ആളുകളെ സന്തുഷ്ടരാക്കുന്നതെന്ത്?
ലോകമെമ്പാടുമുള്ള ഒരു സംഘം ഗവേഷകർ രണ്ടു ദശകങ്ങളായി സന്തുഷ്ടിയെക്കുറിച്ച് ക്രമീകൃതമായ ഒരു സമഗ്രപഠനം നടത്തിവരുകയായിരുന്നു. അവർ എന്തെല്ലാമാണു കണ്ടെത്തിയത്? “സന്തുഷ്ടി വാസ്തവത്തിൽ ബാഹ്യമായ ചുറ്റുപാടുകളെ ആശ്രയിച്ചിരിക്കുന്നുവെന്നു തോന്നുന്നില്ല,” സയൻറിഫിക്ക് അമേരിക്കൻ എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു.
പ്രസ്തുത ശാസ്ത്രമാസിക ഇങ്ങനെയും പ്രസ്താവിച്ചു: “സമ്പത്തും അവശ്യം സന്തുഷ്ടിക്കു നിദാനമല്ല. കാലം കടന്നുപോയതോടെ സംസ്കാരങ്ങൾ കൂടുതൽ സമ്പന്നമായെങ്കിലും ആളുകൾ കൂടുതൽ സന്തുഷ്ടിയുള്ളവരായിത്തീർന്നിട്ടില്ല. മിക്ക രാജ്യങ്ങളിലും സന്തുഷ്ടിയും വരുമാനവും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ല.”
സന്തുഷ്ടരായ ആളുകളെ തിരിച്ചറിയിക്കുന്ന നാലു സവിശേഷതകൾ പ്രസ്തുത പഠനങ്ങൾ എടുത്തു കാണിക്കുന്നു: അവർ സ്വയം ഇഷ്ടപ്പെടുന്നവരും കൂടുതൽ ആത്മാഭിമാനമുള്ളവരുമായിരിക്കും, തങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ നിയന്ത്രിക്കുന്നതു തങ്ങൾതന്നെയാണെന്ന ബോധ്യമുള്ളവരായിരിക്കും, ശുഭാപ്തിവിശ്വാസികളും ബഹിർമുഖരുമായിരിക്കും. മാത്രമല്ല, വിജയകരമായ വിവാഹജീവിതം, മറ്റുള്ളവരുമായി നല്ല വ്യക്തിബന്ധമുണ്ടായിരിക്കൽ തുടങ്ങിയവയും സന്തുഷ്ട ജീവിതത്തിന്റെ ഘടകങ്ങളാണ്. ഇവ മെച്ചപ്പെട്ട ആരോഗ്യത്തിനും ദീർഘായുസ്സിനും ഇടയാക്കുന്നു.
രസാവഹമായി, സയൻറിഫിക്ക് അമേരിക്കൻ ഇങ്ങനെയും റിപ്പോർട്ടു ചെയ്തു: “മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരും തങ്ങൾ വളരെയേറെ സന്തുഷ്ടരാണെന്നു റിപ്പോർട്ടു ചെയ്യുന്നു. ഒരു അഭിപ്രായ വോട്ടെടുപ്പ് തെളിയിക്കുന്നപ്രകാരം ആത്മീയകാര്യങ്ങളിൽ തീരെ താത്പര്യമില്ലാത്ത ആളുകളെക്കാൾ മതപരമായി നല്ല തീക്ഷ്ണതയുള്ള ആളുകൾ തങ്ങൾ സന്തുഷ്ടരാണെന്നു പ്രഖ്യാപിക്കാൻ രണ്ടിരട്ടി ചായ്വു കാണിക്കുന്നു. 14 രാജ്യങ്ങളിലെ 1,66,000 ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് 16 രാഷ്ട്രങ്ങൾ സംയുക്തമായി നടത്തിയ ഒരു പഠനമുൾപ്പെടെയുള്ള മറ്റു സർവേകൾ, ആളുകൾക്കു മതത്തോടുള്ള ബന്ധം വർധിക്കുകയും ആരാധനാപരമായ ശുശ്രൂഷകളിൽ അവർ കൂടെക്കൂടെ പങ്കുപറ്റുകയും ചെയ്യുന്നതിനനുസരിച്ച് എടുത്തുപറയത്തക്കതായ സന്തുഷ്ടിയും ജീവിതത്തിലുള്ള സംതൃപ്തിയും ഉളവാകുന്നുവെന്നു കണ്ടെത്തുകയുണ്ടായി.”
വ്യക്തിപരമായ സന്തുഷ്ടി യഹോവയാം ദൈവത്തിന്റെ ഏകീകൃത ആരാധനയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്നു ദീർഘനാൾമുമ്പ് സങ്കീർത്തനക്കാരനായ ദാവീദ് വെളിപ്പെടുത്തി. അവനെഴുതി: “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.”—സങ്കീർത്തനം 122:1.
അപ്പോസ്തലനായ പൗലൊസ് സഹക്രിസ്ത്യാനികളെ ഇപ്രകാരം പ്രോത്സാഹിപ്പിച്ചതിൽ യാതൊരു അത്ഭുതവുമില്ല: “നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (എബ്രായർ 10:24, 25) സമാനമായ അമൂല്യ വിശ്വാസമുള്ളവരുമായി ദൈവത്തെ ആരാധിക്കാൻ ഒരുമിച്ചുകൂടുന്നത് തീർച്ചയായും ബൈബിൾ സത്യത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ച് ഒരു സന്തോഷകരമായ അനുഭവമാണ്. ദശലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ ഇതു സത്യമാണെന്നു മനസ്സിലാക്കിയിരിക്കുന്നു. ഏറ്റവും അടുത്തുള്ള രാജ്യഹാളിൽ അവരോടൊപ്പം ആരാധനയിൽ പങ്കെടുത്തുകൊണ്ട് ഇതു സ്വയം അനുഭവിച്ചറിയാനായി അവർ നിങ്ങളെയും ക്ഷണിക്കുന്നു.