വാഗ്ദത്ത ദേശത്തുനിന്നുള്ള രംഗങ്ങൾ
ബാശാൻ—സമൃദ്ധമായ ഒരു ഉറവ
നിങ്ങൾ ബൈബിൾ വായിക്കുമ്പോൾ നിങ്ങൾക്കു ചിത്രീകരിക്കാനാവാത്ത അനേകം സ്ഥലനാമങ്ങളെ നിങ്ങൾ അഭിമുഖീകരിച്ചിട്ടില്ലേ? യഹോവയുടെ സാക്ഷികൾ 1989 ജൂൺ-ഓഗസ്ററ് കാലഘട്ടത്തിൽ മീഖാ മുതൽ സെഖര്യാവു വരെയുള്ള പുസ്തകങ്ങൾ വായിച്ചു. ആ പട്ടിക പിൻപററിയപ്പോൾ ബാശാൻ മൂന്നു വാക്യങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നതായി നിങ്ങൾ കണ്ടു. (മീഖാ 7:14; നഹൂം 1:4; സെഖര്യാവ് 11:2) നിങ്ങൾക്ക് നിങ്ങളുടെ മനോദൃഷ്ടികൊണ്ട് ബാശാൻ കാണാൻ കഴിയുന്നുവെങ്കിൽ അവയും താൽപര്യജനകമായ മററു വാക്യങ്ങളും കൂടുതൽ അർത്ഥവത്തായിരിക്കും.
ബാശാൻ എവിടെയായിരുന്നു? കൊള്ളാം, നിങ്ങൾക്ക് പൊതുവെ അത് ഗോലാൻ ശൃംഗങ്ങളാണെന്ന് തിരിച്ചറിയാൻ കഴിയും, അതു നിങ്ങൾ വർത്തമാനപ്പത്ര ഭൂപടത്തിൽ നിരീക്ഷിച്ചിട്ടുണ്ടായിരിക്കാം. ബാശാൻ ഗലീലാക്കടലിനും വടക്കൻ യോർദ്ദാൻ താഴ്വരക്കും കിഴക്കു സ്ഥിതിചെയ്തിരുന്നു. അത് അടിസ്ഥാനപരമായി യാർമുക്ക് നദി (ഇപ്പോഴത്തെ യോർദ്ദാന്റെയും സിറിയയുടെയും ഇടക്കുള്ള അതിർത്തിയുടെ ഒരു ഭാഗം) മുതൽ വടക്ക് ഹെർമോൻ പർവതം വരെ വ്യാപിച്ചുകിടന്നിരുന്നു.
പുരാതന ഇസ്രായേല്യർ വാഗ്ദത്തനാട്ടിൽ കടക്കുന്നതിനുമുമ്പ് അവർക്ക് ബാശാൻ രാജാവായ മല്ലനായ ഓഗിനെ പരാജയപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനുശേഷം ബാശാന്റെ അധികഭാഗവും മനശ്ശെഗോത്രം അധീനത്തിൽ വെച്ചിരുന്നു. (ആവർത്തനം 3:1-7, 11,13; സംഖ്യാപുസ്തകം 32:33; 34:14) ഈ ബൈബിൾപ്രദേശം എങ്ങനെയുള്ളതായിരുന്നു? അതിന് അതിന്റെ പർവതപ്രദേശങ്ങളിൽ വനങ്ങൾ ഉണ്ടായിരുന്നെങ്കിലും ബാശാന്റെ മിക്ക ഭാഗവും പീഠഭൂമി, ഉയർന്ന സമതലമായിരുന്നു.
പല വിധങ്ങളിൽ ബാശാൻ ഒരു വൈവിധ്യമാർന്ന അപ്പക്കൊട്ടയായിരുന്നു. ഇതപ്രകാരമായിരുന്നതിന്റെ കാരണം, ആ പ്രദേശത്തിന്റെ മിക്ക ഭാഗവും നല്ല പുൽപ്പുറങ്ങൾ അഥവാ മേച്ചിൽപ്പുറങ്ങളായിരുന്നു എന്നതാണ്. (യിരെമ്യാവ് 50:19) ഇതിന്റെ കൂടെ ചേർത്തിരിക്കുന്ന ഫോട്ടോകൾ ബാശാനെ സംബന്ധിച്ച ചില ബൈബിൾ പരാമർശനങ്ങളെ നിങ്ങളുടെ ഓർമ്മയിലേക്കു കൊണ്ടുവന്നേക്കാം.a അനേകർ “ബാശാനിലെ കൂററൻമാരെ”ക്കുറിച്ചു വായിച്ചിട്ടുണ്ട്. (സങ്കീർത്തനം 22:12. കിംഗ ജയിംസ വേർഷൻ) അതെ, പുരാതനകാലങ്ങളിൽ ഈ പ്രദേശം അതിന്റെ ബലമുള്ള മൂരികൾ ഉൾപ്പെടെ കന്നുകാലികൾക്ക് പ്രസിദ്ധമായിരുന്നു. എന്നാൽ സമൃദ്ധമായി പാലും വെണ്ണയും സംഭാവനചെയ്തിരുന്ന ചെമ്മരിയാടും കോലാടും പോലെയുള്ള മററു മൃഗസമ്പത്തും അവിടെ പുഷ്ടിപ്പെട്ടിരുന്നു.—ആവർത്തനം 32:14.
അത് അനേകരും വളരെ വരണ്ടതെന്നു കരുതുന്ന ഒരു പ്രദേശത്ത്, യോർദ്ദാന് കിഴക്കായിരുന്നു സ്ഥിതിചെയ്തിരുന്നത് എന്നുള്ളതുകൊണ്ട് ബാശാനെ അത്ര ഫലസമൃദ്ധമാക്കിയതെന്താണെന്ന് നിങ്ങൾ അതിശയിച്ചേക്കാം. പടിഞ്ഞാറുഭാഗത്തുള്ള ഗലീലിയാകുന്നുകൾ ഉയരം കുറഞ്ഞവയാകയാൽ മെഡിറററേനിയനിൽനിന്നുള്ള കാർമേഘങ്ങൾക്ക് അതു കടന്ന് ബാശാനിൽ ധാരാളം മഴപെയ്യിക്കാൻ കഴിഞ്ഞിരുന്നു എന്നതാണ് വസ്തുത. കൂടാതെ, ഹെർമോൻ പർവതത്തിൽനിന്നുള്ള ഈർപ്പമുള്ള കാററും അരുവികളും താഴേക്കു വന്നിരുന്നു. ആ വിലയേറിയ ഈർപ്പവും ബാശാനിൽ കാണപ്പെടുന്ന അഗ്നിപർവത മണ്ണും കൂടിച്ചേരുമ്പോഴത്തെ സാദ്ധ്യതയെക്കുറിച്ച് സങ്കൽപ്പിക്കുക! ആ പ്രദേശം സമൃദ്ധമായി ധാന്യം ഉൽപ്പാദിപ്പിച്ചിരുന്നു. റോമാക്കാർക്ക് ഒരു മുഖ്യ ധാന്യകലവറയായിത്തീരുന്നതിനുമുമ്പ്, ബാശാൻ ശലോമോന്റെ മേശക്കുവേണ്ടി ആഹാരം പ്രദാനം ചെയ്തിരുന്നു. അപ്പോൾ നല്ല കാരണത്താലായിരുന്നു ദൈവത്തിന് തന്റെ വിടുവിക്കപ്പെട്ട ജനത്തിനുവേണ്ടിയുള്ള അവന്റെ കരുതലിനെക്കുറിച്ച് പിന്നീട് ഈ വിധത്തിൽ പറയാൻ കഴിഞ്ഞത്: “ദീർഘനാൾ മുമ്പത്തെ നാളുകളിലെന്നപോലെ അവർ ബാശാനിലും ഗിലയാദിലും നിന്ന് ഭക്ഷിക്കട്ടെ.”—മീഖാ 7:14; 1 രാജാക്കൻമാർ 4:7, 13.
അത്തരം ഫലസമൃദ്ധിയെക്കുറിച്ചുള്ള അറിവ് നിങ്ങളെ ദൈവത്തിന്റെ അപ്രീതി എന്തു കൈവരുത്തുമെന്നതിനെക്കുറിച്ചുള്ള നഹൂമിന്റെ മൂർച്ചയുള്ള ഈ വിവരണത്തെ വിലമതിക്കാൻ സഹായിക്കും: “ബാശാനും കർമ്മേലും (മഹാസമുദ്രത്തിനടുത്ത് തഴച്ചുനിന്ന കുന്നുകൾ) വാടിപ്പോയി, ലബാനോനിലെ പുഷ്പംതന്നെ വാടിപ്പോയി.”—നഹൂം 1:4ബി.
ബാശാനെ സംബന്ധിച്ച ഈ ബാഹ്യവീക്ഷണത്തിന് ബൈബിളിലെ ചില സൂക്ഷ്മരംഗങ്ങളെ കൂടുതൽ എളുപ്പത്തിൽ ചിത്രീകരിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന് നിങ്ങൾ ബാശാനിലെ മിക്കയിടത്തും വളരുന്ന ഗോതമ്പു പോലുള്ള ധാന്യങ്ങളുടെ കൊയ്തിനെക്കുറിച്ചു വായിച്ചിരിക്കാനിടയുണ്ട്. ഗോതമ്പുകൊയ്ത് ഇയ്യാർ, സിവാൻ എന്നീ ഉഷ്ണമാസങ്ങളിൽ (യഹൂദ കലണ്ടറിൽ ഏപ്രിൽ, മെയ്യ് മാസങ്ങളുടെ അവസാനത്തോടും ജൂൺമാസത്തിന്റെ ആരംഭത്തോടും ഒത്തുവരുന്നത്) വന്നു. ഈ കാലഘട്ടത്തിൽ വാരോത്സവം (പെന്തെക്കോസ്ത്) നടന്നു. അതിന്റെ ഭാഗമെന്ന നിലയിൽ ഗോതമ്പുകൊയ്തിന്റെ ആദ്യഫലങ്ങൾ അർപ്പിക്കുകയും കുഞ്ഞാടുകളെയും കോലാട്ടുകൊററൻമാരെയും കാളകളെയും യാഗം കഴിക്കുകയും ചെയ്തിരുന്നു. മൃഗങ്ങളെ ബാശാനിൽനിന്നു കൊണ്ടുവന്നിരുന്നുവോ?—പുറപ്പാട് 34:22; ലേവ്യർ 23:15-18.
കൊയ്തുകാലത്ത് ജോലിക്കാർ മുകളിൽ കാണുന്ന തരത്തിലുള്ള ഇരിമ്പുകൊണ്ടുണ്ടാക്കിയ വളഞ്ഞ അരിവാൾകൊണ്ട്—അതിന്റെ മരംകൊണ്ടുള്ള പിടി നഷ്ടപ്പെട്ടതാണ്—നിൽക്കുന്ന ഗോതമ്പ് മുറിച്ചെടുത്തിരുന്നു. (ആവർത്തനം 16:9, 10; 23:25) പിന്നീട് കററകൾ ശേഖരിച്ച് ഒരു മെതിക്കളത്തിലേക്കു കൊണ്ടുപോകയും അവിടെ മരംകൊണ്ടുള്ള (അടിയിൽ കല്ല് ഉറപ്പിച്ചിരിക്കുന്നത്) ഒരു തെന്നുവണ്ടി അതിന്റെ മുകളിൽക്കൂടി കയററി മണികൾ വേർപെടുത്തുകയും ചെയ്തിരുന്നു. (രൂത്ത് 2:2-7, 23; 3:3, 6; യെശയ്യാവ് 41:15) നിങ്ങൾ ഗോലാൻശൃംഗങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ഇതിന്റെ ചിത്രം പരിശോധിക്കുമ്പോൾ ദൈവത്തിന്റെ അർത്ഥവത്തായ ഈ ചട്ടം നിങ്ങൾ ഓർമ്മിച്ചേക്കാം: “മെതിക്കുന്ന കാളക്ക് നിങ്ങൾ മുഖക്കൊട്ട കെട്ടരുത്.”—ആവർത്തനം 25:4; 1 കൊരിന്ത്യർ 9:9.
അവസാനമായി, ഇടതുവശത്ത് കാണിച്ചിരിക്കുന്നതുപോലെ, ബാശാന് അനേകം പടുകൂററൻ ഓക്കുമരങ്ങളോടുകൂടിയ ഇടതൂർന്ന വനപ്രദേശങ്ങൾ ഉണ്ടായിരുന്നുവെന്ന കാര്യം ഓർമ്മിക്കുക. ഫൊയ്നീക്യക്കാർ ബാശാനിൽനിന്നുള്ള ബലിഷ്ഠമായ ഓക്കുതടികൊണ്ട് തുഴകൾ നിർമ്മിച്ചിരുന്നു. (യെഹെസ്ക്കേൽ 27:6) എന്നിട്ടും, അത്തരം ‘ബാശാനിലെ ബൃഹത്തായ വൃക്ഷങ്ങൾക്ക്, അഭേദ്യമായിരുന്ന വനത്തിനു’പോലും ദൈവത്തിന്റെ പ്രകടമാക്കപ്പെട്ട കോപത്തെ ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല. (സെഖര്യാവ് 11:2; യെശയ്യാവ് 2:13) അത്തരം വൃക്ഷങ്ങൾ കാണുന്നത് അത്തരം വനങ്ങൾ പലായനം ചെയ്യുന്ന ഒരു സൈന്യത്തിന് ഒരു പ്രശ്നമായിരിക്കാവുന്നതെന്തുകൊണ്ടെന്ന് ഭാവനയിൽ കാണുന്നത് എളുപ്പമാക്കിത്തീർക്കുന്നു. മറെറാരിടത്ത് അബ്ശാലോമിനു സംഭവിച്ചതുപോലെ ഏകനായി ഓടുന്ന ഒരാൾക്കുപോലും കൊമ്പുകളിൽ പിടികൂടപ്പെടാൻ കഴിയും.—2 ശമുവേൽ 18:8, 9.
ബാശാൻ ബൈബിൾപ്രാധാന്യമുള്ള വളരെയധികം സംഭവങ്ങൾ നടന്നിട്ടില്ലാത്ത വാഗ്ദത്തദേശത്തിന്റെ ഒരു ഭാഗമായിരുന്നെങ്കിലും അതിൽനിന്നുള്ള രംഗങ്ങൾ അതോടു ബന്ധപ്പെട്ട ബൈബിൾപരാമർശനങ്ങൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വർദ്ധിപ്പിക്കുകതന്നെ ചെയ്യും. (w89 5⁄1)
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികളുടെ 1989-ലെ കലണ്ടറും കാണുക.
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.
[29-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.
Inset: Badè Institute of Biblical Archaeology
Pictorial Archive (Near Eastern History) Est.