നിങ്ങൾ യഹോവയുടെ ഓർമിപ്പിക്കലുകളെ അത്യന്തം പ്രിയപ്പെടുന്നുവോ?
“എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ [“ഓർമിപ്പിക്കലുകളെ,” NW] പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.”—സങ്കീർത്തനം 119:167.
1. ബൈബിളിൽ വിശേഷിച്ചും ഏതു ഭാഗത്താണ് യഹോവയുടെ ഓർമിപ്പക്കലുകളെ കൂടെക്കൂടെ പരാമർശിച്ചിരിക്കുന്നത്?
തന്റെ ജനം സന്തുഷ്ടരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. യഥാർഥ സന്തുഷ്ടി ആസ്വദിക്കുന്നതിന് നാം ദൈവത്തിന്റെ നിയമം അനുസരിച്ചു നടക്കുകയും അവന്റെ കൽപ്പനകൾ പ്രമാണിക്കുകയും വേണം. അതിനായി അവൻ നമുക്ക് ഓർമിപ്പിക്കലുകൾ നൽകുന്നു. തിരുവെഴുത്തുകളിൽ അവയെ കൂടെക്കൂടെ പരാമർശിച്ചിരിക്കുന്നു, വിശേഷിച്ചും 119-ാം സങ്കീർത്തനത്തിൽ. യഹൂദയിലെ യുവരാജാവായ ഹിസ്കീയാവ് ആയിരിക്കണം അതിന്റെ രചയിതാവ്. മനോഹരമായ ആ ഗീതം തുടങ്ങുന്നത് ഈ വാക്കുകളോടെയാണ്: “തങ്ങളുടെ മാർഗത്തിൽ കുറ്റമറ്റവരായി യഹോവയുടെ നിയമത്തിൽ നടക്കുന്നവർ സന്തുഷ്ടരാകുന്നു. അവന്റെ ഓർമിപ്പിക്കലുകളെ പ്രമാണിക്കുന്നവർ സന്തുഷ്ടരാകുന്നു; അവർ പൂർണഹൃദയത്തോടെ അവനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.”—സങ്കീർത്തനം 119:1, 2, NW.
2. ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ സന്തുഷ്ടിയോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
2 ദൈവവചനത്തെ കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം സമ്പാദിച്ചുകൊണ്ടും അതു ജീവിതത്തിൽ ബാധകമാക്കിക്കൊണ്ടും നാം “യഹോവയുടെ നിയമത്തിൽ നടക്കുന്നു.” എന്നാൽ നാം അപൂർണരായതിനാൽ നമുക്ക് ഓർമിപ്പിക്കലുകൾ ആവശ്യമാണ്. “ഓർമിപ്പിക്കലുകൾ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന് ദൈവം തന്റെ നിയമങ്ങളും ആജ്ഞകളും ചട്ടങ്ങളും കൽപ്പനകളും പ്രമാണങ്ങളും നമ്മുടെ മനസ്സിലേക്കു തിരികെ കൊണ്ടുവരുന്നു എന്ന അർഥമാണ് ഉള്ളത്. (മത്തായി 10:18-20) അത്തരം ഓർമിപ്പിക്കലുകൾ പ്രമാണിക്കുന്നെങ്കിൽ മാത്രമേ നാം സന്തുഷ്ടരായിരിക്കുകയുള്ളൂ. കാരണം, ദുരന്തത്തിലും ദുഃഖത്തിലും കലാശിച്ചേക്കാവുന്ന ആത്മീയ അപകടങ്ങൾ ഒഴിവാക്കാൻ അവ നമ്മെ സഹായിക്കുന്നു.
യഹോവയുടെ ഓർമിപ്പിക്കലുകളോടു പറ്റിനിൽക്കുക
3. സങ്കീർത്തനം 119:60, 61 എന്ത് ഉറപ്പു തരുന്നു?
3 സങ്കീർത്തനക്കാരൻ ദൈവത്തിന്റെ ഓർമിപ്പിക്കലുകളെ വളരെയേറെ വിലമതിച്ചിരുന്നു. അവൻ ഇങ്ങനെ പാടി: “നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.” (സങ്കീർത്തനം 119:60, 61) പീഡനങ്ങളുടെ മധ്യേ സഹിച്ചുനിൽക്കാൻ യഹോവയുടെ ഓർമിപ്പിക്കലുകൾ നമ്മെ സഹായിക്കുന്നു. എന്തെന്നാൽ, നമ്മെ വരിഞ്ഞുമുറുക്കാനായി ദുഷ്ടന്മാർ ഉപയോഗിക്കുന്ന പ്രതിബന്ധങ്ങളാകുന്ന പാശങ്ങളെ പൊട്ടിച്ചെറിയാൻ സ്വർഗീയ പിതാവിനു കഴിയുമെന്ന് നമുക്ക് ഉറപ്പുണ്ട്. നമുക്ക് രാജ്യപ്രസംഗ വേല നിർവഹിക്കാൻ കഴിയേണ്ടതിന് തക്കസമയത്ത് അവൻ അത്തരം പ്രതിബന്ധങ്ങളിൽനിന്നു നമ്മെ വിടുവിക്കുന്നു.—മർക്കൊസ് 13:10.
4. ദൈവത്തിന്റെ ഓർമിപ്പിക്കലുകളോടു നാം എങ്ങനെ പ്രതികരിക്കണം?
4 ചില അവസരങ്ങളിൽ ഓർമിപ്പിക്കലുകളിലൂടെ യഹോവ നമ്മെ തിരുത്തുന്നു. സങ്കീർത്തനക്കാരനെ പോലെ നമുക്കും അത്തരം തിരുത്തലുകളോട് എല്ലായ്പോഴും വിലമതിപ്പുള്ളവർ ആയിരിക്കാം. അവൻ പ്രാർഥനയിൽ ദൈവത്തോട് ഇങ്ങനെ പറഞ്ഞു: ‘നിന്റെ സാക്ഷ്യങ്ങൾ [“ഓർമിപ്പിക്കലുകൾ,” NW] എന്റെ പ്രമോദം ആകുന്നു. നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.’ (സങ്കീർത്തനം 119:24, 119) സങ്കീർത്തനക്കാരന് ലഭ്യമായിരുന്നതിലും അധികം ദിവ്യ ഓർമിപ്പിക്കലുകൾ നമുക്ക് ഇന്നു ലഭ്യമാണ്. ഗ്രീക്കു തിരുവെഴുത്തുകളിൽ കാണുന്ന എബ്രായ തിരുവെഴുത്തുകളിൽ നിന്നുള്ള നൂറുകണക്കിന് ഉദ്ധരണികൾ, ന്യായപ്രമാണത്തിൻ കീഴിൽ ദൈവം തന്റെ ജനത്തിനു കൊടുത്ത പ്രബോധനങ്ങളെ കുറിച്ചും ക്രിസ്തീയ സഭയെ കുറിച്ചുള്ള അവന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചും നമ്മെ ഓർമിപ്പിക്കുന്നു. തന്റെ നിയമങ്ങളോടു ബന്ധപ്പെട്ട കാര്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നതിൽ നാം ദൈവത്തോടു കൃതജ്ഞതയുള്ളവരാണ്. സ്രഷ്ടാവിനെ അപ്രീതിപ്പെടുത്തുകയും നമ്മുടെ സന്തുഷ്ടി കവർന്നുകളയുകയും ചെയ്യുന്ന പാപപൂർണമായ പ്രലോഭനങ്ങൾ ഒഴിവാക്കാൻ ‘യഹോവയുടെ ഓർമിപ്പിക്കലുകളോടു പറ്റിനിൽക്കുന്നത്’ നമ്മെ സഹായിക്കുന്നു.—സങ്കീർത്തനം 119:31.
5. നാം യഹോവയുടെ ഓർമിപ്പിക്കലുകളെ അത്യന്തം പ്രിയപ്പെടാൻ ഇടയാകുന്നത് എങ്ങനെ?
5 യഹോവയുടെ ഓർമിപ്പിക്കലുകളെ നാം എത്രയധികം പ്രിയപ്പെടണം? ‘എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ [“ഓർമിപ്പിക്കലുകളെ,” NW] പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു’ എന്ന് സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 119:167) നമ്മെ സംബന്ധിച്ച് യഥാർഥ കരുതലുള്ള ഒരു പിതാവിന്റെ പ്രബോധനങ്ങളായി നാം യഹോവയുടെ ഓർമിപ്പിക്കലുകളെ വീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നെങ്കിൽ നാം അവയെ പ്രിയപ്പെടും. (1 പത്രൊസ് 5:6, 7) നമുക്ക് അവന്റെ ഓർമിപ്പിക്കലുകൾ ആവശ്യമാണ്. അവ നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്നു മനസ്സിലാക്കുമ്പോൾ അവയോടുള്ള നമ്മുടെ പ്രിയം വർധിക്കും.
ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
6. നമുക്ക് യഹോവയുടെ ഓർമിപ്പിക്കലുകൾ ആവശ്യമായിരിക്കുന്നതിന്റെ ഒരു കാരണമെന്ത്, അവ ഓർമിക്കാൻ നമ്മെ എന്തു സഹായിക്കും?
6 നമുക്കു യഹോവയുടെ ഓർമിപ്പിക്കലുകൾ ആവശ്യമായിരിക്കുന്നതിന്റെ ഒരു കാരണം നാം മറക്കാൻ ചായ്വുള്ളവരാണ് എന്നതാണ്. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു: “സമയം കടന്നുപോകുന്തോറും സാധാരണഗതിയിൽ ആളുകൾ കൂടുതൽ കൂടുതൽ കാര്യങ്ങൾ മറന്നുപോകുന്നു. . . . നാവിൻ തുമ്പത്ത് ഉണ്ടായിരുന്ന ചില പേരുകളോ വിവരങ്ങളോ ഓർമിക്കാൻ കഴിയാതെപോയ അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിരിക്കാം. . . . അത്തരം താത്കാലിക ഓർമക്കുറവ് (retrieval failure) കൂടെക്കൂടെ സംഭവിക്കുന്നു. ശാസ്ത്രജ്ഞന്മാർ ഈ പ്രതിഭാസത്തെ താരതമ്യം ചെയ്യുന്നത് സാധനങ്ങൾ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു മുറിയിൽ എവിടെയോ വെച്ചിരിക്കുന്ന ഒരു സാധനം കണ്ടെത്താൻ ശ്രമിക്കുന്നതിനോടാണ്. . . . ഒരു വിവരം വളരെ നന്നായി അറിയാമെന്നു തോന്നുന്ന ഘട്ടം കഴിഞ്ഞും അതു പഠിക്കുന്നതിൽ തുടരുക എന്നതാണ് അത് നന്നായി ഓർത്തിരിക്കുന്നതിനുള്ള ഒരു നല്ല മാർഗം.” ആവർത്തിച്ചുള്ള ഉത്സാഹപൂർവകമായ പഠനം ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ ഓർമിക്കാനും നമ്മുടെ നന്മയ്ക്കായി അവ പ്രമാണിക്കാനും നമ്മെ സഹായിക്കും.
7. ഇന്ന് ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ മുമ്പെന്നത്തേക്കാളും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
7 നമുക്കിന്ന് യഹോവയുടെ ഓർമിപ്പിക്കലുകൾ മുമ്പെന്നത്തേക്കാളും ആവശ്യമാണ്. കാരണം, മനുഷ്യ ചരിത്രത്തിൽ മുമ്പെങ്ങും ദുഷ്ടത ഇത്ര വർധിച്ചിട്ടില്ല. നാം ദൈവത്തിന്റെ ഓർമിപ്പിക്കലുകൾക്കു ശ്രദ്ധ നൽകുന്നെങ്കിൽ, ലോകത്തിന്റെ ദുഷിച്ച വഴികളിലേക്കു തിരിയാനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ ആവശ്യമായ ഉൾക്കാഴ്ച നമുക്കു ലഭിക്കും. സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “നിന്റെ സാക്ഷ്യങ്ങൾ [“ഓർമിപ്പിക്കലുകൾ,” NW] എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു. നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു. നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകലദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു.” (സങ്കീർത്തനം 119:99-101) ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ പ്രമാണിക്കുന്നെങ്കിൽ നാം “സകലദുർമ്മാർഗ്ഗത്തിൽനിന്നും” വിട്ടുനിൽക്കുകയും “അന്ധബുദ്ധികളായി . . . ദൈവത്തിന്റെ ജീവനിൽനിന്നു അകന്നു”പോയ മനുഷ്യരെപ്പോലെ ആകാതിരിക്കുകയും ചെയ്യും.—എഫെസ്യർ 4:17-19.
8. വിശ്വാസത്തിന്റെ പരിശോധനകളെ വിജയകരമായി നേരിടാൻ നമുക്ക് എങ്ങനെ മെച്ചമായി സജ്ജരാകാൻ കഴിയും?
8 ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ ആവശ്യമായിരിക്കുന്നതിന്റെ മറ്റൊരു കാരണം ഈ “അന്ത്യകാല”ത്തെ അനേകം പരിശോധനകളെ സഹിച്ചുനിൽക്കാൻ അതു നമ്മെ പ്രാപ്തരാക്കുന്നു എന്നതാണ്. (ദാനീയേൽ 12:4) അത്തരം ഓർമിപ്പിക്കലുകൾ ഇല്ലാത്തപക്ഷം നാം ‘കേട്ടു മറക്കുന്നവർ’ ആയിത്തീരും. (യാക്കോബ് 1:25) എന്നാൽ “വിശ്വസ്തനും വിവേകിയുമായ അടിമ”യിൽനിന്നുള്ള പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ തിരുവെഴുത്തുകൾ വ്യക്തിപരമായും സഭാപരമായും ഉത്സാഹപൂർവം പഠിക്കുന്നത് വിശ്വാസത്തിന്റെ പരിശോധനകളെ വിജയകരമായി തരണം ചെയ്യാൻ നമ്മെ സഹായിക്കും. (മത്തായി 24:45-47, NW) പരിശോധനകളെ അഭിമുഖീകരിക്കുമ്പോൾ ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് എന്തു ചെയ്യണമെന്നു മനസ്സിലാക്കാൻ അത്തരം ആത്മീയ കരുതലുകൾ നമ്മെ സഹായിക്കുന്നു.
സഭായോഗങ്ങൾ സുപ്രധാനം
9. ആരാണ് ‘മനുഷ്യരാം ദാനങ്ങൾ,’ അവർ സഹവിശ്വാസികളെ സഹായിക്കുന്നത് എങ്ങനെ?
9 ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ നമുക്കു ലഭിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് ക്രിസ്തീയ യോഗങ്ങൾ. ഈ യോഗങ്ങളിൽ നിയമിത സഹോദരന്മാർ തിരുവെഴുത്തു പ്രബോധനം നൽകുന്നു. യേശു “ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ [“മനുഷ്യരാം ദാനങ്ങളെ,” NW] കൊടുത്തു” എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “[ക്രിസ്തു] ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു. അതു . . . വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.” (എഫെസ്യർ 4:8, 11-13) ആരാധനയ്ക്കായി നാം കൂടിവരുമ്പോൾ ഈ ‘മനുഷ്യരാം ദാനങ്ങൾ’—നിയമിത മൂപ്പന്മാർ—യഹോവയുടെ ഓർമിപ്പിക്കലുകൾ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!
10. എബ്രായർ 10:24, 25-ലെ മുഖ്യ ആശയം എന്ത്?
10 വാരന്തോറുമുള്ള അഞ്ചു യോഗങ്ങൾക്കും ഹാജരാകാൻ ദിവ്യ കരുതലുകളോടുള്ള കൃതജ്ഞത നമ്മെ പ്രേരിപ്പിക്കും. പതിവായി കൂടിവരേണ്ടതിന്റെ ആവശ്യം പൗലൊസ് ഊന്നിപ്പറഞ്ഞു. അവൻ എഴുതി: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.”—എബ്രായർ 10:24, 25.
11. പ്രതിവാര യോഗങ്ങൾ ഓരോന്നും നമുക്കു പ്രയോജനം ചെയ്യുന്നതെങ്ങനെ?
11 നമ്മുടെ യോഗങ്ങളിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങളെ നിങ്ങൾ വിലമതിക്കുന്നുണ്ടോ? പ്രതിവാര വീക്ഷാഗോപുര അധ്യയനം നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും യഹോവയുടെ ഓർമിപ്പിക്കലുകൾ അനുസരിക്കാൻ നമ്മെ സഹായിക്കുകയും “ലോകത്തിന്റെ ആത്മാവി”നെ ചെറുത്തു നിൽക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 2:12; പ്രവൃത്തികൾ 15:31) പരസ്യയോഗങ്ങളിൽ, പ്രസംഗകർ ദൈവവചനത്തിലെ പ്രബോധനങ്ങൾ അവതരിപ്പിക്കുന്നു. യഹോവയുടെ ഓർമിപ്പിക്കലുകളും യേശു പറഞ്ഞ “നിത്യജീവന്റെ വചനങ്ങ”ളും അതിൽ പെടുന്നു. (യോഹന്നാൻ 6:68; 7:46; മത്തായി 5:1–7:29) ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലൂടെ നമ്മുടെ പഠിപ്പിക്കൽ പ്രാപ്തികൾ ഒന്നിനൊന്നു മെച്ചപ്പെടുന്നു. സേവനയോഗം വീടുതോറുമുള്ള ശുശ്രൂഷയിലും മടക്കസന്ദർശനങ്ങളിലും ബൈബിൾ അധ്യയനങ്ങളിലും ശുശ്രൂഷയുടെ മറ്റു മണ്ഡലങ്ങളിലും സുവാർത്ത കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാൻ നമ്മെ സഹായിക്കുന്നതിൽ അമൂല്യമായ പങ്കു വഹിക്കുന്നു. മിക്കപ്പോഴും ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ ഉൾപ്പെടുന്ന അഭിപ്രായ പ്രകടനങ്ങൾ നടത്താൻ ചെറിയ സഭാപുസ്തകാധ്യയന കൂട്ടങ്ങൾ വർധിച്ച അവസരം ഒരുക്കുന്നു.
12, 13. ഒരു ഏഷ്യൻ രാജ്യത്തെ ദൈവജനം ക്രിസ്തീയ യോഗങ്ങളോടുള്ള വിലമതിപ്പു പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
12 യോഗങ്ങളിൽ മുടങ്ങാതെ സംബന്ധിക്കുന്നത് ദൈവത്തിന്റെ കൽപ്പനകൾ ഓർമിക്കാൻ മാത്രമല്ല യുദ്ധക്കെടുതികൾക്കും സാമ്പത്തിക പരാധീനതകൾക്കും വിശ്വാസത്തിന്റെ ഇതര പരിശോധനകൾക്കും മധ്യേ ആത്മീയമായി ബലിഷ്ഠരായി നിലകൊള്ളാനും നമ്മെ സഹായിക്കുന്നു. ഒരു ഏഷ്യൻ രാജ്യത്തെ 70-ഓളം ക്രിസ്ത്യാനികൾ വീടുവിട്ട് വനാന്തരങ്ങളിൽ പോയി താമസിക്കാൻ നിർബന്ധിതരായിത്തീർന്നു. എങ്കിലും, അവർ യോഗങ്ങളുടെ പ്രാധാന്യത്തെ അവഗണിച്ചില്ല. തുടർന്നും പതിവായി യോഗം ചേരാൻ ദൃഢനിശ്ചയം ചെയ്ത അവർ യുദ്ധം നാശം വിതച്ച തങ്ങളുടെ പട്ടണത്തിലേക്കു മടങ്ങിപ്പോയി രാജ്യഹാളിന്റെ അവശേഷിച്ച ഭാഗങ്ങൾ വനത്തിൽ കൊണ്ടുവന്ന് ഒരു രാജ്യഹാൾ നിർമിച്ചു.
13 ആ രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് യഹോവയുടെ ജനം വർഷങ്ങളായി യുദ്ധക്കെടുതികൾ അനുഭവിക്കുകയാണ്. എങ്കിലും അവർ ഇപ്പോഴും ദൈവസേവനത്തിൽ തീക്ഷ്ണതയുള്ളവരാണ്. “സഹോദരന്മാരുടെ ഐക്യം കാത്തുസൂക്ഷിക്കാൻ ഏറ്റവും അധികം സഹായിച്ചിട്ടുള്ളത് എന്താണ്?” എന്ന് ആ പ്രദേശത്തെ മൂപ്പന്മാരിൽ ഒരാളോടു ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: “കഴിഞ്ഞ 19 വർഷങ്ങളിൽ ഒരിക്കൽ പോലും ഞങ്ങൾ യോഗങ്ങൾ നടത്താതിരുന്നിട്ടില്ല. ചില അവസരങ്ങളിൽ ബോംബ് വർഷവും മറ്റു ബുദ്ധിമുട്ടുകളും മൂലം സഹോദരങ്ങളിൽ ചിലർക്കു യോഗസ്ഥലത്ത് എത്തിച്ചേരാൻ കഴിയാതെപോയിട്ടുണ്ട്. എന്നാൽ ഞങ്ങൾ ഒരിക്കലും യോഗങ്ങൾ വേണ്ടെന്നുവെച്ചിട്ടില്ല.” “സഭായോഗങ്ങളെ ഉപേക്ഷിക്കാ”തിരിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രിയപ്പെട്ട സഹോദരങ്ങൾ തീർച്ചയായും വിലമതിക്കുന്നു.
14. വൃദ്ധയായ ഹന്നായിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
14 ഒരു വിധവയും 84 വയസ്സുണ്ടായിരുന്നവളുമായ ഹന്നാ ഒരിക്കലും “ദൈവാലയം വിട്ടുപിരി”ഞ്ഞിരുന്നില്ല. തത്ഫലമായി, യേശു ജനിച്ച് അധികം താമസിയാതെ അവനെ ആലയത്തിൽ കൊണ്ടുവന്നപ്പോൾ അവൾക്ക് അവനെ കാണാൻ കഴിഞ്ഞു. (ലൂക്കൊസ് 2:36-38) യോഗങ്ങൾ മുടക്കാതിരിക്കാൻ നിങ്ങൾ ദൃഢനിശ്ചയമുള്ളവരാണോ? നമ്മുടെ സമ്മേളനങ്ങളിലെയും കൺവെൻഷനുകളിലെയും മുഴു പരിപാടികളിലും സംബന്ധിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടോ? ഈ കൂടിവരവുകളിലൂടെ ലഭിക്കുന്ന, ആത്മീയ പ്രയോജനം കൈവരുത്തുന്ന പ്രബോധനങ്ങൾ നമ്മുടെ സ്വർഗീയ പിതാവ് തന്റെ ജനത്തിനുവേണ്ടി കരുതുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. (യെശയ്യാവു 40:11) നാം അവിടെ സന്നിഹിതരാകുന്നത് യഹോവയുടെ കരുതലുകളോടുള്ള നമ്മുടെ വിലമതിപ്പിന്റെ പ്രകടനമാണ്. അതു നമ്മുടെ സന്തോഷം വർധിപ്പിക്കുകയും ചെയ്യുന്നു.—നെഹെമ്യാവു 8:5-8, 12.
ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ വേറിട്ടുനിൽക്കാൻ നമ്മെ സഹായിക്കുന്നു
15, 16. യഹോവയുടെ ഓർമിപ്പിക്കലുകൾ പ്രമാണിക്കുന്നത് നമ്മുടെ നടത്തയെ സ്വാധീനിക്കുന്നത് എങ്ങനെ?
15 ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ പ്രമാണിക്കുന്നത് ഈ ദുഷ്ടലോകത്തിൽനിന്നു വേറിട്ടുനിൽക്കാൻ നമ്മെ സഹായിക്കുന്നു. ദൃഷ്ടാന്തത്തിന്, ദൈവത്തിന്റെ ഓർമിപ്പിക്കലുകൾക്കു ശ്രദ്ധ കൊടുക്കുന്നത് ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നതിൽനിന്നു നമ്മെ തടയുന്നു. (ആവർത്തനപുസ്തകം 5:18; സദൃശവാക്യങ്ങൾ 6:29-35; എബ്രായർ 13:4) നുണ പറയാനും അന്യായം പ്രവർത്തിക്കാനും മോഷ്ടിക്കാനുമൊക്കെയുള്ള പ്രലോഭനങ്ങളെ ജയിച്ചടക്കാൻ ദിവ്യ ഓർമിപ്പിക്കലുകളോടുള്ള അനുസരണം നമ്മെ സഹായിക്കും. (പുറപ്പാടു 20:15, 16; ലേവ്യപുസ്തകം 19:11; സദൃശവാക്യങ്ങൾ 30:7-9; എഫെസ്യർ 4:25, 28; എബ്രായർ 13:18) യഹോവയുടെ ഓർമിപ്പിക്കലുകൾ പ്രമാണിക്കുന്നത്, പ്രതികാരം ചെയ്യുന്നതിൽനിന്നും നീരസം വെച്ചുപുലർത്തുന്നതിൽനിന്നും ഏഷണി പറയുന്നതിൽനിന്നും നമ്മെ തടയുകയും ചെയ്യും.—ലേവ്യപുസ്തകം 19:16, 18; സങ്കീർത്തനം 15:1, 3.
16 ദിവ്യ ഓർമിപ്പിക്കലുകൾക്കു ശ്രദ്ധ നൽകിക്കൊണ്ട് നാം ദൈവസേവനത്തിന് യോഗ്യമാംവിധം വിശുദ്ധരായി, അല്ലെങ്കിൽ വേർതിരിക്കപ്പെട്ടവരായി, നിലകൊള്ളുന്നു. ഈ ലോകത്തിൽനിന്നു വേറിട്ടുനിൽക്കുന്നത് എത്ര പ്രധാനമാണ്! തന്റെ ഭൗമിക ജീവിതത്തിലെ അവസാന രാത്രിയിൽ, യഹോവയോടുള്ള പ്രാർഥനയിൽ യേശു തന്റെ അനുഗാമികൾക്കായി ഇങ്ങനെ അപേക്ഷിച്ചു: “ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ [“ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ,” NW] അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു. ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:14-17) ദൈവത്തിന്റെ വിശുദ്ധ സേവനത്തിനായി വേറിട്ടു നിൽക്കാൻ നമ്മെ സഹായിക്കുന്ന ദൈവചനത്തെ നമുക്ക് എല്ലായ്പോഴും പ്രിയങ്കരമായി കരുതാം.
17. നാം ദൈവത്തിന്റെ ഓർമിപ്പിക്കലുകളെ അവഗണിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കാമായിരുന്നു, അതുകൊണ്ട് നാം എന്തു ചെയ്യണം?
17 യഹോവയെ സേവിക്കാനുള്ള യോഗ്യത നിലനിറുത്താൻ അവന്റെ ദാസന്മാരായ നാം ആഗ്രഹിക്കുന്നു. എന്നാൽ നാം ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ അവഗണിച്ചിരുന്നെങ്കിൽ, ലോകത്തിലെ ആളുകൾ തങ്ങളുടെ സംസാരത്താലും സാഹിത്യത്താലും വിനോദപരിപാടികളാലും നടത്തയാലുമെല്ലാം പ്രോത്സാഹിപ്പിക്കുന്ന ഈ ലോകത്തിന്റെ ആത്മാവ് ഒരുപക്ഷേ നമ്മെ കീഴടക്കുമായിരുന്നു. ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും നന്ദികെട്ടവരും അശുദ്ധരും ഉഗ്രന്മാരും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാത്തവരും ഉല്ലാസപ്രിയരും ആയിരിക്കാൻ നാം ആഗ്രഹിക്കുന്നില്ല. ദൈവത്തിൽനിന്ന് അന്യപ്പെട്ടവരുടെ സ്വഭാവവിശേഷങ്ങളിൽ ചിലതു മാത്രമാണവ. (2 തിമൊഥെയൊസ് 3:1-5) നാം ജീവിക്കുന്നത് ഈ ദുഷ്ട വ്യവസ്ഥിതിയുടെ പരമാന്ത്യ നാളുകളിൽ ആയതിനാൽ ദിവ്യ സഹായത്തിനായി നമുക്ക് എല്ലായ്പോഴും പ്രാർഥിക്കാം. തുടർന്നും യഹോവയുടെ ഓർമിപ്പിക്കലുകൾ പ്രമാണിക്കാനും അങ്ങനെ നമ്മുടെ നടപ്പിനെ ‘അവന്റെ വചനപ്രകാരം സൂക്ഷിക്കാനും’ അതു സഹായിക്കും.—സങ്കീർത്തനം 119:9.
18. ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ ഏതെല്ലാം ക്രിയാത്മക പടികൾ സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കും?
18 യഹോവയുടെ ഓർമിപ്പിക്കലുകൾ ചെയ്യരുതാത്ത കാര്യങ്ങൾ സംബന്ധിച്ചു നമ്മെ ജാഗരൂകരാക്കുന്നതിനു പുറമേ, ക്രിയാത്മക പടികൾ സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, യഹോവയിൽ സമ്പൂർണ ആശ്രയം വെക്കാനും അവനെ പൂർണ ഹൃദയത്തോടും മനസ്സോടും ശക്തിയോടും കൂടെ സ്നേഹിക്കാനും അതു നമ്മെ പ്രചോദിപ്പിക്കുന്നു. (ആവർത്തനപുസ്തകം 6:5; സങ്കീർത്തനം 4:5; സദൃശവാക്യങ്ങൾ 3:5, 6; മത്തായി 22:37; മർക്കൊസ് 12:30) നമ്മുടെ അയൽക്കാരെ സ്നേഹിക്കാനും ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ നമ്മെ പ്രേരിപ്പിക്കുന്നു. (ലേവ്യപുസ്തകം 19:18; മത്തായി 22:39, NW) ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം നാം പ്രകടമാക്കുന്നത് പ്രധാനമായും, ദൈവേഷ്ടം ചെയ്തുകൊണ്ടും ജീവദായക “ദൈവപരിജ്ഞാനം” മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ടുമാണ്.—സദൃശവാക്യങ്ങൾ 2:1-5.
യഹോവയുടെ ഓർമിപ്പിക്കലുകൾ പ്രമാണിക്കുന്നത് ജീവനെ അർഥമാക്കുന്നു!
19. യഹോവയുടെ ഓർമിപ്പിക്കലുകൾക്കു ശ്രദ്ധ കൊടുക്കുന്നതു പ്രായോഗികവും പ്രയോജനപ്രദവും ആണെന്നു മനസ്സിലാക്കാൻ മറ്റുള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാനാകും?
19 നാം യഹോവയുടെ ഓർമിപ്പിക്കലുകൾ പ്രമാണിക്കുകയും അതു ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നെങ്കിൽ, നാം നമ്മെത്തന്നെയും നാം പറയുന്നതു ശ്രദ്ധിക്കുന്നവരെയും രക്ഷിക്കും. (1 തിമൊഥെയൊസ് 4:16) യഹോവയുടെ ഓർമിപ്പിക്കലുകൾക്കു ശ്രദ്ധ കൊടുക്കുന്നതു വാസ്തവത്തിൽ പ്രായോഗികവും പ്രയോജനപ്രദവും ആണെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? സ്വന്തം ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട്. ദൈവവചനത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള ജീവിതരീതിയാണ് ഏറ്റവും ഉത്തമമെന്ന് മനസ്സിലാക്കാൻ “നിത്യജീവനു ചേർന്ന പ്രകൃതമുള്ള”വരെ അതു സഹായിക്കും. (പ്രവൃത്തികൾ 13:48, NW] അങ്ങനെ അവർ ‘ദൈവം വാസ്തവമായി നമ്മുടെ ഇടയിൽ ഉണ്ടു’ എന്ന് മനസ്സിലാക്കുക മാത്രമല്ല, പരമാധികാര കർത്താവായ യഹോവയെ ആരാധിക്കുന്നതിൽ നമ്മോടു ചേരാൻ പ്രചോദിതരാകുകയും ചെയ്യും.—1 കൊരിന്ത്യർ 14:24, 25.
20, 21. ദൈവത്തിന്റെ ഓർമിപ്പിക്കലുകളും അവന്റെ ആത്മാവും എന്തു ചെയ്യാൻ നമ്മെ പ്രാപ്തരാക്കും?
20 തിരുവെഴുത്തുകൾ പഠിക്കുകയും പഠിച്ചതു ബാധകമാക്കുകയും യഹോവ നൽകുന്ന ആത്മീയ കരുതലുകളെ പൂർണമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിൽ തുടരുന്നെങ്കിൽ നാം അവന്റെ ഓർമിപ്പിക്കലുകളെ അത്യന്തം പ്രിയപ്പെടാൻ ഇടയാകും. ഈ ഓർമിപ്പിക്കലുകൾക്കു ശ്രദ്ധ കൊടുക്കുന്നപക്ഷം, “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരി”ക്കാൻ അതു നമ്മെ സഹായിക്കും. (എഫെസ്യർ 4:20-24) സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം തുടങ്ങിയ ഗുണങ്ങൾ പ്രകടമാക്കാൻ യഹോവയുടെ ഓർമിപ്പിക്കലുകളും അവന്റെ പരിശുദ്ധാത്മാവും നമ്മെ പ്രാപ്തരാക്കും. സാത്താന്റെ അധീനതയിലുള്ള ലോകത്തിലെ ആളുകളുടെ സ്വഭാവവിശേഷതകളിൽനിന്ന് എത്രയോ ഭിന്നമാണ് ആ ഗുണങ്ങൾ! (ഗലാത്യർ 5:22, 23; 1 യോഹന്നാൻ 5:19) അതുകൊണ്ട്, വ്യക്തിപരമായ ബൈബിൾ പഠനത്തിലൂടെയും നിയമിത മൂപ്പന്മാരിലൂടെയും യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെയും യഹോവ തന്റെ വ്യവസ്ഥകളെ കുറിച്ച് നമ്മെ ഓർമിപ്പിക്കുമ്പോൾ നമുക്കു കൃതജ്ഞതയുള്ളവർ ആയിരിക്കാം.
21 നാം യഹോവയുടെ ഓർമിപ്പിക്കലുകൾ പ്രമാണിക്കുന്നതിനാൽ, നീതി നിമിത്തം ദുരിതം അനുഭവിക്കുമ്പോൾപ്പോലും സന്തോഷിക്കാൻ നമുക്കു കഴിയുന്നു. (ലൂക്കൊസ് 6:22, 23) ഏറ്റവും അപകടകരമായ സാഹചര്യങ്ങളിൽപ്പോലും രക്ഷയ്ക്കായി നാം ദൈവത്തിലേക്കു നോക്കുന്നു. സകല ജനതകളും “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മായ ഹർമ്മഗെദ്ദോനിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നതിനാൽ ദൈവത്തിലുള്ള ഈ ആശ്രയം ഇപ്പോൾ അങ്ങേയറ്റം പ്രധാനമാണ്.—വെളിപ്പാടു 16:14-16.
22. യഹോവയുടെ ഓർമിപ്പിക്കലുകൾ സംബന്ധിച്ച് നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
22 അനർഹ ദാനമായ നിത്യജീവൻ നമുക്കു ലഭിക്കണമെങ്കിൽ, നാം യഹോവയുടെ ഓർമിപ്പിക്കലുകളെ അത്യന്തം സ്നേഹിക്കുകയും അവയെ പൂർണഹൃദയത്തോടെ പ്രമാണിക്കുകയും വേണം. അതുകൊണ്ട്, പിൻവരുന്ന പ്രകാരം പാടിയ സങ്കീർത്തനക്കാരന്റെ മനോഭാവം നമുക്കു പ്രകടമാക്കാം: “നിന്റെ ഓർമിപ്പിക്കലുകൾ എന്നേക്കും നീതിയുള്ളവ. ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു [അവ] എന്നെ ഗ്രഹിപ്പിക്കേണമേ.” (സങ്കീർത്തനം 119:144, NW] ആയതിനാൽ നമുക്കും സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളിൽ പ്രകടമായിരിക്കുന്ന ദൃഢനിശ്ചയം ഉള്ളവരായിരിക്കാം: “ഞാൻ നിന്നെ [യഹോവയെ] വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ [“ഓർമിപ്പിക്കലുകളെ,” NW] പ്രമാണിക്കും.” (സങ്കീർത്തനം 119:146) അതേ, നാം യഹോവയുടെ ഓർമിപ്പിക്കലുകളെ നിശ്ചയമായും അത്യന്തം പ്രിയപ്പെടുന്നുവെന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നമുക്കു തെളിയിക്കാം.
നിങ്ങളുടെ ഉത്തരമെന്ത്?
• സങ്കീർത്തനക്കാരൻ യഹോവയുടെ ഓർമിപ്പിക്കലുകളെ എങ്ങനെ വീക്ഷിച്ചു?
• നമുക്ക് ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
• ദിവ്യ ഓർമിപ്പിക്കലുകളുടെ കാര്യത്തിൽ നമ്മുടെ സഭായോഗങ്ങൾ എന്തു പങ്കു വഹിക്കുന്നു?
• യഹോവയുടെ ഓർമിപ്പിക്കലുകൾ ലോകത്തിൽനിന്നു വേറിട്ടുനിൽക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
[15-ാം പേജിലെ ചിത്രം]
സങ്കീർത്തനക്കാരൻ യഹോവയുടെ ഓർമിപ്പിക്കലുകളെ അത്യന്തം പ്രിയപ്പെട്ടു
[17-ാം പേജിലെ ചിത്രങ്ങൾ]
ഹന്നായുടെ മാതൃക അനുകരിച്ചുകൊണ്ട് യോഗങ്ങൾ മുടക്കാതിരിക്കാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവോ?
[18-ാം പേജിലെ ചിത്രം]
യഹോവയുടെ ഓർമിപ്പിക്കലുകൾക്കു ശ്രദ്ധ കൊടുക്കുന്നത്, അവന്റെ സേവനത്തിനായി ശുദ്ധരും സ്വീകാര്യയോഗ്യരുമായി വേറിട്ടുനിൽക്കാൻ നമ്മെ സഹായിക്കുന്നു