“യഹോവ എന്റെ ഇടയനാകുന്നു”
“യഹോവ എന്റെ ഇടയനാകുന്നു. എനിക്ക് ഒന്നിനും കുറവ് അനുഭവപ്പെടുകയില്ല.”—സങ്കീർത്തനം 23:1.
1, 2. ദാവീദിന്റെ നേട്ടങ്ങളിൽ ചിലത് എന്തൊക്കെയായിരുന്നു, അവൻ എത്ര സങ്കീർത്തനങ്ങൾ രചിച്ചു?
ഈ രംഗം ഒന്നു സങ്കല്പിക്കുക: ഫെലിസ്ത്യസൈന്യം ഇസ്രായേൽ സൈന്യത്തെ അഭിമുഖീകരിച്ചുനിൽക്കുന്നു. ഒരു ഫെലിസ്ത്യമല്ലനായ ഗോല്യാത്ത് വെല്ലുവിളിക്കുകയാണ്. കവിണയും കല്ലുകളും മാത്രം ആയുധമാക്കിയിരിക്കുന്ന ഒരു യുവാവ് അയാളെ നേരിടാൻ ഓടിയടുക്കുന്നു. നല്ല ഉന്നംപിടിച്ചെറിഞ്ഞ ഒരു കല്ല് മല്ലന്റെ തലയോട്ടി ഭേദിച്ച് അവനെ കൊല്ലുന്നു. ഈ യുവാവ് ആരായിരുന്നു? ദാവീദ്, യഹോവയാം ദൈവത്തിന്റെ സഹായത്തോടെ ഈ ഗംഭീരവിജയം നേടിയ ഒരു ഇടയൻ.—1 ശമുവേൽ, അദ്ധ്യായം 17.
2 കാലക്രമത്തിൽ ഈ യുവാവ് ഇസ്രായേലിലെ രാജാവായിത്തീർന്നു, 40 വർഷം ഭരിച്ചു. അവൻ വിദഗ്ദ്ധനായ ഒരു വീണവായനക്കാരനായിരുന്നു, അവൻ ദിവ്യനിശ്വസ്തതയിൽ വളരെയധികം കാവ്യം രചിക്കുകയും ചെയ്തു. ദാവീദ് മനോഹരങ്ങളായ 70ൽപരം സങ്കീർത്തനങ്ങളും എഴുതി. അവ യഹോവയുടെ ഇന്നത്തെ ജനത്തിന് വളരെയധികം പ്രോൽസാഹനത്തിന്റെയും മാർഗ്ഗദർശനത്തിന്റെയും ഉറവാണ്. ഇവയിൽ ഏററം നന്നായി അറിയപ്പെടുന്നത് 23-ാം സങ്കീർത്തനമാണ്. നാം ഈ സങ്കീർത്തനത്തിന്റെ വാക്യംപ്രതിയുള്ള ഒരു പഠനം നടത്തുമ്പോൾ എന്തുകൊണ്ട് നിങ്ങളുടെ ബൈബിൾ തുറന്ന് നോക്കിക്കൂടാ?
യഹോവ, ഒരു സ്നേഹവാനായ ഇടയൻ
3. (എ) ഏതു സന്ദർഭങ്ങളിൽ ദാവീദ് തന്റെ ആടുകളെ സംരക്ഷിക്കാൻ തന്റെ ജീവനെ അപകടപ്പെടുത്തി? (ബി) യഹോവ ഏതർത്ഥത്തിലാണ് നമ്മുടെ ഇടയനായിരിക്കുന്നത്?
3 “യഹോവ എന്റെ ഇടയനാകുന്നു”. (സങ്കീർത്തനം 23:1) പരിചയസമ്പന്നനായ ഒരു ഇടയനെന്ന നിലയിൽ ആടുകളെ നടത്താനും തീററാനും സംരക്ഷിക്കാനും ദാവീദിന് അറിയാമായിരുന്നു. ഉദാഹരണത്തിന്, അവൻ ഒരു സന്ദർഭത്തിൽ ഒരു സിംഹത്തിൽനിന്നും മറെറാരവസരത്തിൽ ഒരു കരടിയിൽനിന്നും തന്റെ ആടുകളെ സധൈര്യം രക്ഷിച്ചു. (1 ശമുവേൽ 17:34-36) ദാവീദിന്റെ ആടുകൾ അവയുടെ ഇടയനെ സമ്പൂർണ്ണമായി ആശ്രയിച്ചു. എന്നാൽ യഹോവയോടുള്ള ബന്ധത്തിൽ അവൻതന്നെ ഒരു ആടായിരുന്നു. ദൈവത്തിന്റെ സ്നേഹപൂർവകമായ പരിപാലനത്തിൽ ദാവീദിന് സുരക്ഷിതത്വം തോന്നിയതുകൊണ്ട് അവന് “യഹോവ എന്റെ ഇടയനാകുന്നു”വെന്ന് പറയാൻ കഴിഞ്ഞു. വലിയ ഇടയനായ യഹോവയാം ദൈവത്തിന്റെ കീഴിൽ നിങ്ങൾക്ക് ഈ സുരക്ഷിതത്വബോധം അനുഭവപ്പെടുന്നുണ്ടോ? അവൻ തീർച്ചയായും തന്റെ ആടുതുല്യരായ ആരാധകരെ ഇന്ന് നടത്തുകയും തീററുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. തന്നെയുമല്ല, യഹോവയുടെ സാക്ഷികളുടെ സഭകളിലെ നിയമിത മൂപ്പൻമാർ എന്ന നിലയിൽ വിശ്വസ്തരും സ്നേഹമുള്ളവരുമായ ഉപ ഇടയൻമാർ തീക്ഷ്ണതയോടെ ആടുകളെ പരിപാലിക്കുന്നു.—1 പത്രോസ് 5:1-4.
4. ഇന്നത്തെ നമ്മുടെ സാഹചര്യം മരുഭൂമിയിലെ ഇസ്രായേല്യരുടേതിനോടു സമാനമായിരിക്കുന്നതെങ്ങനെ?
4 “എനിക്ക് യാതൊന്നിനും കുറവ് അനുഭവപ്പെടുകയില്ല.” ഈ പ്രസ്താവനയെക്കുറിച്ച് ശ്രദ്ധാപൂർവം ചിന്തിക്കുക. യഹോവയുടെ സ്നേഹപൂർവകമായ പരിപാലനം നിമിത്തം നിങ്ങൾക്ക് പ്രശാന്തതയുടെയും ആത്മധൈര്യത്തിന്റെയും ഒരു അനുഭൂതി ഉണ്ടാകുന്നില്ലേ? ഇസ്രായേല്യർ 40 വർഷം മരുഭൂമിയിൽ അലഞ്ഞുനടന്നപ്പോൾ അവർക്ക് എന്ത് സംഭവിച്ചുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? എന്തിന്, ദൈവം അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കെല്ലാം വേണ്ടി കരുതി! ഇന്നും അങ്ങനെതന്നെയാണ്. യഹോവയുടെ വിശ്വസ്തദാസൻമാർക്ക് ഒന്നിനും കുറവില്ല. അനേകർക്ക് ദാവീദിന്റെ ഈ നിശ്വസ്തവാക്കുകൾ പ്രതിദ്ധ്വനിപ്പിക്കാൻ കഴിയും: “ഞാൻ ഒരു യുവാവായിരുന്നു, ഞാൻ വൃദ്ധനുമായിത്തീർന്നിരിക്കുന്നു, എന്നാലും നീതിമാനായ ആരതന്നെ പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടതായോ അവന്റെ സന്തതി ആഹാരം ഇരക്കുന്നതായോ ഞാൻ കണ്ടിട്ടില്ല.” (സങ്കീർത്തനം 37:25) ഇന്ന് “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖേന ധാരാളം ആത്മീയാഹാരം പ്രദാനംചെയ്യപ്പെടുന്നുണ്ട്. (മത്തായി 4:4; 24:45-47) വാരത്തിലെ പല മീററിംഗുകൾക്കു പുറമേ നമുക്ക് ബൈബിളും വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളും മററനേകം പ്രസിദ്ധീകരണങ്ങളുമുണ്ട്. യഹോവയുടെ സാക്ഷികളുടെ വേല നിരോധിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ പോലും ആത്മീയാഹാരം ക്രമമായി ലഭിക്കുന്നുണ്ട്. യഹോവയുടെ ആടുകൾക്ക് യാതൊന്നിനും കുറവില്ല!
5. യഹോവയുടെ ആടുകൾ ഇന്ന് സമാധാനവും സ്വസ്ഥതയുമുള്ളവരായിരിക്കുന്നതെന്തുകൊണ്ട്?
5 “പുല്ലുനിറഞ്ഞ മേച്ചൽസ്ഥലങ്ങളിൽ അവൻ എന്നെ കിടത്തുന്നു.” (സങ്കീർത്തനം 23:2) പുരാതന ഇസ്രായേലിലെ അനേകം നഗരങ്ങൾക്കു ചുററും പുല്ലുനിറഞ്ഞ വലിയ മേച്ചൽസ്ഥലങ്ങളുണ്ടായിരുന്നു. സ്നേഹമുള്ള അന്നത്തെ ഒരു ഇടയൻ തന്റെ ആടുകളെ സുരക്ഷിതമായ നല്ല മേച്ചൽസ്ഥലങ്ങളിലേക്ക് നടത്തിയതുപോലെ യഹോവ ഇന്ന് തന്റെ ആടുകളെ പരിപാലിക്കുന്നു. “നാം അവന്റെ മേച്ചിൽസ്ഥലത്തെ ആളുകളാകുന്നു” എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. (സങ്കീർത്തനം 79:13; 95:7) അക്ഷരീയ ആടുകൾക്ക് തൃപ്തിയാകുമ്പോഴും പകലിലെ ചൂടിൽ വിശ്രമിക്കാൻ കഴിയുമ്പോഴും അവക്ക് സുഖം തോന്നുന്നു. ഇന്നത്തെ യഹോവയുടെ ആടുകൾക്ക് പക്വതയുള്ള ഇടയൻമാരിൽ—സഭകളിലെയും സർക്കിട്ടിലെയും പരിശീലിത മേൽവിചാരകൻമാരിൽ—വിശ്വാസമുള്ളതുകൊണ്ട് അവ ഇന്ന് സമാധാനവും സ്വസ്ഥതയുമുള്ളവയാണ്. തത്ഫലമായി, ആത്മീയ ആട്ടിൻകൂട്ടം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മഹാബാബിലോനിലെ കള്ളയിടയൻമാരിൽനിന്ന് മോശമായ പെരുമാററം ലഭിച്ചിരുന്ന അനേകർ ഇപ്പോൾ യഹോവയുടെ ആടുകൾ എന്ന നിലയിൽ വളരെ സന്തുഷ്ടരും സംതൃപ്തരുമാണ്.
6. യഹോവ നമ്മെ ‘നല്ല വെള്ളമുള്ള വിശ്രമസ്ഥലങ്ങൾക്കരികെ നടത്തുന്ന’തെങ്ങനെ?
6 “നല്ല വെള്ളമുള്ള വിശ്രമസ്ഥലങ്ങൾക്കരികെ അവൻ എന്നെ നടത്തുന്നു.” ഇസ്രായേലിൽ ഒരു ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ വെള്ളത്തിനുവേണ്ടി ഒരു കുളത്തിങ്കലേക്കോ ഒരു അരുവിയിങ്കലേക്കോ നയിക്കേണ്ടിയിരുന്നു. എന്നാൽ വരണ്ട കാലത്ത് മിക്കപ്പോഴും വെള്ളം കണ്ടെത്തുക പ്രയാസമായിരുന്നു. ഇന്ന്, യഹോവ അത്യന്തം സമൃദ്ധമായി സത്യത്തിന്റെ വെള്ളം പ്രദാനംചെയ്തുകൊണ്ട് ‘നമ്മെ നല്ല വെള്ളമുള്ള വിശ്രമസ്ഥലങ്ങളിലേക്ക് നടത്തുന്നു.’ (യെഹെസ്ക്കേൽ 34:13, 14 താരതമ്യപ്പെടുത്തുക.) പ്രവാചകനായ യെശയ്യാവ് ഈ ഗംഭീരക്ഷണം നൽകുന്നു: “അല്ലയോ, ദാഹിക്കുന്നവരായ സകലരുമേ! വെള്ളത്തിങ്കലേക്കു വരുക.” (യെശയ്യാവ് 55:1) ഈ ആത്മീയ വെള്ളങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ആടുകൾ “ദൈവത്തെ അറിയാത്തവരും സുവാർത്ത അനുസരിക്കാത്തവരു”മായവരുടെമേൽ വരാനിരിക്കുന്ന അഗ്നിമയമായ ന്യായവിധികളിൽ നിന്നുള്ള സംരക്ഷണം നേടുന്നു.—2 തെസ്സലോനീക്യർ 1:8; വെളിപ്പാട് 7:16, 17.
7. യഹോവയിൽനിന്നുള്ള ആത്മീയ നവോൻമേഷം വിശേഷാൽ സഹായകമായിരിക്കുന്നതെപ്പോൾ, ഓർമ്മയിലുള്ള ബൈബിൾവാക്യങ്ങൾ ഏതു സാഹചര്യങ്ങളിൽ അത്യന്തം പ്രയോജനകരമെന്നു തെളിയാം?
7 “എന്റെ ദേഹിക്ക് അവൻ നവോൻമേഷം പകരുന്നു.” (സങ്കീർത്തനം 23:3) നാം ക്ഷീണിതരോ ക്ലേശിതരോ നിരുൽസാഹിതരോ ആയിരിക്കുനോൾ, അല്ലെങ്കിൽ ഗുരുതരമായ എതിർപ്പിനെ അഭിമുഖീകരിക്കുമ്പോൾ യഹോവ തന്റെ വചനത്താൽ നമുക്ക് നവോൻമേഷം പകരുന്നു. അതുകൊണ്ട് ദിവസവും ബൈബിളിന്റെ ഒരു ഭാഗം വായിക്കുന്നത് ഒരു ശീലമാക്കുന്നത് ക്രിസ്ത്യാനികൾക്ക് നല്ലതാണ്. നിങ്ങൾ ഇതു ചെയ്യുന്നുണ്ടോ? ചിലർ പുറപ്പാട് 34:6, 7 അല്ലെങ്കിൽ സദൃശവാക്യം 3:5, 6 എന്നിങ്ങനെയുള്ള ചില വാക്യങ്ങൾ ഓർമ്മയിൽ വെക്കുന്നത് സഹായകമെന്ന് കണ്ടെത്തുന്നു. ഇത് പ്രയോജനകരമായിരിക്കുന്നതെന്തുകൊണ്ട്? ശരി, ഒരു പ്രതിസന്ധി ഉണ്ടാകുകയും നിങ്ങൾക്ക് ബൈബിൾ കൈവശമില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ ആശ്വാസപ്രദമായ തിരുവെഴുത്തുചിന്തകൾക്ക് നിങ്ങളെ ഉടൻതന്നെ ശക്തിപ്പെടുത്താൻ കഴിയും. നീതിനിഷ്ഠമായ തത്വങ്ങൾക്കുവേണ്ടി ഉറച്ചുനിന്നതുനിമിത്തം ജയിലുകളിലോ തടങ്കൽപാളയങ്ങളിലോ ശിക്ഷാവിധി അനുഭവിച്ചുകൊണ്ടിരുന്ന അനേകം സഹോദരൻമാർ മനഃപാഠമാക്കിയിരുന്ന തിരുവെഴുത്തുകൾ ഓർമ്മിച്ചതുകൊണ്ട് വളരെയധികം ആശ്വസിപ്പിക്കപ്പെടുകയും ബലിഷ്ഠരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതെ, ദൈവവചനത്തിന് “ഹൃദയത്തെ സന്തോഷിപ്പിക്കാനും” “കണ്ണുകളെ പ്രകാശിപ്പിക്കാനും” കഴിയും!—സങ്കീർത്തനം 19:7-10.
8. “നീതിയുടെ പാതകൾ” പിന്തുടരുന്നത് എളുപ്പമാണോ, എന്നാൽ അങ്ങനെ ചെയ്യുന്നത് എന്തിലേക്കു നയിക്കുന്നു?
8 “അവൻ എന്നെ നീതിയുടെ പാതകളിൽ നയിക്കുന്നു.” നീതിപാതകൾ പിന്തുടരുക പ്രയാസമാണ്, എന്നാൽ അവ ജീവനിലേക്കു നയിക്കുന്നു. യേശു പറഞ്ഞതുപോലെ, “ജീവനിലേക്കു നയിക്കുന്ന പടിവാതിൽ ഇടുങ്ങിയതും പാത ഞെരുക്കമുള്ളതുമാകുന്നു.” (മത്തായി 7:14) അപ്പോസ്തലനായ പൗലോസ് ലുസ്ത്രയിലും ഇക്കോന്യയിലും അന്ത്യോക്യയിലുമുണ്ടായിരുന്ന ശിഷ്യൻമാരോട് ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു ബന്ധപ്പെട്ട ആശയം പ്രകാശിപ്പിച്ചു: “നാം അനേകം കഷ്ടപ്പാടുകളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കേണ്ടതാണ്.” താൻ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പൗലോസിന് തീർച്ചയായും അറിയാമായിരുന്നു. അതിന് അല്പകാലംമുമ്പ് അവൻ ലുസ്ത്രയിൽവെച്ച് കല്ലെറിയപ്പെടുകയും മരിച്ചെന്നുവിചാരിച്ച് ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു!—പ്രവൃത്തികൾ 14:19-22.
9. (എ) ദൈവം ‘നമ്മെ നീതിപാതകളിൽ നടത്തുന്ന’തെങ്ങനെ? (ബി) ഏതു വിധത്തിൽ സങ്കീർത്തനം 19:14 സഹായകമായിരിക്കാൻ കഴിയും? (സി) അവിഹിത ലൈംഗികതയുടെ കെണികളെ ഒഴിവാക്കാൻ ഏതു തിരുവെഴുത്തുകൾക്ക് നമ്മെ സഹായിക്കാൻ കഴിയും?
9 യഹോവ തന്റെ വചനത്താലും സ്ഥാപനത്താലും നമ്മെ നയിച്ചുകൊണ്ട് നമ്മെ നീതിപാതകളിൽ നടത്തുന്നു. എന്നാൽ മിക്കവരും “നാശത്തിലേക്കു നയിക്കുന്ന” വീതിയും വിശാലതയുമുള്ള പാതയാണ് പിന്തുടരുന്നത്. (മത്തായി 7:13) പ്രബലപ്പെട്ടിരിക്കുന്ന ലൈംഗികാശുദ്ധിയും സത്വരം പരക്കുന്ന എയിഡ്സ്ബാധയും ക്രിസ്ത്യാനികൾ ചീത്ത സഹവാസങ്ങളെ ഒഴിവാക്കേണ്ടതിന്റെ ആവശ്യത്തിന് അടിവരയിടുന്നു. (1 കൊരിന്ത്യർ 15:33) നമ്മുടെ ചിന്തകൾതന്നെ അശുദ്ധസരണികളിലേക്കു വഴുതിപ്പോകാതെ തടയാനും നാം ശ്രദ്ധിക്കണം. (സങ്കീർത്തനം 19:14) ആ ലക്ഷ്യത്തിൽ ലൈംഗികതയെ സംബന്ധിച്ചും ദുർമ്മാർഗ്ഗത്തിന്റെ കെണികളെ എങ്ങനെ ഒഴിവാക്കാമെന്നതു സംബന്ധിച്ചും ദൈവവചനം നൽകുന്ന നല്ല ബുദ്ധിയുപദേശം നമുക്ക് എപ്പോഴും ബാധകമാക്കാം.—1 കൊരിന്ത്യർ 7:2-5; എഫേസ്യർ 5:5; 1 തെസ്സലോനീക്യർ 4:3-8.
10. (എ) യഹോവയുടെ സാക്ഷികൾക്ക് ദിവ്യനാമം സംബന്ധിച്ച് എന്ത് ഉത്തരവാദിത്തമുണ്ട്? (ബി) ലോകജനങ്ങൾ മിക്കപ്പോഴും നമ്മെ വിമർശിക്കുന്നതെന്തുകൊണ്ട്? (സി) ഏതു സാഹചര്യങ്ങളിൽ യഹോവ നമ്മെ സഹായിക്കും?
10 “അവന്റെ നാമത്തിനുവേണ്ടി.” യഹോവയുടെ സാക്ഷികൾക്ക് ദൈവനാമത്തെ മഹത്വപ്പെടുത്താനും അതിൻമേൽ നിന്ദ വരുത്താതിരിക്കാനുമുള്ള ഭാരിച്ച ഉത്തരവാദിത്തമുണ്ട്. (മത്തായി 6:9; പുറപ്പാട് 6:3; യെഹെസ്ക്കേൽ 38:23) അനേകം ലോകജനങ്ങൾ യഹോവയുടെ ജനത്തെ കുററപ്പെടുത്താൻ തിടുക്കംകൂട്ടാറുണ്ട്. ഇത് നിഷ്പക്ഷത, രക്തത്തിന്റെ പവിത്രത മുതലായ ബൈബിൾ തത്വങ്ങൾ സംബന്ധിച്ച നമ്മുടെ നിലപാട് നിമിത്തമാണെങ്കിൽ നമ്മുടെ മനസ്സാക്ഷി ശുദ്ധമാണ്. എന്നാൽ ഇത് സംഭവിക്കുന്നത് നമ്മുടെ ദുഷ്പ്രവൃത്തിനിമിത്തമാണെങ്കിൽ നാം ദൈവത്തെ അപമാനിക്കുകയായിരിക്കും. (യെശയ്യാവ് 2:4; പ്രവൃത്തികൾ 15:28, 29; 1 പത്രോസ് 4:15, 16) അതുകൊണ്ട് നമുക്ക് തിൻമയെ വെറുക്കാം. (സങ്കീർത്തനം 97:10) നാം പീഡനത്തിന് വിധേയരാകേണ്ടതുണ്ടെങ്കിൽ യഹോവ തന്റെ നാമത്തിനുവേണ്ടി എല്ലായ്പ്പോഴും നമ്മെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും.
യഹോവ തന്റെ ആടുകളെ സംരക്ഷിക്കുന്നു
11. “കൂരിരുട്ടുള്ള താഴ്വര” എന്നതിനാൽ അർത്ഥമാക്കപ്പെടുന്നതെന്ത്, ഇത് യേശുവിനെസംബന്ധിച്ച് നമ്മെ എന്ത് അനുസ്മരിപ്പിച്ചേക്കാം?
11 “ഞാൻ കൂരിരുട്ടുള്ള താഴ്വരയിലൂടെ നടക്കുന്നുവെങ്കിലും ഞാൻ യാതൊരു ദോഷത്തെയും ഭയപ്പെടുന്നില്ല.” (സങ്കീർത്തനം 23:4) ഐസക്ക് ലീസറിന്റെ വിവർത്തനം ഇങ്ങനെ വായിക്കപ്പെടുന്നു: “മരണനിഴലിന്റെ താഴ്വരയിലൂടെ ഞാൻ നടക്കുന്നുവെങ്കിലും ഞാൻ തിൻമയെ ഭയപ്പെടുകയില്ല.” ഇത് ചാവുകടലിന്റെ പടിഞ്ഞാറുവശത്തുള്ള യഹൂദാപർവതങ്ങളിൽനിന്ന് കീഴോട്ടുള്ള അഗാധമായ ഗർത്തങ്ങളെ, അഥവാ താഴ്വരകളെ മനസ്സിലേക്കു വരുത്തിയേക്കാം. ഇരപിടിയൻമൃഗങ്ങൾ നിഴലുകളിൽ പതിയിരിക്കുന്ന ഒരു താഴ്വര അഥവാ മലയിടുക്ക് ആടുകൾക്ക് അപകടകരമായ ഒരു സ്ഥലമാണ്. ദാവീദ് തന്റെ ജീവിതത്തിൽ അപകടകരങ്ങളായ അനേകം താഴ്വരകളിലൂടെ കടന്നുപോയി, മരണം അവന്റെ മുഖത്തു തുറിച്ചുനോക്കുകയായിരുന്നു. എന്നാൽ ദൈവം അവനെ നയിച്ചിരുന്നതിനാൽ അവന് ആത്മധൈര്യമുണ്ടായിരുന്നു, അവൻ അനിയന്ത്രിതമായ ഭയത്തിന് വഴങ്ങിയില്ല. നമുക്ക് യഹോവയിൽ അത്തരം ധൈര്യമുണ്ടായിരിക്കണം. “കൂരിരുട്ടി”നെയുള്ള ഈ പരാമർശം യെശയ്യാവിന്റെ പ്രവചനത്തെയും നമ്മെ അനുസ്മരിപ്പിച്ചേക്കാം: “കൂരിരുട്ടിൻ ദേശത്തു വസിക്കുന്നവർ, അവരുടെമേൽ വെളിച്ചംതന്നെ പ്രകാശിച്ചിരിക്കുന്നു.” മത്തായി ഈ പ്രവചനത്തെ പരാമർശിക്കുകയും യേശുക്രിസ്തുവിനു ബാധകമാക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയ ഒരു വെളിച്ചം കണ്ടു, മരണനിഴൽപ്രദേശത്ത് ഇരിക്കുന്നവരേസംബന്ധിച്ചാണെങ്കിൽ വെളിച്ചം അവരുടെമേൽ ഉദിച്ചു.” എങ്ങനെ? യേശു നടത്തിയ വലിയ പ്രസംഗപ്രസ്ഥാനത്താൽ.—യെശയ്യാവ് 9:2; മത്തായി 4:13-16.
12. (എ) യഹോവയുടെ ദാസൻമാർ അനേകം രാജ്യങ്ങളിൽ പീഡനത്തോട് പൊരുത്തപ്പെട്ടിരിക്കുന്നതെങ്ങനെ, എന്തു ഫലത്തോടെ? (ബി) പീഡിപ്പിക്കപ്പെട്ട ആദിമക്രിസ്ത്യാനികളെ പത്രോസ് എങ്ങനെ പ്രോൽസാഹിപ്പിച്ചു?
12 ‘ദാവീദ് യാതൊരു ദോഷത്തെയും ഭയപ്പെട്ടില്ല.’ യഹോവയുടെ ദാസൻമാരെക്കുറിച്ച് ഇന്ന് അതുതന്നെ സത്യമാണ്, അവർ സാത്താനാൽ ഭരിക്കപ്പെടുന്ന ഈ ദുഷ്ടലോകത്തിൽ ജനസമ്മതിയുള്ളവരല്ലെങ്കിലും. (1 യോഹന്നാൻ 5:19) അനേകർ അവരെ യഥാർത്ഥമായി വെറുക്കുന്നു, ചില രാജ്യങ്ങളിൽ അവർ കഠിനമായി പീഡിപ്പിക്കപ്പെടുന്നു. എന്നാൽ ഈ രാജ്യങ്ങളിൽ അവർ രാജ്യത്തിന്റെ ഈ സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരുന്നു, അവർ സാധാരണ ചെയ്യുന്നതുപോലെ അത്ര പരസ്യമായിട്ടല്ലെങ്കിലും. യഹോവ തങ്ങളോടുകൂടെയുണ്ടെന്നും തങ്ങളെ സംരക്ഷിക്കുമെന്നും അവർക്കറിയാം. (സങ്കീർത്തനം 27:1) രാജ്യവേല ഒളിവിൽ നിർവഹിക്കേണ്ടിയിരിക്കുന്ന അനേകം രാജ്യങ്ങളിൽ നല്ല അഭിവൃദ്ധിയുണ്ട്. അങ്ങനെയുള്ള രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ സങ്കീർത്തനക്കാരന്റെ വാക്കുകൾ പ്രതിദ്ധ്വനിപ്പിക്കുന്നു: “യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല. ഭൗമിക മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?” (സങ്കീർത്തനം 118:6) ഈ സാക്ഷികൾ, അപ്പോസ്തലനായ പത്രോസ് ഈ പ്രോൽസാഹകവാക്കുകളെഴുതിയ ആദിമക്രിസ്ത്യാനികളുടേതുപോലെയുള്ള ഒരു സ്ഥാനത്താണ്: “നീതിക്കുവേണ്ടി നിങ്ങൾ കഷ്ടപ്പെടണമെങ്കിൽപോലും, നിങ്ങൾ സന്തുഷ്ടരാണ്. എന്നിരുന്നാലും, അവരുടെ ഭയവിഷയത്തെ നിങ്ങൾ ഭയപ്പെടരുത്, പ്രക്ഷുബ്ധരാകയുമരുത്.”—1 പത്രോസ് 3:14.
13. (എ) സങ്കീർത്തനം 23:4-ൽ എന്ത് രസാവഹമായ മാററം സംഭവിക്കുന്നു, എന്തുകൊണ്ട്? (ബി) ക്രിസ്ത്യാനികൾക്ക് തങ്ങളുടെ ഭയങ്ങളെ എങ്ങനെ തരണംചെയ്യാം?
13 “എന്തെന്നാൽ നീ എന്നോടുകൂടെയുണ്ട്.” ഈ പദപ്രയോഗത്തിൽ വളരെ രസകരമായ ഒരു ഘടകം ദയവായി ശ്രദ്ധിക്കുക. നിശ്വസ്ത സങ്കീർത്തനക്കാരൻ ഉത്തമപുരുഷനിൽനിന്ന് മദ്ധ്യമപുരുഷനിലേക്കു മാറിയിരിക്കുന്നു. യഹോവയെക്കുറിച്ച് “അവൻ” എന്ന് പറയുന്നതിനു പകരം ദാവീദ് ഇപ്പോൾ “നീ” എന്ന സർവനാമം ഉപയോഗിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത് കൂടുതൽ അടുപ്പമുള്ളതാണ്. അപകടം നമ്മെ നമ്മുടെ സ്നേഹവാനായ പിതാവായ യഹോവയോട് കൂടുതൽ അടുപ്പിക്കുന്നു. അപ്പോൾ നാം അവനോട് കൂടുതൽ അടുത്ത ഒരു ബന്ധം അനുഭവിക്കുന്നു. പ്രാർത്ഥനയാലും അഭ്യർത്ഥനയാലും നമുക്ക് സംരക്ഷണത്തിനുവേണ്ടി അവനെ വിളിച്ചപേക്ഷിക്കാൻ കഴിയും, അങ്ങനെ നമ്മുടെ ഭയങ്ങളെ തരണംചെയ്യാൻ കഴിയും.—സെഫന്യാവ് 3:12 താരതമ്യപ്പെടുത്തുക.
14. (എ) ദാവീദിന്റെ കാലത്ത് ഇടയൻമാർക്ക് ഏത് ഉപകരണങ്ങളുണ്ടായിരുന്നു, അവർ അവ എങ്ങനെ ഉപയോഗിച്ചു? (ബി) ഇന്ന് ക്രിസ്തീയ ഇടയൻമാർ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതെങ്ങനെ?
14 “നിന്റെ വടിയും നിന്റെ കോലുമാണ് എന്നെ ആശ്വസിപ്പിക്കുന്ന വസ്തുക്കൾ.” “വടി” എന്ന് വിവർത്തനംചെയ്തിരിക്കുന്ന എബ്രായപദമായ ഷെവെററന് ഒരു ഇടയന്റെ വളഞ്ഞ അഗ്രത്തോടുകൂടിയ വടിയെ അർത്ഥമാക്കാൻ കഴിയും. വടിയും കോലും സംരക്ഷണത്തിനുവേണ്ടിയും അധികാരത്തെ പ്രതിനിധാനംചെയ്യാനോ സൂചിപ്പിക്കാനോവേണ്ടിയും ഉപയോഗിക്കാൻ കഴിയും. തീർച്ചയായും ഈ ഉപകരണങ്ങൾ ചെന്നായും പാമ്പുകളും പോലെയുള്ള ഇരപിടിയൻമാരെ അടിച്ചോടിക്കാൻ വളരെ ഉപയോഗപ്രദമായിരിക്കും. ഒരു ഇടയന്റെ വടി ആടുകളെ ശരിയായ ദിശയിൽ തിരിച്ചുവിടാനും അല്ലെങ്കിൽ വീണ് പരിക്കേൽക്കാവുന്ന ഒരു സ്ഥാനത്തോട് വളരെയടുത്ത് അലഞ്ഞുനടക്കുന്ന ഒരു ആടിനെ പിൻതിരിപ്പിക്കാനും ഉപയോഗിക്കാൻ കഴിയും. ഇന്ന് വിശ്വാസത്യാഗികളെപ്പോലെയുള്ള അത്തരം ആത്മീയ ഇരപിടിയൻമാരിൽനിന്ന് ആട്ടിൻകൂട്ടത്തെ സംരക്ഷിക്കാൻ വിശ്വസ്തരായ ഇടയൻമാരെ, സഭകളിലെ മൂപ്പൻമാരെ, പ്രദാനംചെയ്യുന്നു. അല്ലെങ്കിൽ മൂപ്പൻമാർ യോഗത്തിന് ഹാജരാകുന്നതിൽ പിന്നോക്കംനിൽക്കുന്നവരെയോ ക്രിസ്തീയനടത്തയിൽനിന്ന് വ്യതിചലിക്കുന്നവരെയോ ബുദ്ധിയുപദേശിക്കേണ്ടതുണ്ടായിരിക്കാം.
ശത്രുക്കളുടെ മദ്ധ്യേ ഒരു സമൃദ്ധമായ വിരുന്ന്
15. (എ) സങ്കീർത്തനം 23:5-ൽ അർത്ഥവത്തായ ഏതു ദൃഷ്ടാന്തമാററം സംഭവിക്കുന്നു? (ബി) യഹോവയുടെ ജനം ആരിൽനിന്നു വ്യത്യസ്തമായി ആത്മീയമായി നന്നായി പോഷിപ്പിക്കപ്പെടുന്നുണ്ടെന്ന് ഏതു വസ്തുതകൾ പ്രകടമാക്കുന്നു?
15 “എന്നോടു ശത്രുത പ്രകടമാക്കുന്നവരുടെ മുമ്പാകെ നീ എനിക്കുവേണ്ടി ഒരു മേശ ഒരുക്കുന്നു.” (സങ്കീർത്തനം 23:5) ഇവിടെ നമുക്ക് ദൃഷ്ടാന്തത്തിന്റെ അർത്ഥവത്തായ ഒരു മാററമുണ്ട്, ഒരു ഇടയനിൽനിന്ന് ഒരു ആതിഥേയനിലേക്ക്. വളരെ ഉദാരനായ ഒരു ആതിഥേയൻ എന്ന നിലയിൽ യഹോവ അഭിഷിക്ത “അടിമ”വർഗ്ഗം മുഖാന്തരം നമുക്ക് സമൃദ്ധമായ ആത്മീയാഹാരം പ്രദാനംചെയ്യുന്നു. (മത്തായി 24:45) നാം ശത്രുതനിറഞ്ഞ ഒരു ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും നാം നന്നായി പോഷിപ്പിക്കപ്പെടുന്നുണ്ട്. സൗത്താഫ്രിക്കാ, ഗ്രീൻലാൻഡ്, സോളമൻ അയലണ്ട്, ഇൻഡ്യാ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് ആത്മീയമായി പോഷിപ്പിക്കപ്പെടാൻ കഴിയേണ്ടതിന് വീക്ഷാഗോപുരം നൂറിലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. അതിനുംപുറമേ, ലോകവ്യാപകമായി ഏകദേശം 60,000ത്തോളം വരുന്ന സഭകളിൽ നല്ല പരിശീലനംലഭിച്ച പരസ്യപ്രസംഗകരും ഉപദേഷ്ടാക്കൻമാരും നൂറുകണക്കിന് പുതിയ രാജ്യഹാളുകളുൾപ്പെടെ നല്ല യോഗസ്ഥലങ്ങളുമുണ്ട്. ചെമ്മരിയാടുതുല്യരെ സഹായിക്കാൻ 32,00,000ത്തിൽപരം ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തപ്പെടുന്നു. ഇതിൽനിന്നു വ്യത്യസ്തമായി മഹാബാബിലോനിലുള്ളവർ വിശന്നുനടക്കുന്നു.—യെശയ്യാവ് 65:13.
16. (എ) ഒരു പാപിനിയായ സ്ത്രീയിൽനിന്ന് വ്യത്യസ്തമായി ഒരു പരീശൻ യേശുവിനുവേണ്ടി എന്തു ചെയ്തില്ല? (ബി) യഹോവ തന്റെ ഇന്നത്തെ വിശ്വസ്തദാസൻമാർക്ക് ഏതു തരം തൈലം പ്രദാനംചെയ്യുന്നു?
16 “നീ എന്റെ തലയിൽ തൈലം പൂശുന്നു.” പുരാതന ഇസ്രായേലിൽ ആതിഥ്യംകാട്ടുന്ന ഒരു ആതിഥേയൻ തന്റെ അതിഥികളുടെ തലയിൽ പൂശാൻ തൈലം കൊടുത്തിരുന്നു. രസാവഹമായി, യേശു ഒരു സന്ദർഭത്തിൽ ഒരു പരീശന്റെ അതിഥിയായി, അയാൾ യേശുവിന്റെ തലയിൽ തൈലം പൂശിയില്ല, അവന്റെ പാദങ്ങൾ കഴുകാൻ വെള്ളവും കൊടുത്തില്ല. ആ സമയത്ത്, പാപിനിയായ ഒരു സ്ത്രീ തന്റെ കണ്ണുനീർകൊണ്ട് അവന്റെ പാദങ്ങൾ കഴുകുകയും പ്രത്യേക സുഗന്ധതൈലംകൊണ്ട് അവയെ പൂശുകയും ചെയ്തു. (ലൂക്കോസ് 7:36-38, 44-46) എന്നാൽ യഹോവ വളരെ അതിഥിപ്രിയമുള്ള ഒരു ആതിഥേയനാണ്! അവൻ തന്റെ വിശ്വസ്തദാസൻമാർക്കുവേണ്ടി ആത്മീയ “ആനന്ദ തൈലം” പ്രദാനംചെയ്യുന്നു. (യെശയ്യാവ് 61:1-3) അതെ, തീർച്ചയായും യഹോവയുടെ ജനം ഇന്ന് ആനന്ദിക്കുകയാണ്.
17. (എ) ഒരു ‘നന്നായി നിറഞ്ഞ പാനപാത്രം’ എന്തിനെ സൂചിപ്പിക്കുന്നു? (ബി) യഹോവ തന്റെ ഇന്നത്തെ ദാസൻമാർക്ക് ഒരു ‘നന്നായി നിറഞ്ഞ പാനപാത്രം’ പ്രദാനംചെയ്യുന്നതെങ്ങനെ?
17 “എന്റെ പാനപാത്രം നന്നായി നിറഞ്ഞിരിക്കുന്നു.” മറെറാരു വിവർത്തനം “എന്റെ പാനപാത്രം തുളുമ്പുന്നു” എന്നാണ്. (മോഫററ) ഇത് ആത്മീയ സമൃദ്ധിയെ സൂചിപ്പിക്കുന്നു. അമിതകുടിയെ അർത്ഥമാക്കുന്നില്ലെങ്കിലും ഈ വാക്കുകൾ നല്ല ഒരു പാത്രം വീഞ്ഞിനെ സൂചിപ്പിക്കുന്നു. ഈ പാനീയത്തിന് സൗഖ്യമാക്കൽ ഗുണങ്ങൾ ഉണ്ട്, തിമൊഥെയോസിനോടുള്ള പൗലോസിന്റെ ബുദ്ധിയുപദേശത്താൽ പ്രകടമാക്കുന്നതുപോലെതന്നെ: “മേലാൽ വെള്ളം കുടിക്കരുത്, എന്നാൽ നിന്റെ വയറിനുവേണ്ടിയും നിന്റെ കൂടെക്കൂടെയുള്ള അസുഖത്തിനുംവേണ്ടിയും അല്പം വീഞ്ഞ് ഉപയോഗിക്കുക.” (1 തിമൊഥെയോസ് 5:23) ഒരു ആത്മീയാർത്ഥത്തിൽ വീഞ്ഞ് നമ്മുടെ ഹൃദയത്തെയും സന്തോഷിപ്പിക്കുന്നു. (സങ്കീർത്തനം 104:15) നമ്മുടെ സ്നേഹവാനായ പിതാവായ യഹോവ തന്റെ വിശ്വസ്തദാസൻമാർക്ക് സന്തോഷത്തിന്റെ ‘നന്നായി നിറച്ച പാനപാത്രം’ സഹിതം നല്ല വസ്തുക്കളുടെ ഒരു ആത്മീയവിരുന്ന് ഉദാരമായി പ്രദാനംചെയ്യുന്നു.
18. (എ) യഹോവയുടെ നൻമയും സ്നേഹദയയും അനുഭവിക്കുന്നതാർ, സങ്കീർത്തനം 103:17, 18 ഇത് പ്രകടമാക്കുന്നതെങ്ങനെ? (ബി) യഹോവയോട് വിശ്വസ്തരായിരിക്കുന്നവർക്ക് എന്ത് മഹത്തായ പ്രതീക്ഷ ഭാവിയിലേക്കുണ്ട്?
18 “തീർച്ചയായും നൻമയും സ്നേഹദയയും തന്നെ എന്റെ ആയുസ്സിന്റെ നാളുകളിലെല്ലാം എന്നെ പിന്തുടരും.” (സങ്കീർത്തനം 23:6) നൻമ യഹോവയുടെ പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഒരു ഭാഗമാണ്. (ഗലാത്യർ 5:22, 23) ദൈവത്തിന്റെ നൻമയും സ്നേഹദയയും അവന്റെ വഴികളിൽ നടക്കുന്നവരാണ് ആസ്വദിക്കുന്നത്. (സങ്കീർത്തനം 103:17, 18) യഹോവയിലുള്ള ശക്തമായ വിശ്വാസത്തോടെ അവന്റെ ജനത്തിന് അവർ അഭിമുഖീകരിക്കുന്ന ഏതു പരിശോധനയെയും നേരിടാൻ കഴിയും. അവർ എല്ലായ്പ്പോഴും അവന്റെ അനുഗ്രഹത്തിന്റെയും സ്നേഹപുരസ്സരമായ പരിപാലനത്തിന്റെയും ലക്ഷ്യങ്ങളാണ്. അവസാനത്തോളമുള്ള വിശ്വസ്തത പുതിയ ലോകത്തിലെ നിത്യജീവനെ അർത്ഥമാക്കും. എത്ര അത്ഭുതകരമായ പ്രതീക്ഷ!
19. (എ) “യഹോവയുടെ ഭവനത്തിൽ വസിക്കുക” എന്നതിന്റെ അർത്ഥമെന്ത്? (ബി) ഇന്ന് സത്യരാധനയെ പുരോഗമിപ്പിക്കാൻ യഹോവയുടെ സ്ഥാപനം എന്ത് സ്ഥാപിച്ചിരിക്കുന്നു, അവിടെ സേവിക്കുന്നത് ഒരു പദവിയാണെന്ന് ആയിരക്കണക്കിന് സമർപ്പിതർ കരുതുന്നതെന്തുകൊണ്ട്? (സി) യഹോവയെ എന്നേക്കും സേവിക്കാൻ വേറെ ആരും ദൃഢനിശ്ചയം ചെയ്തിരിക്കുന്നു?
19 “ഞാൻ ആയുസ്സിന്റെ നീളത്തോളം യഹോവയുടെ ഭവനത്തിൽ വസിക്കും.” ദാവീദിന്റെ നാളിൽ ദൈവത്തിന്റെ വിശുദ്ധമന്ദിരം സമാഗമനകൂടാരമായിരുന്നു, കാരണം അന്നുവരെ ആലയം പണിയപ്പെട്ടിരുന്നില്ല. സങ്കീർത്തനക്കാരന്റെ മനസ്സിലുണ്ടായിരുന്നത് ഒരു കൃപാലുവായ ആതിഥേയൻ ആയിരുന്നതുകൊണ്ട് ‘യഹോവയുടെ ഭവനത്തിൽ വസിക്കുക’യെന്നതിന് അവന്റെ അതിഥിയെന്ന നിലയിൽ ദൈവവുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കുക എന്നാണർത്ഥം. (സങ്കീർത്തനം 15:1-5) ഇന്ന് ആ ഭവനം, യഹോവയുടെ വിശുദ്ധാലയം, നിർമ്മലാരാധനക്കുള്ള അവന്റെ ക്രമീകരണം ആണെന്ന് തിരിച്ചറിയാവുന്നതാണ്. ആദ്യത്തെ ഭൗതികാലയം പണിയാനുള്ള പദവി ശലോമോൻ രാജാവിനു ലഭിച്ചു, അത് സ്വർണ്ണംകൊണ്ട് സമൃദ്ധമായി അലങ്കരിക്കപ്പെട്ടതും യഹോവയുടെ ബഹുമതിക്കായി പണിയപ്പെട്ടതുമായിരുന്നു. അവിടെ സേവിക്കുന്നത് എന്തോരു വലിയ പദവിയായിരുന്നു! അത്തരമൊരു ആലയം മേലാൽ സ്ഥിതിചെയ്യുന്നില്ലെങ്കിലും ദൈവത്തിന് തന്നെ ബഹുമാനിക്കാനും നിർമ്മലാരാധനയെ പുരോഗമിപ്പിക്കാനും ഒരു വിശുദ്ധസ്ഥാപനമുണ്ട്. ഇതു ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ യഹോവയുടെ സ്ഥാപനം പല രാജ്യങ്ങളിലും ബഥേൽഭവനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. “ബഥേൽ” എന്നതിന്റെ അർത്ഥം “ദൈവത്തിന്റെ ഭവനം” എന്നാണ്. ഈ ദിവ്യാധിപത്യകേന്ദ്രങ്ങളിൽ ആയിരക്കണക്കിന് സമർപ്പിതർ സേവിക്കുന്നുണ്ട്. ഈ സ്ത്രീപുരുഷൻമാരിൽ ചിലർ ഈ വിധത്തിൽ “ആയുസ്സിന്റെ നീളത്തോളം” സേവിച്ചിരിക്കുന്നു. അവർ തങ്ങളുടെ ആയുസ്സിന്റെ അധികപങ്കും ബഥേൽസേവനത്തിൽ ചെലവഴിച്ചിരിക്കുന്നു. ഒരു ബഥേൽകുടുംബത്തിലെ അംഗമല്ലാത്ത വേറെ ദശലക്ഷങ്ങൾ സമാനമായി യഹോവയെ എന്നേക്കും സേവിക്കാൻ ദൃഢനിശ്ചയംചെയ്തിരിക്കുന്നു.
20. (എ) 23-ാം സങ്കീർത്തനം തിരുവെഴുത്തുകളുടെ ഒരു മുന്തിയ ഭാഗമായിരിക്കുന്നതെന്തുകൊണ്ട്, അത് എന്തു നട്ടുവളർത്താൻ നമ്മെ സഹായിക്കുന്നു? (ബി) യഹോവയുടെ വിശ്വസ്തദാസൻമാർക്ക് ഏതു പദവികൾ കിട്ടാനിരിക്കുന്നു?
20 ഇരുപത്തിമൂന്നാം സങ്കീർത്തനം പ്രകാശത്തിൽ തിളങ്ങുന്ന അനേകവശങ്ങളുള്ള ഒരു രത്നംപോലെയാണ്. അത് നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയപിതാവായ യഹോവയുടെ മഹത്തായ നാമത്തെ ഉന്നതമാക്കുകയും അവൻ തന്റെ ജനത്തെ എങ്ങനെ നയിക്കുകയും സംരക്ഷിക്കുകയും കരുതുകയും ചെയ്യുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. തൽഫലമായി, അവന്റെ ജനം സന്തുഷ്ടരും ആത്മീയമായി നന്നായി പോഷിപ്പിക്കപ്പെട്ടവരും കഠിനമായ എതിർപ്പുള്ള രാജ്യങ്ങളിൽ പോലും സത്വരം വർദ്ധിച്ചുകൊണ്ടിരിക്കുന്നവരുമാണ്. സങ്കീർത്തനം 23 നമ്മുടെ സ്രഷ്ടാവുമായി ഊഷ്മളമായ ഒരു അടുത്ത ബന്ധം നട്ടുവളർത്താനും നമ്മെ സഹായിക്കുന്നു. തന്റെ ആടുകളെ സൂക്ഷിക്കവേ ദാവീദ് മിക്കപ്പോഴും ചെയ്തിട്ടുള്ളതുപോലെ നാം നക്ഷത്രനിബിഡമായ ആകാശങ്ങളെ നോക്കുമ്പോൾ ഈ ഗംഭീരപ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ഒരു സ്നേഹമുള്ള ഇടയനെപ്പോലെ നമ്മെ പരിപാലിക്കുന്നതിൽ നമുക്ക് നന്ദിയുണ്ട്. നാം അവനോടു നിർമ്മലത പാലിക്കുന്നുവെങ്കിൽ സ്നേഹപൂർവം അവൻ നമുക്ക് പുതിയ ലോകത്തിലെ നിത്യജീവനും നൽകുന്നു. അപ്പോൾ ദാവീദിനെപ്പോലെയുള്ള പുനരുത്ഥാനം പ്രാപിച്ച വിശ്വസ്ത ദൈവദാസൻമാരെ കണ്ടുമുട്ടുന്നത് എത്ര മഹത്തായിരിക്കും! സകല നിത്യതയിലും വലിയ ഇടയനായ യഹോവയെ സേവിക്കുന്നത് എന്തോരു പദവിയായിരിക്കും! (w88 7/1)
നിങ്ങൾ എങ്ങനെ ഉത്തരംപറയും?
◻ യഹോവ നമ്മുടെ സ്നേഹവാനായ ഇടയൻ എന്നു തെളിയുന്നതെങ്ങനെ?
◻ എന്തു മുഖേന യഹോവ ‘നമ്മെ നീതിപാതകളിൽ നടത്തുന്നു?’
◻ യഹോവ തന്റെ ആടുകളെ സംരക്ഷിക്കുന്നതെങ്ങനെ?
◻ ദൈവം ഏതു വിധത്തിൽ നമ്മുടെ ശത്രുക്കളുടെ മദ്ധ്യേ നമുക്കുവേണ്ടി ഒരു മേശ ഒരുക്കിയിരിക്കുന്നു?