അധ്യായം 5
നിങ്ങൾ ഉൾപ്പെടുന്ന ഒരു വിവാദവിഷയം
1. ദൈവം മനുഷ്യവർഗ്ഗത്തിന്റെയിടയിൽ വഷളത്തം അനുവദിച്ചിരിക്കുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കുക പ്രയാസമാണെന്ന് ആളുകൾ കണ്ടെത്തിയിരിക്കുന്നതെന്തുകൊണ്ട്?
സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുളള പൊതുഅഭിലാഷമുണ്ടായിരുന്നിട്ടും മിക്കവാറും ആരംഭംമുതൽതന്നെയുളള മമനുഷ്യന്റെ ചരിത്രം രക്തച്ചൊരിച്ചിലിനാലും മററു ദ്രോഹ പ്രവൃത്തികളാലും കളങ്കപ്പെട്ടിരിക്കുന്നു. ദൈവം ഇത്തരം കാര്യങ്ങളെ വെറുക്കുന്നുവെന്ന് ബൈബിൾ പ്രകടമാക്കുന്നസ്ഥിതിക്ക് അവൻ ഇതിനുമുൻപുതന്നെ ഈ അവസ്ഥകൾക്ക് അറുതിവരുത്താഞ്ഞതെന്തുകൊണ്ട്? തീർച്ചയായും അത് താൽപ്പര്യമില്ലാഞ്ഞിട്ടല്ല. ബൈബിളും ദൈവത്തിന്റെ കരവേലയുടെ സൗന്ദര്യവും മനുഷ്യവർഗ്ഗത്തോടുളള അവന്റെ സ്നേഹത്തിന്റെയും താൽപ്പര്യത്തിന്റെയും സമൃദ്ധമായ തെളിവു നൽകുന്നു. (1 യോഹന്നാൻ 4:8) അതിലും പ്രധാനമായി, ഈ അവസ്ഥകൾ ആളുകൾ ദൈവത്തെ നിന്ദിക്കാനിടയാക്കിയിരിക്കുന്നതിനാൽ ദൈവനാമത്തിന്റെ ബഹുമതിയും അതിൽ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ആയിരക്കണക്കിനു വർഷങ്ങളിലെ അസ്വസ്ഥതയെയും അക്രമത്തെയും പൊറുക്കാൻ അവന് എന്തു കാരണമുണ്ടായിരിക്കാൻ കഴിയും?
2. (എ) ദൈവം ഇത്രയും നാൾ ദുരവസ്ഥകൾ അനുവദിച്ചിരിക്കുന്നതെന്തുകൊണ്ടെന്ന് ബൈബിളിൽ എവിടെ നാം കണ്ടെത്തുന്നു? (ബി) ആദാമിനെയും ഹവ്വായെയും സംബന്ധിച്ചുളള ബൈബിൾ വിവരണം ചരിത്ര വസ്തുതയാണെന്ന് പ്രസ്പഷ്ടമാക്കുന്നതെന്ത്?
2 അതിനുളള ഉത്തരം ബൈബിളിന്റെ ആദ്യപുസ്തകത്തിൽ ആദാമിനെയും ഹവ്വായെയും കുറിച്ചുളള വിവരണത്തിൽ കാണപ്പെടുന്നു. ഇത് വെറും ഒരു രൂപകകഥയല്ല. ഇത് ഒരു ചരിത്രവസ്തുതയാണ്. നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാംനൂററാണ്ടു മുതൽ പിമ്പോട്ട് ആദ്യ മനുഷ്യൻവരെയുളള ഒരു സമ്പൂർണ്ണ പ്രമാണീകൃത വംശാവലിരേഖ ബൈബിൾ നൽകുന്നു. (ലൂക്കോസ് 3:23-38; ഉല്പത്തി 5:1-32; 11:10-32) നമ്മുടെ ആദിമ പൂർവ്വികരെന്നനിലയിൽ ആദാമിനും ഹവ്വായ്ക്കും നമ്മുടെ മേൽ ഒരു നിർണ്ണായകമായ ഒരു സ്വാധീനമുണ്ടായിരുന്നു. അവരെ സംബന്ധിച്ച് ബൈബിൾ നമ്മോട് പറയുന്നത് ഇന്നു നമ്മുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യങ്ങളെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.
3. ആരംഭത്തിൽ ദൈവം മനുഷ്യവർഗ്ഗത്തിനുവേണ്ടി ഏതുതരം കരുതലുകൾ ചെയ്തു?
3 ആദ്യ മാനുഷ ദമ്പതികൾക്കു വേണ്ടിയുളള ദൈവത്തിന്റെ സകല കരുതലുകളും വളരെ നല്ലതായിരുന്നു എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. ഒരു സന്തുഷ്ട ജീവിതത്തിനാവശ്യമായതെല്ലാം അവർക്കുണ്ടായിരുന്നു—ഏദെനിൽ ഉദ്യാനതുല്യമായ ഒരു ഭവനവും, സമൃദ്ധമായ വൈവിധ്യത്തോടുകൂടിയ ആഹാരവും സംതൃപ്തികരമായ വേലയും, അവരുടെ കുടുംബം വളർന്നു വന്നു ഭൂമിയെ നിറയ്ക്കുന്നതു കാണുന്നതിനുളള പ്രതീക്ഷയും, അവരുടെ സ്രഷ്ടാവിന്റെ അനുഗ്രഹവും തന്നെ. (ഉൽപത്തി 1:28, 29; 2:8, 9, 15) ഇതിൽ കൂടുതൽ വേണമെന്ന് ന്യായമായി ആർക്ക് അവകാശപ്പെടാൻ കഴിയുമായിരുന്നു?
4. (എ) സൃഷ്ടിയിങ്കൽ മനുഷ്യർ മററു ഭൗമിക ജീവികളിൽനിന്ന് ഏതു വിധത്തിൽ വ്യത്യസ്തരായിരുന്നു? (ബി) അവർക്ക് ആവശ്യമായിരുന്ന മാർഗ്ഗനിർദ്ദേശം ഏതു രീതിയിൽ കൊടുക്കപ്പെട്ടു?
4 മനുഷ്യർ ഭൂമിയിൽ അനുപമമായ ഒരു സ്ഥാനം വഹിച്ചിരുന്നു എന്ന് ഉൽപത്തിയിലെ നിശ്വസ്തരേഖ വെളിപ്പെടുത്തുന്നു. മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി അവർക്ക് ഒരു ധാർമ്മികബോധം ഉണ്ടായിരുന്നു. അവർക്ക് സ്വതന്ത്രമായി ഇച്ഛാശക്തിയും നൽകപ്പെട്ടിരുന്നു. അതുകൊണ്ടാണ് അവർ ന്യായബോധത്തിന്റെയും വിവേചനയുടെയും ശക്തികളാൽ സജ്ജരാക്കപ്പെട്ടിരിക്കുന്നത്. അവരെ വഴിനടത്തുന്നതിന് ദൈവം പുരുഷനിലും സ്ത്രീയിലും മനഃസാക്ഷിയുടെ പ്രാപ്തി നട്ടു. അതുകൊണ്ട് പൂർണ്ണമനുഷ്യരെന്നനിലയിൽ അവരുടെ സാധാരണ ഗതിയിലുളള ചായ്വ് നൻമയിലേക്ക് ആയിരിക്കും. (റോമർ 2:15) ഇതിനെല്ലാം പുറമേ, അവർ ജീവനോടിരിക്കുന്നത് എന്തുകൊണ്ടാണെന്നും അവർ എന്തുചെയ്യണമെന്നും അവർക്കു ചുററുമുളള വിശിഷ്ട വസ്തുക്കളെല്ലാം ആരാണ് നൽകിയതെന്നും ദൈവം അവരോടു പറഞ്ഞു. (ഉൽപത്തി 1:28-30) അങ്ങനെയെങ്കിൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന ദുഷിച്ച അവസ്ഥകളെ നാം എങ്ങനെ വിശദീകരിക്കും?
5. (എ) ആദ്യ മാനുഷ ജോടിക്ക് ദൈവം ഏതു ലളിതമായ വ്യവസ്ഥവെച്ചു, എന്തുകൊണ്ട്? (ബി) അവരുടെ ഭാവിജീവിത പ്രതീക്ഷകൾ ഉചിതമായി ഉൾപ്പെട്ടിരുന്നതെന്തുകൊണ്ട്?
5 ഒരു വിവാദവിഷയം—ഇന്ന് നമ്മിലോരോരുത്തരും ഉൾപ്പെടുന്ന ഒന്ന്—ഉയർന്നു വന്നുവെന്ന് തിരുവെഴുത്തുപരമായ രേഖ പ്രകടമാക്കുന്നു. ഒന്നാമത്തെ മാനുഷ ജോടിയുടെ സൃഷ്ടിക്കുശേഷം ഏറെ താമസിയാതെ വികാസം പ്രാപിച്ച സാഹചര്യങ്ങൾ മുഖാന്തരമായിരുന്നു അത് ഉളവായത്. ഒരു വ്യവസ്ഥയോടുളള അനുസരണത്താൽ തങ്ങളുടെ സ്രഷ്ടാവിനോട് സ്നേഹപൂർവ്വകമായ വിലമതിപ്പ് പ്രകടമാക്കാനുളള അവസരം ദൈവം പരുഷനും സ്ത്രീയ്ക്കും കൊടുത്തു. അവർക്ക് നിയന്ത്രിക്കേണ്ട ദുഷിച്ച പ്രവണതകൾ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന യാതൊന്നുമായിരുന്നില്ല ഈ വ്യവസ്ഥ. പകരം, അതിൽതന്നെ സാധാരണവും ഉചിതവുമായത്—ആഹാരം കഴിക്കുന്നത്—അതിൽ ഉൾപ്പെട്ടിരുന്നു. ദൈവം മനുഷ്യനോടു പറഞ്ഞപ്രകാരം: “തോട്ടത്തിലെ ഏതു വൃക്ഷത്തിൽനിന്നും നിനക്കു തൃപ്തിയാകുവോളം തിന്നാം. എന്നാൽ നൻമതിൻമകളുടെ അറിവിന്റെ വൃക്ഷത്തെ സംബന്ധിച്ചിടത്തോളം നീ അതിൽനിന്ന് തിന്നരുത്, എന്തുകൊണ്ടെന്നാൽ നീ അതിൽ നിന്നു തിന്നുന്ന ദിവസത്തിൽ നീ തീർച്ചയായും മരിക്കും.” (ഉൽപത്തി 2:16, 17) ഈ വ്യവസ്ഥ ജീവന് ആവശ്യമായിരിക്കുന്ന യാതൊന്നും ആദ്യജോടിയിൽനിന്ന് കവർന്നുകളഞ്ഞില്ല. തോട്ടത്തിലെ മറെറല്ലാ വൃക്ഷങ്ങളിൽനിന്നും അവർക്കു ഭക്ഷിക്കാമായിരുന്നു. എന്നിരുന്നാലും ഭാവിയിലെ അവരുടെ ജീവിതപ്രതീക്ഷകൾ നിശ്ചയമായും ഉൾപ്പെട്ടിരുന്നു, ഉചിതമായിത്തന്നെ. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അനുസരണം ആവശ്യപ്പെട്ടവൻ ജീവന്റെ ഉറവും പരിപാലകനും ആയിരുന്നു.
6. (എ) ഭരണം സംബന്ധിച്ച ഏത് അടിസ്ഥാന സത്യത്തിന് ചേർച്ചയായി ജീവിച്ചിരുന്നെങ്കിൽ നമ്മുടെ ആദ്യമാതാപിതാക്കൾക്ക് എന്നേക്കും ജീവിക്കാൻ കഴിയുമായിരുന്നു? (ബി) അവർക്ക് ദൈവത്തെ അനുസരിക്കാൻ പ്രേരണ തോന്നേണ്ടിയിരുന്നതെന്തുകൊണ്ട്?
6 മനുഷ്യർ മരിക്കണമെന്നുളളതായിരുന്നില്ല ദൈവത്തിന്റെ ഉദ്ദേശ്യം. അനുസരണക്കേടിന്റെ ശിക്ഷയായിട്ടല്ലാതെ മരണത്തെപ്പററി ആദാമിനോടും ഹവ്വായോടും പറഞ്ഞിരുന്നില്ല. നമ്മുടെ ആദ്യമാതാപിതാക്കൾക്ക് അവരുടെ സമാധാനപൂർണ്ണമായ, ഉദ്യാനതുല്യമായ ഭവനത്തിൽ എന്നേയ്ക്കും ജീവിക്കുന്നതിനുളള പ്രതീക്ഷ അവരുടെ മുമ്പാകെ ഉണ്ടായിരുന്നു. ഇത് ആർജ്ജിക്കുന്നതിന് അവരിൽ നിന്ന് എന്താണ് ആവശ്യപ്പെട്ടിരുന്നത്? അവർ അധിവസിച്ച ഭൂമി അതു നിർമ്മിച്ച ദൈവത്തിന്റേതാണെന്നും സ്രഷ്ടാവെന്ന നിലയിൽ അവന് ഉചിതമായി തന്റെ സൃഷ്ടിയുടെമേൽ അധികാരമുണ്ടെന്നും അവർ അംഗീകരിക്കണമായിരുന്നു. (സങ്കീർത്തനം 24:1, 10) തീർച്ചയായും മനുഷ്യന്, ജീവനുൾപ്പെടെ അവനാവശ്യമായതെല്ലാം നൽകിയവൻ അവരിൽനിന്ന് ആവശ്യപ്പെട്ട സകലത്തിലും അവരുടെ അനുസരണം അർഹിച്ചു. എന്നാൽ ആ അനുസരണം നിർബ്ബന്ധത്താലുളളതായിരിക്കാൻ അവൻ ആഗ്രഹിച്ചില്ല. മറിച്ച് അതു സ്നേഹത്താൽ പ്രേരിതമായി മനസ്സൊരുക്കമുളള ഹൃദയത്തിൽനിന്നായിരിക്കണമായിരുന്നു. (1 യോഹന്നാൻ 5:3) എന്നാൽ നമ്മുടെ ആദിമാതാപിതാക്കൾ അത്തരം സ്നേഹം പ്രകടമാക്കുന്നതിൽ പരാജയപ്പെട്ടു. ഇത് എങ്ങനെ സംഭവിച്ചു?
ദിവ്യഭരണത്തോടുളള എതിർപ്പിന്റെ തുടക്കം
7. (എ) ബൈബിൾ അനുസരിച്ച് ദൈവത്തിന്റെ ഭരണത്തോടുളള എതിർപ്പ് എവിടെ തുടങ്ങി? (ബി) ആത്മമണ്ഡലത്തിൽ വിശ്വസിക്കുന്നത് ന്യായാനുസൃതമായിരിക്കുന്നത് എന്തുകൊണ്ട്?
7 ദൈവത്തിന്റെ ഭരണത്തോടുളള എതിർപ്പ് ആദ്യമായി ഭൂമിയിലല്ല മറിച്ച് മാനുഷ നേത്രങ്ങൾക്ക് അദൃശ്യമായ ഒരു മണ്ഡലത്തിലാണ് തുടങ്ങിയതെന്ന് ബൈബിൾ പ്രകടമാക്കുന്നു. നമുക്ക് അതു കാണാൻ കഴിയാത്തതുകൊണ്ട് മാത്രം അനേകരെപ്പോലെ, അത്തരം ഒരു മണ്ഡലം സ്ഥിതിചെയ്യുന്നു എന്നത് നാം സംശയിക്കണമോ? കൊളളാം, ഗുരുത്വാകർഷണം നമുക്കു കാണാൻ സാദ്ധ്യമല്ല, കാററും അങ്ങനെതന്നെ. എന്നാൽ അവയുടെ ഫലങ്ങൾ വളരെ യഥാർത്ഥമാണ്. അതുപോലെതന്നെ അദൃശ്യമണ്ഡലത്തിന്റെ ഫലങ്ങളും നിരീക്ഷിക്കാൻ കഴിയും. “ദൈവം ഒരാത്മാവ്” ആകുന്നുവെങ്കിലും അവന്റെ സൃഷ്ടിക്രിയകൾ നമുക്കുചുററും എല്ലായിടത്തും കാണാൻ കഴിയും. നാം അവനിൽ വിശ്വസിക്കുന്നുവെങ്കിൽ നാം ഒരു ആത്മമണ്ഡലത്തിലും വിശ്വസിച്ചേ തീരൂ. (യോഹന്നാൻ 4:24; റോമർ 1:20) എന്നാൽ മററാരെങ്കിലും ആ മണ്ഡലത്തിൽ വസിക്കുന്നുണ്ടോ?
8. ദൂതൻമാർ ഏതുതരം വ്യക്തികളാണ്?
8 ബൈബിൾ അനുസരിച്ച്, മനുഷ്യന് മുമ്പ് ദശലക്ഷക്കണക്കിന് ആത്മവ്യക്തികൾ, ദൂതൻമാർ ആസ്തിക്യത്തിലേക്ക് വരുത്തപ്പെട്ടു. (ഇയ്യോബ് 38:4, 7; സങ്കീർത്തനം 103:20; ദാനിയേൽ 7:10) ഇവരെല്ലാം പൂർണ്ണരായി, ദുഷ്പ്രവണതകളൊന്നും കൂടാതെ സൃഷ്ടിക്കപ്പെട്ടു. എന്നാൽ ദൈവത്തിന്റെ പിൽക്കാല സൃഷ്ടിയായ മനുഷ്യനെപ്പോലെ അവർക്കു സ്വതന്ത്രമായ ഇച്ഛാശക്തി കൊടുക്കപ്പെട്ടു. അതുകൊണ്ട് അവർക്ക് ദൈവത്തോടുളള വിശ്വസ്തതയുടെയോ അവിശ്വസ്തതയുടെയോ ഒരു ഗതി തെരഞ്ഞെടുക്കാൻ കഴിയുമായിരുന്നു.
9, 10. (എ) പൂർണ്ണതയുളള ഒരു ആത്മ സൃഷ്ടിക്ക് തെററുചെയ്യാനുളള പ്രവണത തോന്നുക സാദ്ധ്യമായിരിക്കുന്നതെങ്ങനെ? (ബി) അതുകൊണ്ട് ദൂതൻമാരിലൊരാൾ എങ്ങനെ സാത്താനായിത്തീർന്നു?
9 എന്നാൽ അനേകമാളുകൾ ചോദിക്കുന്ന ചോദ്യം ഇതാണ്: പൂർണ്ണതയുളള സൃഷ്ടികളെന്ന നിലയിൽ അവരിലാർക്കെങ്കിലും തെററു ചെയ്യാനുളള പ്രവണത തോന്നാൻ തന്നെ എങ്ങനെ കഴിയും? കൊളളാം, നമ്മുടെ സ്വന്തം ജീവിതത്തിൽ എത്രപ്രാവശ്യം ചിലതു നല്ലതും ചിലതു ചീത്തയുമായ സാദ്ധ്യതകളെ നാം അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ പൊന്തിവന്നിട്ടുണ്ട്? ചീത്ത സാദ്ധ്യതകളെ തിരിച്ചറിയാനുളള ബുദ്ധിശക്തി നമുക്കുണ്ട് എന്നുളള വസ്തുത അതിനാൽ തന്നെ നമ്മെ ചീത്തയാക്കുന്നില്ല, ഉവ്വോ? യഥാർത്ഥ ചോദ്യം, നാം ഏതു ഗതിയിൽ നമ്മുടെ മനസ്സും ഹൃദയവും ഉറപ്പിക്കും? എന്നതാണ്. നാം ഉപദ്രവകരമായ ചിന്തകളിൽ മനസ്സു കേന്ദ്രീകരിക്കുന്നുവെങ്കിൽ നമ്മുടെ ഹൃദയങ്ങളിൽ തെററായ ആഗ്രഹങ്ങൾ വളർത്തുന്നതിലേയ്ക്കു നാം വശീകരിക്കപ്പെടും. അത്തരം ആഗ്രഹത്തിന് ക്രമേണ തെററായ പ്രവൃത്തികൾ ചെയ്യുന്നതിന് നമ്മെ പ്രേരിപ്പിക്കാൻ കഴിയും. ഈ നാശകരമായ ചക്രഗതി ബൈബിളെഴുത്തുകാരനായ യാക്കോബ് വർണ്ണിച്ചിരിക്കുന്നു: “ഓരോരുത്തരും സ്വന്ത മോഹത്താൽ ആകർഷിക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുന്നതിനാൽ പരീക്ഷിക്കപ്പെടുന്നു. അനന്തരം മോഹം പുഷ്ടിപ്പെട്ടു കഴിയുമ്പോൾ പാപത്തെ പ്രസവിക്കുന്നു. ക്രമത്തിൽ പാപം പൂരിതമാക്കപ്പെടുമ്പോൾ മരണത്തെ ഉളവാക്കുന്നു.”—യാക്കോബ് 1:14, 15.
10 ദൈവത്തിന്റെ ആത്മപുത്രൻമാരിൽ ഒരാൾക്ക് ഇതു സംഭവിച്ചു എന്ന് തിരുവെഴുത്തുകൾ പ്രകടമാക്കുന്നു. അവന്റെ സ്വന്തം മോഹങ്ങളാൽ അവൻ വശീകരിക്കപ്പെട്ടു. ദൈവത്തിന്റെ മാനുഷ സൃഷ്ടിയിൽ അവൻ ചില സാദ്ധ്യതകൾ കണ്ടു. ദൈവത്തിനു കീഴ്പ്പെട്ടിരിക്കുന്നതിനു പകരം അവർ തനിക്കു കീഴ്പ്പെട്ടിരിക്കുമോ? പ്രകടമായും ദൈവത്തിനുളള ആരാധനയിൽ കുറഞ്ഞപക്ഷം ഒരു ഭാഗമെങ്കിലും ലഭിക്കാൻ അവൻ കൊതിച്ചു തുടങ്ങി. (ലൂക്കോസ് 4:5-8) ഈ മോഹത്തിന് അനുസരിച്ച് പ്രവർത്തിച്ച് അവൻ ദൈവത്തിനെതിരെ ഒരു മത്സരിയായി തീർന്നു. ആ കാരണത്താൽ അവനെ എതിരാളി എന്നർത്ഥമുളള സാത്താൻ എന്നു ബൈബിളിൽ പരാമർശിച്ചിരിക്കുന്നു.—ഇയ്യോബ് 1:6.
11. സാത്താൻ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുകതന്നെ ചെയ്യുന്നുവെന്ന് വിശ്വസിക്കാൻ എന്ത് ഈടുററ അടിസ്ഥാനമുണ്ട്?
11 ഭൗതികത നിറഞ്ഞ ഈ ഇരുപതാം നൂററാണ്ടിൽ സാത്താനെപ്പോലെയുളള ഒരു ആത്മവ്യക്തിയിലുളള വിശ്വാസം ജനരഞ്ജകമല്ല. എന്നാൽ ജനസമ്മതി എന്നെങ്കിലും സത്യത്തിലേയ്ക്കുളള സുനിശ്ചിതമായ ഒരു വഴികാട്ടിയായിരുന്നിട്ടുണ്ടോ? രോഗങ്ങളെക്കുറിച്ചു പഠനം നടത്തുന്നവർക്കിടയിൽ കാണാൻ കഴിയാത്ത രോഗാണുക്കൾ പരിഗണിക്കേണ്ട ഒരു ഘടകമാണെന്ന വിശ്വാസം ഒരു കാലത്ത് ജനരഞ്ജകമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവയുടെ സ്വാധീനം പരക്കെ അറിയപ്പെടുന്നു. അതുകൊണ്ട് എന്നെങ്കിലും ജനരഞ്ജകമല്ലാത്തതുകൊണ്ട് അതിനെ അവഗണിക്കാം എന്ന് തീർച്ചയായും അർത്ഥമില്ല. യേശുക്രിസ്തുതന്നെ ആത്മമണ്ഡലത്തിൽനിന്ന് വന്നവനായിരുന്നു. അതുകൊണ്ട് അവന് അവിടത്തെ ജീവിതത്തെപ്പററി ആധികാരികമായി സംസാരിക്കാൻ കഴിഞ്ഞു. അവൻ തീർച്ചയായും സാത്താനെ ഒരു ദുഷ്ട ആത്മവ്യക്തിയായിട്ടു തിരിച്ചറിയിച്ചു. (യോഹന്നാൻ 8:23; ലൂക്കോസ് 13:16; 22:31) ആത്മവ്യക്തിയായ ഈ ശത്രുവിന്റെ ആസ്തിക്യം കണക്കിലെടുക്കുന്നതിനാൽ മാത്രമേ ഈ ഭൂമിയിൽ ഇത്ര വഷളായ അവസ്ഥകൾ എങ്ങനെ ആരംഭിച്ചു എന്നു മനസ്സിലാക്കാൻ സാധിക്കുകയുളളു.
12. സാത്താൻ സ്ത്രീയായ ഹവ്വായോട് എങ്ങനെ ആശയവിനിയമം ചെയ്തു, ഈ രീതിയിൽ എന്തുകൊണ്ട്?
12 സാത്താൻ തന്റെ ദുരാഗ്രഹത്തെ തൃപ്തിപ്പെടുത്താനുളള ശ്രമത്തിൽ എങ്ങനെ മുമ്പോട്ടു നീങ്ങിയെന്ന് ഉല്പത്തി മൂന്നാമദ്ധ്യായത്തിലെ നിശ്വസ്തരേഖ വിവരിക്കുന്നു. തന്റെ യഥാർത്ഥ താദാത്മ്യത്തെ മറയ്ക്കുന്ന ഒരു രീതിയിൽ ഏദെനിൽ വച്ച് അവൻ സ്ത്രീയായ ഹവ്വായെ സമീപിച്ചു. ആ മാനുഷജോടി സാധാരണ കണ്ടിരുന്ന ഒരു ജന്തുവിനെ—ഒരു സർപ്പത്തെ—അവൻ ഉപയോഗിച്ചു. പ്രസ്പഷ്ടമായി, ഗാരുഡവിദ്യയെന്ന് നാം വിളിക്കുന്ന രീതി ഉപയോഗിച്ചുകൊണ്ട് തന്റെ വാക്കുകൾ ആ ജീവിയിൽ നിന്നു വരുന്നു എന്ന് തോന്നാൻ അവൻ ഇടയാക്കി. ജാഗ്രതയോടു കൂടിയ അതിന്റെ സ്വാഭാവികരീതി സാത്താൻ ഉളവാക്കാൻ ആഗ്രഹിച്ച ധാരണയോട് നന്നായി യോജിച്ചു.—ഉല്പത്തി 3:1; വെളിപ്പാട് 12:9.
13. സാത്താൻ ഹവ്വായോട് എന്തു പറഞ്ഞു, പ്രസ്പഷ്ടമായി എന്തുദ്ദേശ്യത്തോടെ?
13 സ്ത്രീ അവളുടെ ഭരണാധികാരി എന്നനിലയിൽ തന്നിലേയ്ക്കു നോക്കാൻ നേരിട്ട് നിർദ്ദേശിക്കുന്നതിന് പകരം സാത്താൻ ആദ്യമായി അവളുടെ മനസ്സിൽ സംശയം ജനിപ്പിക്കാൻ ശ്രമിച്ചു. ഇങ്ങനെ ചോദിച്ചുകൊണ്ട്: “തോട്ടത്തിലെ സകല വൃക്ഷങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്ന് ദൈവം പറഞ്ഞുവെന്നത് യഥാർത്ഥത്തിൽ അങ്ങനെ തന്നെയാണോ? ഫലത്തിൽ, ‘തോട്ടത്തിലെ സകലവൃക്ഷങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്ന് ദൈവം പറഞ്ഞിരിക്കുന്നത് വളരെ കഷ്ടമാണ്’ എന്നവൻ പറയുകയായിരുന്നു. ഇതിനാൽ സാദ്ധ്യതയനുസരിച്ച് ദൈവം എന്തോ നൻമ അവർക്കു നിഷേധിക്കുകയാണെന്ന് അവൻ സൂചിപ്പിച്ചു. ഒരു മരത്തെമാത്രം ഉൾപ്പെടുത്തിക്കൊണ്ടുളള ദൈവത്തിന്റെ കല്പന ഉദ്ധരിക്കുകയും അനുസരണക്കേടിനുളള ശിക്ഷ മരണമാണെന്ന് പ്രസ്താവിക്കുകയും ചെയ്തുകൊണ്ട് ഹവ്വാ ഉത്തരം കൊടുത്തു. അതിങ്കൽ ദൈവകല്പനകളോടുളള അവളുടെ ആദരവിന്റെ അടിത്തറ മാന്താൻ സാത്താൻ ശ്രമിച്ചു. ഇപ്രകാരം പറഞ്ഞുകൊണ്ട്: “നിങ്ങൾ നിശ്ചയമായും മരിക്കയില്ല, എന്തുകൊണ്ടെന്നാൽ നിങ്ങൾ അതിൽനിന്നു തിന്നുന്ന നാളിൽതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കേണ്ടതാണെന്നും നിങ്ങൾ നൻമതിൻമകൾ തിരിച്ചറിയുന്നവരായി ദൈവത്തെപ്പോലെ ആയിത്തീരേണ്ടതാണെന്നും ദൈവം അറിയുന്നു.” (ഉല്പത്തി 3:1-5) ഇത്തരം ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിരുന്നെങ്കിൽ നിങ്ങൾ എന്തുചെയ്യുമായിരുന്നു?
14. (എ) ഹവ്വാ സാത്താന്റെ ഇരയായിത്തീർന്നതെന്തുകൊണ്ട്? (ബി) ആദാം എന്തു ചെയ്തു?
14 സ്വാർത്ഥമോഹങ്ങളാൽ നയിക്കപ്പെടാൻ ഹവ്വാ തന്നെത്തന്നെ അനുവദിച്ചു. ദൈവം വിലക്കിയിരുന്നത് അവൾ തിന്നു. പിന്നീട് അവളുടെ പ്രേരണയിൻ കീഴിൽ അവളുടെ ഭർത്താവ് ആദാമും തിന്നു. തന്റെ സ്രഷ്ടാവിന്റെ പക്ഷത്തായിരിക്കുന്നതിനു പകരം അവളുടെ പക്ഷത്തായിരിക്കുന്നതിനെ അവൻ തെരഞ്ഞെടുത്തു. (ഉല്പത്തി 3:6; 1 തിമൊഥെയോസ് 2:14) പരിണതഫലമെന്തായിരുന്നു?
15. അതുകൊണ്ട് മനുഷ്യാസ്തിക്യത്തിന്റെ അടയാളമായിരുന്നിട്ടുളള കുററകൃത്യത്തിനും അക്രമത്തിനും അതുപോലെതന്നെ രോഗത്തിനും മരണത്തിനും കാരണമെന്ത്?
15 മുഴുമാനുഷ കുടുംബവും പാപത്തിലേയ്ക്കും അപൂർണ്ണതയിലേക്കും നിപതിച്ചു. ഇപ്പോൾ ആദാമിനും ഹവ്വായ്ക്കും തങ്ങൾക്ക് ഒരിക്കൽ ഉണ്ടായിരുന്ന പൂർണ്ണത തങ്ങളുടെ സന്താനങ്ങൾക്ക് കൈമാറാൻ കഴിയാതെയായി. ന്യൂനതയുളള ഒരു മാതൃകയിൽനിന്ന് കോപ്പികൾ നിർമ്മിക്കുമ്പോൾ അവക്കെല്ലാം അതേ ന്യൂനത ഉണ്ടായിരിക്കുന്നതുപോലെ പാരമ്പര്യമായി കിട്ടിയ സ്വാർത്ഥതയ്ക്കുളള പ്രവണത സഹിതം അവരുടെ സന്താനങ്ങൾ എല്ലാവരും പാപത്തിൽ ജനിച്ചു. (ഉല്പത്തി 8:21) നിയന്ത്രിക്കപ്പെടാത്ത ഈ പ്രവണത മനുഷ്യവർഗ്ഗത്തിൽനിന്ന് സമാധാനവും സുരക്ഷിതത്വവും എടുത്തുകളഞ്ഞ തിൻമകളിലേയ്ക്കു നയിച്ചിരിക്കുന്നു. പാപത്തിന്റെ ഈ പൈതൃകാവകാശമാണ് രോഗത്തിനും മരണത്തിനും കൂടെ ഇടയാക്കിയിരിക്കുന്നത്—റോമർ 5:12.
ഉന്നയിക്കപ്പെട്ട വിവാദ വിഷയങ്ങൾ
16, 17. (എ) ദൈവം ഇത്രയും നാൾ ഈ സാഹചര്യത്തെ പൊറുത്തതെന്തുകൊണ്ടെന്ന് മനസ്സിലാക്കുന്നതിന് നാം എന്തു വിലമതിക്കണം? (ബി) ഉന്നയിക്കപ്പെട്ട വിവാദവിഷയം യഥാർത്ഥത്തിലെന്താണ്?
16 ഈ വസ്തുതകളുടെ വെളിച്ചത്തിൽ സാഹചര്യം ഇത്രത്തോളം വഷളാകാൻ അനുവദിച്ചുകൊണ്ട് ദൈവം അതിനെ പൊറുത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിലേയ്ക്കു നമ്മുടെ മനസ്സുകൾ പിന്നോക്കം പോകുന്നു. അത് ഉന്നയിക്കപ്പെട്ട വളരെ ഗൗരവതരമായ ഒരു വിവാദവിഷയവും അതിന് മുഴു അഖിലാണ്ഡത്തിൻമേലും ഉളള ഫലവും നിമിത്തമാണ്. അതെങ്ങനെ?
17 ആദാമിനും ഹവ്വായ്ക്കും നൽകപ്പെട്ട ദൈവത്തിന്റെ നിയമം അവരുടെ നൻമയ്ക്കല്ല എന്ന വാദത്താലും അനുസരണക്കേടിനുളള ദൈവത്തിന്റെ പ്രസ്താവിതഫലത്തെ വെല്ലുവിളിച്ചതിനാലും സാത്താൻ ദൈവത്തിന്റെ ഭരണത്തെ ചോദ്യം ചെയ്യുകയായിരുന്നു. ഇല്ല, ദൈവം ഭരണാധികാരിയാണെന്ന വസ്തുതയെ അവൻ ചോദ്യം ചെയ്തില്ല. മറിച്ച്, സാത്താൻ ഉന്നയിച്ച വാദം യഹോവയുടെ ഭരണത്തിന്റെ ഔചിത്യത്തിലും അവന്റെ പരമാധികാരത്തിലും അവന്റെ വഴികളുടെ നീതിയിലും കേന്ദ്രീകരിച്ചിരുന്നു. ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശത്തിന് കീഴ്പ്പെടുന്നതിനു പകരം സ്വന്തം തീരുമാനങ്ങൾ ചെയ്തുകൊണ്ട് സ്വതന്ത്രമായി പ്രവർത്തിച്ചാൽ അതായിരിക്കും അവന് മെച്ചമെന്ന് സാത്താൻ വഞ്ചനാത്മകമായി വാദിച്ചു. (ഉല്പത്തി 3:4, 5) എന്നാൽ വാസ്തവത്തിൽ അങ്ങനെ ചെയ്യുക വഴി അവർ ദൈവത്തിന്റെ എതിരാളിയുടെ നടത്തിപ്പിനെ അനുസരിക്കുകയായിരിക്കും.
18. (എ) മറെറന്തു വിവാദവിഷയവുംകൂടി ഉൾപ്പെട്ടിരുന്നു, ഇതു ബൈബിളിൽ എവിടെ കാണപ്പെടുന്നു? (ബി) ഈ വിവാദ വിഷയത്തിൽ നാം ഉൾപ്പെടുന്നതെങ്ങനെ?
18 മറെറാരു പ്രശ്നവും ഉൾപ്പെട്ടിരുന്നു. ദൈവത്തിന്റെ ഈ സൃഷ്ടികൾ അവിടെ ഏദെനിൽ വച്ച് അവനെതിരെ തിരിഞ്ഞ സ്ഥിതിക്ക് മററുളളവർ എന്തുചെയ്യും? പിന്നീട് ഇയ്യോബ് എന്ന മമനുഷ്യന്റെ നാളിൽ, യഹോവയെ സേവിക്കുന്നവർ അങ്ങനെ ചെയ്യുന്നത് ദൈവത്തോടും അവന്റെ ഭരണത്തോടും ഉളള എന്തെങ്കിലും സ്നേഹം കൊണ്ടല്ലെന്നും മറിച്ച്, ദൈവം അവർക്കുവേണ്ടി എല്ലാം കരുതുന്നതുകൊണ്ടുമാത്രം സ്വാർത്ഥപരമായിട്ടാണെന്നും സാത്താൻ പരസ്യമായി ആരോപിച്ചു. സമ്മർദ്ദത്തിൻ കീഴിൽ വരുന്ന യാതൊരാളും വിശ്വസ്തതയോടെ യഹോവയുടെ പരമാധികാരത്തെ പിന്താങ്ങുകയില്ല എന്ന് സാത്താൻ സൂചിപ്പിച്ചു. അതുകൊണ്ട് സ്വർഗ്ഗത്തിലും, ഭൂമിയിലുമുളള ബുദ്ധിശക്തിയുളള സകല സൃഷ്ടികളുടെയും വിശ്വസ്തതയും നിർമ്മലതയും ചോദ്യം ചെയ്യപ്പെട്ടു. ഇപ്രകാരം, വിവാദവിഷയത്തിൽ നിങ്ങളും ഉൾപ്പെടുന്നു.—ഇയ്യോബ് 1:8-12; 2:4, 5.
19, 20. മത്സരികളെ ഉടനടി നശിപ്പിക്കാഞ്ഞതിനാൽ ദൂതൻമാരും മനുഷ്യരുമായ തന്റെ സൃഷ്ടികൾക്ക് യഹോവ എന്തവസരം നൽകി?
19 ഇത്തരമൊരു വെല്ലുവിളിയെ അഭിമുഖീകരിക്കാൻ യഹോവ എന്തുചെയ്യും? അവന് സാത്താനെയും, ആദാമിനെയും ഹവ്വായെയും നിഷ്പ്രയാസം നശിപ്പിക്കാൻ കഴിയുമായിരുന്നു. അത് യഹോവയുടെ പരമാധീശശക്തി പ്രകടമാക്കുമായിരുന്നു. എന്നാൽ അതു, ഈ സംഭവവികാസങ്ങൾ നിരീക്ഷിച്ചിരുന്ന ദൈവത്തിന്റെ സകല സൃഷ്ടികളുടെയും മനസ്സിൽ ഇപ്പോൾ ഉന്നയിക്കപ്പെട്ടിരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുമായിരുന്നോ? അഖിലാണ്ഡത്തിലെ ശാശ്വത സമാധാനവും സുരക്ഷിതത്വവും ഈ പ്രശ്നങ്ങൾക്കു സദാകാലത്തേയ്ക്കുമായി ഒരിക്കൽ സമ്പൂർണ്ണമായി തീർപ്പു കൽപ്പിക്കേണ്ടത് ആവശ്യമാക്കിത്തീർത്തു. അതിനും പുറമെ, ദൈവത്തിന്റെ ബുദ്ധിശക്തിയുളള സകല സൃഷ്ടികളുടെയും നിർമ്മലതയും വിശ്വസ്തതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അവർ അവനെ സ്നേഹിച്ചുവെങ്കിൽ ഈ വ്യാജാരോപണത്തിന് ഉത്തരം കൊടുക്കാൻ അവർ തന്നെ ആഗ്രഹിക്കുമായിരുന്നു. അതു തന്നെ ചെയ്യാൻ യഹോവ അവർക്ക് അവസരം നൽകി. കൂടാതെ, സന്താനങ്ങളെ (അപൂർണ്ണരായവരെങ്കിലും) ഉൽപ്പാദിപ്പിക്കാൻ ആദാമിനെയും ഹവ്വായെയും അനുവദിക്കുക വഴി ഇന്നു ജീവിച്ചിരിക്കുന്ന നാമെല്ലാം ഉൾപ്പെട്ട മാനുഷകുടുംബം ഇല്ലായ്മപ്പെട്ടു പോകുന്നത് ദൈവം തടയുമായിരുന്നു. ഇത് ഈ സന്തതികൾ ദിവ്യഭരണത്തെ അനുസരിക്കുന്നുവോ എന്ന് തങ്ങൾക്കു വേണ്ടിത്തന്നെ തീരുമാനം ചെയ്യുന്നതിനുളള അവസരം അവർക്കു നൽകും. ആ തെരഞ്ഞടുപ്പാണ് ഇപ്പോൾ നിങ്ങളെ അഭിമുഖീകരിക്കുന്നത്!
20 അതുകൊണ്ട്, ഉടനടി മരണശിക്ഷ നടപ്പാക്കുന്നതിനു പകരം ആ മത്സരികൾ കുറെ കാലത്തേയ്ക്കു നിലനിൽക്കാൻ യഹോവ അനുവദിച്ചു. ഒരായിരം വർഷങ്ങൾ കഴിയുന്നതിനു മുമ്പ് മരിക്കാൻ ആദാമും ഹവ്വായും ഏദെനിൽ നിന്നു പുറത്താക്കപ്പെട്ടു. (ഉൽപത്തി 5:5; ഉൽപത്തി 2:17-നെ 2 പത്രോസ് 3:8-നോട് താരതമ്യം ചെയ്യുക.) തല ചതയ്ക്കപ്പെട്ട ഒരു സർപ്പമായിരുന്നാലെന്നവണ്ണം സാത്താനും തക്കസമയത്ത് നശിപ്പിക്കപ്പെടേണ്ടിയിരുന്നു.—ഉൽപത്തി 3:15; റോമർ 16:20.
കാലത്തിന്റെ പോക്ക് വെളിപ്പെടുത്തിയിരിക്കുന്നത്
21, 22. (എ) ഭരണം സംബന്ധിച്ച് ദൈവം അനുവദിച്ച കാലത്ത് സാത്താനും മനുഷ്യവർഗ്ഗവും എന്തു ചെയ്തുകൊണ്ടാണിരുന്നത്? (ബി) ദൈവത്തെ അവഗണിക്കാൻ ശ്രമിക്കുന്ന ഗവൺമെൻറു സംബന്ധിച്ച് മാനുഷ ചരിത്രം എന്തു പ്രകടമാക്കുന്നു?
21 ദൈവത്തിന്റെ ഭരണത്തിന്റെ ഔചിത്യം സംബന്ധിച്ച വെല്ലുവിളി എന്തിൽ കലാശിച്ചിരിക്കുന്നു? സ്വന്തം കാര്യങ്ങൾ നടത്താനുളള ശ്രമം വഴി മനുഷ്യർ തനിക്കുതന്നെ പ്രയോജനം ചെയ്തിട്ടുണ്ടോ? ചിന്തനീയമായ എല്ലാത്തരം ഗവൺമെൻറുകളും പരീക്ഷിച്ചു നോക്കുന്നതിന് മനഷ്യവർഗ്ഗം അനുവദിക്കപ്പെട്ടിരിക്കുന്നു. പൂർണ്ണഫലങ്ങൾ കാണാൻ കഴിയുന്നതിനു മുമ്പേതന്നെ യഹോവ മാനുഷ ശ്രമങ്ങൾക്കു വിരാമമിട്ടുകളഞ്ഞില്ല. ഒരു നൂററാണ്ടു മുമ്പായിരുന്നെങ്കിൽ പോലും അതു സമയത്തിനു മുമ്പേ ആയിരുന്നേനെ. അന്നു മനഷ്യൻ “സാങ്കേതിക യുഗ”ത്തിലേയ്ക്കു പ്രവേശിക്കുന്നതേയുണ്ടായിരുന്നുളളു. തനിക്കു നേടാൻ കഴിയുന്ന കാര്യങ്ങളെപ്പററി വലിയ അവകാശവാദങ്ങൾ പുറപ്പെടുവിച്ചു തുടങ്ങുന്നതേയുണ്ടായിരുന്നുളളു.
22 എന്നാൽ ദൈവത്തിൽ നിന്ന് സ്വതന്ത്രമായ മമനുഷ്യന്റെ ഗതിയുടെ അനന്തരഫലം എന്തായിരിക്കുമെന്ന് കാണാൻ മറെറാരു നൂററാണ്ടുകൂടി ആവശ്യമുണ്ടോ? ഭൂമി നശീകരണത്തിന്റെ വലിയ അപകടത്തെ അഭിമുഖീകരിക്കുന്നു എന്ന് ഗവൺമെൻറ് തലത്തിലും ശാസ്ത്രരംഗത്തുമുളള പ്രഗത്ഭരായ ആളുകൾ അംഗീകരിക്കുന്നു. തീർച്ചയായും മമനുഷ്യന്റെ സ്വതന്ത്രഭരണത്തിന്റെ പരിപൂർണ്ണ പരാജയം തെളിയിക്കുന്നതിന് ദൈവം സമ്പൂർണ്ണനാശം അനുവദിക്കേണ്ടതില്ല. ഗവൺമെൻറ് ദൈവത്തെ അവഗണിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നുളളതിന് ആറായിരം വർഷത്തെ തെളിവ് സാക്ഷ്യം നൽകുമ്പോൾ മാനുഷ ഭരണം പൂർണ്ണതയിലെത്തിക്കാൻ മതിയായ സമയം ലഭിച്ചില്ല എന്നു പറയാൻ സാദ്ധ്യമല്ല. ദൈവത്തിൽ നിന്നു സ്വതന്ത്രമായ ഒരു ഗവൺമെൻറിനെക്കൊണ്ടും മുഴു മനുഷ്യവർഗ്ഗത്തിനും യഥാർത്ഥസമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാൻ കഴിയില്ല എന്ന് വസ്തുതകൾ പ്രകടമാക്കുന്നു.
23. ദൈവപുത്രനാലുളള ഭൂമിയുടെ നീതിയുളള ഭരണത്തിന് വഴിയൊരുക്കുന്നതിന് എന്തു പെട്ടെന്നു തന്നെ സംഭവിക്കും?
23 നാം പിന്നാലെ കാണാൻ പോകുന്നതുപോലെ ദീർഘനാൾ മുമ്പേതന്നെ സമ്പൂർണ്ണമായ സമയ കൃത്യതയോടെ യഹോവയാം ദൈവം അഖിലാണ്ഡത്തിൽനിന്ന് തന്റെ ദിവ്യ ഭരണത്തിനെതിരെയുളള സകല മത്സരത്തെയും തുടച്ചു നീക്കുന്നതു കാണുന്ന ഒരു തലമുറയെ അടയാളപ്പെടുത്തി. ദുഷ്ടരായ മനുഷ്യർ നശിപ്പിക്കപ്പെടുമെന്ന് മാത്രമല്ല മറിച്ച്, സാത്താനും അവന്റെ ഭൂതങ്ങളും മനുഷ്യരുടെയോ ദൂതൻമാരുടെയോ കാര്യാദികളെ സ്വാധീനിക്കാൻ കഴിയാത്തവണ്ണം അഗാധത്തിൽ നിയന്ത്രണത്തിൻ കീഴിൽ ആക്കപ്പെടും. ഇതു ദൈവപുത്രന്റെ ഗവൺമെൻറിനാലുളള നീതിപൂർവ്വകമായ ഭരണത്തിന് വഴി തുറക്കുന്നതിനു വേണ്ടിയാണ്. ആയിരം വർഷത്തിന്റെ ഒരു കാലഘട്ടത്തിലൂടെ ആ ഗവൺമെൻറ്, ആയിരക്കണക്കിന് വർഷങ്ങളിലൂടെ മമനുഷ്യന്റെ സ്വാർത്ഥഭരണം കൈവരുത്തിയ സകല ഉപദ്രവവും നീക്കും. അതു ഭൂമിയെ പറുദീസാ രമണീയതയിലേയ്ക്കു പുനഃസ്ഥിതീകരിക്കുകയും മനുഷ്യവർഗ്ഗത്തെ, ഏദെനിൽ ആസ്വദിച്ചിരുന്ന പൂർണ്ണതയിലേയ്ക്കു മടക്കിവരുത്തുകയും ചെയ്യും.—വെളിപ്പാട് 20:1, 2; 21:1-5; 1 കൊരിന്ത്യർ 15:25, 26.
24. (എ) ആയിരം വർഷത്തിന്റെ അവസാനത്തിൽ സാത്താനും അവന്റെ ഭൂതങ്ങളും മോചിപ്പിക്കപ്പെടുന്നതെന്തിന്? (ബി) പരിണതഫലം എന്തായിരിക്കും?
24 ആയിരം വർഷ ഭരണത്തിന്റെ അവസാനത്തിൽ സാത്താനും അവന്റെ ഭൂതങ്ങളും അല്പകാലത്തേയ്ക്കു അവരുടെ നിയന്ത്രണത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെടുമെന്ന് ബൈബിൾ പ്രസ്താവിക്കുന്നു. എന്തിന്? അന്നു ജീവിക്കുന്ന സകലർക്കും യഹോവയുടെ പരമാധികാരഭരണത്തോട് തങ്ങൾ വിശ്വസ്തരാണെന്ന് തെളിയിക്കാൻ ഒരവസരം നൽകുന്നതിന്. അസംഖ്യം ആളുകൾ പുനരുത്ഥാനത്തിൽ വന്നിരിക്കും. ഇത് അവരിൽ അനേകർക്കും പരിശോധനയിൻ കീഴിൽ ദൈവത്തോടുളള അവരുടെ സ്നേഹം പ്രകടമാക്കുന്നതിനുളള ആദ്യഅവസരമായിരിക്കും. വിവാദവിഷയം ഏദെനിൽ ഉന്നയിക്കപ്പെട്ടതു തന്നെയായിരിക്കും—വിശ്വസ്തമായ അനുസരണത്താൽ അവർ യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുമോ എന്നതു തന്നെ. അത്തരം വിശ്വസ്തതയ്ക്കു തങ്ങളുടെ സ്നേഹത്താൽ പ്രേരിതരാകുന്നവരെ മാത്രമേ യഹോവ പ്രജകളായി ആഗ്രഹിക്കുന്നുളളു. ദൈവത്തിന്റെ അഖിലാണ്ഡത്തിലെ സമാധാനം വീണ്ടും ഭഞ്ജിക്കാൻ ദൈവത്തിന്റെ എതിരാളിയായ സാത്താനും അവന്റെ ഭൂതങ്ങളും നടത്തുന്ന ഏതൊരു ശ്രമത്തെയും പിന്താങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത്തരമൊരു തെരഞ്ഞെടുപ്പ് നടത്താൻ സ്വാതന്ത്ര്യമുണ്ടായിരിക്കും. എന്നാൽ ദൈവത്താലുളള ഗവൺമെൻറിനെ തളളിക്കളയുകവഴി അവർ നാശം അർഹിക്കും. ഇത്തവണ സ്വർഗ്ഗത്തിൽ നിന്നുളള അഗ്നിയാലെന്നവണ്ണം അതു പെട്ടെന്നുവരും. ആത്മീയ വ്യക്തികളും മനുഷ്യരുമായ സകല മത്സരികളും എന്നേയ്ക്കുമായി നശിപ്പിക്കപ്പെട്ടിരിക്കും.—വെളിപ്പാട് 20:7-10.
25, 26. കാര്യങ്ങൾ യഹോവ കൈകാര്യം ചെയ്തിരിക്കുന്നത് യഥാർത്ഥത്തിൽ നമ്മിലോരോരുത്തരുടെയും പ്രയോജനത്തിന് ഉതകിയിരിക്കുന്നതെങ്ങനെ?
25 ആയിരക്കണക്കിന് വർഷങ്ങളിലൂടെ മനുഷ്യവർഗ്ഗം വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നുളളതു വാസ്തവം തന്നെ. എന്നാൽ ഇതു ദൈവത്തിന്റെതല്ല, നമ്മുടെ ആദ്യമാതാപിതാക്കളുടെ തെരഞ്ഞെടുപ്പുമൂലമായിരുന്നു. ദൈവം ഇക്കാലമത്രയും നിന്ദ സഹിക്കുകയും തനിക്കു വെറുപ്പുളള കാര്യങ്ങൾ പൊറുക്കുകയും ചെയ്തിരിക്കുന്നു. ‘ഒരായിരം വർഷം ഒരു ദിവസംപോലെ’ ആയിരിക്കുന്ന ദൈവം കാര്യങ്ങൾ സംബന്ധിച്ച് ഒരു ദീർഘകാല വീക്ഷണം കൈക്കൊണ്ടിരിക്കുന്നു, അതു അവന്റെ സൃഷ്ടികളുടെ നൻമയിൽ കലാശിക്കുന്നു. നിശ്വസ്ത അപ്പോസ്തലൻ എഴുതുന്നപ്രകാരം: “ചിലർ താമസമെന്നു കരുതുന്നതുപോലെ യഹോവ തന്റെ വാഗ്ദത്തങ്ങൾ സംബന്ധിച്ച് താമസമുളളവനല്ല. എന്നാൽ ആരും നശിപ്പിക്കപ്പെടാതെ എല്ലാവരും അനുതാപത്തിലെത്താൻ അവൻ ആഗ്രഹിക്കുന്നതുകൊണ്ട് അവൻ നിങ്ങളോട് ക്ഷമയുളളവനായിരിക്കുന്നു.” (2 പത്രോസ് 3:8,9) ദൈവത്തിന്റെ ക്ഷമയും ദീർഘക്ഷമയും നിമിത്തമല്ലായിരുന്നെങ്കിൽ നമ്മിലാർക്കും രക്ഷയ്ക്കുളള അവസരം ലഭിക്കുമായിരുന്നില്ല.
26 എന്നാൽ കഴിഞ്ഞ ആറായിരം വർഷങ്ങളിലെ ദൈവത്തിന്റെ പങ്കു വെറുതെ പ്രവർത്തന രഹിതമായ ഒന്നായിരുന്നു എന്നു നാം നിഗമനം ചെയ്യരുത്. അല്ല, അവൻ യാതൊരു നടപടിയും സ്വീകരിക്കാതെ ദുഷ്ടതയ്ക്കു അനുവാദം കൊടുത്തുകൊണ്ട് വെറുതെ കാത്തിരിക്കുകയായിരുന്നില്ല. നാം കാണാൻ പോകുന്നതുപോലെ വസ്തുതകൾ നേരെ വിപരീതം പ്രകടമാക്കുന്നു.
[51-ാം പേജിലെ ചിത്രം]
പരിശോധിക്കപ്പെട്ടാൽ എല്ലാ മനുഷ്യരും തങ്ങളുടെ നിർമ്മലത വെടിയുമെന്നും ദൈവത്തിൽനിന്ന് സ്വതന്ത്രരായി പ്രവർത്തിക്കുമെന്നും സാത്താൻ വാദിച്ചു