പഠനലേഖനം 9
ദൈവം തന്ന ജീവൻ എന്ന സമ്മാനത്തെ വിലയേറിയതായി കാണുക
“ദൈവം കാരണമാണല്ലോ നമ്മൾ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്.”—പ്രവൃ. 17:28.
ഗീതം 141 ജീവൻ എന്ന അത്ഭുതം
ചുരുക്കംa
1. നമ്മുടെ ജീവനെ എത്ര മൂല്യമുള്ളതായിട്ടാണ് യഹോവ കാണുന്നത്?
നിങ്ങൾക്കു കുടുംബത്തിൽനിന്ന് വിലപിടിപ്പുള്ള ഒരു നെക്ലെസ് സമ്മാനമായി കിട്ടുന്നെന്നു വിചാരിക്കുക. അതു വളരെ പഴക്കമുള്ളതും അൽപ്പം നിറം മങ്ങിയതും ആണ്. അതിലെ ഒരു കല്ല് ഇളകിപ്പോയിട്ടുമുണ്ട്. ഈ കുറവുകളൊക്കെയുണ്ടെങ്കിലും ആ നെക്ലെസിനു ലക്ഷങ്ങൾ വിലവരും. അതുകൊണ്ട് ആ സമ്മാനത്തെ മൂല്യമുള്ളതായി കണ്ട് നിങ്ങൾ സംരക്ഷിക്കില്ലേ? ഇതുപോലെ യഹോവ നമുക്കു തന്നിരിക്കുന്ന ഒരു സമ്മാനമാണു ജീവൻ. അതിനെ വളരെ മൂല്യമുള്ളതായി യഹോവ കാണുന്നു. അതുകൊണ്ടാണു സ്വന്തം മകനെ നമുക്കുവേണ്ടി മോചനവിലയായി നൽകിയത്.—യോഹ. 3:16.
2. 2 കൊരിന്ത്യർ 7:1-ൽ പറഞ്ഞിരിക്കുന്നതുപോലെ യഹോവ നമ്മളിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു?
2 ജീവന്റെ ഉറവാണ് യഹോവ. (സങ്കീ. 36:9) അപ്പോസ്തലനായ പൗലോസും അതു വിശ്വസിച്ചു. അദ്ദേഹം പറഞ്ഞു: “ദൈവം കാരണമാണല്ലോ നമ്മൾ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്.” (പ്രവൃ. 17:25, 28) അതുകൊണ്ടുതന്നെ നമ്മുടെ ജീവൻ ദൈവം തന്ന സമ്മാനമാണെന്നു പറയുന്നതു തികച്ചും ഉചിതമാണ്. ഇനി, അതു മാത്രമല്ല ജീവൻ നിലനിറുത്താൻ ആവശ്യമായ എല്ലാ കാര്യങ്ങളും ദൈവം സ്നേഹത്തോടെ മനുഷ്യർക്കു നൽകിയിരിക്കുന്നു. (പ്രവൃ. 14:15-17) എന്നാൽ അത്ഭുതകരമായി യഹോവ എപ്പോഴും നമ്മുടെ ജീവൻ സംരക്ഷിക്കുന്നില്ല. പകരം ശാരീരികവും ആത്മീയവും ആയ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനു നമ്മൾ കഴിവിന്റെ പരമാവധി ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു. (2 കൊരിന്ത്യർ 7:1 വായിക്കുക.) എന്തുകൊണ്ടാണു നമ്മൾ ആരോഗ്യവും ജീവനും സംരക്ഷിക്കേണ്ടത്? നമുക്ക് അത് എങ്ങനെ ചെയ്യാം?
ജീവൻ എന്ന സമ്മാനത്തെ അമൂല്യമായി കാണുക
3. നമ്മൾ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ഒരു കാരണം എന്താണ്?
3 ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതു വളരെ പ്രധാനമാണ്. ഒരു കാരണം, അപ്പോഴേ നമുക്കു കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാൻ കഴിയൂ. (മർക്കോ. 12:30) നമ്മുടെ ‘ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവും ആയ ജീവനുള്ള ബലിയായി അർപ്പിക്കാനാണു’ നമ്മുടെ ആഗ്രഹം. (റോമ. 12:1) അതുകൊണ്ട് ആരോഗ്യം മോശമാക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കും. എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോൾ ചില അസുഖങ്ങളൊക്കെ വന്നേക്കാമെന്നതു ശരിയാണ്. എങ്കിലും ആരോഗ്യത്തോടെയിരിക്കാൻ വേണ്ട ന്യായമായ കാര്യങ്ങൾ നമ്മൾ ചെയ്യും. കാരണം ജീവൻ എന്ന സമ്മാനം തന്ന സ്വർഗീയപിതാവിനോടു നന്ദിയും വിലമതിപ്പും കാണിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.
4. ദാവീദ് രാജാവ് എന്താണ് ആഗ്രഹിച്ചത്?
4 ദൈവം തന്ന സമ്മാനമായ ജീവനെ ദാവീദ് രാജാവ് വളരെ വിലമതിച്ചിരുന്നു. അതിന്റെ കാരണത്തെക്കുറിച്ച് അദ്ദേഹം എഴുതി: “ഞാൻ മരിച്ചാൽ എന്തു ലാഭം? ഞാൻ ശവക്കുഴിയിലേക്ക് ഇറങ്ങിയാൽ എന്തു നേട്ടം? പൊടി അങ്ങയെ സ്തുതിക്കുമോ? അങ്ങയുടെ വിശ്വസ്തതയെക്കുറിച്ച് സംസാരിക്കുമോ?” (സങ്കീ. 30:9; അടിക്കുറിപ്പ്) ഒരുപക്ഷേ തന്റെ ജീവിതാവസാനകാലത്തായിരിക്കാം ദാവീദ് ഈ വാക്കുകൾ എഴുതിയത്. എന്തായാലും, കഴിയുന്നിടത്തോളം കാലം നല്ല ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. കാരണം, അപ്പോൾ മാത്രമേ യഹോവയെ സ്തുതിക്കാൻ അദ്ദേഹത്തിനാകുമായിരുന്നുള്ളൂ. ദാവീദ് രാജാവിന്റെ അതേ മനോഭാവമാണു നമുക്കുമുള്ളത്.
5. എത്ര പ്രായമായാലും ആരോഗ്യം എത്ര മോശമായാലും നമുക്ക് എന്തു ചെയ്യാം?
5 ചില ആരോഗ്യപ്രശ്നങ്ങളുള്ളതുകൊണ്ടോ പ്രായമായതുകൊണ്ടോ മുമ്പ് ചെയ്തിരുന്നതുപോലെ പലതും ചെയ്യാൻ നമുക്ക് ഇപ്പോൾ കഴിയുന്നില്ലായിരിക്കാം. അതുകൊണ്ടുതന്നെ നമുക്കു നിരാശയും സങ്കടവും തോന്നാം. പക്ഷേ അപ്പോഴും നമ്മൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം നമുക്ക് എത്ര പ്രായമായാലും എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളുണ്ടായാലും ദാവീദ് രാജാവിനെപ്പോലെ അപ്പോഴും നമുക്ക് യഹോവയെ സ്തുതിക്കാൻ കഴിയും. നമ്മൾ രോഗികളോ പ്രായം ചെന്നവരോ ആണെങ്കിലും യഹോവ നമ്മളെ വളരെ മൂല്യമുള്ളവരായി കാണുന്നെന്ന് അറിയുന്നതു ശരിക്കും ആശ്വസിപ്പിക്കുന്നില്ലേ? (മത്താ. 10:29-31) ഇനി, നമ്മൾ മരിച്ചുപോയാൽപ്പോലും തിരികെ ജീവനിലേക്കു കൊണ്ടുവരാൻ യഹോവയ്ക്കു കൊതി തോന്നും. (ഇയ്യോ. 14:14, 15) എന്തുതന്നെയായാലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ആരോഗ്യവും ജീവനും സംരക്ഷിക്കാൻ നമുക്കു പരമാവധി ശ്രമിക്കാം.
ദുശ്ശീലങ്ങൾ ഒഴിവാക്കുക
6. ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ യഹോവ നമ്മളിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?
6 ആരോഗ്യപരിപാലനത്തെക്കുറിച്ചോ ഭക്ഷണക്രമത്തെക്കുറിച്ചോ വിവരിക്കുന്ന ഒരു പുസ്തകമല്ല ബൈബിൾ. എന്നാൽ അക്കാര്യങ്ങളെ യഹോവ എങ്ങനെയാണു കാണുന്നതെന്നു മനസ്സിലാക്കാൻ ബൈബിൾ സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന് അമിതമായ തീറ്റിയും കുടിയും പോലെ ‘ശരീരത്തിനു ഹാനികരമായ കാര്യങ്ങൾ ഒഴിവാക്കാനുള്ള’ ഉപദേശം യഹോവ നമുക്കു തന്നിട്ടുണ്ട്. കാരണം, അവ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയോ ജീവൻ അപകടത്തിലാക്കുകയോ ചെയ്തേക്കാം. (സഭാ. 11:10; സുഭാ. 23:20) അതുകൊണ്ട് എന്തു കഴിക്കണം, എത്രത്തോളം കഴിക്കണം എന്നീ കാര്യങ്ങളിൽ നമ്മൾ ആത്മനിയന്ത്രണം പാലിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ട്.—1 കൊരി. 6:12; 9:25.
7. ആരോഗ്യകാര്യങ്ങളിൽ നല്ല തീരുമാനങ്ങളെടുക്കാൻ സുഭാഷിതങ്ങൾ 2:11-ലെ ഉപദേശം നമ്മളെ സഹായിക്കുന്നത് എങ്ങനെ?
7 ചിന്താശേഷി ഉപയോഗിച്ച് നല്ല തീരുമാനങ്ങളെടുത്തുകൊണ്ട് ദൈവം തന്ന സമ്മാനമായ ജീവനെ വിലപ്പെട്ടതായി കാണുന്നുണ്ടെന്നു തെളിയിക്കാനാകും. (സങ്കീ. 119:99, 100; സുഭാഷിതങ്ങൾ 2:11 വായിക്കുക.) ഉദാഹരണത്തിന് ഭക്ഷണത്തിന്റെ കാര്യത്തിൽ. ചില ഭക്ഷണസാധനങ്ങൾ നമുക്ക് ഒരുപാട് ഇഷ്ടമായിരിക്കാം. പക്ഷേ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു കണ്ടാൽ അവ ഒഴിവാക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കും. കൂടാതെ, നന്നായി വിശ്രമിക്കാനും പതിവായി വ്യായാമം ചെയ്യാനും ശുചിത്വശീലങ്ങൾ പാലിക്കാനും വീടും പരിസരവും വൃത്തിയാക്കിയിടാനും ശ്രമിച്ചുകൊണ്ട് സുബോധമുള്ളവരാണെന്നും നമുക്കു തെളിയിക്കാം.
സുരക്ഷയെക്കുറിച്ച് ചിന്തയുള്ളവരായിരിക്കുക
8. നമ്മുടെ സുരക്ഷ യഹോവയ്ക്ക് എത്ര പ്രധാനമാണെന്നു ബൈബിൾ കാണിക്കുന്നത് എങ്ങനെ?
8 വീടുകളിലും ജോലിസ്ഥലത്തും ഗുരുതരമായ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്ന നിയമം യഹോവ ഇസ്രായേൽ ജനത്തിനു നൽകിയിരുന്നു. (പുറ. 21:28, 29; ആവ. 22:8) ഒരാൾ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാലും അയാൾക്കു തക്കതായ ശിക്ഷ കൊടുക്കുമായിരുന്നു. (ആവ. 19:4, 5) ഇനി, അറിയാതെ ഒരു ഗർഭസ്ഥശിശുവിന്റെ ജീവൻ അപകടത്തിലാക്കുന്ന വ്യക്തിക്കുപോലും ശിക്ഷ കിട്ടുമായിരുന്നു. (പുറ. 21:22, 23) ഇതെല്ലാം കാണിക്കുന്നതു സുരക്ഷയെക്കുറിച്ച് നമ്മൾ വളരെയധികം ചിന്തയുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെന്നാണ്.
9. അപകടങ്ങൾ ഒഴിവാക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം? (ചിത്രങ്ങളും കാണുക.)
9 വീട്ടിലായിരുന്നാലും ജോലിസ്ഥലത്തായിരുന്നാലും ആവശ്യമായ സുരക്ഷാമുൻകരുതലുകൾ എടുത്തുകൊണ്ട്, ദൈവം തന്ന ജീവൻ എന്ന സമ്മാനത്തോടു വിലമതിപ്പു കാണിക്കാൻ നമുക്കു കഴിയും. ഉദാഹരണത്തിന്, കൂർത്തതോ മൂർച്ചയുള്ളതോ ആയ ഉപകരണങ്ങൾ, രാസവസ്തുക്കൾ, മരുന്നുകൾ എന്നിവ കുട്ടികളുടെ കൈ എത്താത്തിടത്ത് വെക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കും. ഇനി, അവ കളയുകയാണെങ്കിൽ മറ്റാർക്കും ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തും. തീ കത്തിക്കുമ്പോഴോ വെള്ളം തിളപ്പിക്കുമ്പോഴോ മറ്റ് യന്ത്രോപകരണങ്ങൾ ഉപയോഗിക്കുമ്പോഴോ ഒക്കെ സുരക്ഷയെക്കുറിച്ച് ചിന്തയുള്ളവരായിരിക്കാനും അവ അലക്ഷ്യമായി ഇട്ടിട്ടുപോകാതിരിക്കാനും നമ്മൾ ശ്രദ്ധിക്കും. മയക്കംവരുത്തുന്ന മരുന്നുകളോ മദ്യമോ കഴിച്ചിട്ട് അല്ലെങ്കിൽ വേണ്ടത്ര ഉറങ്ങാതെ നമ്മൾ വണ്ടി ഓടിക്കില്ല. ഇനി വണ്ടി ഓടിക്കുന്നതിനിടെ ശ്രദ്ധ പതറിച്ചേക്കാവുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാനും നമ്മൾ നോക്കും.
ഒരു ദുരന്തം ഉണ്ടാകുമ്പോൾ
10. ജീവനു ഭീഷണിയായേക്കാവുന്ന ദുരന്തങ്ങൾ ഉണ്ടാകുന്നതിനു മുമ്പും അവ നേരിടുന്ന സമയത്തും നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?
10 ചിലപ്പോൾ ജീവൻ കവർന്നെടുത്തേക്കാവുന്ന അപകടകരമായ ചില സാഹചര്യങ്ങൾ തടയാൻ നമുക്കു കഴിയില്ല. ഉദാഹരണത്തിന് പ്രകൃതിവിപത്തുകളോ പകർച്ചവ്യാധികളോ പ്രക്ഷോഭങ്ങളോ പോരാട്ടങ്ങളോ ഉണ്ടാകുമ്പോൾ. അത്തരം സമയങ്ങളിൽ അപകടസാധ്യത കുറയ്ക്കാനും ആ ദുരന്തത്തെ അതിജീവിക്കാനും വേണ്ടി അധികാരികൾ നൽകുന്ന നിർദേശങ്ങൾ നമുക്ക് അനുസരിക്കാൻ കഴിയും. അവർ ചിലപ്പോൾ നമ്മളോട് ഒരു നിശ്ചിതസമയത്തിനു ശേഷം പുറത്ത് ഇറങ്ങരുതെന്നോ ഒരു പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നോ ഒക്കെ ആവശ്യപ്പെട്ടേക്കാം. (റോമ. 13:1, 5-7) ചില അപകടങ്ങൾ മുൻകൂട്ടിക്കാണാൻ കഴിയുന്നവയാണ്. അപ്പോൾ അധികാരികൾ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് നമുക്ക് ഒരുങ്ങിയിരിക്കാൻ കഴിയും. ഉദാഹരണത്തിന്, ആവശ്യത്തിനു വെള്ളവും പെട്ടെന്നു ചീത്തയായി പോകാത്ത ഭക്ഷണസാധനങ്ങളും പ്രഥമശുശ്രൂഷയ്ക്കു വേണ്ട വസ്തുക്കളും നേരത്തേതന്നെ കരുതിവെക്കാനാകും.
11. നമ്മൾ താമസിക്കുന്നിടത്ത് ഒരു രോഗം പടർന്നുപിടിക്കുന്നെങ്കിൽ എന്തു ചെയ്യാൻ തയ്യാറാകണം?
11 നമ്മൾ താമസിക്കുന്നിടത്ത് ഒരു രോഗം പടർന്നുപിടിക്കുകയാണെങ്കിൽ എന്തു ചെയ്യണം? ആ സമയത്ത് ഗവൺമെന്റ് അധികാരികൾ ചില നിർദേശങ്ങൾ തന്നേക്കാം. ഉദാഹരണത്തിന് ഇടയ്ക്കിടെ കൈ കഴുകാനോ സാമൂഹിക അകലം പാലിക്കാനോ മാസ്ക് ധരിക്കാനോ ക്വാറന്റൈനിലിരിക്കാനോ ഒക്കെയുള്ള നിർദേശങ്ങൾ. അവർ പറയുന്ന കാര്യങ്ങൾ അനുസരിക്കുമ്പോൾ, ദൈവത്തിന്റെ സമ്മാനമായ ജീവനോടു നമുക്ക് എത്രത്തോളം വിലമതിപ്പുണ്ടെന്നു തെളിയിക്കുകയാണ്.
12. ഒരു ദുരന്തത്തോടു ബന്ധപ്പെട്ടു പ്രചരിക്കുന്ന വിവരങ്ങൾ വിശ്വസിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ സുഭാഷിതങ്ങൾ 14:15 സഹായിക്കുന്നത് എങ്ങനെ?
12 ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് പല വ്യാജവാർത്തകളും കൂട്ടുകാരിലൂടെയും അയൽക്കാരിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിച്ചേക്കാം. “കേൾക്കുന്നതെല്ലാം” വിശ്വസിക്കുന്നതിനു പകരം ഗവൺമെന്റ് അധികാരികളിൽനിന്നോ ഡോക്ടർമാരിൽനിന്നോ കിട്ടുന്ന കൃത്യമായ വിവരങ്ങൾ മാത്രം വിശ്വസിക്കുക. (സുഭാഷിതങ്ങൾ 14:15 വായിക്കുക.) ഇതുപോലുള്ള സാഹചര്യങ്ങളിൽ ഏറ്റവും ശരിയായ വിവരങ്ങൾ ശേഖരിക്കാൻ ഭരണസംഘവും ബ്രാഞ്ചോഫീസും ശ്രമിക്കുന്നു. അതിനു ശേഷമേ മീറ്റിങ്ങുകളെക്കുറിച്ചും സന്തോഷവാർത്ത പ്രസംഗിക്കുന്നതിനെക്കുറിച്ചും ഉള്ള നിർദേശങ്ങൾ അവർ നൽകുകയുള്ളൂ. (എബ്രാ. 13:17) അത്തരം നിർദേശങ്ങൾ അനുസരിക്കുമ്പോൾ നമുക്കും മറ്റുള്ളവർക്കും സുരക്ഷിതരായിരിക്കാനാകും. മാത്രമല്ല, സമൂഹത്തിൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് നല്ലൊരു പേരുണ്ടായിരിക്കാനും ഇടയാകും.—1 പത്രോ. 2:12.
രക്തപ്പകർച്ച ഒഴിവാക്കാൻ ഒരുങ്ങിയിരിക്കുക
13. രക്തം സ്വീകരിക്കാൻ സമ്മർദമുണ്ടാകുമ്പോൾ ജീവനെ വളരെ വിലപ്പെട്ടതായി കാണുന്നെന്നു നമ്മൾ എങ്ങനെ തെളിയിക്കുന്നു?
13 യഹോവയുടെ സാക്ഷികളായ നമ്മൾ രക്തം സ്വീകരിക്കില്ലെന്നു പലർക്കും അറിയാം. രക്തത്തെ വിശുദ്ധമായി കാണുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഒരു അടിയന്തിര സാഹചര്യമുണ്ടായാൽപ്പോലും രക്തം സ്വീകരിക്കാതിരുന്നുകൊണ്ട് നമ്മൾ യഹോവയുടെ നിയമം അനുസരിക്കുന്നു. (പ്രവൃ. 15:28, 29) നമ്മൾ മരിക്കാൻ ആഗ്രഹിക്കുന്നു എന്ന് അതിന് അർഥമില്ല. ശരിക്കും പറഞ്ഞാൽ ദൈവം തന്നിരിക്കുന്ന സമ്മാനമായ ജീവനെ നമ്മൾ വളരെ വിലപ്പെട്ടതായിട്ടാണു കാണുന്നത്. അതുകൊണ്ടുതന്നെ രക്തം കൂടാതെ ഗുണനിലവാരമുള്ള ചികിത്സ നൽകാൻ തയ്യാറുള്ള ഡോക്ടർമാരുടെ സഹായം നമ്മൾ സ്വീകരിക്കുന്നു.
14. ഓപ്പറേഷനോ മറ്റേതെങ്കിലും വലിയ ചികിത്സയോ വേണ്ടിവരുന്ന സാഹചര്യം നമുക്ക് എങ്ങനെ ഒഴിവാക്കാനായേക്കും?
14 ആരോഗ്യം സംരക്ഷിക്കുന്നതിനോടു ബന്ധപ്പെട്ട് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ അനുസരിക്കുകയാണെങ്കിൽ ഓപ്പറേഷനോ മറ്റേതെങ്കിലും വലിയ ചികിത്സയോ ആവശ്യമായിവരുന്ന സാഹചര്യങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനായേക്കും. ഇനി, ഒരു ഓപ്പറേഷൻ വേണ്ടിവന്നാൽപ്പോലും നല്ല ആരോഗ്യമുണ്ടെങ്കിൽ പെട്ടെന്നു സുഖം പ്രാപിക്കാനാകും. അതുപോലെ വീട്ടിലും ജോലിസ്ഥലത്തും അപകടമുണ്ടാക്കിയേക്കാവുന്ന കാര്യങ്ങൾ ഒഴിവാക്കുന്നതിലൂടെയും ട്രാഫിക് നിയമങ്ങൾ കൃത്യമായി അനുസരിക്കുന്നതിലൂടെയും പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണ്ടിവരുന്ന സാഹചര്യങ്ങൾ കുറയ്ക്കാനാകും.
15. (എ) ഡിപിഎ കാർഡ് എപ്പോഴും കൂടെ കരുതുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ചിത്രവും കാണുക.) (ബി) വീഡിയോയിൽ കണ്ടതുപോലെ രക്തം ഉൾപ്പെട്ട ചികിത്സാ നടപടികളുടെ കാര്യത്തിൽ നമുക്ക് എങ്ങനെ നല്ലൊരു തീരുമാനമെടുക്കാം?
15 ജീവനെന്ന സമ്മാനത്തോടു നന്ദിയുള്ളതുകൊണ്ട് നമ്മൾ രക്തപ്പകർച്ച ഒഴിവാക്കാനുള്ള ഫാറം (ഡിപിഎ കാർഡ്) പൂരിപ്പിച്ച് എപ്പോഴും കൂടെ കരുതും. രക്തപ്പകർച്ചയോടും ചില ചികിത്സയോടും ബന്ധപ്പെട്ട് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്താണെന്ന് ഈ കാർഡിൽ എഴുതിവെക്കാനാകും. നിങ്ങൾ ഡിപിഎ കാർഡ് പൂരിപ്പിച്ചോ? അല്ലെങ്കിൽ, നിങ്ങളുടെ കാർഡിൽ പുതുതായി എന്തെങ്കിലും ചേർക്കേണ്ടതായുണ്ടോ? എങ്കിൽ എത്രയും പെട്ടെന്ന് അതു ചെയ്യുക. നമ്മുടെ തീരുമാനങ്ങൾ കൃത്യമായി ഡിപിഎ കാർഡിൽ എഴുതിവെച്ചിട്ടുണ്ടെങ്കിൽ ഒട്ടും സമയം കളയാതെ ഡോക്ടർമാർക്കു ചികിത്സ തുടങ്ങാനാകും. കൂടാതെ നമ്മുടെ ശരീരത്തിനു പറ്റാത്ത ചികിത്സാരീതികളും മരുന്നുകളും ഉപയോഗിക്കാതിരിക്കാനും അത് അവരെ സഹായിക്കും.b
16. ഡിപിഎ കാർഡ് പൂരിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നമുക്ക് എന്തു ചെയ്യാം?
16 നമ്മൾ എത്ര ചെറുപ്പക്കാരോ ആരോഗ്യമുള്ളവരോ ആയിരുന്നാലും രോഗവും അപകടവും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. (സഭാ. 9:11) അതുകൊണ്ട് ഡിപിഎ കാർഡ് നേരത്തേതന്നെ പൂരിപ്പിച്ചുവെക്കുന്നതു ബുദ്ധിയായിരിക്കും. ആ കാർഡ് പൂരിപ്പിക്കാൻ അറിയില്ലെങ്കിൽ മൂപ്പന്മാരുടെ സഹായം ചോദിക്കാവുന്നതാണ്. അത് എങ്ങനെ ചെയ്യണമെന്നു നന്നായി പഠിക്കാൻ മൂപ്പന്മാർ ശ്രമിക്കുന്നതുകൊണ്ട് അവർക്കു നമ്മളെ സഹായിക്കാൻ കഴിയും. നമുക്കു തിരഞ്ഞെടുക്കാനാകുന്ന ചികിത്സാനടപടികളെക്കുറിച്ചും അവയിൽ ഓരോന്നിലും എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ചും കൃത്യമായി പറഞ്ഞുതരാൻ മൂപ്പന്മാർക്കാകും. ആവശ്യമെങ്കിൽ, നമ്മൾ എടുത്ത തീരുമാനം കാർഡിൽ എഴുതാനും അവർ സഹായിക്കും. പക്ഷേ അവർ നമുക്കുവേണ്ടി തീരുമാനങ്ങളെടുക്കില്ല. അത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.—ഗലാ. 6:4, 5.
ന്യായബോധമുള്ളവരായിരിക്കുക
17. ആരോഗ്യകാര്യങ്ങളിൽ ന്യായബോധമുള്ളവരാണെന്നു നമുക്ക് എങ്ങനെ കാണിക്കാം?
17 ആരോഗ്യപരിപാലനത്തോടും ചികിത്സയോടും ബന്ധപ്പെട്ട് നമ്മൾ പല തീരുമാനങ്ങളുമെടുക്കുന്നതു ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിലാണ്. (പ്രവൃ. 24:16; 1 തിമൊ. 3:9) തീരുമാനങ്ങളെടുക്കുമ്പോഴും അവയെക്കുറിച്ച് മറ്റുള്ളവരോടു ചർച്ച ചെയ്യുമ്പോഴും ഫിലിപ്പിയർ 4:5-ൽ (അടിക്കുറിപ്പ്) പറയുന്ന തത്ത്വം നമ്മൾ അനുസരിക്കും. അവിടെ പറയുന്നത്: “നിങ്ങൾ ന്യായബോധമുള്ളവരാണെന്ന് എല്ലാവരും അറിയട്ടെ” എന്നാണ്. ന്യായബോധമുള്ളവരാണെങ്കിൽ നമ്മൾ എപ്പോഴും ആരോഗ്യകാര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കില്ല. കൂടാതെ, നമ്മുടെ അഭിപ്രായങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയുമില്ല. ഇനി, മറ്റുള്ളവർ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടേതിൽനിന്ന് വ്യത്യസ്തമാണെങ്കിൽപ്പോലും നമ്മൾ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.—റോമ. 14:10-12.
18. ജീവനെന്ന സമ്മാനത്തോടു നമുക്ക് എങ്ങനെ നന്ദി കാണിക്കാം?
18 ജീവൻ സംരക്ഷിക്കാനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടും ഏറ്റവും മികച്ചതു ദൈവത്തിനു കൊടുത്തുകൊണ്ടും ജീവന്റെ ഉറവായ യഹോവയോടു നമുക്കു നന്ദി കാണിക്കാനാകും. (വെളി. 4:11) നമുക്ക് ഇപ്പോൾ രോഗങ്ങളും ദുരന്തങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഇങ്ങനെ ഒരു ജീവിതമല്ല സ്രഷ്ടാവ് നമുക്കുവേണ്ടി ഉദ്ദേശിച്ചത്. വേദനയും മരണവും ഒന്നും ഇല്ലാത്ത നിത്യമായ ജീവിതം പെട്ടെന്നുതന്നെ ദൈവം നമുക്കു തരും. (വെളി. 21:4) അതുവരെ ജീവനോടിരിക്കാനും സ്നേഹവാനായ യഹോവയെ സേവിക്കാനും കഴിയുന്നത് എത്ര വലിയൊരു അനുഗ്രഹമാണ്!
ഗീതം 140 നിത്യമായ ജീവിതം യാഥാർഥ്യമാകുമ്പോൾ!
a ദൈവം നമുക്കു തന്നിട്ടുള്ള ജീവൻ എന്ന സമ്മാനത്തെ വളരെ വിലയുള്ളതായി കാണാൻ സഹായിക്കുന്ന വിവരങ്ങൾ ഈ ലേഖനത്തിലുണ്ട്. ഇനി, ഒരു ദുരന്തം നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ നമുക്ക് എങ്ങനെ ആരോഗ്യവും ജീവനും സംരക്ഷിക്കാമെന്നും കൂടാതെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും പഠിക്കും. മാത്രമല്ല, അടിയന്തിര ചികിത്സ ആവശ്യമായ ഒരു സാഹചര്യത്തെ നേരിടാൻവേണ്ടി എങ്ങനെ മുന്നമേ ഒരുങ്ങാമെന്നും നമ്മൾ പഠിക്കുന്നതാണ്.
b JW.ORG-ലെ ചികിത്സ—രക്തം ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ . . . എന്ന വീഡിയോ കാണുക.
c ചിത്രത്തിന്റെ വിവരണം: ഒരു യുവസഹോദരൻ ഡിപിഎ കാർഡ് പൂരിപ്പിക്കുന്നു. അത് എപ്പോഴും തന്റെ കൈയിലുണ്ടെന്ന് ഉറപ്പുവരുത്തുന്നു.