നിങ്ങളുടെ നിർമലത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു
“മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”—സദൃ. 27:11.
1, 2. (എ) സാത്താൻ ഉന്നയിച്ച ഏതു വെല്ലുവിളി ഇയ്യോബിന്റെ പുസ്തകം വിവരിക്കുന്നു? (ബി) ഇയ്യോബിന്റെ കാലത്തിനുശേഷവും സാത്താൻ യഹോവയെ നിന്ദിച്ചുകൊണ്ടാണിരിക്കുന്നതെന്ന് നമുക്ക് എങ്ങനെ അറിയാം?
യഹോവ തന്റെ വിശ്വസ്തദാസനായ ഇയ്യോബിന്റെ നിർമലത പരിശോധിക്കാൻ സാത്താനെ അനുവദിച്ചു. അങ്ങനെ, ഇയ്യോബിന് ആടുമാടുകളും മക്കളും ആരോഗ്യവും നഷ്ടപ്പെട്ടു. സാത്താൻ വെല്ലുവിളിച്ചത് ഇയ്യോബിന്റെ നിർമലതയെ ആണെങ്കിലും ആ വെല്ലുവിളി അവനിൽമാത്രം ഒതുങ്ങുന്നതായിരുന്നോ? “ത്വക്കിന്നു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും” എന്ന് സാത്താൻ വാദിച്ചു. അതുകൊണ്ട് ഈ വെല്ലുവിളി ഇയ്യോബ് എന്ന വ്യക്തിയിൽമാത്രം ഒതുങ്ങുന്നതായിരുന്നില്ല. അവന്റെ മരണശേഷം, ഇക്കാലംവരെപ്പോലും നിലനിൽക്കുന്ന ഒരു വിവാദവിഷയമാണ് അതിലൂടെ ഉന്നയിക്കപ്പെട്ടത്.—ഇയ്യോ. 2:4.
2 ഇയ്യോബിനെ സാത്താൻ പരീക്ഷിച്ച് ഏകദേശം 600 വർഷത്തിനുശേഷം നിശ്വസ്തതയിൽ ശലോമോൻ എഴുതി: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” (സദൃ. 27:11) സാത്താൻ ആ സമയത്തും യഹോവയെ നിന്ദിക്കുന്നുണ്ടായിരുന്നുവെന്ന് ഇതിൽനിന്നു വ്യക്തമാണ്. കൂടാതെ, 1914-ൽ ദൈവരാജ്യം സ്ഥാപിതമായി അധികം താമസിയാതെ സ്വർഗത്തിൽനിന്നു നിഷ്കാസനം ചെയ്യപ്പെട്ട സാത്താൻ, ദൈവദാസന്മാർക്കെതിരെ കുറ്റാരോപണം നടത്തുന്നതായി അപ്പൊസ്തലനായ യോഹന്നാൻ ദർശനത്തിൽ കണ്ടു. ഈ ദുഷ്ടവ്യവസ്ഥിതി അതിന്റെ പരമാന്ത്യത്തിൽ എത്തിനിൽക്കുന്ന ഈ സമയത്തുപോലും സാത്താൻ ദൈവദാസന്മാരുടെ നിർമലതയെ വെല്ലുവിളിച്ചുകൊണ്ടാണിരിക്കുന്നത്!—വെളി. 12:10.
3. ഇയ്യോബിന്റെ പുസ്തകത്തിൽനിന്ന് ഏതെല്ലാം സുപ്രധാനപാഠങ്ങളാണ് നമുക്കു പഠിക്കാനാകുന്നത്?
3 അതുകൊണ്ട് ഇയ്യോബിന്റെ പുസ്തകത്തിൽനിന്നു പഠിക്കാനാകുന്ന സുപ്രധാനമായ മൂന്നുപാഠങ്ങളെക്കുറിച്ചു നമുക്കു നോക്കാം. ഒന്നാമതായി, മനുഷ്യവർഗത്തിന്റെ യഥാർഥ ശത്രുവും ദൈവജനത്തിനുണ്ടാകുന്ന എതിർപ്പുകളുടെ കാരണക്കാരനും ആരാണെന്ന് ഇയ്യോബിനുണ്ടായ പരിശോധനകൾ വെളിച്ചത്തുകൊണ്ടുവരുന്നു. പിശാചായ സാത്താനാണ് ആ ശത്രു. രണ്ടാമതായി, നമുക്ക് എന്തെല്ലാം പരിശോധനകൾ ഉണ്ടായാലും ദൈവവുമായി ഉറ്റബന്ധം ഉണ്ടായിരിക്കുന്നത് നിർമലത പാലിക്കാൻ നമ്മെ പ്രാപ്തരാക്കും. മൂന്നാമതായി, ദൈവം ഇയ്യോബിനെ പിന്തുണച്ചതുപോലെ പരിശോധിക്കപ്പെടുമ്പോൾ നമ്മെയും പിന്തുണയ്ക്കും. ദൈവവചനം, സംഘടന, പരിശുദ്ധാത്മാവ് എന്നിവയിലൂടെയാണ് യഹോവ നമുക്ക് ഇന്ന് സഹായമേകുന്നത്.
യഥാർഥ ശത്രുവിനെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുക
4. ഇപ്പോഴത്തെ ലോകാവസ്ഥകൾക്ക് ഉത്തരവാദി ആരാണ്?
4 സാത്താൻ ഉണ്ടെന്ന് പലരും വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ, ലോകാവസ്ഥകളെക്കുറിച്ച് ആശങ്കാകുലർ ആയിരിക്കുന്നവർക്കുപോലും അതിന്റെ യഥാർഥ കാരണക്കാരനെ—പിശാചായ സാത്താനെ—തിരിച്ചറിയാനാകുന്നില്ല. എന്നാൽ മനുഷ്യവർഗത്തിന്റെ ദുരിതങ്ങൾക്ക് വലിയൊരു പരിധിവരെ അവരുതന്നെയാണ് ഉത്തരവാദികൾ; കാരണം, നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വായും സ്രഷ്ടാവിനെ മറുത്ത് ഒരു സ്വതന്ത്രഗതി തിരഞ്ഞെടുത്തു. അവരുടെ സന്തതികളും ബുദ്ധിശൂന്യമായിത്തന്നെ പ്രവർത്തിച്ചിരിക്കുന്നു. എന്നുവരികിലും, ദൈവത്തിനെതിരെ മത്സരിക്കുന്നതിന് ഹവ്വായെ വശീകരിച്ചുകൊണ്ട് ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് പിശാചാണ്. മരണത്തിന്റെ പിടിയിൽ അമർന്നിരിക്കുന്ന അപൂർണമനുഷ്യരുടെ ഇടയിൽ തന്റെ നിയന്ത്രണത്തിലുള്ള ഒരു ലോകവ്യവസ്ഥിതി കെട്ടിപ്പടുത്തിരിക്കുന്നതും അവനാണ്. സാത്താൻ “ഈ ലോകത്തിന്റെ ദൈവം” ആയതിനാൽ അവന്റെ അതേ സ്വഭാവമാണ് മനുഷ്യവർഗം പൊതുവെ കാണിക്കുന്നത്; അതായത്, അഹങ്കാരം, ശാഠ്യം, അസൂയ, അത്യാഗ്രഹം, വഞ്ചന, മത്സരം. (2 കൊരി. 4:4; 1 തിമൊ. 2:14; 3:6; യാക്കോബ് 3:14, 15 വായിക്കുക.) ഇത്തരം സ്വഭാവവിശേഷങ്ങൾ, മനുഷ്യവർഗത്തിന്റെ ജീവിതം ദുരിതപൂർണമാക്കുന്ന രാഷ്ട്രീയവും മതപരവുമായ ഏറ്റുമുട്ടലുകൾ, വിദ്വേഷം, അഴിമതി, അത്യാഗ്രഹം എന്നിവയ്ക്ക് വഴിവെച്ചിരിക്കുന്നു.
5. നമുക്കുള്ള അമൂല്യമായ അറിവ് എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു?
5 യഹോവയുടെ ദാസന്മാരായ നമുക്കുള്ള പരിജ്ഞാനം എത്ര അമൂല്യമാണ്! അധഃപതിച്ചുകൊണ്ടിരിക്കുന്ന ലോകാവസ്ഥകൾക്ക് ഉത്തരവാദി ആരാണെന്ന് നമുക്കറിയാം. വയൽശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ട് ആ ദുഷ്ടൻ ആരാണെന്നു വെളിപ്പെടുത്താൻ നാം പ്രേരിതരാകുന്നില്ലേ? സത്യദൈവമായ യഹോവയുടെ പക്ഷത്തു നിലയുറപ്പിക്കാനല്ലേ നമ്മുടെ തീരുമാനം? അവൻ സാത്താനെ നശിപ്പിക്കുമെന്നും മനുഷ്യവർഗത്തിന്റെ ദുരിതങ്ങൾക്ക് എങ്ങനെ അറുതിവരുത്തുമെന്നും മറ്റുള്ളവരോടു വിശദീകരിച്ചുകൊടുക്കാൻ നാം ആഗ്രഹിക്കുന്നില്ലേ?
6, 7. (എ) സത്യാരാധകർ നേരിടുന്ന പീഡനങ്ങൾക്ക് ഉത്തരവാദി ആരാണ്? (ബി) പുരാതനകാലത്തെ എലീഹൂവിന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
6 സാത്താനാണ് ലോകത്തിലെ ദുരിതങ്ങളിൽ മിക്കതിനും കാരണക്കാരനെന്ന് നാം കണ്ടുകഴിഞ്ഞു. ദൈവജനം നേരിടുന്ന എതിർപ്പുകൾക്കു പിന്നിലും അവനാണുള്ളത്. നമ്മുടെമേൽ പരിശോധനകൾ കൊണ്ടുവരാൻ അവൻ ഉറച്ചിരിക്കുന്നു. “ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു” എന്ന് യേശുക്രിസ്തു പത്രൊസ് അപ്പൊസ്തലനോടു പറഞ്ഞു. (ലൂക്കൊ. 22:31) യേശുവിന്റെ കാലടി പിൻപറ്റുന്ന നമുക്കോരോരുത്തർക്കും പരിശോധനകൾ പ്രതീക്ഷിക്കാം. ‘ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്ന അലറുന്ന സിംഹത്തോട്’ പത്രൊസ് പിശാചിനെ ഉപമിച്ചു. “ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന് പൗലൊസും പറഞ്ഞു.—1 പത്രൊ. 5:8; 2 തിമൊ. 3:12.
7 ഒരു സഹവിശ്വാസി എന്തെങ്കിലും ദുരന്തത്തിന് ഇരയാകുമ്പോൾ, യഥാർഥ ശത്രുവിനെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നുവെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം? ആ വ്യക്തിയിൽനിന്ന് അകന്നുമാറുന്നതിനു പകരം, ഇയ്യോബിന് ആശ്വാസംപകർന്ന ആത്മാർഥ സുഹൃത്തായ എലീഹൂവിനെപ്പോലെ ആയിരിക്കാം നമുക്കും. നമ്മുടെ പൊതുശത്രുവായ സാത്താനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ആ സഹോദരനോടൊപ്പം നിൽക്കാം. (സദൃ. 3:27; 1 തെസ്സ. 5:25) നിർമലത പാലിച്ചുകൊണ്ട് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ ഏതുവിധേനയും സഹവിശ്വാസിയെ സഹായിക്കുക എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
8. യഹോവയെ ബഹുമാനിക്കുന്നതിൽനിന്ന് ഇയ്യോബിനെ തടയാൻ സാത്താന് കഴിയാതിരുന്നത് എന്തുകൊണ്ട്?
8 സാത്താൻ ആദ്യം ഹാനിവരുത്തിയത് ഇയ്യോബിന്റെ മൃഗസമ്പത്തിനാണ്. അവ വളരെ മൂല്യമുള്ളവയും ഒരുപക്ഷേ, അവന്റെ ഉപജീവനമാർഗംപോലും ആയിരുന്നു. ആരാധനയ്ക്കായും അവൻ അവയെ ഉപയോഗിച്ചിരുന്നു. അവൻ തന്റെ മക്കളെ ശുദ്ധീകരിച്ചശേഷം “പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞ് . . . രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.” (ഇയ്യോ. 1:4, 5) അതെ, അവൻ പതിവായി യഹോവയ്ക്ക് മൃഗയാഗം അർപ്പിക്കാറുണ്ടായിരുന്നു. എന്നാൽ പരിശോധനകൾ തുടങ്ങി, അവന്റെ മൃഗസമ്പത്തെല്ലാം നഷ്ടപ്പെട്ടതോടെ തന്റെ “ധനംകൊണ്ട്” യഹോവയെ ബഹുമാനിക്കാൻ അവനു കഴിയാതായി. (സദൃ. 3:9) തന്റെ അധരംകൊണ്ട് യഹോവയെ ബഹുമാനിക്കാൻ പക്ഷേ, അവനു കഴിയുമായിരുന്നു; അതാണ് അവൻ ചെയ്തതും!
യഹോവയുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കുക
9. നമ്മുടെ ജീവിതത്തിൽ ഏറ്റവും മൂല്യവത്തായത് എന്താണ്?
9 ധനികരോ ദരിദ്രരോ, ചെറുപ്പക്കാരോ പ്രായമേറിയവരോ, ആരോഗ്യമുള്ളവരോ ഇല്ലാത്തവരോ ആയിരുന്നാലും യഹോവയുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കാൻ നമുക്കോരോരുത്തർക്കും സാധിക്കും. ദൈവവുമായുള്ള അത്തരമൊരു ബന്ധം, എന്തെല്ലാം പരിശോധനകൾ നേരിടേണ്ടി വന്നാലും നിർമലത കാത്തുസൂക്ഷിക്കാനും അങ്ങനെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനും നമ്മെ പ്രാപ്തരാക്കും. സത്യത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തവർപോലും ധീരമായ നിലപാടെടുത്തുകൊണ്ട് നിർമലത പാലിച്ചിട്ടുണ്ട്.
10, 11. (എ) വിശ്വസ്തതയുടെ പരിശോധനയെ ഒരു സഹോദരി എങ്ങനെ നേരിട്ടു? (ബി) ഈ സഹോദരി സാത്താന് ശക്തമായ ഏതു മറുപടി നൽകി?
10 വലന്റിനാ ഗാർനോഫ്സ്ക സഹോദരിയുടെ കാര്യംതന്നെ എടുക്കുക. കഠിനപരിശോധനയിൻകീഴിലും ഇയ്യോബിനെപ്പോലെ വിശ്വസ്തത തെളിയിച്ച റഷ്യയിലെ അനേകം സാക്ഷികളിൽ ഒരാളാണ് അവർ. 1945-ൽ ഏതാണ്ട് 20 വയസ്സുള്ളപ്പോഴാണ് വലന്റിന ആദ്യമായി സത്യത്തെക്കുറിച്ചു കേൾക്കുന്നത്. അവരോടു സാക്ഷീകരിച്ച സഹോദരൻ രണ്ടുപ്രാവശ്യംകൂടെ മടങ്ങിവന്നെങ്കിലും പിന്നെ അവർ അദ്ദേഹത്തെ കണ്ടിട്ടില്ല. വലന്റിന പക്ഷേ, അയൽക്കാരോടു പ്രസംഗിക്കാൻ തുടങ്ങി. അതിന്റെ ഫലമായി അവരെ അറസ്റ്റുചെയ്ത് എട്ടുവർഷത്തേക്ക് തടവിലാക്കി. 1953-ൽ മോചിതയായ അവർ ഉടൻതന്നെ വീണ്ടും പ്രസംഗവേല തുടങ്ങി. പിന്നെയും അവരെ അറസ്റ്റുചെയ്ത് തടങ്കലിലാക്കി—ഇപ്രാവശ്യം പത്തുവർഷത്തേക്ക്. വർഷങ്ങളോളം ഒരു പാളയത്തിൽത്തന്നെ കഴിഞ്ഞ അവരെ പിന്നീട് മറ്റൊന്നിലേക്കു മാറ്റി. അവിടെ ചില സഹോദരിമാരെ വലന്റിന കണ്ടുമുട്ടി; അവരുടെ കൈവശം ഒരു ബൈബിളുണ്ടായിരുന്നു. അവരിലൊരാൾ ഒരുദിവസം വലന്റിനയെ ആ ബൈബിൾ കാണിച്ചു. സഹോദരിയുടെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു! അതിനുമുമ്പ് അവർ ആകെക്കൂടെ കണ്ടിട്ടുള്ള ബൈബിൾ, 1945-ൽ തന്നോടു സാക്ഷീകരിച്ച സഹോദരന്റെ കൈയിലിരുന്ന ആ ബൈബിളായിരുന്നു!
11 വലന്റിന 1967-ൽ മോചിതയായി. അങ്ങനെ അവസാനം, യഹോവയ്ക്കുള്ള തന്റെ സമർപ്പണത്തിന്റെ പ്രതീകമായി അവർ സ്നാനമേറ്റു. തനിക്കു ലഭിച്ച സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തികൊണ്ട് 1969 വരെ വലന്റിന തീക്ഷ്ണതയോടെ ശുശ്രൂഷയിൽ ഏർപ്പെട്ടു. എന്നാൽ ആ വർഷം അവരെ വീണ്ടും അറസ്റ്റുചെയ്ത് തടവിലാക്കി, ഇത്തവണ മൂന്നുവർഷത്തേക്ക്. എന്നിട്ടും അവർ പ്രസംഗവേല തുടർന്നു. 2001-ലാണ് സഹോദരി മരിക്കുന്നത്. അത്രയുംകാലംകൊണ്ട് 44 പേരെ സത്യം പഠിക്കാൻ അവർ സഹായിച്ചു. ജയിലുകളിലും പാളയങ്ങളിലുമായി 21 വർഷം ചെലവഴിച്ച ഈ സഹോദരി നിർമലത കാത്തുസൂക്ഷിക്കുന്നതിന് സ്വാതന്ത്ര്യം ഉൾപ്പെടെ തനിക്കുണ്ടായിരുന്നതെല്ലാം ത്യജിക്കാൻ തയ്യാറായി. മരണത്തിനു തൊട്ടുമുമ്പായി വലന്റിന പറഞ്ഞു: “തല ചായ്ക്കാൻ ഒരിടം എനിക്കില്ലായിരുന്നു. ഒരു സ്യൂട്ട്കേസിൽ കൊള്ളാനുള്ള സാധനങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ യഹോവയെ സേവിക്കുന്നതിൽ ഞാൻ സന്തുഷ്ടയും സംതൃപ്തയുമായിരുന്നു.” പരിശോധനകളിന്മധ്യേ മനുഷ്യർ ദൈവത്തോടു വിശ്വസ്തരായി നിലകൊള്ളില്ല എന്ന സാത്താന്റെ അവകാശവാദത്തിന് എത്ര ശക്തമായ മറുപടി! (ഇയ്യോ. 1:9-11) വലന്റിന യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു എന്നതിനു സംശയമില്ല. ആ സഹോദരി ഉൾപ്പെടെയുള്ള വിശ്വസ്തരായ എല്ലാവരെയും പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു തിരികെ കൊണ്ടുവരാനായി യഹോവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.—ഇയ്യോ. 14:15.
12. യഹോവയുമായുള്ള നമ്മുടെ ബന്ധത്തിൽ സ്നേഹം എന്തു പങ്കുവഹിക്കുന്നു?
12 യഹോവയുമായുള്ള നമ്മുടെ സഖിത്വത്തിന് ആധാരം അവനോടുള്ള നമ്മുടെ സ്നേഹമാണ്. ദൈവത്തിന്റെ ഗുണങ്ങളെ നാം വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്നു; ഏതുവിധേനയും അവന്റെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നാം ശ്രമിക്കുന്നു. പിശാചിന്റെ അവകാശവാദത്തിൽനിന്നു വ്യത്യസ്തമായി, സ്വമേധയാ, നിബന്ധനകളൊന്നും വെക്കാതെയാണ് നാം യഹോവയെ സ്നേഹിക്കുന്നത്. പരിശോധനയിൻകീഴിലും നിർമലത പാലിക്കാൻ ഹൃദയംഗമമായ ഈ സ്നേഹം നമ്മെ സഹായിക്കുന്നു. യഹോവയാകട്ടെ, അങ്ങനെ ചെയ്യുന്ന “തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കു”കയും ചെയ്യുന്നു.—സദൃ. 2:8; സങ്കീ. 97:10.
13. യഹോവയ്ക്കായി നാം ചെയ്യുന്നതിനെ അവൻ എങ്ങനെയാണു വീക്ഷിക്കുന്നത്?
13 യഹോവയുടെ നാമത്തിനു മഹത്ത്വം കരേറ്റാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. അവന്റെ സേവനത്തിൽ വളരെക്കുറച്ചുമാത്രമേ നമുക്കു ചെയ്യാനാകുന്നുള്ളൂ എങ്കിലും നമ്മുടെ നല്ല ആന്തരം അവൻ കാണുന്നു. ആഗ്രഹിക്കുന്ന എല്ലാമൊന്നും നമുക്കു ചെയ്യാനാകുന്നില്ലെങ്കിലും അവൻ നമ്മെ കുറ്റംവിധിക്കുകയില്ല. ദൈവസേവനത്തിൽ നാം എത്രമാത്രം ചെയ്യുന്നു എന്നതു മാത്രമല്ല, എന്തുകൊണ്ട് ചെയ്യുന്നു എന്നതും പ്രധാനമാണ്. ഇയ്യോബ് വളരെ കഷ്ടനഷ്ടങ്ങളിലൂടെ കടന്നുപോയ ആ സാഹചര്യത്തിൽപ്പോലും യഹോവയുടെ വഴികളെ താൻ എത്രയധികം സ്നേഹിക്കുന്നുവെന്ന് തന്നെ കുറ്റപ്പെടുത്തിയ ആശ്വാസകരോട് അവൻ പറഞ്ഞു. (ഇയ്യോബ് 10:12; 28:28 വായിക്കുക.) എലീഫസ്, ബിൽദാദ്, സോഫർ എന്നിവർ സത്യം സംസാരിക്കാതിരുന്നതിനാൽ അവർക്കുനേരെ ദൈവത്തിന്റെ കോപം ജ്വലിച്ചതായി ഇയ്യോബിന്റെ പുസ്തകത്തിലെ അവസാന അധ്യായത്തിൽ നാം വായിക്കുന്നു. അതേസമയം, ഇയ്യോബിൽ താൻ പ്രസാദിച്ചിരിക്കുന്നതിന്റെ സൂചനയായി യഹോവ നാലുപ്രാവശ്യം അവനെ ‘എന്റെ ദാസൻ’ എന്നു വിളിച്ചു; മാത്രമല്ല, ആ വ്യാജാശ്വാസകർക്കുവേണ്ടി ഒരു മധ്യസ്ഥനായി വർത്തിക്കാനുള്ള പദവിയും അവനു നൽകി. (ഇയ്യോ. 42:7-9) യഹോവ നമ്മിൽ പ്രസാദിക്കുംവിധം നമുക്കും പ്രവർത്തിക്കാം.
യഹോവ തന്റെ വിശ്വസ്ത ദാസന്മാരെ പിന്തുണയ്ക്കുന്നു
14. ഇയ്യോബിന്റെ വീക്ഷണഗതിക്കു മാറ്റം വരുത്താൻ യഹോവ അവനെ സഹായിച്ചത് എങ്ങനെ?
14 അപൂർണനായിരുന്നെങ്കിലും ഇയ്യോബ് തന്റെ നിർമലത കാത്തുസൂക്ഷിച്ചു. സമ്മർദപൂരിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകവെ, ചിലപ്പോഴെങ്കിലും കാര്യങ്ങളെ ശരിയായ രീതിയിൽ വീക്ഷിക്കുന്നതിന് അവൻ പരാജയപ്പെട്ടു. ഉദാഹരണത്തിന് അവൻ യഹോവയോട് ഇങ്ങനെ വിലപിച്ചുപറഞ്ഞു: “ഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; . . . നിന്റെ കയ്യുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.” കൂടാതെ, സ്വയം നീതീകരിക്കുന്നതിനു വ്യഗ്രതകാണിച്ചുകൊണ്ട് “ഞാൻ കുറ്റക്കാരനല്ല” എന്നും അവൻ പറഞ്ഞു. “സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർത്ഥന നിർമ്മലമത്രേ” എന്നും അവൻ പറയുകയുണ്ടായി. (ഇയ്യോ. 10:7; 16:17; 30:20, 21) എന്നാൽ ഒരു ചോദ്യപരമ്പരയിലൂടെ യഹോവ കരുണാപൂർവം ഇയ്യോബിനെ സഹായിച്ചു. അങ്ങനെ, തന്നിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനും, ദൈവത്തിന്റെ മാഹാത്മ്യവും മനുഷ്യന്റെ നിസ്സാരതയും വ്യക്തമായി തിരിച്ചറിയാനും ഇയ്യോബിനു കഴിഞ്ഞു. യഹോവയുടെ മാർഗനിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ഇയ്യോബ് തന്റെ വീക്ഷണഗതിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി.—ഇയ്യോബ് 40:8; 42:2, 6 വായിക്കുക.
15, 16. ഇക്കാലത്ത് യഹോവ തന്റെ ദാസന്മാർക്ക് സഹായം പ്രദാനം ചെയ്യുന്നത് എങ്ങനെ?
15 യഹോവ ഇന്നും തന്റെ ദാസന്മാർക്ക് ദയാപുരസ്സരം, എന്നാൽ ദൃഢമായ രീതിയിൽ മാർഗനിർദേശം നൽകിക്കൊണ്ടാണിരിക്കുന്നത്. അതുകൂടാതെ, മറ്റു പല രീതിയിലും യഹോവ നമ്മെ സഹായിക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ മറുവിലയും അതുവഴി സാധ്യമാകുന്ന പാപമോചനവും അതിനൊരു ഉദാഹരണമാണ്. നാം അപൂർണരെങ്കിലും ആ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് ദൈവവുമായി ഒരു ഉറ്റബന്ധത്തിലേക്കു വരാനാകുന്നു. (യാക്കോ. 4:8; 1 യോഹ. 2:1) പരിശോധനകൾ നേരിടുമ്പോൾ നമ്മെ പിന്തുണയ്ക്കാനും ബലപ്പെടുത്താനുമായി ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കാനും നമുക്കു കഴിയും. കൂടാതെ, നമുക്ക് സമ്പൂർണ ബൈബിളും ഉണ്ട്. അതു വായിച്ച് ധ്യാനിക്കുന്നതിലൂടെ വിശ്വാസത്തിന്റെ പരിശോധനകൾക്കായി നമുക്ക് ഒരുങ്ങാനാകും. അഖിലാണ്ഡ പരമാധികാരം, നമ്മുടെ ഓരോരുത്തരുടെയും നിർമലത എന്നിവ സംബന്ധിച്ച വിവാദവിഷയങ്ങൾ മനസ്സിലാക്കാൻ തിരുവെഴുത്തുകളുടെ പഠനം നമ്മെ സഹായിക്കും.
16 കൂടാതെ, ആഗോള സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നതിലൂടെയും നാം പ്രയോജനം നേടുന്നു; കാരണം, അവർക്കാണ് യഹോവ വിശ്വസ്തനും വിവേകിയുമായ അടിമയിലൂടെ ആത്മീയാഹാരം പ്രദാനം ചെയ്യുന്നത്. (മത്താ. 24:45-47) യഹോവയുടെ സാക്ഷികളുടെ 1,00,000-ത്തോളം വരുന്ന സഭകളിൽ നടത്തപ്പെടുന്ന യോഗങ്ങൾ, വിശ്വാസത്തിന്റെ പരിശോധനയെ നേരിടുന്നതിനു നമ്മെ ശക്തിപ്പെടുത്തുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഇതിനൊരു ഉദാഹരണമാണ് ജർമനിയിലെ ഷീല എന്ന പെൺകുട്ടിയുടെ അനുഭവം.
17. ഇന്ന് യഹോവയുടെ സംഘടന നൽകുന്ന നിർദേശങ്ങളോടു പറ്റിനിൽക്കേണ്ടതിന്റെ പ്രാധാന്യം ദൃഷ്ടാന്തീകരിക്കുക.
17 ഷീലയുടെ ക്ലാസ്സിൽ അധ്യാപകരാരും ഇല്ലായിരുന്ന സമയത്ത് വീജാബോർഡ് (ഓജാബോർഡ്) ഒന്നു പരീക്ഷിച്ചു നോക്കാൻ കുട്ടികൾ തീരുമാനിച്ചു. ഷീല ഉടൻതന്നെ ക്ലാസ്സിൽനിന്ന് ഇറങ്ങിപ്പോയി. അത് എത്ര നന്നായി എന്ന് അവൾക്ക് പിന്നീടു മനസ്സിലായി. വീജാബോർഡ് ഉപയോഗിച്ചപ്പോൾ ചില കുട്ടികൾക്ക് ഭൂതങ്ങളുടെ സാന്നിധ്യം അനുഭവപ്പെട്ടു; അവർ ക്ലാസ്സിൽനിന്ന് ഇറങ്ങിയോടി. എന്നാൽ ഷീല എന്തുകൊണ്ടാണ് നേരത്തേതന്നെ അവിടെനിന്നു പോകാൻ തീരുമാനിച്ചത്? “ഈ സംഭവത്തിനു തൊട്ടുമുമ്പാണ് സഭായോഗത്തിൽ വീജാബോർഡിന്റെ അപകടങ്ങളെക്കുറിച്ചു ചർച്ചചെയ്തത്. അതുകൊണ്ട് എന്തു ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. സദൃശവാക്യങ്ങൾ 27:11 പറയുന്നതുപോലെ യഹോവയെ സന്തോഷിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു,” അവൾ പറയുന്നു. ഷീല യോഗങ്ങൾക്കു പോകുകയും പരിപാടികൾക്ക് അടുത്ത ശ്രദ്ധ നൽകുകയും ചെയ്തത് എത്ര നന്നായി!
18. നിങ്ങൾ വ്യക്തിപരമായി എന്തു ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു?
18 ദൈവത്തിന്റെ സംഘടനയിൽനിന്നു ലഭിക്കുന്ന ഓരോ നിർദേശവും അടുത്തു പിൻപറ്റുക എന്നതായിരിക്കട്ടെ നമ്മുടെ ഓരോരുത്തരുടെയും തീരുമാനം. ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നതിലൂടെയും ബൈബിൾ വായന, ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെ പഠനം, പ്രാർഥന, പക്വതയുള്ള ക്രിസ്ത്യാനികളുമായുള്ള സഹവാസം എന്നിവയിലൂടെയും നമുക്ക് ആവശ്യമായ മാർഗനിർദേശവും പിന്തുണയും ലഭിക്കുന്നു. നാം എന്നെന്നും വിശ്വസ്ത പാലിക്കുമെന്നാണ് യഹോവ ഉറച്ചുവിശ്വസിക്കുന്നത്; അതിൽ നാം വിജയിച്ചു കാണാനാണ് അവൻ ആഗ്രഹിക്കുന്നതും. യഹോവയുടെ നാമത്തെ പുകഴ്ത്താനും നിർമലത പാലിക്കാനും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനും ഉള്ള എത്ര മഹത്തായ പദവിയാണ് നമുക്കുള്ളത്!
നിങ്ങൾ ഓർമിക്കുന്നുണ്ടോ?
• എങ്ങനെയുള്ള സാഹചര്യങ്ങൾക്കും പരിശോധനകൾക്കും സാത്താൻ ഉത്തരവാദിയാണ്?
• നമ്മുടെ ജീവിതത്തിൽ ഏറ്റവും മൂല്യവത്തായത് എന്താണ്?
• യഹോവയുമായുള്ള നമ്മുടെ സഖിത്വത്തിന് ആധാരം എന്താണ്?
• ഇന്ന് യഹോവ നമ്മെ പിന്തുണയ്ക്കുന്ന ചില വിധങ്ങൾ ഏവ?
[8-ാം പേജിലെ ചിത്രം]
നിങ്ങൾക്കുള്ള അമൂല്യമായ അറിവ് പങ്കുവെക്കാൻ നിങ്ങൾ പ്രേരിതരാകുന്നില്ലേ?
[9-ാം പേജിലെ ചിത്രം]
നിർമലത പാലിക്കാൻ സഹാരാധകരെ നമുക്കു സഹായിക്കാനാകും
[10-ാം പേജിലെ ചിത്രം]
നിർമലത കാത്തുസൂക്ഷിക്കുന്നതിനായി സർവതും ത്യജിക്കാൻ വലന്റിന ഒരുക്കമായിരുന്നു