ചെങ്കുത്തായ പർവതപാറകളിലെ അഭ്യാസപ്രകടനക്കാർ
ചാവുകടലിന്റെ പശ്ചിമതീരത്തു സ്ഥിതിചെയ്തിരുന്നത് ഏൻഗദി എന്നു വിളിക്കപ്പെടുന്ന പുരാതന നഗരവും ചുറ്റുമുള്ള മരുഭൂമിയുമാണ്. ആ പ്രദേശത്തെ ശിലാനിബിഡ പാതകളും ചെങ്കുത്തായ സ്ഥലങ്ങളും ഈ ചിത്രത്തിലേതിനു സമാനമായ വാഗ്ദത്തദേശ കാട്ടാടുകൾക്കു ലക്ഷണമൊത്ത ഭവനമായുതകുന്നു.
മൃഗ സൃഷ്ടിയിലെ അത്ഭുതങ്ങളിൽ പെടുന്നതാണ് ലക്ഷ്യംപിഴയ്ക്കാത്ത കാലുകളോടുകൂടിയ ഈ മൃഗം. നമുക്ക് ബൈബിൾ തുറന്ന് ഈ കൗതുകമാർന്ന മൃഗത്തെ അടുത്തു നിരീക്ഷിക്കാം.
“ഉയർന്നമലകൾ കാട്ടാടുകൾക്കു”ള്ളത്
സങ്കീർത്തനക്കാരനായ ദാവീദ് അപ്രകാരം പാടി. (സങ്കീർത്തനം 104:18) ഉയർന്ന സ്ഥലങ്ങളിൽ വസിക്കാൻവേണ്ട സകല സവിശേഷതകളും കാട്ടാടുകൾക്കുണ്ട്! പാറനിറഞ്ഞ പ്രദേശത്തുകൂടെ അങ്ങേയറ്റം ആത്മവിശ്വാസത്തോടെയും വേഗത്തിലും നീങ്ങുന്ന ഇവ അത്യന്തം ചുറുചുറുക്കുള്ളവയാണ്. ഇത് ഭാഗികമായി അവയുടെ കുളമ്പിന്റെ നിർമിതി നിമിത്തമാണ്. കുളമ്പിനിടയിലെ വിള്ളൽ ആടിന്റെ ഭാരത്തോടുള്ള ചേർച്ചയിൽ വർധിപ്പിക്കാവുന്നതാണ്. ഉന്തിനിൽക്കുന്ന ഇടുങ്ങിയ പാറയിൽ നിൽക്കുകയോ അതിലൂടെ നീങ്ങുകയോ ചെയ്യുമ്പോൾ മുറുകെപ്പിടിക്കാൻ ഈ പ്രത്യേകത അതിനെ സഹായിക്കുന്നു.
കാട്ടാടുകൾക്ക് അസാധാരണ ബാലൻസുണ്ട്. അവയ്ക്കു വളരെ ദൂരത്തിൽ ചാടിയിട്ട് നാലുകാലുകൾ കുത്താൻ കഷ്ടിച്ചുമാത്രം സ്ഥലമുള്ള വിളുമ്പിൽ നിലയുറപ്പിക്കാൻ കഴിയും. തിരിയാൻ കഴിയാത്തത്ര ഇടുങ്ങിയ ഒരു പാറവിളുമ്പിൽ കുടുങ്ങുന്നതൊഴിവാക്കാൻ മറ്റൊരിനം കാട്ടാട് അതിന്റെ ബാലൻസ് ഉപയോഗിക്കുന്നത് ജീവശാസ്ത്രജ്ഞനായ ഡഗ്ലസ് ചഡ്വിക് ഒരിക്കൽ നിരീക്ഷിച്ചു. അദ്ദേഹം പറയുന്നു: “120 മീറ്റർ താഴെയുള്ള അടുത്ത വിളുമ്പിലേക്ക് ഒന്നു കണ്ണോടിച്ചിട്ട്, ആ ആട് അതിന്റെ മുൻകാലുകൾ നിലത്തുറപ്പിച്ച് തലയ്ക്കുമുകളിലായി ശിലാമുഖത്തുകൂടെ, ചക്രംതിരിക്കുന്നതുപോലെ, പൃഷ്ഠഭാഗം സാവധാനം നീക്കി. ഞാൻ ശ്വാസമടക്കിപ്പിടിച്ച് നിൽക്കവേ, അതു താഴേക്കുവന്ന ദിശയ്ക്കു നേരേ വരാൻ കഴിയത്തക്കവിധം പിൻകാലുകൾ താഴെവരുന്നതുവരെ ആ നീക്കം തുടർന്നു.” (നാഷണൽ ജിയോഗ്രഫിക്ക്) “ചെങ്കുത്തായ പർവതപാറകളിലെ അഭ്യാസപ്രകടനക്കാർ” എന്ന് കാട്ടാടുകൾ വിളിക്കപ്പെട്ടിരിക്കുന്നതിൽ അതിശയിക്കാനില്ല!
“കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?”
കാട്ടാടുകൾ വളരെ നാണംകുണുങ്ങികളായ ജന്തുക്കളാണ്. മനുഷ്യനിൽനിന്ന് അകന്നു ജീവിക്കാൻ അവ ഇഷ്ടപ്പെടുന്നു. പർവതപാറകളിലായിരിക്കുന്ന സാഹചര്യത്തിൽ അവയെ നിരീക്ഷിക്കാൻമാത്രം അടുത്തെത്താൻ ആളുകൾക്കു തീർച്ചയായും ബുദ്ധിമുട്ടാണ്. അതുകൊണ്ട് “പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളു”ടെ ഉടയവന് ഇയ്യോബിനോട് ഉചിതമായും ഇങ്ങനെ ചോദിക്കാൻ കഴിഞ്ഞു: “പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?”—സങ്കീർത്തനം 50:10; ഇയ്യോബ് 39:1.
ദൈവദത്ത സഹജജ്ഞാനത്താൽ പെൺകാട്ടാട് പ്രസവ സമയം തിരിച്ചറിയുന്നു. അവൾ സുരക്ഷിതമായ ഒരു സ്ഥലം തേടിപ്പിടിച്ച് ഒന്നോ രണ്ടോ കുട്ടികളെ പ്രസവിക്കുന്നു, സാധാരണഗതിയിൽ മേയ് അവസാനമോ ജൂണിലോ. ജനിച്ച് ഏതാനും ദിവസങ്ങൾക്കകംതന്നെ അവ അടിപതറാതെ നടക്കാൻ പ്രാപ്തിനേടുന്നു.
“കൗതുകമുള്ള ഒരു മാൻപേടയും അഴകുള്ള ഒരു കാട്ടാടും”
ജ്ഞാനിയായ ശലോമോൻ രാജാവ് ഭർത്താക്കൻമാരെ ഉദ്ബോധിപ്പിച്ചു: “നിന്റെ യൗവനത്തിലെ ഭാര്യയോടൊത്തു സന്തോഷിച്ചുകൊൾക, അവൾ കൗതുകമുള്ള ഒരു മാൻപേടയും അഴകുള്ള ഒരു കാട്ടാടും ആണല്ലോ.” (സദൃശവാക്യങ്ങൾ 5:18, 19, NW) സ്ത്രീകളെ അവമതിക്കുകയെന്നതായിരുന്നില്ല ആ പ്രസ്താവനയുടെ ഉദ്ദേശ്യം. പ്രത്യക്ഷത്തിൽ, ഈ മൃഗങ്ങളുടെ സൗന്ദര്യത്തെയും ഓമനത്തത്തെയും മറ്റു വിശിഷ്ട ഗുണങ്ങളെയും ശലോമോൻ പരാമർശിക്കുകയായിരുന്നു.
സ്രഷ്ടാവിന്റെ ജ്ഞാനത്തിനു ശക്തമായ സാക്ഷ്യം വഹിക്കുന്ന അസംഖ്യം “ജീവജന്തുക്ക”ളിൽ പെടുന്നതാണ് കാട്ടാട്. (ഉല്പത്തി 1:24, 25) ദൈവം നമുക്കു ചുറ്റും കൗതുകമുണർത്തുന്ന അനേകം ജീവജാലങ്ങളെ നൽകിയിരിക്കുന്നതിൽ നാം സന്തുഷ്ടരല്ലേ?
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Courtesy of Athens University