ഒരു വൃക്ഷം വെട്ടിക്കളഞ്ഞാൽ പിന്നെയും പൊട്ടിക്കിളിർക്കുമോ?
പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ലെബാനോനിലെ ദേവദാരു വൃക്ഷത്തിനു മുന്നിൽ, വളഞ്ഞുപുളഞ്ഞ് വികലമായതും പരുപരുത്ത തൊലിയോടുകൂടിയതും ആയ ഒരു വയസ്സൻ ഒലിവു മരം അത്ര ആകർഷകമായി തോന്നിയെന്നുവരില്ല. എന്നാൽ പ്രതികൂലകാലാവസ്ഥകളെ അതിജീവിക്കാൻ ഒലിവു മരത്തിനു അസാമാന്യകഴിവുണ്ട്. ചില ഒലിവു മരങ്ങൾക്ക് 1,000 വർഷം പഴക്കമുണ്ട്. അതിന്റെ വേരുകൾ മണ്ണിനടിയിൽ നീണ്ട് പടർന്നുകിടക്കുന്നു. തായ്ത്തടി നശിച്ചുപോയാലും പുതുനാമ്പുകൾ പൊട്ടിക്കിളിർക്കാൻ ഇത് സഹായിക്കുന്നു. വേരുകൾ നശിക്കാത്തിടത്തോളം അത് വീണ്ടും വളരുകതന്നെ ചെയ്യും.
താൻ മരിച്ചാലും വീണ്ടും ജീവിക്കുമെന്ന് വിശ്വസ്തമനുഷ്യനായിരുന്ന ഇയ്യോബിന് ബോധ്യമുണ്ടായിരുന്നു. (ഇയ്യോ. 14:13-15) ഒരു വൃക്ഷത്തിന്റെ (ഒരുപക്ഷേ, ഒരു ഒലിവു മരത്തിന്റെ) ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട്, തന്നെ ഉയിർപ്പിക്കാൻ ദൈവത്തിനു കഴിവുണ്ടെന്നുള്ള ബോധ്യം ഇയ്യോബ് ചിത്രീകരിച്ചു: “വൃക്ഷത്തിനു പ്രത്യാശയുണ്ട്; അതു വെട്ടിക്കളഞ്ഞാലും വീണ്ടും പൊട്ടിക്കിളിർക്കും.” കടുത്ത വരൾച്ചയ്ക്കു ശേഷം ഒരു കുളിർമഴ പെയ്യുമ്പോൾ, ഉണങ്ങിയ ഒലിവു മരത്തിന് ജീവൻ പ്രാപിക്കാനും “ഇളംചെടിപോലെ ശാഖ പുറപ്പെടുവി”ക്കാനും കഴിയും.—ഇയ്യോ. 14:7-9, സത്യവേദപുസ്തകം, ആധുനിക വിവർത്തനം.
വെട്ടിയിടപ്പെട്ട ഒലിവു മരത്തിൽനിന്ന് പുതുനാമ്പുകൾ പൊട്ടിക്കിളിർക്കുന്നതു കാണാൻ ഒരു കൃഷിക്കാരൻ കാത്തിരിക്കുന്നതുപോലെ, മരിച്ചുപോയ തന്റെ പ്രിയദാസരെയും മറ്റനേകരെയും ജീവനിലേക്കു തിരികെ കൊണ്ടുവരാൻ യഹോവയാം ദൈവം അതിയായി വാഞ്ഛിക്കുന്നു. (മത്താ. 22:31, 32; യോഹ. 5:28, 29; പ്രവൃ. 24:15) മരിച്ചുപോയവരെ തിരികെ ജീവനിലേക്കു സ്വാഗതം ചെയ്യുന്നതും അവർ വീണ്ടും ജീവിതം ആസ്വദിക്കുന്നത് കാണുന്നതും എത്ര സന്തോഷകരമായിരിക്കും!