യഹോവയുടെ വചനം ജീവനുള്ളത്
ഇയ്യോബിൽനിന്നുള്ള വിശേഷാശയങ്ങൾ
അറേബ്യയിലുള്ള ഊസ് എന്ന ദേശത്താണ് പൂർവപിതാവായ ഇയ്യോബ് പാർത്തിരുന്നത്. നിരവധി ഇസ്രായേല്യർ അക്കാലത്ത് ഈജിപ്തിലുണ്ടായിരുന്നു. ഒരു ഇസ്രായേല്യനല്ലായിരുന്നെങ്കിലും ഇയ്യോബ് ആരാധിച്ചിരുന്നത് യഹോവയാം ദൈവത്തെയാണ്. അവനെ സംബന്ധിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ.” (ഇയ്യോബ് 1:8) യഹോവയുടെ ശ്രദ്ധേയരായ രണ്ടു ദാസന്മാരുടെ, അതായത് യാക്കോബിന്റെ പുത്രനായ യോസേഫിന്റെയും പ്രവാചകനായ മോശെയുടെയും ജീവിതകാലത്തിനിടയ്ക്കുള്ള സമയത്തായിരിക്കണം ഇയ്യോബ് ജീവിച്ചിരുന്നത്.
ഇയ്യോബ് എന്ന പുസ്തകം എഴുതിയതു മോശെയാണെന്നു കരുതപ്പെടുന്നു. ഊസ് ദേശത്തിന് അടുത്തുള്ള മിദ്യാനിൽ ചെലവിട്ട 40 വർഷത്തിനിടയിലാകാം മോശെ ഇയ്യോബിനെക്കുറിച്ചു മനസ്സിലാക്കിയത്. ഇസ്രായേല്യർ 40 വർഷത്തെ മരുപ്രയാണത്തിന്റെ അവസാനത്തോടെ ഊസ് ദേശത്തിനു സമീപത്തായിരുന്നപ്പോഴായിരിക്കാം മോശെ ഇയ്യോബിന്റെ ജീവിതത്തിലെ അവസാന വർഷങ്ങളെക്കുറിച്ചു കേട്ടത്.a ഇയ്യോബിന്റെ ജീവിതാനുഭവങ്ങളെ വളരെ മനോഹരമായി വർണിച്ചിരിക്കുന്നതിനാൽ ഈ വിവരണം ഒരു ഉത്കൃഷ്ട സാഹിത്യകൃതി എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. മാത്രമല്ല, പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾക്ക് അത് ഉത്തരവും നൽകുന്നു: നല്ലവരായ മനുഷ്യർ കഷ്ടപ്പാട് അനുഭവിക്കുന്നതിന്റെ കാരണം എന്താണ്? യഹോവ ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്? അപൂർണ മനുഷ്യർക്കു ദൈവത്തോടു നിർമലത പാലിക്കാൻ കഴിയുമോ? ദൈവത്തിന്റെ നിശ്വസ്ത വചനത്തിന്റെ ഭാഗമെന്ന നിലയിൽ ഇയ്യോബിന്റെ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന സന്ദേശം ജീവനുള്ളതും ഇക്കാലത്തുപോലും ശക്തി ചെലുത്തുന്നതും ആണ്.—എബ്രായർ 4:12.
‘ഞാൻ ജനിച്ച ദിവസം നശിച്ചുപോകട്ടെ’
ദൈവത്തിന്റെ മുമ്പിൽവെച്ച് ഒരു ദിവസം സാത്താൻ ഇയ്യോബിന്റെ നിർമലതയെ വെല്ലുവിളിക്കുന്നു. യഹോവ ആ വെല്ലുവിളി സ്വീകരിക്കുകയും ഇയ്യോബിന്റെമേൽ ഒന്നൊന്നായി വിപത്തുകൾ വരുത്താൻ സാത്താനെ അനുവദിക്കുകയും ചെയ്യുന്നു. എങ്കിലും ഇയ്യോബ് ദൈവത്തെ “ത്യജിച്ചുപറ”യുന്നില്ല.—ഇയ്യോബ് 2:9.
ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ “അവനോടു സഹതപിപ്പാ”ൻ വരുന്നു. (ഇയ്യോബ് 2:11) ‘ഞാൻ ജനിച്ച ദിവസം നശിച്ചുപോകട്ടെ’ എന്ന് ഇയ്യോബ് പറഞ്ഞുതുടങ്ങുന്നതുവരെ അവർ ഒന്നും മിണ്ടാതെ അവന്റെ അടുത്ത് ഇരിക്കുന്നു. (ഇയ്യോബ് 3:3) “വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെ” അഥവാ ചാപിള്ളയെപ്പോലെ ആയിരുന്നെങ്കിൽ എന്ന് അവൻ ആശിക്കുന്നു.—ഇയ്യോബ് 3:11, 16.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:4—ഇയ്യോബിന്റെ മക്കൾ ജന്മദിനങ്ങൾ ആഘോഷിച്ചോ? ഇല്ല. ‘നാൾ,’ ‘തിരുനാൾ’ അഥവാ ദിനം, ജന്മദിനം എന്നിവയ്ക്കുള്ള മൂല ഭാഷാപദങ്ങൾ വ്യത്യസ്തമാണ്. അവയ്ക്ക് അവയുടേതായ അർഥവുമുണ്ട്. (ഉല്പത്തി 40:20) ഇയ്യോബ് 1:4-ലെ ‘ദിവസം’ എന്ന പദം സൂര്യോദയംമുതൽ സൂര്യാസ്തമയംവരെയുള്ള സമയത്തെയാണു സൂചിപ്പിക്കുന്നത്. ഇയ്യോബിന്റെ ഏഴു പുത്രന്മാർ ഏഴു ദിവസം നീണ്ടുനിൽക്കുന്ന കുടുംബസദ്യ നടത്തിയിരുന്നത് സാധ്യതയനുസരിച്ച് വർഷത്തിലൊരിക്കലാണ്. അവർ ഓരോരുത്തരും “താന്താന്റെ ദിവസത്തിൽ” സ്വഭവനത്തിൽവെച്ചു നടത്തിയിരുന്ന വിരുന്നിന്റെ ആതിഥേയരായിരുന്നു.
1:6; 2:1—യഹോവയുടെ മുമ്പാകെ ചെല്ലാൻ ആർക്കെല്ലാം അനുവാദമുണ്ടായിരുന്നു? യഹോവയുടെ മുമ്പാകെ ചെന്നവരിൽ ദൈവത്തിന്റെ ഏകജാതപുത്രനായ വചനവും വിശ്വസ്ത ദൂതന്മാരും പിശാചായ സാത്താൻ ഉൾപ്പെടെയുള്ള അനുസരണംകെട്ട ‘ദൈവപുത്രന്മാരും’ ഉണ്ടായിരുന്നു. (യോഹന്നാൻ 1:1, 18) 1914-ൽ രാജ്യം സ്ഥാപിതമായി ഏറെ താമസിയാതെ സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗത്തിൽനിന്നു നിഷ്കാസിതരായി, അതുവരെ അവർക്കു സ്വർഗത്തിൽ പ്രവേശനമുണ്ടായിരുന്നു. (വെളിപ്പാടു 12:1-12) അവരെ തന്റെ മുന്നിൽ വരാൻ അനുവദിച്ചതിലൂടെ, സാത്താന്റെ വെല്ലുവിളിയും അത് ഉളവാക്കിയ വിവാദവിഷയങ്ങളും യഹോവ സകല ആത്മജീവികളുടെയും മുമ്പാകെ കൊണ്ടുവന്നു.
1:7; 2:2—യഹോവ സാത്താനോടു നേരിട്ടാണോ സംസാരിച്ചത്? യഹോവ ആത്മജീവികളുമായി ആശയവിനിമയം നടത്തുന്നത് എങ്ങനെയാണ് എന്നതു സംബന്ധിച്ചു കൂടുതലൊന്നും ബൈബിൾ പറയുന്നില്ല. എന്നാൽ ഒരു ദൂതൻ യഹോവയുമായി നേരിട്ടു സംസാരിക്കുന്ന ഒരു ദർശനം പ്രവാചകനായ മീഖായാവു കാണുകയുണ്ടായി. (1 രാജാക്കന്മാർ 22:14, 19-23) അതിനാൽ, യഹോവ സാത്താനോടു സംസാരിച്ചത് ഒരു വക്താവിലൂടെ അല്ലെന്നു തെളിവുകൾ പ്രകടമാക്കുന്നു.
1:21—ഏതു വിധത്തിലാണ് ഇയ്യോബിന് തന്റെ “അമ്മയുടെ ഗർഭ”ത്തിലേക്കു മടങ്ങിപ്പോകാൻ കഴിയുമായിരുന്നത്? യഹോവയാം ദൈവം “നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മി”ച്ചതിനാൽ “അമ്മ” എന്ന പദം ഭൂമിയെ സൂചിപ്പിക്കാനാണ് ഇവിടെ ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്നത്.—ഉല്പത്തി 2:7.
2:9—ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളയാൻ ഇയ്യോബിന്റെ ഭാര്യ പറഞ്ഞപ്പോൾ അവൾ ഏതു മാനസികാവസ്ഥയിൽ ആയിരുന്നിരിക്കാം? ഇയ്യോബിനുണ്ടായ അതേ നഷ്ടങ്ങൾതന്നെയാണ് അവന്റെ ഭാര്യക്കും ഉണ്ടായത്. ആരോഗ്യവാനായിരുന്ന തന്റെ ഭർത്താവ് ഇപ്പോൾ അറപ്പുളവാക്കുന്ന രോഗത്താൽ ദുരിതമനുഭവിക്കുന്നത് അവളെ വേദനിപ്പിച്ചിരിക്കാം. അവൾക്കു പ്രിയപ്പെട്ട മക്കളെ നഷ്ടമായി. ഇതെല്ലാം നിമിത്തം നിരാശയിൽ ആണ്ടുപോയിരിക്കാവുന്ന അവൾ യഥാർഥത്തിൽ പ്രാധാന്യമുള്ളതിനെക്കുറിച്ച് അതായത് ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ചു ചിന്തിച്ചില്ല.
നമുക്കുള്ള പാഠങ്ങൾ:
1:8-11; 2:3-5. ഇയ്യോബിന്റെ സംഗതിയിൽ കാണാൻ കഴിയുന്നതുപോലെ, നിർമലത പാലിക്കുന്നതിൽ ഉചിതമായ പ്രവൃത്തിയോടും വാക്കുകളോടും ഒപ്പം ശരിയായ ആന്തരത്തോടെ യഹോവയെ സേവിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു.
1:21, 22. അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ യഹോവയോടു വിശ്വസ്തരായിരുന്നുകൊണ്ട് സാത്താൻ ഒരു നുണയനാണെന്നു നമുക്കു തെളിയിക്കാനാകും.—സദൃശവാക്യങ്ങൾ 27:11.
2:9, 10. കുടുംബാംഗങ്ങൾ നമ്മുടെ ആത്മീയ കാര്യങ്ങളെ വിലമതിക്കാതിരിക്കുകയോ വിശ്വാസം ഉപേക്ഷിക്കാനോ അനുരഞ്ജനപ്പെടാനോ നമ്മെ നിർബന്ധിക്കുകയോ ചെയ്യുമ്പോൾപ്പോലും ഇയ്യോബിനെപ്പോലെ നാം വിശ്വാസത്തിൽ ഉറച്ചുനിൽക്കണം.
2:13. ആത്മീയ വീക്ഷണം ഇല്ലാതിരുന്നതിനാൽ ഇയ്യോബിന്റെ സ്നേഹിതന്മാർക്ക് ദൈവത്തെയോ ദൈവോദ്ദേശ്യങ്ങളെയോ കുറിച്ച് ആശ്വാസദായകമായി സംസാരിക്കാൻ ഒന്നുമില്ലായിരുന്നു.
‘ഞാൻ എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയില്ല’
ഇയ്യോബ് വളരെ മോശമായ എന്തോ ചെയ്തതുകൊണ്ടാണ് ദൈവം അവനെ ഇത്ര കഠിനമായി ശിക്ഷിക്കുന്നത് എന്നാണ് അവന്റെ മൂന്നു സ്നേഹിതന്മാർ സംസാരിച്ചതിന്റെ ചുരുക്കം. എലീഫസ് ആണ് തുടക്കമിടുന്നത്. തുടർന്ന് ബിൽദാദ് കുത്തിനോവിക്കുന്ന വാക്കുകളിൽ സംസാരിക്കുന്നു. സോഫറിന്റെ വാക്കുകളാകട്ടെ അതിലേറെ നിന്ദാകരമാണ്.
തന്റെയടുത്തു വന്നിരിക്കുന്നവരുടെ ന്യായവാദങ്ങളോട് ഇയ്യോബ് യോജിക്കുന്നില്ല. പകരം, സ്വയം ന്യായീകരിക്കുന്നതിൽ അവൻ അമിത ശ്രദ്ധനൽകിത്തുടങ്ങുന്നു. കാരണം ദൈവം എന്തുകൊണ്ടാണു താൻ കഷ്ടപ്പെടാൻ അനുവദിക്കുന്നത് എന്ന് അവനു മനസ്സിലാകുന്നില്ല. എന്നിട്ടും, ദൈവത്തെ സ്നേഹിക്കുന്ന അവൻ ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “ഞാൻ . . . മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്ക”യില്ല!—ഇയ്യോബ് 27:5.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
7:1; 14:14;—“യുദ്ധസേവ [“നിർബന്ധിത തൊഴിൽ,” NW],” ‘യുദ്ധകാലം [“നിർബന്ധിത സേവനം,” NW]’ എന്നിവയുടെ അർഥമെന്ത്? വളരെ കടുത്ത ദുരിതമനുഭവിച്ചിരുന്നതിനാലാണ് ഇയ്യോബ് ജീവിതത്തെ ക്ലേശകരമായ ഒരു നിർബന്ധിത തൊഴിലായി വീക്ഷിച്ചത്. (ഇയ്യോബ് 10:17; NW അടിക്കുറിപ്പ്) എന്നാൽ ഒരു വ്യക്തി ഷീയോളിൽ ചെലവിടുന്ന സമയം, അതായത് മരണംമുതൽ പുനരുത്ഥാനംവരെയുള്ള സമയം നിർബന്ധമായും അവിടെത്തന്നെ ചിലവിടേണ്ടതിനാൽ അവൻ ആ സമയത്തെ നിർബന്ധിത സേവനത്തോട് ഉപമിച്ചു.
7:9, 10; 10:20, 21; 16:22—ഇയ്യോബിന് പുനരുത്ഥാനത്തിൽ വിശ്വാസമില്ലായിരുന്നുവെന്ന് ഈ പ്രസ്താവനകൾ സൂചിപ്പിക്കുന്നുണ്ടോ? ഇയ്യോബിന്റെ സമീപ ഭാവിയെക്കുറിച്ചുള്ളതായിരുന്നു ഈ പ്രസ്താവനകൾ. ആ സ്ഥിതിക്ക് അവയുടെ അർഥമെന്താണ്? അവൻ മരിച്ചുപോയാൽ സമകാലീനർ ആരും അവനെ കാണുകയില്ല എന്നതാണ് ഒരു സാധ്യത. അവരുടെ കാഴ്ചപ്പാടിൽ, ദൈവത്തിന്റെ നിയമിത സമയംവരെ അവനു സ്വന്തം വീട്ടിലേക്കു മടങ്ങിവരാനോ ആർക്കും അവനെക്കുറിച്ച് കൂടുതലായി എന്തെങ്കിലും അറിയാനോ കഴിയുമായിരുന്നില്ല. സ്വന്തമായി ആർക്കും ഷീയോളിൽനിന്നു തിരികെവരാൻ കഴിയില്ലെന്നും ഇയ്യോബ് അർഥമാക്കിയിരിക്കാം. ഭാവിയിൽ നടക്കാനിരുന്ന ഒരു പുനരുത്ഥാനത്തിൽ ഇയ്യോബ് വിശ്വസിച്ചിരുന്നുവെന്ന് ഇയ്യോബ് 14:13-15-ൽനിന്നു വ്യക്തമാണ്.
10:10—യഹോവ ഇയ്യോബിനെ ‘പാലുപോലെ പകർന്നു തൈർപോലെ ഉറകൂടുമാറാക്കിയത്’ എങ്ങനെ? ഇയ്യോബ് അമ്മയുടെ ഗർഭപാത്രത്തിൽ എങ്ങനെ രൂപംകൊണ്ടുവെന്നതിന്റെ ഒരു കാവ്യാത്മക വർണനയാണ് ഇത്.
19:20—“പല്ലിന്റെ ചർമത്തോടെ ഞാൻ രക്ഷപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ഇയ്യോബ് എന്താണ് അർഥമാക്കിയത്? ചർമം ഇല്ലാത്ത ഒന്നിന്റെ ചർമത്തോടെ രക്ഷപ്പെട്ടു എന്നു പറയുകവഴി താൻ രക്ഷപ്പെട്ടപ്പോൾ വാസ്തവത്തിൽ ഒന്നുംതന്നെ അവശേഷിച്ചിരുന്നില്ല എന്നായിരിക്കാം ഇയ്യോബ് അർഥമാക്കിയത്.
നമുക്കുള്ള പാഠങ്ങൾ:
4:7, 8; 8:5, 6; 11:13-15. ദുരിതമനുഭവിക്കുന്ന ഒരു വ്യക്തി വിതച്ചതു കൊയ്യുകയാണെന്നും അയാൾക്കു ദൈവാംഗീകാരമില്ലെന്നും നാം പെട്ടെന്നു നിഗമനം ചെയ്യരുത്.
4:18, 19; 22:2, 3. നമ്മുടെ ബുദ്ധിയുപദേശം വ്യക്തിപരമായ അഭിപ്രായത്തിലല്ല ദൈവവചനത്തിൽ അധിഷ്ഠിതമായിരിക്കണം.—2 തിമൊഥെയൊസ് 3:16, 17.
10:1. അതിദുഃഖം ഇയ്യോബിനെ അന്ധനാക്കി. അതുകൊണ്ട് തന്റെ ദുരിതങ്ങൾക്കു കാരണമായേക്കാവുന്ന മറ്റു കാര്യങ്ങൾ അവനു ചിന്തിക്കാൻ കഴിഞ്ഞില്ല. കഷ്ടപ്പാട് അനുഭവിക്കുമ്പോൾ നാം മുഷിയരുത്, പ്രത്യേകിച്ച്, ഉൾപ്പെട്ടിരിക്കുന്ന വിവാദവിഷയങ്ങൾ നമുക്കു വ്യക്തമായി അറിയാവുന്നതിനാൽ.
14:7, 13-15; 19:25; 33:24. സാത്താൻ നമ്മുടെമേൽ ഏതു പരിശോധന കൊണ്ടുവന്നാലും പിടിച്ചുനിൽക്കാൻ പുനരുത്ഥാന പ്രത്യാശ നമ്മെ സഹായിക്കും.
16:5; 19:2. നമ്മുടെ വാക്കുകൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യണം, അവരെ പ്രകോപിപ്പിക്കരുത്.—സദൃശവാക്യങ്ങൾ 18:21.
22:5-7. ഈടുറ്റ തെളിവില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നൽകപ്പെടുന്ന ബുദ്ധിയുപദേശം മൂല്യരഹിതവും ദ്രോഹകരവുമാണ്.
27:2; 30:20, 21. നിർമലത പാലിക്കുന്നതിനു പൂർണത ആവശ്യമില്ല. ഇയ്യോബ് ദൈവത്തെ തെറ്റായി വിമർശിച്ചു.
27:5. ഇയ്യോബ് തീരുമാനിച്ചാൽ മാത്രമേ അവനു നിർമലത കൈവെടിയാൻ കഴിയുമായിരുന്നുള്ളൂ. കാരണം, ഒരു വ്യക്തിയുടെ നിർമലത ദൈവത്തോടുള്ള സ്നേഹത്തിൽ അധിഷ്ഠിതമാണ്. അതിനാൽ നാം യഹോവയോടു ശക്തമായ സ്നേഹം നട്ടുവളർത്തണം.
28:1-28. ഭൂമിയിലെ നിക്ഷേപങ്ങൾ എവിടെയാണെന്നു മനുഷ്യന് അറിയാം. അവയ്ക്കായി അന്വേഷിക്കുന്ന അവന്റെ ബുദ്ധി അവനെ ദീർഘദൃഷ്ടിയുള്ള ഇരപിടിയൻ പക്ഷികൾക്കുപോലും കാണാനാവാത്ത, ഭൂമിയുടെ അധോഭാഗങ്ങളിലേക്കു കൊണ്ടുപോകുന്നു. എന്നാൽ ദൈവികജ്ഞാനം ലഭിക്കുന്നത് യഹോവയെ ഭയപ്പെടുന്നതിൽനിന്നാണ്.
29:12-15. സഹായം ആവശ്യമുള്ളവരോട് നാം മനസ്സോടെ സ്നേഹദയ പ്രകടമാക്കണം.
31:1, 9-28. ശൃംഗാരം, വ്യഭിചാരം, മറ്റുള്ളവരോടു നീതിരഹിതമായും ദയാരഹിതമായും ഇടപെടൽ, ഭൗതികാസക്തി, വിഗ്രഹാരാധന എന്നിവ ഒഴിവാക്കുന്ന കാര്യത്തിൽ ഇയ്യോബ് നമുക്കൊരു മാതൃകയാണ്.
“ഞാൻ . . . പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു”
യുവാവായ എലീഹൂ ഈ വാദപ്രതിവാദങ്ങളെല്ലാം ക്ഷമാപൂർവം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവൻ തുറന്നു സംസാരിക്കുന്നു. അവൻ ഇയ്യോബിനെയും അവന്റെ പീഡകന്മാരായ മൂന്നുപേരെയും തിരുത്തുന്നു.
എലീഹൂ പറഞ്ഞുതീർന്ന ഉടനെ യഹോവ ഒരു കൊടുങ്കാറ്റിൽനിന്ന് ഉത്തരമരുളുന്നു. ഇയ്യോബിന്റെ കഷ്ടപ്പാടുകൾക്കു വിശദീകരണമൊന്നും അവൻ നൽകുന്നില്ല. എന്നാൽ, ചോദ്യങ്ങളുടെ ഒരു പരമ്പരയിലൂടെ സർവശക്തൻ തന്റെ ഭയാനകശക്തിയെയും മഹാജ്ഞാനത്തെയും കുറിച്ച് ഇയ്യോബിനെ ബോധവാനാക്കുന്നു. താൻ തിരിച്ചറിവില്ലാതെയാണു സംസാരിച്ചതെന്ന് അംഗീകരിച്ചിട്ട് ഇയ്യോബ് ഇപ്രകാരം പറയുന്നു: “ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (ഇയ്യോബ് 42:6) ഇയ്യോബിന്റെമേലുള്ള പരിശോധന അവസാനിക്കുമ്പോൾ അവന്റെ നിർമലതയ്ക്കു പ്രതിഫലം ലഭിക്കുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
32:1-3—എപ്പോഴാണ് എലീഹൂ എത്തിച്ചേർന്നത്? എലീഹൂവിന് സംഭാഷണമെല്ലാം കേൾക്കാൻ കഴിഞ്ഞിരുന്നു. അതിനാൽ ഇയ്യോബ് സംസാരിച്ചു തുടങ്ങുകയും അങ്ങനെ അവന്റെ മൂന്നു സ്നേഹിതന്മാരുടെ ഏഴു ദിവസത്തെ മൗനം അവസാനിക്കുകയും ചെയ്തതിനു മുമ്പുള്ള ഏതോ സമയത്ത് ആയിരിക്കണം അവരുടെ സംഭാഷണം കേൾക്കാവുന്നത്ര ദൂരത്തിൽ അവൻ വന്നിരുന്നത്.—ഇയ്യോബ് 3:1, 2.
34:7—ഇയ്യോബ് “പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്ന”വനെപ്പോലെ ആയിരുന്നത് എങ്ങനെ? ദുരിതമനുഭവിച്ചുകൊണ്ടിരുന്ന ഇയ്യോബ് തന്റെ മൂന്നു സന്ദർശകരുടെ പരിഹാസത്തെ തന്നോടുള്ളതെന്നപോലെ സ്വീകരിച്ചു. വാസ്തവത്തിൽ അവർ ദൈവത്തിന് എതിരായാണു സംസാരിച്ചുകൊണ്ടിരുന്നത്. (ഇയ്യോബ് 42:7) ഈ വിധത്തിൽ, വെള്ളം ആസ്വദിച്ചുകുടിക്കുന്ന ഒരുവനെപ്പോലെ അവൻ പരിഹാസത്തെ സ്വീകരിച്ചു.
നമുക്കുള്ള പാഠങ്ങൾ:
32:8, 9. ഒരാൾ പ്രായംചെന്നവനാണ് എന്നതുകൊണ്ട് അയാൾ ജ്ഞാനി ആയിരിക്കണമെന്നില്ല. ദൈവവചനത്തിന്റെ ഗ്രാഹ്യവും ദൈവാത്മാവിന്റെ മാർഗനിർദേശവും ആണ് അതിന് ആവശ്യമായിരിക്കുന്നത്.
34:36. ഏതെങ്കിലും വിധത്തിൽ ‘ആദിയോടന്തം പരിശോധി’ക്കപ്പെടുന്നതിലൂടെ നമ്മുടെ നിർമലത തെളിയിക്കപ്പെടുന്നു.
35:2. എലീഹൂ ശ്രദ്ധാപൂർവം കേൾക്കുകയും സംസാരിക്കുന്നതിനു മുമ്പ് യഥാർഥ പ്രശ്നം വ്യക്തമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. (ഇയ്യോബ് 10:7; 16:7; 34:5) ബുദ്ധിയുപദേശം നൽകുന്നതിനു മുമ്പ് ക്രിസ്തീയ മൂപ്പന്മാർ ശ്രദ്ധാപൂർവം കേൾക്കുകയും വസ്തുതകൾ ശേഖരിക്കുകയും ബന്ധപ്പെട്ട പ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കുകയും വേണം.—സദൃശവാക്യങ്ങൾ 18:13.
37:14; 38:1–39:30. യഹോവയുടെ വിസ്മയാവഹമായ പ്രവർത്തനങ്ങളെക്കുറിച്ചു—അവന്റെ ശക്തിയുടെയും ജ്ഞാനത്തിന്റെയും പ്രകടനങ്ങൾ—ധ്യാനിക്കുന്നത് നമ്മെ താഴ്മയുള്ളവരാക്കുകയും വ്യക്തിപരമായ ഏതൊരു താത്പര്യത്തെക്കാളും യഹോവയുടെ പരമാധികാര സംസ്ഥാപനമാണ് ഏറെ പ്രധാനമെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.—മത്തായി 6:9, 10.
40:1-4. സർവശക്തനെതിരെ പരാതിപറയാൻ തോന്നുമ്പോൾ നാം ‘വായ് പൊത്തണം.’
40:15–41:34. നദീഹയവും (നീർക്കുതിര) മഹാനക്രവും (മുതല) എത്ര കരുത്തും ബലവും ഉള്ളവയാണ്! ദൈവസേവനത്തിൽ സഹിച്ചുനിൽക്കുന്നതിന് ഇവയുടെയെല്ലാം സ്രഷ്ടാവും നമുക്ക് ശക്തി പകരുന്നവനുമായ യഹോവയിൽനിന്നുള്ള ബലം നമുക്കും ആവശ്യമാണ്.—ഫിലിപ്പിയർ 4:13.
42:1-6. യഹോവയുടെ വാക്കു കേട്ടതും അവന്റെ ശക്തിയുടെ പ്രകടനങ്ങൾ സംബന്ധിച്ച് ഓർമിപ്പിക്കപ്പെട്ടതും ‘ദൈവത്തെ കാണാൻ’ അഥവാ അവനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാൻ ഇയ്യോബിനെ സഹായിച്ചു. (ഇയ്യോബ് 19:26) ഇത് അവന്റെ ചിന്താഗതിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തി. തിരുവെഴുത്തിന്റെ അടിസ്ഥാനത്തിലുള്ള തിരുത്തൽ ലഭിക്കുമ്പോൾ തെറ്റു സമ്മതിക്കാനും ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താനും നാമും ഒരുക്കമുള്ളവരായിരിക്കണം.
“യോബിന്റെ സഹിഷ്ണുത” നട്ടുവളർത്തുക
മനുഷ്യന്റെ കഷ്ടപ്പാടുകൾക്ക് ഉത്തരവാദി ദൈവമല്ല മറിച്ച് സാത്താനാണെന്ന് ഇയ്യോബിന്റെ പുസ്തകം വ്യക്തമായി പ്രകടമാക്കുന്നു. ദൈവം ഭൂമിയിൽ ദുഷ്ടത അനുവദിച്ചതിലൂടെ യഹോവയുടെ പരമാധികാരത്തിന്റെയും നമ്മുടെ നിർമലതയുടെയും വിവാദവിഷയത്തിൽ നമ്മുടെ നിലപാടു സംബന്ധിച്ച് വ്യക്തിപരമായി ഉത്തരം നൽകാനുള്ള അവസരമാണ് നമുക്കു ലഭിച്ചിരിക്കുന്നത്.
യഹോവയെ സേവിക്കുന്ന എല്ലാവരും ഇയ്യോബിനെപ്പോലെ പരിശോധിക്കപ്പെടും. സഹിച്ചുനിൽക്കാനാകുമെന്ന ഉറപ്പ് ഇയ്യോബിനെക്കുറിച്ചുള്ള വിവരണത്തിൽനിന്നു നമുക്കു ലഭിക്കുന്നു. നമ്മുടെ പ്രശ്നങ്ങൾ എക്കാലവും ഉണ്ടായിരിക്കുകയില്ലെന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നു. യാക്കോബ് 5:11 ഇപ്രകാരം പ്രസ്താവിക്കുന്നു: “യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു.” ഇയ്യോബിന്റെ നിർമലതാപാലന ഗതിക്ക് യഹോവ പ്രതിഫലം നൽകി. (ഇയ്യോബ് 42:10-17) ഭൂമിയിലെ പറുദീസയിൽ നിത്യം ജീവിക്കുക എന്ന എത്ര മഹത്തായ പ്രത്യാശയാണു നമുക്കുള്ളത്! അതിനാൽ ഇയ്യോബിനെപ്പോലെ നിർമലത പാലിക്കാൻ നമുക്കും ദൃഢനിശ്ചയം ചെയ്യാം.—എബ്രായർ 11:6.
[അടിക്കുറിപ്പ്]
a പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 1657-നും 1473-നും ഇടയ്ക്കുള്ള 140-ലധികം വർഷത്തെ ഒരു കാലഘട്ടമാണ് ഇയ്യോബിന്റെ പുസ്തകത്തിലുള്ളത്.
[16-ാം പേജിലെ ചിത്രങ്ങൾ]
“യോബിന്റെ സഹിഷ്ണുത” നമ്മെ എന്തു പഠിപ്പിക്കുന്നു?