര വസ്തുതകൾക്കു വിരുദ്ധമായിരിക്കുന്നതായി തോന്നുമായിരുന്നു. എന്നാൽ, ദൈവത്തിന്റെ ശക്തിയാണ് അത്തരം സംഭവങ്ങൾക്കിടയാക്കിയത് എന്നു പറയുമ്പോൾ അതു ശാസ്ത്രത്തിനു വിരുദ്ധമായി സംസാരിക്കുന്നതിനു പകരം ശാസ്ത്രത്തിന് ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു സംഗതിയിലേക്കു ചർച്ചയെ നയിക്കുകയാണു ചെയ്യുന്നത്.
ബൈബിൾ ശാസ്ത്രത്തിനു വിരുദ്ധമോ?
അതേസമയം, ബൈബിൾ ആളുകളുടെ ജീവിതത്തിലെ സാധാരണ സംഭവങ്ങളെക്കുറിച്ചു ചർച്ചചെയ്യുകയോ സസ്യങ്ങൾ, ജന്തുക്കൾ, പ്രാകൃതിക പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളെക്കുറിച്ചെന്ത്? രസകരമെന്നു പറയട്ടെ, ആ പ്രസ്താവനകളുടെ സന്ദർഭം കണക്കിലെടുക്കുമ്പോൾ അത്തരം കേസുകളിൽ ബൈബിൾ അറിയപ്പെടുന്ന ശാസ്ത്ര വസ്തുതകൾക്കു വിരുദ്ധമായി സംസാരിക്കുന്നതിന്റെ തെളിയിക്കപ്പെട്ട യാതൊരു ഉദാഹരണവുമില്ല.
ഉദാഹരണത്തിന്, ബൈബിൾ പലപ്പോഴും, ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന ആളുകളുടെ ഗ്രഹണപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്ന കാവ്യ ഭാഷ ഉപയോഗിക്കുന്നു. “ലോഹദർപ്പണംപോലെ ഉറപ്പുള്ള” ആകാശത്തെ യഹോവ അടിക്കുന്നതിനെക്കുറിച്ചോ ആകൃതിപ്പെടുത്തുന്നതിനെക്കുറിച്ചോ ഇയ്യോബിന്റെ പുസ്തകം പറയുമ്പോൾ അത് ഉചിതമായും ആകാശത്തെ നന്നായി പ്രതിഫലിക്കുന്ന ഒരു ലോഹദർപ്പണമായി വർണിക്കുന്നു. (ഇയ്യോബ് 37:18) ഈ ചിത്രീകരണത്തെ അക്ഷരാർഥത്തിൽ എടുക്കേണ്ട കാര്യമില്ല, ഭൂമിക്ക് ‘പൊഴിയുള്ള ആധാരങ്ങളോ’ ‘മൂലക്കല്ലോ’ ഉള്ളതായുള്ള ചിത്രീകരണത്തെ അക്ഷരാർഥത്തിൽ എടുക്കുകയില്ലാത്തതുപോലെതന്നെ.—ഇയ്യോബ് 38:4-7, NW.
അനേകം ഭാഷ്യകാരൻമാർ അത്തരം ചിത്രീകരണങ്ങളെ അക്ഷരംപ്രതി എടുത്തിട്ടുള്ളതുകൊണ്ട് ഈ സംഗതി പ്രധാനമാണ്. (2 ശമൂവേൽ 22:8; സങ്കീർത്തനം 78:23, 24 എന്നിവ കാണുക.) ബൈബിൾ പിൻവരുന്നതുപോലുള്ള എന്തോ പഠിപ്പിക്കുന്നുണ്ടെന്ന് അവർ നിഗമനം ചെയ്തിരിക്കുന്നു, ദി ആങ്കർ ബൈബിൾ ഡിക്ഷ്നറിയിൽനിന്നുള്ള ഉദ്ധരണിയാണിത്.
“മനുഷ്യവർഗം പാർക്കുന്ന ഭൂമി, ഉരുണ്ട ഒരു ഖര വസ്തുവാണെന്ന്, ഒരുപക്ഷേ സീമയില്ലാത്ത ജലപ്പരപ്പിൽ പൊന്തിക്കിടക്കുന്ന ഒരു തളികയാണെന്ന് വിചാരിക്കപ്പെടുന്നു. താഴെയുള്ള ഈ ജലശേഖരത്തിനു സമാന്തരമായി മുകളിൽ മറ്റൊരു ജലശേഖരമുണ്ട്. അതും നിസ്സീമമാണ്. ഇതിൽനിന്നാണ് ജലം മഴയുടെ രൂപത്തിൽ പെയ്യുന്നത്. ആകാശ ജലസംഭരണിയിലെ ദ്വാരങ്ങളിലൂടെയും കുഴലുകളിലൂടെയും ആണ് വെള്ളം താഴേക്കു പോരുന്നത്. ഭൂമിക്കു മുകളിലെ കമാനാകൃതിയിലുള്ള വളവിൽ ചന്ദ്രനും സൂര്യനും മറ്റു പ്രകാശഗോളങ്ങളും ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ഘടന പുരോഹിതന്മാരുടെ വിവരണത്തിലെ സുപരിചിതമായ ‘നഭോമണ്ഡലം’ (റേക്വിയ) ആണ്.”
ഈ വിവരണം ആധുനിക ശാസ്ത്രവുമായി ചേർച്ചയിലല്ലെന്നുള്ളതു വ്യക്തം. എന്നാൽ ആകാശത്തെ സംബന്ധിച്ചു ബൈബിൾ പഠിപ്പിക്കുന്നതിന്റെ സത്യസന്ധമായ ഒരു വിലയിരുത്തലാണോ ഇത്? ഒരിക്കലുമല്ല. എബ്രായ തിരുവെഴുത്തിൽ പരാമർശിച്ചിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള അത്തരം വർണനകൾ “പ[ഴയ] നി[യമ]ത്തിലെ യഥാർഥത്തിലുള്ള ഏതെങ്കിലും പ്രസ്താവനകളിൽ അടിസ്ഥാനപ്പെട്ടവയായിരിക്കുന്നതിനു പകരം മധ്യയുഗങ്ങളിൽ യൂറോപ്പിൽ പ്രബലപ്പെട്ടിരുന്ന ആശയങ്ങളിൽ അടിസ്ഥാനപ്പെട്ടവയാണ്” എന്ന് ദി ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബൈബിൾ എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു. ആ മധ്യകാല ആശയങ്ങൾ എവിടെനിന്നു വന്നവയാണ്? പാശ്ചാത്യ ശാസ്ത്രത്തിന്റെ തുടക്കങ്ങൾ (ഇംഗ്ലീഷ്) എന്നതിൽ ഡേവിഡ് സി. ലിൻഡ്ബെർഗ് വിശദീകരിക്കുന്ന പ്രകാരം, അവ ഒരു വലിയ അളവിൽ പുരാതന ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചഘടനാശാസ്ത്രത്തിൽ അടിസ്ഥാനപ്പെട്ടവയായിരുന്നു. മധ്യകാല പഠനത്തിലധികവും അടിസ്ഥാനപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ കൃതികളിലായിരുന്നു.
20-ാം നൂറ്റാണ്ടിലെ ഒരു ശാസ്ത്രജ്ഞന് ആകർഷകമായ ഭാഷയിൽ ബൈബിൾ എഴുതുന്നത് ദൈവത്തെ സംബന്ധിച്ചിടത്തോളം നിരർഥകവും ഉദ്ദേശ്യരഹിതവും ആയിരിക്കുമായിരുന്നു. ശാസ്ത്രീയ സൂത്രവാക്യങ്ങൾക്കുപകരം ബൈബിളിലുള്ളത് അതാദ്യം എഴുതിയ ആളുകളുടെ നിത്യ ജീവിതത്തിൽനിന്നുമെടുത്ത ജീവസ്സുറ്റ ദൃഷ്ടാന്തങ്ങളാണ്, ഇന്നും സമയാതീത സ്വാധീനം ചെലുത്തുന്ന സുസ്പഷ്ടമായ വിവരണങ്ങൾ തന്നെ.—ഇയ്യോബ് 38:8-38; യെശയ്യാവു 40:12-23.
ഒരു ഉയർന്ന സ്രോതസ്സിൽനിന്നുള്ള വിജ്ഞാനം
എന്നിരുന്നാലും, രസകരമെന്നു പറയട്ടെ, ചില ബൈബിൾ പരാമർശങ്ങൾ അന്നു ജീവിച്ചിരുന്ന ആളുകൾക്കു ലഭ്യമല്ലായിരുന്ന ശാസ്ത്രീയ വിജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നതായി കാണപ്പെടുന്നു. ദൈവം “ഉത്തരദിക്കിനെ . . . ശൂന്യത്തിന്മേൽ വിരിക്കുന്ന”തായും “ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്ന”തായും ഇയ്യോബ് വർണിക്കുന്നു. (ഇയ്യോബ് 26:7) ഭൂമിയെ “നാസ്തിത്വത്തിന്മേൽ” തൂക്കിയിരിക്കുന്നു എന്ന ആശയം, ആനകളോ കടലാമകളോ ഭൂമിയെ താങ്ങിനിർത്തിയിരിക്കുന്നു എന്നു വിശ്വസിച്ചിരുന്ന മിക്ക പുരാതന ആളുകളുടെയും കെട്ടുകഥകളിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു. ശുചിത്വം സംബന്ധിച്ച മോശൈക ന്യായപ്രമാണത്തിലെ നിബന്ധനകൾ അക്കാലത്തെ വൈദ്യ പരിജ്ഞാനത്തെക്കാൾ വളരെ മികച്ചതായിരുന്നു. കുഷ്ഠരോഗികളെന്നു സംശയിക്കപ്പെട്ടിരുന്ന ആളുകളുടെ സംസർഗം ഒഴിവാക്കുന്നതിനുള്ള നിയന്ത്രണങ്ങളും മരിച്ചവരെ തൊടുന്നതു സംബന്ധിച്ച വിലക്കും അനേകം ഇസ്രായേല്യരുടെ ജീവൻ രക്ഷിച്ചുവെന്നതിനു സംശയമില്ല. (ലേവ്യപുസ്തകം 13; സംഖ്യാപുസ്തകം 19:11-16) ഇതിനു കടകവിരുദ്ധമായി, അസീറിയക്കാരുടെ വൈദ്യ നടപടികളെ “മതത്തിന്റെയും ഭാവികഥനവിദ്യയുടെയും ഭൂതവിദ്യയുടെയും ഒരു മിശ്രിതം” എന്നു വർണിച്ചിരിക്കുന്നു. പട്ടിക്കാഷ്ഠവും മനുഷ്യ മൂത്രവും ഉപയോഗിച്ചുള്ള ചികിത്സകൾ അവയിൽ ഉൾപ്പെട്ടിരുന്നു.
ദൈവത്താൽ നിശ്വസ്തമായ ഒരു പുസ്തകത്തിൽനിന്ന് ഒരുവൻ പ്രതീക്ഷിക്കുന്നതുപോലെ ബൈബിൾ, അതെഴുതപ്പെട്ട കാലത്തെക്കാൾ വളരെ പുരോഗമിച്ച രീതിയിൽ ശാസ്ത്രീയമായി കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളുന്നു. എന്നാൽ അത് പുരാതന ആളുകൾക്ക് അർഥം പിടികിട്ടാത്തതോ ആശയക്കുഴപ്പം ഉണ്ടാക്കുന്നതോ ആയ ശാസ്ത്രീയ വിശദീകരണങ്ങളിൽ മുഴുകിപ്പോയിട്ടുമില്ല. അറിയപ്പെടുന്ന ശാസ്ത്രീയ വസ്തുതകൾക്കു വിരുദ്ധമായ യാതൊന്നും ബൈബിളിലില്ല. അതേസമയംതന്നെ, പരിണാമസിദ്ധാന്തം പോലെയുള്ള തെളിയിക്കപ്പെടാത്ത സിദ്ധാന്തങ്ങളുമായി ചേർച്ചയിലല്ലാത്ത വളരെയധികം കാര്യങ്ങൾ ബൈബിളിലുണ്ട്.
[27-ാം പേജിലെ ആകർഷകവാക്യം]
‘ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കി’യിരിക്കുന്നു എന്ന ഇയ്യോബിന്റെ അഭിപ്രായം അവന്റെ സമകാലീനർക്കു ലഭ്യമല്ലായിരുന്ന വിജ്ഞാനത്തെ സൂചിപ്പിക്കുന്നു
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA