ദൈവം നിങ്ങളെ യഥാർഥത്തിൽ അറിയുന്നുവോ?
“യഹോവേ, . . . എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.”—സങ്കീർത്തനം 139:1, 3.
1. നാം അഭിമുഖീകരിക്കുന്ന ഉത്കണ്ഠകളും പ്രശ്നങ്ങളും സമ്മർദങ്ങളും ‘മററുള്ളവർ മനസ്സിലാക്കുന്നില്ല’ എന്ന തോന്നൽ എത്രകണ്ടു വ്യാപകമാണ്?
നിങ്ങൾ അഭിമുഖീകരിക്കുന്ന ഉത്കണ്ഠകളും സമ്മർദങ്ങളും പ്രശ്നങ്ങളും ആരെങ്കിലും വാസ്തവത്തിൽ മനസ്സിലാക്കുന്നുണ്ടോ? തങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നു ശ്രദ്ധിക്കുന്ന കുടുംബങ്ങളോ ബന്ധുക്കളോ ഇല്ലാത്തവരായി ചെറുപ്പക്കാരും പ്രായമുള്ളവരുമായ ലക്ഷക്കണക്കിനാളുകൾ ലോകവ്യാപകമായുണ്ട്. കുടുംബങ്ങളിൽപ്പോലും അനേകം ഭാര്യമാരും ഭർത്താക്കൻമാരും തങ്ങളുടെ വിവാഹിത ഇണകൾ തങ്ങളെ ഭാരപ്പെടുത്തുന്ന സമ്മർദങ്ങൾ വാസ്തവത്തിൽ ഗ്രഹിക്കുന്നില്ലെന്നു വിചാരിക്കുന്നു. ചിലപ്പോൾ ഭഗ്നാശരായി അവർ പ്രതിഷേധിക്കുന്നു: “എന്നാൽ നിങ്ങൾ മനസ്സിലാക്കുന്നില്ല!” തങ്ങളെയും ആരും മനസ്സിലാക്കുന്നില്ലെന്നു നിഗമനം ചെയ്തിട്ടുള്ള യുവജനങ്ങളും കുറവല്ല. എന്നിരുന്നാലും, മററുള്ളവരിൽനിന്നു കൂടുതൽ സഹാനുഭൂതി ആഗ്രഹിച്ചിട്ടുള്ളവർക്കിടയിൽ തങ്ങളുടെ ജീവിതത്തിന് പിൽക്കാലത്ത് ഉജ്ജ്വലമായ അർഥം കൈവന്നിട്ടുള്ള ചിലരുണ്ട്. അതു സാധ്യമാകുന്നതെങ്ങനെ?
2. സംതൃപ്തികരമായ ജീവിതമുണ്ടായിരിക്കുന്നതിനു യഹോവയുടെ ആരാധകരെ സഹായിക്കാൻ എന്തിനു കഴിയും?
2 അതിനു കാരണം സഹമനുഷ്യർ തങ്ങളുടെ വികാരങ്ങൾ പൂർണമായി മനസ്സിലാക്കുന്നുണ്ടോ ഇല്ലയോ എന്നതു ഗൗനിക്കാതെ തങ്ങൾ അനുഭവിക്കുന്നത് എന്തെന്നു ദൈവം മനസ്സിലാക്കുന്നുണ്ടെന്നും അവിടുത്തെ ദാസരെന്ന നിലയിൽ തങ്ങൾ പ്രശ്നങ്ങൾ തനിച്ച് അഭിമുഖീകരിക്കേണ്ടതില്ലെന്നും അവർക്കു ദൃഢവിശ്വാസം ഉണ്ടെന്നുള്ളതാണ്. (സങ്കീർത്തനം 46:1) അതിലുപരി, ദൈവവചനവും വിവേചനയുള്ള ക്രിസ്തീയ മൂപ്പൻമാരുടെ സഹായവും തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾക്കതീതമായി കാണാൻ അവരെ പ്രാപ്തരാക്കുന്നു. തങ്ങളുടെ വിശ്വസ്ത സേവനം ദൈവത്തിന്റെ ദൃഷ്ടിയിൽ വിലപിടിച്ചതാണെന്നും ദൈവത്തിലും യേശുക്രിസ്തുവിലൂടെ അവിടുന്നു ചെയ്തിരിക്കുന്ന കരുതലുകളിലും തങ്ങളുടെ പ്രത്യാശ വെക്കുന്നവർക്ക് ഒരു സുരക്ഷിതഭാവി ഉണ്ടെന്നും മനസ്സിലാക്കാൻ തിരുവെഴുത്തുകൾ അവരെ സഹായിക്കുന്നു.—സദൃശവാക്യങ്ങൾ 27:11; 2 കൊരിന്ത്യർ 4:17, 18.
3, 4. (എ) “യഹോവയാണു ദൈവം”, അവിടുന്നു “നമ്മെ ഉണ്ടാക്കി” എന്ന വസ്തുതയോടുള്ള വിലമതിപ്പിന് അവിടുത്തെ സേവനത്തിൽ സന്തുഷ്ടി കണ്ടെത്താൻ നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ? (ബി) യഹോവയുടെ സ്നേഹപൂർവകമായ കരുതലിൽ നമുക്കു പൂർണവിശ്വാസം ഉള്ളതെന്തുകൊണ്ട്?
3 സങ്കീർത്തനം 100:2 നിങ്ങൾക്കു പരിചിതമായിരിക്കാം, അത് ഇങ്ങനെ പറയുന്നു: “സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.” സത്യമായും ഈ വിധത്തിൽ യഹോവക്ക് ആരാധനയർപ്പിക്കുന്നവർ എത്ര പേരുണ്ട്? അങ്ങനെ ചെയ്യുന്നതിനുള്ള സാരവത്തായ കാരണങ്ങൾ 3-ാം വാക്യത്തിൽ കൊടുത്തിരിക്കുന്നു, അതു നമ്മെ അനുസ്മരിപ്പിക്കുന്നു: “യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.” എബ്രായ പാഠത്തിൽ ഇവിടെ അവിടുത്തെ പരാമർശിച്ചിരിക്കുന്നത് ‘എലോഹിം’ എന്നാണ്, അങ്ങനെ അത് അവിടുത്തെ പ്രതാപത്തിന്റെയും മാന്യതയുടെയും വൈശിഷ്ട്യത്തിന്റെയും മാഹാത്മ്യത്തെ സൂചിപ്പിക്കുന്നു. അവിടുന്നാണ് ഏക സത്യദൈവം. (ആവർത്തനപുസ്തകം 4:39; 7:9; യോഹന്നാൻ 17:3) അവിടുത്തെ ദാസൻമാർ അവിടുത്തെ ദൈവത്വത്തെപ്പററി അറിയാൻ ഇടയാകുന്നു, അതാകട്ടെ അവരെ പഠിപ്പിച്ചിരിക്കുന്ന കേവലം ഒരു വസ്തുതയായിട്ടല്ല, പിന്നെയോ അവർക്ക് അനുഭവപ്പെടുന്നതും അനുസരണത്താലും വിശ്വാസത്താലും ഭക്തിയാലും അവർ തെളിവു നൽകുന്നതുമായ ഒന്നായിട്ടുതന്നെ.—1 ദിനവൃത്താന്തം 28:9; റോമർ 1:20.
4 യഹോവ ജീവിക്കുന്ന ദൈവവും നമ്മുടെ ഹൃദയം പോലും കാണാൻ കഴിവുള്ളവനും ആയതുകൊണ്ട് അവിടുത്തെ ദൃഷ്ടിയിൽനിന്ന് ഒന്നുംതന്നെ മറഞ്ഞിരിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഗതികൾ സംബന്ധിച്ച് അവിടുന്നു പൂർണമായി ബോധവാനാണ്. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു കാരണം എന്തെന്നും ഇവയിൽനിന്നുളവാകാവുന്ന മാനസികവും വൈകാരികവും ആയ പ്രക്ഷുബ്ധതകളും അവിടുന്നു മനസ്സിലാക്കുന്നു. സ്രഷ്ടാവ് എന്ന നിലയിൽ, അവിടുന്ന് നമുക്കു നമ്മെക്കുറിച്ചുതന്നെ അറിയാവുന്നതിനെക്കാൾ മെച്ചമായി നമ്മെ അറിയുന്നു. നമ്മുടെ സാഹചര്യത്തെ നേരിടുന്നതിനു നമ്മെ എങ്ങനെ സഹായിക്കാമെന്നും നിലനിൽക്കുന്ന ആശ്വാസം എങ്ങനെ പ്രദാനം ചെയ്യാമെന്നും അവിടുത്തേക്ക് അറിയാം. നാം നമ്മുടെ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയം വെക്കുമ്പോൾ, കുഞ്ഞാടിനെ മാർവിൽ പിടിച്ചിരിക്കുന്ന ഇടയനെപ്പോലെ, അവിടുന്നു സ്നേഹപൂർവം നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 3:5, 6; യെശയ്യാവു 40:10, 11) സങ്കീർത്തനം 139-നെ സംബന്ധിച്ച ഒരു പഠനത്തിന് ആ ആത്മവിശ്വാസത്തെ ബലിഷ്ഠമാക്കാൻ വളരെയധികം ചെയ്യാൻ കഴിയും.
നമ്മുടെ സകല വഴികളും മനസ്സിലാക്കുന്നവൻ
5. യഹോവ നമ്മെ ‘ശോധന’ ചെയ്യുന്നു എന്നതിനാൽ അർഥമാക്കുന്നത് എന്താണ്, അത് അഭികാമ്യമായിരിക്കുന്നത് എന്തുകൊണ്ട്?
5 സങ്കീർത്തനക്കാരനായ ദാവീദ് ആഴമായ വിലമതിപ്പോടെ എഴുതി: “യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു.” (സങ്കീർത്തനം 139:1) യഹോവക്കു തന്നെക്കുറിച്ചുള്ള അറിവ് ഉപരിപ്ലവമല്ലെന്നു ദാവീദിന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ആകാരമോ സംസാരപ്രാപ്തിയോ കിന്നരം വായിക്കുന്നതിലെ വൈദഗ്ധ്യമോ മാത്രം ശ്രദ്ധിച്ചുകൊണ്ടു മനുഷ്യർ കാണുന്നതുപോലെയല്ല ദൈവം ദാവീദിനെ കണ്ടത്. (1 ശമൂവേൽ 16:7, 18) യഹോവ ദാവീദിന്റെ ആന്തരിക മനുഷ്യനെ “ശോധന” ചെയ്തിരുന്നു, അപ്രകാരം ചെയ്തത് അദ്ദേഹത്തിന്റെ ആത്മീയ ക്ഷേമത്തിലുള്ള സ്നേഹപൂർവകമായ യഥാർഥ താത്പര്യത്തോടെയുമായിരുന്നു. നിങ്ങൾ യഹോവയുടെ അർപ്പണബോധമുള്ള ദാസരിൽ ഒരുവനാണെങ്കിൽ അവിടുന്നു ദാവീദിനെ അറിഞ്ഞപോലെ നിങ്ങളെയും അറിയുന്നു. അത് നിങ്ങളിൽ നന്ദിയുടെയും ഭയാദരവിന്റെയും വികാരങ്ങൾ ഉത്തേജിപ്പിക്കുന്നില്ലേ?
6. നാം ചെയ്യുന്ന സകലതും, നമ്മുടെ സകല ചിന്തകളും പോലും യഹോവ അറിയുന്നുവെന്നു സങ്കീർത്തനം 139:2, 3 പ്രകടമാക്കുന്നതെങ്ങനെ?
6 ദാവീദിന്റെ സകല പ്രവർത്തനങ്ങളും യഹോവയുടെ കാഴ്ചക്കു തുറന്നുകിടന്നിരുന്നു, ദാവീദ് അതിനെക്കുറിച്ചു ബോധവാനായിരുന്നു. “ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു; എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.” (സങ്കീർത്തനം 139:2, 3) യഹോവ ഭൂമിയിൽനിന്ന് അങ്ങകലെ സ്വർഗങ്ങളിലാണെന്ന വസ്തുത ദാവീദ് ചെയ്യുന്നതോ ചിന്തിക്കുന്നതോ എന്തായിരുന്നു എന്ന് അറിയുന്നതിന് അവിടുത്തേക്ക് ഒരു തടസ്സമായില്ല. ദാവീദിന്റെ രാപകലുള്ള പ്രവൃത്തികളെ, അതിന്റെ സ്വഭാവം അറിയേണ്ടതിന് അവിടുന്ന് “ശോധന” ചെയ്തു അഥവാ ശ്രദ്ധാപൂർവം പരിശോധിച്ചു.
7. (എ) ഒരു അടിസ്ഥാനമെന്ന നിലയിൽ ദാവീദിന്റെ ജീവിതത്തിൽനിന്നുള്ള സംഭവങ്ങൾ ഉപയോഗിച്ചുകൊണ്ടു ദൈവത്തിന് അറിവുള്ള നമ്മുടെ ജീവിതത്തിലെ ചില സംഗതികളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുക. (ബി) ഇതിനെക്കുറിച്ചുള്ള ബോധം നമ്മെ എങ്ങനെ ബാധിക്കണം?
7 ദൈവത്തോടുള്ള സ്നേഹവും വിടുവിക്കാനുള്ള അവിടുത്തെ ശക്തിയിലുള്ള ആത്മവിശ്വാസവും ഒരു ബാലനായ ദാവീദിനെ ഫെലിസ്ത്യ മല്ലനായ ഗോലിയാത്തിനെതിരെ പോരാടാൻ പ്രേരിപ്പിച്ചപ്പോൾ യഹോവ അത് അറിഞ്ഞിരുന്നു. (1 ശമൂവേൽ 17:32-37, 45-47) പിന്നീട് ആളുകളുടെ ശത്രുത ദാവീദിന്റെ ഹൃദയത്തെ കഠിനമായി വേദനിപ്പിച്ചപ്പോഴും രാത്രിയിൽ കണ്ണുനീർ പൊഴിക്കാൻ ഇടയാക്കത്തക്കവണ്ണം വലിയ സമ്മർദത്തിൽ ആയിരുന്നപ്പോഴും യഹോവ തന്റെ പ്രാർഥന കേട്ടു എന്ന അറിവിനാൽ അദ്ദേഹം ആശ്വസിപ്പിക്കപ്പെട്ടു. (സങ്കീർത്തനം 6:6, 9; 55:2-5, 22) അതുപോലെ ഒരു നിദ്രാവിഹീന രാത്രിയിൽ നന്ദി നിറഞ്ഞ ഒരു ഹൃദയം ദാവീദ് യഹോവയെക്കുറിച്ചു ധ്യാനിക്കാനിടയാക്കിയപ്പോൾ യഹോവ അതിനെക്കുറിച്ചു നന്നായി അറിഞ്ഞു. (സങ്കീർത്തനം 63:6; ഫിലിപ്പിയർ 4:8, 9 താരതമ്യപ്പെടുത്തുക.) ഒരു സായാഹ്നത്തിൽ ദാവീദ് അയൽക്കാരന്റെ ഭാര്യ കുളിക്കുന്നതു നോക്കിക്കൊണ്ടുനിന്നു. അതും യഹോവ അറിഞ്ഞു. അല്പ സമയത്തേക്കെങ്കിലും ദാവീദ് ചിന്താമണ്ഡലത്തിൽനിന്നു ദൈവത്തെ മാററിനിർത്താൻ പാപപൂരിതമായ ആഗ്രഹത്തെ അനുവദിച്ചപ്പോൾ എന്തു സംഭവിച്ചുവെന്ന് അവിടുന്നു കണ്ടു. (2 ശമൂവേൽ 11:2-4) പിന്നീട് ദാവീദിന്റെ പാപത്തിന്റെ കഠോരത ബോധ്യപ്പെടുത്തുന്നതിന് അദ്ദേഹത്തെ അഭിമുഖീകരിക്കാൻ നാഥാൻ പ്രവാചകനെ അയച്ചപ്പോൾ ദാവീദിന്റെ വായിൽനിന്നു പുറപ്പെട്ട വാക്കുകൾ കേൾക്കുക മാത്രമല്ല യഹോവ ചെയ്തത്, അവ പുറപ്പെട്ട മനസ്താപമുള്ള ഹൃദയത്തെ വിവേചിക്കുകകൂടി ചെയ്തു. (2 ശമൂവേൽ 12:1-14; സങ്കീർത്തനം 51:1, 17) നാം എവിടെ പോകുന്നു, എന്തു ചെയ്യുന്നു, നമ്മുടെ ഹൃദയത്തിൽ എന്താണ് എന്നിവയെപ്പററിയെല്ലാം അതു നമ്മെ ഗൗരവമായി ചിന്തിപ്പിക്കേണ്ടതല്ലേ?
8. (എ) ദൈവവുമായുള്ള നമ്മുടെ നിലപാടിനെ ‘നമ്മുടെ നാവിൻമേലുള്ള വാക്കുകൾ’ സ്വാധീനിക്കുന്നത് ഏതു വിധത്തിലാണ്? (ബി) നാവിന്റെ ഉപയോഗത്തിലെ ബലഹീനതയെ മറികടക്കാൻ എങ്ങനെ കഴിയും? (മത്തായി 15:18; ലൂക്കൊസ് 6:45)
8 നാം ചെയ്യുന്ന സകലതും ദൈവം അറിയുന്നതുകൊണ്ടു നാവു പോലുള്ള ഒരു ചെറിയ ശരീരാവയവംപോലും നാം എപ്രകാരം ഉപയോഗിക്കുന്നു എന്നതിനെ സംബന്ധിച്ച് അവിടുന്നു ബോധവാനാണെന്നതു നമ്മെ അത്ഭുതപ്പെടുത്തരുത്. ഇതു തിരിച്ചറിഞ്ഞ ദാവീദ് ഇങ്ങനെ എഴുതി: “യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൻമേൽ ഇല്ല.” (സങ്കീർത്തനം 139:4) യഹോവയുടെ കൂടാരത്തിൽ അതിഥികളായി സ്വീകരിക്കപ്പെടുന്നവർ മററുള്ളവരെപ്പററി ദുഷി പറയാഞ്ഞവരും ഒരു അടുത്ത സുഹൃത്തിനു പേരുദോഷം വരുത്തുന്ന ദുസ്സൂചനയുള്ള വാർത്തകൾ പരത്താൻ തങ്ങളുടെ നാവിനെ ഉപയോഗിക്കാൻ വിസ്സമ്മതിച്ചവരും ആയിരിക്കുമെന്നു ദാവീദ് നന്നായി അറിഞ്ഞിരുന്നു. തങ്ങളുടെ ഹൃദയങ്ങളിൽപ്പോലും സത്യം സംസാരിക്കുന്ന ആളുകളായിരിക്കും യഹോവക്കു ബോധിച്ചവർ. (സങ്കീർത്തനം 15:1-3; സദൃശവാക്യങ്ങൾ 6:16-19) നമുക്കാർക്കും നമ്മുടെ നാവിനെ പൂർണമായ നിയന്ത്രണത്തിൽ നിർത്താൻ സാധിക്കുകയില്ല, എന്നാൽ തന്റെ അവസ്ഥ മെച്ചപ്പെടുത്താൻ തനിക്കു ഒന്നും ചെയ്യാൻ കഴിയില്ല എന്നു ദാവീദ് ദുർബലനായി നിഗമനം ചെയ്തില്ല. അദ്ദേഹം യഹോവയെ സ്തുതിക്കുന്ന സങ്കീർത്തനങ്ങൾ രചിച്ചുകൊണ്ടും പാടിക്കൊണ്ടും വളരെയധികം സമയം ചെലവഴിച്ചു. തനിക്കു സഹായം ആവശ്യമാണെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുകയും അതിനുവേണ്ടി പ്രാർഥിക്കുകയും ചെയ്തു. (സങ്കീർത്തനം 19:12-14) നമ്മുടെ നാവിന്റെ ഉപയോഗത്തിനും പ്രാർഥനാനിരതമായ ശ്രദ്ധ ലഭിക്കേണ്ട ആവശ്യമുണ്ടോ?
9. (എ) നമ്മുടെ അവസ്ഥ എത്ര സമഗ്രമായി ദൈവത്തിന് അറിയാം എന്നതു സംബന്ധിച്ചു സങ്കീർത്തനം 139:5-ലെ വിവരണം എന്തു സൂചിപ്പിക്കുന്നു? (ബി) ഇതു നമ്മെ എന്തിനെ സംബന്ധിച്ച് ആത്മവിശ്വാസമുള്ളവരാക്കുന്നു?
9 നമ്മെയോ നമ്മുടെ അവസ്ഥയെയോ യഹോവ വീക്ഷിക്കുന്നത് ഒരു പരിമിതമായ കാഴ്ചപ്പാടിലൂടെയല്ല. എല്ലാ വശങ്ങളുടെയും മുഴുവനായ ചിത്രം യഹോവക്കുണ്ട്. ഉപരോധം ഏർപ്പെടുത്തപ്പെട്ട ഒരു നഗരത്തിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ടു ദാവീദ് എഴുതി: “നീ മുമ്പും പിമ്പും എന്നെ അടച്ചു.” ദാവീദിന്റെ കാര്യത്തിൽ ദൈവം ഉപരോധിക്കുന്ന ഒരു ശത്രു ആയിരുന്നില്ല; മറിച്ച് അവിടുന്ന് ഒരു ജാഗരൂകനായ പരിത്രാതാവായിരുന്നു. ദൈവം നിയന്ത്രണവും സംരക്ഷണവും ഏർപ്പെടുത്തുന്നത് അവിടുത്തെ സ്നേഹിക്കുന്നവരുടെ നിലനിൽക്കുന്ന പ്രയോജനത്തിനുവേണ്ടിയാണെന്നു സൂചിപ്പിച്ചുകൊണ്ടു ദാവീദ് “നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു” എന്നുകൂടി പറഞ്ഞു. “ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു” എന്നു ദാവീദ് സമ്മതിച്ചുപറഞ്ഞു. (സങ്കീർത്തനം 139:5, 6) ദൈവത്തിനു തന്റെ ദാസരെക്കുറിച്ചുള്ള അറിവ് നമുക്കു മുഴുവനായി ഗ്രഹിക്കാൻ സാധിക്കാത്തവിധം അത്രയ്ക്കു പരിപൂർണവും സമഗ്രവും ആണ്. എന്നാൽ യഹോവ നമ്മെ ശരിയായിട്ടുതന്നെ മനസ്സിലാക്കുന്നുവെന്നും അവിടുന്നു പ്രദാനം ചെയ്യുന്ന സഹായം ഏററവും നല്ലതായിരിക്കുമെന്നും ഉറപ്പുള്ളതായിരിക്കാൻ മതിയായ അറിവു നമുക്കുണ്ട്.—യെശയ്യാവു 48:17, 18.
നാം എവിടെയായാലും ദൈവത്തിനു നമ്മെ സഹായിക്കാനാകും
10. സങ്കീർത്തനം 139:7-12-ലെ ജീവസ്സുററ വിവരണത്താൽ വഹിക്കപ്പെടുന്ന പ്രോത്സാഹജനകമായ സത്യം ഏത്?
10 യഹോവയുടെ സ്നേഹപൂർവകമായ ശ്രദ്ധയെ മറെറാരു കാഴ്ചപ്പാടിലൂടെ നോക്കിക്കൊണ്ടു സങ്കീർത്തനക്കാരൻ തുടർന്നു പറയുന്നു: “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? യഹോവയിൽനിന്ന് അകന്നു പോകാൻ ശ്രമിക്കുന്നതിന് അദ്ദേഹത്തിന് ഒരാഗ്രഹവും ഇല്ലായിരുന്നു; നേരെമറിച്ച്, താൻ എവിടെ ആയിരുന്നാലും യഹോവ അത് അറിയുമെന്നും പരിശുദ്ധാത്മാവിനെക്കൊണ്ടു തന്നെ സഹായിക്കാനാകുമെന്നും അദ്ദേഹം അറിഞ്ഞിരുന്നു. “ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു; ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അററത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും. ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുററും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.” (സങ്കീർത്തനം 139:7-12) യഹോവയുടെ കാഴ്ചപ്പാടിനപ്പുറത്തോ നമ്മെ സഹായിക്കാനുള്ള അവിടുത്തെ ആത്മാവിന്റെ എത്തുപാടിനപ്പുറത്തോ നമ്മെ നിർത്തുന്നതായി നമുക്കു പോകാവുന്ന ഒരു ഇടമോ നാം അഭിമുഖീകരിച്ചേക്കാവുന്ന ഒരു സാഹചര്യമോ ഇല്ല.
11, 12. (എ) യോനാ കുറച്ചു സമയത്തേക്കു മറന്നുപോയെങ്കിൽക്കൂടി യോനായുടെ കാര്യത്തിൽ കാണാനും സഹായിക്കാനും ഉള്ള യഹോവയുടെ പ്രാപ്തി പ്രകടമാക്കപ്പെട്ടതെങ്ങനെ? (ബി) യോനായുടെ അനുഭവം നമുക്കു പ്രയോജനപ്പെടേണ്ടത് എങ്ങനെ?
11 ഒരു ഘട്ടത്തിൽ യോനാ പ്രവാചകൻ അക്കാര്യം മറന്നുപോയി. നിനവേയിലെ ജനങ്ങളോടു പ്രസംഗിക്കാൻ യഹോവ അദ്ദേഹത്തെ നിയോഗിച്ചിരുന്നു. ഏതോ കാരണത്താൽ തനിക്ക് ആ നിയമനം നിറവേററാനാകില്ലെന്ന് അദ്ദേഹത്തിനു തോന്നി. ഒരുപക്ഷേ പരക്കെ അറിയപ്പെടുന്ന, അസീറിയക്കാരുടെ ക്രൗര്യത്തെ ഓർത്തിട്ടാവാം നിനവേയിൽ സേവിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത യോനായെ ഭയപ്പെടുത്തി. അതുകൊണ്ട് അദ്ദേഹം ഒളിച്ചോടാൻ ശ്രമിച്ചു. യോപ്പാ തുറമുഖത്തുനിന്നു (നിനവേക്കു 3,500 കിലോമീററർ പടിഞ്ഞാറുള്ള പൊതുവെ സ്പെയിനുമായി ബന്ധപ്പെടുത്തി പറയാറുള്ള) തർശീശിലേക്കുള്ള കപ്പലിൽ അദ്ദേഹം കയറിപ്പററി. എന്നിരുന്നാലും അദ്ദേഹം കപ്പൽ കയറുന്നതും കപ്പലിന്റെ അടിത്തട്ടിലേക്ക് ഉറങ്ങാൻ പോകുന്നതും യഹോവ കണ്ടു. പിന്നീടു യോനാ കപ്പലിൽനിന്ന് എറിയപ്പെട്ടപ്പോഴും അദ്ദേഹം എവിടെയായിരുന്നുവെന്നു യഹോവ അറിഞ്ഞു. വൻമത്സ്യത്തിനുള്ളിൽ കിടന്നുകൊണ്ടു തന്റെ നേർച്ച നിവർത്തിക്കാമെന്നു യോനാ വാഗ്ദാനം ചെയ്തപ്പോൾ യഹോവ അതു കേട്ടു. തിരികെ കരയിൽ വിടപ്പെട്ട യോനായ്ക്കു തന്റെ നിയമനം നിറവേററാനുള്ള ഒരു അവസരം വീണ്ടും കൊടുക്കപ്പെട്ടു.—യോനാ 1:3, 17; 2:1–3:4.
12 നിയമനം നിറവേററാൻ തന്നെ സഹായിക്കാനുള്ള യഹോവയുടെ ആത്മാവിൽ ആദ്യംമുതലേ ആശ്രയിച്ചിരുന്നെങ്കിൽ യോനായ്ക്ക് എത്ര നന്നായിരിക്കുമായിരുന്നു! പിന്നീടു യോനാ താഴ്മയോടെ തന്റെ അനുഭവം രേഖപ്പെടുത്തിവെച്ചു, നേടിയെടുക്കാൻ യോനായ്ക്കു ദുഷ്കരമെന്നു തോന്നിയ യഹോവയിലുള്ള ആത്മവിശ്വാസം പ്രകടമാക്കാൻ പ്രസ്തുത വിവരണം അന്നുമുതൽ അനേകരെ സഹായിച്ചിട്ടുണ്ട്.—റോമർ 15:4.
13. (എ) ഇസബേൽ രാജ്ഞിയിൽനിന്ന് ഓടിരക്ഷപ്പെടുന്നതിനു മുമ്പ് ഏലിയാവ് ഏതു നിയമനം വിശ്വസ്തതയോടെ നിറവേററിയിരുന്നു? (ബി) ഇസ്രയേലിന്റെ പ്രദേശത്തിനു പുറത്ത് ഒളിവിൽ പോകാൻ തുനിഞ്ഞപ്പോൾപ്പോലും യഹോവ ഏലിയാവിനെ എപ്രകാരം തുണച്ചു?
13 ഏലിയാവിന്റെ അനുഭവം ഏതാണ്ടു വ്യത്യസ്തമായിരുന്നു. ഇസ്രയേൽ അവരുടെ പാപങ്ങൾക്കു ശിക്ഷയായി വരൾച്ച അനുഭവിക്കുമെന്ന യഹോവയുടെ വിധി അദ്ദേഹം വിശ്വസ്തതയോടെ അറിയിച്ചു. (1 രാജാക്കൻമാർ 16:30-33; 17:1) കർമ്മേൽ പർവതത്തിൽവെച്ചു യഹോവയും ബാലും തമ്മിൽ നടന്ന മത്സരത്തിൽ അദ്ദേഹം സത്യാരാധനയെ ധൈര്യപൂർവം ഉയർത്തിപ്പിടിച്ചു. കുത്തിയൊഴുക്കുള്ള കീശോൻ താഴ്വരയിൽ അദ്ദേഹം ബാലിന്റെ 450 പ്രവാചകരുടെയും വധം പൂർത്തിയാക്കി. എന്നാൽ ഇസബേൽ രാജ്ഞി കോപാവേശത്തിൽ ഏലിയാവിനെ കൊന്നുകളയുമെന്നു ശപഥം ചെയ്തപ്പോൾ ഏലിയാവ് രാജ്യം വിട്ട് ഓടിപ്പോയി. (1 രാജാക്കൻമാർ 18:18-40; 19:1-4) ആ വിഷമസന്ധിയിൽ അദ്ദേഹത്തെ തുണയ്ക്കാൻ യഹോവ അവിടെ ഉണ്ടായിരുന്നുവോ? ഉവ്വ്, തീർച്ചയായും ഉണ്ടായിരുന്നു. ഏലിയാവ് സ്വർഗത്തിലേക്കെന്നപോലെ ഒരു ഉയർന്ന പർവതത്തിൽ കയറിയിരുന്നെങ്കിൽ, അദ്ദേഹം പാതാളത്തിലേക്കെന്നപോലെ ഭൂമിക്കുള്ളിലെ ഒരു ഗുഹയിൽ ഒളിച്ചിരുന്നെങ്കിൽ, അദ്ദേഹം ഏതെങ്കിലും വിദൂരദ്വീപിലേക്കു ഭൂമിക്കു മീതെ വ്യാപിക്കുന്ന പ്രഭാതവെളിച്ചത്തിന്റെ വേഗതയിൽ പലായനം ചെയ്തിരുന്നെങ്കിൽ—അദ്ദേഹത്തെ ശക്തിപ്പെടുത്താനും നയിക്കാനും യഹോവയുടെ കരങ്ങൾ അവിടെയുണ്ടാകുമായിരുന്നു. (റോമർ 8:38, 39 താരതമ്യപ്പെടുത്തുക.) അദ്ദേഹത്തിന്റെ യാത്രക്കു ഭക്ഷണം കൊടുത്തുകൊണ്ടു മാത്രമല്ല, തന്റെ പ്രവർത്തനനിരതമായ ശക്തിയുടെ അത്ഭുതകരമായ പ്രകടനങ്ങളാലും യഹോവ ഏലിയാവിനെ ശക്തിപ്പെടുത്തുകതന്നെ ചെയ്തു. അപ്രകാരം ധൈര്യം ലഭിച്ചപ്പോൾ ഏലിയാവ് അടുത്ത പ്രവാചക നിയമനം ഏറെറടുത്തു.—1 രാജാക്കൻമാർ 19:5-18.
14. (എ) ദൈവം സർവവ്യാപിയാണെന്നു നിഗമനം ചെയ്യുന്നതു തെററായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ആധുനിക നാളുകളിൽ യഹോവ തന്റെ ദാസൻമാരെ ഏതു സാഹചര്യങ്ങളിൽ സ്നേഹപൂർവം പുലർത്തിയിരിക്കുന്നു? (സി) നാം ഷീയോളിൽ ആയാൽപ്പോലും ദൈവം അവിടെയും എത്തുന്നതെങ്ങനെ?
14 സങ്കീർത്തനം 139:7-12-ലെ പ്രാവചനിക വാക്യങ്ങൾ ദൈവം സർവവ്യാപിയാണെന്ന്, അതായത് അവിടുന്ന് എല്ലാ സ്ഥലത്തും എല്ലായ്പോഴും സന്നിഹിതനാണെന്ന് അർഥമാക്കുന്നില്ല. തിരുവെഴുത്തുകൾ വ്യക്തമായി പ്രകടമാക്കുന്നതു മറിച്ചാണ്. (ആവർത്തനപുസ്തകം 26:15; എബ്രായർ 9:24) എങ്കിലും ദൈവദാസർ ഒരിക്കലും അവിടുത്തെ എത്തുപാടിന് അപ്പുറത്തല്ല. അത് ദിവ്യാധിപത്യ നിയമനങ്ങൾ നിമിത്തം വിദൂര സ്ഥലങ്ങളിലേക്കു പോകേണ്ടിവന്നിട്ടുള്ളവരെ സംബന്ധിച്ചു സത്യമാണ്. രണ്ടാം ലോകമഹായുദ്ധ സമയത്തു നാസി തടങ്കൽപാളയങ്ങളിലുണ്ടായിരുന്ന വിശ്വസ്ത സാക്ഷികളെ സംബന്ധിച്ച് അതു സത്യമായിരുന്നു, 1950-കളുടെ അവസാനത്തിലും 1960-കളുടെ ആരംഭത്തിലും ചൈനയിൽ ഏകാന്ത തടവിൽ കഴിഞ്ഞ മിഷനറിമാരെ സംബന്ധിച്ച് അതു സത്യമായിരുന്നു. ഒരു മധ്യാഫ്രിക്കൻ രാജ്യത്ത് ആവർത്തിച്ചാവർത്തിച്ചു തങ്ങളുടെ സ്വന്തം ഗ്രാമത്തിൽനിന്നും അവസാനം രാജ്യത്തുനിന്നുതന്നെയും പലായനം ചെയ്യേണ്ടിവന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരീസഹോദരൻമാരെ സംബന്ധിച്ചും അതു സത്യമായിരുന്നു. ആവശ്യമെങ്കിൽ യഹോവക്കു പൊതു ശവക്കുഴിയായ ഷീയോളിൽപ്പോലും എത്തുവാനും ഒരു പുനരുത്ഥാനത്തിലൂടെ വിശ്വസ്തരെ തിരികെ കൊണ്ടുവരാനും കഴിയും.—ഇയ്യോബ് 14:13-15; ലൂക്കൊസ് 20:37, 38.
നമ്മെ വാസ്തവമായും മനസ്സിലാക്കുന്നവൻ
15. (എ) യഹോവക്കു നമ്മുടെ വളർച്ച എത്രകണ്ടു നേരത്തെ നിരീക്ഷിക്കാൻ കഴിയും? (ബി) വൃക്കകളെക്കുറിച്ചുള്ള സങ്കീർത്തനക്കാരന്റെ പരാമർശം നമ്മെ സംബന്ധിച്ചുള്ള ദൈവത്തിന്റെ അറിവിന്റെ വ്യാപ്തി സൂചിപ്പിക്കുന്നതെങ്ങനെ?
15 നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അറിവ് നമ്മുടെ ജനനസമയത്തിനു മുമ്പുമുതൽപോലും ഉള്ളതാണെന്നുള്ള വസ്തുതയിലേക്കു നിശ്വസ്തതയിൽ സങ്കീർത്തനക്കാരൻ ശ്രദ്ധ ക്ഷണിക്കുന്നു, അദ്ദേഹം ഇങ്ങനെ പറയുന്നു: “നീയല്ലോ എന്റെ അന്തരംഗങ്ങളെ (“വൃക്കകൾ”, NW) നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.” (സങ്കീർത്തനം 139:13, 14) ഗർഭധാരണ സമയത്തു പിതാവിൽനിന്നും മാതാവിൽനിന്നും ഉള്ള ജീനുകളുടെ സംയോജനം നമ്മുടെ ശാരീരികവും മാനസികവും ആയ പ്രാപ്തികളെ ആഴമായി സ്വാധീനിക്കുന്ന മാതൃക ഉളവാക്കുന്നു. ദൈവം ആ പ്രാപ്തികളെ മനസ്സിലാക്കുന്നു. ഈ സങ്കീർത്തനത്തിൽ വൃക്കയെ വിശേഷാൽ എടുത്തു പറഞ്ഞിരിക്കുന്നു, തിരുവെഴുത്തുകളിൽ പലപ്പോഴും വൃക്കയെ വ്യക്തിത്വത്തിന്റെ അഗാധവശങ്ങളെ അവതരിപ്പിക്കാൻവേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്.a (സങ്കീർത്തനം 7:9; യിരെമ്യാവു 17:10) നാം ജനിച്ചതിനുമുമ്പുമുതൽ നമ്മെ സംബന്ധിച്ച ഈ വിശദാംശങ്ങൾ യഹോവ അറിഞ്ഞിരിക്കുന്നു. ഭ്രൂണത്തെ ‘മറയ്ക്കാനും’ അതു വളർച്ച പ്രാപിക്കുന്തോറും സംരക്ഷണമേകാനും അമ്മയുടെ ഗർഭപാത്രത്തിലെ പാകമായ കോശം ഒരു സംരക്ഷണാത്മക വസതി ഉത്പാദിപ്പിക്കാൻവേണ്ടി സ്നേഹപൂർവകമായ താത്പര്യത്തോടെ മനുഷ്യശരീരം രൂപകല്പന ചെയ്തതും അവിടുന്നാണ്.
16. (എ) എവിടെയും തുളച്ചുകയറാൻ സാധിക്കുന്ന ദൈവത്തിന്റെ കാഴ്ചശക്തിയെ സങ്കീർത്തനം 139:15, 16 പ്രദീപ്തമാക്കുന്നത് ഏതു വിധത്തിലാണ്? (ബി) ഇതു നമുക്കു പ്രോത്സാഹജനകമായിരിക്കേണ്ടത് എന്തുകൊണ്ട്?
16 എവിടെയും തുളച്ചുകയറാൻ കഴിയുന്ന, ദൈവത്തിന്റെ കാഴ്ചശക്തിയെ ഊന്നിപ്പറഞ്ഞുകൊണ്ടു സങ്കീർത്തനക്കാരൻ കൂട്ടിച്ചേർക്കുന്നു: “ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ [സ്പഷ്ടമായും അദ്ദേഹത്തിന്റെ അമ്മയുടെ ഗർഭപാത്രത്തോടുള്ള ഒരു കാവ്യാത്മക പരാമർശമാണിത്, എന്നാൽ അതേസമയം പൊടിയിൽനിന്ന് ആദാമിനെ സൃഷ്ടിച്ചതിന്റെ പരോക്ഷസൂചനയുമുണ്ട്] എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും [വ്യതിരിക്ത ശരീരഭാഗങ്ങൾ] ഇല്ലാതിരുന്നപ്പോൾ അവയെല്ലാം [ശരീരഭാഗങ്ങൾ] നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” (സങ്കീർത്തനം 139:15, 16) അതു സംബന്ധിച്ച് ഒരു സംശയവുമില്ല—സഹക്രിസ്ത്യാനികൾ നമ്മെ മനസ്സിലാക്കിയാലും ഇല്ലെങ്കിലും യഹോവ മനസ്സിലാക്കുന്നുണ്ട്. അതു നമ്മെ എങ്ങനെ ബാധിക്കണം?
17. നാം ദൈവത്തിന്റെ വേലകളെ അത്ഭുതകരമായി വീക്ഷിക്കുമ്പോൾ ഇതു നമ്മെ എന്തു ചെയ്യാൻ പ്രേരിപ്പിക്കുന്നു?
17 ദൈവത്തിന്റെ വേലകളെ സംബന്ധിച്ച് എഴുതുകയായിരുന്ന, സങ്കീർത്തനം 139-ന്റെ എഴുത്തുകാരൻ അവ അത്ഭുതകരമാണെന്ന് അംഗീകരിക്കുന്നു. നിങ്ങൾക്കും അങ്ങനെ തോന്നുന്നുവോ? അത്ഭുതകരമായ ഒരു സംഗതി ഒരു വ്യക്തിയെ ആഴത്തിൽ ചിന്തിപ്പിക്കുന്നു അല്ലെങ്കിൽ അടിയന്തിര ശ്രദ്ധ പ്രകടമാക്കാൻ പ്രേരിപ്പിക്കുന്നു. യഹോവയുടെ ഭൗതിക സൃഷ്ടിക്രിയകളോടു നിങ്ങൾ ആ വിധത്തിൽ പ്രതികരിക്കാനിടയുണ്ട്. (സങ്കീർത്തനം 8:3, 4, 9 താരതമ്യപ്പെടുത്തുക.) മിശിഹൈക രാജ്യം സ്ഥാപിക്കുന്നതിൽ അവിടുന്നു ചെയ്തിട്ടുള്ളതിനും, മുഴുഭൂമിയിലും സുവാർത്തയുടെ ഘോഷണം സാധ്യമാക്കുന്നതിൽ അവിടുന്നു ചെയ്തുകൊണ്ടിരിക്കുന്നതിനും, മനുഷ്യരുടെ വ്യക്തിത്വങ്ങളെ അവിടുത്തെ വചനം രൂപാന്തരപ്പെടുത്തുന്ന വിധത്തിനും അത്തരം ചിന്ത നിങ്ങൾ നൽകുന്നുണ്ടോ?—1 പത്രൊസ് 1:10-12 താരതമ്യപ്പെടുത്തുക.
18. നാം ദൈവത്തിന്റെ വേലയെ ഭയാദരവു ജനിപ്പിക്കുന്നതായി കണ്ടെത്തുന്നുവെങ്കിൽ, അതു നമ്മെ എങ്ങനെ ബാധിക്കും?
18 അതുപോലെ ദൈവത്തിന്റെ ക്രിയകളെ സംബന്ധിച്ചുള്ള ധ്യാനം ഭയാദരവു ജനിപ്പിക്കുന്നതാണ്, അതു ശക്തമായി പ്രചോദിപ്പിക്കുന്ന ആരോഗ്യകരമായ ഒരു ഭയം നിങ്ങളിൽ ഉളവാക്കുന്നു. അതിനു നിങ്ങളുടെ വ്യക്തിത്വത്തിൻമേലും നിങ്ങളുടെ ജീവിതം നിങ്ങൾ ഉപയോഗപ്പെടുത്തുന്ന വിധത്തിൻമേലും ആഴമായ സ്വാധീനമുണ്ട്. സമാനമായി ഇവയെല്ലാം നിങ്ങളുടെ അനുഭവമാണോ? (സങ്കീർത്തനം 66:5 താരതമ്യപ്പെടുത്തുക.) അങ്ങനെയെങ്കിൽ യഹോവയെ പ്രകീർത്തിക്കാൻ, അവിടുത്തെ സ്തുതിക്കാൻ, അവിടുത്തെ ഉദ്ദേശ്യത്തെപ്പററിയും തന്നെ സ്നേഹിക്കുന്നവർക്ക് അവിടുന്ന് ഒരുക്കിവെച്ചിട്ടുള്ള അത്യത്ഭുതകരമായ സംഗതികളെപ്പററിയും മററുള്ളവരോടു സംസാരിക്കുന്നതിന് അവസരമൊരുക്കാൻ, നിങ്ങളുടെ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കും.—സങ്കീർത്തനം 145:1-3.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (Insight on the Scriptures), 2-ാം വാല്യം 150-ാം പേജ് കാണുക.
നിങ്ങളുടെ അഭിപ്രായമെന്ത്?
◻ “യഹോവ ദൈവമാകുന്നു” എന്ന നമ്മുടെ അറിവ് ആഹ്ലാദത്തോടെ അവിടുത്തെ സേവിക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
◻ നാം ചെയ്യുന്നതെല്ലാം ദൈവം അറിയുന്നു എന്നതു നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കണം?
◻ നാം ഒരിക്കലും ദൈവത്തിന്റെ കാഴ്ചപ്പാടിനപ്പുറത്തല്ല എന്ന വസ്തുത പ്രോത്സാഹജനകമായിരിക്കുന്നത് എന്തുകൊണ്ട്?
◻ ഒരു മനുഷ്യനും സാധിക്കാത്തവിധങ്ങളിൽ ദൈവത്തിനു നമ്മെ മനസ്സിലാക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
◻ ഇത്തരമൊരു പഠനം യഹോവയെ സ്തുതിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ട്?