പഠനലേഖനം 6
നിങ്ങളുടെ നിഷ്കളങ്കത കാത്തുസൂക്ഷിക്കുക
“മരണംവരെ ദൈവത്തോടുള്ള വിശ്വസ്തത (നിഷ്കളങ്കത, അടിക്കുറിപ്പ്) ഞാൻ ഉപേക്ഷിക്കില്ല!”—ഇയ്യോ. 27:5.
ഗീതം 34 നിഷ്കളങ്കരായി നടക്കാം
പൂർവാവലോകനംa
1. ഈ ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന മൂന്ന് യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് യഹോവയ്ക്കുവേണ്ടി ഒരു നിലപാടെടുത്തത്?
യഹോവയുടെ സാക്ഷികൾ ഉൾപ്പെടുന്ന പിൻവരുന്ന മൂന്നു സാഹചര്യങ്ങൾ ഒന്നു ഭാവനയിൽ കാണുക. (1) ഒരു വിശേഷദിവസത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ ഒരു അധ്യാപിക കുട്ടികളോട് ആവശ്യപ്പെടുന്നു. എന്നാൽ ആ ക്ലാസിലെ സാക്ഷിയായ ഒരു പെൺകുട്ടിക്ക് അതു ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യമാണെന്ന് അറിയാം. അതുകൊണ്ട് അതിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അവൾ ആദരവോടെ അറിയിക്കുന്നു. (2) ലജ്ജാലുവായ ഒരു ചെറുപ്പക്കാരൻ വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിലാണ്. മുമ്പ് സാക്ഷികളെ കളിയാക്കിയിട്ടുള്ള തന്റെ സഹപാഠിയുടേതാണ് അടുത്ത വീടെന്ന് അവൻ മനസ്സിലാക്കുന്നു. പക്ഷേ ആ ചെറുപ്പക്കാരൻ ധൈര്യത്തോടെ ചെന്ന് കതകിൽ മുട്ടുന്നു. (3) കുടുംബത്തെ പുലർത്താൻ അഹോരാത്രം പണിയെടുക്കുന്ന ഒരു മനുഷ്യൻ. ഒരു ദിവസം ബോസ് അദ്ദേഹത്തെ വിളിച്ചിട്ട്, നിയമപരമായി തെറ്റായ ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ജോലി പോകുമെന്ന് അറിയാമായിരുന്നിട്ടും, തനിക്ക് അതു കഴിയില്ലെന്നു പറയുന്നു. കാരണം, താൻ സത്യസന്ധനായിരിക്കാനും രാജ്യത്തെ നിയമം അനുസരിക്കാനും ദൈവം പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു.—റോമ. 13:1-4; എബ്രാ. 13:18.
2. നമ്മൾ ഏതു ചോദ്യങ്ങളാണു ചർച്ച ചെയ്യാൻപോകുന്നത്, എന്തുകൊണ്ട്?
2 ഈ മൂന്നു പേർക്കുമുള്ള പൊതുവായ ഒരു ഗുണം ഏതാണ്? ധൈര്യവും സത്യസന്ധതയും പോലെയുള്ള പല ഗുണങ്ങളും നിങ്ങൾ ശ്രദ്ധിച്ചുകാണും. എന്നാൽ ഒരു പ്രത്യേകഗുണം മുന്തിനിൽക്കുന്നുണ്ട്. ഏതാണ് അമൂല്യമായ ആ ഗുണം? നിഷ്കളങ്കത. മൂന്നു പേരും യഹോവയോടു വിശ്വസ്തരായിരുന്നു. ദൈവത്തിന്റെ നിലവാരങ്ങളിൽ അവർ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്തില്ല. നിഷ്കളങ്കതയാണ് ഇങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്. അവർ ഓരോരുത്തരും ആ ഗുണം കാണിച്ചതിൽ യഹോവയ്ക്ക് ഉറപ്പായും അഭിമാനം തോന്നിയിട്ടുണ്ടാകും. നമ്മളെക്കുറിച്ച് ഓർക്കുമ്പോഴും നമ്മുടെ സ്വർഗീയപിതാവിന് അഭിമാനം തോന്നാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഈ ലേഖനത്തിൽ മൂന്നു ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും: എന്താണു നിഷ്കളങ്കത? നമുക്ക് ആ ഗുണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? പ്രശ്നങ്ങൾ നിറഞ്ഞ ഈ കാലത്ത് നിഷ്കളങ്കത കാത്തുസൂക്ഷിക്കാനുള്ള നമ്മുടെ തീരുമാനം എങ്ങനെ ശക്തമാക്കാം?
എന്താണു നിഷ്കളങ്കത?
3. (എ) ദൈവത്തിന്റെ ദാസർ എങ്ങനെയാണു നിഷ്കളങ്കത കാണിക്കുന്നത്? (ബി) നിഷ്കളങ്കതയുടെ അർഥം മനസ്സിലാക്കാൻ ഏതൊക്കെ ഉദാഹരണങ്ങൾ നമ്മളെ സഹായിക്കും?
3 ദൈവത്തിന്റെ ദാസർ എങ്ങനെയാണു നിഷ്കളങ്കത കാണിക്കുന്നത്? അവർ മുഴുഹൃദയത്തോടെ യഹോവയെ സ്നേഹിക്കും, അവരുടെ ഭക്തി ഇളകാത്തതായിരിക്കും. അവർ എല്ലാ കാര്യത്തിലും യഹോവയെ സന്തോഷിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കും. ബൈബിളിൽ ഈ പദം എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നു നോക്കാം. “നിഷ്കളങ്കത” എന്ന ബൈബിൾപദത്തിന് അടിസ്ഥാനപരമായി സമ്പൂർണമായ, മുഴുവനായ, ന്യൂനതയില്ലാത്ത എന്നൊക്കെ അർഥമാണുള്ളത്. ഉദാഹരണത്തിന്, ഇസ്രായേല്യർ യഹോവയ്ക്കു മൃഗങ്ങളെ ബലിയർപ്പിച്ചിരുന്നു. ആ മൃഗങ്ങൾ ന്യൂനതയില്ലാത്തതായിരിക്കണം എന്നു നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു.b (ലേവ്യ 22:21, 22) ഒരു കാലോ ചെവിയോ കണ്ണോ ഇല്ലാത്ത മൃഗങ്ങളെ യാഗമർപ്പിക്കാൻ പാടില്ലായിരുന്നു. അതുപോലെ എന്തെങ്കിലും അസുഖമുള്ള മൃഗത്തെയും ദൈവം സ്വീകരിക്കില്ലായിരുന്നു. എങ്ങനെയുള്ള മൃഗത്തെയാണ് അർപ്പിച്ചിരുന്നത് എന്നത് യഹോവ വളരെ ഗൗരവമായെടുത്തിരുന്നു. (മലാ. 1:6-9) ന്യൂനതകളൊന്നുമില്ലാത്ത മൃഗങ്ങളെ അർപ്പിക്കാൻ യഹോവ ആവശ്യപ്പെട്ടതിന്റെ കാരണം മനസ്സിലാക്കാൻ നമുക്കു ബുദ്ധിമുട്ടില്ല. നമ്മൾ ഒരു പഴമോ ഒരു പുസ്തകമോ പണിയായുധമോ വാങ്ങുന്നെന്നിരിക്കട്ടെ. ചീയാൻതുടങ്ങിയ പഴമോ പേജുകൾ നഷ്ടപ്പെട്ട പുസ്തകമോ കേടുപാടുകളുള്ള പണിയായുധമോ നമ്മൾ വാങ്ങില്ല. ന്യൂനതകളില്ലാത്ത, കുറവുകളില്ലാത്ത സാധനമാണു നമുക്കു വേണ്ടത്. തന്നോടുള്ള നമ്മുടെ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും കാര്യത്തിൽ യഹോവയ്ക്കും അതുതന്നെയാണു തോന്നുന്നത്. അതു സമ്പൂർണമായിരിക്കണം.
4. (എ) ഒരു അപൂർണമനുഷ്യനു നിഷ്കളങ്കത കാണിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? (ബി) സങ്കീർത്തനം 103:12-14 അനുസരിച്ച് യഹോവ എന്താണു നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്?
4 നിഷ്കളങ്കരായിരിക്കുന്നതിനു നമ്മൾ പൂർണരാകേണ്ട ആവശ്യമുണ്ടോ? എന്തുതന്നെയായാലും നമ്മൾ കുറവുകളുള്ളവരാണ്, നമുക്കു പല തെറ്റുകളും പറ്റും. അത് ഓർത്ത് ഉത്കണ്ഠപ്പെടാതിരിക്കാനുള്ള രണ്ടു കാരണങ്ങൾ നോക്കാം. ഒന്ന്, യഹോവ നമ്മുടെ തെറ്റുകളിലേക്കല്ല നോക്കുന്നത്. ദൈവവചനം പറയുന്നു: “യഹോവേ, തെറ്റുകളിലാണ് അങ്ങ് ശ്രദ്ധ വെക്കുന്നതെങ്കിൽ യാഹേ, ആർക്കു പിടിച്ചുനിൽക്കാനാകും?” (സങ്കീ. 130:3) നമ്മൾ അപൂർണരാണെന്നും പാപികളാണെന്നും യഹോവയ്ക്ക് അറിയാം. യഹോവ നമ്മളോട് ഉദാരമായി ക്ഷമിക്കുന്നു. (സങ്കീ. 86:5) രണ്ടാമത്, യഹോവയ്ക്കു നമ്മുടെ പരിമിതികൾ അറിയാം, നമുക്കു കഴിയുന്നതിലും അപ്പുറം യഹോവ നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നില്ല. (സങ്കീർത്തനം 103:12-14 വായിക്കുക.) അങ്ങനെയെങ്കിൽ നമുക്ക് എങ്ങനെയാണ് യഹോവയുടെ കണ്ണിൽ ന്യൂനതകളില്ലാത്തവരാകാൻ കഴിയുന്നത്?
5. നിഷ്കളങ്കരായിരിക്കുന്നതിന് യഹോവയുടെ ദാസർക്ക് യഹോവയോടു സ്നേഹം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
5 യഹോവയുടെ ദാസരുടെ നിഷ്കളങ്കതയുടെ അടിസ്ഥാനം സ്നേഹമാണ്. ദൈവത്തോടുള്ള നമ്മുടെ സ്നേഹം മുഴുഹൃദയത്തോടെയുള്ളതായിരിക്കണം, നമ്മുടെ സ്വർഗീയപിതാവിനോടുള്ള അചഞ്ചലഭക്തി ന്യൂനതകളില്ലാത്തതായിരിക്കണം, സമ്പൂർണമായിരിക്കണം. പരിശോധനകളുണ്ടാകുമ്പോൾപോലും നമ്മുടെ സ്നേഹം ഇളകാതെ നിൽക്കുന്നെങ്കിൽ നമ്മൾ നിഷ്കളങ്കരാണെന്നാണ് അതിന് അർഥം. (1 ദിന. 28:9; മത്താ. 22:37) ലേഖനത്തിന്റെ തുടക്കത്തിൽ കണ്ട മൂന്നു സാക്ഷികളുടെ കാര്യം ചിന്തിക്കുക. അവർ എന്തുകൊണ്ടാണ് ദൈവത്തോടു വിശ്വസ്തരായിരുന്നത്? സ്കൂളിൽ രസവും തമാശയും ഒക്കെ ആസ്വദിക്കുന്നത് ആ പെൺകുട്ടിക്ക് ഇഷ്ടമില്ലാഞ്ഞിട്ടാണോ? ഇനി, സഹപാഠി തന്നെ കളിയാക്കാൻ ആ ചെറുപ്പക്കാരൻ ആഗ്രഹിക്കുന്നുണ്ടോ? ആ കുടുംബനാഥനു തന്റെ ജോലി നഷ്ടപ്പെടുന്നത് ഇഷ്ടമാണോ? ഒരിക്കലുമല്ല. പക്ഷേ യഹോവയുടെ നിലവാരങ്ങൾ നീതിയുള്ളതാണെന്ന് അവർക്ക് അറിയാം. തങ്ങളുടെ സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കുന്നതിനെക്കുറിച്ചാണ് എപ്പോഴും അവരുടെ ചിന്ത. യഹോവയുടെ ഇഷ്ടം കണക്കിലെടുത്തുകൊണ്ട് ഓരോ തീരുമാനവുമെടുക്കാൻ യഹോവയോടുള്ള സ്നേഹം അവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ അവർ തങ്ങളുടെ നിഷ്കളങ്കത തെളിയിക്കുന്നു.
നിഷ്കളങ്കരായിരിക്കേണ്ടത് എന്തുകൊണ്ട്
6. (എ) നമ്മൾ നിഷ്കളങ്കരായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) ആദാമും ഹവ്വയും നിഷ്കളങ്കത കൈവിട്ടത് എങ്ങനെ?
6 നമ്മൾ എല്ലാവരും നിഷ്കളങ്കരായിരിക്കേണ്ടത് എന്തുകൊണ്ട്? കാരണം, സാത്താൻ യഹോവയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു, നിങ്ങളെയും അവൻ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. അന്ന് ഏദെൻ തോട്ടത്തിൽവെച്ച് ധിക്കാരിയായ ആ ദൂതൻ തന്നെത്തന്നെ സാത്താൻ അഥവാ ‘എതിരാളി’ ആക്കിത്തീർത്തു. സ്വാർഥനും നുണയനും ആയ ഒരു മോശം ഭരണാധികാരിയാണ് യഹോവ എന്ന് ആരോപിച്ചുകൊണ്ട് സാത്താൻ യഹോവയുടെ സത്കീർത്തിയുടെമേൽ കളങ്കം ചാർത്തി. ആദാമും ഹവ്വയും യഹോവയെ ധിക്കരിച്ചുകൊണ്ട് സാത്താന്റെ പക്ഷം ചേർന്നു എന്നതാണു സങ്കടകരമായ കാര്യം. (ഉൽപ. 3:1-6) ഏദെൻ തോട്ടത്തിൽ ജീവിച്ച കാലത്ത് യഹോവയോടുള്ള സ്നേഹം ശക്തമാക്കാൻ അവർക്ക് ധാരാളം അവസരങ്ങളുണ്ടായിരുന്നു. എന്നാൽ സാത്താൻ ആരോപണങ്ങൾ ഉന്നയിച്ച സമയത്ത് അവരുടെ സ്നേഹം തികവുറ്റതായിരുന്നില്ല, അഥവാ സമ്പൂർണമായിരുന്നില്ല. അങ്ങനെ മറ്റൊരു ചോദ്യവും വന്നു: ഏതെങ്കിലും മനുഷ്യൻ യഹോവയോടുള്ള സ്നേഹംകൊണ്ട് ദൈവത്തോടു വിശ്വസ്തനായിരിക്കുമോ? മറ്റു വാക്കുകളിൽ പറഞ്ഞാൽ, മനുഷ്യർക്കു നിഷ്കളങ്കരായിരിക്കാൻ കഴിയുമോ? ഇയ്യോബിന്റെ കാര്യത്തിലും സാത്താൻ ആ ചോദ്യം ചോദിച്ചു.
7. ഇയ്യോബ് 1:8-11 അനുസരിച്ച്, ഇയ്യോബിന്റെ നിഷ്കളങ്കതയെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നിയത്, സാത്താന് എന്താണു തോന്നിയത്?
7 ഇസ്രായേല്യർ ഈജിപ്തിലായിരുന്ന കാലത്താണ് ഇയ്യോബ് ജീവിച്ചിരുന്നത്. ആ കാലത്ത് ഇയ്യോബിനെപ്പോലെ നിഷ്കളങ്കനായി മറ്റാരുമില്ലായിരുന്നു. നമ്മളെപ്പോലെതന്നെ ഇയ്യോബും പൂർണനായിരുന്നില്ല. അദ്ദേഹത്തിനു തെറ്റുകൾ പറ്റി. എങ്കിലും നിഷ്കളങ്കനായി ജീവിച്ചതുകൊണ്ട് യഹോവ ഇയ്യോബിനെ സ്നേഹിച്ചു. മനുഷ്യന്റെ നിഷ്കളങ്കതയുടെ പേരിൽ സാത്താൻ യഹോവയെ അതിനോടകംതന്നെ നിന്ദിച്ചുകാണും. അതുകൊണ്ടാണ് യഹോവ ഇയ്യോബിലേക്കു സാത്താന്റെ ശ്രദ്ധ ക്ഷണിച്ചത്. ആ മനുഷ്യന്റെ ജീവിതം സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുന്നതായിരുന്നു. പരീക്ഷിച്ചുനോക്കിയാലേ ഇയ്യോബ് ശരിക്കും നിഷ്കളങ്കനാണോ എന്ന് അറിയാനാകൂ എന്നു സാത്താൻ പറഞ്ഞു. യഹോവയ്ക്കു തന്റെ സുഹൃത്തായ ഇയ്യോബിനെ വിശ്വാസമായിരുന്നു, അതുകൊണ്ട് ഇയ്യോബിനെ പരീക്ഷിക്കാൻ യഹോവ സാത്താനെ അനുവദിച്ചു.—ഇയ്യോബ് 1:8-11 വായിക്കുക.
8. സാത്താൻ എങ്ങനെയാണ് ഇയ്യോബിനെ ആക്രമിച്ചത്?
8 ക്രൂരനായ ഒരു കൊലപാതകിയാണു സാത്താൻ. ആദ്യം ഇയ്യോബിനുണ്ടായിരുന്നതെല്ലാം സാത്താൻ നശിപ്പിച്ചു. ഇയ്യോബിന്റെ സമ്പത്തും സമൂഹത്തിലുണ്ടായിരുന്ന പേരും സാത്താൻ നശിപ്പിച്ചു, ദാസന്മാരെയും കൊന്നുകളഞ്ഞു. പിന്നെ സാത്താൻ ലക്ഷ്യം വെച്ചത് ഇയ്യോബിന്റെ കുടുംബമായിരുന്നു, അദ്ദേഹത്തിന്റെ പത്തു മക്കളെയും സാത്താൻ കൊന്നു. അടുത്ത ലക്ഷ്യം ഇയ്യോബിന്റെ ശരീരമായിരുന്നു, ഉള്ളങ്കാൽമുതൽ നെറുകവരെ പരുക്കൾ വരുത്തി ഇയ്യോബിന്റെ ആരോഗ്യം നശിപ്പിച്ചു. ആകെ തകർന്നുപോയ ഇയ്യോബിന്റെ ഭാര്യ, ദൈവത്തെ ശപിച്ചിട്ട് മരിച്ചുകളയാൻ ഇയ്യോബിനോടു പറഞ്ഞു. ഇയ്യോബിനും മരിച്ചാൽ കൊള്ളാമെന്നു തോന്നി. പക്ഷേ അദ്ദേഹം ഒരിക്കലും തന്റെ നിഷ്കളങ്കത കൈവിട്ടില്ല. പിന്നെ സാത്താൻ തന്ത്രം മാറ്റി പരീക്ഷിച്ചു. ഇത്തവണ മൂന്നു കൂട്ടുകാരെയാണ് അവൻ ഉപയോഗിച്ചത്. ഇയ്യോബിന്റെ അടുത്ത് വന്ന് ആശ്വസിപ്പിക്കുന്നതിനു പകരം ഒരു ദാക്ഷിണ്യവുമില്ലാതെ ഇയ്യോബിനെ വിമർശിക്കുകയും ശകാരിക്കുകയും ആണ് അവർ ചെയ്തത്. ദൈവമാണ് ഇയ്യോബിന്റെ ദുരിതങ്ങൾക്കു കാരണമെന്നും ഇയ്യോബ് നിഷ്കളങ്കനാണോ എന്നതൊന്നും ദൈവത്തിന് ഒരു വിഷയമല്ലെന്നും അവർ പറഞ്ഞു. ഇയ്യോബ് ഒരു ദുഷ്ടനാണെന്നും ഇപ്പോൾ അനുഭവിക്കുന്നതെല്ലാം ഇയ്യോബ് അർഹിക്കുന്നതാണെന്നുംകൂടെ അവർ പറഞ്ഞു.—ഇയ്യോ. 1:13-22; 2:7-11; 15:4, 5; 22:3-6; 25:4-6.
9. പരിശോധനകളുണ്ടായപ്പോഴും ഇയ്യോബ് എന്തു ചെയ്തില്ല?
9 ഇങ്ങനെയൊക്കെ സംഭവിച്ചപ്പോൾ ഇയ്യോബ് എങ്ങനെയാണു പ്രതികരിച്ചത്? പൂർണനല്ലായിരുന്നതുകൊണ്ട് ‘ആശ്വസിപ്പിക്കാൻ വന്നവരെ’ ഇയ്യോബ് കോപത്തോടെ ശകാരിച്ചു. താൻ ചിന്തിക്കാതെ സംസാരിച്ചുപോയെന്ന് ഇയ്യോബുതന്നെ പിന്നീടു സമ്മതിച്ചു. ദൈവം നീതിമാനാണെന്നു സ്ഥാപിക്കുന്നതിനെക്കാൾ താൻ നീതിമാനാണെന്നു തെളിയിക്കാനാണ് ഇയ്യോബ് ആഗ്രഹിച്ചത്. (ഇയ്യോ. 6:3; 13:4, 5; 32:2; 34:5) എന്നാൽ സാഹചര്യം അങ്ങേയറ്റം മോശമായപ്പോൾപ്പോലും ഇയ്യോബ് ദൈവമായ യഹോവയ്ക്കെതിരെ തിരിഞ്ഞില്ല. വ്യാജസുഹൃത്തുക്കൾ പറഞ്ഞ നുണകളൊന്നും ഇയ്യോബ് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു: “നിങ്ങളെ നീതിമാന്മാരെന്നു വിളിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല! മരണംവരെ ദൈവത്തോടുള്ള വിശ്വസ്തത ഞാൻ ഉപേക്ഷിക്കില്ല!” (ഇയ്യോ. 27:5) എന്തുതന്നെ സംഭവിച്ചാലും താൻ നിഷ്കളങ്കത കൈവിടില്ല എന്നാണു നിശ്ചയദാർഢ്യത്തോടെയുള്ള ആ വാക്കുകൾ കാണിക്കുന്നത്. ഇയ്യോബ് ഒരിക്കലും വീണുപോയില്ല. നമുക്കും അതിനു കഴിയും.
10. ഇയ്യോബിനെക്കുറിച്ച് സാത്താൻ ഉന്നയിച്ച ആരോപണത്തിൽ നിങ്ങൾ എങ്ങനെയാണ് ഉൾപ്പെട്ടിരിക്കുന്നത്?
10 സാത്താന്റെ ആരോപണങ്ങൾ നമ്മളെയും ബാധിക്കുന്നതാണോ? അതെ. സാത്താന്റെ ആരോപണങ്ങൾ നമുക്ക് എതിരെക്കൂടിയുള്ളതാണ്. നമുക്ക് യഹോവയോടു സ്നേഹമില്ലെന്നും സ്വന്തം സ്ഥിതി അപകടത്തിലാണെന്നു കണ്ടാൽ നമ്മൾ ദൈവത്തെ സേവിക്കുന്നതു നിറുത്തുമെന്നും അവൻ പറയുന്നു. നിങ്ങൾ നിഷ്കളങ്കത കാത്തുസൂക്ഷിക്കില്ല എന്നാണ് ഇതിന്റെ സാരം. (ഇയ്യോ. 2:4, 5; വെളി. 12:10) എത്ര ക്രൂരമായ ആരോപണം, അല്ലേ? എന്നാൽ ഓർക്കുക: നിങ്ങളുടെ നിഷ്കളങ്കത പരിശോധിക്കാൻ യഹോവ സാത്താനെ അനുവദിച്ചിരിക്കുകയാണ്. യഹോവയ്ക്കു നിങ്ങളെ വിശ്വാസമാണെന്നല്ലേ അതു കാണിക്കുന്നത്? നിഷ്കളങ്കത കാത്തുസൂക്ഷിക്കാനും സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാനും നിങ്ങൾക്കു കഴിയുമെന്ന് യഹോവയ്ക്ക് ഉറപ്പാണ്, നിങ്ങളെ സഹായിക്കുമെന്ന് യഹോവ വാക്കും തന്നിട്ടുണ്ട്. (എബ്രാ. 13:6) ചിന്തിക്കുക: പ്രപഞ്ചത്തിന്റെ പരമാധികാരി നിങ്ങളെ വിശ്വസിക്കുന്നു! എത്ര വലിയ പദവി! നിഷ്കളങ്കതയുടെ പ്രാധാന്യം വ്യക്തമല്ലേ? നിഷ്കളങ്കരാണെങ്കിൽ, സാത്താന്റെ ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കാനും നമ്മുടെ പിതാവിന്റെ സത്പേര് കാത്തുസൂക്ഷിക്കാനും ദൈവത്തിന്റെ ഭരണത്തെ പിന്തുണയ്ക്കുന്നെന്നു കാണിക്കാനും നമുക്കു കഴിയും. ഈ ഗുണം നമുക്ക് എങ്ങനെ വളർത്തിയെടുക്കാം?
ഇക്കാലത്ത് നമുക്ക് എങ്ങനെ നിഷ്കളങ്കത കാത്തുസൂക്ഷിക്കാം
11. നമുക്ക് ഇയ്യോബിൽനിന്ന് എന്തു പഠിക്കാം?
11 പ്രക്ഷുബ്ധമായ ഈ “അവസാനകാലത്ത്” സാത്താൻ തന്റെ ആക്രമണങ്ങളുടെ ആക്കം കൂട്ടിയിരിക്കുകയാണ്. (2 തിമൊ. 3:1) ദുഷ്കരമായ ഈ നാളുകളിൽ നിഷ്കളങ്കരായിരിക്കുന്നത് എളുപ്പമായിരിക്കില്ല. നമുക്ക് എങ്ങനെ ഇക്കാര്യത്തിൽ കരുത്തരാകാം? ഇയ്യോബിൽനിന്ന് നമുക്കു ധാരാളം പഠിക്കാനുണ്ട്. പരിശോധനകളുണ്ടാകുന്നതിനു മുമ്പുതന്നെ ഇയ്യോബിനു നിഷ്കളങ്കതയുടെ ഒരു നല്ല രേഖയുണ്ടായിരുന്നു. നിഷ്കളങ്കത കരുത്തുറ്റതാക്കാൻ സഹായിക്കുന്ന മൂന്നു പാഠങ്ങൾ ഇയ്യോബിൽനിന്ന് പഠിക്കാം.
12. (എ) ഇയ്യോബ് 26:7, 8, 14 പറയുന്നതുപോലെ, ഇയ്യോബ് എങ്ങനെയാണ് യഹോവയോടു ഭയാദരവും ബഹുമാനവും വളർത്തിയെടുത്തത്? (ബി) നമുക്ക് എങ്ങനെ നമ്മുടെ ഹൃദയത്തിൽ ദൈവത്തോടുള്ള ഭയാദരവ് നിറയ്ക്കാം?
12 യഹോവയോടു ഭയാദരവ് വളർത്തിയെടുത്തുകൊണ്ട് ഇയ്യോബ് ദൈവസ്നേഹം ശക്തമാക്കി. യഹോവയുടെ സൃഷ്ടികളെക്കുറിച്ച് ചിന്തിക്കാൻ ഇയ്യോബ് സമയമെടുത്തിരുന്നു. (ഇയ്യോബ് 26:7, 8, 14 വായിക്കുക.) ഭൂമിയെയും ആകാശത്തെയും മേഘങ്ങളെയും ഇടിമുഴക്കത്തെയും കുറിച്ച് ചിന്തിച്ചപ്പോൾ ഇയ്യോബ് അത്ഭുതപ്പെട്ടുപോയി. പക്ഷേ ഇക്കാര്യങ്ങളെക്കുറിച്ചുള്ള തന്റെ അറിവ് പരിമിതമാണെന്ന് ഇയ്യോബ് തിരിച്ചറിഞ്ഞു. യഹോവയുടെ വചനങ്ങളെക്കുറിച്ചും ഇയ്യോബിനു മതിപ്പു തോന്നി. “ദൈവത്തിന്റെ വാക്കുകൾ ഞാൻ ഒരു നിധിപോലെ സൂക്ഷിച്ചു” എന്നാണ് ഇയ്യോബ് പറഞ്ഞത്. (ഇയ്യോ. 23:12) യഹോവയോടു തോന്നിയ ഭയാദരവും ബഹുമാനവും ഇയ്യോബിന്റെ ഹൃദയത്തെ ശക്തമായി സ്വാധീനിച്ചു. അദ്ദേഹം തന്റെ സ്വർഗീയപിതാവിനെ സ്നേഹിക്കുകയും സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. അങ്ങനെ നിഷ്കളങ്കത കാത്തുസൂക്ഷിക്കാനുള്ള ഇയ്യോബിന്റെ തീരുമാനം ശക്തമായി. ഇയ്യോബ് ചെയ്തതു നമ്മളും ചെയ്യണം. ഇയ്യോബിന്റെ കാലത്തെക്കാൾ സൃഷ്ടിയിലെ വിസ്മയങ്ങളെക്കുറിച്ച് നമുക്ക് അറിയാം. കൂടാതെ നമുക്ക് ഇന്നു ബൈബിൾ മുഴുവനും ലഭ്യമാണ്. യഹോവയെ ശരിക്കും അടുത്ത് അറിയാൻ അതുവഴി നമുക്കു സാധിക്കും. പഠിക്കുന്നതെല്ലാം നമ്മുടെ ഹൃദയത്തിൽ യഹോവയോടു ബഹുമാനവും ആദരവും വളർന്നുവരാൻ ഇടയാക്കും. അത് യഹോവയെ സ്നേഹിക്കാനും അനുസരിക്കാനും നമ്മളെ പ്രചോദിപ്പിക്കും, നിഷ്കളങ്കത കാത്തുസൂക്ഷിക്കാനുള്ള ആഗ്രഹം ശക്തമാക്കും.—ഇയ്യോ. 28:28.
13-14. (എ) ഇയ്യോബ് 31:1-ൽ കാണുന്നതുപോലെ ഇയ്യോബ് എങ്ങനെയാണ് അനുസരണമുള്ള വ്യക്തിയായിരുന്നത്? (ബി) നമുക്ക് എങ്ങനെ ഇയ്യോബിന്റെ മാതൃക അനുകരിക്കാം?
13 അനുസരണം കാണിച്ചത് നിഷ്കളങ്കനായിരിക്കാനുള്ള തീരുമാനം ശക്തമാക്കാൻ ഇയ്യോബിനെ സഹായിച്ചു. നിഷ്കളങ്കനായ ഒരാൾ അനുസരണമുള്ളവനായിരിക്കണമെന്ന് ഇയ്യോബിന് അറിയാമായിരുന്നു. വാസ്തവത്തിൽ അനുസരണം കാണിക്കുന്ന ഓരോ അവസരത്തിലും നിഷ്കളങ്കരായിരിക്കാനുള്ള തീരുമാനം നമ്മൾ ശക്തമാക്കുകയാണ്. അനുദിനജീവിതത്തിൽ ദൈവത്തെ അനുസരിക്കാൻ ഇയ്യോബ് നല്ല ശ്രമം ചെയ്തു. ഉദാഹരണത്തിന്, സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ ഇയ്യോബ് ശ്രദ്ധയുള്ളവനായിരുന്നു. (ഇയ്യോബ് 31:1 വായിക്കുക.) വിവാഹിതനായ താൻ, ഭാര്യയല്ലാത്ത ഒരു സ്ത്രീയോടു പ്രേമാത്മകമായി ഇടപെടുന്നതു ശരിയല്ലെന്ന് ഇയ്യോബിന് അറിയാമായിരുന്നു. ഇന്ന്, ലൈംഗികകാര്യങ്ങളോടു പ്രലോഭനം തോന്നാൻ ഇടയാക്കുന്ന ഒരു ലോകത്താണു നമ്മൾ ജീവിക്കുന്നത്. ഇയ്യോബിനെപ്പോലെ, ഇണയല്ലാത്ത ഒരാളോടു നമ്മൾ അനുചിതമായ താത്പര്യം കാണിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കുമോ? അതുപോലെ, തരംതാണതോ അശ്ലീലം കലർന്നതോ ആയ ചിത്രങ്ങൾ നോക്കുന്നത് ഒഴിവാക്കുമോ? (മത്താ. 5:28) ഓരോ ദിവസവും ആത്മനിയന്ത്രണം കാണിക്കുന്നെങ്കിൽ നിഷ്കളങ്കരായിരിക്കുന്നതു കൂടുതൽ എളുപ്പമാകും.
14 പണത്തോടും വസ്തുവകകളോടും ഉള്ള വീക്ഷണത്തിലും ഇയ്യോബ് യഹോവയെ അനുസരിച്ചു. അവയിൽ ആശ്രയം വെച്ചാൽ ശിക്ഷ അർഹിക്കുന്ന ഒരു തെറ്റാണു താൻ ചെയ്യുന്നതെന്ന് ഇയ്യോബ് മനസ്സിലാക്കി. (ഇയ്യോ. 31:24, 25, 28) പണത്തോട് ആർത്തിയുള്ള ഒരു ലോകത്താണു നമ്മൾ ജീവിക്കുന്നത്. ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നതുപോലെ, പണത്തെയും വസ്തുവകകളെയും കുറിച്ച് നമുക്ക് ഒരു ശരിയായ വീക്ഷണമുണ്ടെങ്കിൽ, നിഷ്കളങ്കത കൈവിടാതിരിക്കാനുള്ള തീരുമാനം നമ്മൾ ശക്തമാക്കും.—സുഭാ. 30:8, 9; മത്താ. 6:19-21.
15. (എ) ആരു തനിക്കു പ്രതിഫലം തരും എന്ന പ്രതീക്ഷയാണ് ഇയ്യോബിനുണ്ടായിരുന്നത്? (ബി) യഹോവ വാഗ്ദാനം ചെയ്ത പ്രത്യാശ ജ്വലിപ്പിച്ചുനിറുത്തുന്നതു നമ്മളെ എന്തിനു സഹായിക്കും?
15 ദൈവം തനിക്കു പ്രതിഫലം തരും എന്ന പ്രത്യാശയിൽ ദൃഷ്ടി പതിപ്പിച്ചതും നിഷ്കളങ്കനായിരിക്കാൻ ഇയ്യോബിനെ സഹായിച്ചു. തന്റെ നിഷ്കളങ്കതയ്ക്കു ദൈവമുമ്പിൽ വിലയുണ്ടെന്ന് ഇയ്യോബിന് ഉറപ്പായിരുന്നു. (ഇയ്യോ. 31:6) ഇപ്പോൾ കഷ്ടപ്പാടുകളൊക്കെയാണെങ്കിലും പിന്നീട് യഹോവ തനിക്കു പ്രതിഫലം തരുമെന്ന് ഇയ്യോബിനു തീർച്ചയുണ്ടായിരുന്നു. ആ ഉറപ്പ് നിഷ്കളങ്കത കൈവിടാതിരിക്കാൻ ഇയ്യോബിനെ സഹായിച്ചു. ഇയ്യോബിന്റെ നിഷ്കളങ്കത കണ്ട് യഹോവയ്ക്ക് എന്തു സന്തോഷം തോന്നിയെന്നോ! അതുകൊണ്ട് അപൂർണനായിരുന്നപ്പോൾത്തന്നെ ഇയ്യോബിന് യഹോവ സമൃദ്ധമായ പ്രതിഫലങ്ങൾ കൊടുത്തു. (ഇയ്യോ. 42:12-17; യാക്കോ. 5:11) അതിലും മഹത്തായ പ്രതിഫലങ്ങൾ ഇയ്യോബിനെ കാത്തിരിപ്പുണ്ട്. നിങ്ങളുടെ നിഷ്കളങ്കതയ്ക്ക് യഹോവ പ്രതിഫലം തരുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ? നമ്മുടെ ദൈവത്തിനു മാറ്റം വന്നിട്ടില്ല. (മലാ. 3:6) നമ്മുടെ നിഷ്കളങ്കതയ്ക്ക് യഹോവ പ്രതിഫലം തരുമെന്ന് ഉറപ്പാണ്. നിങ്ങൾക്ക് ഈ ഉറപ്പുണ്ടെങ്കിൽ നിഷ്കളങ്കത കാത്തുസൂക്ഷിക്കാനും നല്ല ഒരു ഭാവി നിങ്ങളെ കാത്തിരിപ്പുണ്ടെന്ന പ്രത്യാശ ഹൃദയത്തിൽ ജ്വലിപ്പിച്ചുനിറുത്താനും നിങ്ങൾക്കു കഴിയും.—1 തെസ്സ. 5:8, 9.
16. എന്താണു നമ്മുടെ ഉറച്ച തീരുമാനം?
16 അതുകൊണ്ട് നമുക്കു നിഷ്കളങ്കത കൈവിടാതിരിക്കാം, അതായിരിക്കട്ടെ നമ്മുടെ ഉറച്ച തീരുമാനം! ചിലപ്പോൾ നിഷ്കളങ്കതയുടെ പാതയിൽ ഒറ്റയ്ക്കാണെന്നു നിങ്ങൾക്കു തോന്നിയേക്കാം, പക്ഷേ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കാകില്ല. നിഷ്കളങ്കത കൈവിടാത്ത, ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണു നിങ്ങൾ. പണ്ടുകാലത്ത് നിഷ്കളങ്കത കാത്തുസൂക്ഷിച്ച സ്ത്രീപുരുഷന്മാരുടെ വലിയ സമൂഹത്തിന്റെ ഭാഗവുമാണു നിങ്ങൾ. വധഭീഷണിയുടെ മുമ്പിലും പതറാതെ പിടിച്ചുനിന്നവരുണ്ട് അക്കൂട്ടത്തിൽ. (എബ്രാ. 11:36-38; 12:1) “ദൈവത്തോടുള്ള നിഷ്കളങ്കത ഞാൻ ഉപേക്ഷിക്കില്ല!” എന്ന ഇയ്യോബിന്റെ വാക്കുകൾക്കു ചേർച്ചയിലായിരിക്കട്ടെ നമ്മുടെ ജീവിതം. നമ്മുടെ നിഷ്കളങ്കത യഹോവയെ എന്നെന്നും മഹത്ത്വപ്പെടുത്തട്ടെ!
ഗീതം 124 എന്നും വിശ്വസ്തൻ
a എന്താണു നിഷ്കളങ്കത? തന്റെ ദാസർക്ക് ഈ ഗുണമുണ്ടായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ട്? നമ്മൾ ഈ ഗുണം പ്രധാനമായി കാണേണ്ടത് എന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം മനസ്സിലാക്കാൻ ഈ ലേഖനം സഹായിക്കും. എന്നും നിഷ്കളങ്കത കാത്തുസൂക്ഷിക്കാനുള്ള നമ്മുടെ തീരുമാനം എങ്ങനെ ശക്തമാക്കാമെന്നും നമ്മൾ പഠിക്കും. നിഷ്കളങ്കത കൈവിടാതിരിക്കുന്നതു വലിയ അനുഗ്രഹങ്ങൾ കൈവരുത്തും.
b മൃഗങ്ങളോടുള്ള ബന്ധത്തിൽ ഉപയോഗിക്കുന്ന “ന്യൂനതകളില്ലാത്ത” എന്നതിനുള്ള എബ്രായപദവും മനുഷ്യരോടുള്ള ബന്ധത്തിൽ ഉപയോഗിക്കുന്ന “നിഷ്കളങ്കത” എന്നതിനുള്ള എബ്രായപദവും തമ്മിൽ ബന്ധമുണ്ട്.
c ചിത്രക്കുറിപ്പ്: ഇയ്യോബ് യഹോവയുടെ സൃഷ്ടിയിലെ അത്ഭുതങ്ങൾ മക്കൾക്കു പറഞ്ഞുകൊടുക്കുന്നു.
d ചിത്രക്കുറിപ്പ്: അശ്ലീലം കാണാനുള്ള സഹജോലിക്കാരുടെ ക്ഷണം ഒരു സഹോദരൻ നിരസിക്കുന്നു.
e ചിത്രക്കുറിപ്പ്: തനിക്ക് ആവശ്യമില്ലാത്തതും വില താങ്ങാൻ കഴിയാത്തതും ആയ ടെലിവിഷൻ വാങ്ങാൻ നിർബന്ധിക്കുമ്പോൾ അദ്ദേഹം അതു നിരസിക്കുന്നു.
f ചിത്രക്കുറിപ്പ്: പറുദീസയിൽ ജീവിക്കാനുള്ള പ്രത്യാശയെക്കുറിച്ച് അദ്ദേഹം സമയമെടുത്ത് പ്രാർഥനാപൂർവം ധ്യാനിക്കുന്നു.