നാം ‘അതിശയകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’
“ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു.”—സങ്കീർത്തനം 139:14.
1. അഭിജ്ഞരായ അനേകരും ഭൂമിയിലെ അത്ഭുതങ്ങൾക്കു ദൈവമാണു കാരണമെന്നു വിശ്വസിക്കുന്നത് എന്തുകൊണ്ട്?
നമ്മുടെ പ്രപഞ്ചം വിസ്മയാവഹമായ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു. അവയെല്ലാം എങ്ങനെയാണുണ്ടായത്? ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവാണ് അതിനു പിമ്പിലെന്നു വിശ്വസിക്കേണ്ടതില്ലെന്നും അല്ലാതെതന്നെ അതിനുള്ള ഉത്തരം കണ്ടെത്താനാകുമെന്നും ചിലർ കരുതുന്നു. എന്നാൽ ഒരു സ്രഷ്ടാവിന്റെ അസ്തിത്വം കണ്ണുമടച്ചു തള്ളിക്കളയുന്നത് പ്രകൃതിയെ മനസ്സിലാക്കാനുള്ള നമ്മുടെ പ്രാപ്തിക്കു കൂച്ചുവിലങ്ങിടുമെന്നു മറ്റു ചിലർ വിശ്വസിക്കുന്നു. ഭൂമിയിലെ ജീവജാലങ്ങൾ അത്യന്തം സങ്കീർണവും വൈവിധ്യമാർന്നതും അമ്പരപ്പിക്കുന്നതും ആയതിനാൽ അവ യാദൃച്ഛികമായി ഉണ്ടായതായിരിക്കാൻ വഴിയില്ലെന്ന് അവർ വാദിക്കുന്നു. ജ്ഞാനിയും ശക്തനും നല്ലവനുമായ ഒരു നിർമാതാവ് പ്രപഞ്ചം സൃഷ്ടിച്ചതായി തെളിവുകൾ പ്രകടമാക്കുന്നുവെന്ന് ചില ശാസ്ത്രജ്ഞർ ഉൾപ്പെടെ അനേകരും വിശ്വസിക്കുന്നു.a
2. യഹോവയെ സ്തുതിക്കാൻ ദാവീദിനെ പ്രചോദിപ്പിച്ചത് എന്ത്?
2 അത്ഭുതകരമായ സൃഷ്ടികളെ ഉളവാക്കുന്ന ഒരു സ്രഷ്ടാവ് സ്തുതിക്കു യോഗ്യനാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു പുരാതന ഇസ്രായേലിലെ ദാവീദ് രാജാവ്. ഇന്നത്തെപ്പോലുള്ള ശാസ്ത്രീയ പുരോഗതികളൊന്നും അന്ന് ഇല്ലായിരുന്നെങ്കിലും ദൈവത്തിന്റെ വിസ്മയകരമായ സൃഷ്ടിക്രിയകളുടെ സമൃദ്ധമായ തെളിവുകൾ നിരീക്ഷിക്കാൻ അവനു കഴിഞ്ഞിരുന്നു. സ്വന്തം ശരീരത്തിന്റെ സവിശേഷതകൾപോലും ദൈവത്തിന്റെ അമ്പരപ്പിക്കുന്ന സൃഷ്ടിവൈഭവത്തെ വിലമതിക്കാൻ ദാവീദിനെ പ്രചോദിപ്പിച്ചു. അവൻ ഇങ്ങനെ എഴുതി: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.”—സങ്കീർത്തനം 139:14.
3, 4. നാം ഓരോരുത്തരും യഹോവയുടെ സൃഷ്ടിക്രിയകളെക്കുറിച്ചു ധ്യാനിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 ആഴമായ ധ്യാനമായിരുന്നു ദാവീദിന്റെ ശക്തമായ ഈ ബോധ്യത്തിനു കാരണം. മനുഷ്യന്റെ ഉൽപ്പത്തിയോടുള്ള ബന്ധത്തിൽ ഇന്നു പാഠപുസ്തകങ്ങളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന സിദ്ധാന്തങ്ങൾ ദൈവവിശ്വാസം നശിപ്പിക്കാൻപോന്നവയാണ്. ദാവീദിന്റേതുപോലുള്ള വിശ്വാസം ഉണ്ടായിരിക്കാൻ നാമും ആഴമായി ധ്യാനിക്കേണ്ടതുണ്ട്. നമുക്കായി ചിന്തിക്കാൻ മറ്റുള്ളവരെ അധികാരപ്പെടുത്തുന്നത് അപകടമാണ്, വിശേഷിച്ച് ദൈവത്തിന്റെ അസ്തിത്വവും നമ്മുടെ ജീവിതത്തിലുള്ള അവന്റെ സ്ഥാനവും പോലുള്ള അടിസ്ഥാന വിഷയങ്ങളുടെ കാര്യത്തിൽ.
4 കൂടാതെ, യഹോവയുടെ സൃഷ്ടിക്രിയകളെക്കുറിച്ചു ധ്യാനിക്കുന്നത് അവനോടുള്ള നമ്മുടെ സ്നേഹവും നന്ദിയും ശക്തമാക്കിത്തീർക്കുകയും ഭാവി സംബന്ധിച്ച അവന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും. അതുവഴി, അവനെ കൂടുതൽ മെച്ചമായി അറിയാനും സേവിക്കാനും നാം പ്രചോദിതരായിത്തീരും. അതുകൊണ്ട് നാം ‘അതിശയകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്ന ദാവീദിന്റെ വിലയിരുത്തലിനെ ആധുനിക ശാസ്ത്രം സ്ഥിരീകരിച്ചിരിക്കുന്നത് എങ്ങനെയെന്നു നമുക്കു നോക്കാം.
ശരീരത്തിന്റെ വികാസം —ഒരു വിസ്മയം
5, 6. (എ) നമ്മുടെയെല്ലാം ജീവാരംഭം എങ്ങനെയായിരുന്നു? (ബി) വൃക്കകളുടെ ധർമമെന്ത്?
5 “നീയല്ലോ എന്റെ അന്തരംഗങ്ങളെ [“വൃക്കകളെ,” NW] നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.” (സങ്കീർത്തനം 139:13) ഈ വാചകത്തിന്റെ അന്ത്യത്തിലുള്ള കുത്തിനെക്കാൾ ചെറിയ ഒരു കോശമായിട്ടായിരുന്നു നാം ഓരോരുത്തരും അമ്മയുടെ ഗർഭപാത്രത്തിൽ ജീവിതം ആരംഭിച്ചത്. അതിസൂക്ഷ്മമായ ആ കോശം അതിസങ്കീർണമായ ഒരു കൊച്ചു ലബോറട്ടറി ആയിരുന്നു! അതു വേഗം വളർച്ചപ്രാപിച്ചു. രണ്ടാം മാസത്തിന്റെ ഒടുവിൽ വൃക്കകൾ ഉൾപ്പെടെയുള്ള നിങ്ങളുടെ മുഖ്യാവയവങ്ങളെല്ലാം രൂപപ്പെട്ടുകഴിഞ്ഞിരുന്നു. നിങ്ങൾ ജനിച്ചപ്പോഴേക്കും, നിങ്ങളുടെ ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തിലെ പ്രയോജനകരമായ വസ്തുക്കളെല്ലാം നിലനിറുത്തിക്കൊണ്ടും വിഷമാലിന്യങ്ങളും അധികമുള്ള ജലവും നീക്കംചെയ്തുകൊണ്ടും അതിനെ ശുദ്ധീകരിക്കാൻ നിങ്ങളുടെ വൃക്കകൾ സജ്ജമായിത്തീർന്നിരുന്നു. തകരാറുകളൊന്നുമില്ലെങ്കിൽ നിങ്ങളുടെ രണ്ടു വൃക്കകളുംകൂടി ഓരോ 45 മിനിട്ടിലും നിങ്ങളുടെ മുഴുരക്തത്തിലെയും ജലം അരിച്ചുമാറ്റുന്നു—പ്രായപൂർത്തിയായവരിൽ ഏകദേശം 5 ലിറ്റർ രക്തമാണുള്ളത്!
6 രക്തത്തിലെ ധാതുപദാർഥങ്ങളുടെ അളവും രക്തത്തിന്റെ അമ്ലതയും മർദവും നിയന്ത്രിക്കുന്നതിലും നിങ്ങളുടെ വൃക്കകൾക്കു പങ്കുണ്ട്. എല്ലുകളുടെ ശരിയായ വളർച്ചയ്ക്ക് ഉപകരിക്കേണ്ടതിന് വിറ്റാമിൻ ‘ഡി’യ്ക്കു രൂപഭേദംവരുത്തുക, ചുവന്ന രക്താണുക്കളുടെ ഉത്പാദനം ത്വരിതപ്പെടുത്തുന്ന എരിത്രോപൊയറ്റിൻ എന്ന ഹോർമോൺ നിർമിക്കുക തുടങ്ങിയ സുപ്രധാനമായ മറ്റു പല ധർമങ്ങളും അവ നിർവഹിക്കുന്നു. വൃക്കകളെ “ശരീരത്തിലെ രസതന്ത്ര വിദഗ്ധർ” എന്നു വിളിച്ചിരിക്കുന്നതിൽ തെല്ലും അത്ഭുതമില്ല!b
7, 8. (എ) ഒരു അജാത ശിശുവിന്റെ പ്രാരംഭകാല വളർച്ച വിവരിക്കുക. (ബി) ഒരു ഗർഭസ്ഥശിശു ഏതു വിധത്തിലാണ് “ഭൂമിയുടെ അധോഭാഗങ്ങളിൽ” നിർമിക്കപ്പെടുന്നത്?
7 “ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല.” (സങ്കീർത്തനം 139:15) ആദ്യമുണ്ടായിരുന്ന ഏകകോശം രണ്ടായി വിഭജിക്കപ്പെട്ടു, അവ പിന്നെ നാലായി, അങ്ങനെ ആ പ്രക്രിയ തുടർന്നുപോന്നു. പെട്ടെന്നുതന്നെ അവ നാഡീകോശങ്ങൾ, പേശീകോശങ്ങൾ, ചർമകോശങ്ങൾ എന്നിവയൊക്കെയായി മാറാൻ തുടങ്ങി. ഒരേ തരത്തിലുള്ള കോശങ്ങൾ കൂടിച്ചേർന്ന് കലകളായും, അവ പിന്നെ അവയവങ്ങളായും മാറി. ഉദാഹരണത്തിന് ഭ്രൂണത്തിന്റെ വളർച്ചയുടെ മൂന്നാമത്തെ ആഴ്ചയിൽ നിങ്ങളുടെ അസ്ഥിപഞ്ജരം രൂപപ്പെടാൻ തുടങ്ങി. ഭ്രൂണത്തിന് കേവലം ഏഴാഴ്ച പ്രായമായപ്പോഴേക്കും—അപ്പോൾ നിങ്ങൾ ഉദ്ദേശം രണ്ടര സെന്റിമീറ്ററേയുള്ളു—പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ കാണുന്ന 206 അസ്ഥികളും നിങ്ങളുടെ കുഞ്ഞുശരീരത്തിൽ രൂപപ്പെട്ടു തുടങ്ങിയിരുന്നു. അവ അത്യന്തം മൃദുവായിരുന്നെന്നുമാത്രം.
8 ഭൂമിയുടെ അധോഭാഗങ്ങളിൽ ആയിരുന്നാലെന്നപോലെ, ആരും കാണാതെയാണ് വിസ്മയിപ്പിക്കുന്ന ഈ വികാസപരമ്പര നിങ്ങളുടെ അമ്മയുടെ ഗർഭാശയത്തിൽ അരങ്ങേറിയത്. തീർച്ചയായും ഭ്രൂണത്തിന്റെ വികാസം സംബന്ധിച്ച പല കാര്യങ്ങളും ഇന്നും അജ്ഞാതമാണ്. ഉദാഹരണത്തിന് ശരീരകോശങ്ങൾ വ്യത്യസ്ത തരം കോശങ്ങളായി മാറാനുള്ള പ്രക്രിയയ്ക്കു തുടക്കംകുറിക്കാൻ അവയിലെ ബന്ധപ്പെട്ട ജീനുകളെ ഉണർത്തിയത് എന്തായിരുന്നു? കാലക്രമത്തിൽ ശാസ്ത്രം അതിനുള്ള ഉത്തരം കണ്ടെത്തിയേക്കാം, എന്നാൽ ദാവീദ് തുടർന്നു ചൂണ്ടിക്കാട്ടിയ പ്രകാരം സ്രഷ്ടാവായ യഹോവ അതെല്ലാം കൃത്യമായി അറിയുന്നു.
9, 10. ശരീരഭാഗങ്ങളുടെ രൂപവത്കരണം സംബന്ധിച്ച് ദൈവത്തിന്റെ ‘പുസ്തകത്തിൽ എഴുതപ്പെട്ടിരുന്നത്’ എങ്ങനെ?
9 “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” (സങ്കീർത്തനം 139:16) തുടക്കത്തിൽ ഉണ്ടായിരുന്ന ആ ഏകകോശത്തിൽ നിങ്ങളുടെ മുഴു ശരീരത്തിന്റെയും സമ്പൂർണ രൂപരേഖ അടങ്ങിയിരുന്നു. ജനിക്കുന്നതിനുമുമ്പത്തെ ഒമ്പതു മാസക്കാലത്തെയും തുടർന്നു പ്രായപൂർത്തിയാകുന്നതുവരെയുള്ള രണ്ടിലേറെ പതിറ്റാണ്ടുകളിലെയും നിങ്ങളുടെ വളർച്ചയെ നയിച്ചത് ആ രൂപരേഖയായിരുന്നു. അക്കാലമത്രയും, മൂലകോശത്തിൽ പ്രോഗ്രാംചെയ്യപ്പെട്ട വിവരങ്ങൾക്കനുസൃതമായി നിങ്ങളുടെ ശരീരം പലപല അവസ്ഥകളിലൂടെ കടന്നുപോയി.
10 കോശങ്ങളെയും ജീനുകളെയും കുറിച്ചൊന്നും ദാവീദിന് അറിയില്ലായിരുന്നു, ഒരു സൂക്ഷ്മദർശിനിപോലും അവനുണ്ടായിരുന്നില്ല. എങ്കിലും സ്വന്തം ശരീരത്തിന്റെ വികാസവും വളർച്ചയും, മുൻകൂട്ടിയുള്ള ആസൂത്രണത്തിനു തെളിവാണെന്ന് അവൻ കൃത്യമായി തിരിച്ചറിഞ്ഞു. ഭ്രൂണത്തിന്റെ വളർച്ച സംബന്ധിച്ച് അവനു ചിലതെല്ലാം അറിയാമായിരുന്നിരിക്കാം. അതുകൊണ്ട് മുൻകൂട്ടിയുള്ള ഒരു രൂപരേഖയ്ക്കും സമയപ്പട്ടികയ്ക്കും ചേർച്ചയിലായിരിക്കണം അതിന്റെ ഓരോ ഘട്ടവും ഇതൾവിരിയുന്നതെന്ന് അവൻ കണക്കുകൂട്ടി. പ്രസ്തുത രൂപരേഖ ദൈവത്തിന്റെ ‘പുസ്തകത്തിൽ എഴുതപ്പെട്ടിരുന്നതായി’ കാവ്യഭാഷയിൽ അവൻ വർണിച്ചു.
11. നമ്മുടെ ശരീരസവിശേഷതകൾ നമുക്കു ലഭിച്ചത് എങ്ങനെ?
11 ശരീരത്തിന്റെ ഉയരം, മുഖത്തിന്റെ രൂപസവിശേഷത, കണ്ണിന്റെയും മുടിയുടെയും നിറം എന്നിവപോലെ, മാതാപിതാക്കളിൽനിന്നും പൂർവികരിൽനിന്നും നിങ്ങൾക്കു പാരമ്പര്യമായി കിട്ടിയിരിക്കുന്ന ആയിരക്കണക്കിനു സവിശേഷതകൾ നിങ്ങളുടെ ജീനുകളിൽ എഴുതപ്പെട്ടിരിക്കുന്നതായി ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. നിങ്ങളുടെ ഓരോ കോശത്തിലും പതിനായിരക്കണക്കിനു ജീനുകളുണ്ട്, അവയോരോന്നും ഒരു ഡിഎൻഎ ശൃംഖലയുടെ ഭാഗമാണ്. നിങ്ങളുടെ ശരീരത്തോടു ബന്ധപ്പെട്ട നിർമാണ നിർദേശങ്ങൾ നിങ്ങളുടെ വ്യതിരിക്തമായ ഡിഎൻഎ-യുടെ രാസഘടനയിൽ ‘എഴുതപ്പെട്ടിരിക്കുന്നു.’ പഴയ കോശങ്ങൾക്കു പകരമായോ അല്ലാതെയോ പുതിയ കോശങ്ങളെ ഉളവാക്കിക്കൊണ്ട് കോശവിഭജനം നടക്കുന്ന ഓരോ സന്ദർഭത്തിലും നിങ്ങളുടെ ഡിഎൻഎ അത്തരം നിർദേശങ്ങൾ കൈമാറിക്കൊണ്ടിരിക്കും; അങ്ങനെ, ജീവിച്ചിരിക്കാനും അടിസ്ഥാന രൂപസവിശേഷതകൾ നിലനിറുത്താനും നിങ്ങൾക്കു കഴിയുന്നു. നമ്മുടെ സ്വർഗീയ സ്രഷ്ടാവിന്റെ ശക്തിയുടെയും ജ്ഞാനത്തിന്റെയും എത്ര ശ്രദ്ധേയമായ ദൃഷ്ടാന്തം!
നമ്മുടെ അനുപമ മനസ്സ്
12. മനുഷ്യനെ മൃഗങ്ങളിൽനിന്നു വിശേഷാൽ വ്യത്യസ്തനാക്കുന്നതെന്ത്?
12 “ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു! അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം.” (സങ്കീർത്തനം 139:17, 18എ) മൃഗങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും അതിശയകരമായിട്ടാണ്; ചില ഇന്ദ്രിയപ്രാപ്തികളുടെയും കഴിവുകളുടെയും കാര്യത്തിൽ അവയിൽ ചിലതെല്ലാം മനുഷ്യനെ കടത്തിവെട്ടുകയും ചെയ്യുന്നു. എന്നാൽ ഏതൊരു മൃഗത്തോടുമുള്ള താരതമ്യത്തിൽ അത്യുത്കൃഷ്ടമായ മാനസിക പ്രാപ്തിയാണ് ദൈവം മനുഷ്യനു നൽകിയിരിക്കുന്നത്. “മനുഷ്യരായ നാം പലവിധങ്ങളിൽ മറ്റു ജീവവർഗങ്ങളോടു സമാനതയുള്ളവരാണെങ്കിലും, ഭാഷ ഉപയോഗിക്കാനും ചിന്തിക്കാനുമുള്ള കഴിവിന്റെ കാര്യത്തിൽ ഭൂമിയിലെ സമസ്ത ജീവരൂപങ്ങളുടെയുമിടയിൽ നാം അതുല്യരാണ്. . . . ‘നമ്മുടെ ശരീരം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് എങ്ങനെ?’ ‘നാം ഉരുവാക്കപ്പെട്ടത് എങ്ങനെ?’ എന്നൊക്കെ ആരാഞ്ഞുകൊണ്ട് നമ്മെക്കുറിച്ചുതന്നെ അറിയുന്നതിൽ നാം പ്രകടമാക്കുന്ന ജിജ്ഞാസയുടെ കാര്യത്തിലും നാം അനുപമരാണ്” എന്ന് ഒരു ശാസ്ത്ര പാഠപുസ്തകം പറയുന്നു. ഈ ചോദ്യങ്ങളെക്കുറിച്ചു ദാവീദും ചിന്തിച്ചു.
13. (എ) ദൈവത്തിന്റെ വിചാരങ്ങളെക്കുറിച്ചു ധ്യാനിക്കാൻ ദാവീദിനു സാധിച്ചത് എങ്ങനെ? (ബി) നമുക്കെങ്ങനെ ദാവീദിന്റെ മാതൃക അനുകരിക്കാൻ കഴിയും?
13 സർവപ്രധാനമായി, ദൈവത്തിന്റെ വിചാരങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യാനുള്ള കഴിവിന്റെ കാര്യത്തിൽ നാം അതുല്യരാണ്.c അതിവിശിഷ്ടമായ ഈ സമ്മാനം, നാം “ദൈവത്തിന്റെ സ്വരൂപത്തിൽ” സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഒരു തെളിവാണ്. (ഉല്പത്തി 1:27) ആ സമ്മാനം ദാവീദ് നല്ലവണ്ണം പ്രയോജനപ്പെടുത്തി. ദൈവത്തിന്റെ അസ്തിത്വത്തിന്റെ തെളിവുകൾ സംബന്ധിച്ചും ചുറ്റുമുള്ള പ്രകൃതിയിൽ പ്രതിഫലിച്ചുകണ്ട അവന്റെ സദ്ഗുണങ്ങൾ സംബന്ധിച്ചും അവൻ ധ്യാനിച്ചു. കൂടാതെ, ദൈവത്തെക്കുറിച്ചും അവന്റെ സൃഷ്ടികളെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകൾ അടങ്ങിയ, വിശുദ്ധ തിരുവെഴുത്തുകളുടെ ആദ്യപുസ്തകങ്ങളും ദാവീദിനുണ്ടായിരുന്നു. ദൈവത്തിന്റെ വിചാരങ്ങളും വ്യക്തിത്വവും ഉദ്ദേശ്യവും മനസ്സിലാക്കാൻ ആ നിശ്വസ്ത എഴുത്തുകൾ അവനെ സഹായിച്ചു. തിരുവെഴുത്തുകളെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചും തന്നോടുള്ള ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ചും ദാവീദ് വിചിന്തനം ചെയ്തു. തന്റെ സ്രഷ്ടാവിനെ സ്തുതിക്കാൻ അത് അവനെ പ്രചോദിപ്പിച്ചു.
വിശ്വാസം ഉണ്ടായിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
14. ദൈവത്തിൽ വിശ്വസിക്കാൻ അവനെക്കുറിച്ചുള്ള സകലവും നാം അറിയേണ്ടതില്ലാത്തത് എന്തുകൊണ്ട്?
14 സൃഷ്ടിക്രിയകളെക്കുറിച്ചും തിരുവെഴുത്തുകളെക്കുറിച്ചും ദാവീദ് എത്രയധികം ധ്യാനിച്ചുവോ അത്രയധികം, ദൈവത്തിന്റെ പരിജ്ഞാനത്തിന്റെയും പ്രാപ്തിയുടെയും വ്യാപ്തി മനസ്സിലാക്കുകയെന്നതു തന്റെ ഗ്രാഹ്യത്തിനതീതമാണെന്ന് അവൻ തിരിച്ചറിഞ്ഞു. (സങ്കീർത്തനം 139:6) നമ്മുടെ കാര്യത്തിലും അതു സത്യമാണ്. ദൈവത്തിന്റെ മുഴു സൃഷ്ടികളെക്കുറിച്ചുമുള്ള സകല കാര്യങ്ങളും മനസ്സിലാക്കാൻ ഒരിക്കലും നമുക്കാവില്ല. (സഭാപ്രസംഗി 3:11; 8:17) എങ്കിലും ഏതൊരു കാലത്തും ജീവിക്കുന്ന സത്യാന്വേഷികൾക്കു തെളിവുകളിൽ അധിഷ്ഠിതമായ വിശ്വാസമാർജിക്കാൻ കഴിയേണ്ടതിന് വേണ്ടത്ര പരിജ്ഞാനം ദൈവം തിരുവെഴുത്തുകളിലും പ്രകൃതിയിലും ‘വെളിപ്പെടുത്തിയിരിക്കുന്നു.’—റോമർ 1:19, 20; എബ്രായർ 11:1, 3.
15. ദൈവവുമായുള്ള നമ്മുടെ ബന്ധവും വിശ്വാസവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തസഹിതം വിവരിക്കുക.
15 വിശ്വാസം ഉണ്ടായിരിക്കുക എന്നതിൽ, ജീവനും പ്രപഞ്ചവും ഉത്ഭവിച്ചത് ബുദ്ധിശക്തിയുള്ള ഒരു വ്യക്തിയിൽനിന്നായിരിക്കണം എന്നു തിരിച്ചറിയുന്നതിലുമധികം ഉൾപ്പെട്ടിരിക്കുന്നു. യഹോവയാം ദൈവത്തെ ഒരു വ്യക്തിയായിക്കണ്ടുകൊണ്ട് അവനിൽ നാം ആശ്രയം അർപ്പിക്കേണ്ടതുണ്ട്; നാം അവനെ അടുത്തറിയാനും അവനുമായി നല്ലൊരു ബന്ധം നിലനിറുത്താനും അവൻ ആഗ്രഹിക്കുന്നുവെന്ന സത്യം നാം തിരിച്ചറിയണം. (യാക്കോബ് 4:8) സ്നേഹവാനായ തന്റെ പിതാവിൽ ഒരു വ്യക്തിക്കുള്ള വിശ്വാസത്തെയും ആശ്രയത്തെയും കുറിച്ചു ചിന്തിക്കുക. ‘പ്രതിസന്ധിഘട്ടത്തിൽ പിതാവ് നിങ്ങളെ സഹായിക്കുമോ എന്നതു കണ്ടറിയണം’ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിക്കുന്നുവെന്നു കരുതുക. നിങ്ങളുടെ പിതാവ് ആശ്രയയോഗ്യനാണെന്ന് അയാളെ ബോധ്യപ്പെടുത്താൻ ചിലപ്പോൾ നിങ്ങൾക്കു കഴിഞ്ഞെന്നുവരില്ല. എന്നിരുന്നാലും ജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ടുള്ള കാര്യങ്ങളുടെ വെളിച്ചത്തിൽ പിതാവിന്റെ വാത്സല്യം സംബന്ധിച്ചു നിങ്ങൾക്കു ബോധ്യമുണ്ടെങ്കിൽ അദ്ദേഹം നിങ്ങളെ കൈവിടുകയില്ലെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കും. സമാനമായി, തിരുവെഴുത്തുകൾ പഠിച്ചുകൊണ്ട് യഹോവയെ അടുത്തറിയുന്നതും സൃഷ്ടിക്രിയകളെക്കുറിച്ചു ധ്യാനിക്കുന്നതും നമ്മുടെ പ്രാർഥനകളോടു പ്രതികരിച്ചുകൊണ്ടുള്ള അവന്റെ സഹായം അനുഭവിച്ചറിയുന്നതും അവനിൽ ആശ്രയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അവനെക്കുറിച്ചു കൂടുതലായി പഠിക്കാനും നിസ്സ്വാർഥ സ്നേഹത്തോടും ഭക്തിയോടും കൂടെ എന്നെന്നും അവനെ സ്തുതിക്കാനും അതു നമുക്കു പ്രചോദനമേകും. ഏതൊരു വ്യക്തിക്കും പിൻപറ്റാനാകുന്ന സർവശ്രേഷ്ഠമായ ലക്ഷ്യമാണത്.—എഫെസ്യർ 5:1, 2.
സ്രഷ്ടാവിന്റെ മാർഗനിർദേശം തേടുവിൻ!
16. യഹോവയുമായുള്ള ദാവീദിന്റെ ഉറ്റബന്ധത്തിൽനിന്നു നമുക്കെന്തു പഠിക്കാനാകും?
16 “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.” (സങ്കീർത്തനം 139:23, 24) തന്നെക്കുറിച്ചുള്ള സകല കാര്യങ്ങളും യഹോവയ്ക്ക് അറിയാമായിരുന്നുവെന്ന് ദാവീദ് തിരിച്ചറിഞ്ഞിരുന്നു—അവന്റെ ചിന്തകളോ വാക്കുകളോ പ്രവൃത്തികളോ ഒന്നും സ്രഷ്ടാവിന്റെ ദൃഷ്ടികൾക്കു മറവായിരുന്നില്ല. (സങ്കീർത്തനം 139:1-12; എബ്രായർ 4:13) ദൈവത്തിനു തന്നെക്കുറിച്ച് അത്തരം ആഴമായ അവഗാഹമുണ്ടായിരുന്നതിനാൽ ദാവീദിനു സുരക്ഷിതത്വം തോന്നി—മാതാപിതാക്കളുടെ വത്സലകരങ്ങളിൽ ഒരു കൊച്ചുകുട്ടിക്ക് അനുഭവപ്പെടുന്നതുപോലുള്ള സുരക്ഷിതത്വം. യഹോവയുമായുള്ള ആ ഉറ്റബന്ധം ദാവീദിന് അത്യന്തം പ്രിയങ്കരമായിരുന്നു, അവന്റെ സൃഷ്ടിക്രിയകളെക്കുറിച്ച് ആഴമായി ധ്യാനിച്ചുകൊണ്ടും അവനോടു പ്രാർഥിച്ചുകൊണ്ടും അതു നിലനിറുത്താൻ അവൻ യത്നിക്കുകയും ചെയ്തു. യഥാർഥത്തിൽ, 139-ാം സങ്കീർത്തനം ഉൾപ്പെടെയുള്ള അവന്റെ മിക്ക സങ്കീർത്തനങ്ങളും സംഗീതരൂപത്തിലുള്ള പ്രാർഥനകളാണ്. സമാനമായി, ധ്യാനവും പ്രാർഥനയും യഹോവയോട് അടുത്തുചെല്ലാൻ നമ്മെയും സഹായിക്കും.
17. (എ) യഹോവ തന്റെ ഹൃദയം പരിശോധിക്കാൻ ദാവീദ് ആഗ്രഹിച്ചത് എന്തുകൊണ്ട്? (ബി) ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിക്കുന്ന വിധം നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
17 ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്ക് ഇച്ഛാസ്വാതന്ത്ര്യമുണ്ട്. നന്മയോ തിന്മയോ ചെയ്യാൻ നാം സ്വതന്ത്രരാണ്. ആ സ്വാതന്ത്ര്യം നമുക്കു ധാർമിക ഉത്തരവാദിത്വം കൈവരുത്തുന്നു. ദുഷ്ടന്മാരോടൊപ്പം എണ്ണപ്പെടാൻ ദാവീദ് ഇഷ്ടപ്പെട്ടില്ല. (സങ്കീർത്തനം 139:19-22) വേദനാജനകമായ തെറ്റുകളിൽനിന്നു വിട്ടുനിൽക്കാൻ അവൻ ആഗ്രഹിച്ചു. ദൈവത്തിന്റെ സമസ്തതലസ്പർശിയായ പരിജ്ഞാനത്തെക്കുറിച്ചു ബോധ്യം ഉണ്ടായിരുന്നതിനാൽ, തന്റെ ഉള്ളിന്റെയുള്ളിലെ വ്യക്തിയെ പരിശോധിച്ചറിയാനും ജീവനിലേക്കുള്ള പാതയിൽ കൈപിടിച്ചു നടത്താനും അവൻ താഴ്മയോടെ ദൈവത്തോട് അപേക്ഷിച്ചു. ദൈവത്തിന്റെ നീതിനിഷ്ഠമായ ധാർമിക വ്യവസ്ഥകൾ സകലർക്കും ബാധകമാണ്, അതുകൊണ്ട് നമ്മളും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതുണ്ട്. യഹോവയെ അനുസരിക്കാൻ അവൻ നമ്മെയെല്ലാം ഉദ്ബോധിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ദൈവപ്രീതിയും നിരവധി പ്രയോജനങ്ങളും നമുക്ക് ആസ്വദിക്കാനാകും. (യോഹന്നാൻ 12:50; 1 തിമൊഥെയൊസ് 4:8) ഓരോ ദിവസവും ദൈവത്തോടൊത്തു നടക്കുന്നത്, നീറുന്ന പ്രശ്നങ്ങൾക്കുമധ്യേയും മനശ്ശാന്തി നിലനിറുത്താൻ നമ്മെ സഹായിക്കും.—ഫിലിപ്പിയർ 4:6, 7.
നമ്മുടെ മഹാസ്രഷ്ടാവിനോടു പറ്റിനിൽക്കുക!
18. സൃഷ്ടിക്രിയകളെക്കുറിച്ചുള്ള വിചിന്തനത്തിൽനിന്ന് ദാവീദ് എന്തു നിഗമനത്തിലെത്തി?
18 ചെറുപ്രായത്തിലധികവും ദാവീദ് ആട്ടിൻപറ്റങ്ങളുമായി വെളിമ്പ്രദേശങ്ങളിലാണു കഴിഞ്ഞിരുന്നത്. ആടുകൾ പുൽമേടുകളിൽ തല കുമ്പിട്ടു മേഞ്ഞുകൊണ്ടിരുന്നപ്പോൾ അവൻ തന്റെ കണ്ണുകൾ ആകാശത്തേക്കുയർത്തി. പ്രപഞ്ചത്തിന്റെ ഗാംഭീര്യത്തെക്കുറിച്ചും അത് എന്തർഥമാക്കുന്നു എന്നതിനെക്കുറിച്ചും സായംസന്ധ്യയിൽ അവൻ വിചിന്തനംചെയ്തു. “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു” എന്ന് അവൻ എഴുതി. (സങ്കീർത്തനം 19:1, 2) സർവവും അത്യത്ഭുതകരമായ വിധത്തിൽ സൃഷ്ടിച്ചവനെ താൻ അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ദാവീദ് മനസ്സിലാക്കി. നാമും അങ്ങനെതന്നെ ചെയ്യേണ്ടതുണ്ട്.
19. നാം ‘അതിശയകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്ന വസ്തുതയിൽനിന്ന് ചെറുപ്പക്കാർക്കും മുതിർന്നവർക്കും എന്തെല്ലാം പഠിക്കാനാകും?
19 ദാവീദിന്റെ ജീവിതമാതൃകയുടെ ഒരു പ്രതിഫലനമായിരുന്നു, അവന്റെ പുത്രനായ ശലോമോൻ പിന്നീടൊരിക്കൽ ഇളംപ്രായക്കാർക്കു നൽകിയ പിൻവരുന്ന ബുദ്ധിയുപദേശം: “യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; . . . ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്.” (സഭാപ്രസംഗി 12:1, 13) താൻ ‘സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതിശയകരമായിട്ടാണെന്നു’ ചെറുപ്പത്തിൽത്തന്നെ ദാവീദ് ഗ്രഹിച്ചിരുന്നു. ആ തിരിച്ചറിവിനു ചേർച്ചയിലുള്ള പ്രവർത്തനം ജീവിതത്തിലുടനീളം അവനു വലിയ പ്രയോജനം ചെയ്തു. ചെറുപ്പക്കാരോ മുതിർന്നവരോ എന്ന വ്യത്യാസമില്ലാതെ നമ്മുടെ മഹാസ്രഷ്ടാവിനെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്നപക്ഷം ഇപ്പോഴത്തെയും ഭാവിയിലെയും നമ്മുടെ ജീവിതം ആനന്ദപ്രദമായിരിക്കും. യഹോവയോടു പറ്റിനിൽക്കുകയും അവന്റെ നീതിനിഷ്ഠമായ വഴികൾ പിൻപറ്റുകയും ചെയ്യുന്നവരെക്കുറിച്ച് ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; [യഹോവ നേരുള്ളവൻ എന്നു പ്രസ്താവിക്കേണ്ടതിന്] അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.” (സങ്കീർത്തനം 92:14, 15) സ്രഷ്ടാവിന്റെ അതിശയകരമായ സൃഷ്ടിക്രിയകൾ എന്നെന്നും ആസ്വദിക്കാനുള്ള പ്രത്യാശയും നമുക്കുണ്ടായിരിക്കും.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഉണരുക! മാസികയുടെ 2004 ജൂൺ 22 ലക്കം (ഇംഗ്ലീഷ്) കാണുക.
b 1997 ആഗസ്റ്റ് 8 ലക്കം ഉണരുക!യിലെ “നിങ്ങളുടെ വൃക്കകൾ—ജീവൻ നിലനിർത്തുന്ന അരിപ്പ” എന്ന ലേഖനവും കാണുക.
c രാത്രിയിൽ ഉറങ്ങുന്നതുവരെ ദിവസംമുഴുവൻ യഹോവയുടെ വിചാരങ്ങൾ എണ്ണിക്കൊണ്ടിരുന്നാലും ഉറക്കമുണരുമ്പോൾ പിന്നെയും കൂടുതൽ എണ്ണാനുണ്ടായിരിക്കും എന്നതായിരിക്കാം സങ്കീർത്തനം 139:18-ന്റെ രണ്ടാം ഭാഗത്തിന്റെ അർഥം.
നിങ്ങൾക്കു വിശദീകരിക്കാമോ?
• ഭ്രൂണം വികാസംപ്രാപിക്കുന്ന വിധം, നാം ‘അതിശയകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്നതിനു തെളിവുനൽകുന്നത് എങ്ങനെ?
• യഹോവയുടെ വിചാരങ്ങളെക്കുറിച്ചു നാം ധ്യാനിക്കേണ്ടത് എന്തുകൊണ്ട്?
• യഹോവയുമായുള്ള നമ്മുടെ ബന്ധവും വിശ്വാസവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
[23-ാം പേജിലെ ചിത്രങ്ങൾ]
ഭ്രൂണം വളർന്നുവരുന്നത് മുൻകൂട്ടിയുള്ള ഒരു രൂപരേഖയ്ക്കു ചേർച്ചയിലാണ്
ഡിഎൻഎ
[കടപ്പാട്]
അജാതശിശു: Lennart Nilsson
[24-ാം പേജിലെ ചിത്രം]
സ്നേഹവാനായ ഒരു പിതാവിൽ ആശ്രയിക്കുന്ന മക്കളെപ്പോലെ നാം യഹോവയിൽ ആശ്രയിക്കുന്നു
[25-ാം പേജിലെ ചിത്രം]
സൃഷ്ടിക്രിയകളെക്കുറിച്ചുള്ള ധ്യാനം, യഹോവയെ സ്തുതിക്കാൻ ദാവീദിനെ പ്രചോദിപ്പിച്ചു