“കൂരിരുൾതാഴ്വരയിൽ” സാന്ത്വനം കണ്ടെത്തുന്നു
ബാർബ്ര ഷ്വൈറ്റ്സർ പറഞ്ഞപ്രകാരം
ചില സമയങ്ങളിൽ കാര്യങ്ങളെല്ലാം ഭംഗിയായി പോയപ്പോൾ എന്റെ ജീവിതം സുഖദമായ ‘പച്ച പുല്പുറങ്ങൾ’ പോലെ ആയിരുന്നു. എന്നാൽ “കൂരിരുൾതാഴ്വര” കടക്കുന്നത് എങ്ങനെയുള്ള അനുഭവമാണെന്നും ഞാൻ മനസ്സിലാക്കിയിരിക്കുന്നു. എങ്കിലും, യഹോവ നമ്മുടെ ഇടയനാകയാൽ നേരിടേണ്ടിവന്നേക്കാവുന്ന ഏതു സാഹചര്യത്തെയും തരണംചെയ്യാൻ നമുക്കു കഴിയുമെന്ന് എനിക്കുറപ്പുണ്ട്.—സങ്കീർത്തനം 23:1-4.
ഒരു പുതിയ സാഹസത്തിന് ഒരുമ്പെടാൻ ഞാനും ഭർത്താവും തീരുമാനിച്ചു. ഇക്വഡോറിൽ ബൈബിൾ പഠിപ്പിക്കുന്നവരുടെ ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നതിന്. അതാകട്ടെ 1993-ൽ ഞങ്ങൾക്ക് 70-നോടടുത്തു പ്രായമുള്ള സമയത്തായിരുന്നു. അമേരിക്കൻ വംശജരാണെങ്കിലും ഞങ്ങൾക്കു സ്പാനിഷ് സംസാരിക്കാനറിയാമായിരുന്നു. മാത്രമല്ല, ഞങ്ങൾക്കു സാമ്പത്തിക കടപ്പാടുകൾ ഒന്നുമുണ്ടായിരുന്നുമില്ല. ഇക്വഡോറിൽ ‘മനുഷ്യരെ പിടിക്കുന്നത്’ ഫലവത്താണെന്ന് ഞങ്ങൾക്കറിയാമായിരുന്നതുകൊണ്ട് ഫലദായകമായ ആ വെള്ളത്തിൽ വലകളിറക്കാൻ ഞങ്ങൾ പദ്ധതിയിട്ടു.—മത്തായി 4:19.
വാച്ച് ടവർ സൊസൈറ്റിയുടെ ഇക്വഡോർ ബ്രാഞ്ച് ഓഫീസിൽ ആവേശഭരിതമായ ഏതാനും ദിവസങ്ങൾ ചെലവഴിച്ചശേഷം മാച്ചാളായിലേക്കു യാത്രചെയ്യാനുള്ള ആകാംക്ഷയോടെ ഞങ്ങൾ ഗ്വൈയകിലിലെ ബസ് സ്റ്റാൻഡിലേക്കു ചെന്നു. പ്രത്യേക ആവശ്യമുണ്ടായിരുന്ന നഗരങ്ങളിലൊന്നായിരുന്നു മാച്ചാളാ. എന്നാൽ, ബസ് കാത്തുനിൽക്കുമ്പോൾ എന്റെ ഭർത്താവ് ഫ്രെഡിന് പെട്ടെന്ന് സുഖമില്ലാത്തതുപോലെ അനുഭവപ്പെട്ടു. അതുകൊണ്ട് ഞങ്ങൾ യാത്ര നീട്ടിവെക്കാൻ തീരുമാനിച്ചു. ഫ്രെഡിനെ ലഗേജിന്റെയടുത്ത് ഇരുത്തിയിട്ട് ബ്രാഞ്ചിലേക്കു മടങ്ങിപ്പോകാനുള്ള ക്രമീകരണങ്ങൾ ചെയ്യാനായി ഞാൻ ഒരു ഫോൺ ബൂത്തിലേക്കു പോയി. ഏതാനും മിനിറ്റു കഴിഞ്ഞ് മടങ്ങിവന്നപ്പോൾ എന്റെ ഭർത്താവിനെ അവിടെങ്ങും കാണാനില്ല!
ഫ്രെഡിനെ വീണ്ടുമൊരിക്കലും ജീവനോടെ കാണാൻ എനിക്കു കഴിഞ്ഞില്ല. ഞാനങ്ങു മാറിയ സമയത്ത്, ബസ് സ്റ്റാൻഡിൽ വെച്ച് അദ്ദേഹത്തിന് വലിയൊരു ഹൃദയാഘാതമുണ്ടായി. ഞാൻ അദ്ദേഹത്തെ പരിഭ്രാന്തിയോടെ തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ ബസ് സ്റ്റാൻഡിലെ ഒരു ജോലിക്കാരൻ എന്റെയടുത്തു വന്നിട്ട് ഫ്രെഡിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നു പറഞ്ഞു. ഞാൻ ആശുപത്രിയിലെത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നു.
വീടും കൂടുമില്ലാതെ, താങ്ങായി ഭർത്താവില്ലാതെ, ഒരു അപരിചിത രാജ്യത്ത് ഒറ്റയ്ക്കായിരിക്കുന്നതായി പെട്ടെന്നു ഞാൻ കണ്ടെത്തി. “താങ്ങായി” എന്നു പറയുന്നത്, നേതൃത്വമെടുത്തിരുന്നതും ഞങ്ങൾക്കു രണ്ടുപേർക്കും വേണ്ടി കാര്യങ്ങൾ സംഘടിപ്പിച്ചിരുന്നതും എല്ലായ്പോഴും ഫ്രെഡ് ആയിരുന്നതുകൊണ്ടാണ്. എനിക്ക് ദൃഢമായ ഒരു വ്യക്തിത്വമില്ലാത്തതുകൊണ്ട് അദ്ദേഹം അതു ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടയായിരുന്നു. എന്നാൽ ഇപ്പോൾ എനിക്കു തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു, ജീവിതം ക്രമീകരിക്കേണ്ടിയിരുന്നു, ഒപ്പം ദുഃഖത്തെ തരണം ചെയ്യേണ്ടിയുമിരുന്നു. ആ വിചാരം എന്നെ തളർത്തിക്കളഞ്ഞു—ഒരു “കൂരിരുൾതാഴ്വരയി”ലേക്ക് കൂപ്പുകുത്തുന്നതുപോലുള്ള ഒരു അനുഭവം. ഈ അവസ്ഥയെ തന്നെത്താൻ തരണം ചെയ്യാൻ ഞാനെന്നെങ്കിലും പഠിക്കുമോ?
സത്യം പഠിക്കുന്നു, ജീവിതം ലളിതമാക്കുന്നു
ഞാനും ഫ്രെഡും ആദ്യമായി കണ്ടുമുട്ടുമ്പോൾ ഞങ്ങളിരുവരും വിവാഹമോചിതരായിരുന്നു. നല്ലൊരു സൗഹൃദം ക്രമേണ ഗാഢമായ ഒരു ബന്ധത്തിനു വഴിമാറി. അങ്ങനെ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. യു.എസ്.എ.-യിലെ വാഷിങ്ടണിലുള്ള സിയാറ്റ്ലിൽ താമസിച്ചിരുന്ന ഞങ്ങൾ പള്ളിയിലൊക്കെ പോകുമായിരുന്നു. എങ്കിലും ഞങ്ങളുടെ ജീവിതത്തിൽ മതത്തിനു വലിയ സ്ഥാനമൊന്നുമില്ലായിരുന്നു, ജേമി എന്നു പേരുള്ള, സന്തോഷവതിയായ ഒരു യുവ പയനിയർ (മുഴുസമയ സുവിശേഷക) ഞങ്ങളുടെ വീടു സന്ദർശിക്കുന്നതുവരെ. എന്നോടൊപ്പം ബൈബിൾ പഠിക്കാമെന്ന് അവൾ വാഗ്ദാനം ചെയ്തപ്പോൾ ഞാനതു സ്വീകരിക്കത്തക്കവിധം അത്രമാത്രം ഹൃദ്യമായിരുന്നു അവളുടെ പെരുമാറ്റം.
ഫ്രെഡും താത്പര്യം പ്രകടിപ്പിച്ചതോടെ ജേമിയുടെ മാതാപിതാക്കൾ അധ്യയനം ഏറ്റെടുത്തു. ഒരു വർഷം കഴിഞ്ഞ്, അതായത് 1968-ൽ, ഞങ്ങളിരുവരും സ്നാപനമേറ്റു. ദൈവരാജ്യ താത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കുന്നതിൽ തുടക്കംമുതലേ ഞങ്ങൾ വളരെ ശ്രദ്ധയുള്ളവരായിരുന്നു. (മത്തായി 6:33) ഞങ്ങളെ ബൈബിൾ പഠിപ്പിച്ച ദമ്പതികളായ ലോൺ നുസ്റ്റും റൂഡിയും ഇക്കാര്യത്തിൽ തീർച്ചയായും നല്ല ദൃഷ്ടാന്തം വെച്ചു. ഞങ്ങൾ സ്നാപനമേറ്റ് അധികം താമസിയാതെതന്നെ, ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നതിനായി ഐക്യനാടുകളുടെ കിഴക്കൻ തീരത്തുള്ള ഒരു പട്ടണത്തിലേക്ക് അവർ താമസം മാറ്റി. ഇതുകണ്ടപ്പോൾ ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നതിനുള്ള ആഗ്രഹം ഞങ്ങളുടെ ഹൃദയത്തിലും പൊട്ടിമുളച്ചു.
താമസം മാറ്റുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിന് ഞങ്ങൾക്ക് മറ്റൊരു കാരണവുമുണ്ടായിരുന്നു. ഫ്രെഡ് ഒരു വലിയ ഡിപ്പാർട്ട്മെൻറ് സ്റ്റോറിന്റെ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ ജോലി വളരെയധികം ശ്രദ്ധയാവശ്യമുള്ള ഒന്നായിരുന്നു. എങ്ങോട്ടെങ്കിലും താമസം മാറ്റുന്നത് ജീവിതം ലളിതമാക്കാനും സത്യത്തിനും അതുപോലെതന്നെ ഞങ്ങളുടെ രണ്ടു കുട്ടികൾക്കും കൂടുതൽ ശ്രദ്ധ നൽകുന്നതിനും തന്നെ പ്രാപ്തനാക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. എന്റെ ആദ്യ വിവാഹത്തിലെ മകൾ അപ്പോഴേക്കും വിവാഹിതയായിരുന്നു. അവളും ഭർത്താവും സത്യം സ്വീകരിച്ചിരുന്നു, അതുകൊണ്ട് സിയാറ്റ്ൽ വിട്ടുപോകാനുള്ള ഞങ്ങളുടെ തീരുമാനം ബുദ്ധിമുട്ടുളവാക്കുന്നതായിരുന്നു. എങ്കിലും അവർ ഞങ്ങളുടെ ആന്തരം മനസ്സിലാക്കി ഞങ്ങളുടെ തീരുമാനത്തെ പിന്തുണച്ചു.
അങ്ങനെ 1973-ൽ ഞങ്ങൾ സ്പെയിനിലേക്കു താമസം മാറ്റി. അന്ന് ആ രാജ്യത്ത് സുവാർത്താ പ്രസംഗകരുടെയും നേതൃത്വമെടുക്കാൻ പ്രാപ്തിയുള്ള സഹോദരങ്ങളുടെയും വലിയ ആവശ്യമുണ്ടായിരുന്നു. ചെലവുചുരുക്കി ജീവിക്കുന്നപക്ഷം സ്പെയിനിലെ ചെലവുകൾക്ക് ഞങ്ങളുടെ സമ്പാദ്യം മതിയാകുമെന്നും അങ്ങനെ സമയത്തിന്റെ ഭൂരിഭാഗവും ഞങ്ങൾക്കു ശുശ്രൂഷയിൽ ചെലവഴിക്കാൻ കഴിയുമെന്നും ഫ്രെഡ് കണക്കുകൂട്ടി. അതാണ് ഞങ്ങൾ ചെയ്തതും. താമസിയാതെ ഫ്രെഡ് ഒരു മൂപ്പനായിത്തീർന്നു. 1983 ആയപ്പോഴേക്കും ഞങ്ങളിരുവരും പയനിയറിങ്ങും തുടങ്ങി.
സ്പെയിനിൽ ഞങ്ങൾ 20 വർഷക്കാലം സേവിച്ചു. ആ സമയത്ത് ഞങ്ങൾ അവിടുത്തെ ഭാഷ സംസാരിക്കാൻ പഠിക്കുകയും അനേകം നല്ല അനുഭവങ്ങൾ ആസ്വദിക്കുകയും ചെയ്തു. ഫ്രെഡും ഞാനും മിക്കപ്പോഴും പ്രസംഗവേലയ്ക്കും ദമ്പതികൾക്കുള്ള അധ്യയനങ്ങൾക്കും ഒരുമിച്ചുപോകുമായിരുന്നു. അവരിൽ പലരും ഇപ്പോൾ സ്നാപനമേറ്റ സാക്ഷികളാണ്. സ്പെയിനിൽ ചെന്ന് ഏതാനും വർഷം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഇളയ രണ്ടു കുട്ടികളായ ഹൈഡിയും മൈക്കും പയനിയർ സേവനം ഏറ്റെടുത്തു. ഞങ്ങൾക്ക് ഭൗതികമായി അധികമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലമായിരുന്നു അത്. ഞങ്ങളുടെ ജീവിതം ലളിതമായിരുന്നു. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക് ധാരാളം സമയം ഒരുമിച്ചു ചെലവിടാൻ കഴിഞ്ഞു. ബൈബിൾ വിവരണത്തിലെ വിധവയുടെ എണ്ണപോലെ സൂക്ഷിച്ചു കൈകാര്യം ചെയ്തിരുന്ന ഞങ്ങളുടെ സമ്പാദ്യം ഒരിക്കലും തീർന്നുപോയുമില്ല.—1 രാജാക്കന്മാർ 17:14-16.
ഒരിക്കൽക്കൂടി രാജ്യം മാറുന്നു
1992 ആയപ്പോഴേക്കും താമസം മാറ്റുന്നതിനെക്കുറിച്ച് ഞങ്ങൾ ഒരിക്കൽക്കൂടി ചിന്തിക്കാൻ തുടങ്ങി. ഞങ്ങളുടെ കുട്ടികൾ വളർന്നിരുന്നു. സ്പെയിനിൽ സുവിശേഷകരുടെ ആവശ്യം മുമ്പത്തെ അത്രയും ഉണ്ടായിരുന്നുമില്ല. മുമ്പ് ഇക്വഡോറിൽ സേവിച്ചിരുന്ന ഒരു മിഷനറിയെ ഞങ്ങൾക്ക് അറിയാമായിരുന്നു. ആ രാജ്യത്ത് പയനിയർമാരുടെയും മൂപ്പൻമാരുടെയും വലിയ ആവശ്യമുള്ളതായി അദ്ദേഹം ഞങ്ങളോടു പറഞ്ഞു. ഒരു പുതിയ രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവാത്തത്ര പ്രായമായിരുന്നോ ഞങ്ങൾക്ക്? ഞങ്ങൾക്ക് അങ്ങനെ തോന്നിയില്ല. കാരണം ഞങ്ങൾക്കു രണ്ടുപേർക്കും നല്ല ആരോഗ്യമുണ്ടായിരുന്നു. മാത്രമല്ല, പ്രസംഗവേല ഞങ്ങൾക്കു വളരെ പ്രിയവുമായിരുന്നു. അതുകൊണ്ട് ഞങ്ങൾ ഇക്വഡോർ ബ്രാഞ്ചുമായി ബന്ധപ്പെടുകയും കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ തുടങ്ങുകയും ചെയ്തു. സ്പെയിനിന്റെ വടക്കു സേവനമനുഷ്ഠിക്കുകയായിരുന്ന എന്റെ മകൾ ഹൈഡിയും ഭർത്താവ് ച്വാൻ മാൻവെലും ഞങ്ങളോടൊപ്പം ചേരാൻ ആകാംക്ഷയുള്ളവരായിരുന്നു.
ഒടുവിൽ 1993 ഫെബ്രുവരിയിൽ ഞങ്ങൾ എല്ലാ കാര്യങ്ങളും ക്രമീകരിച്ച് പുതിയ രാജ്യത്ത് എത്തിച്ചേർന്നു. ഇക്വഡോറിൽ പയനിയറിങ് ചെയ്യുന്നതിനെക്കുറിച്ചോർത്ത് ഞങ്ങളിരുവരും പുളകംകൊണ്ടു. എന്തെന്നാൽ ബൈബിൾ പഠിക്കാൻ ആകാംക്ഷയുള്ള വളരെയധികം ആളുകൾ അവിടെയുണ്ടായിരുന്നു. ബ്രാഞ്ച് ഞങ്ങൾക്ക് ഊഷ്മളമായ വരവേൽപ്പു നൽകി. അതിനുശേഷം സുവിശേഷകരുടെ പ്രത്യേക ആവശ്യമുള്ളതായി ശുപാർശചെയ്യപ്പെട്ട പല നഗരങ്ങളും സന്ദർശിക്കാൻ ഞങ്ങൾ പദ്ധതിയിട്ടു. എന്നാൽ അപ്പോൾ എന്റെ ഭർത്താവു മരണമടഞ്ഞു.
“കൂരിരുൾതാഴ്വരയിൽ”
അതറിഞ്ഞപ്പോൾ ആദ്യം ഞാൻ ഞെട്ടിപ്പോയി. പിന്നെ എനിക്കത് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഫ്രെഡിന് അങ്ങനെയൊന്നും രോഗമുണ്ടാകാറില്ലായിരുന്നു. ഞാൻ എന്തു ചെയ്യണം? എവിടെ പോകണം? എനിക്കൊരു എത്തും പിടിയും കിട്ടിയില്ല.
ജീവിതത്തിൽ ഏറ്റവുമധികം വിഷമമനുഭവിച്ച ആ നിമിഷങ്ങളിൽ അനുകമ്പാമസൃണരായ ആത്മീയ സഹോദരീസഹോദരന്മാരുടെ പിന്തുണയാൽ ഞാൻ അനുഗൃഹീതയായി. അവരിൽ മിക്കവരും എന്നെ അറിയുകകൂടി ഇല്ലായിരുന്നു. ബ്രാഞ്ചിലെ സഹോദരങ്ങൾ വളരെ ദയയുള്ളവരായിരുന്നു. ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങളുൾപ്പെടെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയത് അവരാണ്. ബോണോ സഹോദരനും സഹോദരിയും എന്നോടു കാണിച്ച സ്നേഹം ഞാൻ പ്രത്യേകിച്ചും ഓർമിക്കുന്നു. ഞാൻ ഒരിക്കലും തനിച്ചായിരിക്കുന്നില്ലെന്ന് അവർ ഉറപ്പു വരുത്തി. എനിക്ക് ഏകാന്തത തോന്നാതിരിക്കുന്നതിനായി ഇഡിത്ത് ബോണോ പലപ്പോഴും എന്റെ മുറിയിൽ അന്തിയുറങ്ങുകപോലും ചെയ്തു. വാസ്തവത്തിൽ, മുഴു ബെഥേൽ കുടുംബവും എന്നോട് വളരെയധികം സ്നേഹവും പരിഗണനയും കാണിച്ചു. ചൂടും സംരക്ഷണവുമേകുന്ന സ്നേഹമാകുന്ന കമ്പിളികൊണ്ട് അവർ എന്നെ പുതപ്പിച്ചതുപോലെയായിരുന്നു അത്.
ഏതാനും ദിവസത്തിനുള്ളിൽ മൂന്നു മക്കളും എന്റെയടുത്ത് എത്തിച്ചേർന്നു. അവരുടെ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു. പകൽസമയത്ത് എന്റെ ചുറ്റും സ്നേഹധനരായ പലരും ഉണ്ടായിരുന്നെങ്കിലും നീണ്ട രാത്രികൾ കഴിച്ചുകൂട്ടുക ഏറെ ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് യഹോവ എന്നെ താങ്ങിയത്. വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടപ്പോഴെല്ലാം ഞാൻ പ്രാർഥനയിൽ അവങ്കലേക്കു തിരിഞ്ഞു. അപ്പോഴെല്ലാം അവൻ എന്നെ ആശ്വസിപ്പിച്ചു.
ശവസംസ്കാരം കഴിഞ്ഞപ്പോൾ ഈ ചോദ്യം തലപൊക്കി, ഞാൻ ഇനി എന്തു ചെയ്യണം? ഞാൻ ഇക്വഡോറിൽ തന്നെ കഴിയാൻ ആഗ്രഹിച്ചു. എന്തുകൊണ്ടെന്നാൽ അത് ഞങ്ങൾ രണ്ടുപേരും കൂടി എടുത്ത തീരുമാനമായിരുന്നു. എന്നാൽ അവിടെ ഒറ്റയ്ക്കു കഴിയാൻ പറ്റുമെന്ന് എനിക്കു തോന്നിയില്ല. അതുകൊണ്ട് അടുത്തുതന്നെ ഇക്വഡോറിലേക്ക് താമസം മാറ്റാൻ പദ്ധതിയിട്ടിരുന്ന ഹൈഡിയും ച്വാൻ മാൻവെലും, അപ്പോൾത്തന്നെ പോരാനും ഞങ്ങൾക്കെല്ലാവർക്കും ഒരുമിച്ചു സേവനമനുഷ്ഠിക്കാനും കഴിയത്തക്കവണ്ണം തങ്ങളുടെ പദ്ധതികൾക്ക് മാറ്റംവരുത്തി.
ഒരു മാസത്തിനുള്ളിൽ ഞങ്ങൾ ലോഹായിൽ ഒരു വീടു കണ്ടെത്തി. ബ്രാഞ്ച് ശുപാർശചെയ്തിരുന്ന നഗരങ്ങളിലൊന്നായിരുന്നു അത്. പെട്ടെന്നുതന്നെ ഞാൻ കാര്യാദികൾ ക്രമീകരിക്കൽ, പുതിയ ഭവനത്തിൽ താമസം തുടങ്ങൽ, പുതിയ രാജ്യത്ത് പ്രസംഗമാരംഭിക്കൽ എന്നിങ്ങനെ പല കാര്യങ്ങളിൽ വ്യാപൃതയായിത്തീർന്നു. ആ പ്രവർത്തനങ്ങളെല്ലാം ഒരളവുവരെ എന്റെ ദുഃഖം ലഘൂകരിച്ചു. എല്ലാറ്റിലുമുപരിയായി, ഫ്രെഡിനോട് വളരെ അടുപ്പമുണ്ടായിരുന്ന എന്റെ മകളോടൊപ്പമിരുന്ന് കരയാൻ എനിക്കു കഴിഞ്ഞു. അതു വികാരങ്ങളെ തുറന്നുവിടാൻ എന്നെ സഹായിച്ചു.
എന്നാൽ, ഏതാനും മാസങ്ങൾക്കുശേഷം പുതിയ ദിനചര്യയോട് ഇണങ്ങിക്കഴിഞ്ഞപ്പോൾ എന്റെ നഷ്ടബോധം കൂടുതൽ ഭയങ്കരമായിത്തീർന്നു. ഞാനും ഫ്രെഡും പങ്കിട്ട സന്തോഷകരമായ സമയങ്ങളെക്കുറിച്ച് ഓർക്കുന്നതുതന്നെ എന്നെ വളരെയധികം വിഷമിപ്പിച്ചു. കഴിഞ്ഞകാലത്തെക്കുറിച്ചു മറക്കാൻ ശ്രമിച്ചുകൊണ്ട്, ഭാവിയെക്കുറിച്ച് അധികമൊന്നും ചിന്തിക്കാൻ കഴിയാതെ, ഞാൻ ദിവസങ്ങൾ തള്ളിനീക്കി. എങ്കിലും, അർഥവത്തായ എന്തിലെങ്കിലും, പ്രത്യേകിച്ചും പ്രസംഗപ്രവർത്തനത്തിൽ, ഓരോ ദിവസവും വ്യാപൃതയാകാൻ ഞാൻ ശ്രമിക്കുകതന്നെ ചെയ്തു. അതാണ് മുന്നോട്ടു പോകാൻ എന്നെ സഹായിച്ചതും.
ബൈബിളിനെക്കുറിച്ചു പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും ഞാൻ എല്ലായ്പോഴും വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഇക്വഡോറിലെ ആളുകൾ വളരെ സ്വീകരണമനോഭാവമുള്ളവർ ആയിരുന്നതുകൊണ്ട് ഈ വേല ചെയ്യുന്നത് ആഹ്ലാദപ്രദമായിരുന്നു. അവിടെ ചെന്നയിടയ്ക്ക് ഒരിക്കൽ വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരിക്കെ ഞാൻ വിവാഹിതയായ ഒരു യുവതിയെ കണ്ടുമുട്ടി. അവൾ ഇങ്ങനെ പറഞ്ഞു: “ഉവ്വ്, എനിക്കു ബൈബിൾ പഠിക്കാനിഷ്ടമാണ്!” ഇക്വഡോറിൽ എനിക്കു ലഭിച്ച ആദ്യത്തെ ബൈബിളധ്യയനം ആയിരുന്നു അത്. അത്തരം അനുഭവങ്ങളിൽ എന്റെ ശ്രദ്ധ പതിയുകയും എന്റെതന്നെ ദുഃഖത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കാതിരിക്കാൻ അവ സഹായിക്കുകയും ചെയ്തു. യഹോവ എന്റെ വയൽസേവനത്തെ സമൃദ്ധമായി അനുഗ്രഹിച്ചു. സുവാർത്താ പ്രസംഗത്തിലേർപ്പെട്ട മിക്ക സമയങ്ങളിലും എനിക്കൊരു നല്ല അനുഭവം ഉണ്ടാകുന്നതായി കാണപ്പെട്ടു.
പയനിയർ സേവനത്തിൽ തുടർന്നത് ഒരു അനുഗ്രഹമായി എന്നതിനു സംശയമില്ല. കാരണം, പയനിയറിങ്ങിന്റെ ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച് എനിക്ക് ഒരു കടപ്പാടു തോന്നുകയും എല്ലാ ദിവസവും പ്രയോജനപ്രദമായ എന്തെങ്കിലും ചെയ്യാൻ ഉണ്ടായിരിക്കുകയും ചെയ്തു. ചുരുങ്ങിയ കാലംകൊണ്ട് എനിക്ക് ആറു ബൈബിളധ്യയനങ്ങൾ ലഭിച്ചു.
ശുശ്രൂഷയിൽനിന്ന് എനിക്ക് എത്രമാത്രം സംതൃപ്തി ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്നതിനുവേണ്ടി, അടുത്തകാലത്ത് ബൈബിളുപദേശങ്ങളോട് യഥാർഥ വിലമതിപ്പു പ്രകടമാക്കിയ ഒരു മധ്യവയസ്കയുടെ കാര്യം ഞാൻ പറയാം. അവളെ ഞാനൊരു തിരുവെഴുത്തു കാണിക്കുമ്പോൾ ആദ്യം അത് നന്നായി മനസ്സിലാക്കാൻ അവൾ ആഗ്രഹിക്കുന്നു. പിന്നീട് അതിലെ ബുദ്ധ്യുപദേശം ജീവിതത്തിൽ ബാധകമാക്കാൻ മനസ്സൊരുക്കം കാണിക്കുന്നു. മുമ്പ് അധാർമിക ജീവിതം നയിച്ചിട്ടുള്ളവളാണെങ്കിലും അടുത്തയിടെ ഒരാൾ വിവാഹം കൂടാതെ ഒരുമിച്ചു ജീവിക്കാൻ ക്ഷണിച്ചപ്പോൾ അവളത് അപ്പാടേ നിരസിച്ചു. തിരുവെഴുത്തനുസൃതമായ നിലവാരങ്ങൾക്കുവേണ്ടി ഉറച്ചനിലപാടു സ്വീകരിക്കുന്നതിൽ താനെത്ര സന്തുഷ്ടയാണെന്ന് അവൾ എന്നോടു പറഞ്ഞു. എന്തെന്നാൽ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത മനസ്സമാധാനമാണ് അവളിപ്പോൾ ആസ്വദിക്കുന്നത്. അത്തരം അധ്യയനങ്ങൾ എന്റെ ഹൃദയത്തെ ഊഷ്മളമാക്കുകയും ഞാൻ ഉപകാരപ്രദയാണ് എന്ന തോന്നൽ എന്നിൽ ഉളവാക്കുകയും ചെയ്യുന്നു.
സന്തോഷം നിലനിർത്തുന്നു
ശിഷ്യരാക്കൽ വേല എനിക്കു വളരെയധികം സന്തോഷം കൈവരുത്തുന്നെങ്കിലും എന്റെ ദുഃഖം പെട്ടെന്നൊന്നും കെട്ടടങ്ങിയില്ല. എന്നെ സംബന്ധിച്ചിടത്തോളം, ദുഃഖം വന്നുംപോയുമിരിക്കുന്ന ഒന്നാണ്. എന്റെ മകളും മരുമകനും എനിക്കു വളരെ നല്ല പിന്തുണയാണു നൽകിയിരിക്കുന്നത്. എങ്കിലും ചിലപ്പോൾ അവർ ധന്യമുഹൂർത്തങ്ങൾ പങ്കിടുന്നതു കാണുമ്പോൾ എനിക്കു കൂടുതലായ നഷ്ടബോധം അനുഭവപ്പെടുന്നു. എനിക്ക് എന്റെ ഭർത്താവിന്റെ അഭാവം വളരെയധികം അനുഭവപ്പെടുന്നത് ഞങ്ങൾ ഉറ്റചങ്ങാതിമാരായിരുന്നതുകൊണ്ടു മാത്രമല്ല, പിന്നെയോ പല കാര്യങ്ങൾക്കും ഞാൻ അദ്ദേഹത്തെ ആശ്രയിച്ചിരുന്നതുകൊണ്ടുകൂടിയാണ്. അദ്ദേഹത്തോടു സംസാരിക്കാനോ ഉപദേശമാരായാനോ വയൽസേവനത്തിലെ അനുഭവം അദ്ദേഹവുമായി പങ്കുവെക്കാനോ കഴിയാതെവരുന്നതിനാൽ ചിലപ്പോഴൊക്കെ അതിയായ ദുഃഖവും നഷ്ടബോധവും എനിക്കനുഭവപ്പെടുന്നു.
അത്തരം സന്ദർഭങ്ങളിൽ എന്നെ എന്താണ് സഹായിക്കുന്നത്? ഞാൻ യഹോവയോട് ഉള്ളുരുകി പ്രാർഥിക്കുകയും ക്രിയാത്മകമായ എന്തിനെയെങ്കിലും കുറിച്ചു ചിന്തിക്കാൻ എന്നെ സഹായിക്കേണമേയെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. (ഫിലിപ്പിയർ 4:6-8) അവൻ യഥാർഥത്തിൽ എന്നെ സഹായിക്കുകതന്നെ ചെയ്യുന്നു. ഏതാനും വർഷങ്ങൾ പിന്നിട്ട സ്ഥിതിക്ക് ഞാനും ഫ്രെഡും ഒരുമിച്ചാസ്വദിച്ച ചില നല്ല സമയങ്ങളെക്കുറിച്ച് എനിക്കു പറയാൻ കഴിയുന്നുണ്ട്. സൗഖ്യമാകൽ പ്രക്രിയ സാവധാനം ഫലമുളവാക്കുന്നു എന്നതിന്റെ തെളിവാണത്. സങ്കീർത്തനക്കാരനായ ദാവീദിനെപ്പോലെ, “കൂരിരുൾതാഴ്വരയിൽ” കൂടി നടന്നതായി എനിക്കു തോന്നുന്നു. എന്നാൽ എനിക്കു സാന്ത്വനം പകരാൻ യഹോവയുണ്ടായിരുന്നു, വിശ്വസ്തരായ സഹോദരങ്ങൾ ദയാപൂർവം എന്നെ നേർവഴിക്കു നയിച്ചു.
ഞാൻ പഠിച്ച പാഠങ്ങൾ
എല്ലായ്പോഴും ഫ്രെഡ് നേതൃത്വമെടുത്തിരുന്നതിനാൽ മുൻകൈയെടുത്ത് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ എന്നെങ്കിലും എനിക്കു കഴിയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. എങ്കിലും, യഹോവയുടെയും എന്റെ കുടുംബത്തിന്റെയും സഹോദരങ്ങളുടെയും സഹായത്താൽ എനിക്കതിനു കഴിഞ്ഞിരിക്കുന്നു. ചില വിധങ്ങളിൽ ഞാൻ മുമ്പത്തേതിലും ശക്തയാണ്. ഞാൻ മുമ്പത്തേതിലും കൂടുതൽ തവണ യഹോവയിലേക്കു തിരിയുന്നു. സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയുമാണ്.
ആവശ്യം അധികമുള്ളിടത്ത് ഒരുമിച്ചു സേവിച്ചുകൊണ്ട് എനിക്കും ഫ്രെഡിനും 20 വർഷം സ്പെയിനിൽ ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. ഈ വ്യവസ്ഥിതിയിൽ ഓരോ ദിവസവും എന്തൊക്കെയാണു സംഭവിക്കുന്നതെന്ന് നമുക്കൊരിക്കലും അറിയില്ല. അതുകൊണ്ട് അവസരമുള്ളപ്പോൾ യഹോവയ്ക്കും നമ്മുടെ കുടുംബത്തിനും വേണ്ടി അത്യുത്തമമായതു ചെയ്യുന്നത് വളരെ പ്രധാനമാണെന്നു ഞാൻ വിചാരിക്കുന്നു. ആ വർഷങ്ങൾ ഞങ്ങളുടെ ജീവിതത്തെയും വിവാഹത്തെയും വളരെയധികം ധന്യമാക്കി. നഷ്ടബോധത്തെ തരണം ചെയ്യുന്നതിന് അവ എന്നെ സജ്ജയാക്കി എന്നെനിക്കു ബോധ്യമുണ്ട്. ഫ്രെഡിന്റെ മരണത്തിനു മുമ്പുതന്നെ പയനിയറിങ് ഒരു ജീവിതരീതിയായി തീർന്നിരുന്നതിനാൽ പുതിയ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ പാടുപെടവേ അത് എനിക്ക് ഒരു ഉദ്ദേശ്യബോധം പ്രദാനം ചെയ്തു.
ഫ്രെഡ് മരണമടഞ്ഞപ്പോൾ എന്റെ ജീവിതവും അവസാനിച്ചതായി ആദ്യം എനിക്കു തോന്നി. എന്നാൽ, എന്റെ ജീവിതം ഒരിക്കലും അവസാനിച്ചിരുന്നില്ല. യഹോവയുടെ സേവനത്തിൽ എനിക്കു വേല ചെയ്യാനുണ്ടായിരുന്നു. എന്റെ സഹായം ആവശ്യമുള്ള ആളുകളുമുണ്ടായിരുന്നു. സത്യത്തിനായി ദാഹിക്കുന്ന വളരെയധികമാളുകൾ എനിക്കു ചുറ്റുമുള്ളപ്പോൾ എനിക്ക് എങ്ങനെ സേവനം നിർത്താൻ കഴിയുമായിരുന്നു? യേശു പറഞ്ഞതുപോലെ, മറ്റുള്ളവരെ സഹായിക്കുന്നത് എനിക്കു പ്രയോജനകരമായിരുന്നു. (പ്രവൃത്തികൾ 20:35) പ്രതീക്ഷാപൂർവം കാത്തിരിക്കുന്നതിന്, ആസൂത്രണം ചെയ്യുന്നതിന് വയൽശുശ്രൂഷയിലെ അനുഭവങ്ങൾ വകയേകി.
ഏതാനും ദിവസം മുമ്പ്, ഇടയ്ക്കിടെ ഉണ്ടാകാറുള്ളതുപോലെ വല്ലാത്തൊരു ഏകാന്തത എനിക്ക് അനുഭവപ്പെട്ടു. എന്നാൽ ഒരു ബൈബിളധ്യയനത്തിനു പോയപ്പോൾ പെട്ടെന്നെനിക്ക് കൂടുതൽ സന്തോഷം തോന്നി. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ സംതൃപ്തയും സന്തോഷവതിയുമായി ഞാൻ വീട്ടിൽ മടങ്ങിയെത്തി. സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ, ചിലപ്പോൾ നാം “കണ്ണുനീരോടെ വിതെ”ച്ചേക്കാം. എന്നാൽ യഹോവ നമ്മുടെ പ്രയത്നത്തെ അനുഗ്രഹിക്കുമ്പോൾ നാം “ആർപ്പോടെ കൊയ്യു”ന്നു.—സങ്കീർത്തനങ്ങൾ 126:5, 6.
അടുത്തയിടെ, ഉയർന്ന രക്തസമ്മർദം നിമിത്തം എനിക്കെന്റെ പട്ടികയിൽ കുറച്ചു ഭേദഗതി വരുത്തേണ്ടിവന്നു. ഇപ്പോൾ ഞാൻ ഒരു നിരന്തര സഹായപയനിയറാണ്. ഈ വ്യവസ്ഥിതിയിൽ എന്നെങ്കിലും ഞാൻ എന്റെ നഷ്ടബോധത്തെ പൂർണമായി തരണംചെയ്യുമെന്നു വിചാരിക്കുന്നില്ലെങ്കിലും സംതൃപ്തമായ ഒരു ജീവിതമാണു ഞാൻ നയിക്കുന്നത്. എന്റെ മൂന്നു മക്കളും മുഴുസമയസേവനത്തിലായിരിക്കുന്നതു കാണുന്നത് എനിക്കു സന്തോഷം കൈവരുത്തുന്നു. സർവോപരി, ഫ്രെഡിനെ പുതിയ ലോകത്തിൽ വീണ്ടും കാണുന്നതിനായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു. ഇക്വഡോറിൽ എനിക്കു നിർവഹിക്കാൻ കഴിഞ്ഞ വേലയെക്കുറിച്ച്, അതായത് ഞങ്ങളുടെ പദ്ധതികൾ ഫലമുളവാക്കി എന്ന്, അറിയുന്നത് അദ്ദേഹത്തെ പുളകം കൊള്ളിക്കുമെന്ന് എനിക്കുറപ്പുണ്ട്.
സങ്കീർത്തനക്കാരന്റെ വാക്കുകൾ എന്റെ കാര്യത്തിൽ തുടർന്നും സത്യമെന്നു തെളിയേണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. “നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.”—സങ്കീർത്തനങ്ങൾ 23:6.
[23-ാം പേജിലെ ചിത്രം]
ഇക്വഡോറിലെ ലോഹായിലുള്ള സാൻ ലൂക്കസിൽ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നു