യഹോവയിൽനിന്നുള്ള സഹായം നിങ്ങൾ സ്വീകരിക്കുന്നുണ്ടോ?
“കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല.”—എബ്രായർ 13:6.
1, 2. ജീവിതത്തിൽ നാം യഹോവയുടെ സഹായവും മാർഗനിർദേശവും സ്വീകരിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾ ഒരു മലമ്പാതയിലൂടെ നടക്കുന്നതായി ഭാവനയിൽ കാണുക. നിങ്ങൾ തനിച്ചല്ല. ഉള്ളതിൽ ഏറ്റവും നല്ല ഒരു ഗൈഡ് അഥവാ വഴികാട്ടി നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളെ അപേക്ഷിച്ച് വളരെയേറെ പരിചയസമ്പത്തും കരുത്തും ഉണ്ടെങ്കിലും അദ്ദേഹം നിങ്ങളോടൊപ്പം ക്ഷമയോടെ നടക്കുന്നു. നിങ്ങൾ ഇടയ്ക്കിടെ വീഴാൻപോകുന്നതായി അദ്ദേഹം കാണുന്നു. നിങ്ങളുടെ സുരക്ഷയിൽ തത്പരനായതിനാൽ പ്രത്യേകിച്ച് അപകടം പതിയിരിക്കുന്ന സ്ഥലങ്ങളിൽ അദ്ദേഹം നിങ്ങളെ കൈപിടിച്ച് സഹായിക്കുന്നു. അദ്ദേഹത്തിന്റെ സഹായം നിങ്ങൾ നിരസിക്കുമോ? തീർച്ചയായുമില്ല! നിങ്ങളുടെ സുരക്ഷയാണ് ആപത്തിലായിരിക്കുന്നത്.
2 ക്രിസ്ത്യാനികളായ നമ്മുടെ പാതയും വെല്ലുവിളികൾ നിറഞ്ഞതാണ്. ഇടുങ്ങിയ ഈ വഴിയിലൂടെ നാം തനിച്ചു സഞ്ചരിക്കണമോ? (മത്തായി 7:14) വേണ്ട. നമുക്കു ലഭ്യമായിരിക്കുന്നതിൽവെച്ച് ഏറ്റവും നല്ല ഗൈഡായ യഹോവയാം ദൈവം മനുഷ്യരെ തന്നോടൊപ്പം നടക്കാൻ അനുവദിക്കുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. (ഉല്പത്തി 5:24; 6:9) തന്റെ ദാസർ നടക്കവേ യഹോവ സഹായിക്കുന്നുണ്ടോ? അവൻ ഇപ്രകാരം പറയുന്നു: “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.” (യെശയ്യാവു 41:13) നമ്മുടെ ദൃഷ്ടാന്തത്തിലെ ഗൈഡിനെപ്പോലെ തന്നോടൊത്തു നടക്കാൻ ശ്രമിക്കുന്നവർക്കു യഹോവ സഹായഹസ്തവും സൗഹൃദവും ദയാപുരസ്സരം നീട്ടിക്കൊടുക്കുന്നു. നമ്മിൽ ആരും അത്തരം സഹായം തള്ളിക്കളയാൻ ഒരിക്കലും ആഗ്രഹിക്കുകയില്ല.
3. ഈ ചർച്ചയിൽ നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും?
3 പുരാതന കാലത്ത് യഹോവ തന്റെ ജനത്തെ സഹായിച്ച നാലു വിധങ്ങൾ മുൻലേഖനത്തിൽ നാം കണ്ടുകഴിഞ്ഞു. ഇക്കാലത്ത് അതേ വിധങ്ങളിൽ ദൈവം തന്റെ ജനത്തെ സഹായിക്കുന്നുണ്ടോ? അത്തരത്തിലുള്ള ഏതു സഹായവും നാം സ്വീകരിക്കുന്നുവെന്ന് നമുക്കെങ്ങനെ ഉറപ്പുവരുത്താൻ കഴിയും? ഈ ചോദ്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം. യഹോവ യഥാർഥമായും നമ്മുടെ സഹായിയാണെന്ന ബോധ്യത്തെ അത് ഒന്നുകൂടെ അരക്കിട്ടുറപ്പിക്കും.—എബ്രായർ 13:6.
ദൂതസഹായം
4. ദൂത പിന്തുണ സംബന്ധിച്ച് ആധുനികകാല ദൈവദാസർക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
4 യഹോവയുടെ ആധുനികകാല ദാസരെ ദൂതന്മാർ സഹായിക്കുന്നുണ്ടോ? തീർച്ചയായുമുണ്ട്. സത്യാരാധകരെ അപകടത്തിൽനിന്നു വിടുവിക്കാനായി അവർ ഇക്കാലത്ത് ദൃശ്യമായ വിധത്തിൽ ഇടപെടുന്നില്ല എന്നതു ശരിതന്നെ. ബൈബിൾ കാലങ്ങളിൽപ്പോലും, ദൂതന്മാർ അങ്ങനെ ഇടപെട്ടത് അപൂർവം സന്ദർഭങ്ങളിലായിരുന്നു. അവർ ചെയ്ത മിക്ക സംഗതികളും ഇക്കാലത്തേതുപോലെ മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായിരുന്നു. എന്നിരുന്നാലും, തങ്ങളെ സഹായിക്കാൻ ദൂതന്മാരുണ്ടെന്ന തിരിച്ചറിവ് ദൈവദാസർക്കു വളരെ പ്രോത്സാഹജനകമായിരുന്നു. (2 രാജാക്കന്മാർ 6:14-17) സമാനമായ രീതിയിൽ പ്രോത്സാഹിതരാകാൻ നമുക്കും തക്ക കാരണമുണ്ട്.
5. ഇക്കാലത്തെ പ്രസംഗവേലയിൽ ദൂതന്മാർക്ക് ഒരു പങ്കുണ്ടെന്നു ബൈബിൾ പ്രകടമാക്കുന്നത് എങ്ങനെ?
5 നാം ഉൾപ്പെടുന്ന ഒരു പ്രത്യേക വേലയിൽ യഹോവയുടെ ദൂതന്മാർക്ക് സവിശേഷ താത്പര്യമുണ്ട്. ഏതാണ് ആ വേല? വെളിപ്പാടു 14:6 നമുക്ക് ഇങ്ങനെ ഉത്തരം നൽകുന്നു: “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.” ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിനു മുമ്പ് “സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞ “രാജ്യത്തിന്റെ . . . സുവിശേഷ”ത്തോട് ഈ “നിത്യസുവിശേഷം” നിസ്സംശയമായും ബന്ധപ്പെട്ടിരിക്കുന്നു. (മത്തായി 24:14) ദൂതന്മാർ നേരിട്ടു പ്രസംഗിക്കുന്നില്ല. പ്രധാനപ്പെട്ട ഈ നിയോഗം യേശു മനുഷ്യരെയാണു ഭരമേൽപ്പിച്ചിരിക്കുന്നത്. (മത്തായി 28:19, 20) ആ നിയോഗം നിറവേറ്റവേ നമുക്ക് വിശുദ്ധ ദൂതന്മാരുടെ, ജ്ഞാനവും ശക്തിയുമുള്ള ആത്മ ജീവികളുടെ, സഹായമുണ്ടെന്ന അറിവു പ്രോത്സാഹജനകമല്ലേ?
6, 7. (എ) ദൂതന്മാർ നമ്മുടെ പ്രസംഗവേലയെ പിന്തുണയ്ക്കുന്നുണ്ടെന്ന് എന്തു സൂചിപ്പിക്കുന്നു? (ബി) യഹോവയുടെ ദൂതന്മാരുടെ സഹായം നമുക്കെങ്ങനെ ഉറപ്പുവരുത്താം?
6 നമ്മുടെ വേലയുടെ ദൂതപിന്തുണയ്ക്കു നിരവധി തെളിവുകളുണ്ട്. ഉദാഹരണത്തിന്, സത്യം കണ്ടെത്താൻ സഹായിക്കേണമേ എന്നു ദൈവത്തോടു പ്രാർഥിച്ച് അധികം താമസിയാതെ യഹോവയുടെ സാക്ഷികൾ അത്തരം വ്യക്തികളെ സന്ദർശിച്ചതു സംബന്ധിച്ച് നാം കൂടെക്കൂടെ കേൾക്കാറുണ്ട്. ആകസ്മികമെന്നു പറഞ്ഞു തള്ളിക്കളയാനാവാത്തവിധം അത്രയധികമായാണ് അത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്. അത്തരം ദൂതസഹായത്തിന്റെ ഫലമായി “ആകാശമദ്ധ്യേ പറക്കുന്ന” ദൂതൻ ഘോഷിച്ച പിൻവരുന്ന കാര്യം ചെയ്യാൻ കൂടുതൽ കൂടുതൽ ആളുകൾ പഠിച്ചുകൊണ്ടിരിക്കുന്നു: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ.”—വെളിപ്പാടു 14:7.
7 യഹോവയുടെ ശക്തരായ ദൂതന്മാരുടെ സഹായം ഉണ്ടായിരിക്കാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നുവോ? എങ്കിൽ, ശുശ്രൂഷയിൽ പരമാവധി പ്രവർത്തിക്കുക. (1 കൊരിന്ത്യർ 15:58) യഹോവയിൽനിന്നുള്ള ഈ പ്രത്യേക നിയമനത്തിൽ നാം സന്തോഷത്തോടെ ഉദാരമായി പങ്കുപറ്റുമ്പോൾ ദൂതപിന്തുണ സംബന്ധിച്ച് നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.
പ്രധാന ദൂതന്റെ സഹായം
8. സ്വർഗത്തിൽ യേശു ഏതു സമുന്നത സ്ഥാനം അലങ്കരിക്കുന്നു, അതു നമുക്ക് ഉറപ്പും ധൈര്യവും നൽകുന്നത് എന്തുകൊണ്ട്?
8 മറ്റൊരു തരം ദൂതസഹായവും യഹോവ നമുക്കു നൽകുന്നുണ്ട്. ‘മുഖം സൂര്യനെപ്പോലെ ഉള്ള,’ ഭയാദരവുണർത്തുംവിധം ‘ബലവാനായ ഒരു ദൂതനെ’ക്കുറിച്ച് വെളിപ്പാടു 10:1 വിശദീകരിക്കുന്നു. ദർശനത്തിൽ കണ്ട ഈ ദൂതൻ സ്വർഗീയ അധികാരത്തിലുള്ള മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിനെത്തന്നെയാണു ചിത്രീകരിക്കുന്നത്. (വെളിപ്പാടു 1:13, 16) യേശു വാസ്തവത്തിൽ ഒരു ദൂതനാണോ? ഒരർഥത്തിൽ അതേ, കാരണം, അവൻ പ്രധാനദൂതനാണ്. (1 തെസ്സലൊനീക്യർ 4:16) യഹോവയുടെ ആത്മ പുത്രന്മാരിൽവെച്ച് ഏറ്റവും ശക്തനാണ് യേശു. യഹോവ തന്റെ സകല ദൂത സേനകളെയും അവന്റെ കീഴിലാക്കിയിരിക്കുന്നു. ഈ പ്രധാനദൂതൻ സഹായത്തിന്റെ ശക്തമായ ഒരു ഉറവുതന്നെയാണ്. ഏതു വിധങ്ങളിൽ?
9, 10. (എ) നാം പാപം ചെയ്യുമ്പോൾ യേശു നമ്മുടെ “സഹായി”യായി വർത്തിക്കുന്നത് എങ്ങനെ? (ബി) യേശുവിന്റെ മാതൃക നമുക്കു സഹായകമാകുന്നത് എങ്ങനെ?
9 വൃദ്ധനായ യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ [“സഹായി,” NW] നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്.” (1 യോഹന്നാൻ 2:1) പ്രത്യേകിച്ച്, ‘നാം പാപം ചെയ്യുമ്പോൾ’ യേശു നമ്മുടെ “സഹായി”യാണെന്ന് യോഹന്നാൻ സൂചിപ്പിച്ചത് എന്തുകൊണ്ട്? നാം ദിവസവും പാപം ചെയ്യുന്നുണ്ട്, പാപം മരണത്തിലേക്കു നയിക്കുന്നു. (സഭാപ്രസംഗി 7:20; റോമർ 6:23) എന്നാൽ യേശു നമ്മുടെ പാപങ്ങൾക്കായി സ്വജീവൻ ഒരു ബലിയായി അർപ്പിച്ചു. നമുക്കുവേണ്ടി അപേക്ഷിക്കാൻ അവൻ ഇപ്പോൾ കരുണാമയനായ നമ്മുടെ പിതാവിന്റെ അരികിലുണ്ട്. നമുക്കോരോരുത്തർക്കും അത്തരം സഹായം ആവശ്യമാണ്. അതു നമുക്കെങ്ങനെ നേടാം? നാം നമ്മുടെ പാപങ്ങൾ സംബന്ധിച്ച് അനുതപിച്ച് യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ക്ഷമ തേടണം. പാപങ്ങൾ ആവർത്തിക്കാതിരിക്കുകയും വേണം.
10 യേശു നമുക്കായി മരിച്ചതിനു പുറമേ, നമുക്കുവേണ്ടി പൂർണതയുള്ള ഒരു മാതൃക വെക്കുകയും ചെയ്തിരിക്കുന്നു. (1 പത്രൊസ് 2:21) ഗുരുതരമായ പാപങ്ങൾ ഒഴിവാക്കാനും യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കാനും ഉതകും വിധം അവന്റെ മാതൃക നമ്മെ വഴിനയിക്കുകയും നമ്മുടെ പ്രവർത്തനഗതി നിർണയിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള സഹായം ലഭ്യമായിരിക്കുന്നതിൽ നാം സന്തുഷ്ടരല്ലേ? തന്റെ അനുഗാമികൾക്ക് മറ്റൊരു സഹായിയെ ലഭിക്കുമെന്ന് യേശു വാഗ്ദാനം ചെയ്തു.
പരിശുദ്ധാത്മാവിന്റെ സഹായം
11, 12. യഹോവയുടെ ആത്മാവ് എന്താണ്, അത് എത്ര ശക്തമാണ്, ഇക്കാലത്ത് നമുക്ക് അതിന്റെ ആവശ്യമുള്ളത് എന്തുകൊണ്ട്?
11 യേശു ഈ വാഗ്ദാനം നൽകി: “ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ [“സഹായിയെ,” NW] എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹന്നാൻ 14:16) ഈ “സത്യത്തിന്റെ ആത്മാവ്” അഥവാ പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല മറിച്ച് ഒരു ശക്തി, യഹോവയുടെ പ്രവർത്തനനിരതമായ ശക്തി ആണ്. അത് അപരിമേയമാം വിധം ശക്തമാണ്. പ്രപഞ്ചത്തെ സൃഷ്ടിക്കാനും വിസ്മയകരമായ അത്ഭുതങ്ങൾ ചെയ്യാനും ദർശനങ്ങളിലൂടെ തന്റെ ഹിതം വെളിപ്പെടുത്താനും യഹോവ ഉപയോഗിച്ചത് ഈ ശക്തിയാണ്. ഇപ്പോൾ യഹോവ ഈ പ്രത്യേക വിധങ്ങളിൽ തന്റെ ആത്മാവിനെ ഉപയോഗിക്കുന്നില്ലാത്തതിനാൽ, നമുക്ക് അതിന്റെ ആവശ്യമില്ലെന്ന് അർഥമുണ്ടോ?
12 ഒരിക്കലുമില്ല! നേരെ മറിച്ച്, ഈ ‘ദുർഘടസമയങ്ങളിൽ’ യഹോവയുടെ ആത്മാവ് നമുക്ക് മുമ്പെന്നത്തെക്കാളധികം ആവശ്യമാണ്. (2 തിമൊഥെയൊസ് 3:1) പരിശോധനകളിൽ സഹിച്ചുനിൽക്കാൻ ഇതു നമ്മെ ശക്തീകരിക്കുന്നു. നമ്മെ യഹോവയ്ക്കും ആത്മീയ സഹോദരീസഹോദരന്മാർക്കും പ്രിയങ്കരരാക്കുന്ന ഉത്തമ ഗുണങ്ങൾ നട്ടുവളർത്താൻ ഇതു നമ്മെ സഹായിക്കുന്നു. (ഗലാത്യർ 5:22, 23) അങ്ങനെയെങ്കിൽ, യഹോവ നൽകുന്ന അത്ഭുതകരമായ ഈ സഹായത്തിൽനിന്നു നമുക്കെങ്ങനെ പ്രയോജനം നേടാനാകും?
13, 14. (എ) യഹോവ തന്റെ ജനത്തിന് മനസ്സോടെ പരിശുദ്ധാത്മാവിനെ നൽകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്? (ബി) പരിശുദ്ധാത്മാവെന്ന ദാനം നാം സ്വീകരിക്കുന്നില്ലെന്ന് ഏതു പ്രവൃത്തിയിലൂടെ നാം പ്രകടമാക്കിയേക്കാം?
13 ഒന്നാമതായി, പരിശുദ്ധാത്മാവിനായുള്ള പ്രാർഥന ആവശ്യമാണ്. യേശു ഇങ്ങനെ പറഞ്ഞു: “ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.” (ലൂക്കൊസ് 11:13) അതേ, സങ്കൽപ്പിക്കാവുന്നതിലേക്കുംവെച്ച് ഏറ്റവും നല്ല പിതാവാണ് യഹോവ. വിശ്വാസത്തോടും ആത്മാർഥതയോടുംകൂടെ ചോദിക്കുന്ന പക്ഷം അവൻ പരിശുദ്ധാത്മാവ് എന്ന ദാനം നമുക്കു നൽകുമെന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട്, ചോദ്യമിതാണ്: നാം അതിനായി യാചിക്കുന്നുണ്ടോ? ദൈനംദിന പ്രാർഥനകളിൽ അതിനായി അപേക്ഷിക്കാൻ നമുക്ക് ഈടുറ്റ കാരണമുണ്ട്.
14 രണ്ടാമതായി, പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് നാം ആ ദാനം സ്വീകരിക്കുന്നു. ദൃഷ്ടാന്തത്തിന്, അശ്ലീലം വീക്ഷിക്കാനുള്ള പ്രവണതയുമായി ഒരു ക്രിസ്ത്യാനി മല്ലിടുകയാണെന്നു വെക്കുക. അശുദ്ധമായ ഈ ശീലത്തെ ചെറുത്തുനിൽക്കാൻ അദ്ദേഹം പരിശുദ്ധാത്മാവിന്റെ സഹായത്തിനായി പ്രാർഥിച്ചിരിക്കുന്നു. അദ്ദേഹം ക്രിസ്തീയ മൂപ്പന്മാരിൽനിന്ന് ബുദ്ധിയുപദേശം തേടിയിരിക്കുന്നു. അത്തരം അധമമായ കാര്യങ്ങൾക്ക് അടുത്തുപോലും പോകാതിരുന്നുകൊണ്ട് നിർണായക നടപടി സ്വീകരിക്കാൻ അവർ അദ്ദേഹത്തോടു പറഞ്ഞിരിക്കുന്നു. (മത്തായി 5:29) അദ്ദേഹം അവരുടെ ബുദ്ധിയുപദേശം അവഗണിച്ച് വീണ്ടും പ്രലോഭനത്തിനു വഴങ്ങുന്നെങ്കിലോ? പരിശുദ്ധാത്മാവ് നൽകി സഹായിക്കേണമേ എന്ന പ്രാർഥനയ്ക്ക് ചേർച്ചയിൽ അദ്ദേഹം പ്രവർത്തിക്കുകയായിരിക്കുമോ? അതോ അദ്ദേഹം ദൈവാത്മാവിനെ ദുഃഖിപ്പിക്കുകയും ഈ ദാനം ഉണ്ടായിരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിന്റെ അപകടത്തിലാണോ? (എഫെസ്യർ 4:30) യഹോവയിൽനിന്നുള്ള അത്ഭുതകരമായ ഈ ദാനം അനുസ്യൂതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നാമെല്ലാം പരമാവധി പ്രവർത്തിക്കേണ്ടതാണ്.
ദൈവവചനത്തിൽനിന്നുള്ള സഹായം
15. നാം ബൈബിളിനെ നിസ്സാരമായി കാണുന്നില്ലെന്നു നമുക്കെങ്ങനെ പ്രകടമാക്കാം?
15 യഹോവയുടെ വിശ്വസ്ത ദാസർക്ക് ബൈബിൾ നൂറ്റാണ്ടുകളായി സഹായത്തിന്റെ ഒരു ഉറവായിരുന്നിട്ടുണ്ട്. വിശുദ്ധ തിരുവെഴുത്തുകളെ നിസ്സാരീകരിച്ചുകാണുന്നതിനു പകരം, അവ സഹായത്തിന്റെ എത്ര ശക്തമായ ഉറവാണെന്ന വസ്തുത നാം മനസ്സിൽപ്പിടിക്കേണ്ടതുണ്ട്. ആ സഹായം സ്വീകരിക്കുന്നതിൽ ശ്രമം ഉൾപ്പെട്ടിരിക്കുന്നു. ബൈബിൾ വായനയെ നാം ദിനചര്യയുടെ ഭാഗമാക്കേണ്ടതുണ്ട്.
16, 17. (എ) ദൈവവചനം വായിക്കുന്നതിന്റെ പ്രതിഫലങ്ങൾ സങ്കീർത്തനം 1:2, 3 വർണിക്കുന്നതെങ്ങനെ? (ബി) സങ്കീർത്തനം 1:3 കഠിനാധ്വാനം ഉൾപ്പെട്ടിരിക്കുന്നതായി സൂചിപ്പിക്കുന്നതെങ്ങനെ?
16 ദൈവഭക്തനായ ഒരു മനുഷ്യനെക്കുറിച്ച് സങ്കീർത്തനം 1:2, 3 ഇപ്രകാരം പറയുന്നു: ‘[അവൻ] യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നു. അവൻ, ആറ്റരികത്തു [“നീർച്ചാലുകൾക്കരികെ,” NW] നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.’ ആ ഭാഗത്തെ പ്രധാന ആശയം നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? ഈ ഭാഗം വായിച്ചിട്ട്, ഇത് കേവലം പ്രശാന്ത സുന്ദരമായ ഒരു ചുറ്റുപാടിന്റെ, പുഴക്കരയിലെ ഒരു തണൽവൃക്ഷത്തിന്റെ വാങ്മയചിത്രമാണെന്ന നിഗമനത്തിലെത്താൻ എളുപ്പമാണ്. ഉച്ചകഴിഞ്ഞ സമയം അത്തരമൊരു സ്ഥലത്ത് ഒന്നു മയങ്ങുന്നത് എത്ര ആസ്വാദ്യമായിരിക്കും! എന്നാൽ, വിശ്രമത്തെക്കുറിച്ച് ചിന്തിക്കാനല്ല ഈ സങ്കീർത്തനം നമ്മെ പ്രോത്സാഹിപ്പിക്കുന്നത്. മറിച്ച്, കഠിനാധ്വാനം ഉൾപ്പെട്ടിരിക്കുന്ന, വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് ഇതു വരച്ചുകാട്ടുന്നത്. എങ്ങനെ?
17 ഇവിടത്തെ വൃക്ഷം, കേവലം ആറ്റരികത്ത് യാദൃച്ഛികമായി വളരുന്ന ഒരു തണൽവൃക്ഷമല്ലെന്നു ശ്രദ്ധിക്കുക. ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഒരു സ്ഥലത്ത്—“നീർച്ചാലുകൾക്കരികെ”—ഉദ്ദേശ്യപൂർവം “നട്ടിരിക്കുന്ന” ഒരു ഫലവൃക്ഷമാണത്. ഒരു വൃക്ഷത്തിന് ഒന്നിലധികം നീർച്ചാലിനരികെ വളരാനാകുന്നത് എങ്ങനെ? ഒരു ഫലവൃക്ഷ തോട്ടത്തിൽ, തന്റെ വിലപ്പെട്ട വൃക്ഷങ്ങളുടെ വേരുകൾക്കരികിലേക്ക് ജലം എത്തിക്കാൻ ഉടമ ജലസേചന കനാലുകൾ കീറിയേക്കാം. ഇപ്പോൾ ആശയം വളരെ വ്യക്തമാണ്. ആത്മീയമായ അർഥത്തിൽ നാം ആ വൃക്ഷത്തെപ്പോലെ തഴയ്ക്കുന്നെങ്കിൽ, നമുക്കുവേണ്ടി ധാരാളം വേല ചെയ്തിരിക്കുന്നതിന്റെ ഫലമാണ് അത്. സത്യത്തിന്റെ ശുദ്ധജലം നമ്മിലേക്ക് ഒഴുക്കിക്കൊണ്ടുവരുന്ന ഒരു സംഘടനയുടെ ഭാഗമാണു നാം, എന്നാൽ നാം ഓരോരുത്തരും നമ്മുടെ ഭാഗധേയം നിർവഹിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മനസ്സിലും ഹൃദയത്തിലും ദൈവവചനത്തിലെ സത്യങ്ങൾ പതിപ്പിക്കാനാവശ്യമായ ധ്യാനവും ഗവേഷണവും നടത്തിക്കൊണ്ട് ആ വിലപ്പെട്ട ജലം ആഗിരണം ചെയ്യാവുന്ന ഒരു സ്ഥാനത്ത് നാം നമ്മെത്തന്നെ ആക്കിവെക്കേണ്ടതുണ്ട്. നമ്മിലും സത്ഫലങ്ങൾ കായ്ക്കാൻ അതിടയാക്കും.
18. നമ്മുടെ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം കണ്ടെത്തുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത്?
18 കൈകൊണ്ടു തൊടാതെ അലമാരയിൽ ഭദ്രമായി വെച്ചിരിക്കുന്ന ബൈബിൾ നമുക്കു പ്രയോജനപ്പെടില്ല. കണ്ണടച്ചുപിടിച്ചുകൊണ്ട് ബൈബിൾ തുറക്കുമ്പോൾ കിട്ടുന്ന പേജിൽ നമ്മുടെ ചോദ്യത്തിന് ഉത്തരം ലഭിക്കുമെന്നു പ്രതീക്ഷിക്കാൻതക്കവണ്ണം അതിന് അത്ഭുതശക്തിയുമില്ല. തീരുമാനങ്ങൾ എടുക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ, കുഴിച്ചിട്ടിരിക്കുന്ന നിധിക്കുവേണ്ടിയെന്നപോലെ നാം “ദൈവപരിജ്ഞാന”ത്തിനായി കുഴിക്കേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 2:1-5) നമ്മുടെ പ്രത്യേക ആവശ്യങ്ങൾക്കുതകുന്ന തിരുവെഴുത്തു ബുദ്ധിയുപദേശം കണ്ടെത്തുന്നതിനായി ശ്രമകരവും ശ്രദ്ധാപൂർവകവുമായ ഗവേഷണം പലപ്പോഴും ആവശ്യമാണ്. ഗവേഷണത്തിനു സഹായകമായ നിരവധി ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ നമുക്കുണ്ട്. ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന ജ്ഞാനത്തിന്റെ രത്നങ്ങൾക്കായി ഉത്സാഹത്തോടെ കുഴിക്കാൻ ഇവ ഉപയോഗിക്കുമ്പോൾ, നാം യഹോവയിൽനിന്നുള്ള സഹായം പ്രയോജനപ്പെടുത്തുകയാണു ചെയ്യുന്നത്.
സഹവിശ്വാസികളിലൂടെയുള്ള സഹായം
19. (എ) വീക്ഷാഗോപുരത്തിലെയും ഉണരുക!യിലെയും ലേഖനങ്ങളെ സഹവിശ്വാസികളിലൂടെയുള്ള സഹായമായി വീക്ഷിക്കാവുന്നത് എന്തുകൊണ്ട്? (ബി) നമ്മുടെ മാസികകളിലെ ഒരു പ്രത്യേക ലേഖനത്തിൽനിന്നു നിങ്ങൾക്കു സഹായം ലഭിച്ചിരിക്കുന്നത് എങ്ങനെ?
19 യഹോവയുടെ ഭൗമിക ദാസർ അന്യോന്യം എല്ലായ്പോഴും സഹായത്തിന്റെ ഒരു ഉറവായിരുന്നിട്ടുണ്ട്. യഹോവ ഇപ്പോഴും തന്റെ ദാസരെ ഈ വിധത്തിൽ സഹായിക്കുന്നുണ്ടോ? തീർച്ചയായും! നമുക്ക് ആവശ്യമായിരുന്ന സഹായംതന്നെ തക്കസമയത്ത് സഹവിശ്വാസികളിൽനിന്ന് ലഭിച്ച സന്ദർഭങ്ങളെക്കുറിച്ച് ഓർക്കാൻ നമ്മിൽ ഓരോരുത്തർക്കും സാധിക്കുമെന്നതിനു സംശയമില്ല. ഉദാഹരണത്തിന്, നിങ്ങളെ ആശ്വസിപ്പിക്കുകയോ ഒരു പ്രശ്നം പരിഹരിക്കാൻ അല്ലെങ്കിൽ വിശ്വാസത്തിന്റെ പരിശോധന നേരിടാൻ നിങ്ങളെ സഹായിക്കുകയോ ചെയ്ത വീക്ഷാഗോപുരത്തിലെയോ ഉണരുക!യിലെയോ ഏതെങ്കിലും ലേഖനം നിങ്ങൾക്ക് ഓർമിക്കാനാകുമോ? “തത്സമയത്തു ഭക്ഷണം” കൊടുക്കാൻ നിയമിക്കപ്പെട്ടിരിക്കുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ (NW) യഹോവ ആ സഹായം നിങ്ങൾക്ക് ലഭ്യമാക്കി.—മത്തായി 24:45-47.
20. ക്രിസ്തീയ മൂപ്പന്മാർ ഏതെല്ലാം വിധങ്ങളിലാണ് ‘മനുഷ്യരാം ദാനങ്ങൾ’ ആയിരിക്കുന്നത്?
20 എന്നാൽ, സഹവിശ്വാസികളിൽനിന്നു നമുക്കു ലഭിക്കുന്ന സഹായം പലപ്പോഴും കുറേക്കൂടെ നേരിട്ടുള്ളതാണ്. ഒരു ക്രിസ്തീയ മൂപ്പൻ ഹൃദയസ്പർശിയായ ഒരു പ്രസംഗം നടത്തുകയോ ബുദ്ധിമുട്ടു സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന ഒരു ഇടയസന്ദർശനം നടത്തുകയോ ഒരു ബലഹീനത തിരിച്ചറിഞ്ഞ് അതു പരിഹരിക്കാൻ നമ്മെ സഹായിക്കുന്ന ദയാപുരസ്സരമായ ബുദ്ധിയുപദേശം നൽകുകയോ ചെയ്യുന്നു. ഒരു മൂപ്പനിൽനിന്നു ലഭിച്ച സഹായത്തെക്കുറിച്ച് ഒരു ക്രിസ്തീയ സഹോദരി കൃതജ്ഞതയോടെ ഇപ്രകാരം എഴുതി: “വയൽ സേവനത്തിലായിരിക്കെ, പ്രശ്നങ്ങൾ തുറന്നുപറയാനായി അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. ഒന്നു സംസാരിക്കാൻ എനിക്ക് ആരെയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നു തലേ രാത്രി ഞാൻ യഹോവയോടു പ്രാർഥിച്ചതേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത ദിവസം ഈ സഹോദരൻ എന്നോട് അനുകമ്പാപൂർവം സംസാരിച്ചു. യഹോവ വർഷങ്ങളായി എന്നെ സഹായിച്ചുകൊണ്ടിരിക്കുന്ന വിധം മനസ്സിലാക്കാൻ അദ്ദേഹം എന്നെ സഹായിച്ചു. ഈ മൂപ്പനെ എന്റെ അടുത്തേക്ക് അയച്ചതിന് ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.” ജീവനിലേക്കു നയിക്കുന്ന പാതയിൽ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കാനായി യേശുക്രിസ്തു മുഖാന്തരം യഹോവ പ്രദാനം ചെയ്തിരിക്കുന്ന ‘മനുഷ്യരാം ദാനങ്ങളാണ്’ തങ്ങളെന്ന് ക്രിസ്തീയ മൂപ്പന്മാർ ഈ വിധങ്ങളിലെല്ലാം പ്രകടമാക്കുന്നു.—എഫെസ്യർ 4:8, NW.
21, 22. (എ) സഭാംഗങ്ങൾ ഫിലിപ്പിയർ 2:4-ലെ ബുദ്ധിയുപദേശം ബാധകമാക്കുമ്പോൾ എന്തു ഫലമുളവാകുന്നു? (ബി) ചെറിയ ദയാപ്രവൃത്തികൾപോലും വിലപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ട്?
21 മൂപ്പന്മാർ മാത്രമല്ല വിശ്വസ്തനായ ഓരോ ക്രിസ്ത്യാനിയും “ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്ന നിശ്വസ്ത കൽപ്പന അനുസരിക്കാൻ ആഗ്രഹിക്കുന്നു. (ഫിലിപ്പിയർ 2:4) ക്രിസ്തീയ സഭയിലെ അംഗങ്ങൾ ആ ബുദ്ധിയുപദേശം ബാധകമാക്കുമ്പോൾ ഫലം ഉദാത്തമായ ദയാപ്രവൃത്തികളാണ്. ഉദാഹരണത്തിന്, ഒരു കുടുംബത്തെ ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങൾ വേട്ടയാടുകയുണ്ടായി. പിതാവ് തന്റെ കൊച്ചു പെൺകുട്ടിയെയുംകൊണ്ട് കടയിൽ പോയതായിരുന്നു. വീട്ടിലേക്കു തിരിച്ചുവരുന്ന വഴിക്ക് അവർ ഒരു വാഹനാപകടത്തിൽപ്പെട്ടു. ആ പെൺകുട്ടി മരിച്ചു, പിതാവിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിവിട്ടു വന്നപ്പോൾ എന്തിനും പരസഹായം വേണ്ട ഒരു അവസ്ഥയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ഒറ്റയ്ക്ക് നോക്കാനാവാത്തവിധം ഭാര്യ വൈകാരികമായി തളർന്നുപോയിരുന്നു. അതുകൊണ്ട്, അവരുടെ സഭയിലെ ഒരു ദമ്പതികൾ ദുഃഖാർത്തരായ ഇവരെ തങ്ങളുടെ വീട്ടിലേക്കു കൊണ്ടുവന്ന് കുറെ ആഴ്ചത്തേക്ക് ആവശ്യമായ സഹായം ചെയ്തുകൊടുത്തു.
22 എല്ലാ ദയാപ്രവൃത്തികളിലും അത്തരം ദുരന്തമോ വ്യക്തിഗത ത്യാഗമോ ഉൾപ്പെടുന്നില്ല. നമുക്കു ലഭിക്കുന്ന ചില സഹായം ചെറിയതോതിലുള്ളതാണ്. എങ്കിലും, ദയാപ്രവൃത്തി എത്ര ചെറുതായിരുന്നാലും നാം അതു വിലമതിക്കുന്നു, അല്ലേ? ഒരു സഹോദരന്റെയോ സഹോദരിയുടെയോ ദയാപുരസ്സരമായ ഒരു വാക്കോ കരുതലോടുകൂടിയ പ്രവൃത്തിയോ തക്ക സഹായമായിത്തീർന്ന സന്ദർഭങ്ങളെക്കുറിച്ച് ഓർക്കാൻ നിങ്ങൾക്കാകുമോ? അത്തരം വിധങ്ങളിൽ യഹോവ പലപ്പോഴും നമുക്കായി കരുതുന്നു.—സദൃശവാക്യങ്ങൾ 17:17; 18:24.
23. പരസ്പരം സഹായിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്?
23 മറ്റുള്ളവരെ സഹായിക്കുന്നതിൽ യഹോവയുടെ കൈയിലെ ഒരു ഉപകരണമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങളുടെ മുമ്പാകെ ആ പദവിയുണ്ട്. നിങ്ങളുടെ ഭാഗത്തെ അത്തരം ശ്രമത്തെ യഹോവ വിലമതിക്കുകതന്നെ ചെയ്യുന്നു. അവന്റെ വചനം ഇപ്രകാരം പ്രസ്താവിക്കുന്നു: “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.” (സദൃശവാക്യങ്ങൾ 19:17) നമ്മുടെ സഹോദരീസഹോദരന്മാർക്കായി നമ്മെത്തന്നെ വിട്ടുകൊടുക്കുന്നത് വലിയ സന്തോഷത്തിന്റെ ഉറവാണ്. (പ്രവൃത്തികൾ 20:35) അത്തരം സഹായമേകുന്നതിന്റെ സന്തോഷമോ അതു സ്വീകരിക്കുന്നതിലൂടെ ലഭിക്കുന്ന പ്രോത്സാഹനമോ സ്വയം മനഃപൂർവം ഒറ്റപ്പെടുത്തുന്നവർക്ക് അനുഭവിക്കാനാകുന്നില്ല. (സദൃശവാക്യങ്ങൾ 18:1) അതിനാൽ, പരസ്പരം പ്രോത്സാഹിപ്പിക്കാനായി നമുക്കു ക്രിസ്തീയ യോഗങ്ങൾക്ക് ക്രമമായി കൂടിവരാം.—എബ്രായർ 10:24, 25.
24. യഹോവയുടെ കഴിഞ്ഞ കാലത്തെ വിസ്മയാവഹമായ അത്ഭുതപ്രവൃത്തികൾക്ക് സാക്ഷ്യം വഹിക്കാനാവാഞ്ഞതു നിമിത്തം നമുക്ക് എന്തിന്റെയെങ്കിലും കുറവുള്ളതായി വിചാരിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
24 യഹോവ നമ്മെ സഹായിക്കുന്ന വിധങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുന്നത് സന്തോഷപ്രദമല്ലേ? തന്റെ ഉദ്ദേശ്യനിർവഹണത്തിനായി യഹോവ വിസ്മയാവഹമായ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു കാലത്തല്ല നാം ജീവിക്കുന്നതെങ്കിലും, നമുക്ക് എന്തിന്റെയെങ്കിലും കുറവുള്ളതായി തോന്നേണ്ടതില്ല. വിശ്വസ്തരായി നിലനിൽക്കാൻ നമുക്കാവശ്യമായ എല്ലാ സഹായവും യഹോവ നൽകുന്നുണ്ടെന്നുള്ളതാണ് വാസ്തവത്തിൽ പ്രധാനം. ഐകമത്യമുള്ളവരായി വിശ്വാസത്തിൽ നാം സഹിച്ചുനിൽക്കുന്നപക്ഷം, സകല ചരിത്രത്തിലുംവെച്ച് യഹോവ ചെയ്യാനിരിക്കുന്ന അതിമഹത്തരവും അത്യത്ഭുതകരവുമായ പ്രവൃത്തികൾ കാണാൻ നാം ജീവനോടിരിക്കും! യഹോവയുടെ സ്നേഹനിർഭരമായ സഹായം സ്വീകരിച്ച് പൂർണമായി പ്രയോജനപ്പെടുത്താൻ നമുക്കു ദൃഢനിശ്ചയം ചെയ്യുകയും അങ്ങനെ 2005-ലെ നമ്മുടെ വാർഷിക വാക്യത്തിലെ പിൻവരുന്ന വാക്കുകൾ ഏറ്റുപാടുകയും ചെയ്യാം: “എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു.”—സങ്കീർത്തനം 121:2.
നിങ്ങൾ എന്തു വിചാരിക്കുന്നു?
പിൻവരുന്ന മാർഗങ്ങളിലൂടെ യഹോവ ഇക്കാലത്ത് നമ്മെ സഹായിക്കുന്നതെങ്ങനെ?
• ദൂതന്മാർ
• പരിശുദ്ധാത്മാവ്
• നിശ്വസ്ത വചനം
• സഹവിശ്വാസികൾ
[18-ാം പേജിലെ ചിത്രം]
ദൂതന്മാർ പ്രസംഗവേലയെ പിന്തുണയ്ക്കുന്നുണ്ടെന്ന് അറിയുന്നത് പ്രോത്സാഹജനകമാണ്
[21-ാം പേജിലെ ചിത്രം]
നമുക്ക് ആശ്വാസം പകരാൻ യഹോവ നമ്മുടെ ഒരു സഹവിശ്വാസിയെ ഉപയോഗിച്ചേക്കാം