ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുപ്പിൻ
“എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല.”—സങ്കീർത്തനം 40:5.
1, 2. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികൾ സംബന്ധിച്ച് നമുക്ക് എന്തു തെളിവുണ്ട്, അത് എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം?
തന്റെ പുരാതന ജനതയായ ഇസ്രായേലിനു വേണ്ടി ദൈവം വിസ്മയകരമായ കാര്യങ്ങൾ ചെയ്തതായി ബൈബിളിൽനിന്നു നിങ്ങൾക്ക് കാണാൻ കഴിയും. (യോശുവ 3:5; സങ്കീർത്തനം 106:7, 21, 22) മനുഷ്യ കാര്യാദികളിൽ ദൈവം ഇപ്പോൾ ആ വിധത്തിൽ ഇടപെടുന്നില്ലെങ്കിലും, അവന്റെ വിസ്മയകരമായ പ്രവൃത്തികൾ സംബന്ധിച്ച ധാരാളം തെളിവുകൾ നമുക്കു ചുറ്റും കാണാൻ കഴിയും. അതുകൊണ്ട് സങ്കീർത്തനക്കാരനോടു ചേർന്ന് നമുക്കും ഇങ്ങനെ പറയാൻ കാരണമുണ്ട്: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.”—സങ്കീർത്തനം 104:24; 148:1-5.
2 സ്രഷ്ടാവിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച അത്തരം വ്യക്തമായ തെളിവ് ഇന്നു പലരും അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നു. (റോമർ 1:20) എന്നിരുന്നാലും, നാം അവയെ കുറിച്ചു ധ്യാനിക്കുന്നതും സ്രഷ്ടാവിന്റെ മുമ്പാകെയുള്ള നമ്മുടെ നിലപാടിനെ കുറിച്ചും അവനോടു ബന്ധപ്പെട്ട നമ്മുടെ ചുമതലയെ കുറിച്ചും വ്യക്തമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നതും പ്രധാനമാണ്. ഇയ്യോബ് 38 മുതൽ 41 വരെയുള്ള അധ്യായങ്ങൾ ഇക്കാര്യത്തിൽ വലിയ സഹായമാണ്. കാരണം, തന്റെ വിസ്മയകരമായ പ്രവൃത്തികളിൽ ചിലത് യഹോവ അവിടെ ഇയ്യോബിന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. ദൈവം ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങളിൽ ചിലതു പരിചിന്തിക്കുക.
ശക്തവും വിസ്മയകരവുമായ പ്രവൃത്തികൾ
3. ഇയ്യോബ് 38:22, 23, 25-29-ൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ, ഏതു കാര്യങ്ങളെ കുറിച്ചാണ് ദൈവം ചോദിച്ചത്?
3 ഒരു ഘട്ടത്തിൽ ദൈവം ഇയ്യോബിനോട് ഇങ്ങനെ ചോദിച്ചു: “നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചു വെച്ചിരിക്കുന്നു.” അനേകം സ്ഥലങ്ങളിൽ ഹിമവും കന്മഴയും വളരെ സാധാരണമാണ്. ദൈവം തുടർന്നു പ്രസ്താവിച്ചു: “നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാർ? മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ? ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു?”—ഇയ്യോബ് 38:22, 23, 25-29.
4-6. ഏത് അർഥത്തിൽ ഹിമത്തെ കുറിച്ചുള്ള മനുഷ്യന്റെ അറിവ് അപൂർണമാണ്?
4 തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരും യാത്ര ചെയ്യേണ്ടവരുമായവർ ഹിമത്തെ ഒരു തടസ്സമായി കണ്ടേക്കാം. എന്നാൽ നിരവധി ആളുകൾ ഹിമത്തെ സന്തോഷം പകരുന്ന ഒന്നായി വീക്ഷിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ശീതകാലത്തെ ഹിമം, അനേകം വിനോദ പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കുന്നു. എന്നിരുന്നാലും, ദൈവത്തിന്റെ ചോദ്യം കണക്കിലെടുക്കുമ്പോൾ ഹിമത്തെ കുറിച്ച് നിങ്ങൾക്കു കൃത്യമായ അറിവുണ്ടോ, കുറഞ്ഞപക്ഷം അത് എങ്ങനെയിരിക്കുന്നു എന്നതിനെ കുറിച്ചെങ്കിലും? വലിയൊരു ഹിമശേഖരം എങ്ങനെയിരിക്കുമെന്നു നേരിട്ടോ ചിത്രങ്ങളിലോ നാം കണ്ടിട്ടുണ്ടായിരിക്കാം. എന്നാൽ ഓരോ ഹിമപാളിയുടെയും കാര്യമോ? അതിന്റെ ഘടന എന്താണെന്നു നിങ്ങൾക്ക് അറിയാമോ? അതിന്റെ ഉറവിടത്തിൽത്തന്നെ നിങ്ങൾ അവയെ പരിശോധിച്ചിട്ടുണ്ടോ?
5 ചിലർ പതിറ്റാണ്ടുകളോളം ഹിമപാളികളെ കുറിച്ചു പഠിക്കുകയും അവയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. മനോഹരമായ ഭിന്ന രൂപങ്ങളിലുള്ള നൂറോളം നേർത്ത ഹിമപരലുകൾ ചേന്നതാകാം ഒരു ഹിമപാളി. അന്തരീക്ഷം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “അനവധി രൂപങ്ങളിലുള്ള ഹിമകണങ്ങൾ ഉണ്ടെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന സംഗതിയാണ്. സമരൂപങ്ങളായ ഹിമപാളികൾ ഉണ്ടാകുന്നതിനെ തടയുന്ന യാതൊരു പ്രകൃതി നിയമവും ഇല്ലെന്ന് ശാസ്ത്രജ്ഞന്മാർ തറപ്പിച്ചു പറയുന്നുണ്ടെങ്കിലും, തികച്ചും ഒരേപോലുള്ള രണ്ടു ഹിമപാളികളെ ഒരിക്കലും കണ്ടെത്തിയിട്ടില്ല. . . . വിൽസൺ എ. ബെന്റ്ലി അതിവിപുലമായ ഒരു അന്വേഷണംതന്നെ നടത്തി. ഒരു സൂക്ഷ്മദർശിനിയിലൂടെ ഹിമപാളികളെ പരിശോധിക്കുകയും അവയുടെ ഫോട്ടോകൾ എടുക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം 40-ലേറെ വർഷങ്ങൾ ചെലവഴിച്ചെങ്കിലും, കൃത്യമായും ഒരേപോലുള്ള ഹിമപാളികളെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.” ഒരേ പോലുള്ള രണ്ടെണ്ണം അത്യപൂർവമായി കണ്ടെത്തിയാൽത്തന്നെ ഹിമപാളികളുടെ വിസ്മയകരമായ വൈവിധ്യം എന്ന അത്ഭുതത്തിന് അതു മാറ്റം വരുത്തുമോ?
6 ദൈവത്തിന്റെ ചോദ്യം ഓർമിക്കുക: “നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ?” ഹിമത്തിന്റെ ഉത്ഭവസ്ഥാനം, അല്ലെങ്കിൽ ഭണ്ഡാരം മേഘങ്ങളാണെന്ന് പലരും വിചാരിക്കുന്നു. അസംഖ്യം വകഭേദങ്ങളുള്ള ഹിമപരലുകളുടെ കണക്കെടുക്കാനും അവ ഉണ്ടാകുന്ന വിധം പഠിക്കാനും അത്തരമൊരു ഭണ്ഡാരത്തിലേക്കു പോകുന്നതിനെ കുറിച്ച് നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ? ഒരു ശാസ്ത്ര വിശ്വവിജ്ഞാനകോശം ഇങ്ങനെ പറയുന്നു: “മൈനസ് 40 ഡിഗ്രി സെൽഷ്യസിൽ മേഘത്തുള്ളികൾ ഉറയാൻ ഇടയാക്കുന്ന ഐസ് ന്യൂക്ലിയസുകളുടെ സ്വഭാവവും ഉത്ഭവവും ഇപ്പോഴും വ്യക്തമല്ല.”—സങ്കീർത്തനം 147:16, 17; യെശയ്യാവു 55:9, 10.
7. മഴയെ സംബന്ധിച്ച മനുഷ്യന്റെ അറിവ് എത്ര പരിമിതമാണ്?
7 മഴയുടെ കാര്യമോ? ദൈവം ഇയ്യോബിനോട് ഇങ്ങനെ ചോദിച്ചു: “മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ?” മുമ്പു പ്രസ്താവിച്ച അതേ ശാസ്ത്ര വിശ്വവിജ്ഞാനകോശം ഇങ്ങനെ പറയുന്നു: “മേഘങ്ങളും ജലത്തിന്റെ ഘനീഭവിക്കലും എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ച് വിശദമായ ഒരു പൊതു സിദ്ധാന്തം ഉണ്ടാക്കിയെടുക്കുക അസാധ്യമാണെന്നു തോന്നുന്നു. കാരണം, അന്തരീക്ഷ ചലനങ്ങൾ സങ്കീർണവും വായുവിലെ ബാഷ്പവും കണികകളും വളരെയേറെ വ്യതിയാനങ്ങൾക്കു വിധേയവുമാണ്.” ലളിതമായി പറഞ്ഞാൽ, വിശദാംശങ്ങളോടു കൂടിയ സിദ്ധാന്തങ്ങൾ ശാസ്ത്രജ്ഞർ മുന്നോട്ടു വെച്ചിട്ടുണ്ടെങ്കിലും അവർക്കു യഥാർഥത്തിൽ മഴയെ പൂർണമായി വിശദീകരിക്കാൻ കഴിയുന്നില്ല. എന്നിരുന്നാലും, വളരെ അനിവാര്യമായ മഴ നമ്മുടെ ഭൂമിയെ നനയ്ക്കുന്നു, സസ്യജാലങ്ങളെ നിലനിറുത്തുന്നു. അങ്ങനെ ജീവിതം സാധ്യവും ഹൃദ്യവുമാക്കുന്നു.
8. പ്രവൃത്തികൾ 14:17-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ വാക്കുകൾ ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
8 അപ്പൊസ്തലനായ പൗലൊസിന്റെ നിഗമനത്തോട് നിങ്ങൾ യോജിക്കുകയില്ലേ? ഈ വിസ്മയകരമായ പ്രവൃത്തികൾ, അവയെ ഉളവാക്കിയവനെ കുറിച്ച് എന്തു സാക്ഷ്യം പറയുന്നുവെന്നു പരിചിന്തിക്കാൻ അവൻ മറ്റുള്ളവരെ ഉദ്ബോധിപ്പിച്ചു. യഹോവയാം ദൈവത്തെ കുറിച്ച് പൗലൊസ് പറഞ്ഞു: “അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.”—പ്രവൃത്തികൾ 14:17; സങ്കീർത്തനം 147:8.
9. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികൾ അവന്റെ വലിയ ശക്തിയെ പ്രകടിപ്പിക്കുന്നത് എങ്ങനെ?
9 വിസ്മയകരവും ഗുണകരവുമായ ഈ പ്രവൃത്തികൾ ചെയ്തവന് അതിരറ്റ ജ്ഞാനവും അത്യധികമായ ശക്തിയും ഉണ്ടെന്നതിന് യാതൊരു സംശയവും ഇല്ല. അവന്റെ ശക്തിയുടെ ഒരു ദൃഷ്ടാന്തം ചിന്തിക്കുക: ഓരോ ദിവസവും 45,000 പ്രാവശ്യം ഇടിമിന്നലോടു കൂടിയ പേമാരി ഉണ്ടാകുന്നതായി പറയപ്പെടുന്നു. അതായത് ഒരു വർഷം ഏകദേശം 1.6 കോടിയിലധികം. ഈ ഒരു നിമിഷത്തിൽത്തന്നെ ലോകവ്യാപകമായി ഏകദേശം 2,000 ഇടിമിന്നലുകൾ ഉണ്ടാകുന്നുണ്ട് എന്നാണ് അതിന്റെ അർഥം. ഇടിമിന്നലോടു കൂടിയ ഒരു പേമാരിക്കു കാരണമായ സങ്കീർണമായ മേഘങ്ങൾ, രണ്ടാം ലോകമഹായുദ്ധത്തിൽ വർഷിച്ചതരം പത്തോ അതിലേറെയോ ആറ്റംബോംബുകൾക്കു തുല്യമായ ഊർജം അടങ്ങിയവയാണ്. പ്രൗഢോജ്ജ്വലമായ മിന്നലിന്റെ രൂപത്തിൽ, ആ ഊർജത്തിൽ കുറെ നിങ്ങൾക്കു കാണാൻ കഴിയുന്നു. ശക്തമായ ഇടിമിന്നൽ ഭയഗംഭീരമാണെങ്കിലും, അത് നൈട്രജൻ സംയുക്തങ്ങൾ ഉത്പാദിപ്പിക്കുന്നു. ഈ നൈട്രജൻ സംയുക്തങ്ങൾ മണ്ണിൽ എത്തുകയും ഒരു പ്രകൃതിദത്ത വളം എന്ന നിലയിൽ സസ്യങ്ങൾ അതു വലിച്ചെടുക്കുകയും ചെയ്യുന്നു. മിന്നൽ ഊർജത്തിന്റെ ദൃശ്യരൂപമാണ്, എന്നാൽ അതു യഥാർഥ പ്രയോജനങ്ങളും കൈവരുത്തുന്നു.—സങ്കീർത്തനം 104:14, 15.
നിങ്ങളെ എങ്ങനെ ബാധിക്കുന്നു?
10. ഇയ്യോബ് 38:33-38-ലെ ചോദ്യങ്ങൾക്കു നിങ്ങൾ എങ്ങനെ മറുപടി നൽകും?
10 സർവശക്തനായ ദൈവം ഇയ്യോബിനു പകരം നിങ്ങളോടാണു ചോദ്യങ്ങൾ ചോദിക്കുന്നതെന്നു ചിന്തിക്കുക. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികൾക്ക് മിക്കവരും അത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്ന് നിങ്ങൾ തീർച്ചയായും സമ്മതിക്കും. ഇയ്യോബ് 38:33-38-ൽ നാം വായിക്കുന്ന ചോദ്യങ്ങൾ യഹോവ നമ്മോടു ചോദിക്കുന്നു. “ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ? ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയയ്ക്കാമോ? അന്തരംഗത്തിൽ [“മേഘപാളികളിൽ,” NW] ജ്ഞാനത്തെ വെച്ചവനാർ? മനസ്സിന്നു [“ആകാശ പ്രതിഭാസങ്ങൾക്കു,” NW] വിവേകം കൊടുത്തവൻ ആർ? ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പററിപ്പോകുമ്പോഴും ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ?”
11, 12. വിസ്മയകരമായ പ്രവൃത്തികൾ ചെയ്യുന്നവൻ ദൈവമാണെന്നു തെളിയിക്കുന്ന ചില കാര്യങ്ങൾ ഏവ?
11 ഇയ്യോബിന്റെ മുമ്പാകെ എലീഹൂ ഉന്നയിച്ച ഏതാനും ആശയങ്ങൾ മാത്രമാണു നാം പരിചിന്തിച്ചത്; കൂടാതെ “പുരുഷനെപ്പോലെ” ഉത്തരം പറയാൻ യഹോവ ഇയ്യോബിനോട് ആവശ്യപ്പെട്ട ചില കാര്യങ്ങളും നാം ശ്രദ്ധിച്ചു. (ഇയ്യോബ് 38:3) “ചില” എന്നു നാം പറയുന്നത് 38, 39 അധ്യായങ്ങളിൽ സൃഷ്ടിയിലെ മറ്റു ശ്രദ്ധേയ കാര്യങ്ങളിൽ ദൈവം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ്. ഉദാഹരണത്തിന്, ആകാശത്തിലെ നക്ഷത്രസമൂഹങ്ങൾ. ആർക്കാണ് അവയുടെ എല്ലാ നിയമങ്ങളും അറിയാവുന്നത്? (ഇയ്യോബ് 38:31-33) സിംഹം, കാക്ക, കാട്ടാട്, കാട്ടുകഴുത, കാട്ടുപോത്ത്, ഒട്ടകപ്പക്ഷി, കുതിര, കഴുകൻ തുടങ്ങിയ ചില പക്ഷിമൃഗാദികളിലേക്ക് യഹോവ ഇയ്യോബിന്റെ ശ്രദ്ധ തിരിച്ചുവിട്ടു. അവയെ ജീവിക്കാനും പെരുകാനും അനുവദിക്കുന്ന സ്വഭാവവിശേഷതകൾ ഇയ്യോബ് ആണോ അവയ്ക്കു കൊടുത്തത് എന്നാണ് ഫലത്തിൽ യഹോവ അവനോടു ചോദിച്ചത്. ഈ അധ്യായങ്ങൾ പഠിക്കുന്നത് നിങ്ങൾ ആസ്വദിക്കുമായിരിക്കും, പ്രത്യേകിച്ചും കുതിരയെയോ മറ്റു മൃഗങ്ങളെയോ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ.—സങ്കീർത്തനം 50:10, 11.
12 നാൽപ്പതും നാൽപ്പത്തൊന്നും അധ്യായങ്ങളും നിങ്ങൾക്കു പരിശോധിക്കാൻ കഴിയും. രണ്ട് പ്രത്യേക മൃഗങ്ങളെ കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ യഹോവ ഇയ്യോബിനോട് അവിടെ ആവശ്യപ്പെട്ടു. വലുപ്പത്തിൽ ഭീമാകാരനായ കരുത്തുറ്റ നദീഹയവും അഥവാ ഹിപ്പൊപ്പൊട്ടാമസും ഭീകരനായ മഹാനക്രം അഥവാ നൈൽ മുതലയും ആണ് അവയെന്ന് നമുക്ക് അറിയാം. അവ ഓരോന്നും നമ്മുടെ ശ്രദ്ധ അർഹിക്കുന്ന വിസ്മയകരമായ സൃഷ്ടികളാണ്. നാം എത്തിച്ചേരേണ്ട നിഗമനങ്ങൾ ഏവയെന്നു നമുക്കു നോക്കാം.
13. ദൈവത്തിന്റെ ചോദ്യങ്ങൾ ഇയ്യോബിന്റെമേൽ എന്തു ഫലം ഉളവാക്കി, അവ നമ്മെ എങ്ങനെ ബാധിക്കണം?
13 ദൈവത്തിന്റെ ചോദ്യങ്ങൾ ഇയ്യോബിന്റെമേൽ എന്തു ഫലമുളവാക്കിയെന്ന് 42-ാം അധ്യായം പ്രകടമാക്കുന്നു. മുമ്പ് ഇയ്യോബ് തനിക്കും മറ്റുള്ളവർക്കും അമിത ശ്രദ്ധ നൽകിയിരുന്നു. എന്നാൽ യഹോവയുടെ ചോദ്യങ്ങളിൽ അടങ്ങിയിരുന്ന തിരുത്തൽ സ്വീകരിച്ചുകൊണ്ട് ഇയ്യോബ് തന്റെ ചിന്താഗതിക്കു മാറ്റം വരുത്തി. അവൻ ഇങ്ങനെ ഏറ്റുപറഞ്ഞു: “നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശ്യമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു. അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.” (ഇയ്യോബ് 42:2, 3) അതേ, ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുത്തശേഷം അവ തനിക്ക് അങ്ങേയറ്റം അത്ഭുതകരമാണെന്ന് ഇയ്യോബ് പറഞ്ഞു. സൃഷ്ടിയിലെ ഈ വിസ്മയങ്ങൾ പരിചിന്തിച്ചുകഴിഞ്ഞ നമുക്കും ദൈവത്തിന്റെ മഹത്തായ ജ്ഞാനത്തെയും ശക്തിയെയും കുറിച്ച് അതേ മതിപ്പ് തോന്നേണ്ടതാണ്. എത്രത്തോളം? യഹോവയുടെ അപരിമിത ശക്തിയിലും പ്രാപ്തിയിലും വെറുതെയൊരു മതിപ്പുണ്ടായാൽ മതിയോ? അതോ, അതിനുമപ്പുറം അതു നമ്മെ സ്വാധീനിക്കണമോ?
14. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികളോട് ദാവീദ് എങ്ങനെ പ്രതികരിച്ചു?
14 സങ്കീർത്തനം 86-ൽ ദാവീദ് ബന്ധപ്പെട്ട വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി നാം കാണുന്നു. അവൻ ഒരു മുൻ സങ്കീർത്തനത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.” (സങ്കീർത്തനം 19:1, 2) ദാവീദ് അവിടംകൊണ്ട് നിറുത്തിയില്ല. സങ്കീർത്തനം 86:10, 11-ൽ നാം ഇപ്രകാരം വായിക്കുന്നു: “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു. യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.” സ്രഷ്ടാവിന്റെ വിസ്മയകരമായ പ്രവൃത്തികൾ നിമിത്തം ദാവീദിന് അവനോടു തോന്നിയ ഭയാദരവിൽ ഉചിതമായ അളവിലുള്ള ഭയഭക്തിയും ഉൾപ്പെട്ടിരുന്നു. അതിന്റെ കാരണം നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. ഈ വിസ്മയകരമായ പ്രവൃത്തികൾ ചെയ്യാൻ കഴിവുള്ള സ്രഷ്ടാവിനെ അപ്രീതിപ്പെടുത്താൻ ദാവീദ് ആഗ്രഹിച്ചില്ല. നാമും അങ്ങനെ ആയിരിക്കണം.
15. ദൈവത്തോടുള്ള ദാവീദിന്റെ ഭയഭക്തി ഉചിതമായിരുന്നത് എന്തുകൊണ്ട്?
15 ദൈവത്തിന് അതിഗംഭീര ശക്തി ഉള്ളതിനാലും അവൻ അത് നിയന്ത്രിക്കുന്നതിനാലും തന്റെ അപ്രീതിക്കു പാത്രമാകുന്നവർക്കു നേരെ അവന് അത് ഉപയോഗിക്കാനാകും എന്ന് ദാവീദ് തിരിച്ചറിഞ്ഞിരിക്കണം. അവരെ സംബന്ധിച്ചിടത്തോളം, അത് അശുഭസൂചകമാണ്. ദൈവം ഇയ്യോബിനോട് ഇങ്ങനെ ചോദിച്ചു: “നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചു വെച്ചിരിക്കുന്നു.” മഞ്ഞ്, ഹിമം, കന്മഴ, കാറ്റ്, ഇടിമിന്നൽ തുടങ്ങിയവയെല്ലാം ദൈവത്തിന്റെ പക്കലുള്ള ആയുധങ്ങളാണ്. എത്രയോ ഭയാനകമാംവിധം പ്രബലമായ പ്രകൃതി ശക്തികളാണ് ഇവയെല്ലാം!—ഇയ്യോബ് 38:22, 23.
16, 17. ദൈവത്തിന് ഭയഗംഭീര ശക്തിയുണ്ടെന്ന് എന്തു പ്രകടമാക്കുന്നു, കഴിഞ്ഞകാലത്ത് അവൻ അത്തരം ശക്തി എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
16 ഇവയിൽ ഏതെങ്കിലും മൂലം ഉളവായ ഒരു പ്രാദേശിക വിപത്തിനെ കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും. അത് ഒരു കൊടുങ്കാറ്റോ ചുഴലിക്കാറ്റോ കന്മഴയോ വെള്ളപ്പൊക്കമോ ആയിരിക്കാം. ദൃഷ്ടാന്തത്തിന്, 2000-ാം ആണ്ടിന്റെ തുടക്കത്തിൽ പേമാരിയോടു കൂടിയ ശക്തമായ കാറ്റ് തെക്കുപടിഞ്ഞാറൻ യൂറോപ്പിൽ ആഞ്ഞടിച്ചു. അത് കാലാവസ്ഥാ വിദഗ്ധരെ പോലും അമ്പരപ്പിച്ചു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച ആ കൊടുങ്കാറ്റ് ആയിരക്കണക്കിന് കെട്ടിടങ്ങളുടെ മേൽക്കൂരകളെ തകർക്കുകയും വൈദ്യുത ടവറുകളെ നിലംപരിചാക്കുകയും ട്രക്കുകളെ തകിടംമറിക്കുകയും ചെയ്തു. ഇതൊന്നു ഭാവനയിൽ കാണുക: ആ കൊടുങ്കാറ്റിന്റെ ഫലമായി 27 കോടി വൃക്ഷങ്ങൾ കടപുഴകിയോ ഒടിഞ്ഞോ വീണു. പാരീസിനു വെളിയിലുള്ള വേഴ്സാലീസ് ഉദ്യാനത്തിൽത്തന്നെ 10,000 മരങ്ങൾ കടപുഴകി വീണു. ദശലക്ഷക്കണക്കിനു ഭവനങ്ങളിൽ വൈദ്യുതി പ്രവാഹം നിലച്ചു. 100-ലേറെപ്പേർ മരണമടഞ്ഞു. അൽപ്പനേരത്തെ ഒരു കൊടുങ്കാറ്റിന്റെ ഫലമായിരുന്നു ഇതെല്ലാം. എന്തൊരു ശക്തി!
17 കൊടുങ്കാറ്റുകൾ പെട്ടെന്ന് ഉണ്ടാകുന്നതും പ്രത്യേക ദിശ ഇല്ലാത്തതും അനിയന്ത്രിതവുമാണെന്ന് ഒരുവൻ പറഞ്ഞേക്കാം. എന്നാൽ, വിസ്മയകരമായ പ്രവൃത്തികൾ ചെയ്യുന്ന സർവശക്തൻ ഇത്തരം ശക്തികളെ ഒരു പ്രത്യേക ലക്ഷ്യത്തിൽ നിയന്ത്രിതമായി ഉപയോഗിച്ചാൽ എന്തായിരിക്കും ഫലം? അബ്രാഹാമിന്റെ നാളിൽ അവൻ അതുപോലെ പ്രവർത്തിച്ചു. മുഴു ഭൂമിയുടെയും ന്യായാധിപൻ സൊദോം, ഗൊമോര നഗരങ്ങളുടെ ദുഷ്ടത ശ്രദ്ധാപൂർവം വിലയിരുത്തിയെന്ന് വിശ്വസ്തനായ അബ്രാഹാമിനു മനസ്സിലായി. ആ നഗരങ്ങൾ അങ്ങേയറ്റം അധഃപതിച്ചുപോയിരുന്നു. അതുകൊണ്ട് അവരെക്കുറിച്ചുള്ള പരാതി ദൈവത്തിന്റെ അടുത്തെത്തി. കുറ്റം വിധിക്കപ്പെട്ട ആ നഗരങ്ങളിലെ സകല നീതിനിഷ്ഠർക്കും രക്ഷപ്പെടാൻ അവൻ സഹായമേകി. ചരിത്രരേഖ ഇപ്രകാരം പറയുന്നു: “യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.” നീതിനിഷ്ഠരെ സംരക്ഷിക്കുകയും അതേസമയം പ്രതീക്ഷയ്ക്കു വകയില്ലാത്ത വിധം അതിദുഷ്ടർ ആയിത്തീർന്നവരെ നശിപ്പിക്കുകയും ചെയ്ത ആ നടപടി വിസ്മയകരമായ ഒരു പ്രവൃത്തി ആയിരുന്നു.—ഉല്പത്തി 19:24.
18. വിസ്മയകരമായ ഏതു കാര്യങ്ങളിലേക്കാണ് യെശയ്യാവു 25-ാം അധ്യായം വിരൽ ചൂണ്ടുന്നത്?
18 പിന്നീട് ഒരു അവസരത്തിൽ, യഹോവ പുരാതന ബാബിലോൺ നഗരത്തിന് എതിരെയുള്ള ഒരു ന്യായത്തീർപ്പ് അറിയിച്ചു. ഒരുപക്ഷേ ആ നഗരത്തെയാകാം യെശയ്യാവു 25-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്നത്. ആ നഗരം ഒരു ശൂന്യശിഷ്ടം ആയിത്തീരുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു: “നീ നഗരത്തെ കൽക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീർത്തു; അതു ഒരുനാളും പണികയില്ല.” (യെശയ്യാവു 25:2) അതു സത്യമായിത്തീർന്നെന്ന് പുരാതന ബാബിലോൺ സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇന്ന് സന്ദർശിക്കുന്നവർക്ക് ബോധ്യമാകും. ബാബിലോണിന്റെ നാശം യാദൃച്ഛികമായി ഒത്തുവന്ന ഒരു സംഭവം ആയിരുന്നോ? അല്ലായിരുന്നു. മറിച്ച്, യെശയ്യാവിന്റെ വിലയിരുത്തലിനോടു നമുക്കു യോജിക്കാനാകും: “യഹോവേ, നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി [“വിസ്മയകരമായ കാര്യങ്ങൾ,” NW] പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.”—യെശയ്യാവു 25:1.
ഭാവിയിലെ വിസ്മയകരമായ പ്രവൃത്തികൾ
19, 20. യെശയ്യാവു 25:6-8-ന്റെ നിവൃത്തിയായി നമുക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയും?
19 മുകളിൽ പറഞ്ഞ പ്രവചനം ദൈവം കഴിഞ്ഞകാലത്ത് നിവർത്തിക്കുകയുണ്ടായി, അവൻ ഭാവിയിലും വിസ്മയകരമായി പ്രവർത്തിക്കും. ദൈവത്തിന്റെ “വിസ്മയകരമായ കാര്യങ്ങ”ളെ യെശയ്യാവ് പരാമർശിക്കുന്ന സന്ദർഭത്തിൽ, ഇനിയും നിവൃത്തിയേറാനിരിക്കുന്ന വിശ്വാസയോഗ്യമായ ഒരു പ്രവചനം നമുക്കു കാണാം. ബാബിലോണിന്റെ മേലുള്ള പ്രാവചനിക ന്യായവിധി പോലുള്ള ഒന്നാണ് ഇതും. ‘വിസ്മയകരമായ’ ഏതു കാര്യമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്? യെശയ്യാവു 25:6 പറയുന്നു: “സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞു കൊണ്ടും ഉള്ള വിരുന്നു തന്നേ.”
20 ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന, നമുക്കു തൊട്ടു മുന്നിലുള്ള പുതിയ ലോകത്തിൽ ആ പ്രവചനം തീർച്ചയായും നിവൃത്തിയേറും. ഇന്ന് അനേകരെ ഭാരപ്പെടുത്തുന്ന പ്രശ്നങ്ങളിൽനിന്നു മനുഷ്യവർഗം അന്നു വിമുക്തരാകും. വാസ്തവത്തിൽ, എക്കാലത്തെയും ഏറ്റവും വിസ്മയകരമായ പ്രവൃത്തികളിൽ ഒന്ന് ചെയ്യാൻ ദൈവം തന്റെ സൃഷ്ടിപ്പിൻ ശക്തി ഉപയോഗിക്കുമെന്ന് യെശയ്യാവു 25:7, 8-ലെ പ്രവചനം ഉറപ്പു തരുന്നു: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” പിൽക്കാലത്ത് പൗലൊസ് അപ്പൊസ്തലൻ ആ ഭാഗം ഉദ്ധരിക്കുകയും ദൈവം മരിച്ചവരെ ജീവനിലേക്കു വരുത്തുന്ന, ഉയിർപ്പിക്കുന്ന പ്രവൃത്തിക്കു ബാധകമാക്കുകയും ചെയ്തു. എത്ര വിസ്മയകരമായ ഒരു പ്രവൃത്തി ആയിരിക്കും അത്!—1 കൊരിന്ത്യർ 15:51-54.
21. മരിച്ചവർക്കായി ദൈവം വിസ്മയകരമായ എന്തു പ്രവൃത്തികൾ ചെയ്യും?
21 മനുഷ്യരുടെ ശാരീരിക രോഗങ്ങൾ നീക്കം ചെയ്യപ്പെട്ടിരിക്കും എന്നത് ദുഃഖത്തിന്റെ കണ്ണുനീർ ഉണ്ടായിരിക്കുകയില്ല എന്നതിന്റെ മറ്റൊരു കാരണമാണ്. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ അവൻ അനേകരെ സൗഖ്യമാക്കി. അവൻ അന്ധർക്കു കാഴ്ച നൽകി, ബധിരർക്കു കേഴ്വിശക്തി നൽകി, വികലാംഗരെ സുഖപ്പെടുത്തി. 38 വർഷമായി മുടന്തനായിരുന്ന ഒരു മനുഷ്യനെ അവൻ സുഖപ്പെടുത്തിയതിനെ കുറിച്ച് യോഹന്നാൻ 5:5-9 പറയുന്നു. അത് ആശ്ചര്യകരമായ, വിസ്മയകരമായ ഒരു പ്രവൃത്തിയാണെന്ന് നിരീക്ഷകർ വിചാരിച്ചു. തീർച്ചയായും അത് അങ്ങനെ ആയിരുന്നു! എന്നാൽ, താൻ മരിച്ചവരെ ഉയിർപ്പിക്കുന്നത് അതിലുമേറെ വിസ്മയകരം ആയിരിക്കുമെന്ന് അവൻ അവരോടു പറഞ്ഞു: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.
22. ദരിദ്രർക്കും ക്ലേശിതർക്കും പ്രത്യാശയോടെ ഭാവിയിലേക്കു നോക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
22 അതു സംഭവിക്കുമെന്നു തീർച്ചയാണ്. കാരണം അതു വാഗ്ദാനം ചെയ്യുന്നത് യഹോവയാണ്. അവൻ തന്റെ മഹത്തായ ശക്തി ഉപയോഗിക്കുകയും അതിനെ ശ്രദ്ധാപൂർവം വിനിയോഗിക്കുകയും ചെയ്യുമ്പോൾ ഫലം വിസ്മയകരം ആയിരിക്കും. തന്റെ പുത്രനും രാജാവുമായ യേശുക്രിസ്തു മുഖാന്തരം അവൻ ചെയ്യാൻ പോകുന്ന കാര്യങ്ങളിലേക്ക് 72-ാം സങ്കീർത്തനം വിരൽ ചൂണ്ടുന്നു. അപ്പോൾ നീതിമാന്മാർ തഴെക്കും. സമാധാനം സമൃദ്ധമായിരിക്കും. ദരിദ്രരും ക്ലേശിതരുമായ ആളുകളെ ദൈവം വിടുവിക്കും. അവൻ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവും [പുരാതന] ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.”—സങ്കീർത്തനം 72:16.
23. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികൾ എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം?
23 വ്യക്തമായും, യഹോവ കഴിഞ്ഞകാലത്തു ചെയ്തിട്ടുള്ളതും ഇന്നു ചെയ്തുകൊണ്ടിരിക്കുന്നതും സമീപ ഭാവിയിൽ ചെയ്യാൻ പോകുന്നതുമായ വിസ്മയകരമായ പ്രവൃത്തികൾക്കു ശ്രദ്ധ നൽകാൻ നമുക്കു കാരണമുണ്ട്. “താൻ മാത്രം അത്ഭുതങ്ങളെ [“വിസ്മയകരമായ പ്രവൃത്തികളെ,” NW] ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ.” (സങ്കീർത്തനം 72:18, 19) ബന്ധുക്കളോടും മറ്റുള്ളവരോടുമുള്ള നമ്മുടെ ഉത്സാഹഭരിതമായ സംഭാഷണത്തിന്റെ ഒരു വിഷയം നിരന്തരം അതായിരിക്കണം. അതേ, നമുക്ക് ‘ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും [“വിസ്മയകരമായ പ്രവൃത്തികളും,” NW] വിവരിക്കാം.’—സങ്കീർത്തനം 78:3, 4; 96:3, 4.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ഇയ്യോബിനോടു ചോദിച്ച ചോദ്യങ്ങൾ മനുഷ്യന്റെ അറിവിന്റെ പരിമിതി വെളിപ്പെടുത്തുന്നത് എങ്ങനെ?
• ഇയ്യോബ് 37-41 അധ്യായങ്ങളിൽ എടുത്തുപറഞ്ഞിരിക്കുന്ന ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികളുടെ ഏതു ദൃഷ്ടാന്തങ്ങൾ നിങ്ങളിൽ മതിപ്പ് ഉളവാക്കിയിരിക്കുന്നു?
• ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികളിൽ ചിലതിനെ കുറിച്ചു പരിചിന്തിച്ചുകഴിഞ്ഞ നാം ഇപ്പോൾ എങ്ങനെ പ്രതികരിക്കണം?
[10-ാം പേജിലെ ചിത്രങ്ങൾ]
ഹിമപാളികളുടെ അമ്പരപ്പിക്കുന്ന വൈവിധ്യത്തെയും ഇടിമിന്നലിന്റെ അപാരശക്തിയെയും കുറിച്ച് നിങ്ങൾ എന്തു കരുതുന്നു?
[കടപ്പാട്]
snowcrystals.net
[13-ാം പേജിലെ ചിത്രങ്ങൾ]
ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികൾ നിങ്ങളുടെ സംഭാ ഷണത്തിന്റെ ഒരു നിരന്തര ഭാഗമായിരിക്കട്ടെ