തലച്ചോർ—“ഒരു കമ്പ്യൂട്ടറിനേക്കാൾ കൂടിയത്”
മറെറാരു വിശിഷ്ട അവയവം മനുഷ്യ മസ്തിഷ്കമാണ്. അതും നാഡീവ്യൂഹത്തിന്റെ ശേഷിച്ച ഭാഗവും മിക്കപ്പോഴും മനുഷ്യനിർമ്മിത കമ്പ്യൂട്ടറുകളോടു താരതമ്യപ്പെടുത്തപ്പെടുന്നു. തീർച്ചയായും കമ്പ്യൂട്ടറുകൾ മനുഷ്യരാൽ നിർമ്മിക്കപ്പെടുന്നു, മനുഷ്യ ആസൂത്രകൻമാർ മുൻനിശ്ചയിച്ചിരിക്കുന്ന പടിപടിയായുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, മനുഷ്യ മസ്തിഷ്കം “വയറിംഗ്” നടത്തി “ആസൂത്രണം” ചെയ്യുന്നതിന് യതൊരു ബുദ്ധിശക്തിയും ഉത്തരവാദിത്വംവഹിക്കുന്നില്ലെന്ന് അനേകർ വിശ്വസിക്കുന്നു.
അങ്ങേയററം വേഗതയുള്ളതാണെങ്കിലും, കമ്പ്യൂട്ടറുകൾ ഒരു സമയത്ത് ഒരു വിവരം മാത്രമേ കൈകാര്യംചെയ്യുന്നുള്ളു. അതേസമയം മനുഷ്യനാഡീവ്യൂഹം ഒരേ സമയത്ത് ദശലക്ഷക്കണക്കിന് വിവരശകലങ്ങൾ കൈകാര്യംചെയ്യുന്നു. ദൃഷ്ടാന്തമായി, വസന്തകാലത്തെ ഒരു ഉല്ലാസനടപ്പിന്റെ സമയത്ത് നിങ്ങൾക്ക് മനോഹരദൃശ്യങ്ങൾ ആസ്വദിക്കാനും പക്ഷികളുടെ ഗാനം ശ്രദ്ധിക്കാനും പുഷ്പങ്ങൾ മണക്കാനും കഴിയും. ഈ ഉല്ലാസകരങ്ങളായ സംവേദനങ്ങളെല്ലാം ഒരേ സമയത്ത് തലച്ചോറിലേക്ക് പ്രേഷണംചെയ്യപ്പെടുന്നു. അതേസമയം, നിങ്ങളുടെ അവയവങ്ങളിലെ സംവേദ–ഗ്രാഹികളിൽനിന്ന് വിവരങ്ങളുടെ നീരൊഴുക്കുകൾ ഒഴുകുകയും ഓരോ കാലിന്റെയും ഓരോ മാംസപേശിയുടെയും നിമിഷംപ്രതിയുള്ള സ്ഥാനത്തെക്കുറിച്ച് നിങ്ങളുടെ തലച്ചോറിനെ അറിയിക്കുകയും ചെയ്യുന്നു. നടപ്പാതയിൽ മുമ്പിലുള്ള തടസ്സങ്ങളെ നിങ്ങളുടെ കണ്ണുകൾ കാണുന്നു. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ നിങ്ങളുടെ തലച്ചോർ ഓരോ ചുവടും നിർബാധം വെക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
അതേസമയം, നിങ്ങളുടെ തലച്ചോറിന്റെ അടിഭാഗങ്ങൾ നിങ്ങളുടെ ഹൃദയസ്പന്ദനങ്ങളെയും ശ്വാസോഛ്വാസത്തെയും മററു ജീവൽപ്രവർത്തനങ്ങളെയും ഭരിക്കുന്നു. എന്നാൽ നിങ്ങളുടെ തലച്ചോർ വളരെയധികംകൂടെ കൈകാര്യംചെയ്യുന്നു. നിങ്ങൾ നടക്കുമ്പോൾ നിങ്ങൾക്ക് പാടാനും സംസാരിക്കാനും ഇപ്പോഴത്തെ രംഗങ്ങളെ കഴിഞ്ഞ രംഗങ്ങളോട് താരതമ്യപ്പെടുത്താനും അല്ലെങ്കിൽ ഭാവി ആസൂത്രണങ്ങൾ നടത്താനും കഴിയും.
“തലച്ചോർ കമ്പ്യൂട്ടറിനെക്കാൾ വളരെ കവിഞ്ഞതാണ്. യാതൊരു കമ്പ്യൂട്ടറിനും മുഷിവുതോന്നുന്നുവെന്നും അല്ലെങ്കിൽ അതിന്റെ കഴിവുകൾ പാഴാക്കുകയാണെന്നും ഒരു പുതിയ ജീവിതരീതി സ്വീകരിക്കേണ്ടതാണെന്നും തീരുമാനിക്കാൻ കഴികയില്ല. കമ്പ്യൂട്ടറിന് അതിന്റെ സ്വന്തം പ്രോഗ്രാം കാര്യമായി മാററാൻ കഴികയില്ല; ഒരു പുതിയ ദിശയിൽ പുറപ്പെടുന്നതിനു മുമ്പ് തലച്ചോറുള്ള ഒരാൾ അതിനെ വീണ്ടും പ്രോഗ്രാംചെയ്യേണ്ടതുണ്ട്. . . . ഒരു കമ്പ്യൂട്ടറിന് വിശ്രമിക്കാനോ ദിവാസ്വപ്നം കാണാനോ ചിരിക്കാനോ കഴികയില്ല. അതിന് പ്രചോദിതമാകാനോ സൃഷ്ടിപരമായിത്തീരാനോ കഴികയില്ല. അതിന് ബോധം അനുഭവിക്കാനോ അർത്ഥംഗ്രഹിക്കാനോ കഴികയില്ല. അതിന് പ്രേമിക്കാൻ കഴികയില്ല” എന്ന് ദി ബോഡി ബുക്ക് നിഗമനംചെയ്യുന്നു
എല്ലാറ്റിലുംവച്ച് അത്യൽഭുതകരമായ തലച്ചോർ
ആനകൾ പോലെയുള്ള മൃഗങ്ങൾക്കും വലിയ ചില കടൽജീവികൾക്കും ഒരു മനുഷ്യന്റേതിനെക്കാൾ വലിയ തലച്ചോറുണ്ട്. എന്നാൽ ശരീരവലിപ്പത്തോടുള്ള അനുപാതത്തിൽ മനുഷ്യമസ്തിഷ്കമാണ് എല്ലാററിലും വലുത്. തലച്ചോർ എന്ന തന്റെ പുസ്തകത്തിൽ റിച്ചാർഡ് തോംപ്സൻ വിശദീകരിക്കുന്നതനുസരിച്ച് “ഗറില്ലാ ഒരു മനുഷ്യനെക്കാൾ ശാരീരികമായി വലുതാണെങ്കിലും അതിന് മനുഷ്യമസ്തിഷ്കത്തിന്റെ നാലിലൊന്നു വലിപ്പമുള്ള തലച്ചോറേയുള്ളു.”
മനുഷ്യതലച്ചോറിലെ ന്യൂറോണുകൾക്കിടയിലുള്ള (നാഡീകോശങ്ങൾ) വ്യത്യസ്തപാതകളുടെ എണ്ണം നിരവധിയാണ്. കാരണം ന്യൂറോണുകൾക്ക് വളരെയധികം പരസ്പരബന്ധങ്ങളുണ്ട്; ഒരു ന്യൂറോൺ ഒരു ലക്ഷത്തോളം മററു ന്യൂറോണുകളുമായി ബന്ധം സ്ഥാപിച്ചേക്കാം. “നമ്മുടെ ആധുനിക തലച്ചോറിനുള്ളിലെ സാദ്ധ്യതയുള്ള ബന്ധങ്ങളുടെ സംഖ്യ അപരിമേയമാണ്” എന്ന് മനസ്സ് എന്ന തന്റെ പുസ്തകത്തിൽ ആന്തണി സ്മിത്ത് പ്രസ്താവിക്കുന്നു. “അത് അറിയപ്പെടുന്ന പ്രപഞ്ചത്തിലെ അണുകണികകളുടെ മൊത്തം എണ്ണത്തെക്കാൾ” വലുതാണ് എന്ന് ന്യൂറോസയൻറിസ്ററായ തോംപ്സൻ പറയുന്നു.
എന്നാൽ അതിലും ശ്രദ്ധേയമായ മറെറാന്നുണ്ട്. അത് ചിന്തിക്കാനും സംസാരിക്കാനും ശ്രദ്ധിക്കാനും വായിക്കാനും എഴുതാനും മനുഷ്യരെ പ്രാപ്തരാക്കുന്നതിന് ഈ വിസ്തൃതമായ ന്യൂറോൺവ്യൂഹം ബന്ധിക്കപ്പെട്ടിരിക്കുന്ന വിധമാണ്. രണ്ടോ അധികമോ ഭാഷകളിൽ ഈ കാര്യങ്ങൾ ചെയ്യാൻ കഴിയും. “മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള നിർണ്ണായക വ്യത്യാസം ഭാഷയാണ്” എന്ന് ജീവനുള്ള ശരീരം എന്ന തന്റെ പുസ്തകത്തിൽ കാൾ സബാഗ് പ്രസ്താവിക്കുന്നു. മൃഗങ്ങളുടെ ആശയവിനിയമം താരതമ്യേന ലളിതമാണ്. വ്യത്യാസം “ശബ്ദമുണ്ടാക്കാനുള്ള മററു മൃഗങ്ങളുടെ പ്രാപ്തികളിലെ നിസ്സാരമായ ഒരു മെച്ചപ്പെടൽ മാത്രമല്ല—അത് മനുഷ്യരെ മനുഷ്യരാക്കുന്ന മൗലിക ഗുണമാണ്, അത് മസ്തിഷ്ക ഘടനയിലെ മുഖ്യവ്യത്യാസങ്ങളിൽ പ്രതിഫലിക്കുന്നു” എന്ന് പരിണാമവാദിയായ സബാഗ് സമ്മതിക്കുന്നു.
മനുഷ്യമസ്തിഷ്കത്തിന്റെ അത്ഭുതഘടന ഏതെങ്കിലും തൊഴിലിൽ വിദഗ്ദ്ധരായിത്തീർന്നുകൊണ്ടോ ഒരു സംഗീതോപകരണം വായിക്കാൻ പഠിച്ചുകൊണ്ടോ ഒരു ഭാഷയിൽ അവഗാഹംനേടിക്കൊണ്ടോ ജീവിതസന്തോഷം വർദ്ധിപ്പിക്കുന്ന ഏതു കഴിവുകളും വികസിപ്പിച്ചുകൊണ്ടോ അതിന്റെ സാദ്ധ്യതയെ മെച്ചമായി ഉപയോഗിക്കാൻ അനേകരെ പ്രേരിപ്പിച്ചിട്ടുണ്ട്. “നിങ്ങൾ ഒരു പുതിയ വൈദഗ്ദ്ധ്യം നേടുമ്പോൾ നിങ്ങൾ ഒരു പുതിയ വിധത്തിൽ ബന്ധിക്കാൻ നിങ്ങളുടെ ന്യൂറോണുകളെ പരിശീലിപ്പിക്കുകയാണ്. . . . നിങ്ങൾ നിങ്ങളുടെ തലച്ചോറിനെ എത്രയധികം ഉപയോഗിക്കുന്നുവോ അത്രയധികം അതു കാര്യക്ഷമമായിത്തീരും” എന്ന് ഡോക്ടർമാരായ ആർ. ബ്രാണും ബി. ബ്രാണും മനുഷ്യശരീരം എന്ന തങ്ങളുടെ പുസ്തകത്തിൽ എഴുതുന്നു.
ആരാൽ നിർമ്മിതം?
കൈയും കണ്ണും തലച്ചോറും പോലെ അത്യന്തം സംഘടിതവും ക്രമീകൃതവുമായ എന്തെങ്കിലും യാദൃച്ഛികമായി ഉണ്ടായതായിരിക്കുമോ? പണിയായുധങ്ങളും കമ്പ്യൂട്ടറുകളും ഫോട്ടോഗ്രാഫിക്ക് ഫിലിമുകളും കണ്ടുപിടിക്കുന്നതിന്റെ ബഹുമതി മനുഷ്യനു കൊടുക്കുന്നുവെങ്കിൽ തീർച്ചയായും കൂടുതൽ ഉപയോഗക്ഷമമായ കൈയും കണ്ണും തലച്ചോറും നിർമ്മിച്ചതിന് ആർക്കെങ്കിലും ബഹുമതി കൊടുക്കേണ്ടതാണ്. ബൈബിൾ സങ്കീർത്തനക്കാരൻ പറഞ്ഞു: “യഹോവേ, ഒരു ഭയജനകമായ വിധത്തിൽ അത്ഭുതകരമായി ഞാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഞാൻ നിന്നെ പ്രകീർത്തിക്കും. എന്റെ ദേഹിക്ക് നല്ലവണ്ണം അറിയാവുന്നതുപോലെ നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു.”—സങ്കീർത്തനം 139:1, 14.
നമ്മുടെ ബോധപൂർവകമായ ശ്രമംകൂടാതെതന്നെ മനുഷ്യശരീരത്തിന്റെ അനേകം അത്ഭുതപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ മാസികയുടെ ഭാവിലക്കങ്ങൾ ഈ അത്ഭുതകരമായ യാന്ത്രികപ്രവർത്തനങ്ങളിൽ ചിലതും, കൂടാതെ നമുക്ക് എന്നേക്കും ജീവിതം ആസ്വദിക്കാൻകഴിയത്തക്കവണ്ണം വാർദ്ധക്യവും രോഗവും മരണവും കീഴടക്കപ്പെടാൻകഴിയുമോയെന്നും പരിചിന്തിക്കുന്നതായിരിക്കും! (g88 6/8)
[10-ാം പേജിലെ ചതുരം]
നിങ്ങളുടെ അത്ഭുതകരമായ ന്യൂറോണുകൾ
ന്യൂറോൺ സകല പ്രക്രിയകളോടുംകൂടിയ ഒരു നാഡീകോശമാണ്. നിങ്ങളുടെ നാഡീവ്യൂഹത്തിൽ അനേകതരം ന്യൂറോണുകൾ അടങ്ങിയിരിക്കുന്നു, അവ മൊത്തം ഏതാണ്ട് 50,000 കോടി വരും. ചിലത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിങ്ങളുടെ തലച്ചോറിലേക്ക് വിവരങ്ങളയക്കുന്ന സംവേദ–ഗ്രാഹികളാണ്. നിങ്ങളുടെ തലച്ചോറിന്റെ മേൽഭാഗങ്ങളിലുള്ള ന്യൂറോണുകൾ ഒരു വീഡിയോ റക്കോർഡർ പോലെ പ്രവർത്തിക്കുന്നു. അവക്ക് നിങ്ങളുടെ കണ്ണുകളിൽനിന്നും കാതുകളിൽനിന്നും വരുന്ന വിവരങ്ങളെ സ്ഥിരമായി ശേഖരിച്ചുവെക്കാൻ കഴിയും. വർഷങ്ങൾ കഴിഞ്ഞ് നിങ്ങൾക്ക് ഈ കാഴ്ചകളും ശബ്ദങ്ങളും യാതൊരു മനുഷ്യയന്ത്രങ്ങൾക്കും റക്കോഡ്ചെയ്യാൻ കഴിയാത്ത ചിന്തകളോടും സംവേദനങ്ങളോടും കൂടെ പ്രവർത്തിപ്പിച്ചുകേൾക്കാൻ കഴിയും.
മനുഷ്യ ഓർമ്മ ഇപ്പോഴും ഒരു മർമ്മമാണ്. അതിന് ന്യൂറോണുകൾ ബന്ധിക്കുന്ന വിധത്തോടു കുറേ ബന്ധമുണ്ട്. “ശരാശരി മസ്തിഷ്ക കോശം വേറേ ഏതാണ്ട് 60,000-ത്തോളം എണ്ണത്തോട് ബന്ധിക്കപ്പെടുന്നു”വെന്ന് കാൾ സബാഗ് ജീവനുള്ള ശരീരം എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നു. “തീർച്ചയായും ചില കോശങ്ങൾക്ക് കാൽ ദശലക്ഷത്തോളം മററു കോശങ്ങളുമായി ബന്ധങ്ങളുണ്ട്. . . . മനുഷ്യ മസ്തിഷ്കത്തിന് അതിന്റെ നാഡീകോശങ്ങളെ ബന്ധിക്കുന്ന പാതകളിൽ ഏററവും വലിയ എൻസൈക്ലോപ്പീഡിയായിൽ—20-ഓ 30-ഓ വലിയ വാല്യങ്ങളിൽ—അടങ്ങിയിരിക്കുന്ന വിവരത്തിന്റെ 1000 ഇരട്ടിയെങ്കിലും ഉൾക്കൊള്ളാൻ കഴിയും.”
എന്നാൽ ഒരു ന്യൂറോൺ മറെറാരു ന്യൂറോണിലേക്ക് വിവരം കൈമാറുന്നതെങ്ങനെയാണ്? ലളിതമായ നാഡീവ്യവസ്ഥയുള്ള ജീവികൾക്ക് ഒന്നിച്ചുകൂടിയിരിക്കുന്ന അനേകം നാഡീകോശങ്ങളുണ്ട്. അങ്ങനെയുള്ള കേസുകളിൽ, ഒരു വൈദ്യുതചോദന ഒരു ന്യൂറോണിൽ നിന്ന് അടുത്തതിലേക്കുള്ള പാലം കടക്കുന്നു. ഈ കുറുകെ കടക്കലിനെ ഒരു വൈദ്യുത കോശസന്ധി എന്നു വിളിക്കുന്നു. അതു സത്വരവും ലളിതവുമാണ്.
വിചിത്രമെന്നു തോന്നിയാലും മനുഷ്യശരീരത്തിലെ മിക്ക ന്യൂറോണുകളും ഒരു രാസ കോശസന്ധിയിലൂടെയാണ് സന്ദേശങ്ങളയക്കുന്നത്. കൂടുതൽ സാവധാനത്തിലുള്ളതും സങ്കീർണ്ണവുമായ ഈ രീതിയെ പാലമില്ലാത്ത ഒരു നദിയിങ്കലെത്തിയിട്ട് അക്കരെ കടത്തേണ്ട ഒരു തീവണ്ടികൊണ്ട് ദൃഷ്ടാന്തീകരിക്കാം. ഒരു വൈദ്യുത ചോദന ഒരു രാസ കോശസന്ധിയിങ്കലെത്തുമ്പോൾ രണ്ടു ന്യൂറോണുകളെയും ഒരു വിടവ് വേർപെടുത്തുന്നതിനാൽ അതിന് നിൽക്കേണ്ടിവരുന്നു. ഇവിടെ രാസവസ്തുക്കളുടെ കൈമാററത്താൽ സിഗ്നൽ “കടത്തി” വിടപ്പെടുന്നു. നാഡീ ചോദനകളെ കടത്തിവിടുന്നതിന് ഈ സങ്കീർണ്ണമായ വൈദ്യുതരാസരീതി എന്തുകൊണ്ട്?
ശാസ്ത്രജ്ഞൻമാർ രാസകോശസന്ധിയിൽ അനേകം പ്രയോജനങ്ങൾ കാണുന്നുണ്ട്. സന്ദേശങ്ങൾ ഏകദിശയിൽ കടന്നുപോകുന്നുവെന്ന് അത് ഉറപ്പുവരുത്തുന്നു. കൂടാതെ, അതിന്റെ പ്രവർത്തനത്തിന് അല്ലെങ്കിൽ ഘടനക്ക് അനായാസം മാററം വരുത്താൻ കഴിയുന്നതുകൊണ്ട് അത് വഴക്കമുള്ളതാണെന്നും പറയപ്പെടുന്നു. ഉപയോഗത്താൽ ചില രാസകോശസന്ധികൾ ശക്തമായിത്തീരുമ്പോൾ മററു ചിലത് നിരുപയോഗത്താൽ അപ്രത്യക്ഷപ്പെടുന്നു. “വൈദ്യുതകോശസന്ധികൾ മാത്രമുള്ള ഒരു നാഡീവ്യവസ്ഥയിൽ പഠനത്തിനും ഓർമ്മക്കും വികസിക്കാൻ കഴികയില്ലെ”ന്ന് മസ്തിഷ്കം എന്ന തന്റെ പുസ്തകത്തിൽ റിച്ചാർഡ് തോംപ്സൻ പറയുന്നു.
ശാസ്ത്രലേഖകനായ സ്മിത്ത് മനസ്സ് എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു: “ന്യൂറോണുകൾ കേവലം പ്രചോദിതമാകുകയും ആകാതിരിക്കുകയുമല്ല . . . അവ ഉവ്വ് അല്ലെങ്കിൽ ഇല്ല എന്നതിനെക്കാൾ കൂടുതൽ ഗഹനമായ വിവരങ്ങൾ കൈമാറാൻ പ്രാപ്തമായിരിക്കണം. അവ കൂടെക്കൂടെയോ സാവധാനത്തിലോ അടുത്ത ആണിയിൽ അടിക്കുന്ന ചുററികകൾ മാത്രമല്ല. ഈ ദൃഷ്ടാന്തം പൂർത്തീകരിക്കുന്നതിന് അവ സ്ക്രൂഡ്രൈവർകളും പ്ലയറുകളും പിൻസറുകളും കൊട്ടുവടികളും—ചുററികകളും അടങ്ങിയ ഒരു ആശാരിയുടെ സഞ്ചിയാണെന്നു പറയാവുന്നതാണ്. . . . ഓരോ നാഡീചോദനയും വഴിമദ്ധ്യേ രൂപാന്തരപ്പെടുന്നു, മറെറങ്ങുമല്ല, കോശസന്ധിയിങ്കൽ.”
രാസ കോശസന്ധിക്ക് കൂടുതലായ ഒരു പ്രയോജനമുണ്ട്. അതിന് ഒരു വൈദ്യുത കോശസന്ധിയെക്കാൾ കുറഞ്ഞ സ്ഥലമേ ആവശ്യമായിരിക്കുന്നുള്ളു. അതുകൊണ്ടാണ് മനുഷ്യമസ്തിഷ്കത്തിന് വളരെയധികം കോശസന്ധികളുള്ളത്. സയൻസ് എന്ന മാസിക 1,00,00,00,00,00,00,000 എന്ന സംഖ്യ നൽകുന്നു—നൂറു കണക്കിനുള്ള ആകാശഗംഗാ നക്ഷത്രപംക്തികളിലെ നക്ഷത്രങ്ങളുടെ എണ്ണത്തിനു സമം. “നാം നാംതന്നെയാണ്, എന്തുകൊണ്ടെന്നാൽ നമ്മുടെ തലച്ചോറുകൾ അടിസ്ഥാനപരമായി വൈദ്യുതയന്ത്രങ്ങളല്ല, പിന്നെയോ രാസയന്ത്രങ്ങൾ തന്നെയാണ്.” (g88 6/8)
[12-ാം പേജിലെ ചതുരം]
നിങ്ങളുടെ തലച്ചോറിന് വളരെയധികം രക്തം ആവശ്യമുള്ളതിന്റെ കാരണം
ഒരു നീന്തൽ കുളത്തിൽ മുങ്ങുന്നതിനു മുമ്പ് ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ കാൽവിരലുകൾ വെള്ളത്തിൽ മുക്കുന്നു. വെള്ളം തണുത്തതാണെങ്കിൽ നിങ്ങളുടെ ത്വക്കിലെ ചെറിയ ശീതഗ്രാഹികൾ പെട്ടെന്നു പ്രതികരിക്കുന്നു. ഒരു സെക്കണ്ടിൽ കുറഞ്ഞ സമയംകൊണ്ട് നിങ്ങളുടെ തലച്ചോർ ഊഷ്മാവ് രേഖപ്പെടുത്തുന്നു. വേദനാഗ്രാഹികൾക്ക് ഇതിലും പെട്ടെന്ന് വിവരങ്ങൾ പ്രേഷണം ചെയ്യാൻ കഴിയും. ചില നാഡീചോദനകൾ മണിക്കൂറിൽ 225 മൈൽ എന്ന വേഗത നേടുന്നു—ഒരു സെക്കണ്ടുകൊണ്ട് ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ നീളം ഓടുന്ന വേഗതയോട് ഒക്കുന്നു.
എന്നിരുന്നാലും, തലച്ചോർ ഒരു സംവേദനത്തിന്റെ തീവ്രത നിർണ്ണയിക്കുന്നതെങ്ങനെയാണ്? ഒരു മാർഗ്ഗം ഒരു ന്യൂറോൺ ഉത്തേജിതമാകുന്നതിന്റെ ആവൃത്തിയിലൂടെയാണ്; ചിലത് ഒരു സെക്കണ്ടിൽ ആയിരമോ അധികമോ പ്രാവശ്യം ഉത്തേജിതമാകുന്നു. തലച്ചോറിലെ ന്യൂറോണുകളുടെ ഇടയിൽ നടക്കുന്ന തീവ്രപ്രവർത്തനം പമ്പുകളുടെയും പവർഹൗസുകളുടെയും പ്രവർത്തനമില്ലായിരുന്നെങ്കിൽ അസാധ്യമായിരിക്കുമായിരുന്നു.
ഒരു ന്യൂറോൺ ഉത്തേജിതമാകുന്ന ഓരോ പ്രാവശ്യവും ഒരു വൈദ്യുതചാർജുള്ള അണുകങ്ങൾ കോശത്തിലേക്കു പ്രവഹിക്കുന്നു. ഈ സോഡിയം അയോണുകൾ—അങ്ങനെയാണവ വിളിക്കപ്പെടുന്നത്—കുന്നുകൂടാൻ അനുവദിക്കുകയാണെങ്കിൽ ന്യൂറോണിന് അതിന്റെ ഉത്തേജനശക്തി ക്രമേണ നഷ്ടപ്പെടും. പ്രശ്നം എങ്ങനെയാണ് പരിഹരിക്കപ്പെടുന്നത്? “ഓരോ ന്യൂറോണിലും ഒരു ദശലക്ഷത്തോളം പമ്പുകൾ അടങ്ങിയിരിക്കുന്നു—ഓരോന്നും കോശസ്തരത്തിൻമേലുള്ള ഒരു ചെറിയ മുഴയാണ്—ഓരോ പമ്പിനും ഓരോ സെക്കണ്ടിലും ഏതാണ്ട് 200 സോഡിയം അയോൺസ് 130 പൊട്ടാസ്യം അയോണിനുവേണ്ടി കൈമാറാൻ കഴിയും” എന്ന് മനസ്സ് എന്ന തന്റെ പുസ്തകത്തിൽ സയൻസ് ലേഖകനായ ആന്തണി സ്മിത്ത് വിശദീകരിക്കുന്നു. ന്യൂറോണുകൾ വിശ്രമിക്കുമ്പോൾപോലും പമ്പുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട്? കോശത്തിലേക്ക് ചോർന്നുവീഴുന്ന സോഡിയം അയോണുകളുടെയും ചോർന്നുപോകുന്ന പൊട്ടാസ്യം അയോണുകളുടെയും ഫലത്തെ തടയാൻ.
പമ്പുകളുടെ പ്രവർത്തനത്തിന് ഊർജ്ജത്തിന്റെ നിരന്തര സപ്ലൈ ആവശ്യമാണ്. ഊർജ്ജം വരുന്നത് ചെറിയ മൈറേറാക്കോണ്ട്രിയായിൽനിന്നാണ്, അഥവാ ഓരോ കോശത്തിനുള്ളിലും ചിതറിക്കിടക്കുന്ന “പവർഹൗസുകളിൽ” നിന്നാണ്. ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് ഓരോ പവർഹൗസിനും രക്തം വിതരണംചെയ്യുന്ന ഓക്സിജനും ഗ്ലൂക്കോസും ആവശ്യമാണ്. നിങ്ങളുടെ തലച്ചോറിന് വളരെയധികം രക്തം ആവശ്യമായിരിക്കുന്നത് അതിശയമല്ല. “അതിന് ശരീരത്തിന്റെ മൊത്തം തൂക്കത്തിന്റെ ഏതാണ്ട് 2 ശതമാനം തൂക്കമേയുള്ളുവെങ്കിലും അതിന് രക്തത്തിന്റെ 16 ശതമാനം ലഭിക്കുന്നു. . . മസ്തിഷ്കകോശത്തിന് മാംസപേശികലയുടേതിന്റെ 10 ഇരട്ടി രക്തം ലഭിക്കുന്നു” എന്ന് തലച്ചോർ എന്ന തന്റെ പുസ്തകത്തിൽ റിച്ചാർഡ് തോംപ്സൻ വിശദീകരിക്കുന്നു.
നിങ്ങൾ അടുത്ത പ്രാവശ്യം വെള്ളത്തിന്റെ ഊഷ്മാവ് തൊട്ടറിയുമ്പോൾ നിങ്ങളുടെ തലച്ചോറിലെ ട്രില്ല്യൻകണക്കിനുള്ള പമ്പുകൾക്കും പവർഹൗസുകൾക്കുംവേണ്ടി നന്ദിപറയുക. ഈ പ്രവർത്തനമെല്ലാം സാദ്ധ്യമാകുന്നത് നിങ്ങളുടെ രക്തം എത്തിച്ചുകൊടുക്കുന്ന ഓക്സിജനും ഗ്ലൂക്കോസും നിമിത്തമാണെന്നോർക്കുക.
[9-ാം പേജിലെ ചിത്രം]
മനുഷ്യശരീരം ഒരേസമയത്ത് ദശലക്ഷക്കണക്കിനു വിവരശകലങ്ങൾ കൈകാര്യംചെയ്യുന്നു. നിങ്ങൾ ചരിക്കുമ്പോൾ നിങ്ങളുടെ അവയവങ്ങളിലെ സംവേദ–ഗ്രാഹികൾ ഓരോ ഭുജത്തിന്റെയും നിമിഷംപ്രതിയുള്ള സ്ഥാനവും ഓരോ മാംസപേശിയുടെയും അവസ്ഥയും നിങ്ങളുടെ തലച്ചോറിനെ അറിയിക്കുന്നു
[11-ാം പേജിലെ ചിത്രം]
തലച്ചോർ ഒരു കമ്പ്യൂട്ടറിനെക്കാൾ സങ്കീർണ്ണവും ഉപയോഗക്ഷമവുമാകുന്നു